"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

സ്വയം നിര്‍ണ്ണയത്തിന്റെ പാഠങ്ങള്‍ പഠിക്കാത്തവര്‍ - ജോയ് തുരുത്തേല്‍

 ജോയ് തുരുത്തേല്‍
'ആകയാല്‍ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിനു ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചു തരേണമെന്നുപറഞ്ഞു. മറ്റ് സകല ജാതികളെയുംപോലെ ഞങ്ങള്‍ക്കും ആകേണ്ടതിനു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കുകയും ഞങ്ങള്‍ക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണമെന്ന് അവര്‍ പറഞ്ഞു. '(1 ശമുവേല്‍ 8-ാം അദ്ധ്യായം) 

ബൈബിള്‍ പഴയനിയമത്തില്‍ ശൗമേല്‍ പ്രവാചകന്മുന്നില്‍ വന്ന യിസ്രയേല്‍ ജനം നടത്തുന്ന ഒരു അഭ്യര്‍ത്ഥനയാണിത്. തങ്ങളുടെ സാമൂഹ്യ വളര്‍ച്ചക്ക് അനുസൃതമായ ഒരു രാഷ്ട്രത്തിനായി സ്വയം പക്വമാകുന്ന ഒരു ജനതയെയാണ് നാം ഇവിടെ കാണുന്നത്. ഒരു ജനത തങ്ങളെതന്നെ വിലയിരുത്തുന്നതും തങ്ങളുടെ വളര്‍ച്ചയുടെ ഘട്ടവും സ്വയം നിര്‍ണ്ണയിക്കുന്നതുമായ മനോഭാവത്തിലെ മാറ്റവുമാണിവിടെ പ്രകടമാകുന്നത്. നീണ്ട കുല-ഗ്രോത്രപാരമ്പര്യത്തില്‍നിന്ന് പുതിയ കാലത്തിലേക്ക് പ്രവേശിക്കുന്ന ഒരു ജനജീവിതത്തിന്റെ രാഷ്ട്രിയ വികാസവും പുരോഗതിയേയും വിളിച്ചറിയിക്കുന്ന ഒരു ചരിത്ര മുഹൂര്‍ത്തമായി ഈ പ്രഖ്യാപനത്തെ വിലയിരുത്താന്‍കഴിയും.ഈ രാഷ്ട്രീയ അഭിവാഞ്ച പ്രകടിപ്പിക്കുന്ന ജനത ഒരു രാഷ്ട്രമായി തങ്ങളെ സ്വയം നിര്‍ണയിക്കുകയാണ്. അത്തരത്തില്‍ ലോകമെമ്പാടും എല്ലാ രാഷ്ട്രങ്ങളുടെയും ജനതകളുടെയും രൂപികരണതിന്റെ പിന്നില്‍ ഈ സ്വയം നിര്‍ണ്ണയത്തിന്റെയും വളര്‍ച്ചയുടെയും പാഠങ്ങള്‍തന്നെയാണ് ഉള്ളടങ്ങിയിട്ടുള്ളത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇസ്രായേല്‍ ജനത കടന്നുപോന്ന സ്വയം നിര്‍ണയത്തിന്റെ ഈ യൊരു ചരിത്ര പാഠം ഇവിടെ ഓര്‍മ്മിച്ചത്, ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വയംനിര്‍ണ്ണയത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഇനിയും ഗ്രഹിക്കാത്ത കേരളത്തിലെ ദളിതവസ്ഥ മുന്‍നിര്‍ത്തി യാണ്.