"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 19, ചൊവ്വാഴ്ച

കെ കെ മാധവന്‍ മാസ്റ്റര്‍: ഒരു ജീവചരിത്ര കുറിപ്പ് - കെ സി പുരുഷോത്തമന്‍, എം കെ സത്യവാന്‍, കെ കെ സുകുമാരന്‍

കെ കെ മാധവന്‍
എറണാകുളത്തിന് ഒരു വിളിപ്പാടകലെ, മുളവുകാട് ദ്വീപില്‍, ഐക്കര എന്നു കൂടി പേരുള്ള കല്ലച്ചംമുറി തറവാട്ടില്‍ കുഞ്ഞന്റെയും മാണിയുടേയും 5 ആമത്തെ പുത്രനായി 1917 ജൂലൈ 22 ന് മാധവന്‍ ജനിച്ചു. 

വീടിന് തൊട്ടടുത്ത് സെ. മേരീസ് പ്രൈമറി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെ. ആല്‍ബര്‍ട്ട്‌സില്‍ ചേരുകയും അവിടെ നിന്ന് സ്‌കൂള്‍ ഫൈനല്‍ പാസ്സാവുകയും ചെയ്തു.

1934 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞയുടനെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ താന്‍ വളര്‍ന്ന സമുദായ ത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. അന്ന് സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രസിഡന്റ് കെ പി വള്ളോന്‍ ആയിരുന്നു; മാധവന്‍ വൈസ് പ്രസിഡന്റും. 1940 ല്‍ വള്ളോന്‍ മരിച്ചപ്പോള്‍ മാധവന്‍ പ്രസിഡന്റ് ആയി. മാധവന്റെ നേതൃത്വത്തിലുള്ള യുവാക്കളായ മഹാസഭാ പ്രവര്‍ത്തകര്‍ പുലയരുടെ ഇടക്ക് നിന്നിരുന്ന മദ്യപാനം, അന്ധവിശ്വാസങ്ങള്‍, ബഹുഭാര്യാത്വം, എന്നീ അനാചാരങ്ങള്‍ ഇല്ലാതാക്കാനും, കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ അവരുടെ മാതാപിതാക്കളെ പ്രേരിപ്പിക്കാനും വീടുവീടാന്തരം കയറിയിറങ്ങി. 350 ഓളം ശാഖകളോടെ വളര്‍ന്ന് പന്തലിച്ച ഈ പ്രസ്ഥാനത്തെ 1949 ല്‍ കമ്മ്യൂണിസ്റ്റ്കാര്‍ കയ്യടക്കി; അതിന്റെ പ്രവര്‍ത്തനം നിലച്ചു. സഭയുടെ പേരില്‍ മാധവന്‍ എഡിറ്റ് ചെയ്ത 'കാഹളം' വാരികയുടെ പ്രസിദ്ധീകരണവും നിലച്ചു.

1944 ല്‍ നിയമ പഠനത്തിനായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ഇക്കാലത്താണ് എം എന്‍ റോയിയുടെ റാഡിക്കല്‍ ഡെമോ ക്രാറ്റിക് പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. അദ്ദേഹം ഒരു റോയിസ്റ്റായി. നിയമ പഠനം കഴിഞ്ഞ് വന്ന അദ്ദേഹം 1949 ല്‍ കൊച്ചിയില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ എളംകുന്നപ്പുഴ നിയോജക മണ്ഡലത്തില്‍ റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയായാണ് അന്ന് ജയിച്ചത്.

