"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 22, വെള്ളിയാഴ്‌ച

ഇന്ത്യയില്‍ ബുദ്ധിസത്തിന്റെ തകര്‍ച്ച : ഡി ഡി കൊസാംബി

ഡി ഡി കൊസാംബി
ഇന്ത്യയിലെ കുഴമണ്ണില്‍ ബുദ്ധ വിഗ്രഹങ്ങള്‍ പൂണ്ടുകിടക്കുന്നത് ചൈനീസ് തീര്‍ത്ഥാടകനായ ഹുയാന്‍ - സാങ് (എ ഡി 630) കാണുകയുണ്ടായി. ഈ വിഗ്രഹങ്ങള്‍ ദൃഷ്ടിയില്‍ നിന്നും പൂര്‍ണമായും മറയുമ്പോള്‍ ഗുരുവിന്റെ മതം നിശേഷം അപ്രത്യക്ഷ മാകുമെന്നുള്ള പ്രാദേശിക പ്രവചനവും അദ്ദേഹം കേട്ടിരുന്നു. ബുദ്ധമത ചട്ടക്കൂട് ക്രമബദ്ധമായി തകര്‍ത്തു കളഞ്ഞ ബംഗാള്‍ രാജാവായ ശശാങ്കന്‍, 12 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധന് ബോധം ലഭിച്ച ഗയയിലുള്ള ആ പാവന വൃക്ഷം വെട്ടിക്കളയുക യുണ്ടായി.

അശോകന്റെ പരമ്പരയിലെ അവസാന ആളായ പൂര്‍ണവര്‍മന്‍ മുറിച്ച മരത്തിന്റെ ഒരു മുള കണ്ടെത്തുകയും അതിനെ പരിപാലിച്ച് വീണ്ടുമൊരു വൃക്ഷമാക്കുകയും ചെയ്തു. ശശാങ്കനെ തോല്പിച്ച ഹര്‍ഷന്‍ തകര്‍ക്കപ്പെട്ട ബുദ്ധ അടിസ്ഥാനങ്ങള്‍ പുനര്‍ നിര്‍മിക്കുകയും ധാരാളം പുതിയവ പടുത്തുയര്‍ത്തുക യുമുണ്ടായി. ആയിരക്കണക്കിന് വരുന്ന ബുദ്ധ വിഹാരങ്ങള്‍ അപ്പോഴും വിപുലമായ ഒരു ബുദ്ധ ഭിക്ഷു സമൂഹത്തെ പരിപാലിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്തു. സമ്പന്നമായിരുന്ന നളന്ദ സര്‍വകലാശാല അതിന്റെ പ്രശസ്തിയുടെ പാരമ്യത്തിലെത്തിച്ചു. എല്ലാം വളരെ നന്നായി തോന്നിച്ചിരുന്നു.

യഥാര്‍ത്ഥ തകര്‍ച്ച ഉള്ളില്‍ നിന്നാണ് വന്നത്. തന്റെ വാക്കുകളുടെ അര്‍ത്ഥത്തെപ്പറ്റി ഒരു പക്ഷെ, ബോധ്യമില്ലാതിരുന്ന അതേ ചൈനീസ് സഞ്ചാരിയുടെ വിവരണത്തില്‍ നിന്നും നമുക്കിത് കണ്ടെത്താന്‍ കഴിഞ്ഞേക്കും.

