"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

മാറുന്ന സമരരീതികള്‍ക്ക് ഒരടിക്കുറിപ്പ് - സാബു വയലുങ്കല്‍

2014 നവംബര്‍ 2-ാം തീയതി ഞായറാഴ്ച അന്നാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പുതുതലമുറയുടെ പുത്തന്‍ സമരരീതിയായ ചുംബനകൂട്ടായ്മയ്ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ഫ്രീ തീങ്കേഴ്‌സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ യുടെ ആശയമായിരുന്നു മറൈന്‍ ഡ്രൈവിലെ ചുംബനകൂട്ടായ്മയെങ്കില്‍ അതിനു പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് തൃശൂരില്‍ തെക്കെഗോപുര നടയിലും പിന്നീട് നെഹ്‌റു പാര്‍ക്കിലുമായി നടന്ന ആലിംഗന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത് ക്യൂര്‍ കേരള എന്ന സംഘടനയാണ്,

ഈ വ്യത്യസ്ത സമര രീതിക്ക് കേരള ജനതയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്‍തുണയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് ഇത്തരം സമരരീതികളുടെ കാലിക പ്രസക്തി നാം മനസ്സിലാക്കുന്നത്.

ചില ജാതിമത തീവ്രവാദികള്‍ സദാചാരപ്പോലീസ് ചമഞ്ഞ് രാഷ്ട്രീയ പിന്തുണയോടെ കേരളത്തിലെ ക്രമസമാധാനം കൈയ്യിലെടുക്കുന്ന കാഴ്ചകളാണ് കുറേക്കാലങ്ങളായ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ കാട്ടാളത്തം ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍ വരും തലമുറകളിതിന് വലിയ വില നല്‍കേണ്ടിവരുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

പവിത്രതയെ കൂട്ടുപിടിച്ച് സാംസ്‌ക്കാരിക മൂടുപടമണിഞ്ഞ് ഭാരതീയ പൈതൃകം തങ്ങള്‍ക്കുമാത്രം അവകാശപ്പെടുന്നതാണെന്നഹംങ്കരിക്കുന്ന ചില അധഃമ മതവാദികളും ഭരണപങ്കാളിത്തത്തിലൂടെ അധികാരം പിടിച്ചടക്കി വിഭവങ്ങള്‍ക്കുമേലുള്ള അവകാശങ്ങളുറപ്പിക്കുവാന്‍ എത്രതരം താഴുവാനും മടിയില്ലാത്ത കപട രാഷ്ട്രീയക്കാരും സാംസ്‌ക്കാരിക ശവപ്പെട്ടിയില്‍ അവസാനത്തെ ആണികൂടി അടിക്കുവാന്‍ തക്കംപാര്‍ത്തു കാത്തിരിക്കുന്ന പുത്തന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരു മൊക്കെകൂടി കേരളത്തെ വീണ്ടും വീണ്ടും ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതിക്ഷേധത്തിന്റെ ഏതറ്റംവരെ പോകുവാനും കേരളീയ യുവത്വം കാണിക്കുന്ന ഈ ചങ്കൂറ്റത്തിനു മുന്‍പില്‍ തിരിച്ചറിവുള്ളവര്‍ നമിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

സ്വന്തമത താത്പര്യങ്ങള്‍ മറ്റൊരു സമൂഹത്തെ മുഴുവനും അടിച്ചേല്‍പ്പിക്കുവാനുള്ള കപട സദാചാരവാദികളുടെ ഈ സംഘടിത ശ്രമം തിരിച്ചറിഞ്ഞ് അതിനെ എതിര്‍ക്കുക എന്നത് കാലഘട്ടിത്തിന്റെ ആവശ്യകതയാണ്. ഭാര്യയും ഭര്‍ത്താവും അമ്മയും മകനും സഹോദരനും സഹോദരിയും അച്ഛനും മകളും എന്തിനേറെ പരസ്പരം അറിയാവുന്ന സ്ത്രീയും പുരുഷനും പോലും കേരളത്തിലെ പൊതു സ്ഥലങ്ങളിലോ പൊതു നിരത്തുകളിലോ ഒരുമിച്ചിരിക്കുവാനോ ഒരുമിച്ചു നടക്കാനോ കഴിയാത്ത സാഹചര്യം സംജാതമാകുമ്പോള്‍

അതിനു കൂട്ടു നില്‍ക്കുകയും അതു കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഭരണസംവിധാനങ്ങള്‍ക്കെതിരെ പ്രതികരണശേഷിയുള്ള സമൂഹം പ്രതികരിക്കും അതു തികച്ചും സ്വഭാവികം മാത്രമാണ്.