അതേ വര്‍ഷം തന്നെ വടക്കോട്ട് നാരായണ മേനോന്റെ കീഴില്‍ അഭിഭാഷ കനായി പ്രാക്ടീസ് ആരംഭിച്ചു. പന്ത്രണ്ട് വര്‍ഷക്കാലം അങ്ങിനെ തുടര്‍ന്നു. അദ്ദേഹം പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരി ക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസ് ആദര്‍ശ ങ്ങളില്‍ വിശ്വസിച്ചിരുന്ന മാധവന്‍, കോളേജില്‍ എത്തിയപ്പോഴും സജീവ പ്രവര്‍ത്തകനും അംഗവുമായിരുന്നു. കോണ്‍ഗ്രസിന്റെ ആവഡി സമ്മേളന ത്തിനു ശേഷം വീണ്ടും അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമായി. സി കെ ഗോവിന്ദന്‍ നായര്‍ കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ഓര്‍ഗനൈസിങ് സെക്രട്ടറിയായും കോണ്‍ഗ്രസ് പ്രസിദ്ധീകര ണങ്ങളുടെ എഡിറ്ററായും മാധവന്‍ പ്രവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം 'വീക്ഷണം' വാരികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് മാധവന്‍, ജനസംഘവു മായുള്ള അതിന്റെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് രാജിവെക്കുകയും സ്വതന്ത്രമായി കഴിയുകയും ചെയ്തു. അന്ന് കെപിസിസി അധ്യക്ഷനായിരുന്ന കെ കെ വിശ്വനാഥന്റെ പ്രേരണക്ക് വഴങ്ങി ഇന്ദിരാഗാന്ധിക്ക് നേതൃത്വമുള്ള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1976 മാര്‍ച്ചില്‍ രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ദിരാ ഗാന്ധി പ്രത്യേക പാര്‍ട്ടിയുണ്ടാക്കി പിരിഞ്ഞു പോയപ്പോള്‍ മാധവന്‍ കോണ്‍ഗ്രസ് എസ്സില്‍ നിന്നു. 1978 മുതല്‍ കോണ്‍ഗ്രസ് എസ്സിന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ (1987) ഞാറക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ച അദ്ദേഹം 1965 ല്‍ കുന്നത്തു നാട് നിയോജക മണ്ഡലത്തില്‍ നിന്നും എം കെ കൃഷ്ണനെ തിരേ മത്സരിച്ചു ജയിച്ചു എങ്കിലും അപ്രാവശ്യം നിയമ സഭ കൂടാതെ പിരിച്ചു വിടുകയാണുണ്ടായത്. 1967 ല്‍ അവിടെത്തന്നെ നിന്ന് എം കെ കൃഷ്ണനോട് തോറ്റു.

സാമൂഹ്യ പ്രവര്‍ത്തകന്‍ രാഷ്ട്രീയ നേതാവ്, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു സഹകാരിയും സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയാണ്. തിരു - കൊച്ചിയിലെ ട്രൈബല്‍ എന്‍ക്വയറി കമ്മിറ്റിയിലും, അഗ്രികള്‍ച്ചറല്‍ മിനിമം വേജസ് കമ്മിറ്റിയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാധവന്റെ ഭാര്യ ദേവി, അധ്യാപികയായിരുന്നു. മൂത്ത മകള്‍ വീണ സമുദ്രോത്പന്ന വികസന അതോറിറ്റിയില്‍ ജോയിന്റ് ഡയറക്ടറാണ്. ഇളയ മകന്‍ കര്‍മചന്ദ്രന്‍ കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥനാണ്.

സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു മാധവന്‍. സമ്പന്നമായ കുടുംബത്തില്‍ ജനിച്ചതുകൊണ്ട് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാധവന്‍ ജനിച്ച് 6 മാസം ആയപ്പോള്‍ അച്ഛന്‍ മരിച്ചു. പുലയ മഹാസഭയുടെ കായിക സംഘട്ടനങ്ങളുടെ സന്ദര്‍ഭങ്ങളില്‍ മുമ്പില്‍ നിന്ന് നേതൃത്വം നല്കിയിട്ടുണ്ട്. അദ്ദേഹം 59 ആം വയസില്‍ മരിച്ചു. അമ്മക്ക് ദീര്‍ഘായുസ് ഉണ്ടായിരുന്നു. 86 ആം വയസിലാണ് അമ്മ മരിച്ചത്. അച്ഛന്‍ മരിച്ചിട്ടും അമ്മയുടെ വാത്സല്യ പൂര്‍ണമായ പരിലാളനം കിട്ടിയിരുന്നതു കൊണ്ട് മാധവന്‍ അല്ലല്‍ അറിഞ്ഞിരുന്നില്ല. 2 ജ്യേഷ്ഠന്മാര്‍ ഉണ്ടായിരുന്നതു കൊണ്ട് സാമ്പത്തികമായ ബുദ്ധിമുട്ടു കളും ഉണ്ടായിരുന്നില്ല. സന്തോഷകരമായ വിദ്യാര്‍ത്ഥി ജീവിതത്തിന് കനത്ത ആഘാതം സൃഷ്ടിച്ച ഒരു സംഭവം ഉണ്ടായി. സെ. ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം 4 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ സമ്പന്ന കുടുംബക്കാരും തറവാട്ടില്‍ പെട്ട എല്ലാ കുടുംബക്കാരുടേയും വീടുകളും പാര്‍പ്പിട ഭൂമികളും കൃഷ്ണാദി ആശാന്റെ കടക്കാര്‍ ജപ്തി ചെയ്തു കൊണ്ടു പോയി. കൃഷ്ണാദി ആശാന്‍ പുലയ മഹാസഭ സംഘടിപ്പി ച്ചിരുന്ന കാലത്ത് അതിനു വേണ്ടിയും പിന്നീട് പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷം മത പ്രചാരണത്തിനു വേണ്ടി ലോഭമില്ലാതെ പണം ചെലവാക്കിയിരുന്നതു കൊണ്ടായിരുന്നു വലിയ തോതിലുള്ള ഋണഭാരം അദ്ദേഹത്തിനു ണ്ടായിരുന്നത്. മറ്റ് കുടുംബാംഗങ്ങള്‍ കേസ് വാദിച്ച് കൃഷ്ണാദിയാശാന്റെ കടങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന്. കേസ് തോറ്റു. വസ്തുക്കളെല്ലാം എറണാകുളത്തെ ഒരു പ്രമുഖ വ്യാപാരിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. ആ കേസില്‍ തോറ്റെങ്കിലും അതില്‍ കൃഷ്ണാദിയാശാന്റെ കുടുംബക്കാരുടെ ഭാഗം വാദിച്ച വക്കീലായ ബാരിസ്റ്റര്‍ പിന്നീട് മറുഭാഗം അന്യായക്കാരനായ വ്യാപാരി യുടെ മകളെ വിവാഹം ചെയ്തു!


ഈ കാലഘട്ടത്തില്‍ ഒരു സഥലം വാങ്ങി അവി ടെ താത്കാലികമായി ഒരു ഷെഡ് കെട്ടിയിട്ട് അതിലായിരുന്നു മാധവനും സഹോദരി ദാക്ഷായണിയും വിദ്യാഭ്യാസ കാലത്ത് ജീവിച്ചിരുന്നത്. എത്രയോ സമ്പത്തുണ്ടായിട്ടും അവ ക്ഷണികമായിരിക്കും എന്ന ഒരു ഗുണപാഠം ഈ സംഭവത്തില്‍ നിന്നും മാധവന്‍ പിന്നീട് പഠിക്കുക യുണ്ടായി. സ്വത്ത് സമ്പാദിക്കുന്ന കാര്യത്തില്‍ താത്പര്യക്കുറവ് ഒരു പക്ഷെ, ഇതുമൂലം ഉണ്ടായതാ യിരിക്കാം.

ഔദ്യോഗിക ജീവിതം

ബി എ പാസായതിനു ശേഷം (1938-39) എളങ്കുന്നപ്പുഴ ലോവര്‍ സെക്കന്റെറി സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു. എളങ്കുന്നപ്പുഴ അദ്ദേഹത്തിന്റെ അമ്മയുടെ ജന്മനാടു കൂടിയായിരുന്നു. അവിടെ അദ്ദേഹത്തിന്റെ അമ്മാവന്റെ കൂടെയായിരുന്നു താമസം. അധ്യാപക നായി ചേര്‍ന്നതിന്റെ രണ്ടാം ദിവസം ഒരു സംഭവം ഉണ്ടായി. അന്ന് ഉച്ചക്ക് അമ്മാവന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിഞ്ഞ് വരുമ്പോള്‍ ക്ലാസില്‍ മേശപ്പുറത്ത് കയ്യില്ലാത്ത ഒരു തൂമ്പ ഇരിപ്പുണ്ടായിരുന്നു. സവര്‍ണ ജാതിക്കാരായ ഏതോ സഹപ്രവര്‍ത്തക രായിരിക്കണം ഇപ്രകാരം ചെയ്തത്. ദേഷ്യവും സങ്കടവും ഉണ്ടായെങ്കിലും സ്‌കൂളിലെ മാസപ്പടിയെ വിളിച്ച് തൂമ്പയെടുത്ത് മാറ്റാന്‍ മാധവന്‍ ആവശ്യപ്പെട്ടു. (1939 ഒക്ടോബര്‍). അവിടെ 3 മാസം ജോലി ചെയ്തു. പിന്നീട് പല ഷോര്‍ട്ട് വേക്കന്‍സികളിലും ജോലി ചെയ്തു. അവസാനം സെക്രട്ടേറി യറ്റില്‍ പബ്ലിക് ആന്റ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടമെന്റില്‍ നിയമനം ലബിച്ചു. 1944 വരെ ഔദ്യോഗിക ജീവിതവും സമുദായ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോയി.

വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനങ്ങള്‍

കോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സാമുദായിക പ്രവര്‍ത്തനത്തിലും താത്പര്യം പുലര്‍ത്തിയിരുന്നു. 1938 ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗസിന്റെ നേതൃത്വത്തില്‍ തിരുവിതാം കൂറില്‍ ഉത്തരവാദിത്വ ഭരണം നേടുന്നതിനു വേണ്ടി കൊച്ചിയില്‍ നടന്നിരുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1936 ല്‍ തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിക്ക പ്പെട്ടതിനു ശേഷം കൊച്ചിയില്‍ ശക്തിപ്പെട്ടു വന്നിരുന്ന ക്ഷേത്ര പ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ടി രുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മൂലം അന്ന് കൊച്ചിയില്‍ ദിവാനായിരുന്ന സര്‍ ആര്‍ കെ ഷണ്‍മുഖം ചെട്ടിയാരുടെ അടുത്തും മാധവന്‍ ഭാവിയില്‍ പ്രവര്‍ത്തക നായിരിക്കുമെന്ന റിപ്പോര്‍ട്ട് ചെന്നെത്തി.

പത്രപ്രവര്‍ത്തനം

'സമസ്ത കൊച്ചി പുലയ മഹാസഭയുടെ ജിഹ്വ'


1947 അവസാനത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഒരു മാസികയാണ് 'കാഹളം'. അതിന്റെ പത്രാധിപര്‍ കെ കെ മാധവനും സഹ പത്രാധിപര്‍ ടി എ പരമനും, പരേതനായ കെ കെ കൃഷ്ണനുമായിരുന്നു. പത്രത്തിന് സാമ്പത്തിക സഹായം കിട്ടുന്ന തരത്തില്‍ പരസ്യങ്ങള്‍ നേടിയെടുക്കുന്ന തിനും അവ സ്വീകരിക്കുന്നതിന് തന്നെയും ഉദാസീനത കാണിച്ചതോടൊപ്പം പരസ്യം കൊടുക്കാവുന്ന സാമ്പത്തിക ശേഷിയുള്ളവര്‍ കാണിച്ചിരുന്ന താത്പര്യക്കുറവും മാത്രമല്ല, സഭയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ അഭിപ്രായ വ്യത്യാസവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പത്രത്തിനെതിരാ യി നടത്തിയ ദുഷ്പ്രചരണവും പത്രത്തിന്റെ അകാല ചരമത്തിനിട യാക്കി.

