"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 16, ശനിയാഴ്‌ച

കുരങ്ങിട്ട പൊലയിയും കാതുകുത്തു മംങ്ങലവും - ഒര്‍ണ കൃഷ്ണന്‍കുട്ടി

പുലയ സ്ത്രീകള്‍ - പഴയ തലമുറ 
കുരങ്ങിട്ട പുലയി

കോട്ടയം ജില്ലയില്‍ പുലയരെ സംബോധന ചെയ്യുകയും അവരെ അവഹേളിക്കുകയും ചെയ്യുന്ന ഒരു പദമാണ് കുരങ്ങ് എന്നത്. കുരങ്ങ്പട്ടട എന്ന പദത്തിലെ കുരങ്ങുശബ്ദം ആദ്യം ദ്രാവിഡരെ മുഴുവന്‍ കുറിക്കു ന്നതിനു പയോഗിച്ചിരുന്നെങ്കിലും കാലാന്തര ത്തില്‍ പൊലയര്‍, പറയര്‍ തുടങ്ങിയവരെ മാത്രം സൂചിപ്പിക്കുന്ന പദമായി മാറി. പിന്നെയും വളരെ കഴിഞ്ഞാണ് പുലയരുടെ കുട്ടികള്‍ക്ക് ആ പേര് വന്നുവീണത്. കുരങ്ങുകള്‍ക്ക് (പുലയകുട്ടികള്‍) മുതിര്‍ന്ന പുലയിടെ പകുതി കൂലിയേ കൊടുത്തിരു ന്നുള്ളു. 'ഇന്ന പുലയിയുടെ കുരങ്ങുകള്‍', കുരങ്ങിട്ട പൊലയി, പൊലയിപെറ്റ കുരങ്ങ് എന്നെല്ലാം കഴിഞ്ഞ കൊല്ലം ഒരു ഇല്ലത്തെ ഗ്രന്ഥാവലികള്‍ പരിശോധിച്ചതില്‍ നിന്നും കാണാന്‍ കഴിഞ്ഞു. 

നമ്പൂതിരിമാരെ അനുകരിച്ച് ചൂത്തരും (ശൂദ്രരും) കുരങ്ങുകള്‍ എന്ന് പുലയരുടെ കുട്ടികളെ വിളിച്ചു തുടങ്ങിയപ്പോള്‍ അവരെയും ബ്രാഹ്മണര്‍ ഒരു കാലത്ത് അങ്ങനെയാണ് പറഞ്ഞിരുന്നതെന്ന സംഗതി അവര്‍ക്ക് അറിയില്ലായിരിക്കാം. ആക്ഷേപാര്‍ത്ഥം ഗ്രഹിക്കാതെ പുലയര്‍ തന്നെ കാലാന്തരത്തില്‍ അവരുടെ കുട്ടികളെ 'കുരങ്ങ്' എന്ന് വിളിച്ചു തുടങ്ങി. 'കുരങ്ങേ നിന്നെ എടുത്ത് അനന്തന്‍കാട്ടില്‍ കളയും' എന്ന് അനന്തപുരം ക്ഷേത്ര മാഹാത്മ്യത്തിലും, 'കൊച്ചന്‍ കൊരങ്ങനെ വച്ചോണ്ടാ' എന്ന് പുലയരുടെ ഓണക്കളി പാട്ടിലും പ്രയോഗമുണ്ട്. ഇന്നും കുരങ്ങന്‍ എന്ന് സംബോധന ചെയ്യുന്നത് പുലയരെ ഉദേശിച്ചാണ്. ഭഗവാന്‍ ഹനുമാന്‍ അധ:സ്ഥിതന്റെ പ്രതീകമാണല്ലോ?

