"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 1, തിങ്കളാഴ്‌ച

അംബേഡ്കര്‍: മതപ്രശ്‌നവല്‍ക്കരണം - രവി കുമ്മഞ്ചേരി

രവി കുമ്മഞ്ചേരി
ജാതീകൃതമായ അസമത്വ ഘടനയ്ക്ക് ഇരയായി തീര്‍ന്ന ഇന്ത്യയിലെ ദലിതരുടെ സാമൂഹികാ വസ്ഥയില്‍ നിന്നുകൊണ്ടാണ് ബുദ്ധനെ അംബേദ്കര്‍ പുനര്‍വായിച്ചെ ടുക്കുന്നത്. ഇത് ജാതിയെയും മതത്തെയും കുറിച്ച് പുതിയൊര വബോധത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നു. ആധുനിക ജനാധിപത്യ സമൂഹത്തിനകത്തേയ്ക്ക് ഇവയെ പ്രവേശിപ്പിക്കുന്നത് സമത്വമെന്ന ആശയത്തെ ഇല്ലാതാക്കു മെന്ന് അദ്ദേഹം കണ്ടു. മുഖ്യാധാര ദേശീയതയുടെ വക്താക്കള്‍ ജാതിപരിഷ്‌ക്കരണ ത്തിനും മതപരിഷ്‌ക്കരണ ത്തിനും പ്രധാന്യം കൊടുത്തപ്പോള്‍ അതിനുവിരുദ്ധമായി ജാതി നിര്‍മൂലനത്തിലും അതിനെ അടിസ്ഥാനമാക്കിയുള്ള മതനശീകരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു. ബുദ്ധിസ്റ്റ് വ്യവഹാരത്തിന്റെയും ജോണ്‍ ദെവെയുടെ കാഴ്ചപ്പാടുമാണ് ഹിന്ദുമതമെന്ന പേരില്‍ വ്യവഹരിക്കുന്ന ബ്രാഹ്മണമത ത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ അംബേദ്കറെ സഹായിക്കുന്നത്.

ജാതി ഒരു മതസ്ഥാപനമായി മാറുന്നതെങ്ങനെയെന്നും, അത് ദൈവസൃഷ്ടി യാണെ ന്നുമുള്ള വിശ്വാസത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ദൈവശാസ്ത്ര പരമായ അടിത്തറയും മതാത്മകമായ അംഗീകാരവും നേടി കൊടുക്കുന്ന വിധത്തില്‍ ബ്രാഹ്മണമതസാഹിത്യം വഹിച്ച പങ്കിനെയും സൂക്ഷ്മമായി അദ്ദേഹം അപഗ്രഥന വിധേയമാക്കി. ഇതിനെ അടിസ്ഥാനമാക്കി ചില നിഗമനങ്ങളില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

ബ്രാഹ്മണ സ്മൃതികാരന്മാര്‍ സാമൂഹികഘടനയില്‍ അവരെ ഉയരത്തില്‍ പ്രതിഷ്ഠിച്ചു. രാജാക്കന്മാര്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ കര്‍ത്തവ്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള അധികാരവും അവകാശവും നല്കി. സവര്‍ണ ജാതികള്‍ക്ക് വിശുദ്ധിയും അവര്‍ണ ജാതികള്‍ക്ക് അശുദ്ധിയും നിയമ വല്‍ക്കരിച്ചു. വിശുദ്ധിയില്‍ പ്പെട്ടവര്‍ക്ക് അശുദ്ധിയില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുള്ള ദണ്ഡനീതി പ്രഖ്യാപിച്ചു. അസന്തുലിതമായ സാമുഹിക വിഭജനം മതപരമായി അംഗീകരിക്കുന്നിടത്താണ് ബ്രാഹ്മണ പൗരോഹിത്യം വിജയിച്ചത്.

