"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 28, വ്യാഴാഴ്‌ച

ഡോ. അംബേഡ്കര്‍: ബുദ്ധധര്‍മവും രാഷ്ട്രീയ വ്യവഹാരവും - രവി കുമ്മഞ്ചേരി

രവി കുമ്മഞ്ചേരി
ഡോ. അംബേദ്കറുടെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാ വുന്ന കൃതി ബുദ്ധനും ബുദ്ധധര്‍മ വുമാണ്. ആധുനിക ശാസ്ത്രാവബോധ ത്തിന്റെയും യുക്തിചിന്ത യുടെയും ബലത്തില്‍ ബുദ്ധനെ പുനര്‍വ്യാഖ്യാ നിക്കുകയാണ് അംബേദ്കര്‍ ചെയ്യുന്നത്. ഹിന്ദുത്വ അതിഭൗതിക വാദത്തെയും അതിന്റെ അസമത്വസാമൂഹിക ഘടനയെയും സൈദ്ധാന്തികമായും പ്രായോഗിക മായും നേരിടാന്‍ ബുദ്ധവ്യവഹാര ത്തിനാകു മെന്നും അതിലൂടെ ദലിതര്‍ക്ക് പുതിയൊരു കര്‍ത്തൃത്വം സാധ്യമാകുമെന്നും അംബേദ്കര്‍ പ്രതീക്ഷിക്കുന്നു. അതു കൊണ്ടുതന്നെ ഒരു രാഷ്ട്രീയ വ്യവഹാരം 20 എന്ന നിലയിലാണ് അംബേദ്കര്‍ ബുദ്ധന്റെ ആശയങ്ങളെ സ്വീകരിച്ചിരിക്കുന്നത്.

ബ്രാഹ്മണസുഖത്തിനും ബ്രാഹ്മണഹിതത്തിനും നിലകൊണ്ട വൈദിക മതത്തെയും അതിന്റെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും ദാര്‍ശനികമായും നൈതികമായും എതിരിട്ടത് ബുദ്ധനായിരുന്നു. അതിനാല്‍ സാമൂഹിക വ്യവസ്ഥയെ ബഹുജനഗുണത്തിനും ബഹുജനസുഖത്തിനുമായി മാറ്റിപ്പണിയേണ്ടതുണ്ടെന്ന് ബുദ്ധന്‍ കരുതി. അതിനുള്ള പദ്ധതിയാണ് ബുദ്ധന്‍ അന്വേഷിച്ചത്. അതാവട്ടെ മനുഷ്യന്റെ ധാര്‍മിക പ്രശ്‌നമായി രുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെയും ആത്മാവിനെ ക്കുറിച്ചുള്ള വേദപാരമ്പര്യത്തെയും ബുദ്ധന്‍ നിരസിച്ചു. ഈശ്വരനെ സംബന്ധിക്കുന്ന പ്രശ്‌നം ആത്യന്തികമായി ആധ്യാത്മിക മായിരുന്നു. മനുഷ്യന്റെ ദു:ഖങ്ങള്‍ക്ക് അറുതിവരുത്തി പ്രയോഗിക പ്രശ്‌നത്തിന്മേല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു അദ്ദേഹം. അതിനായി ഏറ്റവും ലളിതമായ സൈദ്ധാന്തികമായ അടിത്തറ രീപീകരിക്കേണ്ടതുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ബുദ്ധന്‍ രണ്ട് വസ്തുതകളില്‍ ഊന്നി. ഒന്നാമതായി ഏതൊരു കാര്യത്തിന്റെ സിദ്ധിയിലും സുനിശ്ചിതമായ ഒരു ക്രമം ഉണ്ടായിരിക്കണം. രണ്ടാമതായി പ്രത്യക്ഷനിരീക്ഷണത്തില്‍ നിന്ന് വ്യക്തമായ സ്ഥലകാലപ്രകൃതത്താല്‍ നിര്‍ബന്ധിതമാണ് കാര്യസിദ്ധി എന്നു പറഞ്ഞു.21 ഇതു രണ്ടും ഈശ്വരാസ്തിത്വത്തെ പാടെ നിരാകരിക്കുന്നു.

