"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

ദാദാസാഹേബ് കാന്‍ഷിറാം നിശ്ശബ്ദ വിപ്ലവത്തിന്റെ പ്രയോക്താവ് - രമേഷ് നന്മണ്ട

കാന്‍ഷി റാം 
ഉത്തരേന്ത്യന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ രീതീ ശാസ്ത്രം-ഭാഗം 2
 
ദാദാസാഹേബ് കാന്‍ഷിറാം

നിശ്ശബ്ദ വിപ്ലവത്തിന്റെ പ്രയോക്താവ്
മാര്‍ച്ച് 15 ദാദാസാഹേബ് കാന്‍ഷിറാമിന്റെ ജന്മദിനം

ബഹുജന്‍ സമാജ് പാര്‍ട്ടി

മനുവാദി സമാമൂഹിക വ്യവസ്ഥിതിയുടെ ഇരകളും ബലിയാടുകളുമാക്കപ്പെട്ട രാജ്യത്തെ പട്ടികജാതി- വര്‍ഗ്ഗ- പിന്നോക്ക- മുസ്ലീം മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിച്ച് ''ബഹുജന്‍ സമാജ്'' അഥവാ ''ഭൂരിപക്ഷം ജനത'' എന്ന് നാമകരണം ചെയ്ത കാന്‍ഷിറാംജി ബഹുജന്‍ സമാജിന്റെ പ്രശ്‌നങ്ങള്‍ അവര്‍ സ്വന്തം നിലയില്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിലൂടെ മാത്രമേ പരിഹരിക്കുവാന്‍ കഴിയൂ എന്ന് ആഹ്വാനം ചെയ്തു. ബാബാസാഹെബ് സ്വപ്നം കണ്ട ഈ ലക്ഷ്യം സഫലീകരിക്കുന്നതിനുവേണ്ടി അദ്ദേഹം 1984 ഏപ്രില്‍ 14-ാം തീയതി ബാബാസാഹെബ് അംബേദ്ക്കറുടെ ജന്മദിനത്തില്‍ ഡല്‍ഹിയില്‍ വെച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി രൂപീകരിച്ചു. ബുഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ രാജ്യത്ത് നടന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ 3-ാമത്തെ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബി. എസ്. പി. എത്തി നില്‍ക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ എം. എല്‍. എ. മാരെയും എം.പി. മാരെയും സൃഷ്ടിച്ചുകഴിഞ്ഞു. നാളെ ഇന്ത്യ ഭരിക്കുവാന്‍ ശേഷിയുള്ള പാര്‍ട്ടി എന്ന നിലയിലേക്ക് അദ്ദേഹം ഈ പ്രസ്ഥാനത്തെ വളര്‍ത്തിയിരിക്കുന്നു.

വോട്ടും നോട്ടും

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ജനങ്ങളുടെ വോട്ട്, നോട്ട് കൊടുത്തു വാങ്ങുമ്പോള്‍ അതിനായി വോട്ടിന് നോട്ട് എന്ന സിദ്ധാന്തം അവര്‍ ഉപയോഗിച്ചിരിക്കുമ്പോള്‍ കാന്‍ഷിറാം ജിയാണ് ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 'വോട്ടും നോട്ടും' എന്ന മുദ്രാവാക്യം കൊണ്ടുവന്നത്. ജനങ്ങളുടെ വോട്ട് മാത്രമല്ല നോട്ടും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍കിട കുത്തകകളുടെ പണം വാങ്ങുന്ന മാനുവാദി പാര്‍ട്ടികള്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ വന്‍കിടക്കാര്‍ക്കുവേണ്ടി നിലനില്‍ക്കുന്നു. കാന്‍ഷിറാംജി പറഞ്ഞത് ''ഞങ്ങള്‍ ജനങ്ങളുടെ പണം വാങ്ങി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും'' എന്നാണ്. അതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്ന ബി. എസ്. പി. ഗവണ്മെന്റിന് അവിടെ ചില്ലറ വില്‍പ്പന മേഖലയില്‍ കുത്തകകളെ നിരോധിക്കുവാന്‍ കഴിഞ്ഞത്. മറ്റൊരു സംസ്ഥാനത്തും ഒരു ഗവണ്മെന്റും ഇത് ചെയ്തിട്ടില്ല. ജനങ്ങള്‍ ബി. എസ്. പി.ക്ക്- കാന്‍ഷിറാംജിയുടെ പ്രസ്ഥാനത്തിന് വോട്ട് മാത്രമല്ല, നോട്ടും കൊടുക്കുന്നു. ഈ രീതി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനായ നേതാവായിരുന്നു അദ്ദേഹം.

