"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

പുലയര്‍ ഉത്പത്തി കാരണമായ തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഒര്‍ണ കൃഷ്ണന്‍കുട്ടി
തൃശ്ശൂര്‍ ജില്ലയിലെ അന്നമനട ശ്രീമഹാദേവ ക്ഷേത്ര ത്തിന്റെ നേരവകാശികള്‍ പുലയരാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് ദേവനെ എഴുന്നുള്ളിക്കുമ്പോള്‍ പിടിക്കുന്ന കുട ഈ കരയിലെ തളിരി വള്ളോത്തി എന്ന പുലയ സ്ത്രീയുടെ കുടുംബത്തില്‍ നിന്നാണ് കൊണ്ടുവരുന്നത്. 

തൃശ്ശൂര്‍ ജില്ലയിലെ തന്നെ പടിഞ്ഞാറെ ചാലക്കുടിയില്‍ നെല്‍പാടത്തിന്റെ നടുവില്‍ നില്‍ക്കുന്ന മരച്ചുവട്ടില്‍ ഉരുളി കമിഴ്ത്തി ഇട്ടിരിക്കുന്നപോലെ ഒരു കല്ലില്‍ പുലയര്‍ തിരിവച്ച് ആരാധന നടത്തി പോരുന്നുണ്ട്. ഇന്ന് കോട്ടറ ശ്രീ ഗൗരിശങ്കര ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം പുലയരുടേതാണ്. പാടത്ത് കാവല്‍ക്കാരായി മാടം കെട്ടി ജീവിച്ചുപോന്ന കോട്ടറ ചക്കന്‍ മുത്തനും ഭാര്യയുമാണ് അവിടെ കുടികൊള്ളുന്നത്. മുത്തന് 1 കുപ്പി കള്ളും മുറുക്കാനു മായിരുന്നു ആദ്യകാല വഴിപാട്. ഇതെല്ലാം നേദിച്ചാന്‍ സാധിക്കാത്ത ഒരു കാര്യവും ഇല്ലായെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പുലയരുടെ ഇഷ്ട പാനീയമാണല്ലോ കള്ള്. സവര്‍ണ്ണ ദൈവങ്ങള്‍ക്ക് കള്ള് ആവശ്യമില്ല. ഏതായാലും കൃഷിയിടത്തെ 60 സെന്റ് സ്ഥലത്ത് ഇപ്പോള്‍ എല്ലാ സവര്‍ണ്ണ ദൈവങ്ങളെയും ഉപദേവതകളേയും പ്രതിഷ്ഠിച്ച് വലിയ ആഘോഷങ്ങളോടെ ഉത്സവം നടത്തിപോരുന്നു. ദേവിദേവന്മാരുടെ ഉപാസകനായ ചക്കന്‍ മുത്തന് കള്ള് നിവേദിക്കാതെ അവിടെ ഒരു ചടങ്ങും നടക്കുന്നില്ല. 

