"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

കമ്യൂണിസ്റ്റുകള്‍ വിസ്മരിച്ച സഖാവ് കെ. വി. പത്രോസ് എന്ന വിപ്ലവകാരി - സുചിത്രകുമാര്‍ പള്ളിക്കല്‍

കെ. വി. പത്രോസ്
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ചോരകൊണ്ട് ഇതിഹാസം സൃഷ്ടിച്ച സമരമാണല്ലോ, പുന്നപ്ര വയലാര്‍ സമരം. അയിത്ത ജാതിക്കാരേയും പിന്നോക്ക വര്‍ഗ്ഗത്തെയും കുരുതി കൊടുക്കുകയും സവര്‍ണ്ണ തമ്പുരാക്കന്മാര്‍ നേതാക്കളാവുകയും ചെയ്തതിന്റെ ചരിത്രംകൂടിയാണ് പുന്നപ്ര വയലാര്‍ സമരം അടിയാളവര്‍ഗ്ഗത്തിന്റെ ചുടുചോരകൊണ്ട് ചെഞ്ചായമണി യിച്ചെടുത്തതാണ് അവരുടെ ചെങ്കൊടി. ആ ചെങ്കോടിയുടെ ചുവപ്പു മങ്ങിപ്പോകാതിരിക്കാന്‍ ഇന്നും അടിസ്ഥാനവര്‍ഗ്ഗം രക്തദാനം ചെയ്തുകൊണ്ടേ യിരിക്കുന്നു.

കേരളത്തില്‍ തിരുകൊച്ചിയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം വളര്‍ത്തിന്നതിനു സഖാവ് കൃഷ്ണപിള്ളയെക്കാള്‍ ത്യാഗം അനുഷ്ഠിച്ചത് സ. കെ. വി. പത്രോസാണ്. 1931ല്‍ തിരുവനന്തപുരത്തുവെച്ചു രൂപീകരിക്കപ്പെട്ട ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കേരളഘടകത്തിനു നേതൃത്വം നല്‍കിയ പത്രോസിന്റെ പങ്ക് എന്തുകൊണ്ടും അവിസ്മരണീയമാണ്. ഇന്‍ഡ്യന്‍ ട്രേഡ് യൂണിയന്‍ സമര ചരിത്രത്തിലെ ഐതിഹാസികമായ ആലപ്പുഴ കയര്‍ ഫാക്ടറി സമരത്തിന്റെയും സരമരനായകന്‍ സഖാവ് പത്രോസ് ആയിരുന്നു എന്ന ചരിത്രവസ്തുതയാണ്. ഈ സമരനായകനെ കേരളരാഷ്ട്രീയ ചരിത്രത്തില്‍നിന്നു തുടച്ചുമാറ്റാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് മാടമ്പിമാര്‍ ശ്രമിച്ചു.

1939-ല്‍ കണ്ണൂര്‍ ജില്ലയില്‍പ്പെട്ട പിണറായി എന്ന സ്ഥലത്തു പാറപ്പുറത്തു വച്ച് നടന്ന സമ്മേളനം മുതല്‍ കമ്മ്യൂണിസത്തെ പൂണൂലിട്ട് ബ്രാഹ്മണവത്ക്കരിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപകനേതാവും ആദ്യത്തെ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന സ. പത്രോസിന്റെ പേരുപോലും ചരിത്രത്തിന്റെ താളുകളില്‍നിന്ന് തുടച്ചുമാറ്റി. പാര്‍ട്ടി സ്ഥാപകനായി സ. പി. കൃഷ്ണപിള്ളയെ അവരോധിക്കാന്‍ ഇ. എം. എസ്. ഉള്‍പ്പെടെയുള്ള സവര്‍ണ്ണനേതാക്കന്മാര്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം മേല്‍ജാതിക്കാരില്‍നിന്നാണ് ആരംഭിക്കുന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന ബ്രാഹ്മണ തന്ത്രത്തിന്റെ ഭാഗമാണെന്ന കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ ചരിത്രം അറിയുന്നവര്‍ക്കു മനസ്സി
ലാകും.

