"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 16, ചൊവ്വാഴ്ച

സംഘപരിവാറില്‍ ദലിതരുടെ ഒഴുക്കുണ്ടാകുന്നതിനെ ഭയപ്പെടുന്നതെന്തിന് ? - കുന്നുകുഴി എസ്. മണി

കേരളത്തില്‍ ബി.ജെ.പി. യെ ഒരു പ്രബല രാഷ്ട്രീയ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ ബി.ജെ.പി. യുടെ അഖിലേന്ത്യാ പ്രസിഡന്റും, ആര്‍.എസ്. എസ്. മേധാവിയുടെയും കാര്‍മ്മികത്വത്തില്‍ സംഘപരിവാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന തന്ത്രങ്ങളില്‍ ഒഴുകുന്നുണ്ടോ എന്ന് കണ്ടെത്തുക യാണ് പ്രമുഖ ദലിത് ബുദ്ധിജീവി. 2014 ഒക്‌ടോബര്‍ ലക്കം മാതൃഭൂമി യില്‍ സംഘപരിവാറും ദലിതരും എന്ന ലേഖനം തന്നെ അതിന് തെളിവാണ്. ലേഖനത്തില്‍ പറയുന്നത് കേളത്തിലെ ദലിത രുടെ ചരിത്ര സംഭവങ്ങളേയും സംഘടനാ പ്രക്ഷോഭങ്ങളി ലുള്ളവരുടെ സ്വതന്ത്ര നേതൃത്വത്തേയും ഉള്‍ക്കൊള്ളാതെയുളള ആശയ മണ്ഡലമാണ് സംഘ പരിവാറിന്റേത്. അതുകൊണ്ടാണ് ജാതി വ്യവസ്ഥയെയും രാജ്യത്തിന്റെ വൈവിധ്യങ്ങളേയും കണക്കിലെടുക്കാതെ എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന് മോഹന്‍ഭാഗവത് അവകാശപ്പെട്ടത് എന്ന്. ഇങ്ങനെ മോഹന്‍ഭാഗവത് അവകാശപ്പെടുമ്പോള്‍ 14-ാം നൂറ്റാണ്ടു മുതല്‍ക്കു തന്നെ ബ്രാഹ്മണ മേധാവിത്വം ഹിന്ദു സംസ്‌കാരത്തെ ഒരു മതമെന്ന പേരില്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അധഃസ്ഥിതര്‍ ഉള്‍പ്പെടെയുളള പ്രകൃതിജന്യമതക്കാരെ ഹിന്ദുക്കളാക്കി മാറ്റിയത്.

14-ാം നൂറ്റാണ്ടു വരെയും അങ്ങിനെ ഒരു മതം ഇവിടെ ഇല്ലായിരുന്നു. മതമെന്നതിന്റെ അര്‍ത്ഥം തന്നെ അഭിപ്രായം എന്നാണ്. അങ്ങിനെ ഒരു മതം ഇന്ത്യയില്‍ എന്നെങ്കിലും ആരെങ്കിലും സ്ഥാപിച്ചതായി ആര്‍ക്കു മറിയില്ല. ദ്രാവിഡ ആചാര്യന്മാര്‍ സംസ്‌കൃതത്തില്‍ രചിച്ച ഒരു വേദഗ്രന്ഥങ്ങളില്‍ പോലും ഹിന്ദുമതത്തെക്കുറിച്ച് പറയുന്നില്ല. എന്നിട്ടും ദ്രാവിഡാചാര്യന്മാര്‍ രചിച്ച വേദങ്ങളെയും ഉപനിഷത്തു കളെയും, ശാസ്ത്രങ്ങളെയുമെല്ലാം ആര്യ ബ്രാഹ്മണകൂട്ടങ്ങള്‍ ഹിന്ദുമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളാക്കി മാറ്റി മറിക്കുകയായിരുന്നു. ഈ പ്രാമാണിക വേദഗ്രന്ഥങ്ങളിലൊ ന്നിലും ഹിന്ദുമതത്തെപ്പറ്റി ഒരു പരാമര്‍ശവും നടത്തുന്നതായി കാണുന്നില്ല.

