"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 2, ചൊവ്വാഴ്ച

പുലയര്‍ ഉത്പത്തി കാരണമായ ചേലമറ്റം, പുലക്കോട്ട ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

എറണാകുളം ജില്ലയിലെ മറ്റൊരു പ്രധാന ദേവിക്ഷേ ത്രമാണ് ചെങ്ങമനാട് 'പള്ളിപ്പാട്ട് കാവ്'. കാവിലെ ഉത്സവ ദിവസത്തിന് ദേവിപ്രീതിക്കായി വിത്ത് ചൊരിയലും താലപ്പൊലിയും പുലയരുടെ വകയായി നടത്തി വരുന്നു. ഏകദേശം 150 വര്‍ഷം പഴക്കമുള്ള ഈ ആചാരം മുറ തെറ്റാതെ ഇന്നും നടക്കുന്നുണ്ട്. മകരകൊയ്ത്ത് കഴിഞ്ഞ് ലഭിക്കുന്ന നെല്ല് ദേവിസന്നിധിയില്‍ വഴിപാടായി അര്‍പ്പിക്കുന്നതാണ് വിത്തുചൊരിയല്‍. ദേശം കാട്ടില്‍ കാവിലെ വഴിപാട് കഴിഞ്ഞ് അവിടെ നിന്ന് എഴുന്നുളളി പാതിരാത്രിയോടെ എല്ലാവരും ചേര്‍ന്ന് പള്ളിപ്പാട്ട് കാവിലേക്ക് പോകുന്നു. പെണ്‍കുട്ടികളടക്കമുള്ളവര്‍ മുടിയാട്ടം നടത്തും. മൂന്നു പ്രാവശ്യം പ്രദക്ഷിണം വച്ച് താലം നടയില്‍ വയ്ക്കും. തുടര്‍ന്ന് വെളിച്ചപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ വിത്തുചൊരിയും. വര്‍ഷങ്ങളായി ദേശം ഏ.സി.വേലായുധനാണ് ഈ അനുഷ്ഠാനം നടത്തി വരുന്നത്. തുടര്‍ന്ന് അസുരകോലം കെട്ടി ദേവിയെ പ്രദക്ഷിണം വയ്ക്കുന്നു. ഇത് ദേശനിവാസികളുടെ മാറാരോഗങ്ങള്‍ക്ക് ശമനം വരുത്തുന്നതിനാണെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ദേഹമാസകലം വാഴപ്പോളകള്‍ കൊണ്ട് കെട്ടി അതില്‍ നൂറ്റിയൊന്ന് (101) കോല്‍തിരികള്‍ കത്തിച്ചാണ് വെളിച്ചപ്പാട് ദേവിയെ വലയം വയ്ക്കുന്നത്. 2011ലെ ഉത്സവത്തിന് ഈ ചടങ്ങിന് മാത്രം മുന്നൂറിലധികംപേര്‍ പങ്കെടുത്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 

മറ്റൊരു പ്രസിദ്ധമായ ക്ഷേത്രമാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിക്ക് വടക്കുമാറി പെരിയാറിന്റെ തീരത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ക്ഷേത്രോല്പത്തിക്ക് കാരണം പെരിയാറില്‍ കാറ്റാടി കുട്ടയില്‍ നെല്ല് കഴുകികൊണ്ടിരുന്ന പുലയ സ്ത്രീകളാണെന്ന് 'ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഐതീഹ്യങ്ങളും മാഹാത്മ്യങ്ങളും' എന്ന ക്ഷേത്രം വക പ്രസിദ്ധീകരണത്തില്‍ പറയുന്നു. 