ദളിതര്‍ ചരിത്രപരമായ ഒട്ടനവധി പരാധീനതകള്‍ പേറിയാണങ്കിലും ഇന്ന് ജീവിക്കുന്നത് ഒരു ആധുനിക രാഷ്ട്രീയ സമൂഹത്തിലാണന്നത് നമ്മേ പ്രചോദിപ്പിക്കാതെ പോകുന്നുവെങ്കില്‍ നമ്മുടെ വലിയ ദുരന്തം തന്നെയാണിത്. രാജ്യത്ത് ജാതിയെന്ന പരമ്പരാഗത ആധികാരം മുതലാളിത്ത വഴക്കങ്ങള്‍ക്കും അനുയോജ്യമാക്കിമാറ്റിയ അധികാര ബലതന്ത്രത്തെ തിരിച്ചറിയാനോ അതിനോട് നേര്‍ക്കുനേര്‍ നില്‍ക്കാനോ കഴിയാത്ത മര്‍ദ്ദിതര്‍ എങ്ങനെ വിമോചനത്തിന് അര്‍ഹരാകും?ഇവിടെ വിഭവ ആധികാരത്തില്‍ പങ്കാളികളാകുകയെന്നതുതന്നെയാണ് രാഷ്ട്രീയ വത്ക്കരണവും ,രാഷ്ട്രീയ പ്രവര്‍ത്തനവുമെന്നത് തിരിച്ചറിയപ്പെടാതെ പോകുന്നു. ഒരു ജനായത്ത ഭരണസംവിധാനത്തില്‍ രാഷ്ട്രീയ പ്രതിനിധാനം മുഖ്യവിഷയമാണ്. അത്തരമൊരു അധികാരപങ്കാളിത്തത്തിന് ഒരു ജനതക്കുവേണ്ടത് രാഷ്ട്രീയപ്രത്യശാസ്ത്രവും,പ്രസ്ഥാനവുമാണ്. അതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ഒരു സംഘടിതജനത യുടെ മുന്നേറ്റവുമാണ്. എന്നാല്‍ അത്തരത്തില്‍ രാഷ്ട്രീയമായി നവീകരിക്കേണ്ട കേരളത്തിലെ ദളിതരെ സംബന്ധിച്ചടത്തോളം നമ്മേ കൂട്ടിയിണക്കേണ്ട ഒരു പ്രത്യയ ശാസത്രമോ സംഘടന സംവിധാനമോ ഉരുത്തിരിഞ്ഞുവരുന്നുമില്ല. ഇവിടെയാണ് ഒരു ജനതയാകുന്നതിനും സ്വയംവിമോചനത്തിനു പര്യാപ്തമായ സ്വയംനിര്‍ണ്ണയശേഷി കേരളത്തിലെ ദളിതര്‍ ഇനിയും ആര്‍ജിച്ചിട്ടില്ലന്ന ദുഖകരമായ സത്യം നാം തിരിച്ചറിയുന്നത്. ഈയൊരു രാഷ്ട്രീയ ശൂന്യതയിലാണ് കേരളത്തിലെ ദളിതര്‍ നിലനില്‍ക്കുന്നത്. ജാതി ഉപജാതി സംഘടന പ്രവര്‍ത്തനങ്ങളും, പുതിയ കാലത്തെ സംബോധന ചെയ്യാന്‍ പര്യാപ്തമല്ലാത്ത ഒറ്റപ്പെട്ട ചില സംഘടന പ്രവര്‍ത്തനങ്ങളും മാത്രമെ നമുക്ക് മുന്നിലുള്ളു.