അങ്ങിനെ അവര്‍ പ്രകൃതി ശക്തികളെ ആരാധിച്ചിരുന്ന പ്രകൃതി മതക്കാരായ അധഃസ്ഥിതരേയും ആജീവിക മതം, ജൈനമതം, ബുദ്ധമതം എന്നിവയെല്ലാം തളളിക്കളഞ്ഞു കൊണ്ടും അവരിലെ മതപണ്ഡിതന്മാരെ മുച്ചൂടും കൊന്ന് കൊല വിളിച്ചുകൊണ്ട് ഹിന്ദുമതം ഇന്ത്യാക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ആരോപിക്കുകയും ചെയ്തത്. അതുകൊണ്ട് ക്രിസ്തുമതത്തെപ്പോലെയോ, ഇസ്ലാം മതത്തെ പോലയോ, ഇന്ത്യയിലെ തന്നെ ആജീവിക, ജൈന, ബുദ്ധമതങ്ങളെപ്പോലെയോ ഹിന്ദുമതം സ്ഥാപനവല്‍ക്കരിക്ക പ്പെട്ട ഒരു മതമായിരുന്നില്ല. എന്നിട്ടും അതൊരു മതമെന്ന പോലെ ഇന്ത്യാ മഹാരാജ്യത്ത് വ്യാപരിക്കപ്പെട്ടുകൊണ്ടി രിക്കുന്നു.

ഇന്ത്യയിലിപ്പോള്‍ ഭരണത്തിലെത്തിയ ബി.ജെ.പി. കേരളത്തില്‍ പിടി മുറുക്കാന്‍ പ്രബല അധഃസ്ഥിതര വിഭാഗ മായ പുലയരേയും, പിന്നോക്ക വിഭാഗത്തിലെ പ്രബലരായ ഈഴവരേയും പിടിച്ചെടുക്കാനുളള കുതന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. ഈ തിരക്കിനിട യിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഭരണകക്ഷി പാര്‍ട്ടിയേയും കോണ്‍ഗ്രസ്സിനെയും മുച്ചൂടും തകര്‍ത്തു കളയുകയായിരുന്നു. ഈ രണ്ടു പാര്‍ട്ടികളും ജനങ്ങളോടൊ\പ്പമല്ല എന്ന തിരിച്ചറിവാണ് വോട്ടര്‍മാരെ ഇവര്‍ക്കെതിരെ വോട്ടു രേഖപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. അധഃസ്ഥിതരേയും പിന്നോക്കക്കാരേയും ആദ്യം പിടിച്ചെടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1940 കള്‍ക്കു ശേഷം ഇവിടെ തഴച്ചു വളര്‍ന്നത് സാമൂഹ്യ അസമത്വ ങ്ങളാല്‍ ദുരിത ജീവിതം നയിച്ചിരുന്ന പുലയരെ പ്രഭാഷണങ്ങളിലൂടെയും, വിപ്ലവഗാനങ്ങളിലൂടെയും മസ്തി ഷ്‌ക പ്രക്ഷാളനം നടത്തി പിടിച്ചെടു ത്തുകൊണ്ടായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റായ പി. ഭാസ്‌ക്കരനെ പോലുളളവരുടെ വിപ്ലവഗാനങ്ങളായിരുന്നു പുലയനെയും പറയനേയും പോലുളള സാധാരണക്കാരനെ പാട്ടിലാക്കാന്‍ വിപ്ലവസഖാ ക്കള്‍ പ്രയോഗിച്ച വിദ്യ. അതേ നയം തന്നെ പാര്‍ട്ടി ഇപ്പോഴും പിന്തുടരുന്നു ണ്ട്. എവിടെയെങ്കിലും പാര്‍ട്ടി യോഗമുണ്ടെങ്കില്‍ പ്രത്യേകിച്ചും പുലയര്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ രാവിലെ മുതല്‍ക്കു തന്നെ പി. ഭാസ്‌ക്കര ന്റെയും, ഒ.എന്‍.വി.യുടേയും വിപ്ലവഗാനങ്ങള്‍ ഇട്ടു കേള്‍പ്പിക്കും. വ്യാപകമായി ക്രിസ്തുമത പരിവര്‍ത്തനവും ഇതേ രീതിയില്‍ തന്നെയാണ് നടത്തി യിരുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കാത്തവന്‍ നരകത്തില്‍ വീണുപോകു മെന്ന ഭീഷണിയും. അതു കേള്‍ക്കേണ്ട താമസം പുലയരും, പറയരും വ്യാപകമായി ക്രിസ്തുമത വിശ്വാസികളായി മാറുന്നു. അതെ സമയം ക്രിസ്തുവിന്റെ നാടായ ഇസ്രയേലും പാല സ്തീനും തമ്മിലുളള സംഘട്ടനവും വംശ നരഹത്യക്കും അറുതി കാണുന്നുമില്ല. പ്രവാചകന്മാരെ ദൈവങ്ങളായി പ്രതിഷ്ഠിച്ചു കൊണ്ടാണ് മതമാഫിയ സംഘങ്ങള്‍ ദുര്‍ബല വിഭാഗങ്ങളെ ഇന്നും കൊളളയടിച്ചു കൊണ്ടിരിക്കുന്നത്.