കേരളത്തിലെ മറ്റൊരു പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ പേരുതന്നെ കുറുമ്പക്കാവ് എന്നാക്കി മാറ്റിയിരിക്കുന്നു. വിവാഹിതയായി ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വൈകാരികതയാണ് അവിടെ വിശ്വാസപ്രമാണമായി മാറിയിട്ടുള്ളത്. ക്ഷേത്രപാലകരും, ഭരണാധികാരികളും ആരൊക്കെ യായാലും ക്ഷേത്രത്തിന്റെ ചരിത്രം പുലയരുടേതു തന്നെയാണ്. അവിടത്തെ ഉത്സവത്തിന് പുലയര്‍ക്ക് നല്ലൊരു പങ്കാണുള്ളത്. കൊടുങ്ങല്ലൂര്‍ കോവിലില്‍ കുടികൊള്ളുന്നത് അമ്മദൈവമാണെന്നും കോവിലന്‍ കഥയിലെ കണ്ണകി തന്നെയാണെന്നുമാണ് വിശ്വാസം. കണ്ണകി മലബാറില്‍ നിന്നും കൊടുങ്ങല്ലൂരില്‍ എത്തിയത് കടത്തനാട്ട് പ്രതിഷ്ഠി ച്ചിരുന്ന ബിംബം മലബാറുകാരായ മുസ്‌ലീങ്ങള്‍ അറബിക്കടലില്‍ എറിയുകയും അത് അടിഒഴുക്കില്‍പ്പെട്ട് കൊടുങ്ങല്ലൂര്‍ കടപ്പുറത്ത് അടിഞ്ഞുകയറിയ തിയിലൂടെയായിരുന്നു എന്നുമാണ് വിശ്വസിക്ക പ്പെടുന്നത്. ഈ ബിംബം കണ്ടെത്തിയ മത്സ്യബന്ധനക്കാരായ അരയന്മാര്‍ വിവരം കൊടുങ്ങല്ലൂര്‍ തമ്പുരാനെ അറിയിക്കുകയും തമ്പുരാന്‍ കൊടുങ്ങല്ലൂരില്‍ അമ്പലം പണിതീര്‍ത്ത് ഈ ബിംബം അവിടെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ഈ ബിംബത്തിന്റെ മേല്‍പറഞ്ഞ കടത്തനാട്ടു നിന്നുള്ള പകര്‍ച്ചയില്‍ പുലയര്‍ക്ക് ഒരുഭാഗം ലഭിച്ചത് മറ്റൊരു ഉപകഥയിലൂടെയാണ്. കോവിലനുമായുള്ള തന്റെ വിവാഹ ത്തില്‍ എതിര്‍പ്പുകാണിച്ച ഭദ്ര (കണ്ണകി) കടത്തനാടില്‍ നിന്നും ഒളിച്ചോടി കൊടുങ്ങല്ലൂരിലെത്തി ഒരു പുലയചാളയുടെ സമീപത്തുള്ള തറയില്‍ വന്നിരുന്നുവത്രേ. മേല്‍ക്കൂരയില്ലാതിരുന്ന ആ തറയാണ് പിന്‍കാലത്ത് കീഴ്കാവായി മാറിയത്. കീഴ്കാവില്‍ നിന്നും മേല്‍കാവിലേക്ക് വരുന്ന തിന് മുമ്പ് പുലത്തലവനായ വള്ളുവനോട് മേല്‍കാവ് സന്ദര്‍ശിക്കാ നെത്തുന്ന ഏത് ഭക്തനും ആദ്യം കീഴ്ക്കാവ് സന്ദര്‍ശിക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്തു. ഇന്നും ആ വള്ളുവപ്പുലയന്റെ പിന്‍തുടര്‍ച്ച കുടുംബം ഈ അവകാശം അനുഭവിച്ച് കൊടുങ്ങല്ലൂര്‍ കാവിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. കല്‍പ്പിച്ചു കൊടുത്ത തിട്ടൂരവും