ഇനിയും ഒരു ജനതയാകാത്ത നാം

സമൂദായ രൂപികരണമെന്നത് സമാന സാമൂഹ്യനുഭവങ്ങളുള്ള വിഭാഗങ്ങളുടെ കൂടിചേരലാണ്. ഇന്ത്യന്‍ സാമൂഹ്യക്രമത്തില്‍ സമജാതികളുടെ സമീകരണത്തിലൂടെ നടക്കേണ്ടതാണ് അത്തരം സമുദായ രൂപികരണം.രാഷ്ട്രിയമായി ഏകീകരിച്ച ആ സമുദായത്തിന് ഒരു ജനതയുമായി പരിവര്‍ത്തിക്കപെടാനും കഴിയും.ഇവിടെ 'നമ്മള്‍ 'എന്ന ഒരു വിശാല ബോധമാണ് ഒരു ജനതയെ രൂപപ്പെടുത്തുന്ന ആന്തരിക ഊര്‍ജ്ജമാകുക. ഈ അവബോധത്തിന്റെ പ്രചോദനമാണ് വളര്‍ച്ചയുടെ ലക്ഷണവും. സാമൂഹ്യശാസ്ത്രപരമായി ഏറെ വൈജാത്യങ്ങളുള്ള ഇന്ത്യപോലൊരു രാജ്യത്ത് ഭിന്നതാല്‍പര്യങ്ങള്‍ പേറുന്ന നിരവധിയായ ജനവിഭാഗങ്ങള്‍ ജീവിച്ചുപോരുന്നിടത്ത് ഓരോ ജനവിഭാഗത്തിന്റെയും സാമൂഹ്യതാല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുകയെന്നത് വളരെ ശ്രമകരമായ ഒന്നാണന്നതുതന്നെയാണ്. എന്നിട്ടും 'നമ്മള്‍ 'എന്ന കടമ്പക്കല്‍ തന്നെയാണ് കേരളത്തിലെ ദളിതര്‍ക്ക് കാലിടറിയിരിക്കുന്നത്. ഇന്നും നമുക്ക് മുന്നില്‍ ഈ 'നാം' ആരാണ് എന്നത് ഒരു പ്രശ്‌നമായി തുടരുന്നു. ആരെല്ലാം ഒന്നിച്ചു ചേര്‍ന്നതാകണം ആ 'നമ്മള്‍ ' ?ഇതിന് ഉത്തരം കാണാത്തിടത്തോളം കേരളത്തില്‍ ദളിത് സമുദായ രൂപികരണവും, ദളിത് രാഷ്ട്രിയവും വിദൂരസ്വപ്നം മാത്രമായിരി ക്കും.

കേരളത്തിന്റെ നീണ്ട ഒരു ചരിത്രഘട്ടം അടിച്ചേല്‍പിച്ച അടിമത്വവും ജാതിയുടെ നിഷ്ഠൂരമായ നിയമങ്ങളും കൊണ്ട് സാമൂഹ്യമായി പിന്‍തള്ളപെട്ടു വെന്നതാണ് കേരളത്തിലെ ദളിതരെ ഒരു സവിശേഷ സമൂഹമാക്കി മാറ്റുന്നത്. ജാതിയുടേയും അടിമത്വത്തിന്റെയും അവര്‍ണ്ണനീയമായ ദുരിതങ്ങള്‍ പേറിയ ഒരു സമൂഹം ആയതു കൊണ്ടു മാത്രമാണ് ദളിതര്‍ ഇന്നും പുരോഗമന കേരളത്തിലും ഒരു അവികസിത സമൂഹമായി വേറിട്ട്‌നില്‌നില്‍ക്കേണ്ടിവരുന്നതും. 