അങ്ങിനെ തഴച്ചുകൊഴുത്ത കോടികളുടെ ആസ്തി നേടിയ പാര്‍ട്ടി പില്‍ക്കാലത്ത് പുലയനേയും പറയനെയും അടിച്ച് ദൂരത്തെറിയുകയും പിന്നോക്ക ജാതികളിലെ മഹാഭൂരിപക്ഷ ക്കാര്‍ പാര്‍ട്ടി നേതൃത്വം പിടിച്ചടക്കുകയും അവരുടെ വരുതിയില്‍ പാര്‍ട്ടി ഇന്നും പ്രവര്‍ത്തിക്കു കയും ചെയ്തു പോരുന്നു. പാര്‍ട്ടിയുടെയോ, പാര്‍ട്ടി പത്രത്തിന്റെയോ നേതൃസ്ഥാനങ്ങളിലൊന്നിലും ഇക്കണ്ട ജാതിക്കാരെ അടിപ്പിക്കാറില്ല. അതെ സമയം കൊടി പിടിക്കാനം ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാനും, പോലീസിന്റെ തല്ല് വാങ്ങാനും മാത്രമാണ് പുലയനും പറയനും മറ്റും മറ്റും. അസന്തുഷ്ടരായ ദലിതരുടെ പിന്തുണയുണ്ടെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും വ്യാപകമായ പൊഴിഞ്ഞു പോക്ക് തുടരുന്നുണ്ട് പാര്‍ട്ടിക്കുളളില്‍. ഈ തക്കം മുതലാക്കിയാണ് സംഘ പരിവാര്‍ പിന്തുണയോടെ ഹിന്ദുത്വ അരാജകവാദി കളായ ബി.ജെ.പി. ക്കാര്‍ ദലിതരിലെ പുലയരേയും പിന്നോക്കക്കാരിലെ ഈഴവരേയും പാര്‍ട്ടിക്കു ളളില്‍ നിന്നും അല്ലാതെയും അടര്‍ത്തിയെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയു ന്നത്. എങ്ങിനെ മെനഞ്ഞാലും ബി.ജെ.പി.ക്ക് കേരളത്തില്‍ ഒരു സീറ്റു പോലും പിടിച്ചെടുക്കാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുതല്‍ ഹിന്ദുത്വ വാദികളായ ബി.ജെ.പി. വരെയുളളവരുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ ദലിതര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളോടുളള സമീപനത്തില്‍ വന്‍ അകല്‍ച്ച അനുഭവപ്പെടുകയാണ്. അത് മാറണമെങ്കില്‍ ഈ വിഭാഗങ്ങളെ മുഖ്യ നേതൃത്വസ്ഥാനങ്ങളില്‍ കൊണ്ടു വരണം. അതിനവര്‍ തയ്യാറാകുമോ? 