'മൂന്നു വിഭാഗങ്ങല്‍ (വിശുദ്ധ പുസ്തകങ്ങളുടെ) വിശദീകരിക്കാ വുന്നയാള്‍ക്ക് (ബുദ്ധിസ്റ്റ് ഗവേഷകന്) അനുസരി ക്കുന്നവരും പരിചരിക്കു ന്നവരുമായ വിവിധയിനം പരിചാരകരെ നല്കിയിരുന്നു... 5 വിഭാഗങ്ങള്‍ വിശദീകരിക്കാന്‍ കഴിയുന്നയാള്‍ക്ക് ആനയെ പൂട്ടിയ ഒരു രഥം നല്കിയിരുന്നു. 6 വിഭാഗങ്ങള്‍ വിശദീകരിക്കാവുന്ന ആള്‍ക്ക് ഒരു രക്ഷാ സൈന്യത്തെ നല്കിയിരുന്നു.... തന്റെ മികവുറ്റ ഭാഷയും സൂക്ഷ്മ നിരീക്ഷണവും ആഴത്തിലുള്ള വിന്യാസ പാടവവും കര്‍ക്കശമായ യുക്തിയും കൊണ്ട് ഏതെങ്കിലും സമ്മേളനത്തില്‍ ഒരാള്‍ ആധിപത്യം ചെലുത്തിയാല്‍ അയാളെ അമൂല്യ ആഭരണങ്ങളാല്‍ അലങ്കരിച്ച ഒരു ആനപ്പുറത്തു കയറ്റി അസംഖ്യം പരിവാരങ്ങളാല്‍ അനുധാവനം ചെയ്യിച്ചു സന്യാസി വസതിയുടെ വാതില്‍ വരെ ആദരിച്ചാ നയിച്ചിരുന്നു. നേരേ മറിച്ച് ഒരു താര്‍ക്കികന്‍ തന്റെ വാദമുഖത്തില്‍ പരാജയ പ്പെടുകയോ, ദാരിദ്ര്യവും ചാരുതയറ്റ തുമായ പ്രയോഗങ്ങള്‍ ഉപയോഗി ക്കുകയോ, തര്‍ക്കശാസ്ത്ര നിയമം ലംഘിക്കുകയോ ചെയ്താല്‍ അയാളുടെ മുഖം ചുവപ്പും വെള്ളയുമടിച്ച് വികൃതമാക്കുകയും ശരീരത്ത് പൊടിയും അഴുക്കും പുരട്ടുകയും ഏതെങ്കിലും 'വിദൂര സ്ഥലത്ത്' കൊണ്ടു പോയി വല്ല കുണ്ടിലും ഇടുകയും ചെയ്യുമായിരുന്നു. കഴിവുള്ളവനേയും കഴിവില്ലാത്ത വനേയും അഥവാ ബുദ്ധിമാനേയും മണ്ടനേയും ഇവര്‍ വേര്‍തിരി ച്ചിരുന്നത് ഇപ്രകാരമാണ്'

ബുദ്ധന്റെ കാലത്ത് കഴിവുകളുടെ മേല്‍ തീര്‍പ്പു കല്പിച്ചിരുന്നത് നിശ്ചയമായും മേല്‌ചൊന്ന രീതിയിലാ യിരുന്നില്ല. സ്ഥിര സഞ്ചാരികളായ ബുദ്ധ ഭിക്ഷുക്കളുടെ യഥാര്‍ത്ഥ കടമ ധര്‍മത്തിന്റെ വഴി എല്ലാവര്‍ക്കും സാധാരണ ക്കാരുടെ ഭാഷയില്‍ പരമാവധി ലളിതമായ വാക്കുകളില്‍ പറഞ്ഞു കൊടുക്കുക എന്നതായിരുന്നു. സമ്പദ്‌സമൃദ്ധമായ ബുദ്ധ വിഹാരങ്ങളില്‍ പാര്‍ത്തിരുന്ന തര്‍ക്കപ്രിയരായ പുതിയ വര്‍ഗത്തിന് ആരുടെ അധികോത്പ ന്നമാണോ തങ്ങളുടെ സമൃദ്ധി നിലനിര്‍ത്തി യിരിക്കുന്നത്, ആ ഗ്രാമീണരെക്കുറിച്ച്, ഒരു താത്പര്യവു മുണ്ടായിരു ന്നില്ല. ബുദ്ധന്‍ വിഭാവന ചെയ്തതും പിന്‍തുടര്‍ന്നി രുന്നതുമായ മൗലിക നിയമം ഒരു തെണ്ടിയുടേതെന്ന പോലെ അല്ലറ ചില്ലറ വകകളേ കൈവശം വെക്കാനാവൂ എന്ന് അനുശാസിച്ചിരുന്നു. സ്വര്‍ണം, വെള്ളി, ആഭരണ ങ്ങളെന്നിവ ഭിക്ഷുക്കള്‍ തൊടുകപോലും ചെയ്തു കൂടായിരുന്നു. എന്നാല്‍ അജന്തയിലെ ബുദ്ധ വിഗ്രഹങ്ങള്‍ക്ക് രത്‌നം പതിച്ച കിരീടങ്ങളുണ്ട്. ഇരിക്കാന്‍ വിലകൂടിയ സംഹാസനങ്ങളും.