1200 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം അവിടത്തെ പ്രശസ്ത വേലിയംകോല്‍ മനയ്ക്കാരുടെ അവകാശത്തില്‍പ്പെട്ടതായി കാണുന്നു. മനയ്ക്കലെ ജോലിക്കാരായ അയിക്കരകൂട്ടം പുലയരാണ് ക്ഷേത്രോല്പ ത്തിയുടെ കാരണക്കാര്‍. പുലയ സ്ത്രീകള്‍ കൊയ്ത്ത് കഴിഞ്ഞ് പാടത്ത് അവശേഷിക്കുന്ന നെല്‍ക്കതിരുകള്‍ (പിടിതാള്) പെറുക്കിയെടുത്ത് മെതിച്ച് കാറ്റാടി കുട്ടയില്‍ പെരിയാറില്‍ കൊണ്ടുപോയി കഴുകി കൊണ്ടിരിക്കു മ്പോള്‍ ഒരു പേടകം ഒഴുകി വരുന്നതായി കണ്ടു. ഈ പേടകമെടുക്കു ന്നതിന് പുലയസ്ത്രീകള്‍ ശ്രമിക്കുന്തോറും അത് അകന്നകന്ന് പോകുകയും പിന്‍തിരിയുമ്പോള്‍ കരയ്ക്കടുത്തേക്ക് വരികയും അങ്ങനെ അതെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പുലയസ്ത്രീകള്‍ മനക്കല്‍ ചെന്ന് വിവരമറിയി ക്കുകയും മനയില്‍ നിന്നും നമ്പൂതിരി കാരണവര്‍ പുഴയില്‍ ചെന്ന് ആ പേടകമെടുത്ത് തുറന്ന് നോക്കിയപ്പോള്‍ സൂര്യതേജസ്സ് പോലൊരു ദിവ്യപ്രഭ പരത്തികൊണ്ടിരിക്കുന്ന ഒരു ബിംബം കാണുകയുമുണ്ടായി. ഈ ബിംബം ഒരു ശ്രീകോവില്‍ പണിത് മനക്കാര്‍ പൂജ നടത്തുകയും ചെയ്തു. അതിന് ശേഷം നടത്തിയ പ്രശ്‌നവിധിയില്‍ ക്ഷേത്രോത്സവ ത്തിന്റെ വലിയ വിളക്കിന്‍ നാളില്‍ ദേവനെ തിടമ്പിലേറ്റി കൊണ്ടുവന്ന് പുഴയില്‍ നിന്നും ലഭിച്ച ഭഗവാന്റെ വിഗ്രഹം ഇറക്കിവെച്ച അതേ സ്ഥാനത്ത് തിടമ്പിറക്കി വച്ച് പൂജ നടത്തണമെന്നും പൂജയ്ക്ക് വേണ്ടി ഒരുക്കുന്ന നിവേദ്യത്തില്‍ ഒരു ഭാഗം അന്തിമഹാകാളന് നിവേദിക്കണ മെന്നും ബാക്കി നിവേദ്യം ദേവന് നിവേദിച്ചതിന് ശേഷം ആദ്യദര്‍ശനം ലഭിച്ച അയ്ക്കരക്കൂട്ടം പുലയര്‍ക്ക് കൊടുക്കണമെന്നും വിധിയുണ്ടായി. കൂടാതെ ക്ഷേത്രം അഭിവൃത്തിപ്പെടുമ്പോള്‍ ഈ കുടുംബക്കാര്‍ക്ക് വേണ്ടി ദേവസ്വം വക തുക കൊണ്ട് അവര്‍ക്ക് ഒരു ശ്മശാനം ഉണ്ടാക്കി കൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. അതുപ്രകാരം ക്ഷേത്രത്തിന് കിഴക്ക്-വടക്കുമാറി 2 ഏക്കര്‍ ഭൂമി വാങ്ങി് ശ്മശാനം നിര്‍മ്മിച്ച് നല്‍കിയിട്ടു ണ്ട്. അടുത്തകാലത്തായി വാഹന അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുപോയ റിട്ടയേര്‍ഡ് ട്രാവണ്‍കൂര്‍ റയോണ്‍സ് ജീവനക്കാരനായ അയ്ക്കരക്കൂട്ടം കുപ്പിശ്ശേരിയില്‍ അയ്യപ്പന്‍ ശേഖരനാണ് ക്ഷേത്രത്തിന്‍ നിന്നുളള അവകാ ശം കൈപ്പറ്റികൊണ്ടിരുന്നത്. 