ഒരു സാമൂഹിക ശക്തിയെന്ന നിലയില്‍ മതം ഹിന്ദുവിന്റെ ജീവിതത്തെ എങ്ങനെ യെല്ലാം നിയന്ത്രിക്കുന്നുവെന്ന് വ്യക്തമാക്കുന്നിടത്താണ് അംബേദ്കറുടെ കാഴ്ചപ്പാട് ശ്രദ്ധേയമാകുന്നത്. ഇന്ത്യയില്‍ മതപരമായ ആദര്‍ശത്തിന്റെ പിന്നിലുള്ള പ്രഭാവവും അംഗീകാരവും വളരെ വലുതാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതിന്റെയടിസ്ഥാനത്തില്‍ മനുഷ്യന്റെ പ്രായോഗിക ജന്മവാസനകള്‍ മതപരമായ ആദര്‍ശത്തിന്റെ ശാസനകള്‍ക്ക്, അവ തമ്മില്‍ എത്രയേറെ വൈരുധ്യമുണ്ടെങ്കിലും ശരി വഴങ്ങി കൊടുക്കുമെന്നും അതേസമയം മനുഷ്യന്റെ പ്രായോഗിക ജന്മവാസനകള്‍ മതനിരപേക്ഷമായ ആദര്‍ശ വുമായി വൈരുധ്യ മുണ്ടെങ്കില്‍ അതിന് വഴങ്ങി കൊടുക്കുക യില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായ ആദര്‍ശമുള്ള ഒരു വ്യക്തിയില്‍ വിശ്വാസ മുള്ളിടത്തോളം കാലം അത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന തിനാല്‍ മതത്തെയും അതിന്റെ പ്രതിപ്രവര്‍ത്തനത്തെയും സൂക്ഷ്മ മായി അപഗ്രഥിക്കേണ്ടതു ണ്ടെന്നാണ് അംബേദ്കര്‍ പറയുന്നത്.

ദലിത് ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട് ഹിന്ദുമതത്തെ നീതിയുടെയും പ്രയോജന ത്തിന്റെയും മാനദണ്ഡമുപയോഗിച്ച് വിലയിരുത്തുന്നത് ഇതിന്റെ ഭാഗമാണ്.31 സാമൂഹിക സമത്വത്തിന്റെയും വ്യക്തിസ്വത്വ ത്തിന്റെയും നിഷേധമായി മതം മാറുന്നതെങ്ങനെയെന്ന് ഹിന്ദുമതത്തിലെ പ്രഹേളികകള്‍32 എന്ന കൃതിയില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്. സദാചാരമാണ് സമൂഹത്തിന്റെ അടിത്തറയെന്നും എന്തുകൊണ്ടാണ് സദാചാരം ഈ മതത്തില്‍ നിന്ന് അപ്രത്യക്ഷമായതെന്നും അദ്ദേഹം ചോദിക്കുന്നു. ജാത്യാചാരവും അന്വേഷണരഹിതവും അനുശീലനാ ധിഷ്ഠിതവുമായ മത സംഹിതകളാണ് ഇതിന് കാരണമെന്ന് ജാതി നിര്‍മൂലനം33 എന്ന കൃതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഒരര്‍ത്ഥത്തില്‍ ജാതിനിര്‍മൂലനം എം.കെ. ഗാന്ധിയുടെ വര്‍ണവ്യവസ്ഥ യോടുള്ള സമീപനത്തിനെതിരായുള്ള ആശയങ്ങള്‍ കൂടിയായിരുന്നു. ജാതി നശീകരണവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ ഉന്നയിച്ച പ്രധാന കണ്ടെത്തല്‍ വസ്തുനിഷ്ഠവും ശാസ്ത്രീയ വുമായിരുന്നുവെന്ന് കാണാം. അതിനെ അംബേദ്കര്‍ ഇങ്ങനെ സംക്ഷേപി ക്കുന്നു.

