"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 28, വ്യാഴാഴ്‌ച

എന്റെ സത്യാന്വേഷണ ചിന്തകള്‍: ശ്രീനാരായണ ഗുരു - ഡോ. പി കെ പ്രഭാകരന്‍

ഡോ.പി കെ പ്രഭാകരന്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകം ദര്‍ശിച്ച ഒരത്ഭുത പ്രതിഭാസ മായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ കുറിച്ച് ഒരു ഉപന്യാസം രചിക്കുവാന്‍ ശ്രമിക്കുകയല്ല ഞാന്‍. അതിനുള്ള പരിജ്ഞാനമൊന്നും നിസാരനായ നെിക്കില്ല എന്നു ഞാന്‍ സവിനയം സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പിന്‍ഗാമികള്‍ എത്രമാത്രം വികൃതമാക്കി എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മതങ്ങള്‍ക്ക തീതമാണ് മനുഷ്യനെന്ന് സധൈര്യം പ്രഖ്യാപിച്ച ഒരേയൊരു ദാര്‍ശനിക നായിരുന്നു ഗുരു. പഞ്ചലോഹത്തിലോ കരിങ്കല്ലിലോ നിര്‍മിച്ച പ്രതിമകളെ പ്രതിഷ്ഠിച്ച് ആരാധന നടത്തിയിരുന്ന മാനവരാശി യുടെ കണ്ണു തുറപ്പിക്കാന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയ വിപ്ലവകാരിയായ ദാര്‍ശനിക നായിരുന്നു ശ്രീനാരായണ ഗുരു. ഞാന്‍ ഏറ്റവുമധികം ആരാധിക്കുന്ന ആരാധ്യ പുരുഷനും ഗുരു തന്നെയാണ്.

'ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത്' ശ്രീനാരായണ ഗുരു ഗുരു നമ്മോട് പറഞ്ഞു. അദ്ദേഹത്തിന്റെ ചില അനുയായികള്‍ അദ്ദേഹ ത്തിന്റെ വചനത്തെ തിരുത്തിയിരിക്കുന്നു. 'ജാതി ചോദിക്കുക, ചിന്തിക്കു ക, പറയുക' എന്നാണ് ഇപ്പോഴത്തെ തിരുത്തല്‍. ഗുരുദര്‍ശനത്തെ അവ ഹേളി ക്കുകയാണ് ഈ തിരുത്തല്‍ വാദികള്‍. 

ഞാന്‍ വയലാര്‍ വില്ലേജില്‍ ജനിച്ച വ്യക്തിയാണെന്നു മുമ്പു സൂചിപ്പിച്ച ല്ലോ. വയലാര്‍ വില്ലേജിലെ 8 ആം വാര്‍ഡിലാണ് കളവങ്കോടം എന്ന പ്രദേശം. കളവങ്കോടത്താണ് ശക്തീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഉഴുവക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് കളവങ്കോടം സ്ഥിതി ചെയ്യുന്നത്. ഞാന്‍ മുങ്ങിക്കുളിച്ചതും മുങ്ങാംകുഴിയിട്ടു കളിച്ചതുമൊക്കെ ഈ കായലിലാണ്. ഈ കായലിന്റെ തെക്കേ അറ്റത്തുള്ള ഭാഗത്തെ തട്ടാറ വളവ് എന്നാണ് പറയുക. ഈ തട്ടാറ വളവിനെ കുറിച്ച് എത്ര കേരളീയര്‍ക്ക് അറിവു ണ്ടാകും എന്നെനിക്കറിയില്ല.

ഈ കായലിനൊരു കഥയുണ്ട്. കെട്ടുകഥയല്ല. നടന്ന കഥയാണ്. മണ്‍മറഞ്ഞ എന്റെ പിതാവ് ശ്രീ കൊച്ചുകുഞ്ഞന്‍ എനിക്കു പറഞ്ഞു തന്ന കഥയാണ്. കണ്ണാടി പ്രതിഷ്ഠ നടത്തുവാനായി ഗുരു കളവങ്കോട ത്തെത്തുന്നു. അന്ന് ക്ഷേത്രത്തിലു ണ്ടായിരുന്നത് ഒരു കാളീ വിഗ്രഹമായിരുന്നു. കരിങ്കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹം. ഈ കാളീ വിഗ്രഹം അമ്പലത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. അങ്ങനെ വിഗ്രഹത്തെ ഒരു തോണിയില്‍ കയറ്റി കൊണ്ടുപോയി തട്ടാറ വളവ് എന്ന കായല്‍ ഭാഗത്ത് എറിഞ്ഞു കളഞ്ഞു. അന്ധതയുടെ കാടുപിടിച്ച മനുഷ്യ മനസിനെ ഉദാത്ത വത്കരിക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്റെ ധീരോദാത്ത മായ ആ നടപടി. കണ്ണാടി പ്രതിഷ്ഠ നിര്‍വഹിച്ച് ഗുരു സ്ഥലം വിട്ടപ്പോള്‍ ഒരു പറ്റം കാടന്മാര്‍ കായലില്‍ മുങ്ങിത്തപ്പി വിഗ്രഹം വീണ്ടെടുത്തു.

