"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

മഹാത്മാ അയ്യങ്കാളിയുടെ ചെറുമകന്‍ പി.ശശിധരന്‍ എന്റെ പ്രിയ സുഹൃത്ത് - സി. ഗോവിന്ദന്‍

പി ശശിധരന്‍ 
'ശ്രീ. പി.ശശിധരന്‍ ലളിതമനസ്‌കനും ശാന്തശീലനും പ്രൗഢഗംഭീരനുമാണ്' എന്ന് 2014-ല്‍ എഴുതിക്കൊ ണ്ടിരുന്ന ഡയറിയുടെ ബ്ലാങ്കായിക്കിടന്ന മുഖപ്പേജില്‍, 2014 നവംബര്‍ 25-ന് ഞാന്‍ ദുഃഖാര്‍ത്തമായി രേഖപ്പെടുത്തി. അന്ന് രാവിലെ 11 മണിക്ക് സ്വയം കാറോടിച്ചുപോകുമ്പോഴാണ് പി.ശശിധരന്‍ (ഐ.പി.എസ്.) ഹൃദയസമ്മര്‍ദ്ദംമൂലം മരണദൂതന്റെ പിടിയിലമര്‍ന്നത്. ചികിത്സകരുടെ പിടിവലികള്‍ക്ക് വിധേയനാക്കുവാന്‍ സമയം അദ്ദേഹത്തെ അനുവദിച്ചില്ല. എഴുപത്തെട്ടാമത്തെ വയസ്സില്‍ മരണദൂതന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതില്‍ എനിക്ക് അഗാധമായ ദുഃഖമുണ്ട്. തിരുവനന്തപുരം ഇടപ്പഴിഞ്ഞിക്കും കോട്ടണ്‍ഹില്‍ ഹൈസ്‌കൂളിനും ഇടയ്ക്കുള്ള റോഡില്‍വച്ച് കാല യവനികയിലേക്ക് മറയുന്നതിന് മൂന്നു മിനിറ്റിനുമുമ്പ് അദ്ദേഹം അവസാനമായി കണ്ടത് എന്നെയും എന്നെ അനുഗമിച്ചിരുന്ന എന്റെ ഭാര്യയെയുമായിരുന്നുവെന്ന് പി.ശശിധരന്റെ കൂടെ ഉണ്ടായിരുന്ന ഭാര്യ സത്യഭാമ മരണദിവസം എന്നോടൊപ്പം മരണം അറിഞ്ഞെത്തിയ എന്റെ ഭാര്യയോടു പറഞ്ഞു. മരിക്കുന്ന ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് കാറോടിച്ചുകൊണ്ടുപോകുമ്പോള്‍ 'ഗോവിന്ദനും ഭാര്യയും ദാ പോകുന്നു' എന്ന് ശശിധരന്‍സാര്‍ പറഞ്ഞതായി ശ്രീമതി സത്യഭാമ എന്റെ ഭാര്യ പവിഴമ്മയോടു പറഞ്ഞു. ഹൃദയസമ്മര്‍ദ്ദം കൂടിയതുകൊണ്ടായിരിക്കാം എത്രയുംവേഗം ലക്ഷ്യസ്ഥാനത്ത് (പട്ടത്ത്) എത്തുവാനുള്ള വെപ്രാളത്തില്‍ ആ ഹൃദയവിശാലന്‍ കാറോടിച്ചുപോയത്. ഇല്ലെങ്കില്‍ എന്നെ കണ്ടാല്‍ കാറുനിര്‍ത്താതെ പോകില്ലായിരുന്നു. ഞങ്ങളുടെ എക്കാലത്തെയും സൗഹൃദം മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടാകത്തക്കതരത്തിലുള്ളതായിരുന്നു.