1) ജാതി വ്യവസ്ഥ ഹിന്ദുക്കള്‍ക്ക് നാശം വരുത്തിയിരിക്കുന്നു.
2) ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസമൂഹത്തെ പുന:സംഘടിപ്പിക്കുകയെന്നത് അസാധ്യമാണ്. കാരണം അത് ബഹുജനങ്ങളെ ഷണ്ഡന്മാരാക്കുന്നു.
3) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങളുമായി മതത്തെ പുന:സംഘടിപ്പിക്കണം.
4) ഈ ലക്ഷ്യം നേടാന്‍ ജാതിയുടെയും വര്‍ണത്തിന്റെയും മതപരമായ ദിവ്യത്വം അവസാനിപ്പിക്കണം.
5) ശാസ്ത്രങ്ങളുടെ ദൈവികാധികാരത്തെ ഇല്ലാതാക്കികൊണ്ടേ ജാതിയുടെയും വര്‍ണത്തിന്റെയും വിശുദ്ധി നശിപ്പിക്കാന്‍ കഴിയൂ.34

ഇതിനോടുള്ള ഗാന്ധിയുടെ സമീപനം അദ്ദേഹം സ്വാംശീകരിച്ച മതബോധ ത്തെ വ്യക്തമാക്കുന്നതോടൊപ്പം ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കുന്നതു കൂടിയായിരുന്നു. ഗാന്ധി എഴുതി: ഒരു ബ്രാഹ്മണന്റെ തൊഴിലും ഒരു തോട്ടിയുടെ തൊഴിലും തുല്യമാണ് - അവയുടെ യാഥാര്‍ത്ഥ നിര്‍വഹണം ദൈവത്തിന്റെ മുമ്പില്‍ മേന്മയുള്ളതുമാണ്.35 അസ്പൃശ്യരുടെ സാമൂഹിക പ്രശ്‌നവുമായി ബന്ധപ്പെട്ട് ഗാന്ധിയ്‌ക്കോ കോണ്‍ഗ്രസിനോ മെച്ചപ്പെട്ട ഒരാശയവും ഉണ്ടായിരുന്നില്ലെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു ണ്ട്.36 മാത്രമല്ല യംഗ് ഇന്ത്യയില്‍ ഗാന്ധി എഴുതിയ ജാതിയും വര്‍ഗവും, എന്ന ലേഖനത്തില്‍ വര്‍ഗവ്യവസ്ഥയെക്കാള്‍ നല്ലത് ജാതിവ്യവസ്ഥയാ ണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.37

രാഷ്ട്രത്തെ ആധ്യാത്മികചിന്തയുമായി ബന്ധപ്പെടുത്തിയുള്ള ഗാന്ധിയന്‍ ശ്രമത്തെ അംബേദ്കര്‍ എതിരിടുന്നത് അതു അസ്പൃശ്യജനതയെ ഉള്‍ക്കൊള്ളാത്തതുകൊണ്ടു കൂടിയാണ്. ഗാന്ധിയുടെ ആധ്യാത്മിക രാഷ്ട്രത്തില്‍, രാമരാജ്യം എന്ന സങ്കല്പത്തില്‍ ദലിതരുടെ പങ്ക് എന്തായിരിക്കും എന്നതിനെക്കുറിച്ച് അംബേദ്കര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് ഗ്രാമസ്വരാജില്‍ ഊന്നുന്നതായിരുന്നു. ഗ്രാമം ദലിതരെ സംബന്ധിച്ചിടത്തോളം അസമത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും അതിലുപരി ശാസ്ത്രബോധത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന വീക്ഷണങ്ങളുടെയും ആകത്തുകയാണ്. മാത്രമല്ല ഗ്രാമം എന്ന അടിസ്ഥാനയൂണിറ്റിനും പുറത്തായിരുന്നു അസ്പൃശ്യവിഭാഗം38 നിലനിന്നത്. സാമൂഹികനീതിയില്‍ നിന്ന് വളരെ അകലെയുള്ള ഈ വിഭാഗത്തിന്റെ സാമൂഹകിവും രാഷ്ട്രീയവുമായപരിരക്ഷയിലായിരുന്നു അംബേദ്കറുടെ ഊന്നല്‍.39

