"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 17, ഞായറാഴ്‌ച

കരുമാല്ലൂര്‍ ഉണ്ണികൃഷ്ണന്‍: ഓര്‍മകളിലെ നൊമ്പര വര്‍ണങ്ങള്‍

കരുമാല്ലൂര്‍ ഉണ്ണികൃഷ്ണന്‍
മികച്ച ഒരു ചിത്രകലാകാരനോ വിജയിച്ച ഒരു വ്യവസായിയോ ആയി അറിയപ്പെടേണ്ടിയിരുന്ന കരുമാല്ലൂര്‍ ഉണ്ണികൃഷ്ണന്‍ പൊടുന്നനേ നഷ്ടമായത് വാഹനാപകടത്തിലൂടെയാണ്. 2012 ഡിസംബര്‍ 17 ആം തിയതി താന്‍ ഓടിച്ചിരുന്ന ട്രക്കര്‍ ആറ്റിങ്ങലിലെ കല്ലമ്പലത്തിന് സമീപ മുള്ള വാടകവീട്ടിലേക്ക് തിരിയാന്‍ 100 മീറ്റര്‍ മാത്രമുള്ളപ്പോള്‍, വെളുപ്പിന് 4 മണിക്ക് നാഷനല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടി ക്കുകയായിരുന്നു. വടക്കന്‍ പറവൂരിനും ആലുവക്കും ഇടയിലുള്ള കരൂമാല്ലൂരില്‍ ജനിച്ച ഉണ്ണികൃഷ്ണന്‍ കല്ലമ്പലത്ത് വാടകക്ക് താമസിച്ച് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന ജോലികള്‍ ചെയ്തുവരികയായിരുന്നു. ചിത്രകലാകാരന്‍ ആയിരുന്നതിനാല്‍ വീടുകളുടെ പ്ലാനുകളും ഉണ്ണികൃ ഷ്ണന്‍ തന്നെ രചിക്കുയാണ് പതിവ്. വീടുകള്‍ക്കുവെക്കുന്ന അടുപ്പുകള്‍ ആലുവ സെറ്റില്‍മെന്റിന്റെ പുകയില്ലാത്ത അടുപ്പുകളായിരുന്നു. ആ അടുപ്പുകള്‍ കറ്റിയ തന്റെ സ്വന്തം ട്രക്ക് ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഓടിച്ചിരുന്നത്. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‌സറ്റിട്ട്യൂട്ടില്‍ നേഴ്‌സായ ഭാര്യയും ഏക മകനും അപ്പോള്‍ ഡെല്‍ഹിയിലായിരുന്നു. 


കരുമാല്ലൂര്‍ ഉണ്ണികൃഷ്ണന്‍ അകാലത്തില്‍ നഷ്ടമായെ ങ്കിലും ആ ഹ്രസ്വ സഞ്ചാരത്തിനിടയില്‍ പിന്നിട്ട ഘട്ടങ്ങള്‍ വൈവിധ്യവും വൈചിത്യവും നിറഞ്ഞ തായിരുന്നു. പത്താം തരം തോറ്റ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലെ ഉശിരുള്ള നേതൃത്വം, ചിത്രകലാ അധ്യാപകനും സ്ഥാപന മേധാവിയും, ഫിലിം സൊ സൈറ്റി പ്രവര്‍ത്തകന്‍, തലസ്ഥാന നഗരിയില്‍ വരെ പ്രദര്‍ശനം നടത്തിയിട്ടുള്ള ചിത്രകാരന്‍, പുസ്തക രചയിതാവ്, ആര്‍ക്കിട്ടെക്റ്റ്, ബില്‍ഡിങ് കോണ്‍ട്രാക്ടര്‍, ടാക്‌സി വാഹനങ്ങളുടെ ഉടമ എന്ന നിലയിലൊക്കെ മുന്നേറ്റം തുടരുകയായിരുന്നു. ഈ ജീവിത ഘട്ടങ്ങളെ രണ്ടായി തിരിക്കാം ഒന്ന് കലാകാരന്റേതും രണ്ടാമത്തേത് വ്യവസായിയുടേതുമാണ്. ഉണ്ണികൃ ഷ്ണനില്‍ അടിമുടി ഈ മാറ്റം പ്രകടവുമായിരുന്നു. കലാകാരന്‍ മാത്രമാ യിരുന്ന ആദ്യകാലത്ത് പൊതുവെ അക്കൂട്ടര്‍ സ്വീകരിച്ചു കാണാറുള്ള തുപോലെ മുണ്ടും ഖദര്‍ പോലുള്ള തുണികൊണ്ടു തയ്ച്ച ഷര്‍ട്ട് അലസമായി ധരിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ വ്യവസായി ആയപ്പോള്‍ എന്‍ജിനീയറെ പോലെ 'എക്‌സിക്യുട്ടീവ് ഡ്രസ്' ധരിച്ചാണ് പ്രവൃത്തി ചെയ്തിരുന്നത്.