പി.ശശിധരന്‍ മരിക്കുന്നതിനു നാലുദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വസതിയില്‍ ചെന്ന് കണ്ടു. ഞാന്‍ അദ്ദേഹത്തോട് സുദീര്‍ഘമായി സംസാരിച്ചു. പക്ഷേ, അദ്ദേഹത്തിന് വലുതായിട്ടൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മൗനം വാചാലമായിരു ന്നു. 'ചേരരാജ കുലപതി ശ്രീ അയ്യന്‍കാളി മാഹാത്മ്യം മഹാകാവ്യം' സാധുജന പരിപാലന സംഘത്തിന്റെ പ്രസാധനത്തില്‍ (മുന്‍പു സമ്മതിച്ചിരുന്ന തുപോലെ) പ്രസിദ്ധീകരിക്കുന്നതായിരുന്നു ചര്‍ച്ചാവിഷയം. സാധുജന പരിപാലന സംഘത്തിനുവേണ്ടി സംസാരിച്ചത് അതിന്റെ പ്രസിഡന്റ് പി.ശശിധരന്‍ ആയിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സത്യഭാമയായിരുന്നു. വായ് മൂടിക്കെട്ടിയതുപോലെ നിര്‍നിമിഷനായി ഇരിക്കുവാനേ ലോകാരാദ്ധ്യനായ മഹാത്മാ അയ്യന്‍കാളിയുടെ പൗത്രനും സതേണ്‍ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലുമായിരുന്ന പി.ശശിധരന് കഴിഞ്ഞുള്ളൂ. പുസ്തക പ്രസിദ്ധീകരണത്തിന് രൂപ ചെലവഴിക്കില്ലെന്ന് ശ്രീമതി സത്യഭാമ തറപ്പിച്ചുപറഞ്ഞു. എന്നിരുന്നാലും ശ്രീ.പി.ശശിധരന്റെ സ്‌നേഹവാത്സല്യത്താല്‍ സന്തുഷ്ടരായി അദ്ദേഹ ത്തിന്റെ പാവനസ്മരണയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ 2014 ഡിസംബറില്‍ തന്നെ ഗ്രന്ഥം പ്രസാധനം ചെയ്തു പ്രസിദ്ധീകരിക്കുകയും അതേ മാസം തന്നെ കോട്ടയത്തും തിരുവനന്ത പുരത്തും പ്രകാശിപ്പിക്കുകയും ചെയ്തു. പി.ശശിധരന്റെ ഉത്സാഹം ആയിരുന്നു ഈ ഗ്രന്ഥത്തിന്റെ അച്ചടിക്കും പ്രസാധനത്തിനും പ്രേരക ഘടകം. ഗ്രന്ഥത്തിന്റെ രചയിതാവായ മാന്നാര്‍ വിജയനും പ്രസാധകനായ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ പ്രസിഡന്റ് സി.ഗോവിന്ദന് ഉത്തേജനം നല്‍കിയത് ആ ഗ്രന്ഥം പുറത്തിറങ്ങണമെന്ന പി.ശശിധരന്റെ അത്യധികമായ ആഗ്രഹമായിരുന്നു. 'ചേരരാജകുലപതി ശ്രീ അയ്യന്‍കാളി മാഹാത്മ്യം മഹാകാവ്യ'ത്തിന് പി. ശശിധരന്‍ എഴുതിയ അഭിനന്ദന ക്കുറിപ്പില്‍ നിന്ന് ഇത് വ്യക്തമാണ്.

പി.ശശിധരന്റെ ആകസ്മികമായ ഇഹലോകവാസം വെടിയല്‍ എനിക്ക് മാത്രമല്ല തീരാദുഃഖം. അദ്ദേഹം ഇപ്പോള്‍ മരിക്കരുതായിരുന്നുവെന്നു കരുതുന്ന അനേകരുണ്ട്. ആ സ്‌നേഹവായ്പിന്റെ മുമ്പില്‍ കണ്ണീര്‍ പൊഴിക്കാത്ത സ്‌നേഹിതര്‍ കുറവാണ്. കഴിഞ്ഞ ഒരു ദിവസം എന്റെ ഒരു സുഹൃത്തും ശശിധരന്‍ സാറിന്റെ സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ആളുമായ ശ്രീ. അംബേദ്കര്‍പുരം മുരുകന്‍ പറഞ്ഞു. 'ശശിധരന്‍സാര്‍ മരിച്ചത് സമൂഹത്തില്‍ ഒരു വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.' ഗുണികള്‍ ഊഴിയില്‍ നീണ്ടു വാഴാ എന്ന് മഹാകവി കുമാരനാശാന്‍ പാടിയിട്ടുള്ളത് എത്ര അര്‍ത്ഥവത്താണ്.