പെരുമ്പാവൂര്‍ പുലക്കോട്ട ധര്‍മ്മശാസ്താ ക്ഷേത്രവും പുലയരുടെ ചരിത്രമുള്ള ക്ഷേത്രമാണ്. ആ ക്ഷേത്രത്തിന്റെ അവകാശികളും ആ പ്രദേശത്തെ നാലുകൂട്ടം പുലയരാണ്. മേലാടി കൂട്ടം, ചെറാടിക്കൂട്ടം, പളളിക്കൂട്ടം, നാത്തനാട്ട് കൂട്ടം എന്നീ നാലുകൂട്ടം പുലയരെ അങ്കമാലി മഞ്ഞപ്രയില്‍ നിന്നും കൃഷിപ്പണിക്കായി കോട്ടയില്‍ കര്‍ത്താക്കന്മാര്‍ പെരുമ്പാവൂര്‍ ടൗണിന്റെ അടുത്ത പ്രദേശമായ കടുവാളില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. ക്ഷേത്രോല്പത്തിയുമായിട്ടുള്ള ഒരു കഥ ഇങ്ങനെയാണ്. ഉദയന്‍ എന്ന ആക്രമകാരി പന്തളം രാജ്യത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോള്‍ ധര്‍മ്മശാസ്താവ് ഭിന്നരൂപങ്ങള്‍ പ്രാപിച്ച് ജ്യോഷ്ഠാനുജന്മാരായി പെരുമ്പാവൂരില്‍ എത്തിച്ചേരുകയും നാടുവാഴിയാ യിരുന്ന കോട്ടയില്‍ കര്‍ത്താക്കന്മാരുടെ ആശ്രിതരായി കൂടുകയും ഇന്നത്തെ പെരുമ്പാവൂരാകുന്ന പാഴ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് അനുവാദം വാങ്ങുകയും കൃഷിപ്പണിക്കായി ആലങ്ങാട്ടു നിന്നും, അങ്കമാലി മഞ്ഞപ്രയില്‍ നിന്നും, കൃഷിപ്പണിക്കായി 4 കൂട്ടം പുലയരെ വരുത്തിക്കുകയും അവരെ കൊണ്ട് കൃഷിപ്പണി ചെയ്യിപ്പിക്കുകയും തൊഴിലാളികള്‍ക്ക് കൃഷിപ്പണിയോടൊപ്പം ആയുധ അഭ്യാസം പരിശീ ലിപ്പിക്കുന്നതിന് ഒരു കോട്ട കെട്ടി കൊടുക്കുകയും ചെയ്തു. ആയുധാ ഭ്യാസം അവരെ പഠിപ്പിക്കുകയും ചെയ്തു. താമസിയാതെ ആ പ്രദേശം കാര്‍ഷികവൃത്തിക്കൊപ്പം തന്നെ കെട്ടുറപ്പുള്ള ഒരു സൈന്യത്തെയും രൂപപ്പെടുത്തി. ഈ പുലയരെ ഉപയോഗപ്പെടുത്തി ഉദയനെ നിഗ്രഹം ചെയ്യുകയും പന്തളത്തെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് പെരുമ്പാവൂരില്‍ തിരിച്ചെത്തിയ ധര്‍മ്മശാസ്താവ് ജ്യേഷ്ഠാനുജന്മാരുടെ വേഷത്തില്‍ സ്ഥലങ്ങള്‍ ചുറ്റികാണുകയും രാത്രി കാലമായപ്പോള്‍ അന്നത്തെ നിബിഡവനമായ കടുവ അളത്തിന് സമീപം (പുലക്കോട്ടപതി) ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്പ് പുലക്കോട്ട ശാസ്താവിനെ സങ്കല്‍പ്പിച്ച് പാലമരത്തിന്റെ ചുവട്ടില്‍ കല്ല് വച്ച് ആരാധന നടത്തി കൊണ്ടിരുന്ന സ്ഥലത്താണ് പുലയര്‍ ക്ഷേത്ര പ്രവേശനം ലഭിക്കുന്നതുവരെ പറ നിറയ്ക്കലും തുളളലും ചാട്ടവുമെല്ലാം നടത്തി കൊണ്ടിരുന്നത്. 1967-ല്‍ കടുവ അളളം അടച്ച് കോണ്‍ക്രീറ്റ് മൂടിയ പ്രദേശം സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിച്ച് അവിടെ ഗവേഷണം നടത്തി പുലയരുടെ പ്രാചീന സംസ്‌കാരവും, ജീവിതങ്ങളും പഠനവി ധേയമാക്കണമെന്ന് റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സമീപവാസിയും പൊതുപ്രവര്‍ത്തകനുമായ ചേറാടിക്കൂട്ടം കെ.സി മോഹനനന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്. 

