"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 20, ബുധനാഴ്‌ച

നാളെവരെ കാക്കുക: അവര്‍ താഴെ ഇറങ്ങിവന്ന് തലകുനിക്കും - പ്രൊഫ. എം ചന്ദ്രബാബു


'പെരുമാള്‍ മുരുകനിലെ എഴുത്തുകാരന്‍ മരിച്ചു. അയാള്‍ ദൈവമല്ലാത്തതു കൊണ്ട് ഉയിര്‍ത്തെഴു ന്നേല്‍ക്കാന്‍ പോകുന്നില്ല. പുനര്‍ജനിയിലും അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായി പി മുരുകന്‍ എന്ന പേരില്‍ അയാള്‍ ജീവിക്കും. അയാളെ വെറുതേ വിടുക' പെരുമാള്‍ മുരുകന്‍രെ ഈ വചന പ്രഘോഷണം ഒരു കറുത്ത ഫലിതവും എഴുത്തുകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ്. 'ക്രോധത്തെ ക്രോധമില്ലായ്മ കൊണ്ടും എടുക്കലിനെ കൊടുക്കല്‍ കൊണ്ടും കള്ളത്തരത്തെ നേരുകൊണ്ടും അശ്രദ്ധയെ ശ്രദ്ധകൊണ്ടും കടക്കണം. ഇതേ ഗതിയുള്ളൂ. ഇത് മരണമില്ലായ്മ തന്നെ.' എന്ന സാമവേദ മന്ത്രം പെരുമാള്‍ മുരുകന്റെ ഉത്തരാധുനിക മരണപ്രഖ്യാ പനത്തിന്റെ അന്തര്‍ധാര യായി കാണാം.

എഴുത്തുകാരന്റെ മരണം സ്വയം പ്രഖ്യാപിച്ച ഒരു മലയാള കവിയെ ഓര്‍ക്കുന്നു. - ഡോ. കെ അയ്യപ്പപ്പണിക്കര്‍. കുരുക്ഷേത്രം എന്ന കവിതയുടെ ഭാവതീവ്രത അനുഭവിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു ശിഷ്യന്‍ അധ്യാപകനായ കവിയെ നേരില്‍ക്കണ്ട് കവിതയുടെ ഭാവതീവ്രത അനുഭവിക്കാന്‍ തീരുമാനിച്ചു. ശിഷ്യന്‍ മാഷിന്റെ വീട്ടിലെത്തി. മാഷ് സ്‌നേഹപൂര്‍വം ശിഷ്യനെ സ്വീകരിച്ചിരുത്തി. ഫലിത പരിഹാസങ്ങള്‍ വിളമ്പി രസിച്ചു. ഒപ്പം ഒരു ചായയും കൊടുത്തു. ഗുരുവാത്സല്യത്തില്‍ അഭിരമിച്ച ശിഷ്യന്‍ കാര്യത്തിലേക്ക് കടന്നു. ആഗമനോദ്ദേശ്യം അവതരിപ്പിച്ചു. കുരുക്ഷേത്രത്തെപ്പറ്റി ചില സംശയങ്ങള്‍ അവശേഷി ക്കുന്നു. അത് ദൂരീകരിച്ചു തരണം. മഹാഭാരതം വായിക്കാന്‍ മാഷ് ഉപദേശിച്ചു. മാഷിന്റെ ഫലിതം കേട്ടറിഞ്ഞ ശിഷ്യന്‍ വിശദീകരിച്ചു. മഹാഭാരതത്തിലെ കുരുക്ഷേത്രമല്ല മാഷിന്റെ കവിത കുരുക്ഷേത്രത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. സ്വതസിദ്ധമായ ചിരിയോടെ മാഷ് പറഞ്ഞു 'എന്റെ കുഞ്ഞേ, കുരുക്ഷേത്രം എഴുതിയ കവി ഇപ്പോള്‍ ജീവിച്ചി രിപ്പില്ല. അയാള്‍ എന്നേ മരിച്ചു പോയി. തനിക്ക് ഇഷ്ടം പോലെ കവിതയെ വ്യാഖ്യാനിക്കാം. അനുഭവിക്കാം. താനൊന്ന് ഇറങ്ങിയാട്ടെ. എനിക്ക് വേറെ പണിയുണ്ട്.' മാഷ് എണീറ്റ് ശിഷ്യനെ തൊഴുതു. ശിഷ്യന്‍ മാഷിനെ തൊഴുത് സന്തോഷത്തോടെ പുറത്തിറങ്ങി. വഴിനീളെ ശിഷ്യന്‍ ആലോചിച്ച് ആനന്ദിച്ചത് കവിയുടെ മരണമെന്ന മാഷിന്റെ ഫലിതമായിരുന്നു. ഇതേ ഫലിതമായിരുന്നു പെരുമാള്‍ മുരുകന്റെ വാക്കുകളിലും നാം കാണേണ്ടത്.