ഗാന്ധി ഉള്‍ക്കൊള്ളുന്ന ഗ്രാമസ്വരാജിലും ആധ്യാത്മികതയിലൂന്നിയുള്ള രാഷ്ട്രസങ്കല്പ ത്തിലും ശബ്ദം നഷ്ടപ്പെട്ട വിഭാഗമായിരിക്കും ദലിതരെന്ന് അംബേദ്കര്‍ തിരിച്ചറിഞ്ഞു. ജനതയ്ക്ക് ശബ്ദമുണ്ടാകുന്നത് ആത്മാഭിമാന മുണ്ടാകുമ്പോഴാണ്. എന്നാല്‍ നിലനില്ക്കുന്ന മതബോധത്തില്‍ അതിനുള്ള യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. കാരണം ബ്രാഹ്മണകേന്ദ്രീകൃതമായ മതം സാമൂഹികനീതിയെ അംഗീകരിക്കുന്നില്ല. മതം ജനക്ഷേമത്തിനാവാശ്യമായ ഒരു നന്മയാണെങ്കില്‍ മറ്റേത് മാനദണ്ഡ വും നിരര്‍ത്ഥകമായിത്തീരുമെന്നാണ് അംബേദ്കര്‍ വ്യക്തമാക്കുന്നത്. സല്‍പ്രവൃത്തികള്‍, ധാര്‍മിക ഉപദേശങ്ങള്‍, നവീനമായ നിയമസംഹിത കള്‍ തുടങ്ങിയവയുടെ സഹായത്താല്‍ നിര്‍മാര്‍ജനം ചെയ്യാവുന്ന പിഴവുകളല്ല ബ്രാഹ്മണ മതത്തിലേതെന്നും മറിച്ച് കര്‍മസിദ്ധാന്ത ബന്ധിതമായ ദൈവപ്രകൃതി മനുഷ്യപ്രവാ ചകാദി ഹിന്ദുധാരണകളുടെ സ്വാഭാവികമായ പ്രത്യയശാസ്ത്ര സൃഷ്ടിയാണ് അതെന്നും അദ്ദേഹം നിരീക്ഷിച്ചു.

കുറിപ്പുകള്‍

31. പ്രൊഫസര്‍ സെര്‍ഗ്‌ബോണിന്റെ നീതിയെക്കുറിച്ചുള്ള സങ്കല്പമാണ് അംബേദ്കര്‍ ഉപയോഗിക്കുന്നത്. അത് ധാര്‍മികവ്യവസ്ഥയുടെ അസ്തിവാരമാണ്. നീതിനിഷ്ഠ സമത്വത്തെ സൂചിപ്പിക്കുന്നു. നിയമങ്ങളും നിബന്ധനകളും ശരിയും ധര്‍മനിഷ്ഠയും മൂല്യത്തിലെ സമത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ മനുഷ്യരും തുല്യരാണെങ്കില്‍, പൊതുവായ ഒരു സത്ത ഒരേ മൗലികാവകാശങ്ങള്‍ക്കും തുല്യമായ സ്വാതന്ത്ര്യത്തിനും അര്‍ഹതയുള്ളവരാക്കുന്നു. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയുടെ മറ്റൊരു പേരാണ് നീതി.
അംബേദ്കര്‍, ബി. ആര്‍. (ഡോ). ഡോ. ബി. ആര്‍. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, വാല്യം 6, പുറം.31.