'1970-ല്‍ എം.എന്‍. ഗോവിന്ദന്‍ നായരുടെ അനുഗ്രഹാശിസ്സുകളോടെ പി.കെ ചാത്തന്‍ മാസ്റ്റര്‍, പി.കെ. രാഘവന്‍ എന്നിവരെ നേതൃത്വമാക്കി രൂപം കൊണ്ട കെ.പി.എം.എസ്. ദീര്‍ഘകാലം സി.പി.ഐ. യുടെ പോഷകസംഘടനയായാണ് നിലനിന്നത്' എന്നാണ് ദലിത് ബുദ്ധിജീവി കണ്ടെത്തല്‍. ദലിതന്റെ സംഘടനാചരിത്രം പച്ചമരുന്നോ അങ്ങാടി മരുന്നോ എന്ന് തിരിച്ചറിയാന്‍ മേലാത്ത ബുദ്ധിജീവിയുടെ ഈ നിലപാട് ശരിയല്ല. 1968-69 കാലഘട്ട ത്തോടെ ടി.ടി. കേശവന്‍ ശാസ്ത്രികള്‍ സ്ഥാപിച്ച ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ പൊളിഞ്ഞ് പോളീഷ് പരുവത്തിലെത്തിയിരന്നു. ഈ കാലത്തു തന്നെ അന്നത്തെ പ്രസിഡന്റ് കെ. കൃഷ്ണന്‍ എക്‌സ് എം.എല്‍.എ.യും, ജനറല്‍ സെക്രട്ടറിയായ ഞാനും, മുന്‍ പ്രസിഡന്റ് വെളിയം കേശവനും ചവറ മാധവനുമൊക്കെ ചേര്‍ന്ന് ഡപ്യൂട്ടി പി.ആര്‍.ഡി. ആയിരുന്ന നന്തന്‍കോട് ജെ. ആര്‍. ദാസും ചന്ദ്രശേഖരശാ സ്ത്രി എക്‌സ് എം.എല്‍.എ. യുമായി ചേര്‍ന്ന് ആള്‍ കേരളാ തലത്തില്‍ മറ്റൊരു പുലയര്‍ മഹാസഭാ ഉണ്ടാക്കുന്നതിനെ ക്കുറിച്ച് ആലോചനകള്‍ നടത്തിയിരുന്നു. ഈ ആലോചന യാണ് മുന്‍മന്ത്രി പി.കെ. ചാത്തന്‍ മാസ്റ്ററില്‍ ചെന്നെത്തിയത്. അന്ന് പി.കെ. രാഘവന് സമുദായ സംഘടന വളരെ അലര്‍ജിയായിരുന്നു. ഈ ലേഖകനോടു തന്നെ പി.കെ. രാഘവന്‍ എം.എല്‍.എ. ആയിരുന്ന കാലത്ത് സ്റ്റാച്യൂവിലെ ഹാപ്പി ടൂറിസ്റ്റ് ഹോമിലെ തന്റെ മുറിയില്‍ വച്ച് 'ഏതാടോ ഈ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ? നിങ്ങള്‍ക്കൊക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വയ്യായിരുന്നോ?' എന്നു മറ്റും പറഞ്ഞത്. ആ മാന്യനാണ് പില്‍ക്കാലത്ത് അന്തസ്സും നാണവുമില്ലാതെ കെ.പി.എം.എസ്.ന്റെ അമരക്കാരനായി ഞെളിഞ്ഞിരുന്നത്.