പെരിയാര്‍ നദി രണ്ടു കൈവഴിയായി പിരിയുന്ന ആലുവയില്‍ നിന്നും വടക്കന്‍ പറവൂരെത്തുന്ന തിനിടയില്‍ കരുമാല്ലൂര്‍ പഞ്ചായത്തില്‍ കര്‍ഷകത്തൊ ഴിലാളികളുടെ മകനായാണ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. മൂത്ത രണ്ട് സഹോദരന്മാരും ഇളയ ഒരു സഹോദ രിയും ഉണ്ണകൃഷ്ണനുണ്ട്. ഉണ്ണികൃഷ്ണന്‍ പ്ലാന്‍ ചെയ്തതനുസരിച്ച് ചെലവു കുറഞ്ഞ രീതിയില്‍, ജനിച്ച വീട് പുതുക്കിപ്പണിതു. പെരിയാറിന്റെ ഇരുകൈവഴി കളുടേയും കരകളില്‍ പാടശേഖരങ്ങളാണ്. അതിനു മധ്യേകൂടിയാണ് പാത കടന്നു പോകുന്നത്. ഉണ്ണികൃഷ്ണ ന്റെ ചെറുപ്പകാലത്ത് ഈ പാടശേഖരങ്ങളിലൊക്കെ ജനകീയ സമരങ്ങള്‍ നടക്കുമായിരുന്നു. ഈ സമരങ്ങളെ അടിച്ചൊതുക്കാന്‍ പൊലീസ് ജീപ്പുകള്‍ പാഞ്ഞെത്തുകയും പതിവായിരുന്നു. ഈ ജീപ്പുകള്‍ പിന്നീട് ഡ്രൈവര്‍ക്ക് ഓടിച്ചുകൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയില്‍ തള്ളിക്കൊണ്ടു പോകേ ണ്ടതായി വന്നിട്ടുണ്ട്. വിപ്ലവകാരിയുടെ ചോരത്തിളപ്പുള്ള ചെറുപ്പക്കാ രനായ ഉണ്ണികൃഷ്ണന്‍ ആരും കാണാതെ ജീപ്പിന്റെ ടയറിനടിയില്‍ അള്ളുമ വെച്ചിട്ടുണ്ടാകും. സ്‌കൂള്‍ പഠനം കഴിഞ്ഞ് 'കലാക്ഷേത്ര' എന്ന തന്റെ ചിത്രരചനാ പരിശീലന കേന്ദ്രം ആരംഭിക്കുന്ന കാലമായിരുന്നു. ഉണ്ണികൃഷ്ണന്‍ ഡിവൈഎഫ്‌ഐ യിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍മന്ത്രിയും എംഎല്‍എയുമായ എസ് ശര്‍മയുടെ സീനിയറായിരുന്നു ഉണ്ണികൃഷ്ണന്‍. പിന്നീട് എപ്പോഴോ ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ശര്‍മയെ പോലെ ഉന്നത നിലയില്‍ എത്തുമായിരുന്നില്ലേ എന്ന ചോദ്യത്തിന് 'ഒരിക്കലും ആകാന്‍ പറ്റുമായിരുന്നില്ല, ദലിതന് അവിടംവരെ പോകാനേ അനുവാദമുള്ളൂ, ഞാന്‍ ഉചിതമായ സമയത്താണ് പാര്‍ട്ടി വിട്ടത്' എന്ന ഉത്തരം ഏല്ലാവരോടും പറയുമായിരുന്നു.