ജ്യേഷ്ഠന്‍ പുലയരുമായി കൂട്ടുചേരുകയും പുലക്കോട്ട ശാസ്താവായി മാറുകയും ചെയ്തു. ഇന്നത്തെ പെരുമ്പാവൂര്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് 300 മീറ്റര്‍ കിഴക്ക്-വടക്ക് അകലെ പുലയര്‍ കൃഷി ചെയ്തുകൊണ്ടിരുന്ന കൊളോ പാറ പാടത്തിന്റെ കരയില്‍ പുലയര്‍ പുലക്കോട്ട നിര്‍മ്മിച്ച് ചാര്‍ത്താവിനെ (ശാസ്താവിനെ) സങ്കല്പിച്ച് ആരാധന നടത്തിപ്പോരുകയും ചെയ്തു. ഇന്നു കാണുന്ന പുലക്കോട്ട ധര്‍മ്മശാസ്താ ക്ഷേത്രം 1967 ല്‍ ശ്രീ.എം.കെ. കുഞ്ഞോലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുപോന്ന കേരള ഹരിജന്‍ സമാജത്തിന്റെ നേതാവ് തോട്ടുവ നരേന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയാണ് നിര്‍മ്മിച്ചത്. ക്ഷേത്രം ഇരിക്കുന്ന സ്ഥാനത്ത് നിന്ന ഒരു പാലമരത്തിന്റെ ചുവട്ടില്‍ പുലയര്‍ പുലക്കോട്ട ശാസ്താവിനെ സങ്കല്പിച്ച് അന്തിത്തിരി വച്ചുകൊണ്ടിരുന്ന പതിയിലെ പാലമരം മുറിച്ച് മാറ്റിയാണ് അവിടെ ക്ഷേത്രം നിര്‍മ്മിച്ചത്. (ക്ഷേത്ര നിര്‍മ്മാണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മങ്കുഴി മാധവനും മെമ്പര്‍ മക്കപ്പുഴ വാസുദേവനും സഹായം ചെയ്തു). കോളോപാറ പാടത്തിന്റെ കാവല്‍കാരനായ പേങ്ങന്‍ എന്ന പുലയനായിരുന്നു അന്നത്തെ കര്‍മ്മി. അതിന് മുമ്പ് പതിയുടെ മടാതിപതി പയ്യാമറ്റം കുറുമ്പനുമായിരുന്നു. പാലമരത്തിനു മുന്‍വശം കൂടമാടം കെട്ടി (കാവല്‍മാടം) കൃഷിയിടം കാത്തുസൂക്ഷിച്ചുപോന്ന പുലയരായിരുന്നു അവിടുത്തെ താമസക്കാര്‍. ഇന്ന്‌ക്ഷേത്രം വളരെ പ്രസിദ്ധിയിലും പ്രചാരത്തിലുമാണ്. ഒരു കാലത്ത് ക്ഷേത്രദര്‍ശനത്തിന് അറച്ചുനിന്ന സവര്‍ണര്‍ ഇന്ന് പുലക്കോട്ട ശാസ്താവിന്റെ ഭക്തന്മാരാണ്. ക്ഷേത്ര ത്തിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണ ങ്ങളും അവര്‍ ചെയ്തു വരുന്നുണ്ട്. പുലയര്‍ക്ക് ക്ഷേത്രപ്രവേശനം നിരോധിച്ചി രുന്ന അക്കാലത്ത് പുലയര്‍ കൂട്ടമായി