കേരളത്തില്‍ ഏതേതു ജാതിവിഭാഗങ്ങള്‍ക്കാണ് ചരിത്രത്തിന്റെ ഏറ്റവും നിഷ്ഠൂരമായ അടിമഅനുഭവങ്ങളിലൂടെ കടന്നുപോരേണ്ടിവന്നത് എന്നത് കൃത്യമായി നമുക്ക് മുന്നിലുണ്ട്. കേരളത്തില്‍ അയിത്തത്തിന്റെയും അടിമത്തത്തിന്റെയും ഫലമായി ഹതാശയരായ ആ ജനവിഭാഗം പുലയരും,പറയരും,കുറവരും,വേടരുമാണ്. ജാതിവ്യവസ്ഥക്കെതിരായുള്ള രാഷ്ട്രീയവിവക്ഷയെന്നനിലയില്‍ ദളിത് വിശേഷണത്തിന് വ്യാപകമായ അര്‍ത്ഥവും സഖ്യകഷികളും ഉള്‍ചേരുന്നുണ്ടങ്കിലും. 'ചിതറിക്കപ്പെട്ടവര്‍്' എന്നര്‍ത്ഥംവരുന്ന 'ദളിത്' സംജ്ഞക്ക് പൂര്‍ണ്ണമായും അനുയോജ്യമാകുക ഈ നാല് ജാതിവിഭാഗങ്ങള്‍ക്കാണ്. (ഇപ്പോള്‍ ഉളള കേരളത്തിലെ പട്ടികജാതി ലിസ്റ്റ് ഈ സാമൂഹ്യ യാഥാര്‍ത്ഥ്യത്തോട് നീതിപുലര്‍ത്തുന്ന ഒന്നല്ല. കേരളത്തില്‍ അയിത്തത്തിന്റെയും അടിമത്തത്തിന്റെയും തീഷ്ണത അനുഭവിച്ച വിഭാഗങ്ങള്‍ക്ക് മാത്രമായി കിട്ടേണ്ട എസ്.എസി പരിഗണനയാണിന്ന് കേരളത്തിലെ നിരവധിമധ്യമജാതികള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ ലഭ്യമാകുന്നത്.) ദളിതരെ 'നാം' എന്ന അവബോധത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ മുഖ്യ സമസ്യയായി ചൂണ്ടികാണിക്കാന്‍ കഴിയുക ജാതി ഉപജാതിബോധം പോലെ ദളിതരിലെ ഹൈന്ദവര്‍, ക്രൈസ്തവര്‍ എന്ന മതപരമായ വിഭജനമാണ്. മേല്‍ പറഞ്ഞ അയിത്തജാതി വിഭാഗങ്ങള്‍ തന്നെയാണ് മതപരമായ വിഭജനത്തിന് വിധേയമാകുന്നത് എന്ന സാമൂഹ്യയാഥാര്‍ത്ഥ്യം വളരെ ബോധപൂര്‍വ്വം മറച്ചുവെക്കപെടുന്നു. ചരിത്രപരമായ ഘടകങ്ങളിലല്ല ജൈവപരമായ ഒന്നാണ് ദളിതരുടെ മതപരമായ വിഭജനമെന്നതരത്തിലാണ് കേരളത്തിലെ ചില ദളിത് സൈദ്ധാന്തികര്‍ ഇതിനെ വ്യഖ്യനിക്കുന്നത്. ദളിതര്‍ ലോകാരംഭം മുതല്‍ ഹിന്ദുക്കളാണന്നതരത്തിലുള്ള വിശ്വാസവും, പൊതു ബോധവുമാണ് ഇവര്‍ സൃഷ്ടിക്കുന്നതും.മറുവശത്താകട്ടെ അബ്രഹാമിലും, യാക്കോബിലുമാണ് തങ്ങളുടെ പൂര്‍വ്വപാരമ്പര്യം എന്നു പറയാനും, വിശ്വസിക്കാനും യാതൊരു ഉളുപ്പുമില്ലാത്ത ദളിത് ക്രൈസ്തവരുമുണ്ട്. ഇതുവഴി ചരിത്രബോധമില്ലാത്ത ഒരു ജനതയുടെ സമ്പൂര്‍ണ്ണ പരാജയമാണ് നമുക്ക് സംഭവിക്കുന്നത്. ദളിതര്‍ക്കിടക്ക് നടന്ന മതപരവും സാമൂഹ്യ വുമായ മറ്റ് പരിണാമങ്ങളും നോക്കികാണാന്‍ പക്വമായ ദളിത്പ്രത്യയ ശാസ്ത്രമോ, നേതൃത്വമോ വികസിക്കാതെ പോകുന്നതാണ് കേരളത്തിലെ മുഖ്യ ദളിത് രാഷ്ട്രീയ പരിമിതി. 