ഇതുപോലെ തന്നെ പഴയ ബുദ്ധ മതം അശോകനെ യുദ്ധത്തിന്റെ പാതയില്‍ നിന്ന് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചു വിട്ടു. അദ്ദേഹത്തിന്റെ സ്തൂപങ്ങളില്‍ പറയുന്നത്, സൈന്യത്തെ ഇനിമുതല്‍ പ്രകടനത്തിനു വേണ്ടിയും ഘോഷയാത്രകള്‍ക്കു വേണ്ടിയും മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഭക്തനായ ഹര്‍ഷ ചക്രവര്‍ത്തി യാകട്ടെ തന്റെ സൂര്യദേവാ രാധനയുടേയും മഹേശ്രാരാ ധനയുടേയും കാര്യത്തിലെന്ന പോലെ തന്നെ യുദ്ധത്തേയും ബുദ്ധമതവുമായി അനുരഞ്ജിപ്പിച്ചു. 30 വര്‍ഷത്തെ നിരന്തരവും അക്രമാസ ക്തവുമായ യുദ്ധത്തിലൂടെ ഹര്‍ഷന്റെ സൈന്യം 60,000 ആനകളും 100,000 അശ്വഭടന്മാരും ഇതിലുമധികം കാലാള്‍ സൈന്യവുമായി പെരുകി. താന്‍ കീഴടക്കിയ കൊലയാളിയെ വധശിക്ഷക്കു വിധേയമാ ക്കണമെന്നു രാജാക്കന്മാരും പ്രഭുക്കളു മാവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്കു മാപ്പു കൊടുക്കന്‍ തക്കവണ്ണം ബുദ്ധമത വിശ്വാസം ഹര്‍ഷന്‍ പുലര്‍ത്തിയിരുന്നു. ഹര്‍ഷന്‍ നടത്തിയ യുദ്ധങ്ങള്‍ക്കും വിജയകരമായ സുവര്‍ണ കാലത്തിനും വലിയ വില നല്‌കേണ്ടിവന്ന സാധാരണ ക്കാര്‍ക്കാകട്ടെ, ഈ കൊലയാ ളിയെ അയാള്‍ കൊന്നു കളയുന്നതിനോടും യുദ്ധങ്ങളുടെ എണ്ണം കുറച്ച് വളരെ കുറച്ചാളുകളെ കൊല്ലുന്ന തിനോടും മാത്രം താല്പര്യമുണ്ടായി രുന്നിരിക്കണം.

ചുരുക്കത്തില്‍ ബുദ്ധമതം ലാഭകരമല്ലാ തായിത്തീര്‍ന്നു. അസംഖ്യം വിഹാരങ്ങളും അതിനുള്ളിലെ ശക്തന്മാരായ പാര്‍പ്പുകാരും ചിലവേറിയ ഒരു സൈനിക സ്ഥാപനത്തിന്റെ മറുവശമായിരുന്നു. ആദ്യം മുതലേ സാര്‍വ ലൗകികമായ ഒരു രാജവാഴ്ചയുടെ വികാസത്തോട് ബുദ്ധമതം ആനുകൂല്യം പുലര്‍ത്തിയിരുന്നു. അത് ചെറുകിട യുദ്ധങ്ങളെ ഇല്ലായ്മ ചെയ്യുമെന്നാണ് ബുദ്ധമതം കരുതിയിരുന്നത്. ചക്രവര്‍ത്തിക്ക് ബദലായ ഒരു ആത്മീയ 'ചക്രവര്‍ത്തിയാണ്' ബുദ്ധന്‍. എന്നാലിത്തരം വ്യക്തിഗത ചക്രവര്‍ത്തിമാരുടെ സാമ്രാജ്യങ്ങള്‍ സ്വയം ലാഭകരമല്ലാതാ യിത്തീര്‍ന്നു. അത്തരത്തിലുള്ള സാമ്രാജ്യത്തിന്റെ അവസാന ത്തേതായിരുന്നു ഹര്‍ഷന്റെ സാമ്രാജ്യം. അതിനുശേഷം ഫ്യൂഡലിസം ജന്മിത്ത ഭൂവുടമ സ്ഥരുടെ ഒരു പുതിയ അടിസ്ഥാനം ഭരണകൂടത്തിനു നല്കുന്നതു വരെ രാജാധികാര പരിധികള്‍ വളരെ ചെറുതായിരുന്നു. ഭരണമെന്നത് ജന്മിത്ത പരമ്പരാ വകാശത്തിന്റെ കൈകളിലേക്ക് ക്രമേണ വഴുതിപ്പോയി. ഭൂമിയില്‍ പുതിയ (ജന്മിത്തം) സ്വത്തവകാശ ത്തോടൊപ്പം താഴെ നിന്നു വളര്‍ന്നു വന്നതാണീ പരമ്പരാവകാശം.