ഭാരത പര്യടനം

1991-ല്‍ ബാബാസാഹെബ് അംബേദ്ക്കറുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ കാന്‍ഷിറാംജി ഇന്ത്യയിലെ 13 പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെ 130 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പ്രചാരണയാത്ര നടത്തി. സാമൂഹിക പരിവര്‍ത്തനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. 1990 ഡിസംബര്‍ 6നാണ് 'സാമൂഹിക പരിവര്‍ത്തന രഥം' എന്ന പേരിലുള്ള വാഹനവുമായി അദ്ദേഹം യാത്രയാരംഭിക്കുന്നത്. കന്യാകുമാരിയില്‍നിന്നുമാണ് ഈ യാത്ര ആരംഭിച്ചത്. ബാബാസാഹെബ് അംബേദ്ക്കറുടെ സാമൂഹികപരിവര്‍ത്തന സന്ദേശവുമായി യാത്രതിരിച്ച കാന്‍ഷിറാംജിക്ക് വഴിനീളെ അടിച്ചമര്‍ത്തപ്പെട്ടവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഈ യാത്ര തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. മാര്‍ച്ച് 15ന് കാന്‍ഷിറാംജിയുടെ ജന്മദിനത്തിലാണ് ഈ യാത്ര ഡല്‍ഹിയിലെത്തിയത്. ഇതിനോടനുബന്ധിച്ച് ഡല്‍ഹി ബോട്ട് ക്ലബ് മൈതാനത്ത് വന്‍ റാലി സംഘടിപ്പിക്കപ്പെട്ടു. ഈ യാത്ര പഞ്ചാബിലൂടെ കടന്നു പോകുമ്പോള്‍ നിരവധി വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ഖവാസ്പൂര്‍ സന്ദര്‍ശിക്കുവാനിടയായി. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം തന്റെ അമ്മയെ കാണുവാന്‍ ഇടവരു കയും അമ്മയുടെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. 130 ദിവസമെടുത്ത ഈ യാത്ര ഏകദേശം 50,000 കിലോമീറ്ററുകള്‍ യാത്ര ചെയ്തു. 1991 ഏപ്രില്‍ 14-ന് മധ്യപ്രദേശിലെ 'മൗ' എന്ന അംബേദ്ക്കറുടെ ജന്മസ്ഥലത്ത് ഈ യാത്ര സമാപിച്ചു.