ഈ ആലോചനകളുടെ ഒക്കെ ഫലമായിട്ടാണ് 1969 ല്‍ തിരുവനന്തപുരത്ത് പാളയം ടാജ് ഹോട്ടല്‍ മുറിയില്‍ ചാത്തന്‍മാസ്റ്റര്‍, ചന്ദ്രശേഖര ശാസ്ത്രി, ജെ.ആര്‍.ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ആള്‍ കേരള തലത്തില്‍ പുലയര്‍ മഹാസഭ രൂപീകരിക്കുന്നതിനെക്കുറിച്ച് ഒരു യോഗം ചേരുക യുണ്ടായി. ഈ യോഗത്തില്‍ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയെ പ്രതിനിധീകരിച്ച് ഞാനും, ടി കൃഷ്ണന്‍ എക്‌സ്. എം.എല്‍.എ.യും വെളിയം കേശവനും, ചവറ മാധവനും, സി. അപ്പുക്കുട്ടനും മറ്റും പങ്കെടുക്കുകയുണ്ടായി. ഈ യോഗത്തില്‍ പങ്കെടുത്ത 71 കാരനായ ഞാനല്ലാതെ മറ്റാരും തന്നെ ഇന്ന് ജീവിച്ചിരുപ്പില്ല. യോഗനടപടികള്‍ മുന്‍മന്ത്രി പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ചു. യോഗത്തില്‍ ഞാനെഴുന്നേറ്റ് പുതിയ സംഘടനയില്‍ രാഷ്ട്രീയം പാടില്ല എന്നു പറയുകയും അവിടെ കൂടിയിരുന്നവരെല്ലാം ആ നിര്‍ദ്ദേശത്തെ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിലവിലുളള ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയിലെ നേതാക്കള്‍ക്ക് മാന്യമായ സ്ഥാനമാനങ്ങള്‍ പുതിയ സംഘടനയില്‍ നല്‍കണമെന്ന് പ്രസിഡന്റ് ടി. കൃഷ്ണന്‍ എക്‌സ്. എം.എല്‍.എ. ആവശ്യപ്പെട്ടു. ചാത്തന്‍ മാസ്റ്റര്‍ അക്കാര്യം നടക്കില്ലെന്നും തെരഞ്ഞെടുപ്പിലൂടെ നേതൃ ത്വസ്ഥാനത്തെ ത്തണമെന്നും പറഞ്ഞു. അതോടെ ശബ്ദയാ നമായ രംഗങ്ങള്‍ ഉണ്ടാവു കയും ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയില്‍പ്പെട്ട ഞങ്ങള്‍ ടി. കൃഷ്ണന്‍ എക്‌സ്. എം.എല്‍.എ.യുടെ നേതൃത്വത്തില്‍ യോഗ നടപടികള്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നു. ആ കാരണത്താല്‍ തന്നെ പിന്നീട് രൂപീകരിച്ച കമ്മറ്റിയിലോ, കെ.പി.എം.എസ്.ലെ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ലയിച്ചില്ല. പകരം ആള്‍ കേരള പുലയര്‍ മഹാസഭയെന്ന് രജിസറ്റര്‍ ചെയ്ത് പ്രവര്‍ത്തനം പുനരാരംഭിച്ചു എങ്കിലും ഞാന്‍ അതോടെ സംഘടനാ പ്രവര്‍ത്തനം മതിയാക്കുകയായിരുന്നു.

പിന്നീട് കൊല്ലം കണ്‍ടോണ്‍മെന്റ് മൈതാനത്തില്‍ ചേര്‍ന്ന പുലയരുടെ യോഗം കേരള പുലയര്‍ മഹാസഭ (കെ.പി.എം. എസ്.) രൂപീകരിക്കു കയും, പി.കെ. ചാത്തന്‍ മാസറ്റര്‍, ചന്ദ്ര ശേഖരശാസ്ത്രി, ജെ.ആര്‍. ദാസ് എന്നിവര്‍ നേതൃസ്ഥാനത്ത് വരുകയും ചെയ്തു. ഈ കാലത്തൊന്നും എം.എന്‍. ഗോവിന്ദന്‍ നായരുടെ അനുഗ്രഹാശിസ്സുകളൊന്നും പുലയര്‍ മഹാസഭ യ്ക്കില്ലായിരുന്നുവെന്നത് വ്യക്തമാണ്. അന്നൊന്നും പുലയര്‍ മഹാസഭ സി.പി.ഐ.യടെ പോഷക സംഘടനയുമായിരുന്നില്ല. എന്നാല്‍ ചാത്തന്‍ മാസറ്ററുടെ മരണത്തോടെ പുലയര്‍ മഹാസഭയെ എക്കാലത്തും എതിര്‍ത്തു പോന്നിരുന്ന പി.കെ. രാഘവന്‍ കെ.പി.എം.എസി. ന്റെ നേതൃതസ്ഥാനം എറ്റെടുത്തത്. അതോടെ പി.കെ. രാഘവന്‍ പുലയര്‍ മഹാസഭയെ സി.പി.ഐ. പാളയത്തില്‍ കൊണ്ടു പോയി കെട്ടുകയാ യിരുന്നു.