വടക്കന്‍ പറവൂരില്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കലാക്ഷേത്ര ചിത്രകലാ പരിശീലന കേന്ദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടൊപ്പം 'പ്രയാഗ' ഫിലിം സൊസൈറ്റിയിലും സജീവമായി പ്രവര്‍ത്തിച്ചു. എന്‍ എം പിയേഴ്‌സന്‍ (എഴുത്തു കാരന്‍), കെടാമംഗംലം പ്രേംകൂമാര്‍, നോവലിസ്റ്റ് ഹരികുമാര്‍ (നോവല്‍: മരച്ചക്കില്‍ ആട്ടിയ നല്ലെണ്ണ തയാര്‍), മുരളി കെ മുകുന്ദന്‍ (കാര്‍ട്ടൂണിസ്റ്റ്, ഡോക്യുമെന്റെറി സംവിധായകന്‍) തുടങ്ങിയവരോ ടൊപ്പമാണ് ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് പ്രവര്‍ത്തിച്ചിരുന്ന പ്രബല സൊസൈറ്റികള്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി യും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുമായിരുന്നു. വളരെ പരിമിത മായ സൗകര്യങ്ങളാണല്ലോ അക്കാലത്ത് ഉണ്ടായിരുന്നത്. പ്രയാഗ ഒരു ഫിലിം ഫസ്റ്റിവെല്‍ നടത്തുന്നതിനു വേണ്ടി ഉപദേശങ്ങല്‍ക്കായി കൊച്ചിയില്‍ വന്ന് ആര്‍ട്ടിസ്റ്റ് കലാധരനെ സമീപിച്ചു. ആ സമാഗമം ഗുണം ചെയ്തില്ല. ഉണ്ണികൃഷ്ണനും പ്രേംകൂമാറും കൂടി പറവൂര് മടങ്ങിയെത്തി, എല്ലാ എംബസികള്‍ക്കും ഫിലിം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാന്‍ തീരുമാനിക്കുകയും ഉടനെ അത് നടപ്പാക്കുകയും ചെയ്തു. പല രാജ്യങ്ങളും 16 എം എം പ്രിന്റുകള്‍ അയച്ചുകൊടുത്തു. പൂയപ്പിള്ളിയില്‍ പ്രയാഗയുടെ ആദ്യത്തെ ചലച്ചിത്ര മേള അങ്ങനെ സംഘടിപ്പിക്കപ്പെട്ടു. പക്ഷെ, തുടക്കം പാളിച്ചകളോടെ യായിരുന്നു. ലഭ്യമായ പ്രൊജക്ടര്‍ നന്നായി വര്‍ക്കു ചെയ്യുന്നില്ല. പിന്നെ ബദ്ധപ്പെട്ട് മറ്റൊരു സുഹൃത്തായ അബുവിന്റെ (നക്‌സലൈറ്റ് അബു, ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) പ്രൊജക്ടര്‍ കൊണ്ടുവന്ന് മേള കുഴപ്പം കൂടാതെ നടത്തി. മറ്റൊരിക്കല്‍ പ്രതിമാസ സ്‌ക്രീനിംങിനായി ലഭ്യമായത് ശ്യാം ബനഗലി ന്റെ 'മന്ഥന്‍' ആയിരുന്നു. പടം തുടങ്ങേണ്ട സമയമായപ്പോള്‍ ഉണ്ണികൃഷ്ണനെ കാണാനില്ല! അദ്ദേഹം മാറിയിരുന്ന് പ്രൊജക്ടര്‍ നന്നാക്കുകയാണ്. പ്രൊജക്ടര്‍ ശരിയായപ്പോള്‍ ഫിലിം പ്രിന്റ് കാണാനില്ല! അന്ന് പാല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയായ 'മില്‍മ'യിലൂടെ യാണ് ഈ ഫിലിം പ്രിന്റ് വിതരണം ചെയ്തിരുന്നത്. ഉടനെ ഇടപ്പള്ളി യിലെത്തി, ഫിലിം പ്രിന്റ് സംഘടിപ്പിച്ചു കൊണ്ടു വന്നപ്പോള്‍ സമയം വൈകി, പലരും സ്ഥലം വിടുകയും ചെയ്തിരുന്നു.