മനുഷ്യന്റെ പൊതുവായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തമാണ് ബുദ്ധന്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ അനുഭവത്തെ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കണമെന്ന് അംബേദ്കര്‍ നിര്‍ദ്ദേശി ക്കുന്നു. താനൊരു ദൈവദൂതനോ പ്രവാചകനോ ആണെന്ന് ബുദ്ധന്‍ ഒരിക്കലും അവകാശപ്പെട്ടില്ല. ഓരോരുത്തരും സ്വപ്രയത്‌നം കൊണ്ട് മോക്ഷമടയണം. മോക്ഷം എന്നതു കൊണ്ട് ബുദ്ധന്‍ അര്‍ത്ഥമാ ക്കുന്നത് നിര്‍വ്വാണമാണെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു.22 സന്മാര്‍ഗ്ഗ നിരതമായ ജീവിതത്തിന്റെ മറ്റൊരു പേരാണിത്. മനുഷ്യന്റെ സര്‍വ്വനാശമല്ല അത്. നിര്‍വ്വാണം പ്രാപിച്ചവന് മാത്രമേ അഷ്ടാംഗമാര്‍ഗ്ഗങ്ങളിലൂടെ23 സഞ്ചരിക്കാനാവൂ എന്നു പറയുമ്പോള്‍ നിര്‍വ്വാണം കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് സ്പഷ്ടമാകുന്നുണ്ട്. പ്രജ്ഞയ്ക്കും കരുണയ്ക്കും ഇടയ്ക്കുള്ള മധ്യമാര്‍ഗ്ഗമായി അംബേദ്കര്‍ നിര്‍വ്വാണത്തെ കാണുന്നു. ആത്മാവ്, മരണശേഷം അതിനു സംഭവിക്കുന്ന മോക്ഷം ഇവയ്ക്ക് നിര്‍വ്വാണ സങ്കല്‍പത്തില്‍ ഒരു സ്ഥാനവുമില്ല. അതിനാല്‍ ബോധമാണ് ബുദ്ധിസത്തിലെ വ്യക്തിയെ പ്രചോദിപ്പിക്കുന്നത്. ബോധം ജനിക്കുമ്പോ ഴാണ് മനുഷ്യന്‍ സചേതനവസ്തുവാകുന്നത്. ആത്മാവിന്റേതായി പറയപ്പെടുന്ന എല്ലാ കര്‍മങ്ങളും നിര്‍വഹിക്കുന്നത് ബോധമാമണ്. ഇവിടെ മനസ്സാണ് എല്ലാറ്റിന്റെയും കേന്ദ്രബിന്ദു. അതുകൊണ്ടുതന്നെ മനസ്സിന്റെ ശുദ്ധീകരണമാണ് നടക്കേണ്ടത്. ബുദ്ധന്‍ നേരിട്ട പ്രധാന പ്രശ്‌നം ദൈവത്തിന്റെയും ആത്മാവിന്റെയും കെട്ടുപാടുകളില്‍ നിന്ന് മനുഷ്യമനസ്സിനെ മോചിപ്പിക്കുക എന്നതിലായിരുന്നു.

ആത്മാവിലുള്ള വിശ്വാസമാണ് മനുഷ്യനെ ജനനം മുതല്‍ മരണം വരെ ബ്രഹ്മണ പൗരോഹിത്യത്തിന്റെ അടിമയാക്കിയത്. ആത്മാവിന്റെ സ്ഥാനത്ത് നാമരൂപത്തെ ബുദ്ധന്‍ പ്രതിഷ്ഠിച്ചു. ഭൗതികവും മാനസിക വുമായ ഘടനകള്‍ ചേര്‍ന്നതാണ് ഒരു സചേതനവസ്തു. ഭൂമി, വെള്ളം, തീ, വായു, ഇവ ചേര്‍ന്നതാണ് ശരീരം. ബോധമാണ് നാമകാണ്ഡം. ഇവ നാലും ചേരുമ്പോള്‍ ബോധം ജനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും മാറിക്കൊണ്ടിരിക്കുന്നു. 25 ബുദ്ധമതത്തിലെ ശൂന്യതാവാദം കേവലം അജ്ഞേയവാദ മല്ലയെന്നും ലൗകിക ജീവിതത്തില്‍ അനുനിമിഷം മാറ്റങ്ങളുണ്ടായി ക്കൊണ്ടിരിക്കുന്നു എന്നുമാണ് അതിന്റെ അര്‍ത്ഥമെന്നും അംബേദ്കര്‍ സൂചിപ്പിക്കുന്നു. സാന്മാര്‍ഗ്ഗിക നിയമങ്ങളുടെ പ്രേരകശക്തിയാണ് കര്‍മം. അതിലുള്ള വിശ്വാസമാണ് ധര്‍മം. ദൈവമല്ല കര്‍മനിയമമാണ് പ്രപഞ്ചത്തിന്റെ ധാര്‍മിക നീതി പരിപാലിക്കുന്നത്. അത് മനുഷ്യനെ ആശ്രയിച്ചു നില്‍ക്കുന്നു. മറ്റാര്‍ക്കും അതില്‍ പങ്കില്ല. മനുഷ്യന്റെ പ്രവൃത്തിയാണ് കര്‍മം. നിര്‍വാണം പ്രപിച്ച മനുഷ്യന്‍ ചെയ്യുന്ന കര്‍മത്തിനാണ് ബുദ്ധന്‍ പ്രാധാന്യം കൊടുത്തത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്ഥാനത്ത് ധര്‍മത്തെ പ്രതിഷ്ഠിച്ചു. ധാര്‍മിക നീതിയുടെ അടിസ്ഥാനമെന്ത് എന്ന ചോദ്യത്തിനുത്തരമായാണ് ബുദ്ധന്‍ കര്‍മം നിയമം ആവിഷ്‌കരിച്ചതെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു.26 ജീവിതത്തിന്റെ വിശുദ്ധി നിലനിര്‍ത്തി ക്കൊണ്ടാണ് ധര്‍മം പാലിക്കേണ്ടതെന്നര്‍ത്ഥം. ഇതില്‍ ദൈവത്തിനോ ബലികര്‍മങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല.