ഈ സംഭവങ്ങളൊന്നും അറിയാതെയാണ് ദലിത് ബുദ്ധി ജീവി തന്റെ ലേഖനത്തില്‍ ചില പരാമര്‍ശനങ്ങള്‍ നടത്തിയത്. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറ് അഞ്ഞാഴിയെന്ന് പറയുന്ന നിലപാട് എഴുത്തുകാര്‍ ഇനിയെങ്കിലും നിറുത്തലാക്കണം. പിന്നീട് സംഭവിച്ചത് സി.പി.ഐ. ക്കാരനായ പുന്നല ശ്രീകുമാര്‍ കെ.പി.എം.എസിന്റെ അമരക്കാരനായി മാറിയതാണ്. കെ.പി.എം.സില്‍ പ്രഗത്ഭന്മാര്‍ പലരുണ്ടായിട്ടും യുവാവായ പുന്നലയ്‌ക്കെങ്ങനെ ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചുവെന്നത് ദുരൂഹമാണ്. പുന്നല ശ്രീകുമാര്‍ കെ.പി. എം. എസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് മുന്നോട്ടുപോയെങ്കിലും ചില സാമ്പത്തിക ഇടപാടുകളില്‍ സംഭവിച്ച പൊരുത്തക്കേടു കള്‍ മൂലം നേതാക്കന്മാര്‍ തമ്മില്‍ കൊച്ചിയില്‍ വച്ച് സംഘര്‍ ഷമുണ്ടാവുകയും കെ.പിഎം.എസ്. എന്ന പുലയരുടെ ശക്തമായ സംഘടന രണ്ടായി പിളരുകയും ചെയ്തു. അങ്ങിനെയാണ് പുന്നലഗ്രൂപ്പും, ബാബു ഗ്രൂപ്പും ഉടലെടുത്തത്. അതു മാത്രമല്ല കെ.പി.എം.എസില്‍ നിന്നും നേരത്തെ പൊട്ടി പൊളിഞ്ഞു പോയവരും ഇപ്പോള്‍ പുലയര്‍ മഹാസഭയായി ശക്തിയാര്‍ജ്ജിക്കുന്നുണ്ട്. തുടര്‍ന്ന് ബുദ്ധിജീവി നിരീക്ഷിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് സമ്മതിക്കാ മെങ്കിലും തീര്‍ത്തും സമ്മതിക്കാനാവില്ല. ദലിത് കോണ്‍ഗ്രസ്സി നെ തുടര്‍ന്ന് മുസ്ലീം ലീഗ് ദലിത് ലീഗും, സി.പി.എം.പട്ടികജാതി ക്ഷേമ സമിതിയും ബി.ജെ.പി. പട്ടികജാതി മോര്‍ച്ചയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവയിലൊന്നിലും ദലിത് സ്വാധീനം കാണാനില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഈ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ദലിത് ക്ഷേമമല്ല ലക്ഷ്യമിട്ടിരി ക്കുന്നത്. പകരം ദലിത് വോട്ടു മാത്രമാണ് അവരുടെയെല്ലാം ആത്യന്തിക ലക്ഷ്യവും അജണ്ടായും.