കേരളത്തിലെ അയിത്തജാതി (അടിമ)വിഭാഗങ്ങള്‍ക്ക് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പാശ്ചാത്യ ഭരണത്തിന്‍ കീഴിലും,ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെയും സാധ്യമാകുന്ന സാമൂഹ്യചലനങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ചില പുതിയ സാധ്യതകളു മായിരുന്നു. അടിമകളുടെ സാമഹ്യ ചലനങ്ങളില്‍ പ്രധാനമാണ് ക്രൈസ്തവ മതസ്വീകരണമെന്നത്. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവകാശ പോരാട്ടങ്ങള്‍ എന്നിവയെല്ലാം ഈ കാലഘട്ടത്തിന്റെ സവിശേഷത കളായിരുന്നു. ഈ സാധ്യതയെ കുറിച്ചാണല്ലോ ശ്രീനാരായണ ഗുരുവിനെകൊണ്ട് 'നമുക്ക് സന്യാസംതന്നത് ഇംഗ്ലീഷ് കാരാണന്ന്' പറയിച്ചതും. ചരിത്രപരമായ കാരണങ്ങളാല്‍ (ജാതിയും, അടിമത്വവും) അക്കാലത്തെ സാമൂഹ്യ പരാമര്‍ശിതരല്ലാതിരുന്ന അയിത്ത ജാതിക്കാര്‍ (അടിമകള്‍) കേരളത്തില്‍ വ്യവസ്ഥാപിത മതങ്ങളിലൂടെ ഒരു പരിഗണന വിഷയമാകുന്നതും.അവരുടെ മതസ്വീകരണം ആ കാലഘട്ടത്തിന്റെ മുഖ്യസാമൂഹ്യപ്രശ്‌നമായും ഉയര്‍ന്ന്‌വന്നതും.അങ്ങനെ കേരളത്തിലെ അയിത്ത ജാതിക്കാരുടെ (അടിമ) സാമൂഹ്യ ചലനം ഹൈന്ദവ, ക്രൈസ്തവ മതങ്ങളുമായി ബന്ധപ്പെട്ട വിഷയമായി കേരളീയ സമൂഹത്തില്‍. തുടര്‍ന്നാണ് ദളിതര്‍ക്ക് മതപരമായ ഒരു പുതിയ ആസ്ഥിത്വം കൈവരുന്നതും. 

ഇവിടം മുതല്‍ കേരളത്തിലെ ദളിതര്‍ ക്രൈസ്തവരെന്നോ ഹൈന്ദവ രെന്നോ ഉള്ള പരിഗണനക്ക് വിധേയമായിട്ടാണ് അവരുടെ സാമൂഹ്യ അവകാശങ്ങളും പരിഗണനകളും പിന്നീട് ഭരണകൂടങ്ങളും കണക്കാക്കുന്നത്. സംവരണംപോലുള്ള രാഷ്ട്രീയ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്നിടംവരെ ഈ വിഭജനം ദൃഡപ്പെടുന്നു. ദളിതരെ ഹിന്ദുക്കളായി മാത്രം നിലനിര്‍ത്തുകയെന്ന ഭരണകൂടത്തിന്റെ താല്‍പര്യം വളരെ ശക്തമായിരുന്നതുകൊണ്ട് ദളിത്‌ക്രൈസ്തവരുടെ അവകാശങ്ങളെ പാടെ നിഷേധിക്കുന്ന സമീപനമാണ് എല്ലായിടത്തുനിന്നും ഉണ്ടായത്. ഇത് പിന്നീട് ഹൈന്ദവരും, ക്രൈസ്തവരുമായ ദളിതരേ പരസ്പരം എതിര്‍ക്കേണ്ട രണ്ടു വിഭാഗമായി മാററാന്‍ സംവരണംപോലുള്ള വിഷയം ഉപയോഗപ്പെടുത്തുകയാണ്. ദളിതരെ പരസ്പരം സംഘര്‍ഷത്തി