"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 20, ബുധനാഴ്‌ച

ഗോവിന്ദ് പന്‍സാരെ - മുരളി

ഗോവിന്ദ് പന്‍സാരെ
ജനനം: 26-11-1933, മരണം: 20-02-2015

ഗോവിന്ദ് പന്‍സാരെ 1933 നവംബര്‍ 26 ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ എല്ലാ പുരോഗമന ചിന്താഗതിക ളേയും, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമരങ്ങളേയും തീര്‍ത്തും എതിര്‍ക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ കഴിഞ്ഞ ഫെബ്രുവരി 16 ന് വെടിവെച്ചു വീഴ്ത്തി. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ പന്‍സാരെയേയും ഭാര്യ ഉമാ പന്‍സാരെയേയും മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആക്രമികള്‍ പ്രഭാത സവാരിക്കു ശേഷം വീട്ടിലേക്ക് കറാന്‍ തുടങ്ങിയ സമയത്താണ് വെടിവെച്ചു വീഴ്ത്തിയത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോല്‍ഹാ പൂരില്‍ വെച്ചാണ് പന്‍സാരെക്ക് വെടിയേറ്റത്. 20-2-2015 വെള്ളിയാഴ്ച 10:45 ന് അദ്ദേഹം അന്തരിച്ചു. ആദ്യം കോല്‍ഹാപൂരിലെ ആശുപത്രി യില്‍ പ്രവേശിപ്പിച്ച ഗോവിന്ദ് പന്‍സാരെക്ക് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹത്തെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അന്ത്യം സംഭവിക്കുക യായിരുന്നു. ഭാര്യ ഉമാ പന്‍സാരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നു. തൊട്ടടുത്തു നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കഴുത്തിലും വയറിലും പന്‍സാരെക്ക് വെടിയേറ്റിരുന്നു. 

ആറ് പതിറ്റാണ്ടിലേറെക്കാലം മഹാരാഷ്ട്രയിലെ തൊഴിലാളികളുടേയും സാമാന്യ ജനങ്ങളുടേയും സമരങ്ങള്‍ നയിച്ച നേതാവായിരുന്നു സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഗോവിന്ദ് പന്‍സാരെ. ദീര്‍ഘകാലം മഹാരാഷ്ട്ര സംസ്ഥാനത്തെ സിപിഐ സംസ്ഥാന സെക്രട്ടറി യായിരുന്നു. കോല്‍ഹാപൂരിലെ ടോള്‍വിരുദ്ധ സമരത്തില്‍ ഗോവിന്ദ് പന്‍സാരെ വഹിച്ച നേതൃത്വപരമായ പങ്കാണ് അദ്ദേഹത്തെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരുടെ ശത്രുവാക്കിയത്. വര്‍ഗീയ തീവ്രവാദികളും ഗോവിന്ദ് പന്‍സാരെയുടെ സാന്നിധ്യത്തെ ഭയപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ദ് കാക്കറെയുടെ വധത്തിന്റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന 'ഹു കില്‍ഡ് കാക്കറെ' എന്ന പുസ്തകം ജനശ്രദ്ധയില്‍ കൊണ്ടുവന്നതിനും അദ്ദേഹം മുന്‍കൈ എടുത്തതാണ് ഇരുട്ടിന്റെ ശക്തികളെ പ്രകോപിപ്പിച്ചത്. 