11 വര്‍ഷം കോണ്‍ഗ്രസ് സംഘടനക്ക് പുറത്തു നിന്നിരുന്ന മാധവന്‍ കോണ്‍ഗ്‌സ് സോഷ്യലിസ്റ്റ് മാതൃകാ സമൂഹത്തെ അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നു. 1961 ല്‍ പരേതനായ സി കെ ഗോവിന്ദന്‍ നായര്‍ കെ പി സി സി പ്രസിഡന്റായി തെരഞ്ഞെടുക്ക പ്പെട്ടതിനെ തുടര്‍ന്ന് കെ പി സി സി ബുള്ളറ്റിന്റേയും മറ്റ് പ്രസിദ്ധീകരണ ങ്ങളുടേയും എഡിറ്ററായി നിയമിക്കപ്പെട്ടു. 4 വര്‍ഷക്കാലം കെ പി സി സി പ്രസിദ്ധീകരണങ്ങളുടെ മേധാവി എന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീട് എ കെ ആന്റണി കെ പി സി സി പ്രസിഡന്റ് ആയപ്പോള്‍ ' വീക്ഷണം ' എന്ന പേരില്‍ കെപിസിസിയുടെ മുഖപത്രം എന്ന നിലയില്‍ ഒരു രാഷ്ട്രീയ വാരിക എറണാകുളത്തു നിന്ന് പ്രസിദ്ധീകരണം തുടങ്ങി. അതിന്റെ നിര്‍വാഹക പത്രാധിപര്‍ (എക്‌സിക്യുട്ടീവ് എഡിറ്റര്‍) മാധവനായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം കെപിസിസി പ്രസിദ്ധീകര ണങ്ങളുടെ ഭാഗമായി വീക്ഷണം ദിനപത്രം ആരംഭിച്ചു. ഏതാനും മാസങ്ങല്‍ക്കു ശേഷം വീക്ഷണം വാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തുന്നതു വരെ വാരികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായി തുടര്‍ന്നു. പത്രാധിപത്യം വഹിച്ചിരുന്ന പത്രങ്ങളില്‍ മാത്രമല്ല, മറ്റ് പത്രങ്ങളിലും പ്രസിദ്ധീകര ണങ്ങളിലും ശ്രദ്ധേയങ്ങളായ നിരവധി ലേഖനങ്ങള്‍ മാധവന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിശ്വപ്രസിദ്ധമായ 'ബെയ്‌സിക് അപ്രോച്ച്' എന്ന ശീര്‍ഷകത്തിലുള്ള ഇംഗ്ലീഷ് ലേഖനം, അതിന്റെ സൗന്ദര്യവും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ട് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തി ട്ടുള്ളത് മാധവനാണ്. ഇതും ഒരു കെപിസിസി പ്രസിദ്ധീകരണമാണ്. 'അടിസ്ഥാന സമീപനം' എന്ന പേരില്‍ കെപിസിസി ഇത് പ്രസിദ്ധപ്പെടു ത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള മാധവന്‍ പ്രസന്നവും ലളിതവും എന്നാല്‍ ശക്തവുമായ ഒരു ശൈലിയുടേയും പ്രതിപാദന രീതിയുടേയും ഉടമയാണ്.

പി എം എസ് രൂപീകരണം

(ടി കെ കൃഷ്ണമേനോന്‍ ഓര്‍മ്മക്കുറിപ്പ്)


മുളവുകാടു നിന്നും സമീപ പ്രദേശത്തു നിന്നും നൂറോളം പുലയര്‍ നാടന്‍ വള്ളങ്ങളില്‍ ടി കെ കൃഷ്ണ മേനോന്റെ വസതിയായ കുമാരാലയ ത്തിനു പടിഞ്ഞാറു വശത്തെ എറണാകുളം കായലില്‍ നിരന്നു. ഇപ്പോഴ ത്തെ കേരള ഫൈന്‍ ആര്‍ട്ട്‌സ് ഹാളിന് വടക്കു വശത്തുള്ള കൊച്ചി സര്‍വകലാ ശാലയുടെ മറൈന്‍ വിഭാഗം സ്ഥിതിചെയ്യുന്ന സ്ഥലം - അന്ന് അത് കായലിന്റെ ഭാഗമായിരുന്നു. നഗരത്തില്‍ പുലയര്‍ക്ക് സഞ്ചരിക്കാന്‍ അയോഗ്യത യുണ്ടായിരുന്നതു കൊണ്ട് കായലില്‍ വഞ്ചികള്‍ കൂട്ടി ച്ചേര്‍ത്ത് യോഗം ചേര്‍ന്നു. ടി കെ കൃഷ്ണമേനോന്റെ വസതിക്ക് മുമ്പിലുള്ള കായല്‍ പ്രദേശത്തായിരുന്നു അത്. പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അങ്ങിനെ ചെയ്തത്. 1913 മെയ് 25 നായിരുന്നു ഈ സംഭവം അന്ന് പുലയരുടെ നേതാവ് കൃഷ്ണാദി ആശാനായിരുന്നു. 