കലാക്ഷേത്രയില്‍ നിന്നും പറയത്തക്ക വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ചിത്രകലയില്‍ ഉണ്ണികൃഷ്ണനു ണ്ടായിരുന്ന കഴിവും താത്പര്യവും സംരക്ഷിക്കാന്‍ കഴിഞ്ഞു, അത്രമാതം. ചിത്രകലയെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ നേരത്തേ തന്നെ ഉള്ളിലുണ്ടായിരുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. അന്ന് ഇന്റര്‍നെറ്റ് പോലെയുള്ള അറിവിന്റെ ഉറവിടങ്ങള്‍ ഒന്നും വികസിച്ചിട്ടില്ലല്ലോ. ഈ അവസ്ഥയില്‍, പ്രഗത്ഭരായ ചിത്രകാരന്മാരെ ക്കുറിച്ചുള്ള പുസ്തകങ്ങള്‍ ലെന്റിംഗ് ലൈബ്രറിയില്‍ നിന്നും മറ്റും എടുത്തുകൊണ്ടുവന്ന് റഫറന്‍സുകള്‍ പരിഭാഷപ്പെടുത്തി ക്കൊടുത്ത് ഉണ്ണികൃഷ്ണനെ സഹായിച്ചത് കെടാമം ഗലം പ്രേംകൂമാറാണ്. മറ്റൊരു സുഹൃത്തായ ചേന്ദമംഗലത്തുകാരന്‍ ഉല്ലാസും ഇക്കാര്യത്തില്‍ സഹായിച്ചു. അങ്ങനെ സഹൃത്തുക്കളുടെ സഹായത്താല്‍, ബ്ലാക്ക് ആന്റ് വൈറ്റില്‍ 'ചിത്രകലയും നൂതന രീതികളും' എന്ന ഉണ്ണികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി. സഹകരണ സംഘത്തില്‍ നിന്നും ലോണെടുത്താണ് ഉണ്ണികൃഷ്ണന്‍ അതിനുവേണ്ട പണം കണ്ടെത്തിയത്. പുസ്തകം നന്നായി കൈമാറ്റം ചെയ്യപ്പെട്ടു. എന്നു പറഞ്ഞാല്‍ വിറ്റു പോയതിനേക്കാള്‍ കൂടുതല്‍ മറ്റു പ്രസാധകരുടെ പുസ്തകങ്ങളുമായി കൈമാറ്റം ചെയ്യപ്പെടുക യായിരുന്നു അധികവും. അങ്ങനെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളുടെ വില്പനക്കാരനായി ഉണ്ണികൃഷ്ണന്‍ മാറി. വലിയ സാമ്പത്തിക നേട്ടമൊന്നും അതിലും ഉണ്ടായില്ല. അതിനിടെ കിട്ടിയ കാശുകൊണ്ട് പുസ്തകം കളര്‍ കവര്‍ പേജോടെ രണ്ടാം പതിപ്പിറക്കി. പല ചിത്രകാരന്മാര്‍ക്കും നിരൂപകര്‍ക്കും പ്രസാധകര്‍ക്കും ഉണ്ണികൃഷ്ണന്‍ തന്റെ പുസ്തകത്തിന്റെ പകര്‍പ്പ് അയച്ചു കൊടുത്തു. ജി അഴീക്കോട് വിയോജനത്തോടെ സുദീര്‍ഘമായ മറുപടി എഴുതി. എന്നാല്‍ ഈ സംരംഭവും വിജയിച്ചില്ല. ഉണ്ണികൃഷ്ണന് സാമ്പത്തിക ബാധ്യതയായി. നാളുകളോളം ഒന്നും ചെയ്യാനാവാതെ വെറുതേ നടന്നു. 