32. അംബേദ്കര്‍ അവതരിപ്പിക്കുന്ന പ്രഹേളികകളില്‍ പതിനഞ്ചെണ്ണം മതപരവും അഞ്ചെണ്ണം സാമൂഹ്യപരവും നാലെണ്ണം രാഷ്ട്രീയപരവുമാണ്. അതില്‍ ആദ്യപ്രഹേളിക ആരാണ് ഹിന്ദു എന്നതാണ്. ജാതിവ്യവസ്ഥ യാണ് ഹിന്ദുമതത്തിന്റെ പ്രധാനഘടകമെന്നും ജാതിവ്യവസ്ഥയില്‍ വിശ്വസിക്കാത്തവരെ ഹിന്ദുവല്ലെന്ന് പറയാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടുമുതല്‍ ഒമ്പതുവരെയുള്ള പ്രഹേളിക ഉപനിഷത്തു ക്കളുടെയും വേദങ്ങളുടെയും ഉല്പത്തി, വികാസം ഇവയുമായി ബന്ധപ്പെട്ടതാണ്. ബ്രാഹ്മണപൗരോഹിത്യം അവയില്‍ ഇടപ്പെട്ട പങ്കിനെയാണ് അംബേദ്കര്‍ പരിശോധിക്കുന്നത്. മതഗ്രന്ഥങ്ങളെ വിശകലനം ചെയ്തുകൊണ്ട് വേദസംഹിതകള്‍ക്ക് അപൗരുഷേയങ്ങളും അപ്രമാദിത്വവും കൈവന്നത് ബ്രാഹ്മണപൗരോഹിത്യത്തിന്റെ ഫലമാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പത്ത് പതിനൊന്ന് പന്ത്രണ്ട് പ്രഹേളികകള്‍ ഹിന്ദു ദേവന്മാരെ പറ്റിയാണ്. അഗ്നി, ഇന്ദ്രന്‍, സോമന്‍, വരുണന്‍ എന്നിവരെ പിന്തള്ളി, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, രാമന്‍ എന്നീ ദേവന്മാര്‍ക്ക് സ്ഥാനം ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കുന്നു. മതവുമായി ബന്ധപ്പെട്ട ഹിംസ അഹിംസ എന്നിവയെക്കുറിച്ചുള്ളതാണ് പതിമൂന്ന്, പതിന്നാല്, പതിനഞ്ച് പ്രഹേളികകള്‍. 16 മുതല്‍ 20 വരെ പ്രഹേളികകള്‍ സാമൂഹ്യകാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ചാതുര്‍വര്‍ണ്യ ത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള അഭിപ്രായ വൈവിധ്യം അദ്ദേഹം വ്യക്തമാക്കുന്നു. 21 മുതല്‍ 24 വരെയുള്ളപ്രഹേളിക രാഷ്ട്രീയമാണ്. കലിയുഗസിദ്ധാന്തം തന്നെ ബ്രാഹ്മണപൗരോഹിത്യത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്. അവസാനത്തെ പ്രഹേളിക രാമനെയും കൃഷ്ണനെയും കുറിച്ചുള്ളതാണ്. അംബേദ്കറുടെ മരണശേഷമാണ് ഈ കൃതി ഇറങ്ങുന്നത്. ഈ കൃതിക്കെതിരെ ഹിന്ദു തീവ്രവാദഗ്രൂപ്പ് രംഗത്തു വരികയുണ്ടായി. അംബേദ്കര്‍, ബി. ആര്‍. (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, തിരുവനന്തപുരം, 2000, വാല്യം 8

33. ഇന്ത്യയിലെ ജാതികള്‍, അതിന്റെ യാന്ത്രികപ്രവര്‍ത്തനം ഉല്പത്തി വികാസം എന്നിവ വിശകലനം ചെയ്യുന്നു. ലാഹോറിലെ ജാഠ്-പത്-തോഡക് മണ്ഡലിന്റെ 1936ലെ വാര്‍ഷിക സമ്മേളനത്തില്‍ അവതരി പ്പിക്കാനായി തയ്യാറാക്കിയ ആശയങ്ങള്‍ കോണ്‍ഫറന്‍സിന് അസഹ്യ മാകുമെന്ന കാരണത്താല്‍ സ്വീകരണകമ്മറ്റി സമ്മേളനം റദ്ദാക്കി.
അംബേദ്കര്‍, ബി. ആര്‍. (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1996, വാല്യം 1, പുറം. 43-116.

34. അംബേദ്കര്‍, ബി. ആര്‍. (ഡോ) ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1996, വാല്യം 1, പുറം. 43-96.

35. അതേ കൃതി, പുറം-99-100.