പെരുമാള്‍ മുരുകന്റെ 'മാതൊരുഭാഗന്‍' എന്ന നോവലിന്റെ പേരുപറഞ്ഞ് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ധൃതരാഷ്ട്ര മനസാണ്. 'ധര്‍മമെന്തെന്ന് എനിക്കറിയാം. പക്ഷെ അത് അനുഷ്ഠിക്കാന്‍ എനിക്ക് താത്പര്യമില്ല. അധര്‍മമെന്തെന്ന് എനിക്കറിയാം പക്ഷെ അത് ചെയ്യാതിരിക്കാനും എനിക്ക് കഴിയുന്നില്ല. ഹൃദയത്തിലിരിക്കുന്ന ഒരേ ഒരു ദേവന്റെ അജ്ഞതയെങ്ങനെയോ അങ്ങനെ ഞാന്‍ ചെയ്യുന്നു (ജാനാമി ധര്‍മം ... എന്നു തുടങ്ങുന്ന മഹാഭാരത ശ്ലോകം)' ഇതാണ് ധൃതരാഷ്ട്ര മനസ്. തന്റെ പുസ്തകങ്ങളേക്കാള്‍ വലുതായി തന്റെ ജന്മനാടിനെ സ്‌നേഹിക്കുന്ന ആളാണ് മുരുകന്‍. നോവലിലൂടെ തന്റെ നാടിനെ പ്രശസ്തമാക്കണം എന്നാണ് മുരുകന്‍ ആഗ്രഹിച്ചത്. നോവല്‍ ഒരു ചരിത്ര വിവരണം അല്ലാത്തതു കൊണ്ടും സര്‍ഗ പ്രക്രിയ ആയതുകൊണ്ടും കുറേയൊക്കെ അതിശയോക്തിയും കാല്പനികതയും കടന്നു വരുന്നു. അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. സ്വന്തക്കാരായ മൂഢാത്മാക്കള്‍ അക്രമാസക്തരായി പ്രതികരിച്ചപ്പോള്‍ അവരുടെ ഹൃദയത്തിലിരുന്ന് ആജ്ഞാപിക്കുന്ന ദേവനെ മുരുകന്‍ തിരിച്ചറിഞ്ഞു. ആ ദേവന് ഹൈന്ദവ ഫാസിസത്തിന്റെ മുഖമായിരുന്നു. നാട്ടുകാരെ ഏറെ സ്‌നേഹിക്കുന്ന നോവലിസ്റ്റ് രമ്യമായ പിരഹാര മാര്‍ഗത്തിന് അവരെ സമീപിച്ചു.