സാമ്രാജ്യങ്ങളേയും അതിനോടൊപ്പം നിന്ന സംഘടിത മതങ്ങളേയും ഗ്രാമം ശിഥിലമാക്കി. ഇതേത്തുടര്‍ന്ന് സ്വയം പര്യാപ്ത ഗ്രാമമെന്നത് ഉത്പാദന ത്തിന്റെ പുതിയ രൂപമായിത്തീര്‍ന്നു. നികുതി സാമഗ്രികളുടെ രൂപ ത്തിലാ യിരുന്നു ശേഖരിക്ക പ്പെട്ടിരുന്നത്. അത് പ്രാദേശിക ഉപഭോഗ ത്തിനായി വിനിയോ ഗിച്ചിരുന്നു. എന്‌ടെന്നാല്‍ അവയെ പണമാക്കി മാറ്റാന്‍ പാകത്തില്‍ കച്ചവടം വികസിച്ചിരുന്നില്ല. ഇന്ത്യയിലെ മധ്യകാല പരിതസ്ഥിതിയില്‍ വിദൂരങ്ങളിലേക്ക് ധാന്യവും അസംസ്‌കൃത പദാര്‍ത്ഥ ങ്ങളും കയറ്റിയയക്കുക അങ്ങേയറ്റം ദുഷ്‌കരമാ യിരുന്നിരിക്കണം. രാജസന്നാ ഹങ്ങളും സൈന്യവുമായി ഹര്‍ഷന്‍ തന്റെ വിപുലമായ ആധിപത്യ പ്രദേശങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചിരുന്നു. ഇന്ത്യക്കാര്‍ ദുര്‍ലഭമായേ കച്ചവടങ്ങള്‍ക്ക് നാണയമു പയോഗിച്ചിരുന്നുള്ളൂ എന്നും സാധനത്തിനു പകരം സാധനം എന്ന നിലക്കാണ് കൈമാറ്റം നടന്നിരു ന്നതെന്നും ചൈനീസ് സഞ്ചാരികള്‍ പറയുന്നു. ഹര്‍ഷന്‍ അടിച്ച നാണയങ്ങലുടെ അഭാവം ഇതു തെളിയിക്കുന്നുണ്ട്. ഇതില്‍ നിന്നു ഭിന്നമായി മൗര്യന്മാരുടെ ആധിപത്യത്തില്‍ തുളയുള്ള നാണയങ്ങളുടെ വിപുലമായ ശേഖരം തന്നെയുണ്ട്.

ബുദ്ധമതം അതിന്റെ ആദ്യകാല വിജയത്തോടു കടപ്പെട്ടിരിക്കുന്നത് നിസംശയമായും ഒരു വലിയ സാമൂഹ്യ ആവശ്യം നിറവേറ്റി എന്നതിനോടാണ്. ക്രി മു 6 ആം നൂറ്റാണ്ടിലെ ഗംഗാതട സമൂഹം മിക്കവാറും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉത്പാദനം നടത്തുന്ന ശാന്തമായ ഗ്രാമങ്ങളായി സംഘടിപ്പിക്ക പ്പെട്ടിരുന്നില്ല. നാമമാത്ര മായിരുന്ന ജന വിഭാഗം ഒരു കൂട്ടം യുദ്ധോന്മുഖ അര്‍ദ്ധഗോത്ര ഭരണ പ്രവിശ്യകളായി വിഭജിക്ക പ്പെട്ടിരുന്നു. ഇതില്‍ ചിലവയാകട്ടെ കലപ്പ ഉപയോഗിച്ചുള്ള കാര്‍ഷികോത്പാ ദനത്തിന്റെ നിലവാരം പോലുമുള്ളവ യായിരുന്നില്ല. വേദകാലഘട്ടത്തിലെ ബ്രാഹ്മണ മതവും ഗോത്രാരാധനാ രീതിയുമെല്ലാം ചുറ്റുപാടുമുള്ള എല്ലാവരുമായും യുദ്ധത്തി ലേര്‍പ്പെട്ടിരുന്ന ഇടയ സമൂഹത്തിനു മാത്രം യോജ്യമായവയാണ്. വേദകാല ഘട്ടത്തിലെ മൃഗബലി ഒരു വികസ്വര കാര്‍ഷിക സമ്പത്ഘടനക്ക് താങ്ങാവുന്ന ഒന്നായിരുന്നില്ല. മൗര്യപൂര്‍ ഘട്ടത്തിലെ നാമമാത്രമായ കുടിപാര്‍പ്പു കാര്‍ക്ക് ദൂരസ്ഥലങ്ങളുമായി ലോഹം, ഉപ്പ്, തുണിത്തരങ്ങള്‍ എന്നിവ യില്‍ കച്ചവടം നടത്തേണ്ടതു ണ്ടായിരുന്നു. ശക്തമായ ഒരു ഭരണകൂട ത്തിന്റെ സംരക്ഷണം കൂടാതെ ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഒരു കൂട്ടം ഗോത്രങ്ങളില്‍ നിന്നും ഒരു സാര്‍വജനീന സമൂഹത്തിലേക്കുള്ള മാറ്റത്തിന് ഒരു പുതിയ സാമൂഹ്യ തത്വശാസ്ത്ര മാവശ്യമായി വന്നിരുന്നു.