മണ്ഡല്‍ കമ്മീഷനും, രംഗനാഥ മിശ്രാ കമ്മീഷനും പട്ടിക ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ടവര ല്ലെങ്കിലും അവരുടെയെല്ലാം റിപ്പോര്‍ട്ടുകളില്‍ പട്ടികജാതി ക്കാരുടെ ഭരണഘടനാദത്തമായ ആനുകൂല്യ ങ്ങള്‍ കവര്‍ന്നെടു ക്കുന്ന തരത്തില്‍ കടന്നാക്രമിക്കാനാണ് ശ്രമിച്ചിരിക്കു ന്നത്. അതുകൊണ്ടു തന്നെ ഈ കമ്മീഷനുകളെ ഇന്ത്യയിലെ പട്ടിക ജാതിക്കാര്‍ നിരാകരിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ ക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ബി.പി. മണ്ഡലിന് പട്ടികജാതിക്കാരുടെ സംവരണകാര്യ ത്തില്‍ നടന്നു കയറി തീര്‍പ്പു കല്‍പ്പിക്കാന്‍ എന്തവകാശ മാണുളളത്? അതേപോലെ ക്രൈസ്തവ ദലിതരുടെ ക്ഷേമ കാര്യങ്ങളെ ക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രംഗനാഥ മിശ്രാ കമ്മീഷനും പട്ടികജാതി ക്കാരുടെ സംവരണ കാര്യത്തില്‍ കടന്നു കയറി റിപ്പോര്‍ട്ട് എഴുതാന്‍ ആരാണ് അവകാശം നല്‍കിയത്? അതുകൊണ്ടു തന്നെ രണ്ടു കമ്മീഷനു കളും ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തികളാണ് ചെയ്തിരിക്കുന്നത്. പട്ടികജാതിക്കാരെയും അവരുടെ ഭരണഘടനാദത്തമായ അവകാശങ്ങ ളെയും ആര്‍ക്കും കയറി മേയാമെന്നാണോ? ഇതില്‍ കടന്നു പിടിച്ചാണ് സംഘപരി വാറും, ബി.ജെ.പി.യുമൊക്കെ ദലിതരുടെ രക്ഷകരായി ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. അതു മാത്രമല്ല, ഇപ്പോള്‍ പട്ടികജാതി ലിസ്റ്റില്‍ സാമൂഹ്യ അസമത്വങ്ങള്‍ അനുഭവിക്കാത്ത പട്ടികജാതിക്കാരോട് എന്നും അയിത്തവും അകല്‍ച്ചയും വച്ചു പുലര്‍ത്തുന്ന പുതിയ പുതിയ ജാതികളെ ആനുകൂല്യങ്ങള്‍ പ്രസിഡന്‍ഷ്യല്‍ റൂള്‍. പക്ഷെ ഇന്ത്യന്‍ ഭരണഘടനയെ ധിക്കരിച്ചുകൊണ്ട് 1950 മുതല്‍ക്കു തന്നെ പ്രസിഡന്‍ഷ്യല്‍ റൂളിന്റെ മറവില്‍ ഇന്ത്യാ മഹാരാജ്യത്തെ പട്ടികജാതിക്കാര്‍ക്ക് 1956 ജനുവരി 26 ല്‍ നിലവില്‍ വന്ന ഭരണഘടന നല്‍കുന്ന സംവരണാനു കൂല്യങ്ങളെ നിരന്തരം അമ്പത്തിഒന്‍പതു വര്‍ഷമായി നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ കോടതികളുണ്ട്, ഹൈക്കോടതികളുണ്ട്, സൂപ്രീംകോടതിയുണ്ട്. എന്നിട്ടും പട്ടികജാതി ക്രൈസ്തവന്റെ സംവരണ കാര്യത്തില്‍ അന്തിമമായ ഒരു തീരുമാനമെടുക്കാന്‍ ഒരു നിയമജ്ഞനും കഴിഞ്ഞിട്ടില്ലെന്നത് ഇന്ത്യന്‍ ഭരണകൂടം ഇന്നും പട്ടിക ജാതിക്കാരെ വേര്‍തിരിവോടെ കാണുന്നുവെന്നതാണ്. പ്രസിഡന്‍ഷ്യല്‍ റൂളാണോ, അതോ ഇന്ത്യന്‍ ഭരണഘടന യാണോ ഇന്ത്യയെന്ന നാണംകെട്ട ജനാധിപത്യ രാജ്യം പിന്തുടരുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും പട്ടികജാതിക്കാര്‍ക്കുളള സംവരണം എന്നന്നേയ്ക്കുമായി എടുത്തു കളയാന്‍ തയ്യാറാകണം. സാമൂഹ്യ അസമത്വങ്ങള്‍ അനുഭവിച്ചവരെ ഉള്‍പ്പെടുത്താന്‍ ഉണ്ടാക്കിയ പട്ടികജാതി ലിസ്റ്റില്‍ ഇപ്പോള്‍ രാജ്യത്തെ അണ്ടനേയും അടകോടനേയും ഉള്‍പ്പെടു ത്താന്‍ ചില സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ അതിപ്രസരം മൂത്ത അലവിലാതികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടു കളോളം അയിത്തവും അടിമത്വവും പേറി മൃഗതുല്യം ജീവിച്ച പട്ടികജാതി ക്കാര്‍ക്ക് നാമമാത്രമായ സംവരണം ഇനി വേണ്ട. സംവരണ പ്രഹേളിക യാണ് വീണ്ടും സവര്‍ണന്റെ മുന്നില്‍ മാനസിക അടിമത്വത്തിന് കാരണമാകുന്നത്.