കാത്കുത്ത് മങ്ങലം

പുലയര്‍ക്കിടയില്‍ അഞ്ചാം വയസ്സിലാണ് കാതുകുത്തുന്നത്. നാളും മുഹൂര്‍ത്തവും നോക്കി ചെയ്യേണ്ട മംഗള കര്‍മ്മമാണിത്. കാത് കുത്തിയാല്‍ 'കാപ്പുലയന്‍' എന്നാണ് പഴമൊഴി. കാത്കുത്ത് മങ്ങലത്തിന് കുട്ടിയുടെ നാലു ചങ്ങാതിമാര്‍ സമീപത്തു ണ്ടായിരിക്കണം. ബന്ധുക്കളെയും, കാരണവന്മാരെയും ക്ഷണിച്ചുവരുത്തും. പായ വിരിച്ച് ദീപവും നിറനാഴിയും വച്ച് ഗണപതിക്ക് നിവേദ്യം കഴിച്ചശേഷം കുട്ടിയെ അരിയിട്ടനുഗ്രഹിച്ച് വേലനും ചെമ്മാരിയും കൂടി കാതുകുത്തുന്നു. പെണ്‍കുട്ടികള്‍ക്ക് കാതിന്റെ അടിവശത്ത് മാത്രമല്ല മേലെയും പാര്‍ശത്തിലും കുത്തും. മൂക്കുകുത്തുന്ന പതിവും ഉണ്ട്. ത്യശ്ശൂര്‍ ജില്ല, എറണാകുളം ജില്ലയുടെ പടിഞ്ഞാറു ഭാഗങ്ങളിലും മൂക്ക് കുത്ത് സാധാരണയാണ്. ഉതിരോം എന്ന ചെടിയുടെ കമ്പ് ചെത്തി മിനുക്കി മൂര്‍ച്ച വരുത്തി മഞ്ഞളില്‍ പുഴുങ്ങിയെടുത്താണ് കാതുകുത്തുവാന്‍ ഉപയോഗിക്കുന്നത്. സാധാരണ നാരകത്തിന്റെ മുളളാണ് ഉപയോഗിച്ചു വരുന്നത്. പുലയ സ്ത്രീകള്‍ കാതില്‍ ഈയ്യത്തോലയും മേക്കാതില്‍ പിച്ചള കമ്പിയും പാര്‍ശ്വത്തില്‍ പിള്ളച്ചയുമാണ് ധരിക്കാറ്. പെണ്‍കുട്ടികള്‍ പ്രായമായി എന്നറിയാന്‍ മൂക്ക് കുത്താറുണ്ട്. 

തിരണ്ടുമങ്ങലം

പെണ്‍കുട്ടികളെ സംബന്ധിച്ച മുഖ്യകര്‍മ്മമാണ് തിരണ്ടു കല്യാണം. മെയ്യ് തിരണ്ടാല്‍ വെള്ളമെടുത്ത് തലയില്‍ നീരാടി മനം തൊടാതെ മരവും മുറിവാതിലും തൊടാതെ മണ്ണകം പൂക്കിയിരിക്കും. ഏഴാം ദിവസമേ ആ ശൂന്യപ്പുല നീങ്ങുകയുള്ളൂ. പുലയരുടെ കലാരൂപങ്ങള്‍ എന്ന ഭാഗത്ത് ഇത് വിശദീകരിച്ചി ട്ടുണ്ടെങ്കിലും ഒരു ആചാരം എന്ന നിലക്ക് അല്‍പ്പം വിശദീകരണം ആവശ്യമായിരിക്കുന്നു. 