ആ വിഗ്രഹത്തെ അമ്പലപ്പറമ്പിലെ കൊട്ടില്‍ കൊണ്ടുവന്നു സ്ഥാപിച്ചു. എത്ര ശ്രമിച്ചാലും മനുഷ്യമനസിലെ കാടു നീക്കുവാന്‍ സാധ്യമല്ലെന്നാണ് കാളീവിഗ്രഹം കായലില്‍ നിന്നും വീണ്ടെടുത്തതിലൂടെ നമ്മള്‍ മനസിലാക്കേണ്ടത്.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ എസ്എന്‍ഡിപി നേതൃത്വത്തിന് കഴിയാതെ പോയി. ക്രിസ്തുവിന്റേയും നബിയുടേയും ദര്‍ശനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചപ്പോള്‍ ഗുരുദര്‍ശനങ്ങളെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പോലും പ്രചരിപ്പിക്കാന്‍ പിന്‍ഗാമികളായ സാരഥികള്‍ക്കു കഴിഞ്ഞില്ല. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനമാണ് ഗുരുദര്‍ശന പ്രചരണ പരിപാടി. ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഭാരതീയ ജനത സ്വീകരിച്ചപ്പോള്‍ ഗുരുദര്‍ശനത്തിന് ഭാരതത്തില്‍ പ്രചുര പ്രചാരം നേടാനായില്ല. ശ്രീ ശങ്കരാചാര്യര്‍ സവര്‍ണനാ യിരുന്നല്ലോ. അവര്‍ണനായ ഗുരുവിന്റെ ദര്‍ശനത്തെ മാനിക്കാന്‍ സവര്‍ണര്‍ക്കാ വില്ലല്ലോ. മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും ദലിതര്‍ക്കുമെല്ലാം സവര്‍ണരുടെ ദര്‍ശനങ്ങളോ ടായിരുന്നു താത്പര്യം. ഗുരുദര്‍ശനം അവര്‍ണരുടെ ഇടയില്‍ പോലും വേരു പിടിക്കാന്‍ കഴിയാതെ പോയി. ഗുരുവിനെ ജാതീയ വത്കരിക്കാനാണ് എസ്എന്‍ഡിപി ശ്രമിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം ഈഴവന് എന്നായി പിന്‍ഗാമികളുടെ വിശ്വാസപ്രമാണം.

ഇപ്പോള്‍ കളവങ്കോടത്ത് ശക്തീശ്വരം ക്ഷേത്രത്തിനടുത്ത് ഗുരുവിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കോട്ട് ദര്‍ശനമായി. ഏതാണ്ട് 20 വാര അകലെയുള്ള ക്ഷേത്രക്കാട്ടില്‍ പണ്ടു കായലിലെറിഞ്ഞ കാളീവിഗ്രഹം ഗുരുപ്രതിമക്ക ഭിമുഖമായി കാണാന്‍ കഴിയും. കാളിക്ക് കാവലിരിക്കാന്‍ ഗുരുപ്രതിമ സ്ഥാപിച്ചതാണോ എന്നു തോന്നിപ്പോകും. ഇത്രമാത്രം ഗുരുവിനെ നിന്ദിക്കണമാ യിരുന്നോ എന്നു തോന്നിപ്പോകും. കാലം ഇതു തിരുത്തി ക്കുറിക്കട്ടെ. ഒരായിരം ശ്രീനാരായണന്മാര്‍ ജനിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ഗുരുദേവന്‍ പുനര്‍ജനിച്ച് കളവങ്കോടത്ത് വന്നു എന്നു സങ്കല്പിക്കുക. അദ്ദേഹം തന്റെ പ്രതിമ കാണാനിടയായി എന്നും കരുതുക. എങ്കില്‍ അദ്ദേഹം ആദ്യം പറയുന്ന വാക്ക് 'മാ നിഷാദ' എന്നായിരിക്കും. ഒരു സംശയവും വേണ്ട. ഞാന്‍ 4 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠിച്ച ഒരു പദ്യം ഓര്‍മയുടെ മണിച്ചെപ്പില്‍ മുത്തുപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ നാലു വരികള്‍ താഴെ കുറിക്കട്ടെ.

'പുറം കണ്ണു തുറപ്പിപ്പൂ
പുലര്‍ വേളയിലംശുമാന്‍
അകക്കണ്ണു തുറപ്പിപ്പാന്‍
ആശാന്‍ ബാല്യത്തിലെത്തണം'

ബാല്യകാലം മുതല്‍ കുട്ടികള്‍ക്ക് സത്യസന്ധമായ അറിവുകളാണ് പറഞ്ഞു കൊടുക്കേണ്ടത്. മതാന്ധരായി വളരാന്‍ നമ്മുടെ കുട്ടികളെ അനുവദിച്ചു കൂടാ. ശ്രീനാരായണ ഗുരുവനെ പോലെയുള്ള ഗുരുക്കന്മാര്‍ക്ക് മാത്രമേ അകക്കണ്ണു തുറപ്പിപ്പാനാവൂ. തലച്ചോറില്‍ വിഷവിത്തുകള്‍ പാകാതിരു ന്നാല്‍ ഒരു നല്ല മാനവരാശി ഉരുത്തിരിഞ്ഞു വരുമെന്നു കരുതുന്നു. എന്റെ ഈ സ്വപ്‌നം ഏതെങ്കിലുമൊരു യുഗ സംക്രമ വേളയില്‍ യാഥാര്‍ത്ഥ്യ മാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


പുസ്തകം: എന്റെ സത്യാന്വേഷണ ചിന്തകള്‍
ഡോ. പി കെ പ്രഭാകരന്‍
പ്രസാധനം: വോയിസ് ബുക്‌സ്, മഞ്ചേരി.
വില: 90 രൂപ.
ഫോണ്‍: 0483 2766765, 2767721, 9388766765
--------------
ഡോ. പി കെ പ്രഭാകരന്‍, ഫോണ്‍: 9447235696