36. കോണ്‍ഗ്രസ്സും ഗാന്ധിയും അസ്പൃശ്യര്‍ക്കുവേണ്ടി എന്തു ചെയ്തു, മി. ഗാന്ധിയും അസ്പൃശ്യരുടെ വിമോചനവും എന്നീ കൃതികളില്‍ അസ്പൃശ്യരോടുള്ള കോണ്‍ഗ്രസിന്റെയും ഗാന്ധിയുടെയും സമീപനത്തെ നിശിതമായി അംബേദ്കര്‍ വിമര്‍ശിക്കുന്നുണ്ട്. സാമൂഹികപരിഷ്‌കര ണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങുകയും രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തതായി അംബേദ്കര്‍ വിമര്‍ശിക്കുന്നു.
അംബേദ്കര്‍, ബി. ആര്‍ (ഡോ). ഡോ. അംബേദ്കറുടെ സമ്പൂര്‍ണ്ണകൃതി കള്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, വാല്യം 16, 17 എന്നിവ കാണുക.

37. അംബേദ്കര്‍, ബി. ആര്‍ (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1996, വാല്യം 1, പുറം. 3.

38. മനുസ്മൃതിനിയമമനുസരിച്ച് അന്ത്യജര്‍ഗ്രാമത്തിന് പുറത്താണ് വസിക്കേണ്ടത്. ചണ്ഡാലരുടെയും ശ്വപാകരുടെയും പാര്‍പ്പിടങ്ങള്‍ ഗ്രാമത്തിന് വെളിയിലായിരിക്കണമെന്നും അവരെ അപപാത്രരാക്കണ മെന്നും നായ്ക്കളും കഴുതകളും അവരുടെ ധനമായിരിക്കണമെന്നും മനുസ്മൃതി. അസ്പൃശ്യര്‍ ഇന്ത്യയിലൊട്ടാകെ ഗ്രാമത്തിനു പുറത്താണെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്. അംബേദ്കര്‍, ബി. ആര്‍. (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, വാല്യം 14, പുറം. 32-38.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണവേളയില്‍ ഗ്രാമത്തെ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാനഘടകമാക്കി ഗ്രാമസമിതികള്‍അടങ്ങുന്ന പഞ്ചായത്തീരാജ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ 'ഗാന്ധിയന്‍ ഭരണഘടന' വേണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അംബേദ്കര്‍ ഇതിനെ നിശിതമായി വിമര്‍ശിച്ചു. 
ഈ റിപ്പബ്ലിക്കുകളാണ് ഇന്ത്യയെ നശിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ ഭരണഘടനയില്‍ ഗാന്ധി മാര്‍ഗത്തിന്റേതായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് രാമചന്ദ്രഗുഹയും നിരീക്ഷിക്കുന്നുണ്ട്.
രാമചന്ദ്രഗുഹ. ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി. സി. ബുക്‌സ്, കോട്ടയം, 2011, പുറം. 158-161 കാണുക.

39. അംബേദ്കറുടെ രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം സാമൂഹികപരിരക്ഷയുമായി ബന്ധപ്പെട്ടതാണ്. സൈമണ്‍ കമ്മീഷനു മുന്നില്‍ ദലിതരുടെ രാഷ്ട്രീയ പരിരക്ഷയ്ക്കുവേണ്ടി വാദിക്കുകയും പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഭരണഘടനാപരമായി നിയമവല്‍ക്കരിക്കേ ണ്ടതുണ്ടെന്നും അദ്ദേഹം സ്ഥാപിച്ചു. അസ്പൃശ്യര്‍ ഒരു സ്വതന്ത്രസമൂദായ മാണെന്ന് വ്യക്തമാക്കിയതിനു ശേഷമായിരുന്നു ഇത്. അവരുടെ ആവശ്യങ്ങളെ രാഷ്ട്രീയം, വിദ്യാഭ്യാസപരം, സാമൂഹികം എന്നിങ്ങനെ മൂന്നായി വിഭജിച്ച് അതിനുള്ള പരിരക്ഷ ഭരണഘടനാപരമായി ഉറപ്പുവരുത്താനും അംബേദ്കര്‍ ശ്രമിച്ചു.
അംബേദ്കര്‍, ബി. ആര്‍. (ഡോ). അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1997, വാല്യം 4, പുറം. 189-228. വാല്യം 17, പുറം. 5-19 കാണുക.