സാര്‍വജനീന സമൂഹത്തിന്റേയും മതത്തിന്റേയും സാര്‍വ ജനീന രാജവാഴ്ചയുടേയും സമാന്തരത ഇവ രണ്ടും ഒരേ സമയത്തുതന്നെ മഗധയില്‍ ഉയര്‍ന്നു വരുന്നതില്‍ നിന്ന് തെളിയിക്ക പ്പെടുന്നുണ്ട്. ബുദ്ധമതം മാത്രമല്ല, അക്കാല ഘട്ടത്തില്‍ മഗധയിലെ മറ്റ് അസംഖ്യം വിഭാഗങ്ങളും ഇതേ കാര്യം തന്നെ പ്രചരിപ്പിച്ചിരുന്നു. ജൈനരും ആജീവകരും അതുപോലെ തന്നെ മറ്റുള്ളവരും വേദകാല ബലികളുടെ സാധുതയും കൊലചെയ്യേണ്ട ആവശ്യകതയും നിരാകരിച്ചിരുന്നു. അപരിഷ്‌കൃത സമൂഹങ്ങളുടെ വന്യമായ പ്രദേശങ്ങളിലേക്ക് പോകുന്ന ആദ്യകാല കച്ചവട സംഘങ്ങള്‍ക്കൊപ്പം ബുദ്ധമതം സഞ്ചരിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു. ജുന്നാര്‍, കാര്‍ലെ, നാസിക്, അജന്താ തുടങ്ങിയ പൗരാണിക കച്ചവട മാര്‍ഗങ്ങളിലെ നാല്ക്കവലകളില്‍ കാണുന്ന സ്മാരക ശിലകള്‍ ഇതിന് തെളിവാണ്.

എ ഡം 7 ആം നൂറ്റാണ്ടോടെ ബുദ്ധമതത്തിന്റെ പ്രമുഖ നാഗരിക വത്കരണ പ്രവൃത്തി അവസാനിച്ചു. ആരും പ്രയോഗത്തില്‍ കൊണ്ടു വന്നില്ലെങ്കില്‍ തന്നെ അഹിംസാ സിദ്ധാന്തം സാര്‍വ ജനീനമായി അംഗീകരിക്കപ്പെട്ടു. ദുര്‍ലഭം ചെറുകിട രാജാക്കന്മാ രൊഴിച്ചാല്‍ എല്ലാവരും തന്നെ വേദഘട്ട ബലികള്‍ കൈയൊഴിഞ്ഞു. ഈ ചെറുകിട ക്കാരുടെ പുനരുത്ഥാന പ്രവൃത്തികള്‍ക്കാകട്ടെ പൊതു സമ്പദ് ഘടനയുടെ മേല്‍ വലിയ സ്വാധീനമൊന്നും ചെലുത്താനും കഴിഞ്ഞിരുന്നില്ല. ഗ്രാമീണ കര്‍ഷകരില്‍ അതിരു കവിഞ്ഞ ശക്തിപ്രയോഗം കൂടാതെ ഒരു അനു സരണ ശീലം വളര്‍ത്തി യെടുക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന പ്രശ്‌നം. ഈ പ്രശ്‌നം മാത്രമാണ് കൈകാര്യം ചെയ്തത്. എന്നാലീ മതം ബുദ്ധമത മായിരുന്നില്ല. ഗ്രാമത്തിലെ വര്‍ഗ ഘടന ജാതിയിലൂടെയാണ് പ്രകാശിതമായത്. ഈ ജാതികളെ എന്നും ബുദ്ധമതം എതിര്‍ക്കുകയും ചെയ്തിരുന്നു. പ്രാചീന ഗോത്ര സമൂഹങ്ങള്‍ പുതിയ ജാതികളായി സംയോജിക്കപ്പെട്ടു. ഗോത്രമനുഷ്യരും കര്‍ഷകരും വന്‍തോതില്‍ ആചാര അനുഷ്ഠാന ക്രമങ്ങളെ ആശ്രയിച്ചു. ഇവയൊക്കെ ബുദ്ധ സന്യാസികള്‍ക്ക് വിലക്കപ്പെട്ട അനുഷ്ഠാന ങ്ങളായിരുന്നു. ആചാരങ്ങള്‍ ബ്രാഹ്മണരുടെ ഒരു കുത്തകയായി തുടര്‍ന്നു.