പ്രിയപ്പെട്ട ശശിധരന്‍ സാറിന്റെ മരണം എന്നില്‍ ഒരു അനാഥത്വം ഉളവാക്കി. 1979-82 കാലഘട്ടത്തില്‍ പി.ശശിധരന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ആയിരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹവുമായി സുദൃഢമായി ബന്ധപ്പെട്ടത്. അദ്ദേഹം പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിയമിതനാകുന്നതിന് മുമ്പു തന്നെ ഞാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ ക്ലാസ് 1 വിഭാഗത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനായിരുന്നു. 1980-ല്‍ മഹാത്മാ അയ്യന്‍കാളിയുടെ പഞ്ചലോഹപ്രതിമ മദ്രാസില്‍നിന്ന് വാളയാര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്ന് കോട്ടയം, ചങ്ങനാശ്ശേരി വഴി കൊല്ലത്തെത്തി. അവിടെനിന്നും പ്രതിമ തിരുവനന്തപുരത്തേക്കു ആഘോഷമായി കൊണ്ടുവരുന്ന സമയത്ത് ഞാനും എന്റെ പ്രിയ സുഹൃത്ത് ഊക്കോട് ഗോപാലനും ഒരു കാറ് സംഘടിപ്പിച്ച് കല്ലമ്പലം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ പങ്കെടുത്തതു എന്നെ ആരെങ്കിലും ശ്രദ്ധിക്കാന്‍ കാരണമായിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അയ്യന്‍കാളി സ്മാരക ട്രസ്റ്റ് 1982-ല്‍ പ്രസിദ്ധീകരിച്ച ഒരു സ്മരണികയില്‍ അന്ന് 'യോജന' പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്ന ഞാന്‍ ശ്രീ അയ്യന്‍കാളി ട്രസ്റ്റിന്റെ സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങള്‍ ആരും തന്നെ അറിയാതെ 'ശ്രീ അയ്യന്‍കാളി: ഇന്ത്യയുടെ മഹാനായ പുത്രന്‍' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ലേഖനം ആ സ്മരണിക അച്ചടിക്കുന്ന പ്രസ്സിലേക്ക് അതിന്റെ മാനേജര്‍ ശ്രീ. വര്‍ഗ്ഗീസ് ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. ആ സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് മേധാവി ആയിരുന്ന ഡോ.സി.ഗംഗാധരന്‍ സാര്‍ (മെഡിക്കല്‍ സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) യാദൃശ്ചികമായി എന്നെ കണ്ടപ്പോള്‍ ചോദിച്ചു, 'ഒരു ലേഖനം അയച്ചുകൊടുക്കുന്നത്, ആ പ്രസിദ്ധീകരണം അച്ചടിക്കുന്ന പ്രസ്സിലേക്ക് നേരിട്ടാണോ' എന്ന്. 'അങ്ങനെ പറ്റിപ്പോയി. പ്രസിദ്ധീകരണ യോഗ്യ മല്ലെങ്കില്‍ അത് പ്രസിദ്ധീകരിക്കാതിരുന്നാല്‍ മതി' എന്ന് പറഞ്ഞത് പില്‍ക്കാലത്ത് ഡോ.സി.ഗംഗാധരന്‍സാറും പി.ശശിധരന്‍ സാറും ഞാനും തമ്മിലുള്ള സുദൃഢവും സുദീര്‍ഘവുമായ സ്‌നേഹബന്ധത്തിനു കാരണമായി.

