"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 25, തിങ്കളാഴ്‌ച

ഡോ. അംബേഡ്കര്‍: മതപരിവര്‍ത്തനവാദം - രവി കുമ്മഞ്ചേരിതദ്ദേശീയ-മതസാംസ്‌കാരിക മൂല്യങ്ങളാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഹീനമായ അപമാനവും അനീതികളും സഹിക്കേണ്ടി വന്ന ജാതി വ്യവസ്ഥയുടെ ഇരകളാണ് ദലിതര്‍. അതുകൊണ്ടുതന്നെ ഉപരിജാതിവ്യവഹാര നിര്‍മിതികളെയും അതിന്റെ നിഗൂഢതകളെയും അപനിര്‍മിച്ചെടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടാണ് അംബേദ്കര്‍ തന്റെ മതവിചാരം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ മതവ്യവഹാരത്തെ രാഷ്ട്രീയ വ്യവഹാരമായി പരിഗണിക്കുകയാണ് അംബേദ്കര്‍ ചെയ്യുന്നത്. 'ഹിന്ദുക്കളില്‍ നിന്ന് അകലെ'7 എന്ന പ്രബന്ധം ഈ അര്‍ത്ഥത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. മതത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം പുതിയൊരു രാഷ്ട്രീയ സമൂഹത്തെ കൂടി അത് മുന്നില്‍ കാണുന്നു.

1936 മേയ് 12ന് ബോംബെയില്‍ ചേര്‍ന്ന മഹറുകളുടെ സമ്മേളനം ഹിന്ദുമതം ഉപേക്ഷിച്ച് മറ്റേതെങ്കിലും മതം സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രമേയം പാസാക്കുകയുണ്ടായി. അസ്പൃശ്യരുടെ മതപരിവര്‍ത്തന ത്തിനെതിരായി ഉന്നയിക്കാവുന്ന നാല് തടസ്സവാദങ്ങളെ അംബേദ്കര്‍ ഇവിടെ വ്യക്തമാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.

1. മതപരിവര്‍ത്തനം കൊണ്ട് അസ്പൃശ്യര്‍ക്ക് എന്ത് നേടാനാവും. അതുവഴി അവരുടെ പദവിക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.
2. എല്ലാ മതങ്ങളും സത്യമാണ്, എല്ലാ മതങ്ങളും നന്മയാണ്. മതം മാറുന്നത് വൃഥാവിലാണ്.
3. അസ്പൃശ്യരുടെ മതം മാറ്റത്തിന് രാഷ്ട്രീയ സ്വഭാവമുണ്ട്.
4. അസ്പൃശ്യരുടെ മതം മാറ്റം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാത്തതുകൊണ്ട്, അത് ആത്മാര്‍ത്ഥതയോടെയുള്ളതല്ല.

അസ്പൃശ്യരുടെ ജീവിതാവസ്ഥയുടെ സമഗ്രസാന്നിധ്യത്തില്‍ വെച്ച് ഈ നാല് വാദങ്ങളെയും സൂക്ഷ്മമായി അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. മധ്യകാലഘട്ടത്തിലെ ക്രിസ്തുമതത്തിലേക്ക് നടന്ന പരിവര്‍ത്തനങ്ങളെ പരാമര്‍ശിച്ചു കൊണ്ട് മതം മാറ്റപ്രക്രിയ മേലെനിന്ന് താഴോട്ടാണ് നടന്നത് എന്ന് അംബേദ്കര്‍ പറയുന്നു. ആദ്യം രാജാവു മാറുന്നു കൂടെ ജനങ്ങളും. നിര്‍ബന്ധത്തിന്റെയും വഞ്ചനയുടെയും ഫലമായി മതം മാറ്റം നടന്ന സംഭവങ്ങളും ചരിത്രത്തില്‍ നിന്ന് അദ്ദേഹം ഉദാഹരിക്കുന്നു.

