"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 5, ചൊവ്വാഴ്ച

നടക്കാതെ പോയ യുക്തിവാദി യോഗവും എം പ്രഭയും - പി എം കുര്യാക്കോസ്


എം പ്രഭ.
1913 - 2004

കേരള യുക്തിവാദി സംഘത്തിന്റെ തലമുതിര്‍ന്ന പ്രവര്‍ത്ത കന്‍. കേരളത്തിലെ തന്നെ സീനിയര്‍ അഭിഭാഷകന്‍, പ്രഭാഷകന്‍, ഗ്രഥകര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍, കേരള ത്തിലെ ആദ്യത്തെ ഔദ്യോഗിക ഭാഷാ കമ്മീഷന്‍ ചെയര്‍ മാന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വന്ന എം പ്രഭ 91 ആമത്തെ വയസില്‍ 2004 ഏപ്രില്‍ 22 ന് എറണാ കുളത്ത് അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണകള്‍ ശിഷ്യ നും സഹപ്രവര്‍ത്തകനുമായ പി എം കുര്യാക്കോസ് പങ്കുവെക്കുന്നു.

1952 ലാണ് പരേതനായ എം പ്രഭ ഇന്ത്യന്‍ ഭരണഘടനയുടെ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയ കാലം. തിരു - കൊച്ചി എന്‍ജിഒ ഫെഡറേഷന്‍ന്റെ വിജെടി ഹാളില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ലേഖകന്‍ അദ്ദേഹ വുമായി പരിചയപ്പെടുന്നത്. അക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സമ്മേളനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരോ മന്ത്രിമാരോ ഭരണകക്ഷി എംഎല്‍എ മോരോ അല്ലാതെ ആരെയും പങ്കെടുപ്പിച്ചിരുന്നില്ല. ഇതിന് ആദ്യമായി അപവാദമായത് എം പ്രഭയാണ്. ആ പരിചയം വെച്ചും അദ്ദേഹത്തിന്റെ ആശയഗതികളോട് അടുപ്പം തോന്നിയതുകൊണ്ടും വീണ്ടും അദ്ദേഹവുമായി ഇടപഴകാന്‍ കാരണമായി. അങ്ങനെ ഒരു അവസരത്തിലാണ് തിരുവനന്തപുരത്തെ യുക്തിവാദികളുടെ ഒരു യോഗം വിളിച്ചാലെന്തെന്ന് അദ്ദേഹം ഒരു നിര്‍ദ്ദേശം വെച്ചത്. ലേഖകനും അതിനോട് യോജിച്ചു. അന്ന് കേരള കൗമുദിയാണ് തിരുവനന്തപുരത്തെ മുഖ്യ ദിനപത്രം. മറ്റൊരു പത്രത്തിനും തിരുവനന്തപുരം പതിപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഇടക്കിടെ കേരള കൗമുദിയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കൗമുദി ഗ്രൂപ്പുമായി കൂടുതല്‍ അടുപ്പത്തിലായിരുന്നു. അദ്ദേഹം ഒരു പരസ്യമെഴുതി ലേഖകനെ ഏല്പിച്ചു. കേരള കൗമുദി പത്രം ഓഫീസില്‍ എത്തിക്കുന്നതിന്. പിറ്റേദിവസം തന്നെ കേരള കൗമുദിയ്ല്‍ വാര്‍ത്ത വന്നു. 'ഇന്നേ ദിവസം വൈകുന്നേരം 5 മണിക്ക് പുത്തന്‍ ചന്തയിലുള്ള പയനിയര്‍ ചിട്ടി ഫണ്ട് ഹാളില്‍ വെച്ച് തിരുവനന്തപുരത്തെ യുക്തിവാദികളുടെ യോഗം ചേരുന്നു. താത്പര്യ മുള്ളവര്‍ പങ്കെടുക്കുക' എന്നതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.