പുഷ്പിണിയായ പെണ്‍കുട്ടിയെ എല്ലാദിവസവും രാവിലെ കുളിപ്പിക്കും. ഏഴാം ദിവസം രാവിലെയാണ് തിരണ്ടുകുളി. വീടിന്റെ മുമ്പില്‍ വലിയൊരു വാകകൊമ്പ് കുഴിച്ചിട്ട് ചില കര്‍മ്മങ്ങള്‍ (വാക കര്‍മ്മം) ചെയ്യേണ്ടതുണ്ട്. വാകകര്‍മ്മത്തിനെ തുടര്‍ന്ന് സ്‌നാനത്തിന് ആറു കന്യകമാര്‍ അവളോടൊപ്പ മുണ്ടായിരിക്കും. വാകയുടെ സമീപം വിളക്ക്, നിറനാഴി, ഉരല്, ഉലക്ക എന്നിവ ഉണ്ടായിരിക്കും. മേലാപ്പും കുത്തുകിണ്ണവും കൊല്ലനരിവാളും വാക്കാത്തിയു മെടുത്ത് കന്യകമാര്‍ വാകക്ക് സമീപം വന്ന് വാകയ്ക്ക് പ്രദക്ഷിണം ചെയ്ത് വാകപ്പൊലി പൊലിക്കുന്നു. ആദ്യം ഒരു കന്യക വന്ന് നാക്കിലയില്‍ നിന്ന് അരിയെടുത്ത് വലതു കയ്യില്‍ കത്തിയെടുത്ത് വാകയുടെ വലതുവശം നിന്ന് വാകത്തൊലി കൊത്തിയെടുക്കും. ഇപ്രകാരം ആറു കന്യകമാര്‍ വകപൊലി നടത്തിയതിന് ശേഷം തീണ്ടാരി വന്ന് മേല്‍പ്രകാരം വാകതൊലി കൊത്തിയെടുക്കണം. വാക തോലെല്ലാം എറിഞ്ഞ് ഉരലിലിട്ട് ഏഴുകന്യകമാരും യഥാക്രമം ഉലക്കകൊണ്ട് ഇടിച്ച് പൊടിയാക്കുന്നു. വാക കര്‍മ്മത്തിന് പൗരോഹിത്യം വഹിക്കുന്നത് വേലനാണ്. കന്യകമാര്‍ വാകത്തൊലി കൊത്തുമ്പോള്‍ വേലന്‍ വാകപൊലിപ്പാട്ടുപാടും. കുത്തുകിണ്ണത്തില്‍ വാകപൊടിയുമെടുത്ത് വിളക്കോടു കൂടിയാകണം കന്യകമാര്‍ കുളത്തിലേക്ക് പോകുന്നത്. കുളിക്കാന്‍ ചെന്നാല്‍ മേലാപ്പ് പുടവ വീശി മത്സ്യം കോരുന്ന പതിവുണ്ട്. ഭാവിയില്‍ അവര്‍ക്ക് പുത്രസമ്പത്തു ണ്ടാകണമെന്ന ഉദ്ദേശ ത്തോടെയാണ് അത് ചെയ്യുന്നത്. കോരിയതില്‍ എത്ര മത്സ്യം കിട്ടിയോ അത്രയും തവണ അവള്‍ പ്രസവിക്കുമെന്നാണ് വിശ്വാസം. കുളിച്ചുവന്ന കന്യക വാകമൂട്ടില്‍ വന്ന് കലത്തില്‍ നിന്ന് വെള്ളമെടുത്ത് മങ്ങലപ്പൊലിയായി നീരാടണം. വേലന്‍ അപ്പോള്‍ ഇളനീര്‍ കുടയുകയും ചെയ്യും. അതിന്‌ശേഷം പുതിയ മണ്‍പാത്രത്തില്‍ അരിയും വെള്ളവുമെടുത്ത് ദേവന്മാരെ സങ്കല്പിച്ച് ഏഴു സ്ഥലത്ത് ചിരട്ടകയ്യില്‍ കൊണ്ട് ഇലകളില്‍ അവര്‍ പകര്‍ന്നുവക്കും.

കുളിച്ചുവന്ന കന്യക ഉണക്കലരി വേവിച്ച് വറ്റിച്ചെടുക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ആ ചോറ് പിളര്‍ന്നുവെങ്കില്‍ അവള്‍ക്ക് ഉണ്ടാകുന്ന ആദ്യസന്താനം പെണ്ണയായിരിക്കുമെന്നും പിളര്‍ന്നില്ലെങ്കില്‍ ആണായിരിക്കു മെന്നുമാണ് പഴയവിശ്വാസം. തിരണ്ടുകുളിക്ക് ശേഷം കന്യക ചാണകം കലക്കിയ വെള്ളത്തില്‍ നോക്കുന്ന പതിവും ചില പ്രദേശങ്ങളിലുണ്ട്.

മാസംന്തോറും ഋതുമതിയായാലും പുലച്ചികളെ ഭവനത്തിനുള്ളില്‍ കയറ്റാതെ പുറത്ത് ദൂരെ പുരകെട്ടി മാറ്റിതാമസിപ്പിക്കുന്ന ഏര്‍പ്പാടും പുലയര്‍ക്കിടയില്‍ ഉണ്ട്. പുലയ സ്ത്രീകള്‍ പ്രസവിച്ചാല്‍ 25 ദിവസം കഴിയാതെ കെട്ടിയ ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുകയോ ഭാര്യയുമായി സംസാരിക്കുകയോ ചെയ്യുകയില്ല. ഇതിനൊക്കെ പുലയര്‍ക്ക് വ്യക്തമായ കാരണങ്ങളും വിശ്വാസങ്ങളുമുണ്ട്.

-------------
@ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും 
Mob: 8281456773