ലാക്കുന്നതില്‍ ഈ നിക്ഷിപ്ത താത്പര്യം വിജയിക്കുകയും ചെയ്തു. പട്ടിക ജാതിസംവരണം സംരക്ഷിച്ചു നിര്‍ത്തുകയെന്നാല്‍ ദളിത്‌ ക്രൈസ്തവര്‍ക്കെതിരായി ജാഗ്രതപുലര്‍ത്തിയാല്‍ മതിയെന്ന ഒരു നിലപാടായി പട്ടിക ജാതിക്കാരില്‍ ഏറിയ പക്ഷത്തിന്റെയും മനോഭാവത്തെ മാറ്റിയെടുത്തു കഴിഞ്ഞിരിക്കുന്നു. അതായത് പട്ടിക ജാതി സംവരണം നേരിടുന്ന വെല്ലുവിളി ദളിത്‌ക്രൈസ്തവരില്‍ നിന്നാണന്ന തരത്തിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.അതുകൊണ്ട് ദളിത്‌ക്രൈസ്തവര്‍ക്ക് പട്ടികജാതി സ്റ്റാറ്റസ് ലഭിക്കാതിരിക്കാനുള്ള ജാഗ്രതമാത്രമാണ് പല ദളിത്,പട്ടികജാതി സംഘടനകളുടെയും ജന്മോദ്ദേശം തന്നെ. ഇവിടെ സംഭവിക്കുന്നത് ഭരണകൂടവുമായോ, ജാതിവ്യവസ്ഥയോ, പരമ്പരാഗതസ്വത്വുടമസ്ഥതയോ,വംശിയ അതീശത്തമൊന്നുമായി സംഘര്‍ഷപെടാത്ത സംമ്പൂര്‍ണ്ണ നിശ്ചലാവസ്ഥയുമാണ് സൃഷ്ടിക്കപെട്ടി രിക്കുന്നത്. ദളിത്‌ക്രൈസ്തവ സംഘടനകള്‍ക്കാകട്ടെ പട്ടിക ജാതി സംവരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിചേരാന്‍ കഴിയില്ലന്നു കാലംതെളിയിച്ചിട്ടും മാറാന്‍ കഴിയാത്ത ഒരേ ഒരു മുദ്രവാക്യത്തിന പ്പുറത്ത് മറ്റോരു സാധ്യതയും മുന്നോട്ട്‌വയ്ക്കാന്‍ കഴിയാതെ ദലിത്-ക്രൈസ്തവ സംഘടനകളും അപ്രസക്തമായി തീര്‍ന്നിരിക്കുന്നു.

ജാതി/വംശിയ ഊരാക്കുടുക്ക്

ആധുനികകേരളത്തില്‍ അയിത്ത ജാതിക്കാര്‍ സ്വഭിമാനമായികണ്ടത് ജാതിയുടെ ഭൂതകാലമഹിമയിലാണ്. എന്നാല്‍ ഭൂതകാല വാഗ്മയങ്ങള്‍ ക്കോണ്ടോന്നും മറികടക്കാന്‍ കഴിയുന്നതല്ല ജാതിയുടെ നിഷ്ഠൂര വര്‍ത്തമാനകാലം.സമൂഹത്തില്‍ ഓരോ ജാതിയുടെയും ജാതിനില, വിഭവഉടമസ്ഥത,സാമൂഹ്യപദവി,അന്തസ് ഇവ ജാതിവ്യവസ്ഥ മുന്‍കൂട്ടിനിശ്ചയിച്ചിട്ടുള്ളതാണ്.ഒരാളുടെ ജാതിയിലെ കീഴ്‌നില ഒരാളുടെ സാമൂഹ്യ പുരോഗതിയും വളര്‍ച്ചയും നിര്‍ണ്ണയിക്കുന്നഘടകമാണ്. സമൂഹത്തിന്റെ ഏറ്റവും കീഴ്തട്ട് എന്നത് സാമൂഹ്യ പുരോഗതിക്കുള്ള ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്നിടമാണ്. വ്യക്തി യുടെയും,ആ ജാതിയുടെയും സാമൂഹ്യ ചലനക്ഷമത ഏതാണ്ട് ശിഥില മായതാണ് കീഴ്ജാതിക്കാരുടേത് . അത്തരത്തില്‍ ജാതികൊണ്ട് അപമാനവികരിക്കപ്പെട്ട കീഴ്ജാതിക്കാര്‍ക്ക് തങ്ങളുടെ ജാതിമഹത്വത്തെ ക്കുറിച്ച് ഊറ്റംകൊള്ളാന്‍ കഴിയുമെന്നത് അതി വിചിത്രമായ ഒരു മാനസികാവസ്ഥയുടെ പ്രകടനംമാത്രമാണ്.