പ്രതിഷേധക്കാര്‍ക്ക് സഹിഷ്ണുത കാണിക്കാനായില്ല. അവര്‍ മുരുകന് നേരേ ആഞ്ഞടിച്ചു. ഒറ്റപ്പെട്ടു പോയ പെരുമാള്‍ മുരുകന്‍ ഭരണകൂട ത്തിന്റെ സഹായം തേടി. ഒത്തു തീര്‍പ്പിനെത്തിയ ജില്ലാ ഭരണകൂട ത്തലവന്റെ മനസിലെ ദേവവനും ഹൈന്ദവ ഫാസിസത്തിന്റെ മുഖമായിരുന്നു. അയാളും പ്രക്ഷോഭങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അപകടം മനസിലാക്കിയ മുരുകന്‍ സ്വയം കീഴടങ്ങല്‍ വിധിച്ചു. എഴുത്തുകാരന്റെ മരണ പ്രഖ്യാപനവും നടത്തി. ഗലീലിയോയുടെ ആത്മാവ് മുരുകന് സഹായകമായി നില്ക്കുന്നുണ്ട്. 6 നോവലുകളും 4 കഥാ സമാഹാര ങ്ങളും 4 കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ച കോളേജ് അധ്യാപക നായ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്റെ മരണം ഞെട്ടലോടെ യാണ് സാംസ്‌കാരിക സമൂഹം കേട്ടത്. പെരുമാള്‍ മുരുകന്റെ എഴുത്തു ജീവിതത്തിന്റെ ഒന്നാം ഘട്ടം ഇവിടെ അവസാനിക്കുന്നു. അദ്ദേഹം എഴുതിയതൊക്കെ സമൂഹമധ്യത്തില്‍ സൂര്യ ശോഭയോടെ പ്രകാശിക്കുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്പിന്റെ സന്ദേശം മുരുകന്റെ പ്രഖ്യാപനത്തില്‍ നമുക്ക് കാണാം.

തിരുച്ചംകോട് മാതൊരുഭാഗന്‍ കോവിലുമായി ബന്ധപ്പെട്ടതാണ് പെരുമാള്‍ മുരുകന്റെ നോവല്‍. കാളി, പൊന്നിനെ വിവാഹം കഴിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പൊന്ന് അമ്മയായില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴേ പെണ്ണുങ്ങള്‍ പൊന്നിന്റെ വിശേഷം തിരക്കിത്തുടങ്ങി. മറുപടി പറയാന്‍ അവള്‍ ലജ്ജിച്ചു. കാലം കഴിഞ്ഞപ്പോള്‍ വിശേഷം ചോദിക്കല്‍ പരിഹാസ പൂര്‍വമായി. അവളെ മച്ചിയായി വിധിയെഴുതി. സമൂഹം അവളെ വെറുത്തു. ഗര്‍ഭിണി യാകാത്തവളുടെ ദുരന്തം. ഭര്‍ത്താവ് കാളിയും കുടുംബാംഗങ്ങളും പൊന്നിന്റെ സങ്കടം കണ്ടറിഞ്ഞു. അവര്‍ അവളെ വെറുത്തില്ല. അവര്‍ക്കെല്ലാം പൊന്നിനെ ഇഷ്ടമാണ്. അവര്‍ അമ്മയാകാത്തതില്‍ അവര്‍ക്കും ദുഖമുണ്ട്. കാളിയുടെ അമ്മ മാതൊരുഭാഗന്‍ കോവിലിലെ രഥോത്സവത്തില്‍ പങ്കെടുക്കാന്‍ അവളെ നിര്‍ബന്ധിച്ചു. 10 ദിവസം നീണ്ടു നില്ക്കുന്ന രഥോത്സവമാണ് ഈ ക്ഷേത്രത്തില്‍ നടക്കുന്നത്. സന്താന ഭാഗ്യം കിട്ടാത്ത സ്ത്രീകള്‍ക്കായി രഥോത്സവത്തില്‍ ഒരു ദിവസം മാറ്റി വെച്ചിരിക്കുന്നു. തിരുച്ചംകോട് ഗ്രാമത്തില്‍ അംഗീകരിക്കപ്പെട്ട ഒരാചാരമാണ് ഇത്. സന്താനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീ നിശ്ചിത ദിവസം രാത്രിയില്‍ ആചാരപരമായി മാറ്റി വെക്കപ്പെട്ട സ്ഥലത്ത് എത്തിച്ചേരണം. അവിടെ പുരുഷന്മാര്‍ വന്നു ചേരും. ആ പുരുഷന്മാര്‍ സ്വാമിമാരാണ്. ശിവ പാര്‍വതിമാരുടെ സേവകര്‍. അവിടെ വെച്ച് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷനുമായി ശയിക്കാം. അതിലൂടെ സന്താനം ലഭിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഭര്‍തൃ മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവിന്റെ അനുവാദത്തോടെ പൊന്ന് ക്ഷേത്രത്തിലെത്തുന്നു. അവള്‍ സ്വാമിയെ പ്രതീക്ഷിച്ച് അവിടെ നിന്നു. പെട്ടെന്ന് പൊന്നിന്റെ തോളില്‍ പുരുഷന്റെ - സ്വാമിയുടെ കരസ്പര്‍ശം. നോവല്‍ ഇവിടെ അവസാനിക്കുന്നു.