ബാലറ്റിനു പകരം ബാലറ്റ്, ബുള്ളറ്റിനു പകരം ബുള്ളറ്റ്

ബി. എസ്. പി. തെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം നേടിക്കൊണ്ടി രുന്നു. 1992ല്‍ ഉത്തര്‍പ്രദേശിലെ 'ഇറ്റാവ' പാര്‍ലമെന്റെ മണ്ഡലത്തില്‍ നടന്ന ഉപതെഞ്ഞെടുപ്പില്‍ കാന്‍ഷിറാം ജി ആദ്യമായി വിജയിക്കുക യുണ്ടായി. തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉപയോഗിക്കുന്ന തന്ത്രം പണം, മാഫിയ, മീഡിയ എന്നിവ ഉപയോഗി ക്കുകയാണ്. പണം കൊടുത്ത് വോട്ടുകള്‍ വിലക്ക് വാങ്ങുന്നു. വോട്ട് വില്‍ക്കാന്‍ തയ്യാറല്ലാത്തവരെ, ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാന്‍ വേണ്ടിയോ വോട്ട് ചെയ്യാതിരിക്കുവാന്‍ വേണ്ടിയോ മാഫിയ ഗുണ്ടകളെ ഉപയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കാന്‍ഷിറാംജി തന്നെയും ഇതിന് അനുഭവസ്ഥനായിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കാന്‍ഷിറാംജി മത്സരിച്ച 'ഇറ്റാവ' മണ്ഡലത്തില്‍ മാഫിയാ സംഘങ്ങളുടെ ഭീഷണി കാരണം ദലിതര്‍ വോട്ടു ചെയ്യാന്‍ പുറത്തിറങ്ങിയില്ല. കാന്‍ഷിറാംജി ദലിതരുടെ കോളനികളിലേക്ക് തോക്കന്തിയ റിട്ടയേര്‍ഡ് പട്ടാളക്കാരായ വളണ്ടിയര്‍ മാര്‍ അടങ്ങിയ നിരവധി ജീപ്പുകള്‍ അയച്ചു കൊടുത്തു. ഇത് ദലിതരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അവര്‍ വോട്ടിംഗിനായി കോളനി കളില്‍നിന്നും പുറത്തിറങ്ങുകയും ചെയ്തു. മനുവാദികളുടെ ഈ മാഫിയാ ഗുണ്ടായിസത്തിനെതിരെ അദ്ദേഹ താക്കീത് നല്‍കി. അദ്ദേഹം പറഞ്ഞു. ''അവര്‍ ബാലറ്റുമായി വന്നാല്‍ ഞങ്ങളും ബാലറ്റുമായിട്ടാണ് വരിക, പക്ഷെ അവര്‍ ബുള്ളറ്റുമായിട്ടാണ് വരുന്നതെങ്കില്‍ ബുള്ളറ്റ് ഉപയോഗിക്കാന്‍ ഞങ്ങള്‍ക്കാ യാതൊരു ഭയവുമില്ല. മേല്‍ജാതിക്കാര്‍ ഞങ്ങള്‍ക്കു നേരെ ഒരു പുഷ്പമെറിഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്കുനേരെ രണ്ടു പുഷ്പങ്ങള്‍ എറിയും. പക്ഷെ അവര്‍ ഒരു കല്ല് എറിഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്കു നേരെ രണ്ട് കല്ല് എറിയും'' മനുവാദികളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറായിരിക്കുവാന്‍ അദ്ദേഹം ബി. എസ്. പി. കേഡര്‍മാരോട് നിര്‍ദ്ദേശിച്ചു.

'കാസ്റ്റ് വെല്‍ഡിംഗ്' എന്ന സോഷ്യല്‍ എഞ്ചിനീയറിംഗ്

ഇന്ത്യന്‍ സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് 'കാസ്റ്റ് വെല്‍ഡിംഗ്' അഥവാ ജാതികളെ വിളക്കിച്ചേര്‍ക്കുക എന്ന ഒരു പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് അദ്ദേഹം പരീക്ഷിച്ച് വിജയിപ്പിച്ചു. ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥിതിയാണ് ജനങ്ങളെ ജാതികളായി തിരിച്ച് വിഭജിച്ചത്. വിഘടിച്ചു കിടക്കുന്ന ഈ ജാതികള്‍ ഓരോന്നായി എടുത്താല്‍ ചെറു ന്യൂനപക്ഷമാണ്. പക്ഷെ ഇവയെ ഒന്നിച്ച് വിളക്കിച്ചേര്‍ത്താല്‍ അത് ഒരു വലിയ 'ഭൂരിപക്ഷമാകും'. ഭൂരിപക്ഷം വരുന്ന ബഹുജന്‍ സമാജിന്റെ കയ്യില്‍ (85%) ഭൂരിപക്ഷം വോട്ടും ഉണ്ടാവും എന്നത് യാഥാര്‍ത്ഥ്യമാണ്. തങ്ങളുടെ ഈ ഭൂരിപക്ഷം വോട്ട് മതി അവര്‍ക്ക് സ്വന്തം നിലയില്‍ രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് ഭരണം നടത്തുവാന്‍. ഇതായിരുന്നു അദ്ദേഹത്തിന്റെ 'കാസ്റ്റ് വെല്‍ഡിംഗി'ന്റെ അന്തസത്ത. ഇത് ജാതിവ്യവസ്ഥിതിയെ തകര്‍ത്ത് തരിപ്പിണമാക്കുകയും സാമൂഹിക ഐക്യം കെട്ടിപ്പടുക്കുകയും ചെയ്യും. ജാതികളെ വിളക്കി ച്ചേര്‍ക്കുന്ന ഈ 'നിശബ്ദ വിപ്ലവം' രാജ്യത്താകമാനം ഇന്ന് അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. ജാതിവ്യവസ്ഥിതിയുടെ 'ഇരകള്‍' ഭരണാധികാരികളായി മാറുകയും നേട്ടങ്ങള്‍ കൊയ്‌തെടുക്കുയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് ഉത്തര്‍പ്രദേശില്‍ 'കാസ്റ്റ് വെല്‍ഡിംഗി'ലൂടെ 'ഇരകള്‍' രാഷ്ട്രീയധികാരം പിടിച്ചെടുക്കുകയും അവര്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യ മുഴുവനും ആവര്‍ത്തിക്കും. ഉത്തര്‍പ്രദേശിലെ ഇരകള്‍ ഇന്ന് സംവരണത്തിനുവേണ്ടി യാചിക്കുകയല്ല, അവര്‍ നിയമം നിര്‍മ്മിക്കുകയും നടപ്പിലാക്കുന്ന വരുമായി മാറി. അതുകൊണ്ടാണ് അവര്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണം നടപ്പിലാക്കുവാന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ബാബാസാഹെബ് ആവശ്യപ്പെട്ടു, കാന്‍ഷിറാംജി അത് നിര്‍വ്വഹിച്ചു.

ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ പോരാട്ടങ്ങളെ കോണ്‍ഗ്രസ്സ് എക്കാലവും എതിര്‍ത്തുപോരുക മാത്രമല്ല, പിന്നില്‍നിന്ന് കുത്തിയിട്ടുമുണ്ട്. അധസ്ഥിതരുടെ വോട്ടവകാശവും പ്രത്യേക നിയോജക മണ്ഡലവും ഒരാവശ്യമായി ഡോ. ബാബാസാഹെബ് അംബേദ്ക്കര്‍ വട്ടമേശസമ്മേളനങ്ങലില്‍ ഉന്നയിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് ഗാന്ധിയും കോണ്‍ഗ്രസ്സുമായിരുന്നു എന്നത് ഒരു ഉദാഹരണം മാത്രമാണ്. മനുവാദി വ്യവസ്ഥിതി നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും അജണ്ടയാണ്. ''കോണ്‍ഗ്രസ്സും ഗാന്ധിയും തൊട്ടുകൂടാത്ത വരോട് എന്തു ചെയ്തു?'' എന്ന ഡോ. ബാബാസാഹെബ് അംബേദ്ക്കറുടെ പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സ് ഇന്ത്യയിലെ അടിത്തട്ടുകാരുടെ മുഖ്യ ശത്രുവാണെന്നും അതിനെ തകര്‍ക്കണമെന്നും കോണ്‍ഗ്രസ്സിനോട്ട് എന്നും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഡോ. അംബേദ്ക്കര്‍ ആവശ്യപ്പെട്ടു. ബാബാസാഹിന്റെ ഈ ആഹ്വാനം ഏറ്റെടുത്ത കാന്‍ഷിറാംജി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്തു. ബഹന്‍കുമാരി മായാവതി രാജ്യമെമ്പാടും കോണ്‍ഗ്രസ്സിനെ തകര്‍ത്തു തരിപ്പണമാക്കുക തന്നെ ചെയ്യു. സാമൂഹിക പരിവര്‍ത്തന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഒറ്റ നേതാക്കളും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നില്ല എന്നത് ഓര്‍ക്കണം. മഹാനായ ശ്രീ നാരായണ ഗുരുദേവനോ, മഹാത്മ അയ്യന്‍കാളിയോ, പെരിയാര്‍ ഇ. വി. രാമസ്വാമിയോ ബാബാസാഹെബ് അംബേദ്ക്കറോ ഒന്നും കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നില്ല.