ആത്മാവിനെ അടിസ്ഥാനമാക്കിയാണ് ഹിന്ദുമതത്തിലെ കര്‍മനിയമം നിലനില്‍ക്കുന്നത്. ഓരോ പ്രവൃത്തിയും ആത്മാവില്‍ ഒരു മുദ്ര പതിപ്പിക്കും. ഈ മുദ്രകള്‍ അടുത്ത ജന്മത്തെയും ആജന്മത്തിലെ പദവിയെയും നിശ്ചയിക്കുന്നു. പാപികളാണ് പുനര്‍ജനി ക്കുന്നത്. അങ്ങനെ ഹിന്ദുദര്‍ശനമനുസരിച്ച് പുനര്‍ജന്മമെടുക്കുന്നത് മുജ്ജന്മപാപം പരിഹരി ക്കാനാണ്. ഇഹലോകജീവിതത്തില്‍ വൈദികാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പാപനാശം നേടാമെന്നും പാപിക്ക് പുനര്‍ജന്മം ഇല്ലാതെ കഴിക്കാമെന്നും ഹിന്ദുമതം പ്രചരിപ്പിച്ചു.27 പുനര്‍ജന്മമെന്ന ബ്രാഹ്മണ സിദ്ധാന്തത്തെ ബുദ്ധന്‍ പ്രതിരോധിച്ചു. എല്ലാം മുന്‍കൂട്ടി നിശ്ചയിക്ക പ്പെടുന്നുവെങ്കില്‍ മനുഷ്യപ്രയ ത്‌നത്തിന് യാതൊരു വിലയുമില്ലയെന്ന ബുദ്ധന്റെ ആശയത്തെ അംബേദ്കര്‍ ഉള്‍ക്കൊണ്ടു. ആത്മാവിന്റെ പുനര്‍ജന്മത്തിലല്ല ദ്രവ്യത്തിന്റെ പുനര്‍ജന്മത്തിലാണ് ബുദ്ധന്‍ വിശ്വസിച്ചത്.