പഴയ നാട്ടാചാരത്തെ ഇതിവൃത്തമാക്കി പെരുമാള്‍ മുരുകന്‍ എഴുതിയ മാതൊരു ഭാഗന്‍ പ്രസിദ്ധീകരിച്ചത് 2010 ലാണ്. അന്ന് നോവലിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല. കൊച്ചു കൊച്ചു പരിഭവങ്ങള്‍ ചിലര്‍ പറഞ്ഞു. 2014 അവസാനം അനിരുദ്ധന്‍ വാസുദേവന്‍ വണ്‍ പാര്‍ട്ട് വുമണ്‍ എന്ന പേരില്‍ മാതൊരുഭാഗന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീ കരിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. കാരണം ഡെല്‍ഹിയില്‍ വാഴുന്ന് ത്രിവര്‍ണ പാകയല്ല, കാവിക്കൊടി ആണ്. നോവലും നോവലിസ്റ്റും ആക്രമിക്കപ്പെടുമ്പോള്‍ പറഞ്ഞു കേട്ടത് പെരുമാള്‍ മുരുകന്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നു, തിരുച്ചംകോട് ഗ്രാമത്തിലെ സ്ത്രീകളെ വേശ്യകളായി ചിത്രീകരിക്കുന്നു എന്നൊക്കെയാണ്. പ്രായേണ ശാന്തമായ തിരുച്ചംകോട് ഗ്രാമത്തില്‍ അശാന്തിയുടെ വിത്തു വിതച്ച് ഹിന്ദുത്വ അജണ്ഡ നടപ്പിലാക്കി വോട്ട് ബാങ്ക് ഉണ്ടാക്കാനുള്ള ഹൈന്ദവ വര്‍ഗീയതയുടെ കുടിലതയായി മാത്രം ഇതിനെ കണ്ടാല്‍ മതി.