സാമൂഹികമായി അടിച്ചമര്‍ത്ത പ്പെട്ടവരുടേയും ചൂഷിതരുടേയും പോരാട്ടങ്ങള്‍ മുന്‍നിരയില്‍ നിന്ന് നയിച്ചിട്ടുള്ള ഗോവിന്ദ് പന്‍സാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികനും വലിയ പോരാളിയുമായിരുന്നു. 2013 പൂനയില്‍ വെച്ച് കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതക ത്തെയാണ് ഗോവിന്ദ് പന്‍സാരെയുടെ വധം ഓര്‍മ്മിപ്പിക്കുന്നത്. തികഞ്ഞ പുരോഗമന ചിന്താഗതിക്കാരനായ ഗോവിന്ദ് പന്‍സാരെയുടെ ഭൗതിക ശരീരം ദഹിപ്പിച്ചപ്പോള്‍ ഒരു മതപരമായ ചടങ്ങുകളും നടത്തിയിരുന്നില്ല. ഗോവിന്ദ് പന്‍സാരെയുടെ മൃഗീയ വധത്തില്‍ പ്രതിഷേധിച്ച് ഇടതു പാര്‍ട്ടികള്‍ 24 മണിക്കൂര്‍ സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്‍സിപിയുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ശവസംസ്‌കാര ചടങ്ങുകള്‍ വികാരം മുറ്റി നിന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. മുന്‍ ഹൈക്കോടതി ജഡ്ജിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ജ. ബി ജി കോള്‍സെ പാട്ടീല്‍ ഗോവിന്ദ് പന്‍സാരെ യുടെ അനുയായികളോട് അദ്ദേഹത്തിന്റെ വധത്തിന് പകരം വീട്ടണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ധാരാളം യുവജനങ്ങള്‍ 'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളേയും കൊല്ലുക' എന്നു പതിച്ച ടി ഷര്‍ട്ട് ധരിച്ചുകൊണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര പട്‌നായിക് 'ഈ കൊലപാതകം നമ്മുടെ വ്യവസ്ഥിതിക്കു നേരെയുള്ള ഒരു വെല്ലുവിളിയാണ്' എന്ന് പ്രഖ്യാപിച്ചു. ഇത് ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല, തത്വങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയുമല്ല. ഇത് വ്യവസ്ഥിത്ക്ക് നേരെയാണ് അദ്ദേഹം തുടര്‍ന്നു.

മികച്ച അഭിഭാഷകനായിരുന്ന ഗോവിന്ദ് പന്‍സാരെ നല്ലൊരു ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു. സമൂഹത്തിലെ നീച ശക്തികള്‍ക്ക് അദ്ദേഹത്തോട് വിരോധമുണ്ടാകാന്‍ കാരണമുണ്ട്. 1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ഗോവിന്ദ് പന്‍സാരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങ ളോടൊപ്പം തന്നെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉന്മൂലനം ചെയ്യാനുള്ള തീവ്രശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

തൊഴിലാളികള്‍ക്ക് എല്ലാ തരത്തിലുമുള്ള വിദ്യാഭ്യാസം ചെയ്യുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഓര്‍ത്താണ് അവര്‍ അദ്ദേഹത്തെ സ്മരിക്കുന്നത്. 'ശിവജി കോന്‍ ഹോത്താ' (ശിവജി ആരായിരുന്നു - 1984) എന്ന പുസ്തകത്തില്‍ ശിവജിയെ ഒരു സാമൂഹിക പരിഷ്തര്‍ത്താ വായിട്ടാണ് അദ്ദേഹം വരച്ചു കാണിക്കുന്നത്. പ്രാദേശിക പക്ഷപാതികള്‍ ശിവജിക്ക് നല്കിയ ഫ്യൂഡലിസ്റ്റ് പ്രതിഛായക്ക് വിരുദ്ധമായിട്ടായിരുന്നു ഗോവിന്ദ് പന്‍സാരെ ശിവജിയെ അവതരിപ്പിച്ചത്. മറാത്തിയില്‍ ഒട്ടനവധി പുസ്തകങ്ങള്‍ വേറെയും അദ്ദേഹം രചിച്ചിട്ടുണ്ട്.

അന്ധവിശ്വാസങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന് 1013 ല്‍ കൊലചെയ്യപ്പെട്ട ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ക്കും 2010 ല്‍ കൊലചെയ്യപ്പെട്ട വിവരാവകാശ പ്രവര്‍ത്തകന്‍ സതീശ് ഷെട്ടിക്കും ശേഷം വധിക്കപ്പെട്ട ഗോവിന്ദ് പന്‍സാരെയും ജനങ്ങള്‍ക്ക് യേറെ പ്രിയപ്പെട്ടവനായിരുന്നു. 'അണ്ണാ' എന്നായിരുന്നു സാധാരണ ജനങ്ങള്‍ അവരുടെ പ്രിയപ്പെട്ടവനായിരുന്ന ഗോവിന്ദ് പന്‍സാരെയെ വിളിച്ചിരുന്നത്.

ഗോവിന്ദ് പന്‍സാരെയെ വധിച്ച ഇരുളിന്റെ ശക്തികള്‍ക്ക് അദ്ദേഹത്തെ തോല്പ്പിക്കാനായില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്ര സംസ്ഥാനത്തിലാകെ മുഴങ്ങിക്കേട്ടത്.

------------------------------------
കടപ്പാട്: 'ശാന്തിപര്‍വം' മാസിക 2015 മാര്‍ച്ച് ലക്കം.