ബുദ്ധിജീവി നിരീക്ഷണത്തില്‍ പറയുന്നത് കെ.പി.എം. എസ്. രംഗനാഥ മിശ്രാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയമു ണ്ടായതോടെയാണ് ടി.വി. ബാബു വിഭാഗം സംഘപരിവാര്‍ ബാന്ധവ ത്തിന് അരയും തലയും മുറുക്കി രംഗത്തെ ത്തിയത്. കുമ്മനം രാജശേഖരന്റെ വലംകൈയായി തുറവൂര്‍ സുരേഷ് ക്ഷേത്രങ്ങളിലെ മതപ്രഭാഷകനാകുന്നതെന്ന് ബുദ്ധിജീവി പറയുമ്പോള്‍ അതിനും എത്രയോ മുന്‍പുതന്നെ ബി.ജെ.പി. ദേശീയ മെമ്പറായിരുന്ന കൈനകരി ജനാര്‍ദ്ദനെന്ന ദലിത് നേതാവ് ക്ഷേത്രങ്ങളിലെ മതപ്രഭാഷണം മുതല്‍ കഥാ പ്രസംഗം വരെ നടത്തി ക്കൊണ്ടിരുന്ന കാര്യം ബുദ്ധിജീവി അറിയാതെ പോയത് ഏറ്റവും വലിയ കുറവാണ്. ദലിതര്‍ക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളു മായി സഹകരിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സംഘപരിവാര്‍ ബാന്ധവം ആയിക്കൂടാ? അവരുമായി വേദി പങ്കിട്ടുകൂടാ? അതാണല്ലോ ടി.വി. ബാബുവിന്റെ കായല്‍ സമ്മേളന ശതാബ്ദി സമ്മേളനത്തില്‍ ഉദ്ഘാടകനായി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചത്. ഈ യോഗത്തില്‍വച്ച് എന്നെ ആദരിക്കുമെന്ന് അറിയിച്ചിരുന്നു വെങ്കിലും വാഹനത്തില്‍ സഞ്ചരിച്ച് കൊച്ചിയിലെത്താ നുളള ബുദ്ധിമുട്ടുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാത്തത്. ദലിതര്‍ക്കും ദലിത് സംഘടനകള്‍ക്കും കേരളത്തില്‍ ആരുമായും കൂട്ടുകൂടാം. വേദിയും പങ്കിടാം. പക്ഷെ ദലിത് പക്ഷത്തി ന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അധികാരത്തില്‍ പങ്കാളികളാ ക്കണം. ജാതി വിവേചനം ഇല്ലായ്മ ചെയ്ത് മനുഷ്യനാണെന്ന ബോധം സൃഷ്ടിക്കണം. മനുഷ്യനെന്ന നിലയില്‍ സംഘപരിവാറിന്റെയോ, ആര്‍.എസ്.എസ്. കാരന്റെയോ സ്ത്രീകളെ പ്രേമബന്ധം കൂടാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയേണം. ഇതു സാധിച്ചാല്‍ ദലിത് ഐക്യവും സാധ്യമല്ലാത്ത ഒരു സമസ്യയായി തീരുമെന്നത് ഉറപ്പായ കാര്യമാണ്.

കുന്നുകുഴി എസ്. മണി
8893024956