ഉപരിജാതിക്കാരെന്നുപറയുന്നവര്‍ ജാതിയില്‍ ഊറ്റംകൊള്ളുന്നത് ജാതിവ്യവസ്ഥ ആ ജാതിക്കു മുന്‍കൂട്ടി നല്കിയിട്ടുള്ള പ്രത്യേകനുകൂല്യങ്ങള്‍(അവകാശങ്ങള്‍) ഒന്നുകൊണ്ടുമാത്ര മാണ്.കേവലം ഒരു ജാതിപേരെന്നത് ഒരു അഭിമാനമോ അപമാനോ ആകുന്നില്ലന്നതും നാം തിരിച്ചറിയണം.ജാതിയെ അതായത് ജാതിയുടെ മനഃശാസ്ത്രം തന്നെ ഒരാള്‍ മേല്‍ജാതിക്കാരനായി ജനിച്ചതിലെ അഹന്തയും,അത്തരം അഭിമാനയോഗ്യമായ ഒരു ജാതിയില്‍ പിറക്കാന്‍ കഴിയാത്തതിന്റെ അപകര്‍ഷതയും കീഴ്ജാതിക്കാരില്‍ സൃഷ്ടിച്ചുമാണ്.നാം വലിയതോതില്‍ ഈ ഊരകുടുക്കില്‍ പെട്ടുപോകുകയും,ജാതിമേന്‍മയെന്ന മനുഷ്യവിരുദ്ധപ്രത്യശാസ്ത്രത്തിലൂടെതന്നെ നമ്മേ നോക്കികാണണ്ടി വരുകയുംചെയ്യുന്നു, നാം നമ്മേ തന്നെ ജാതിയുടെ ഈ പ്രതിഛായയില്‍ തന്നെ സമൂഹത്തില്‍പ്രതിഷ്ഠിക്കുകയും ചെയ്യണ്ടിവരുന്നു. സാംസ്‌ക്കാരി കവും,സാമൂഹ്യവുമായ ഈ വിപത്തിനെയാണ് നാം മറികടക്കേണ്ടത്. സാമൂഹ്യ അന്തസും,ആത്മാഭിമാനവും,വിഭവപങ്കാളിത്തവും ഉറപ്പു വരുത്താന്‍ ജാതിയേയും ജാതിവ്യവസ്ഥയേയും നിലനിര്‍ത്തുന്ന സാമൂഹ്യവ്യവസ്ഥക്കുനേരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുക യെന്നതാണ്.മനുഷ്യരെ അസമരാക്കിയ(ജാതി) ഈ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യ്തും പരിവര്‍ത്തിപ്പിച്ചും മാത്രമെ നമുക്ക് മനുഷ്യാന്തസു കൈവരിക്കാന്‍ കഴിയു. 

ദളിത് അതിജീവനത്തിന് ഈ മഹത്വവാദങ്ങള്‍ (ദ്രവിഡ, ചേരമ, സാംബവ, കുറവ, വേട്ടുവ) എത്രമാത്രം ഉതകുമെന്ന് നാം ചിന്തിക്കണം. ജാത്യാഭിമാനത്താല്‍ നടക്കുന്ന ഈ ഒറ്റതിരിയല്‍ സമുദായരൂപികരണമല്ല പകരം സംഘടനകളുടെ ബാഹുല്ല്യംമാത്രമെ സമ്മാനിച്ചിട്ടുള്ളു. ഇന്നും നമ്മില്‍ ഏറേപേരേയും അഭിമാനംംകൊള്ളിക്കുന്നതും, ഉള്‍പുളകിത രാക്കുന്നതും അന്തസാര ശൂന്യമായ ഈ കുല-വംശ മേന്‍മാ വാദം തന്നെയാണ്. ഇത്തരക്കാര്‍ക്ക്'നമ്മള്‍ 'എന്നത് സ്വജാതിതന്നെ.