അസ്പൃശ്യരുടെ മതം മാറ്റം സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമായിരിക്കു മെന്നും അതിന്റെ ആത്മാര്‍ത്ഥതയില്‍ സംശയിക്കേണ്ടതില്ലെന്നുമാണ് അംബേദ്കറുടെ നിലപാട്. ഇതിന്റെ ഭാഗമായി മതം മാറ്റത്തിന്റെ രാഷ്ട്രീയസ്വഭാവത്തെയും അദ്ദേഹം ഖണ്ഡിക്കുന്നു. കാരണം ഇന്ത്യയിലെ ഓരോ മതവിഭാഗത്തിനും ഭരണഘടനാപരമായ പ്രത്യേക പരിരക്ഷയു ണ്ടെന്നും മതം മാറിയാലും ഇല്ലെങ്കിലും ഈ രാഷ്ട്രീയാവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാഷ്ട്രീയനേട്ടവുമായി മതപരിവര്‍ത്തനത്തിന് ബന്ധമില്ലെന്ന് സൂചിപ്പിക്കുന്നതുവഴി അതിനേക്കാള്‍ വലിയൊരു സാമൂഹികലക്ഷ്യമാണ് അംബേദ്കര്‍ മുന്നില്‍ കാണുന്നത്.

എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നു തന്നെയാണെന്ന ആശയത്തെ അംബേദ്കര്‍ അംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നു തന്നെയായതുകൊണ്ട്, ഒന്നിനു പകരം മറ്റൊന്നിനെ സ്വീകരിക്കുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന നിഗമനത്തിലെത്തി ചേരുന്നു. ജീവിത ത്തിന്റെ അര്‍ത്ഥം 'നന്മ' കണ്ടെത്താനുള്ള യത്‌നത്തിലാണെന്ന കാര്യത്തില്‍ എല്ലാ മതങ്ങളും യോജിക്കുന്നുണ്ട്. എന്നാല്‍ ഒരു മതത്തിന് മറ്റൊരു മതത്തേക്കാള്‍ പ്രാമുഖ്യമുണ്ട് എന്ന് തറപ്പിച്ചു പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന പരികല്പന അബദ്ധമാണ്. മാത്രമല്ല എന്താണ് നന്മ എന്ന ചോദ്യത്തിന് എല്ലാ മതങ്ങളുടെയും ഉത്തരം ഒരു പോലെയല്ല. സാഹോദര്യമാണ് നന്മയെന്ന് ഒരു മതം വിശ്വസിക്കുന്നു. ജാതിയും അയിത്തവുമാണ് നന്മയെന്ന് മറ്റൊരു മതം വിശ്വസിക്കുന്നു.9 ഈ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ എല്ലാ മതങ്ങളും ഒരു പോലെയാ ണെന്നു പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന് അംബേദ്കര്‍ സ്ഥാപിക്കുന്നു.

ദലിത് ജീവിതാവസ്ഥയില്‍ നിന്നു കൊണ്ട്, താരതമ്യശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ഹിന്ദുമതത്തെ അംബേദ്കര്‍ വിശകലനം ചെയ്യുന്നു. ഒരു മതമെന്ന നിലയ്ക്ക് ഹിന്ദുമതത്തിന്റെ മേന്മയെന്തെന്ന് വ്യക്തമാക്കാന്‍ ജാതിഹിന്ദുക്കളോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. മാത്രമല്ല അസ്പൃശ്യനെ മുന്‍നിര്‍ത്തി ഹിന്ദുമതത്തിന് എന്തു കുഴപ്പമാണുള്ളത് എന്ന് ചോദിക്കാന്‍ ഒരു ഹിന്ദുവിനും ധൈര്യമുണ്ടാവില്ല എന്ന് അംബേദ്കര്‍ പറയുന്നു. എല്ലാ മതങ്ങളും നല്ലതാണെന്ന ആശയം താരതമ്യശാസ്ത്രം ഉണ്ടാക്കിയ മതമാണെന്നും അതിലാണ് ഹിന്ദുക്കള്‍ അഭയം തേടുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

മതംമാറ്റത്തെ സംബന്ധിച്ച എതിര്‍വാദങ്ങളില്‍ മൂന്നെണ്ണത്തെ തള്ളികളഞ്ഞ ശേഷം ഒന്നാമത്തെ വാദത്തെ ദലിത് ജീവിതാവസ്ഥയുമായി ചേര്‍ത്തു വെച്ച് വിശദമായി പരിശോധിക്കുന്നു. മധ്യകാല മതസങ്കല്പവും ആധുനിക മതസങ്കല്പവും തമ്മിലുള്ള വ്യതിരിക്തസ്വഭാവത്തെ വ്യക്ത മാക്കിയ ശേഷം മതത്തെ മനുഷ്യനും ദൈവവുമായുള്ള വ്യക്തിപരമായ കാര്യമായി പരിഗണിക്കാതെ മൗലികതയുടെ തലത്തില്‍ വീക്ഷിക്കുകയാണ് അംബേദ്കര്‍. മതത്തിന്റെ ചടങ്ങുകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കു ന്നതിന് അതിനെ ദൈവവിജ്ഞാനീയത്തില്‍ നിന്ന് വേര്‍പ്പെടുത്തി കാണണമെന്ന് അദ്ദേഹം പറയുന്നു.