കേന്ദ്ര ഗവണ്‍മെന്റ് പട്ടികജാതി - പട്ടികവര്‍ഗ എംപ്ലോയീസ് ഫെഡറേഷന്‍

അടിയന്തിരാവസ്ഥ കാലത്ത് കേന്ദ്ര സര്‍വീസില്‍ നിന്നും ഏത് ഉദ്യോഗസ്ഥ നേയും ജീവനക്കാരനേയും കാരണം പറയാതെ പിരിച്ചുവിടാന്‍ മേലുദ്യാഗസ്ഥന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച ഈ അധികാരം നീതിപൂര്‍വം ഉപയോഗിക്കുന്നതിന് പകരം സ്വന്തം ഇഷ്ടാനിഷ്ട ങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അനുസരിച്ച് കീഴുദ്യോഗസ്ഥന്മാരെ ദ്രോഹിക്കുക എന്നതായിരുന്നു പല മേലുദ്യോഗസ്ഥ ന്മാരുടേയും നടപടി. ആപത്കരമായ ഈ പ്രവണതയുടെ ഇരയായി തീരേണ്ടി വന്നത് പലപ്പോഴും കേന്ദ്ര സര്‍വീസിലെ പട്ടിക ജാതി - പട്ടിക വര്‍ഗക്കാരായ ജീവനക്കാരായിരുന്നു. ഈ അനീതിക്കെതിരായി ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ കൊടുക്കുന്നതിനുള്ള അവകാശവും അടിയന്തിരാവസ്ഥയുടെ മറവില്‍ എടുത്തു കളഞ്ഞിരുന്നു.

ദുസ്സഹമായ ഈ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലെ പട്ടിക ജാതിക്കാരും പട്ടിക വര്‍ഗക്കാരുമായ ഉദ്യോഗസ്ഥന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി ഒരു സംഘടനയില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കുക യല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വന്നു. അങ്ങിനെ മാധവന്‍ മാസ്റ്റര്‍ പ്രസിഡന്റും കെ കെ ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായി കേന്ദ്ര ഗവണ്‍മെന്റ് പട്ടിക ജാതി - പട്ടിക വര്‍ഗ എംപ്ലോയീസ് ഫെഡറേഷന്‍ 1976 ആഗസ്റ്റ് ഒന്നിന് നിലവില്‍ വന്നു. കേന്ദ്ര ഗവണ്‍മെന്റിലെ പട്ടിക ജാതിയിലും പട്ടിക വര്‍ഗത്തിലും പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നിരവധി നേട്ടങ്ങള്‍ ഉണ്ടാ ക്കാന്‍ കഴിഞ്ഞ ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ് കെ കെ മാധവന്‍ മാസ്റ്ററാണ്. ഫെഡറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി തൊഴിലില്ലാതെ നിന്ന നൂറ് കണക്കിന് ചെറുപ്പക്കാര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ സംവരണ തസ്തികയില്‍ നിയമനം ലഭിക്കു കയും ചെയ്തു. രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായി കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലെ പട്ടിക ജാതിക്കാരും പട്ടിക വര്‍ഗക്കാരുമായ ഉദ്യോഗസ്ഥന്മാരെ സംഘടിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംഘടനയാണ് ഫെഡറേഷന്‍.

കെ കെ മാധവന്‍ മാസ്റ്റര്‍ പലപ്രാവശ്യം ഫെഡറേഷന്റെ പ്രസിഡന്റാ യിരുന്നിട്ടുണ്ട്. പിന്നീട് മരണം വരെ ഈ സംഘടനയുടെ രക്ഷാധികാരി യായിരുന്നു.

---------------------------------------------------

ഒരു സൂവനീറില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ മാറ്റര്‍ പ്രസിദ്ധീകരിക്കാന്‍ തന്നത് കെ കെ മാധവന്റെ മകന്‍ കര്‍മചന്ദ്രനാണ്. ഫോട്ടോകളും അതില്‍ നിന്ന് എടുത്തതാണ്. അടിക്കുറിപ്പ് ഉണ്ടായിരുന്നില്ല.