ബുദ്ധന്റെ പരിത്യാഗത്തെയും ജ്ഞാനാര്‍ജനത്തെയും പ്രജ്ഞയുടെ പ്രയോഗമായി അംബേദ്കര്‍ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥന്‍ വീട് വിട്ടിറങ്ങിയത് വിധിയുടെ അടിസ്ഥാനത്തിലല്ല; മറിച്ച് തനിക്കു ചുറ്റും നടമാടിയിരുന്ന സാമൂഹിക സംഘര്‍ഷ ങ്ങളുടെയും യാതനകളുടെയും കാരണം വിശദീകരിക്കാന്‍ നിലവിലുള്ള ദര്‍ശനങ്ങള്‍ പരാജയമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. സനാതനമായി യാതൊന്നും നിലനില്‍ക്കുന്നില്ലെന്ന് ബുദ്ധന് മനസ്സിലായി. അംബേദ്കറുടെ വീക്ഷണ ത്തില്‍ അജ്ഞതയെ കീഴടക്കാനുള്ള വഴികണ്ടെത്തുകയായിരുന്നു ബുദ്ധന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ വേദങ്ങളുടെ അപ്രമാ ദിത്വം, മോക്ഷത്തിലോ ആത്മാവിന്റെ മോചനത്തിലോ ഉള്ള വിശ്വാസം, സ്രഷ്ടാവ് ഈശ്വരനും അതിന്റെ അടിസ്ഥാനം ബ്രഹ്മവുമാണെന്ന വിശ്വാസം, ആത്മാവിലുള്ള വിശ്വാസം, ആത്മാവിന്റെ പുനര്‍ജന്മ ത്തിലുള്ള വിശ്വാസം ഇവയെല്ലാം ബുദ്ധന്‍ തിരസ്‌കരിച്ചു. ഒരര്‍ത്ഥത്തില്‍ ബുദ്ധന്റെ കാലഘട്ടത്തില്‍ നിലനിന്ന ഔദ്യോഗിക ഭരണകൂട പ്രത്യയ ശാസ്ത്രമായ വൈദിക ബ്രാഹ്മണ ചിന്താപദ്ധതി ഇവയുടെ അടിത്തറ യിലാണ് കെട്ടിപൊക്കിയിരുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ബുദ്ധദര്‍ശനമനുസരിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രധാനം. അല്ലാതെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമല്ല. ബ്രഹ്മവുമായി സായൂജ്യം പ്രാപിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ധര്‍മം കപടധര്‍മമാണെന്നും അങ്ങനെയുള്ള മതം അര്‍ത്ഥശൂന്യമാണെന്നും ബുദ്ധന്‍ തെളിയിച്ചു.30 അതിനാല്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള നന്മയെയാണ്, സമത്വത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ധര്‍മത്തെ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്തി പ്രപഞ്ചത്തെ പുന:സൃഷ്ടി ക്കുകയെന്നതാണ് ധര്‍മത്തിന്റെ ലക്ഷ്യമെന്ന് ബുദ്ധന്‍ പറഞ്ഞു. ബുദ്ധന്റെ പ്രജ്ഞയെ തത്ത്വാധിഷ്ഠിത മതസൃഷ്ടിക്കുവേണ്ട പ്രഥമ ഉപാധിയായിട്ടാണ് അംബേദ്കര്‍ കാണുന്നത്. ആത്മാഭിമാന ത്തിലേക്ക് ഉണരുന്ന ജനതയ്ക്ക് നിയമാധിഷ്ഠിത മതത്തിനെതിരായി പ്രയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് പ്രജ്ഞ. ബുദ്ധസന്ദേശത്തിന്റെ അടിസ്ഥാനം നിലകൊള്ളുന്നത് പ്രജ്ഞയുമായി ബന്ധപ്പെട്ട സാമൂഹികതലത്തിലാണെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു. ബുദ്ധന്‍ ചെയ്ത പ്രധാനദൗത്യം രാഷ്ടീയ സംയോഗ ത്തിന്റെ ഘടനയെ മതമായി മാറ്റിയെടുക്കുകയും അത് പ്രചരിപ്പിക്കാ നായി ഒരു സംഘം സ്ഥാപിക്കുകയും ചെയ്തുവെന്നതാണ്. അതു കൊണ്ടുതന്നെ അംബേദ്കര്‍ ബുദ്ധനെ ഒരു രാഷ്ട്രീയചിന്തകനായി പുനര്‍വായിക്കുകയും ആധുനിക ജനാധിപത്യത്തിനുള്ള സാധ്യത അതില്‍ ആരായുകയും ചെയ്തു എന്നതില്‍ മൗലികതയുണ്ട്.കുറിപ്പുകള്‍

20. ബുദ്ധിസ്റ്റ് വ്യവഹാരത്തെക്കുറിച്ചുള്ള പഠനത്തിന് അംബേദ്കറുടെ കൃതി കൂടാതെ കാഞ്ച ഐലയ്യയുടെ ദൈവമെന്ന രാഷ്ട്രമീമാംസകന്‍, ഡി. സി. ബുക്‌സ്, കോട്ടയം, (വിവ) ശിവദാസ് പി. കെ, 2006.
ദേബിപ്രസാദ് ചതോപാധ്യായയുടെ ഇന്ത്യന്‍ നിരീശ്വരവാദം, (വിവ) വര്‍മ. പി. ആര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2009.
രമേഷ് കെ. പി. യുടെ ഗൗതമബുദ്ധന്‍ ജ്ഞാനവും സൗന്ദര്യശാസ്ത്രവും, മാതൃഭൂമി ബുക്‌സ്, കോഴിക്കോട് 2005.മീരാനന്ദയുടെ ഉത്തരാധുനികത മധ്യവര്‍ഗം, ഹിന്ദുത്വം (വിവ) പി.പി. സത്യന്‍, ചിന്ത പബ്ലിഷേഴ്‌സ്, കോഴിക്കോട്, 2007.ധര്‍മപദം (വിവ) മാധവന്‍ അയ്യപ്പത്ത്, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2007സുഗതന്‍ കെ. (ഡോ) യുടെ ബുദ്ധനും നാണുഗുരുവും, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2004, എന്നീ പുസ്തകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.