മതത്തിന്റെ പ്രാഥമികമായ ഉള്ളടക്കം സാമൂഹികമാണെന്നും അതിനാല്‍ മതം പ്രകൃത്യതീതമാണ് എന്ന ആശയത്തെ ഉപേക്ഷിക്കേണ്ടതുമുണ്ട്. ജീവിതവും അതിന്റെ പരിപാലനവും വര്‍ത്തമാനകാല സമൂഹത്തില്‍ പോലും പ്രധാനമാണ്. ഇവിടെ മതപഠനത്തിന് സംഭവിച്ചിട്ടുള്ള പരിണാമം അദ്ദേഹം വിലയിരുത്തുന്നുണ്ട്. അപരിഷ്‌കൃതജനതയുടെ മതത്തിലെ മുഖ്യമായ അംശം മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രാഥമികഘടകങ്ങളാണെന്ന് കണ്ടെത്തുന്നതില്‍ പഠിതാക്കള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇന്ദ്രജാലം, ഭ്രഷ്ട്, കുലചിഹ്നം എന്നിവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ പഠിതാക്കള്‍ ശ്രദ്ധിച്ചത്. എന്നാല്‍ ഇവയെല്ലാം മതത്തിന്റെ മാര്‍ഗ്ഗം മാത്രമാണെന്നും, ലക്ഷ്യമ ല്ലെന്നും അംബേദ്കര്‍ പറയുന്നു. മതത്തിന്റെ ലക്ഷ്യം സാമൂഹികജീവതം പരിപാലിക്കലും പവിത്രീകരിക്കലുമാണ്. അങ്ങനെ നോക്കുമ്പോള്‍ സാമൂഹിക ആകര്‍ഷണത്തിന്റെ ഏറ്റവും സ്വാധീനമുള്ള ശക്തിയാണ് മതം.

മതത്തിന്റെ ധര്‍മം സാമൂഹികമാണെന്ന് സ്ഥാപിക്കുന്ന അംബേദ്കര്‍ ബാല്‍ഫോര്‍ പ്രഭു (ഘീൃറ ആമഹ എീൗൃ) പരമജ്ഞാനസിദ്ധാന്തികളോട് ഉന്നയിച്ച ചോദ്യം ഹൈന്ദവ വക്താക്കളോട് ചോദിക്കുന്നു. മനുഷ്യഗണം എന്ന നിലയ്ക്ക് അസ്പൃശ്യരുടെ മാഹാത്മ്യം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യബന്ധം, ബന്ധുത്വം, പെരുമാറ്റം, സൗഹൃദം പരസ്പര അംഗീകാരം എന്നിവ അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം നല്‍കാന്‍ ഒരു ഹിന്ദുവും തയ്യാറാകില്ല എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു.10 കാരണം ഇന്ത്യന്‍ സാമൂഹിക ഘടന പടുത്തുയര്‍ത്തിയിരിക്കുന്നത് ഹൈന്ദവനാഗരിക തയുടെയും സംസ്‌കാരത്തിന്റെയും സവിശേഷോല്‍പന്നമായ ജാതി വ്യവസ്ഥയിന്മേലാണ്. ഇത് ചില ജാതികള്‍ക്ക് സമസ്ത അധികാരവും അവകാശവും കല്പിച്ചു നല്‍കുമ്പോള്‍ ചില ജാതികള്‍ക്ക് അധികാരവും അവകാശവും നിഷേധിക്കുന്നു.

ദലിതന്റെ അന്തസ്സും ആത്മാഭിമാനവുമായി പൊരുത്തപ്പെട്ടു പോകുന്ന തല്ല ഹിന്ദുമതമെന്ന് അതിന്റെ അയിത്ത സങ്കല്പം വ്യക്തമാക്കുന്നുണ്ട്. അയിത്തത്തെ നിയമവല്‍ക്കരിക്കുന്ന ഒരു മതസംഹിതയുമായി എങ്ങനെ യാണ് അസ്പൃശ്യര്‍ ഒത്തുപോകുന്നത് എന്ന ചോദ്യം അംബേദ്കര്‍ ഉന്നയിക്കുന്നുണ്ട്. അയിത്തം ഹിന്ദുമതത്തിന്റെ ഭാഗമാണ്. ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം തന്റെ താഴെ അസ്പൃശ്യനുണ്ടെന്ന ബോധം അയാളുടെ ശ്രേഷ്ഠതയ്ക്കു കാരണമാണ്. ഹിന്ദുവിന്റെ ഈ ശ്രേഷ്ഠതാബോധത്തെ നിലനിര്‍ത്താന്‍ എം. എസ്. ഗോള്‍വാള്‍ക്കറും വിവേകാനന്ദനും ഒരുപോലെ ശ്രമിക്കുന്നതായി കാണാം. 