എന്നാല്‍ ഇത്തരം സംഭവങ്ങളെ കേരളത്തിലെ ദലിത് സമൂഹം വളരെ ഗൗരവപൂര്‍വ്വം കാണേണ്ടിയിരിക്കുന്നു. കാരണം ഒരു പൗരന്റെ സര്‍വ്വതോന്മുഖമായ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്നതും അവനു സംരക്ഷണം നല്‍കേണ്ടതുമായ 'ആവശ്യ സര്‍വ്വീസുകള്‍' എല്ലാം തന്നെ ഇവിടെ സംഘടിതമാണ്. അവയൊക്കെ നിയന്ത്രിക്കുന്നതാകട്ടെ ജാതിമത രാഷ്ട്രീയവും. അതുകൊണ്ടു തന്നെ ഈ അവിശുദ്ധകൂട്ടുകെട്ടുകള്‍ നല്‍കുന്ന ഉത്തരങ്ങളാണ് സാമൂഹ്യ ഇടപെടലു കളില്‍ പലപ്പോഴും പ്രതിഫലിക്കുന്നത്.

നൂറ്റാണ്ടുകളായ് അധികാര രാഷ്ട്രീയത്തില്‍ വ്യക്തമായ ഇടം നേടാന്‍ കഴിയാതെ ചിതറിക്കിടക്കുന്ന ദലിത് സമൂഹത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ അമ്മയോ സഹോദരിയോ ആരുമാകട്ടെ അവരീ സദാചാരപ്പോലീസിന്റെ കൈകളില്‍പെട്ടാലുള്ള അവസ്ഥയുടെ ഭീകരത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പട്ടാപകല്‍ മാതാപിതാക്കളുടെ കണ്‍മുന്‍പിലിട്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാല്‍സംഘം ചെയ്തു തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേയും കേരളത്തിലെ ദലിത് ആദിവാസി മേഖലകളിലെയും വെളുത്തവന്റെ കൊലവിളിയും കറുത്തവന്റെ നിലവിളിയും ഒരിക്കലും ഇന്‍ഡ്യന്‍ മനസാക്ഷിയെ ഉണര്‍ത്താറില്ലെന്ന കാര്യം തര്‍ക്കമറ്റ സംഗതിയാണ്.

ഇത്തരുണത്തില്‍ സമകാലിക കേരളത്തില്‍ ദളിത് സമൂഹം നേരിടുന്ന വ്യക്തിപരവും കുടുംബപരവും സാംസ്‌ക്കാരിക രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ മൗനം നടിക്കുന്ന ഇവിടുത്തെ ദലിത് സംഘടനകളുടെ ഇരട്ടത്താപ്പുനയം ഇനിയും മാറേണ്ടിയിരിക്കുന്നു. അതിനാദ്യം നേതൃത്വനിരകളുടെ മനസാണു മാറേണ്ടത്.

മഹാത്മാ അയ്യന്‍കാളിയും പൊയ്കയില്‍ കുമാരഗുരുദേവനും പാമ്പാടി ജോണ്‍ ജോസഫും വെള്ളിക്കര ചോതിയും കെ. പി. വള്ളോനുമൊക്കെ കഴിഞ്ഞ കാലങ്ങളില്‍ ഈ ജനതയുടെ വിമോചനത്തിനുവേണ്ടി പോരാടിയ സമുന്നതരായ നേതാക്കന്മാരായിരുന്നുവെന്ന് ഇന്നു നാം അഭിമാനത്തോടെ ഓര്‍ക്കാറുണ്ടല്ലൊ.