ദലിത്- ബഹുജന്‍ സമാജ്- സര്‍വ്വജന്‍ സമാജ്

ദലിത്- ബഹുജന്‍ സമാജ്- സര്‍വ്വസമാജ് എന്ന നിലയിലുള്ള സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനത്തിന്റെ പരിണാമാത്മക പരിവര്‍ത്തനങ്ങള്‍ അംബേദ്ക്കറിസത്തിന്റെയും കാന്‍ഷിറാം പ്രസ്ഥാനത്തിന്റെയും ചലനാത്മകതയെ കാണിക്കുന്നു. ഒരു ദലിത് അടിത്തറയില്‍നിന്നും കാന്‍ഷിറാം പ്രസ്ഥാനം 'ബഹുജന്‍ സമാജ്' എന്ന നിലയിലേക്കും ബഹുജന്‍ അടിത്തറയില്‍നിന്നും 'സര്‍വ്വസമാജ്' എന്ന നിലയിലേക്കു ഉയരുകയാണുണ്ടായത്. 'ബഹുജന്‍ സമാജ്' എന്ന നിലയില്‍നിന്നും പാര്‍ട്ടിയുടെ അടിത്തറ 'സര്‍വ്വജന്‍ സമാജ്' എന്ന നിലയിലേക്ക് വിപുലീകരിക്കപ്പെടുകയും ബ്രഹ്മണര്‍ അടക്കമുള്ള വിഭാഗങ്ങള്‍ പ്രസ്ഥാനത്തിലേക്ക് കൂട്ടത്തോടെ കടന്നുവരികയും ചെയ്തപ്പോള്‍ ചിലര്‍ പറയുന്നത്, കാന്‍ഷിറാം ശരിയായിരുന്നു; മായാവതി കാന്‍ഷിറാംജിയുടെ തത്ത്വശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കുകയും ബ്രാഹ്മണരെ കൂട്ടുപിടിക്കു കയും ചെയ്തു എന്നാണ്. എന്നാല്‍ വസ്തുത എന്താണ്? ബഹുജന്‍ സമാജ് പ്രസ്ഥാനം ഒരു സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനം എന്ന നിലയില്‍ ഏതെങ്കിലും ജാതി- മതവിഭാഗങ്ങളോട് പ്രത്യേകമായ വെറുപ്പും വിരോധവും വച്ചു പുലര്‍ത്തുന്ന ഒന്നല്ല എന്നതാണ് കാന്‍ഷിറാം പ്രസ്ഥാനം മാത്രമല്ല, ഇന്ത്യയില്‍ ബ്രാഹ്മണിസത്തിനെതിരെ ഉയര്‍ന്നു വന്ന എല്ലാ പ്രസ്ഥാനങ്ങളും ബ്രഹ്മണരെ വ്യക്തിയെന്ന നിലയില്‍ ആക്രമിക്കുകയല്ല, മറിച്ച് 'ബ്രാഹ്മണിസം എന്ന പ്രത്യയശാസ്ത്രത്തെയാണ് എതിര്‍ത്തത്. ചരിത്രപരമായ പരിശോധനയില്‍നിന്നും നമുക്ക് വസ്തുതകള്‍ മനസ്സിലാവുന്നതാണ്. ബുദ്ധന്‍ ബ്രാഹ്മണമേധാവിത്വത്തെ എതിര്‍ത്തപ്പോഴും ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചവര്‍ക്ക് തന്റെ സംഘത്തില്‍ ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. ഡോ. അംബേദ്കര്‍ മനുസ്മൃതി കത്തിച്ചപ്പോള്‍ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു ഒരു ബ്രാഹ്മണനായിരുന്നു. സഹകാരി ബ്രാഹ്മണനായതുകൊണ്ട് ഡോ. അംബേദ്കര്‍ അയാളില്‍നിന്ന് അകന്നുനിന്നില്ല. മഹാത്മ അയ്യന്‍കാളി തന്റെ പള്ളിക്കൂടത്തില്‍ നായര്‍ സമുദായക്കാ രനെ അധ്യാപകനാ ക്കിയതും ശ്രീനാരായണ ഗുരു നായര്‍ സമുദായക്കാര്‍ക്ക് സന്യാസം നല്‍കിയതും മഹാത്മ ഫൂലെ ബ്രാഹ്മണ സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കിയതുമെല്ലാം ഇത്തരം മഹാന്മാരൊന്നും ബ്രാഹ്മണരെയും മറ്റു മേല്‍ ജാതിക്കാരെയും വ്യക്തി എന്ന നിലയില്‍ എതിര്‍ക്കുകയല്ല, മറിച്ച് ബ്രഹ്മണിസം എന്ന മാനവിക