ഇപ്പോള്‍ കോട്ടയത്ത് ഉദയം ചെയ്യ്തിരിക്കുന്ന ചേരമ-സാംബവ കൂട്ടായ്മയും ഇതില്‍നിന്ന് വേറിട്ട ഒന്നല്ല. കോട്ടയം ഇതിനു മുന്‍പും ഒരു ചേരമ-സാംബവ സമുദായ പരീക്ഷണ കേന്ദ്രം തന്നെയാണ്. പി.ആര്‍ഡി.എസ്, ആംഗ്ലിക്കന്‍ ചര്‍ച്ച് (സി.എം.എസ്) ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജന്‍ എന്നിങ്ങനെയുള്ള ആത്മീയ പ്രസ്ഥനങ്ങള്‍ ഈ കോട്ടയം മോഡല്‍ സമുദായ രൂപികരണത്തിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍ ഈ പ്രസ്ഥാനങ്ങളിലെല്ലാം ഇനിയും പരസ്പരം തിരിച്ചറിയാനോ പങ്കുവെക്കാനോ കഴിയാത്തവിധം അകന്നും, അവിശ്വസിച്ചുമാണ് നമുക്കിടയിലെ പരസ്പര ബന്ധങ്ങളെന്നത് നാം മറക്കാന്‍ പാടില്ല. ചില കൂട്ടം ചേരലുകള്‍ക്കപ്പുറം അടുക്കാനോ ശക്തമായ ഒരു കൂട്ടായ്മ യാകാനോ തങ്ങള്‍ ഒരു ജനതയാണന്ന തോന്നലോ ഈ കൂട്ടം ചേരലുകളിലൂടെ സംഭവിക്കുന്നില്ല. സ്വയം രാഷ്ട്രീയ വത്ക്കാരിക്കാത്ത/ചരിത്രവത്ക്കരിക്കാത്തൊരു 'ആള്‍കൂട്ടം 'വളര്‍ച്ചയല്ല ഒരു ആഘോഷം മാത്രമാണ്. കേരളത്തിലെ സമുദായ രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങള്‍ ഗ്രഹിക്കാത്ത അതിന്റെ ഗ്രഹപാഠങ്ങള്‍ ചെയ്യാത്ത സി.എസ്.ഡിഎസ് പോലുള്ള സംഘടനകള്‍ കേരളത്തിലെ ദളിതരുടെ സാമൂഹ്യ-രാഷ്ട്രീയ വളര്‍ച്ചയെയല്ല വളര്‍ച്ചയില്ലായ്മയെതന്നെയാണ് രേഖപ്പെടുത്തുന്നത്.

കേരളത്തിലെ ദളിതര്‍ക്കുമുന്നിലെ ഒരു വലിയ വൈതരണി തന്നെയാണ് ഉപജാതികളേയും മതപരമായ വ്യത്യസ്ഥതകളേയും അതിജീവിക്കു കയെന്നത്. അതുസാധ്യമാകണമെങ്കില്‍ ദളിതരില്‍ രൂപംകൊള്ള ണ്ട സമഗ്രമാനസികവളര്‍ച്ച തന്നെയാണ് പ്രസക്തം. ജാതിപോലെ അതി വിചിത്രമായ ഒരു സാമൂഹ്യഘടന നിലനിന്നുപോരുന്ന രാജ്യത്ത് പൗരവകാശങ്ങള്‍ എന്നല്ല മനുഷ്യനെന്ന കേവല പരിഗണനപോലും ദുഷ്‌ക്കരമായി നൂററാണ്ടുകളായി ജീവിക്കേണ്ടിവരുന്ന ദലിതരെ സംബന്ധിച്ചിടത്തോളം സാമൂഹ്യ നീതിതന്നെയാണ് പരമപ്രധാനം. ദലിതര്‍ക്ക് ഈ ലക്ഷ്യം ദുഷ്‌കരമാകുന്നത് ഡോ.അംബേദ്ക്കര്‍ ചൂണ്ടി കാണിച്ചപോലെ ദളിതരില്‍ ഇല്ലാതെ പോയ ഉത്കൃഷ്ടമായ ഒരു മാനസിക നിലയുടെ അഭാവംതന്നെയാണ്.


ജോയ് തുരുത്തേല്‍
9947559286