എന്നാല്‍ ഒരു സംഘടിത മുന്നേറ്റത്തിനായ് സമയാസമയങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ അവര്‍ക്ക് കഴിയാതെപോയി എന്ന സത്യം ചരിത്രത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാകുന്നു.

ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യന്‍കാളിതന്നെ ശുപാര്‍ശചെയ്തു നോമിനേറ്റു ചെയ്ത ചരതന്‍ സോളമനെ അതെ അസംബ്ലിയില്‍വച്ച് അയ്യന്‍കാളിക്കു തന്നെ തള്ളിപ്പറയേണ്ടിവന്നു എന്നത് അന്നും ഇന്നും ഈ സമൂഹത്തിന് അഭിപ്രായസഹകരണവും നേതൃത്വബഹുമാനവും ഇല്ല എന്നതിന്റെ തെളിവാണ്. എന്നാലന്നു കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അഭിപ്രായസമന്വയങ്ങള്‍ക്കും അവര്‍ക്ക് കഴിയാതെ പോയതിന് കാലഘട്ടത്തിന്റെ ന്യായീകരണങ്ങളുണ്ട്.

എന്നാലിന്ന് ലോകം കൈ കുമ്പിളിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍ സ്വന്ത സമൂഹത്തെ ഒറ്റുകൊടുത്ത് സ്വയം ആളാകാന്‍ ശ്രമിക്കുന്നിടത്താണ് ചരതന്‍ സോളമന്‍മാര്‍ പുനര്‍ജനിക്കുന്നത്. അതുകൊണ്ട് എന്തുകൊണ്ടും സത്യസന്ധമായ ഒരു നേതൃത്വമാണ് ദലിതരുടെ ഇടയില്‍ ഇന്നിന്റെ ആവശ്യം.

സ്ത്രീശാക്തീകരണവും പരിസ്ഥിതി വാദവും ദലിത് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളും വെറും കപടനാടകങ്ങളായ് അധഃപതിക്കുന്ന ഇടങ്ങളിലാണ് നാം നമ്മുടെ പൈതൃകം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത്.

ജൈന, ബുദ്ധ, ആര്യ അധിനിവേശകാലങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ പൂര്‍വ്വികര്‍ ഇവിടെ ഉന്നതവും പവിത്രവുമായൊരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പെടുത്തിയിരുന്നു.

എന്നാലിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കപട സദാചാര വാദികള്‍ക്കെതിരെ ''ചുംബനാലിംഗലന സമരം നടത്തി പ്രതിഷേധി ക്കുവാന്‍ കേരള യുവത്വം തയ്യാറാകുമ്പോള്‍ മതാന്ധതയുടെ മറവില്‍ നാടുനന്നാക്കാനിറങ്ങിയ ഈ കപട സദാചാര വാദികളുടെ പിന്‍തലമുറ ക്കാര്‍ക്കു മുമ്പില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു മാറുമറയ്ക്കുവാനും മനുഷ്യരായ് ജീവിക്കുവാനും സമരം ചെയ്യേണ്ടിവന്ന ദലിത് ജനതയുടെ കണ്ണീരും വിലാപവും നാം മറന്നുപോകരുത്.

1822ലും 1859ലും രണ്ടു ഘട്ടങ്ങളായ് നടന്ന ചാന്നാര്‍ ലഹളയുടെയും 1915ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കുണ്ടറയ്ക്കടുത്ത് പെരുനാട്ടില്‍ വച്ചു നടന്ന പെരുന്നാട്ടു ലഹളയുടെയും ചരിത്രപശ്ചാ ത്തലവും കൂട്ടിവായിക്കപ്പെടേണ്ടതാണ്.