ചേര്‍ന്ന് തുടികൊട്ടുംപാട്ടും നടത്തി പുലക്കോട്ട ശാസ്താവിന്റെ അടുക്കലേക്ക് പോന്നിരുന്നത് കടുവ അള്ളിന്റെ മുന്‍വശത്ത് നിന്നായിരുന്നു. ഇന്ന് ആ അള്ളം ചില വ്യക്തി കള്‍ കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് മറച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ധര്‍മ്മശാസ്താ ക്ഷേത്രത്തിന് വടക്കുമാറി സ്ഥിതിചെയ്യുന്നു പുലക്കോട്ട ശാസ്താവ്. അയ്യപ്പ ഭക്തനായ ഞാളൂര്‍ കോട്ടകര്‍ത്താവിന് ഭക്തവാത്സല്യം മൂലം ദര്‍ശനമരുളിയ ശ്രീ അയ്യപ്പന്‍ ഇരിങ്ങോള്‍ ഗ്രാമത്തിന്റെ കിഴക്കുവശത്തുള്ള ഞാളൂര്‍ കോട്ടകളരി സന്ദര്‍ശിച്ച ശേഷം ദേവിയുടെ പൂജാവനമായ ഇരിങ്ങോള്‍ വനത്തില്‍ കൂടി വന്നപ്പോള്‍ മോഹിനി രൂപത്തില്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചു. അതിനുശേഷമാണ് പെരുമ്പാവൂരില്‍ ആവാസമുറപ്പിക്കാന്‍ തീരുമാനിച്ചത്. തന്നെയല്ല, തന്റെ അമ്മ ആദ്യമായി ദര്‍ശനം നല്‍കിയ പുലയരുടെ സങ്കടപരിഹാരത്തിനായി ഭഗവാന്‍ ആദ്യമിരുന്ന സ്ഥാനത്തിനു വടക്കുമാറി, ജ്യേഷ്ഠന്റെ സങ്കല്പത്തില്‍ പുലക്കോട്ട ശാസ്താവായി പരിണമിച്ച് കുടികൊള്ളുകയും പുലയര്‍ക്ക് അന്നുമുതല്‍ അവിടെ ആരാധന സ്വാതന്ത്ര്യം ലഭിച്ചു എന്നുപറയുന്നു. മേടസംക്രമ ദിനത്തിലാണ് പുലക്കോട്ട ശാസ്താവിന്റെ ഉത്സവം. ശാസ്താവിനെ ദര്‍ശിക്കാന്‍ വന്നാല്‍ അയ്യപ്പന് കലശം വേണ്ട. താളമേളങ്ങളോടെ ജ്യേഷ്ഠനെ ദര്‍ശിക്കാന്‍ അനിയന്‍ എത്തുകയും, ആ സമയം ശാസ്താവ് തുള്ളിവന്ന് അനുജനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ ആറാട്ടുത്സവ യാത്രയി ലുടനീളം പടവാളുമേന്തി കോട്ടയില്‍ കര്‍ത്താക്കന്മാര്‍ ശാസ്താവിനെ അനുഗമിക്കുന്നു. (മാതൃഭൂമി 1994 മെയ് 19) ജേഷ്ഠനോട് സുഖമാണോ എന്ന് ചോദിച്ച് വിട വാങ്ങുന്നു. ചടങ്ങ് ഇന്നും തുടരുന്നു.

----------------------------------------

ഒര്‍ണ കൃഷ്ണന്‍കുട്ടി എഴുതുന്ന പുസ്തകത്തില്‍ നിന്നും 
ഫോണ്‍ 8281456773