ആയിടെ എനിക്ക് നല്ല ഒരു വിദേശവാച്ച് കളഞ്ഞുകിട്ടി. അന്ന് എന്റെ ഓഫീസില്‍ ഇരുന്നുകൊണ്ട്, പോലീസ് സിറ്റി കമ്മീഷണറെ വിളിച്ചു. നാട്ടിലെ മന്ത്രിമാരെപ്പോലും നേരിട്ടു ഫോണില്‍ വിളിച്ചു സംസാരിക്കാ വുന്ന ധൈര്യം അനുഭവപ്പെടുന്ന ഒരു പോസ്റ്റാണ് യോജനയുടെ അസിസ്റ്റന്റ് എഡിറ്റര്‍.

വാച്ച് ഞാന്‍ എവിടെ കൊടുക്കണമെന്ന് ചോദിച്ചപ്പോള്‍ പി.ശശിധ രന്‍സാര്‍ 'എങ്ങും കൊടുക്കണ്ട. അവിടെ തന്നെ സൂക്ഷിച്ചാല്‍ മതി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ഒരാള്‍ യോജനാ ഓഫീസില്‍ വന്ന് വാച്ച് വാങ്ങിച്ചുകൊള്ളും'. എല്ലാവരെയും മാനിക്കുന്ന ഒരു നല്ല സ്വഭാവം ശശിധരന്‍ സാറിന് ഉണ്ടെന്ന് ഈ ഒറ്റ സംഭവം കൊണ്ടുതന്നെ എനിക്ക് മനസ്സിലായി.

ഒരിക്കല്‍ ഞാന്‍ എന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 'ഡാലിയാ പ്രിന്റേഴ്‌സില്‍' ഇരിക്കുമ്പോള്‍ അവിടുത്തെ പ്രിന്റര്‍ ആയിരുന്ന ഒരാള്‍ ചില കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ എന്റെ മൂക്കിനു സമീപം കൈകൊണ്ടുവന്ന് എന്നെ ഭീഷണിപ്പെടുത്തി. 'തന്റെ ഈ പ്രസ്സിലെ അവസാനദിനങ്ങളാണ് ഇനിവരാന്‍ പോകുന്നതെന്ന്' ഞാന്‍ അയാളോടു പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ചെന്ന് കമ്മീഷണറോട് ഈ വിവരം പറഞ്ഞു. 'രണ്ടു ദിവസത്തേക്ക് അവന്‍ അവിടെ ഇരിക്കട്ടെ'. രണ്ടു ദിവസംകൂടി കഴിഞ്ഞ് ആ പ്രിന്ററെ അവിടെ നിന്നു പൊക്കുക മാത്രമല്ല പ്രിന്ററെ പ്രസ്സില്‍നിന്നും പിരിച്ചുവിടാന്‍ കമ്മീഷണര്‍ ആ പ്രസ്സിന്റെ ഉടമയോടു നിര്‍ദ്ദേശിക്കുകകൂടി ചെയ്തു. അയാള്‍ പോയി.

ഏതു പട്ടികജാതിക്കാരനും അവരുടെ വിഷമം അറിയിച്ചാല്‍ പി.ശശിധരന്‍ ഔദ്യോഗിക നടപടി ഉടന്‍ സ്വീകരിക്കുമെന്ന കാര്യം അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യം ഇവിടെ കുറിച്ചത്.

ഞാന്‍ തിരുവനന്തപുരത്ത് 'ദേശീയ അധഃസ്ഥിതവര്‍ഗ്ഗ ലീഗിന്റെ' ചെയര്‍മാനും പിന്നീട് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ പി.ശശിധരനെ പൊതുരംഗത്തു ആദ്യമായി ക്ഷണിച്ചു വന്‍യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പാന്റ്‌സ് ധരിച്ചിരുന്ന അദ്ദേഹ ത്തെക്കൊണ്ട് പൊതുവേദികളില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചുവരണമെന്ന് നിര്‍ബന്ധിപ്പിച്ച് ചെയ്യിച്ചതും ഞാനായിരുന്നു. ഒരുപക്ഷേ അതിന് എനിക്കുമാത്രമേ കഴിയുമായിരുന്നുള്ളൂവെന്നതാണ് സത്യം. ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം അത്ര സുദൃഢമായിരുന്നു.