പയനിയര്‍ ചിട്ടിഫണ്ട് ട്രിവാണ്ട്രം ഹോട്ടലുടമ പരേതനായ കെ സി പിള്ളയുടേ തായിരുന്നു. സെക്രട്ടറിയേറ്റ് എതിര്‍വശത്ത് ഇന്നത്തെ കാപ്പിറ്റോള്‍ ബില്‍ഡിംഗും ബാങ്കും സ്ഥിതിചെയ്യുന്ന സ്ഥലത്ത് മെയിന്‍ റോഡിനോട് ചേര്‍ന്ന് ഒരു രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു പയനിയര്‍ ചിട്ടിഫണ്ട് പ്രവര്‍ത്തിച്ചിരുന്നത്.

കൃത്യ സമയത്തിനു മുമ്പുതന്നെ എം പ്രഭയും കെ സി പിള്ളയും ലേഖകനു മെത്തിയിരുന്നു. താമസിയാതെ തന്നെ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ഒരു സ്വാമിയും നന്തന്‍കോട് ഭാസ്‌കറും ചൊവ്വര പരമേശ്വരനുമെത്തി. കുറേ സമയം കുശലപ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. അതിനിടയില്‍ത്തന്നെ യുക്തിവാദി കളുടെ സംഘം കെട്ടിപ്പടുക്കണമെന്ന് തീരുമാനത്തി ലെത്തിയിരുന്നു. കൂടുതല്‍ പ്രചരണം നടത്തി വിപുലമായൊരു യോഗം വിളിച്ചുകൂട്ടണമെന്ന തീരുമാന ത്തോടെ അന്ന് പിരിഞ്ഞു. പല കാരണങ്ങള്‍ കൊണ്ടും വീണ്ടുമൊരു യോഗം ചേരാന്‍ സാധിച്ചില്ലെന്ന ഖേദം ഇന്നും നിലനില്ക്കുന്നു. എന്നാലും പിന്നീട്, പവനന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു സംഘം കെട്ടിപ്പടുക്കാന്‍ സന്നദ്ധ മായി വേറൊരു തലമുറ തയാറായി മുന്നോട്ടു വന്നു എന്നതില്‍ കൃതാര്‍ത്ഥത യുണ്ട്.

എം പ്രഭ

എം പ്രഭയെ അനുസ്മരി ക്കുമ്പോള്‍ ലളിത ജീവിതവും ഉയര്‍ന്ന ചിന്താഗതിയും വെച്ചു പുലര്‍ത്തിയിരുന്ന ഒരു സാധാരണ മനുഷ്യന്‍. ആരോടും പകയും വിദ്വേഷവുമില്ല. സ്വാര്‍ത്ഥത തൊട്ടു തീണ്ടിയിട്ടില്ല. ധനാര്‍ത്തി ഒട്ടുമില്ല. തന്‍പ്രമാണിത്തം അരികെ പോയിട്ടില്ല. മിത ഭാഷി എന്നാല്‍ വാഗ്മിയും താന്‍ പറയുന്ന കാര്യം യുക്തികൊണ്ട് സമര്‍ത്ഥിക്കാനുള്ള കഴിവ്. ചെറിയ ചെറിയ വാചകങ്ങളില്‍ ചിന്താദ്യോത കങ്ങളായ ആശയങ്ങള്‍. ആ വാഗ്‌ധോരണി കേട്ടിട്ടുള്ള ആര്‍ക്കും അവ മറക്കാവുന്നതല്ല.

അദ്ദേഹം നിയമഭാഷ മലയാളത്തിലാക്കുന്ന വകുപ്പിന്റെ മേധാവിയായിരുന്നു. രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്കും വൈകുന്നേരം തിരിച്ചും നടന്നാണ് പൊയ്‌ക്കൊണ്ടിരുന്നത്. വാഹനം ഇല്ലാത്തതു കൊണ്ടല്ല, സ്ന്തം ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നത് ശരിയല്ലെന്ന ബോധം കൊണ്ടു മാത്രം. ജീവിതത്തില്‍ കൃത്യനിഷ്ഠയും സമയനിഷ്ഠയും പാലിക്കുന്നതില്‍ നിര്‍ബന്ധ ബുദ്ധി. ക്ഷണിച്ചാല്‍ വാഹനത്തിനും മറ്റു പരിപാടികള്‍ക്കും പോകും. പോയാല്‍ ഒരു ഗ്ലാസ് വെള്ളം മാത്രം സ്വീകരിക്കും. ചായ, കാപ്പി നിഷിദ്ധം.