1996 ല്‍ നിലമ്പൂരു നിന്നും സരളയെ വിവാഹം ചെയ്തു. മതപരമായ ചടങ്ങുകളിലൊന്നും വിശ്വാസമില്ലാത്ത ഉണ്ണികൃഷ്ണന്‍ വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചടങ്ങിന് തയാറാക്കിയ ആരു ഉടമ്പടി ഇരുവരും എഴുതി വായിക്കുകയുമാണുണ്ടായത്. മതേതര വിവാഹം ആഗ്രഹിക്കുന്നു എന്ന പത്ര പരസ്യത്തിലൂടെയാണ് ഇരുവരും പരസ്പരം കണ്ടെത്തിയ തെന്നതിനാല്‍ സരളക്കും ആ ചടങ്ങ് സമ്മതമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. സരള ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നെഴ്‌സാണ്, അന്നും ഇപ്പോഴും. ഇവര്‍ക്ക് ഒരു മകന്‍ പിറന്നു. വിവാഹശേഷം സരളയോടൊപ്പം ഉണ്ണികൃഷ്ണന്‍ ഡെല്‍ഹിയിലേക്ക് പോയി. ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യം ഉണ്ണികൃഷ്ണനു ണ്ടായിരുന്നു. ഡെല്‍ഹിയില്‍ പലയിടത്തും പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. ചിത്രങ്ങള്‍ നന്നായി വിറ്റു പോയി. 2004 വരെയുള്ള കാലത്തോളം ഡെല്‍ഹിയില്‍ തങ്ങി. ഏക മകനെ നാട്ടില്‍ തന്നെ പഠിപ്പിക്കണമെന്നു ള്ളതിനാല്‍ ഉണ്ണികൃഷ്ണനും മകനും നാട്ടിലേക്ക് തിരിച്ചു പോന്നു. ഡെല്‍ഹിയിലെ താമസക്കാലത്ത് സാമ്പത്തിക ബാധ്യത തീര്‍ന്നുവെങ്കിലും അതുകൊണ്ടു മാത്രം നാട്ടില്‍ ജീവിക്കാനാവില്ലല്ലോ. ചിത്ര കലാ അധ്യാപനവും പുസ്തക പ്രസാധനവും ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പരാജയങ്ങളായി രുന്നുവല്ലോ. 

അക്കാലത്താണ് ആറ്റിങ്ങലില്‍ എത്തുന്നത്. ചെലവു കുറഞ്ഞ രീതിയില്‍ കെട്ടിട നിര്‍മ്മാണം നടത്തിക്കൊടുക്കുക എന്ന ജോലി തുടങ്ങുവാന്‍ അവിടെ അവസരമുണ്ടായി. അധ്യാപികയായ ചേടത്തിയുടെ സഹ പ്രവര്‍ത്തരില്‍ ആരോ ആണ് ഇക്കാര്യത്തില്‍ സഹായിച്ചത്. ചിത്രകാര നായിരുന്ന ഉണ്ണികൃഷ്ണന്റെ കെട്ടിട മാതൃകകള്‍ക്ക് കല്ലമ്പലം ഭാഗത്ത് നല്ല സ്വീകാര്യത ലഭിച്ചു. ഉണ്ണികൃഷ്ണന്‍ എന്ന കലാകാരന്‍ സാമ്പത്തിക അഭിവൃദ്ധിയി ലേക്കുയരുന്ന അത്ഭുതകരമായ കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുന്നത്. രണ്ട് ഓട്ടോറിക്ഷകള്‍ വാങ്ങി വാടകക്ക് കൊടുത്തു. യൂസ്ഡ് ആണെങ്കിലും ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഒരു ട്രക്ക് വാങ്ങി. ലക്ഷങ്ങള്‍ മുടക്കി കരാറടിസ്ഥാനത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കി ലാഭമുണ്ടാക്കി. മരിക്കുന്ന കാലത്ത് മുടക്കിയ ലക്ഷങ്ങള്‍ ആര്‍ക്കുവേണ്ടി യാരിരുന്നു എന്ന വിവരം ഇപ്പോഴും ബന്ധുക്കള്‍ക്കറിയില്ല. അതുപോലെ മറ്റുള്ളരുടെ കൈവശം ഏല്പിച്ചിരുന്ന തുക എത്രയെന്നും ആര്‍ക്കെന്നും അറിയില്ല. ജീവിച്ചിരുന്നപ്പോള്‍ കഷ്ടപ്പെട്ട ഒരു മനുഷ്യന്‍ നേടിയതെല്ലാം തന്റെ മരണശേഷം അവകാശികളുടെ കൈവശം വന്നു ചേരാതെ അന്യാധീനപ്പെട്ടു!