യോഹന്നാന്‍ കാണക്കാരിയുടെ നേതൃത്വത്തില്‍ ഒരു ബദല്‍ സാധുജന പരിപാലന സംഘം കോട്ടയത്തു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു (എന്റെ പ്രിയ സുഹൃത്തായിരുന്ന ശ്രീ.യോഹന്നാന്റെ ദേഹവിയോഗം വളരെ കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്). പത്തുവര്‍ഷം മുമ്പ് ശ്രീ യോഹന്നാന്റെ ക്ഷണമനുസരിച്ച് ശശിധരന്‍സാറും ഞാനും കൂടി കാണക്കാരിയില്‍ ചെന്നു സാധുജന പരിപാലന സംഘത്തിന്റെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പി.ശശിധരനോടൊപ്പമുള്ള യാത്രയും യോഗങ്ങളില്‍ പങ്കെടുക്കലും വളരെ സന്തോഷദായകമായ നിമിഷങ്ങളായിരുന്നു. മറ്റ് പലരും പരസ്പരം കളിയാക്കുന്ന കാര്യം എനിക്കറിയാം. പി.ശശിധരന്‍ ആരെയും കളിയാക്കുകയോ അപഹസിക്കുകയോ ചെയ്തിട്ടില്ല. അതിമഹത്തായ വ്യക്തിത്വമായിരുന്നു പി.ശശിധരന്റേത്. 

വെങ്ങാനൂരിലെ ഇന്നത്തെ മഹാത്മാ അയ്യന്‍കാളി സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ സമയത്ത്, അതിനെന്ത് പേരു കൊടുക്കണമെന്ന് ചര്‍ച്ച നടന്നു. ഹൃസ്വമായ ആ സമ്മേളനത്തില്‍ ഞാന്‍ അല്പം താമസിച്ചാണ് എത്തിയത്. അന്ന് ശ്രീ അയ്യന്‍കാളി ട്രസ്റ്റിന്റെ ട്രഷറര്‍ ആയിരുന്നത് ശശിധരന്‍സാറിന്റെ ബന്ധുവായിരുന്ന ശ്രീ രാജേന്ദ്രന്‍ ആയിരുന്നു. സ്മാരകത്തിന് എന്തു പേരു കൊടുക്കണമെന്ന് തീരുമാനമെടുക്കാന്‍ കഴിയാതിരുന്ന സമയത്താണ് ഞാന്‍ കയറിച്ചെന്നത്.

അപ്പോള്‍ ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്ന പി.ശശിധരന്‍ എന്നോട് ചോദിച്ചു: 'ഗോവിന്ദന്‍ നമുക്ക് സ്മാരകത്തിന് ഒരു പേരിടണമല്ലോ. വല്ല പേരും നിര്‍ദ്ദേശിക്കാനുണ്ടോ?'

'ഉണ്ട് സാര്‍'. ഞാന്‍ പറഞ്ഞു.
'എന്ത് പേര്?' ശശിധരന്‍സാര്‍ ചോദിച്ചു.
'പാഞ്ചജന്യം'. ഞാന്‍ പേര് പറഞ്ഞുകൊടുത്തു.
ഉടനെ രാജേന്ദ്രന്‍ തടസ്സം പറഞ്ഞു. 'അതു വേണ്ട.'
'എന്നാല്‍ പാഞ്ചജന്യത്തിനു ബദലായി മി.രാജേന്ദ്രന്‍ ഒരു പേരു പറയണം.' ശശിധരന്‍ ആവശ്യപ്പെട്ടു.