1951 ല്‍ ബ്രാഹ്മണത്വം സംഘിന്റെ പ്രചോദനവും ക്ഷത്രിയത്വവും അതിന്റെ പോരാട്ടതന്ത്രവുമാണെന്ന് ഗോള്‍വാക്കര്‍ പറഞ്ഞു.11 മാത്രമല്ല വര്‍ണവ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും അംഗീകരിക്കുകയും ആര്യന്‍ എന്ന പദത്തെ സംസ്‌കാരസമ്പന്നന്‍ എന്ന തലത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.12 വിവേകാന്ദനാകട്ടെ മാതൃകാപുരുഷ നായി ബ്രാഹ്മണനെ കാണുന്നു. ഈശ്വരന്റെ ആളുകളായതുകൊണ്ട് മാതൃകാപുരുഷന്‍ ബ്രാഹ്മണനാണ്. സത്യയുഗത്തില്‍ ഒരു ജാതിയേ ഉണ്ടായിരുന്നുള്ളൂവെന്നും അതുബ്രാഹ്മണജാതിയായിരുന്നുവെന്നും വിവേകാനന്ദന്‍ പറഞ്ഞു.13 മാത്രമല്ല ജാതിയെ നൈസര്‍ഗ്ഗികമായ ഒരു ചിട്ടയായി അദ്ദേഹം കാണുന്നു. സാമൂഹ്യജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതല നിര്‍വ്വഹിക്കാന്‍ ജാതി അവസരം നല്‍കുന്നു. അതുകൊണ്ട് ഒരാള്‍ മറ്റൊരാളേക്കാള്‍ വലിയവനാണെന്ന് വരുന്നില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.14 എന്നാല്‍ അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അവരുടെ സാമൂഹികമായ ഒറ്റപ്പെടലാണ്. സാമൂഹികമായ ഒറ്റപ്പെടലും ജാതീകൃതമായ അസമത്വവും ഒഴിവാക്കികൊണ്ടേ അയിത്തജാതിക്കാര്‍ക്ക് സ്വത്വം സ്ഥാപിക്കാനാവൂ എന്നാണ് അംബേദ്കര്‍ പറഞ്ഞത്.

രവി കുമ്മഞ്ചേരി
സാമൂഹികമായ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുപാധി ജാതിചിന്തയില്‍ നിന്ന് മുക്തമായ ഒരു സമുദായവുമായി ബന്ധുത്വം സ്ഥാപിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. തന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ പ്രൊഫ: റോബര്‍ട്ട് സണ്‍ സ്മിത്തിനെ അദ്ദേഹം ഉദ്ധരിക്കുന്നു.

ബന്ധുജനം എന്നത് വ്യക്തികളുടെ ഒരു ഗ്രൂപ്പായി രുന്നു. ശാരീരികഐക്യം എന്ന് വിശേഷിപ്പിക്കത്തക്ക വിധം അവരുടെ ജീവിതങ്ങള്‍ തമ്മില്‍ അത്ര കണ്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു സാധാരണ ജീവിതത്തിന്റെ ഘടകങ്ങളായി അവര്‍ കണക്കാക്കപ്പെടും. ബന്ധുജനത്തില്‍പ്പെട്ടയാളുകള്‍ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കണക്കെ ചൈതന്യവത്തായ ഏകരക്തപിണ്ഡം പോലെ, മജ്ജയും മാംസവും പോലെ, സ്വയം കണക്കാക്കി. മറ്റുള്ളവരില്‍ ക്ലേശമുണ്ടാക്കാതെ ഇവരില്‍ ഒരാളെ സ്പര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല. 