വിരുദ്ധമായ പ്രയശാസ്ത്രത്തെയാണ് എതിര്‍ത്തത് എന്നതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കാന്‍ഷിറാംജി തന്നെയും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. ബ്രാഹ്മണരെ പ്രസ്ഥാനത്തില്‍ ചേര്‍ക്കുന്നതിനെ സംബന്ധിച്ചുള്ള കാന്‍ഷിറാംജിയുടെ വളരെ വ്യക്തമായ നിലപാട് പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. അദ്ദേഹം പറയുന്നു 'ഞങ്ങളെയും പ്രസ്ഥാനത്തില്‍ ചേര്‍ക്കാത്തത് എന്താണെന്ന് മേല്‍ജാതിക്കാര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ പറയുന്നു നിങ്ങളാണ് എല്ലാ പ്രസ്ഥാനങ്ങളെയും നയിക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ഇവിടെയും മാറ്റത്തെ തടഞ്ഞു നിര്‍ത്തും. മേല്‍ജാതിക്കാര്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാം എന്നാല്‍ അവര്‍ അതിന്റെ നേതാക്കളായി രിക്കുകയില്ല. പ്രസ്ഥാനത്തിന്റെ നേതൃത്വം പിന്നാക്ക സമുദായങ്ങളുടെ കൈകളില്‍ തന്നെയായിരിക്കും. ഈ മേല്‍ ജാതിക്കാര്‍ നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അവര്‍ മാറ്റത്തിനായുള്ള അതിന്റെ കുതിപ്പിനെ തടഞ്ഞു നിര്‍ത്തുമോ എന്നുള്ളതാണ് എന്റെ ഭയം. ഇപ്പോള്‍ ഈ ഭയം ഇല്ലാതാകുന്നുവോ അപ്പോള്‍ അവര്‍ക്ക് നമ്മുടെ പാര്‍ട്ടിയില്‍ ചേരുവാന്‍ കഴിയും 1990കളില്‍ കാന്‍ഷിറാംജിയുടെ സമയത്തുതന്നെ ഉത്തര്‍പ്രദേശിലുണ്ടായിരുന്ന പാര്‍ട്ടി ഘടനപരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആ സമയത്തുതന്നെയും പാര്‍ട്ടി ഘടനയില്‍ വെറും ദലിതരും പിന്നോക്കവിഭാഗങ്ങളും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ചില മേല്‍ജാതി വിഭാഗങ്ങളും ഉണ്ടായിരുന്നു. ആകെയുണ്ടായിരുന്ന വരില്‍ 4 പേര്‍ മേല്‍ ജാതി വിഭാഗങ്ങളും ഉണ്ടായിരുന്നു. ഇതില്‍ 3 പേര്‍ ബ്രഹ്മണരും ഒരാള്‍ ബനിയയുമായിരുന്നു. 13 പേര്‍ ഒ. ബി. സി, 3 പേര്‍ ചമാര്‍, ഒരു ജാതവ്, ഒരു പാസി എന്നിങ്ങനെ 5 പേര്‍ ദലിതരായിരുന്നു എന്നത് വ്യക്തമാണ്. വസ്തുത ഇതായിരിക്കെ, കാന്‍ഷിറാംജിയുടെ പ്രസ്ഥാനത്തില്‍ ബഹന്‍ജി വെള്ളം ചേര്‍ത്തു എന്നും പ്രസ്ഥാനത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയാന്‍ ബഹുജന്‍ ഹിതായ എന്നതിന് പകരം സര്‍വ്വജന്‍ ഹിതായ എന്ന മുദ്രാവാക്യം കൊണ്ടുവന്നു എന്നും പറഞ്ഞ് ബഹന്‍ കുമാരി മായാവതി നയിക്കുന്ന മഹത്തായ കാന്‍ഷിറാം പ്രസ്ഥാനത്തിന്റെ തന്നെ ഇഷ്ടികകള്‍ ഇളക്കുവാനുള്ള വൃഥാശ്രമമാണ് നടത്തുന്നത്. ഈ ആരോപണങ്ങള്‍ ഉന്നയിച്ചു നടക്കുന്നവര്‍ക്ക് ചട്ടുകളങ്ങളുടെ അന്തസ്സ് പോലുമില്ല. കാരണം അവര്‍ ചട്ടുകങ്ങളുടെ ചട്ടുകങ്ങളാണ്.