രാജേന്ദ്രന് മിണ്ടാട്ടമില്ല. അങ്ങനെ മഹാത്മാ അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിന് 'പാഞ്ചജന്യം' എന്ന പേരിടണമെന്ന എന്റെ നിര്‍ദ്ദേശം അംഗീകരിപ്പിച്ച പി.ശശിധരന്‍ നീതിയെ അംഗീകരിക്കയാണ് ചെയ്തത്. മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ ഓരോദിവസവും യുദ്ധം തുടങ്ങാനും അവസാനിപ്പിക്കാനും ശംഖൊലി മുഴക്കുവാന്‍ ഉപയോഗിച്ച ശംഖിന്റെ പേരാണ് പാഞ്ചജന്യം. പട്ടികജാതിക്കാരുടെ സമരങ്ങള്‍ തുടങ്ങാനും അവസാനിപ്പിക്കാനുമുള്ള പ്രചോദകശക്തി വെങ്ങാനൂരിലെ പാഞ്ചജന്യമാണെന്ന് വ്യംഗ്യം.

'സാധുജന പരിപാലന സംഘം' മഹാത്മാ അയ്യന്‍കാളിയുടെ നിര്യാണത്തിനുശേഷം 1980 കള്‍ വരെ നിര്‍ജ്ജീവാവസ്ഥയിലായിരുന്നു. സാധുജനപരിപാലന സംഘം പുനരുജ്ജീവിപ്പിച്ച് അതിന് പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാ യത് ശ്രീ.പി.ശശിധരന്റെ ശ്രമഫലമായിട്ടാണ്. അന്ന് അതിന്റെ പ്രസിഡന്റ് ശ്രീ.പി.ശശിധരനും ഒരേയൊരു വൈസ് പ്രസിഡന്റ് ഞാനുമായിരുന്നു. ഒരു വിഭാഗം കെ.പി.എം.എസുകാര്‍ വെങ്ങാനൂരിലെ ശ്രീ അയ്യന്‍കാളി സ്മാരകമായ പാഞ്ചജന്യം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ അത് തടയാന്‍ പ്രസിഡന്റ് എന്ന നിലയില്‍ പി.ശശിധരനും വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഞാനും പ്രയത്‌നിച്ചു. ഇന്ന് പാഞ്ചജന്യം സാധുജന പരിപാലന സംഘത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

മഹാത്മാ അയ്യന്‍കാളിയുടെ രണ്ടു സിനിമകള്‍ പത്തുകൊല്ലത്തെ ഇടവേള ഇട്ട് നിര്‍മ്മിക്കുവാന്‍ പി.ശശിധരന് കഴിഞ്ഞു. ആദ്യത്തേതില്‍ അയ്യന്‍കാളിയെ എതിര്‍ക്കുന്ന ജന്മിയുടെ വേഷത്തില്‍ അഭിനയിച്ച ശശിധരന്‍ ഒരു നല്ല നടനാണെന്നുകൂടി തെളിയിച്ചു. രണ്ടാമത് പി.ശശിധരന്‍ തന്നെ നിര്‍മ്മിച്ച 'ശ്രീഅയ്യന്‍കാളി' ഡോക്യുമെന്ററി ചിത്രത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡലും കേരള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തില്‍നിന്നുള്ള ഒത്തിരി ഉന്നതന്മാരുമായി പി.ശശിധരന് ബന്ധമുണ്ടായിരുന്നു. മരണംവരെ അദ്ദേഹത്തിന് കേന്ദ്രമന്ത്രി ശ്രീ റാംബിലാസ് പാസ്വാനുമായി സുദൃഢമായ സ്‌നേഹബന്ധമുണ്ടായിരു ന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി അദ്ദേഹത്തിന് പ്രത്യേക ബന്ധമൊന്നുമുണ്ടായിരുന്നില്ല. മാതാ അമൃതാനന്ദ മയിയുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധം സുവിദിതമാണ്. വള്ളിക്കാവു മാതാ അമൃതാനന്ദ മഠത്തിലെയും തിരുവനന്തപുരം കൈമനത്തെ മാതാ അമൃതാനന്ദ മഠത്തിലെയും നിത്യസന്ദര്‍ശകനും, രണ്ടാമത് പറഞ്ഞ മഠത്തിലെ കാര്യദര്‍ശികളിലൊരാളുമായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയിയുമായി പി.ശശിധരന് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നു.