അവര്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. ഭരണി നാളിനോടനുബന്ധിച്ച അശ്വതി, രേവതി, ഭരണി നാളുകളിലായി ഈ പുലയ കുടുംബത്തിന്റെ തലവന്‍ കീഴ്കാവില്‍ രാവും പകലും അലങ്കാരങ്ങളോടെ ഇരിപ്പുറപ്പിക്കുന്നു. മേല്‍ക്കാവില്‍ പോകുന്ന എല്ലാ ഭക്തന്മാരും പുലക്കാവില്‍ എത്തി പണവും കോഴികളെയും അര്‍പ്പിക്കുന്നു. ചില ഭക്തന്മാര്‍ തുള്ളല്‍ നടത്തി തലയില്‍ വാളുകൊണ്ട് വെട്ടി മുറിവേല്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവില്‍ ഭസ്മമിട്ടു കൊടുക്കേണ്ട ചുമതല ഈ വള്ളുവ പുലയനാണ്. ഇവിടെ അര്‍പ്പിക്കപ്പെടുന്നതെല്ലാം ഈ പുലയ കുടുംബത്തിന്റെ അവകാശമായി തീര്‍ന്നു. ഇന്നും ഭക്തന്മാര്‍ ഭഗവതിയുടെ നിര്‍ദ്ദേശപ്രകാരം കീഴ്കാവ് സന്ദര്‍ശിക്കുന്നുണ്ട്. പണ്ട് പുലയര്‍ക്ക് അവരുടെതായ ചില സാമൂഹ്യ സംഘടനകള്‍ ഉണ്ടായിരുന്നു. ഏകദേശം ഒരു വില്ലേജിനോ ടടുത്ത് ജീവിക്കുന്ന പുലയരായ കുടുംബങ്ങളെ ഉള്‍കൊണ്ടിരുന്ന ഈ കൂട്ടത്തിനെ ദേശമെന്നും കരയെന്നും സമുദായമെന്നും പലപേരുകളിലായി അറിയപ്പെടുന്നു. ഇതിന്റെ തലപ്പത്ത് ഒന്നോ, രണ്ടോ മൂപ്പന്‍ വള്ളോന്‍, വലിയ കാരണവര്‍, ദേശക്കാര്‍, ആശാന്‍ എന്നു പേരുകളില്‍ അറിയ പ്പെട്ടിരുന്ന തലവന്മാരും ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ അരക്കുട പിടിക്കാനും, കാതില്‍ കടുക്കന്‍ അണിയാനും അരയില്‍ നാരയ പിച്ചാത്തി ധരിക്കുവാനുമുള്ള അവകാശം ഈ സ്ഥാനത്തിന്റെ പേരില്‍ തലവന്മാര്‍ക്ക് ലഭ്യമായിരുന്നു. സമുദായത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തിരുന്ന ഈ തലവനെ സമൂഹത്തിലെ ഏതു ചലനവും അറിയിച്ചിരിക്കണ മെന്നതായിരുന്നു ചട്ടം. ഇത് ലംഘിക്കപ്പെടുന്നവര്‍ സമുദായത്തിന് പുറത്താക്കപ്പെടു മായിരുന്നു. കര്‍മ്മങ്ങളും ചട്ടങ്ങളും നടത്തുവാന്‍ ഇണങ്ങനും, ഇദ്ദേഹത്തിന്റെ ഭാര്യമാരായ ഇണങ്ങത്തിമാരും (ദളിമകളും) ഉണ്ടായിരുന്നു. സമുദായ തലവന്റെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു കുറുപ്പും കുറ്റവാളി കളെ തേടിപ്പിടിച്ചു തലവന്റെ മുമ്പില്‍ എത്തിക്കുന്നതിനു വടിക്കാരനും മന്ത്രവാദം നടത്തുന്നതിന് വൈദ്യനും ആയ വെള്ളാളനും എല്ലാം ഈ ജാതിഘടനയിലെ പ്രധാനപ്പെട്ട വരായിരുന്നു. 

ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കൊറ്റനല്ലൂര്‍ കരുവാപ്പടിയില്‍ ചാത്തന്നൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം പുലയരുടെ ബന്ധത്തിലുള്ളതാണ്. വെള്ളാങ്ങല്ലൂരില്‍ നിന്നും കൊറ്റനെല്ലൂര്‍ക്ക് 3.5 കീ.മീ. ദൂരമുണ്ട്. ചാത്തന്നൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്നത് കൊറ്റനെല്ലൂരാണ്. സ്വയംഭൂ ശില ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച താണെന്നും പക്ഷമുണ്ട്. ചതുര ശ്രീകോവില്‍ ഗര്‍ഭഗ്രഹമുണ്ട്. ക്ഷേത്രം നമ്പൂതിരിമാരു ടേതായിരുന്നു. പുല്ലരിയാന്‍ പോയ ചാത്തപ്പുലയി തന്റെ അരിവാള്‍ സ്പര്‍ശം കൊണ്ട് ദേവ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് ഐതീഹ്യം. ചാത്തയുടെ ഈ ബന്ധമാണ് ദേവിക്ക് ചാത്തന്നൂര്‍ ദേവിയെന്ന് പേരുവരാന്‍ കാരണം.

കൊടകര വെള്ളിക്കുളങ്ങര റൂട്ടില്‍ അര കീ.മീറ്റര്‍ പോയാല്‍ കീഴക്കോട്ട് ദര്‍ശന മേകിയിരിക്കുന്ന 'പുന്നരിയമ്മ പൂനിലാര്‍ കാവ്' ദേവി ക്ഷേത്രം കാണാം. സ്വയംഭൂവായ ദുര്‍ഗ്ഗ കണ്ണാടി ശിലയില്‍ പ്രശോഭിക്കുന്നു. കരിങ്കല്ലില്ല തീര്‍ത്ത ശ്രീകോവിലും മണ്ഡപവുമാണ്. പരശുരാമ പ്രതിഷ്ഠ യെന്നാണ് ഐതീഹ്യം. ക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തെ കുറിച്ച് ഐതീഹ്യം ഇങ്ങനെയാണ്. പരശുരാമന്‍ പ്രതിഷ്ഠക്ക് ശേഷം ആ പ്രദേശം ആരാലും ശ്രദ്ധിക്കപ്പെടാതെ കാടുപിടിച്ചു കിടന്നു. ഒരു ദിവസം പുല്ലരി യാന്‍ വന്ന പുലയിയുടെ അരിവാള്‍ തട്ടി ശിലയില്‍ ചോരകണ്ടു. അത് ദേവിയുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കു ന്നതായിരുന്നു. നാടുവാഴി ബ്രാഹ്മണരെ വിളിച്ചു വരുത്തി ദേവിയെ പ്രതിഷ്ഠിച്ചു. നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്ര മായിരുന്നു. അതില്‍ ഇന്ന് അവശേഷി ക്കുന്നതാണ് പടിഞ്ഞാ റെ കുന്നത്തുമന. ഇപ്പോള്‍ ജനപങ്കാളി ത്തത്തോടെ നാട്ടുകാരുടെ കമ്മിറ്റിയാണ് ഉത്സവം നടത്തുന്നത്. പുല്ലരിയാന്‍ ചെന്ന പുലയിയുടെ വംശക്കാര്‍ വിളിച്ച് വിളിച്ച് ഭാഷാന്തരം വന്നിട്ടുള്ളതായി സംശയിക്കാം പുന്നരിയമ്മ എന്നത്. 

തൃശ്ശൂര്‍ ജില്ലയിലെ മറ്റൊരു ഭഗവതി ക്ഷേത്രമാണ് 'കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രം' ഗ്രാമത്തിലെ ഒരു പുലയിപ്പെണ്ണ് പുല്ലരിഞ്ഞപ്പോള്‍ അവളുടെ അരിവാള്‍ ശിലയില്‍ തട്ടി രക്ത പ്രവാഹമുണ്ടായി. ഭയന്നോടിയ അവള്‍ നാടുവാഴി നായരെയും, നാട്ടുകാരെയും വിവരം അറിയിച്ചു. ആ ശിലയില്‍ ദേവി ചൈതന്യം ഉണ്ടെന്ന് ബ്രാഹ്മണ പണ്ഡിതര്‍ വിധിച്ചു. നായര്‍ തന്റെ സകലസ്വത്തും ക്ഷേത്രത്തിന് നല്‍കി. ഇന്ന് ക്ഷേത്രമിരി ക്കുന്ന സ്ഥലമെല്ലാം കാടായികിടന്ന ഇടമായിരുന്നു. ചോര കണ്ട ശിലയാണ് ശ്രീമൂല സ്ഥാനത്ത് വിളങ്ങുന്നത്. കുട്ടനെല്ലൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ദേവി ദേവന്മാരെ ഓര്‍ക്കാന്‍ ഒരു മൊഴി പ്രചാരത്തിലുണ്ട്, വീമ്പ്, ചേന, പന, വള, കുട്ട എന്നാണത്. വീമ്പില്‍ ക്ഷേത്രം, ചേമ്പൂര്‍ ക്ഷേത്രം, പനങ്ങാട്ടിരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ശാസ്താക്ക ന്മാരും വളര്‍ക്കാവില്‍ നിന്ന് ഭഗവതിയും പൂരത്തില്‍ പങ്കെടുക്കാറുണ്ട്. വളൂര്‍ക്കാവില്‍ ഭഗവതി കുട്ടനെല്ലൂര്‍ ഭഗവതിയുടെ അനുജത്തി യെന്നാണ് പറയുന്നത്. ദേവ സ്പര്‍ശിച്ച പുലയ സ്ത്രീ അരിവാള്‍ വലിച്ചെറിഞ്ഞ പ്പോള്‍ അത് വളര്‍കാവില്‍ ചെന്നു പതിച്ചുവെന്നും അരിവാളിലൂടെ ദേവി ചൈതന്യം പ്രവഹിച്ച് വളര്‍ക്കാവില്‍ എത്തിചേര്‍ന്നു എന്നും വിശ്വസിക്കുന്നു. 