എഴുത്തില്‍, വരയില്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സമൂഹ പുരോഗതിക്ക് വഴികാട്ടിയാകുന്ന കലാകാരനെ നികൃഷ്ട ജീവിയായി ചിത്രീകരിക്കുന്നതും അയാള്‍ക്കെതിരെ കൊലവിളി നടത്തുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ബീജബാങ്കും ഗര്‍ഭപാത്രം വാടകക്ക് നല്കലും സാര്‍വത്രികമാകുന്ന ഈ കാലഘട്ടത്തില്‍ സന്താനോത്പാ ദനത്തിന്റെ പഴയ ശൈലിയെ വേശ്യാ വൃത്തിയായി ചിത്രീകരിക്കുന്നത് മനുഷ്യ നീതിക്ക് നിരക്കുന്നതല്ല. സഹിഷ്ണുതയുടെ ധാര്‍മ്മികതയുടെ പര്യായമാകുന്നു ഭാരതീയ സംസ്‌കൃതി. 'ഇതില്‍ ഉള്ളത് നിങ്ങള്‍ക്ക് എല്ലായിടത്തും കാണാം. ഇതില്‍ ഇല്ലാത്തത് നിങ്ങള്‍ക്ക് ഒരിടത്തും കാണാന്‍ കഴിയില്ല.' എന്ന വ്യാസന്റെ ഋഷിവചനം തിരിച്ചറിയുക. ശ്ലീലാശ്ലീലതകളുടെ ധര്‍മ്മാധര്‍മ്മങ്ങളുടെ മഹാസമുദ്രമാണ് മഹാഭാരതം. നദീമധ്യത്തില്‍ വെച്ച് കടത്തുകാരി പെണ്ണിനെ ഗര്‍ഭിണി യാക്കിയ പരാശര മഹര്‍ഷി, മക്കളെ നദിയിലെറിഞ്ഞു കൊന്ന ഗംഗാദേവി, സത്യവതിയെ ധര്‍മ്മപത്‌നിയാക്കിയ ശന്തനു. ദുര്‍വാസാ മന്ത്രത്തിന്റെ ഫലസിദ്ധി പരീക്ഷിക്കാന്‍ സൂര്യനെ ക്ഷണിച്ചു വരുത്തി കുഞ്ഞിനു ജന്മം നല്കിയ കുന്തി, ഭര്‍ത്താവിന്റെ അനവാദത്തോടെ നാല് പുരുഷന്മാരോടൊപ്പം ശയിച്ച കുന്തിയും മാദ്രിയും, അഞ്ച് ഭര്‍ത്താക്ക ന്മാരെ ഒരുമിച്ച് പോറ്റിയ പാഞ്ചാലി... എണ്ണിയാലൊടുങ്ങാത്ത സദാാര വിശുദ്ധിയുടെ കാഴ്ചകള്‍. രാധാമാധവ വേഴ്ച, മാധവന്റെ പതിനാറായിരത്തി എട്ട് ദാമ്പത്യം. ശിവന്റെ കാമലീലകള്‍, ഇന്ദ്രന്റെ വിടത്വം തുടങ്ങി ഇനിയുമുണ്ടാ സാദാചാരക്കാഴ്ചയുടെ ഘോഷയാത്ര. കുങ്കുമത്തിന്റെ ഗന്ധമറിയൊതെ കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭങ്ങളായി മാറരുത് മനുഷ്യന്‍. ഗാന്ധിയും ഗോഡ്‌സെയും തങ്ങളുടെ വിശ്വാസ പ്രമാണങ്ങളായി സ്വീകരിച്ചത് ഭഗവദ്ഗീതയാണ്. വിപരീത ദര്‍ശനങ്ങള്‍ ഒരേകൃതതിയില്‍ കണ്ടത്തുക കാഴ്ചയുടെ നിറവ്യത്യാസം. കയര്‍ ചിലപ്പോള്‍ രക്ഷാമാര്‍ഗമാകാം. മറ്റു ചിലപ്പോള്‍ കൊലയുടെ ആയുധമാകാം. തിരിച്ചറിവാണ് ഓരോ ഭാരതീയനും വേണ്ടത്. ഈശാവാസ്യം ഇദം സര്‍വം എന്നും ത്യജിച്ച് ഭുജിക്കണമെന്നും അന്യരുടെ പണം ആഗ്രഹിക്കരുതെന്നും ഈശാവാസ്യ ഉപനിഷത്ത് നമ്മോട് പറയുന്നു. സത്യവും ധര്‍മവും മാത്രമേ ജയിക്കാവൂ എന്നാണ് ഇതിഹാസ പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. വാല്മീകിയുടെ, വ്യാസന്റെ, കാളിദാസന്റെ, തിരുവള്ളുവരുടെ, ടാഗൂറിന്റെ, സുബ്ര്ഹ്മണ്യ ഭാരതിയുടെ, എഴുത്തച്ഛന്റെ പാരമ്പര്യത്തില്‍ പെടുന്ന പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ മരണം നമ്മള്‍ എങ്ങിനെ ആഘോഷിക്കും? ടാഗൂര്‍ എഴുതി;

അവര്‍ നിന്നെ ഭ്രാന്തനെന്നു വിളിക്കുന്നു
നാളെവരെ കാക്കുക നിശബ്ദനായിരിക്കുക,
അവര്‍ നിന്റെ ശിരസില്‍ ധൂളിവാരിയെറിയുന്നു
നാളെവരെ ക്ഷമിക്കുക
അവര്‍ തങ്ങളുടെ പുഷ്പകിരീടം കൊണ്ടുവരും
അവര്‍ ഉയര്‍ന്ന കസേരയില്‍ മാറിയിരിക്കുന്നു
നാളെവരെ കാക്കുക
അവര്‍ താഴെ ഇറങ്ങിവന്ന് തല കുനിക്കും

ഇതാണ് നമ്മുടെ പെരുമാള്‍ മുരുകന്‍ ഉള്‍പ്പെടുന്ന, മരണത്തെ സ്വയം വരിക്കുന്ന എഴുത്തുകാരുടെ ഗീതം. 

------------------------------------
കടപ്പാട്: 'സാഹിത്യകേരളം' മാസിക 2015 ഫെബ്രുവരി ലക്കം.