1982 ഫെബ്രുവരിയില്‍ 'പഞ്ചായത്തുകളും വികസന പ്രവര്‍ത്തനങ്ങളും' എന്ന വിഷയത്തെ അധികരിച്ച് ഒരു ദ്വിദിന സെമിനാര്‍ നടത്തി. കനകക്കുന്ന് കൊട്ടാരവും എഞ്ചിനീയേഴ്‌സ് ഹാളും ആയിരുന്നു വേദികള്‍. സെമിനാറില്‍ അവതരിപ്പിക്കാന്‍ പി ടി ഭാസ്‌കരപ്പണിക്കര്‍ ഒരു പ്രബന്ധം തയാറാക്കി യിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അത് അവതരിപ്പിക്കാന്‍ സൗകര്യപ്പെട്ടില്ല. പകരം പ്രഭ സാറിനെ കൊണ്ട് ആ പ്രബന്ധം അവതരിപ്പിച്ചു. വളരെയേറെ വിമര്‍ശനങ്ങള്‍ക്ക് കളമൊരുക്കിയ ആ പ്രബന്ധത്തെ അനുകൂലിച്ച് യുക്തിയുക്തമായ വാദഗതികള്‍ കൊണ്ട് അദ്ദേഹം എതിരാളികളുടെ വിമര്‍ശന നയങ്ങളുടെ മുനയൊടിക്കുന്നത് കാണേണ്ട കാഴ്ചയായിരുന്നു. ഏതായാലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ പ്രബന്ധം ദേശാഭിമാനി ദിനപത്രത്തിന്റെ ഡെിറ്റോറിയല്‍ പേജില്‍ പ്രസിദ്ധപ്പെടു ത്തിയതോടെ എതിര്‍ത്തവരുടെ വായടഞ്ഞു.

1983 ല്‍ ഈ ലേഖകന്‍ ഭരണപരിഷ്‌കാര വേദിയുടെ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ തൊടുപുഴ വെച്ച് വേദിയുടെ ഒരു പൊതു സമ്മേളനം വിളിച്ച് കൂട്ടുകയുണ്ടായി. അതില്‍ സംബന്ധിക്കാമെന്ന് ഏറ്റിരുന്ന വ്യക്തിക്ക് പെട്ടെന്നുണ്ടായ അസൗകര്യം മൂലം സംബന്ധിക്കുവാന്‍ സാധിക്കുക യില്ലെന്ന് അറിയിച്ചു. പകരം കണ്ടത് പ്ര സാറിനെയാണ്. അന്ന് അദ്ദേഹം എറണാകുള ത്തേക്ക് താമസം മാറ്റിയിരുന്നു. പറഞ്ഞ സമയത്തിന് മുമ്പുതന്നെ അദ്ദേഹം തൊടുപുഴയെത്തി. പ്രൗഢഗംഭീരമായ ഒരു പ്രസംഗം നടത്തി, യൊഗത്തില്‍ സംബന്ധിച്ചവരുടെ കയ്യടി വാങ്ങി. തിരുവനന്തപുരത്തു നിന്ന് സമ്മേളനത്തിന് പോയവര്‍ക്ക് വാഹനമുണ്ടായിരുന്നു. ആ വാഹനത്തില്‍ അദ്ദേഹത്തെ രാത്രി 9 മണിയോടെ ഏറ്റുമാനൂരില്‍ എത്തിച്ചു. അതിനു ശേഷം അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല. പല പ്രാവശ്യം എറണാകുളത്തേക്ക് ക്ഷണിച്ചെങ്കിലും ഒരിക്കലും പോകാന്‍ സാധിച്ചില്ല. പ്രഭ സാറിനു പകരം പ്രഭ സാറല്ലാതെ സമാനതയുള്ള മറ്റാരെയും കാണാന്‍ സാധിക്കുകയില്ല.

*******

കടപ്പാട്: മാറ്ററും ഫോട്ടോയും 'യുക്തിരേഖ' മാസിക 2015 ഏപ്രില്‍ ലക്കം.