തൃശ്ശൂരിലെ പേരാമംഗലം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തെച്ചിക്കോട്ട് കാവും പുരാതന ദ്രാവിഡ സംസ്‌ക്കാരം പേറുന്നു. വീര രാമമംഗലം എന്നായിരുന്നു ഈ ഗ്രാമത്തിന്റെ ആദ്യപേര്. മേല്‍കൂരയില്ലാത്ത കാവ് ആദ്യ ദ്രാവിഡസംസ്‌കാരത്തെ കുറിക്കുന്നു. ബുദ്ധ ജൈന സംസ്‌ക്കാരത്തെ സൂചിപ്പിക്കുന്നതു കൊണ്ട് കാവ്' എന്നപേര് ഇന്നും നിലനില്‍ക്കുന്നു. ക്ഷേത്ര പറമ്പ് പണ്ട് കാഞ്ഞിരമരങ്ങള്‍ നിറഞ്ഞതായിരുന്നു. അവിടെ കാല്‍കുത്തിയ ഒരു പുലയസ്ത്രീ ശിലയില്‍ അരിവാള്‍ തേച്ചപ്പോള്‍ രക്തം ഒഴികിയെന്നും അവിടെ ദേവിസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെട്ടപ്പോള്‍ ക്ഷേത്രം ഉയര്‍ന്നു വെന്നുമാണ് ക്ഷേത്രോത്സവത്തെ കുറിച്ചുള്ള ഐതീഹ്യം. ജീവിതത്തിന്റെ കയ്പുമാത്രം അനുഭവിച്ചറിഞ്ഞ പുലയജനത കാഞ്ഞിരത്തിലയില്‍ നിവേദ്യം കാഴ്ച വെച്ചപ്പോള്‍ അത് ദേവി സന്തോഷത്തോടെ സ്വീകരിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രം നിവേദിക്കുന്ന കാഞ്ഞിരത്തിലയിലെ അടനിവേദ്യത്തിന് അന്നത്തെ ദിവസം കയ്പ് ഇല്ലെന്നാണ് വിശ്വാസം. ഈ പൊങ്കാല നിവേദ്യം ക്ഷേത്രാചാര ത്തിലേക്കും ഐതീഹ്യത്തിലേക്കും വെളിച്ചം വീശുന്നു. പുലയരുടെ തേവര്‍കളി ക്ഷേത്രോത്സവത്തിന് പ്രാധാന്യമാണ്.

തൃശ്ശൂര്‍ കണ്ടശ്ശാം കാവിനടുത്തുള്ള ചൂരക്കോട് ഭഗവതിക്ഷേത്രം പുലയരുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഭദ്രകാളിയും ദുര്‍ഗ്ഗയുമാണ് പ്രതിഷ്ഠ. ഭരണാധികാരികള്‍ പ്രത്യേകം പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. ജ്യേഷ്ഠത്തിയുടെ നിവേദ്യത്തില്‍ ഒരു പങ്ക് അനിയത്തിക്ക് നല്‍കിയാല്‍ മതിയെന്ന് വെളിപാടുണ്ടായി. ഉത്രം വിളക്കാണ് നാട്ടുകാരുടെ ഉത്സവം. ഭദ്രകാളിക്ക് പ്രാധാന്യം മകരമാസത്തിലെ ഭരണി. പിറ്റേന്നുള്ള കാര്‍ത്തിക പുലയ സമുദായക്കാരുടെ ആദരവോടെ ആഘോഷിക്കുന്നു. ക്ഷേത്രത്തിന് മുമ്പുണ്ടായിരുന്ന ആദിദ്രാവിഡ ബന്ധം കാര്‍ത്തിക നാളിലെ ചടങ്ങുകളില്‍ ദര്‍ശിക്കാന്‍ കഴിയും. അവരുടെ ചൂരക്കോട്ടു മൂര്‍ത്തി പ്രകൃതിയില്‍ ലയിച്ച് കാളകളിയും മറ്റും ആസ്വദിച്ച് കാര്‍ഷികാഭിവൃദ്ധി യുണ്ടായിരുന്ന പഴയ കാലത്തെ ഓര്‍മ്മിച്ചുകൊണ്ട് ആനന്ദനൃത്തം ചെയ്യുന്നു. പണ്ടു കാലത്ത് കാളിക്ക് കോഴിവെട്ടും ഗുരുതിയും ഉണ്ടായിരുന്നതായി പറയുന്നു.
-------------------------
ലേഖകന്‍ കേരളത്തിലെ പുലയരെ സംബന്ധിച്ച് എഴുതുന്ന പുസ്തകത്തില്‍ നിന്നും 


ഒര്‍ണ കൃഷ്ണന്‍കുട്ടി 8281456773