എല്ലാത്തിനു മുപരിയായി അക്കാലഘട്ടത്തിലെ ബ്രാഹ്മണര്‍ ഉത്പാദനം ഉത്തേജിപ്പിക്കാന്‍ മികവുറ്റവരു മായിരുന്നു. എന്തെന്നാല്‍ അവര്‍ക്ക് എപ്പോഴാണ് ഉഴേണ്ടത്, വിതക്കേണ്ടത്, വിളവെടുക്കേണ്ടത് എന്നെല്ലാം പ്രവചിക്കാന്‍ കഴിയുന്ന ഒരു പ്രയോഗക്ഷമമായ കലണ്ടറു ണ്ടായിരുന്നു. പുത്തന്‍ വിളവുകളെ കുറിച്ചും കച്ചവട സാധ്യതകളെ പറ്റിയും അവര്‍ക്ക് ചിലതെല്ലാം അറിയാമാ യിരുന്നു. മാത്രമല്ല, അവര്‍ ബലി ദാതാവായ മുന്‍ഗാമികളെ പോലെയോ വിപുലമായ ബുദ്ധ വിഹാര ങ്ങളെ പോലെയോ ഉത്പാദനത്തിനു മേല്‍ ഭാരമായിരുന്നില്ല. ബുദ്ധനെ വിഷ്ണുവിന്റെ ഒരു അവതാരമാക്കി മാറ്റി ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്രകാരം ഒപചാരിക ബുദ്ധമതം അനിവാര്യമായും മണ്‍മറഞ്ഞു.

എന്നിരുന്നാലും അതിന്റെ പ്രമുഖ പാഠം ഒരിക്കലും നഷ്ടപ്പെടുന്നില്ല. മേന്മയേറിയ ചിന്താരീതിക്ക് ചിന്തിക്കു ന്നയാളിന്റെ വ്യക്തിഗതമായ ശ്രമത്തോടു കൂടിയ മാനസിക സംസ്‌കരണവും പരിശീലനവു മാവശ്യ മാണ്. സംഗീതത്തില്‍ ശബ്ദത്തിന്റെ കാര്യമെന്ന പോലെയും കരകൗശല ത്തില്‍ കൈയുടെ കാര്യമെന്ന പോലെയും ശ്രദ്ധാപൂര്‍വമായ സാധന ഇക്കാര്യത്തിലും ആവശ്യമാണ്. നേരേ മറിച്ച് ചിന്തയുടെ മൂല്യമെന്നത് അത് ഉത്തേജിപ്പിക്കുന്ന സാമൂഹ്യ മുന്നേറ്റവുമായി ബന്ധപ്പെട്ടാണ് വിലയിരുത്തേണ്ടത്.

1956മെയ് 24 ലെ ടൈസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകൃത മായതാണ്. എഡിറ്ററുടെ സദയ അനുമതിയോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. 'ബുദ്ധമതം ചരിത്രത്തില്‍' എന്ന അതിലെ തലവാചകം മാറ്റുകയും ചെറിയ തിരുത്തലുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. 'ഇന്ത്യാ ചരിത്ര പഠനത്തിന് ഒരു മുഖവുര' (ബോംബെ 1956) ന്നെ എന്റെ പുസ്തകത്തില്‍ താത്പര്യ മുള്ളവര്‍ക്ക് ഈ വിവരം അതില്‍ കൂടുതല്‍ ചര്‍ച ചെയ്യുന്നത് കാണാനാകും.

kകടപ്പാട്: മൈത്രി ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച ഡി ഡി കൊസാംബിയുടെ 'രോഷജനകമായ പ്രബന്ധങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും. പിരഭാഷ: ഭാസുരേന്ദ്രബാബു. ചിത്രം: ഇന്റര്‍നെറ്റില്‍ നിന്നും.