വ്യക്തി, കുടുംബം, സമുദായം എന്നിവയില്‍ നിന്ന് വ്യതിരിക്തമായ ഒരു ഉള്ളടക്കമായി ബന്ധുത്വത്തെ അംബേദ്കര്‍ നിര്‍വചിക്കുന്നു. ഒരു ഗ്രൂപ്പിലെ അംഗമാണെന്നും കേവലം വ്യക്തിയല്ലെന്നുമുള്ള വിചാരം ബന്ധുത്വം ആവശ്യപ്പെടുന്നു. കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന മഹാ മനസ്‌കത, ഉപകാരസ്മരണ, സ്‌നേഹം, ദയ, പരോപകാരനിരതമായ പെരുമാറ്റം എന്നിവയെല്ലാം ബന്ധുത്വത്തെ സാധ്യമാക്കുന്നു. കുടുംബത്തി ന്റെ വികസിതരൂപമാണ് സമുദായമെന്നും സമുദായം സമൂഹത്തില്‍ നിന്ന് ഭിന്നമാണെന്നും അദ്ദേഹം സ്ഥാപിക്കുന്നു.

പൗരത്വത്തില്‍ നിന്ന് ബന്ധുത്വത്തെ അംബേദ്കര്‍ വേര്‍പ്പെടുത്തി കാണുന്നു. സമൂഹത്തില്‍ പൗരത്വം ആര്‍ജിക്കുന്ന മാര്‍ഗങ്ങളില്‍ നിന്ന് തികച്ചും ഭിന്നമാണ് സമുദായത്തില്‍ ബന്ധുത്വം ആര്‍ജിക്കുന്ന മാര്‍ഗങ്ങള്‍. സ്വാഭാവികമാക്കല്‍ എന്നു പറയുന്നതിലൂടെയാണ് പൗരത്വം നേടിയെടു ക്കുന്നത്. പൗരത്വത്തിനുള്ള മുന്‍ ഉപാധി ഭരണകൂടത്തോടുളള രാഷ്ട്രീയ മായ കൂറ് അംഗീകരിക്കുകയാണ്. ബന്ധുത്വം ആര്‍ജിക്കുന്നതിനുള്ള മുന്‍ഉപാധികള്‍ തികച്ചും വ്യത്യസ്തമാണെന്ന് അംബേദ്കര്‍ തിരിച്ചറി യുന്നുണ്ട്.17 ഗോത്രകാലഘട്ടത്തില്‍ നിന്ന് മതകാലഘട്ടത്തി ലേക്കുള്ള മാറ്റം ബന്ധുത്വത്തിലും പരിവര്‍ത്തനമുണ്ടാക്കി. ആദ്യഘട്ടത്തില്‍ രക്തൈക്യ മായിരുന്നു പ്രധാനം. ഒരു പിതാമഹനില്‍ നിന്ന് വരുന്നവരുടെ ഞരമ്പുകളില്‍ ഓടുന്നത് ഒരേ രക്തമാണെന്ന് അവര്‍ കരുതി. മനുഷ്യ പരിണാമത്തിന്റെ രണ്ടാംഘട്ടത്തില്‍ രക്തൈക്യത്തിന്റെ സ്ഥാനം മതം ഏറ്റെടുത്തു. പൊതുവായ മതമാണ് ബന്ധുത്വത്തെ നിര്‍വചിച്ചതെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു.

ജാതീകൃതമായ അസമത്വങ്ങളെ, അതിന്റെ ബഹിഷ്‌കരണതന്ത്രങ്ങളെ, വിവേചനത്തെ എന്നിവയെല്ലാം മറികടക്കാന്‍ ബന്ധുത്വം കൊണ്ടു സാധിക്കുന്നു. ഹിന്ദുക്കളായി തുടരുന്നിടത്തോളം കാലം അവരുടെ ഒറ്റപ്പെടല്‍ മാറില്ല. മതസ്വീകരണത്തിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. അസ്പൃശ്യര്‍ക്ക് തങ്ങളുടെ ഒറ്റപ്പെടലും അതില്‍നിന്നുള വാകുന്ന പ്രയാസങ്ങളും അവസാനിപ്പിക്കാന്‍ കേവലം പൗരത്വം മതിയാവുകയില്ലെന്നും ബന്ധുത്വം സ്ഥാപിക്കലാണ് ഒരേയൊരു മാര്‍ഗ്ഗമെന്നും അദ്ദേഹം കരുതി. മാത്രമല്ല അസ്പൃശ്യരുടെ ഒറ്റപ്പെടല്‍, വിവേചനം എന്നിവ മാറ്റിയെടുക്കാന്‍ മതപരിവര്‍ത്തനത്തിലൂടെ കഴിയുമെന്ന കാഴ്ചപ്പാടാണ് അംബേദ്കര്‍ മുന്നോട്ടു വെയ്ക്കുന്നത്. ഇത് അവരുടെ സാമൂഹികപദവി ഉയര്‍ത്തും.19 മനുഷ്യാത്മാവിനെ രക്ഷിക്കുക എന്നതല്ല മതത്തിന്റെ ലക്ഷ്യമെന്നും, മറിച്ച് സമൂഹത്തിന്റെ സംരക്ഷണ ത്തിനും മാനവക്ഷേമത്തിനും വേണ്ടിയാണ് മതം നിലകൊള്ളേണ്ടതെ ന്നുമുള്ള കാഴ്ചപ്പാടിലേക്കാണ് അംബേദ്കറുടെ മതദര്‍ശനം വികസിക്കു ന്നത്. ഇവിടെ അംബേദ്കറുടെ യുക്തി തികച്ചും ആധുനികവും ശാസ്ത്രീയവുമാണ്.