അതുപോലെ 1915-ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരുട്ടമ്പലം എന്ന സ്ഥലത്ത് മഹാത്മാ അയ്യന്‍കാളി പഞ്ചമിയെന്ന ദലിത് പെണ്‍കുട്ടിയുടെ കരം പിടിച്ച് പെണ്‍പള്ളിക്കൂടത്തിലേക്ക് കടന്നു ചെന്ന സംഭവം കേവലം വിദ്യാഭ്യാസത്തിനു മാത്രം വേണ്ടിയുള്ള സമരമായിരുന്നില്ല. അടിമനുക ത്തില്‍ അടിപ്പെട്ടു കിടന്ന ഒരു സമൂഹത്തിന് അറിവിലൂടെ പുത്തന്‍ ദിശാബോധം പകര്‍ന്നു നല്‍കി അവരുടെ സാംസ്‌ക്കാരിക അടിത്തറ ഉറപ്പിക്കുക എന്ന ലക്ഷ്യംകൂടി അതിനുണ്ടായിരുന്നു.

ജ്യോതിറാവുഫുലേ 1848-ല്‍ മഹാരാഷ്ട്രയില്‍ ദലിത് പെണ്‍കുട്ടികള്‍ക്കായി പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച കാര്യവും ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്.

ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഇവിടുത്തെ ദലിത് സമൂഹത്തിന് എല്ലാക്കാലത്തും ഉയര്‍ന്ന സാമൂഹ്യബോധവും വീക്ഷണ വും ഉണ്ടായിരുന്നു എന്നുള്ള സത്യമാണ്.

ഒരു കാലത്തിവിടെ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാര ങ്ങളുടെയും നാള്‍ വഴികളിലൂടെ ഒരു നിമിഷം ഒന്നു കണ്ണോടിച്ചാല്‍ കേരളത്തിലെ കപട സദാചാരവാദികളുടെ അന്നത്തെ വികൃതമുഖം നമുക്ക് തിരിച്ചറിയുവാന്‍ കഴിയും. അതിനുള്ള ഏറ്റവും നല്ല തെളിവാണ് എ. ഡി. 1695-ല്‍ ഉണ്ണി കേരളവര്‍മ്മ വേണാട്ടില്‍ നിര്‍ത്തലാക്കിയ പുലപ്പേടിയും മണ്ണാപേടിയും. ഇത്തരം ദുരാചാരങ്ങളുടെ കരാളഹസ്ത ങ്ങളില്‍പ്പെട്ട് എത്രയെത്ര നമ്പൂതിരി സ്ത്രീകളുടെ സ്വപ്നങ്ങളും പ്രതീക്ഷക ളുമാണ് അന്ന് ഇവിടെ തകര്‍ന്നു വീണിട്ടുണ്ടാവുക. അതേസമയം തങ്ങളുടെ പിതാക്കന്മാര്‍ നായരും നമ്പൂതിരിയുമാണെന്നു വിളിച്ചു പറയുന്ന ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ദലിത് സ്ത്രീകളോടു ണ്ടായിരുന്ന പ്രത്യേക താത്പര്യം തിരിച്ചറിയുവാന്‍ 1599ലെ ഉദയംപേരൂര്‍ സുനഹദോസ് അന്നു കൈക്കൊണ്ട തീരുമാനങ്ങളൊന്നും പരിശോധിച്ചാല്‍ മാത്രം മതിയാവും ഇപ്രകാരമുണ്ടാക ജാരസന്തതികളെ ക്രിസ്ത്യാനിയായി വളര്‍ത്തണമെന്നുള്ള നിയമം പോലും കാനോന്‍ പ്രകാരം അന്ന് എഴുതിച്ചേര്‍ക്കേണ്ടി വന്നു.

ഇത്തരത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ദലിത് സ്ത്രീകള്‍ക്ക് ''വെള്ളാട്ടികള്‍'' എന്ന ഓമനപ്പേര്‍ നല്‍കി അവര്‍ ആദരിക്കകൂടി ചെയ്തു എന്നറിയുമ്പോഴാണ് കുറെക്കൂടി തെളിവായ് വരുന്നത്. ഈ അനാചാരം എത്രയെത്ര വെള്ളാടികളെ അന്ന് ഇവിടെ സൃഷ്ടിച്ചിരിക്കാം.