ഭരണഘടനാ ശില്പി ഭാരതരത്‌നം ഡോ.ബി.ആര്‍ അംബേദ്കറുടെയും മഹാത്മാ അയ്യന്‍കാളിയുടെയും കേരളത്തിലെ ആദ്യത്തെ ഇരട്ടസ്മാരകം തിരുവനന്തപുരം വെട്ടുകാട് ബാലനഗറില്‍ സംവരണ സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ്. ഇരട്ടസ്മാരകം സി.ഗോവിന്ദന്‍ ചെയര്‍മാനായ സംവരണ സംരക്ഷണ സേന സ്ഥാപിക്കുന്നതില്‍ സഹായിച്ചവരില്‍ ഒരാളാണ് പി.ശശിധരന്‍. ആ ഇരട്ടസ്മാരകത്തില്‍ പി.ശശിധരന്റെ പേര് കൊത്തിവച്ചിട്ടുള്ളതിനാല്‍ ഇന്നത് അദ്ദേഹത്തി ന്റെകൂടി സ്മാരകമാണ്. ശശിധരന്‍സാറിന്റെ നിര്യാണത്തിന് നാലുദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തോടു നേരിട്ട് പറഞ്ഞിരുന്നു. 'ഞാന്‍ സാറിന് വെട്ടുകാട്-ബാലനഗറില്‍ ഒരു സ്മാരകം തീര്‍ത്തിരിക്കു കയാണ്.' ഇതു ചരിത്രത്തിന്റെ ഒരു നിയതിയും നിയോഗവുമായിത്തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇന്നത് പ്രിയ ശശിധരന്‍സാറിന്റെകൂടി സ്മാരകമാണ്. രാഷ്ട്രീയ നേതാക്കന്മാരും സാമൂഹിക പ്രവര്‍ത്തകരും സ്വന്തം സിമന്റ് പ്രതിമകളും മെഴുകുപ്രതിമകളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. തങ്ങളുടെ മരണശേഷം സ്വന്തം പ്രതിമകള്‍ ആരും നിര്‍മ്മിക്കാന്‍ പോകില്ലെന്ന പേടിയാണവരെ ഭരിക്കുന്നത്. ഒരു വിപ്ലവ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് സ്വന്തം മെഴുകുപ്രതിമ കണ്ടാസ്വദിക്കുന്നത് ഈയിടെ പത്രത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.

പ്രതിമകള്‍ നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഒരു കാലഘട്ടംവരെ ജനങ്ങള്‍ നല്ല വ്യക്തികളെ ഓര്‍മ്മിക്കും. നമ്മുടെ പ്രവര്‍ത്തനംകൊണ്ടാണ് ആ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത്. അങ്ങനെ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ കണ്ടുമുട്ടിയ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിത്വ മാണ് പി.ശശിധരന്റേത്.

പി.ശശിധരന്റെ പ്രിയപ്പെട്ടവര്‍ക്ക് ഇന്നും അദ്ദേഹത്തിന്റെ മരണം ശാശ്വത സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം അവശേഷിപ്പിച്ച വ്യക്തിപ്രഭാവമാണതിനു കാരണം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒത്തിരി സ്‌നേഹോപഹാര പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

മഹാത്മാ അയ്യങ്കാളിയുടെ ചെറുമകന്‍ പി.ശശിധരന്‍ 
എന്റെ പ്രിയ സുഹൃത്ത്
സി. ഗോവിന്ദന്‍
സ്ഥാപക സെക്രട്ടറി ജനറല്‍,
സംവരണ സംരക്ഷണ സേന