19-ാം നൂറ്റാണ്ടിലെ പ്രധാന ചിന്ത മതം മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചായിരുന്നു എന്നത് പ്രധാനമാണ്. അതിന്റെ ഭാഗമായി മതത്തെക്കുറിച്ചുള്ള താരതമ്യപഠനം സജീവമാകുന്നുണ്ട്. ഹിന്ദുപണ്ഡിത ന്മാര്‍ വേദപാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്നത് ഈ പശ്ചാത്തലത്തി ലാണ്. ലോകമാന്യതിലകനെപ്പോലുള്ളവര്‍ ഭഗവത്ഗീതയെ പുനര്‍വായിക്കു ന്നത് ഈ പശ്ചാത്തലത്തിലാണ്. മതസൗഹാര്‍ദ്ദത്തെ ഉയര്‍ത്തിക്കാണിക്കാന്‍ എം. കെ.ഗാന്ധി ഭഗവത്ഗീതയും ബൈബിളും ഖുറാനും ഒരേസമയം ഉപയോഗിക്കുന്നു. കേരളത്തിന്നകത്ത് ശ്രീനാരായണഗുരു വിനെപ്പോലു ള്ളവര്‍ വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളെ പരിഷ്‌കരിച്ച് അദ്വൈത ചിന്താപരിസരത്ത് എത്തി ചേരുകയും ചെയ്യുന്നുണ്ട്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നീ ദര്‍ശനങ്ങളില്‍ ദൈവസത്തയേയും മതത്തെയും നിഷേധിക്കുന്നി ല്ലെന്നു കാണാം. എന്നാല്‍ താരതമ്യമതശാസ്ത്രത്തിന്റെ നിഷേധാത്മകത ലവുമായി ബന്ധപ്പെട്ട് ഹിന്ദു പാരമ്പര്യവാദികളുടെ കാഴ്ചപ്പാടുക ളെയാണ് അംബേദ്കര്‍ ചോദ്യം ചെയ്യുന്നത്.

ബുദ്ധനെ പുനര്‍വായിച്ചുകൊണ്ട് മതത്തെക്കുറിച്ചുള്ള തികച്ചും ആധുനികമായ ഒരു കാഴ്ചപ്പാട് ആവിഷ്‌കരിക്കുകയാണ് അംബേദ്കര്‍. 1956 ഒക്‌ടോബര്‍ 14-ാം തിയ്യതി മൂന്നുലക്ഷത്തോളം അനുയായികളോ ടൊപ്പം, പരസ്യമായി ഹിന്ദുയിസത്തെ പരിത്യജിച്ച് ബുദ്ധമാര്‍ഗ്ഗം സ്വീകരിച്ചു. ബുദ്ധവ്യവഹാരങ്ങളെ മുഖ്യമായും ഒരു രാഷ്ട്രീയപ്രത്യ യശാസ്ത്രമായിട്ടാണ് അംബേദ്കര്‍ കണ്ടതെന്ന് 'ബുദ്ധനും അദ്ദേഹത്തി ന്റെറ ധര്‍മ്മവും' എന്ന കൃതി വ്യക്തമാക്കുന്നുണ്ട്. നവബുദ്ധിസ്റ്റുകളുടെ ബൈബിള്‍ എന്ന പേരിലാണ് ഈ കൃതി അറിയപ്പെടുന്നത്. അതിനാല്‍ അംബേദ്കറുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ബുദ്ധചിന്തകളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.