ഡെല്‍ഹിയിലാ യിരിക്കുമ്പോള്‍ ഒരു ദിവസം നാട്ടിലെത്തിയ നേരം എന്‍ ആര്‍ സന്തോഷും കണ്ണന്‍ മേലോത്തും കൂടി ഉണ്ണികൃഷ്ണനെ ഇന്റവ്യൂ ചെയ്യാന്‍ കരുമാല്ലൂരെത്തി. ആ ഇന്റര്‍വ്യൂ സന്തോഷ് നടത്തിയിരുന്ന 'പിതൃഭൂമി' മാസികക്കു വേണ്ടിയായിരുന്നു. അത് പ്രസിദ്ധീകരി ക്കാനായില്ല. പിതൃഭൂമിയുടെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് ആ ഇന്റര്‍വ്യൂവിന്റെ അടിസ്ഥനത്തില്‍, ഉണ്ണികൃഷ്ണനെ കുറിച്ചകണ്ണന്‍ മേലോത്ത് എഴുതിയ 'കറുത്ത വെട്ടത്തിന്റെ കലാപകാരി' എന്ന ലേഖനം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നു. ഈ വിവരം ഉണ്ണികൃഷ്ണന് അറിയാമെങ്കിലും ഒരിക്കലും ആ പ്രതി കാണുകയു ണ്ടായില്ല. തന്നെക്കുറിച്ച് അച്ചടിച്ചുവന്ന ഏക ലേഖനവും കാണാതെയാണ് ഉണ്ണികൃഷ്ണന്‍ യാത്രയായത്. ഡെല്‍ഹിയിലു ണ്ടായിരുന്നപ്പോള്‍ പ്രദര്‍ശനത്തെക്കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് അറിയില്ല.ഉണ്ണികൃഷ്ണന്റെ മരണവാര്‍ത്ത നൊമ്പരത്തേക്കാളേറെ വിസ്മയവും സുഹൃത്തുക്കളില്‍ ഉളവാക്കി. മരിക്കുന്നതിന് തൊട്ടു മുമ്പാണ്, തിരുവനന്തപുരത്ത് ഇന്റര്‍ നാഷനല്‍ ഫിലിം ഫസ്റ്റിവെല്‍ ഓഫ് കേരള സമാപിച്ചത്. ഉണ്ണികൃഷ്ണന്‍ അതില്‍ പ്രതിനിധിയായിരുന്നു. ആ മേളയില്‍ ഉള്‍പ്പെടുത്താതിരുന്ന, ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത 'പപ്പിലിയോ ബുദ്ധ' എന്ന സിനിമ കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കാനി രിക്കുകയായിരുന്നു. പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് ഈ സിനിമ കാണാനെത്തിയവര്‍ വന്‍ പ്രതിഷേധം അവിടെ ഉയര്‍ത്തി. ഉണ്ണികൃ ഷ്ണനും സിനിമ കാണാന്‍ എത്തിയിരുന്നു. പ്രതിഷേധക്കാരെ അഭിസം ബോധന ചെയ്തുകൊണ്ട് കവി കുരീപ്പുഴ ശ്രീകുമാര്‍ സംസാരിക്കുന്ന ചിത്രവും വാര്‍ത്തയും കൂടി പിറ്റേ ദിവസത്തെ പത്രത്തില്‍ അടിച്ചു വന്നു. ആ ചിത്രത്തില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ മുമ്പില്‍ ഉണ്ണികൃഷ്ണന്‍ നില്ക്കുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. ഈ ചിത്രവും വാര്‍ത്തയും ആരോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതു കണ്ട പലരും ഉണ്ണികൃ ഷ്ണനെ വിളിച്ച് വിവരം പറയാന്‍ ഒരുമ്പെട്ടിരിക്കുമ്പോഴാണ് എല്ലാവ രേയും ദുഃഖത്തിലെന്ന പോലെ അതിശയിപ്പിച്ചുകൊണ്ട് ഉണ്ണികൃഷ്ണന്‍ കടന്നു പോയതായി വാര്‍ത്ത വരുന്നത്!

ഉണ്ണികൃഷ്ണന്റേതായി 3 ചിത്രങ്ങളുടെ ഫോട്ടോഗ്രാഫുകളേ ആരേയെ ങ്കിലും കാണിക്കുന്നതിനായി അവശേഷിക്കുന്നുള്ളൂ. ചന്ദ്രിക ആഴ്ചപ്പ തിപ്പില്‍ രണ്ടെണ്ണം പ്രസിദ്ധീകരിച്ചു വെങ്കിലും അത് ബ്ലാക് ആന്റ് വൈറ്റിലാണ് പതിഞ്ഞിട്ടുള്ളത്. പുസ്തകത്തിന്റെ ഒരു കോപ്പിയും അതിന് ജി അഴീക്കോട് എഴുതി അയച്ച കുറിപ്പും വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളുടെ കൈവശം എത്തിയിട്ടുണ്ട. മകന്‍ ഇപ്പോള്‍ അമ്മയോടൊപ്പം ഡെല്‍ഹിയിലാണ്.