സ്ത്രീയെ ധനത്തിന്റെ ലക്ഷ്മിയെന്നും വിദ്യയുടെ ദേവിയെന്നുമൊക്കെ ദൈവിക പരിവേഷം നല്‍കുന്ന ഭാരതമണ്ണില്‍ തന്നെയാണ് 'ദേവദാസി സമ്പ്രദായവും സതി'യുമൊക്കെ നിലന്നിരുന്നതെന്നുള്ള കാര്യം നാം ഓര്‍ക്കണം.

1828-ല്‍ അന്നത്തെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന വില്യം ബാന്റിംഗി നെക്കൊണ്ട് രാജാറാം മോഹന്റോയ് നിര്‍ത്തലാക്കിയ ''സതി''യെന്ന ദുരാചാരം ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടയുടനെ രൂപാ കന്‍വാറന്നെ സാധു പെണ്‍കുട്ടിയെ അവളുടെ ഭര്‍ത്താവിന്റെ ചിതയിലേക്ക് വലിച്ചെറിഞ്ഞ് വീണ്ടുമിവിടെ പുനസ്ഥാപിച്ചു എന്നതും ചരിത്രമാണ്.

ബ്രാഹ്മണ സമൂഹത്തിന്റെ നവോത്ഥാനത്തിനായ് നിലകൊണ്ട് രാജാറാം മോഹന്റോയ് താന്‍ സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ ദേവാലയങ്ങളില്‍ കര്‍മ്മാചാരങ്ങള്‍ക്കായ് ബ്രാഹ്മണരെ മാത്രമാണ് നിയമിച്ചത്

ദലിത് ജനങ്ങളുടെ ഉദ്ധാരണത്തിനായ് ഗാന്ധിജി സ്ഥാപിച്ച ഹരിജന്‍ സേവാസമിതിയില്‍ ഒറ്റ ഹരിജനെപ്പോലും അദ്ദേഹം നിയമിച്ചില്ല എന്നകാര്യവും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇവിടെയാണ് മഹാനായ അംബേദക്കറുടെയും അയ്യന്‍കാളിയുടെ യുമൊക്കെ മഹത്വം നാം തിരിച്ചറിയേണ്ടത്. തമസ്‌ക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളുടെയും വിമോചനത്തിനുവേണ്ടിയാണവര്‍ നിലകൊണ്ട തെന്ന സത്യം കാലമുള്ള കാലത്തോളം സ്മരിക്കപ്പെടും.

അതുകൊണ്ട് കപടസദാചാരം നിറഞ്ഞ മനുഷ്യനെ മനുഷ്യനായ് കാണാന്‍ കഴിയാത്ത മതാന്ധതയുടെ കറുത്ത നാളുകള്‍ ഇനിയൊരിക്കലും ഇവിടെ മടങ്ങിവന്നു കൂടാ. മതവും രാഷ്ട്രീയവും പരസ്പരം കൈകോര്‍ക്കുമ്പോള്‍ മാനവികതയുടെ മൗലികതയാണ് തകര്‍ന്നു വീഴുന്നത്.

അതുകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പുതുതലമുറകളുടെ ആകുലതകളും പ്രതീക്ഷകളും സ്വപ്നങ്ങളും നാം കാണാതെ പോകരുത്. കാരണം 2014 നവംബറിന്റെ പകലില്‍ കേരളത്തില്‍ നടന്ന ''ചുംബനാലിംഗന'സമരരീതിയെക്കുറിച്ച് ദലിത് സമൂഹത്തിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാവണം. അത് അനുകൂലമായാലും പ്രതികൂലമായാലും പ്രകടിപ്പിച്ചേ മതിയാകൂ. കാരണം എല്ലാ മാറ്റങ്ങളുടെയും തിക്തഫലം അനുഭവിക്കുന്നതും അവരാണല്ലോ. അധികാരം കൈകളിലെത്തുന്നതുവരെ അതു തുടര്‍ന്നുകൊണ്ടേയിരിക്കും.

സാബു വയലുങ്കല്‍
9446714470