21. ദേബിപ്രസാദ് ചതോപാധ്യായ. ഇന്ത്യന്‍ നിരീശ്വരവാദം, (വിവ) വര്‍മ പി. ആര്‍. ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2009, പുറം. 99-104.

22. അംബേദ്കര്‍, ബി. ആര്‍ (ഡോ) ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, ബുദ്ധനും ബുദ്ധധര്‍മ്മവും, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, വാല്യം 22, പുറം. 206.

23. ശരിയായ ദര്‍ശനം, ശരിയായ അഭിലാഷങ്ങള്‍, ശരിയായ വാക്ക്, ശരിയായ പെരുമാറ്റം, ശരിയായ ജീവിതവൃത്തി, ശരിയായ പ്രയത്‌നം, ശരിയായ മനോനില, ശരിയായ ആനന്ദം എന്നിവയാണ് അഷ്ടാംഗമാര്‍ഗങ്ങള്‍.

24. ദൈവത്തിന്റെ അസ്തിത്വം, ആത്മാവ് എന്നിവയുടെ നിഷേധമായിരുന്നു ബുദ്ധിസ്റ്റ് വ്യവഹാരത്തിന്റെ പ്രധാനലക്ഷ്യം. ഇതിനെ കേന്ദ്രീകരിച്ചാണ് ബ്രാഹ്മണപൗരോഹിത്യം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചത്. ഈശ്വരനിഷേധത്തെ സമര്‍ത്ഥിക്കുന്ന ഏറ്റവും പ്രാചീന മഹായനഗ്രന്ഥം നാഗാര്‍ജ്ജുനന്റെ 'ഈശ്വരകര്‍തൃത്വനിരാകരണവിഷ്‌ണോ ഏകകര്‍തൃത്വ നിരാകരണം' ആണ് (ഈശ്വരന്‍ സ്രഷ്ടാവ് എന്നതിന്റെയും വിഷ്ണു മാത്രമാണ് ഏക സ്രഷ്ടാവ് എന്നതിന്റെയും നിഷേധം).
ദേബിപ്രസാദ് ചതോപാധ്യായ. ഇന്ത്യന്‍ നിരീശ്വരവാദം, (വിവ) വര്‍മ. പി. ആര്‍. ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2009, പുറം. 105-148.കാണുക.

25. അംബേദ്കര്‍, ബി. ആര്‍ (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍. ബുദ്ധനും ബുദ്ധധര്‍മവും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, വാല്യം 22, പുറം. 2009.

26. അതേ പുസ്തകം, പുറം. 212-213.
ധര്‍മത്തെ നിഗൂഢവല്‍ക്കരിക്കുകയാണ് ഹിന്ദുപ്രത്യയശാസ്ത്രം ചെയ്തത്. മഹാഭാരതത്തില്‍ ധര്‍മ്മപുത്രനിലൂടെ അത് ആവിഷ്‌കരിക്കപ്പെടുന്നതു കാണാം. 'ധര്‍മസ്യ തത്വം നിഹിതം ഗുഹായാം' എന്ന് ധര്‍മപുത്രരെ ആസ്പദമാക്കി മഹാഭാരതം സ്ഥാപിക്കുന്നു. ധര്‍മത്തെ ലൗകിക ജീവിത വ്യവഹാരമായി കാണുകയാണ് ബുദ്ധന്‍ ചെയ്തത്. അതിനെ തടയുക എന്നതായിരുന്നു ഹിന്ദുത്വത്തിന്റെ ലക്ഷ്യം.

27. പൂന്താനത്തിന്റെ ജ്ഞാനപ്പാന ഈ യുക്തിയെ ലളിതമായി ആവിഷ്‌കരിക്കുന്ന കാവ്യമായി പ്രതിഷ്ഠ നേടി.

28. അംബേദ്കര്‍, ബി. ആര്‍. ഡോ. ഡോ. ബി. ആര്‍. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, ബുദ്ധനും ബുദ്ധധര്‍മവും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2000, വാല്യം 22, പുറം. 286.

29. കാഞ്ച ഐലയ്യ, ദൈവമെന്ന രാഷ്ട്രമീമാംസകന്‍, ഡി. സി. ബുക്‌സ്, കോട്ടയം, 2006, പുറം. 52-55.

30. അംബേദ്കര്‍, ബി. ആര്‍. (ഡോ). അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, ബുദ്ധനും ബുദ്ധധര്‍മ്മവും കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, വാല്യം 22, പുറം. 223-226.