മഹാത്മ അയ്യന്‍കാളിയും ശ്രീനാരായണ പ്രസ്ഥാനങ്ങളും സൃഷ്ടിച്ച സാമൂഹിക നവോത്ഥാനത്തിന്റെ അന്തരീക്ഷവും രാജവാഴ്ചക്കക്കെതിരെ ഉയര്‍ന്നുവന്ന സമരങ്ങളുമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരുവാനുള്ള സാഹചര്യം ഒരുക്കിയത്. ചേര്‍ത്തല താലൂക്കില്‍ നടമാടിയിരുന്ന ജന്മിമാടമ്പി വാഴ്ചകള്‍ക്കെതിരായി തൊഴിലാളികള്‍ ചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവന്ന ചെറുത്തുനില്‍പ്പിനെ തകര്‍ക്കാനായി ആരംഭിച്ച അടിച്ചമര്‍ത്തല്‍ നടപടികളെ പ്രതിരോധിക്കാനും രണ്ടാം ലോകമഹായുദ്ധ ത്തിനുശേഷം പുന്നപ്രയിലും വയലാറിലും പട്ടിണിയും മഹാമാരികളും പടര്‍ന്നു കയറുകയും ജന്മി മുതലാളിവര്‍ഗ്ഗവും സര്‍ സി. പി. രാമസ്വാമി അയ്യരുടെ ബൂര്‍ഷ്വാ ഭരണവും കൂടി ദരിദ്രവര്‍ഗ്ഗത്തെ വല്ലാതെ പൊറുതി മുട്ടിക്കുകയും ചെയ്തപ്പോള്‍ തൊഴിലാളി വര്‍ഗ്ഗം സായുധ സമരത്തിന് തയ്യാറായി. 1946 ഒക്‌ടോബര്‍ 24-ാം തീയതി ശ്രീ ചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മയുടെ പിറന്നാള്‍ ആഘോഷദിനത്തില്‍ തൊഴിലാളി വര്‍ഗ്ഗം ഒരു വിപ്ലവത്തിനു തന്നെ ഇറങ്ങിത്തിരിച്ചു. അവിടെ ആയിരങ്ങള്‍ മരിച്ചു വീണതില്‍ ഒരു സവര്‍ണ്ണനും ഉള്‍പ്പെട്ടിരുന്നില്ല. സഖാക്കളെല്ലാം തന്ത്രപരമായി രക്ഷപെട്ടു. സായുധസമരവും പോലീസ് സ്റ്റേഷന്‍ ആക്രമണവും നടത്താല്‍ സ. കെ. വി. പത്രോസ് കണ്‍വീനറാ യിട്ടുള്ള ആക്ഷന്‍ കമ്മറ്റിയും പാര്‍ട്ടി കമ്മറ്റിയും തീരുമാനിച്ച വിവരം ടി. വി. തോമസും കെ. വി. പത്രോസും കെ. സി. ജോര്‍ജുംകൂടി വര്‍ഗ്ഗീസ് വൈദ്യന്‍ മുഖേന കോഴിക്കോട് ചെന്ന് ഇ. എം. എസ്സ്.നെ അറിയിച്ചിട്ടുപോലും സമരരംഗത്ത് തിരിഞ്ഞുനോക്കാതെ അന്നേദിവസം സ്വന്തം ജാതിസംഘടനയായ യോഗക്ഷേമ സഭയില്‍ 1946 ഒക്‌ടോബര്‍ 24നു ബ്രാഹ്മണരും യോഗക്‌ഷേമ സഭയും എങ്ങനെ നന്നാകണമെന്ന് അവരോട് പ്രസംഗിക്കാന്‍ പോയിരിക്കുകയായിരുന്നുവെന്ന് പ്രസ്തുത സമരത്തിന്റെ സേനാനിയും ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന കെ. സി. ജോര്‍ജ് 1971-ല്‍ പ്രസിദ്ധീകരിച്ച സമരരേഖയില്‍ ആരോപി ച്ചിട്ടുണ്ട്. 1946 നവംബര്‍ 20ന് യോഗക്‌ഷേമ സഭയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജാതിക്കാര്‍ക്കുവേണ്ടി പ്രസംഗിക്കാന്‍ പോയ നേതാവ് എങ്ങനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായി.

മൂന്നാം ക്ലാസ്സുവരെ മാത്രം പഠിച്ച പത്രോസ് എന്നും നേതാവായിരുന്നു. ആരുടേയും അനുയായി ആയിരുന്നില്ല. തനി സെക്‌റേറ്ററിയന്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ യാതൊരു അയവുമില്ലാതെ നടപ്പിലാക്കിയ നേതാവ് എല്ലാ അര്‍ത്ഥത്തിലും കമ്മ്യൂണിസത്തിന്റെ ആത്മാവ് ആയിരുന്ന സഖാവ് കെ. വി. പത്രോസ്. ഇന്ത്യഭരണഘടനാശില്‍പ്പിയും മര്‍ദ്ദിത ദേശീയതയുടെ നേതാവുമായിരുന്ന ഡോ. ബി. ആര്‍. അംബേദ്ക്കറും ഇന്ത്യാ ചരിത്രത്തില്‍നിന്നും കേരള ചരിത്രത്തില്‍നിന്നും മഹാനായ അയ്യന്‍കാളിയും ഒഴിവാക്കപ്പെട്ടതുപോലെ! പുന്നപ്ര വയലാര്‍ സമര ത്തിന്റെ സമരനായകനായിരുന്ന കെ. വി. പത്രോസിനെ പൂര്‍ണ്ണമായി ഒഴിവാക്കി കറുത്ത വര്‍ഗ്ഗത്തിലെ നേതാക്കളെ തിരശ്ശീലയ്ക്കു പിന്നിലാക്കി സവര്‍ണ്ണനേതാക്കളെ വെള്ളപൂശി പൊന്നാടയണിയിച്ചു രംഗത്ത് അവതരിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എന്ന് സ്വയം എന്ന് സ്വയം വിശേഷിപ്പിക്കുന്ന സോഷ്യലിസ്റ്റ് നമ്പൂതിരിപ്പാട് ശ്രമിച്ചിട്ടുള്ളത്. ഇതു തികച്ചും ആക്ഷേപകരവും അപലപനീയമാണ്.

പുന്നപ്ര- വയലാര്‍ സമരത്തിന്റെ ജൂബിലിയോടനുബന്ധിച്ച് ദേശാഭിമാനി ദിനപത്രം സ്‌പെഷ്യല്‍ പതിപ്പ് ഇറക്കിയതിലും 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി സി. പി. എം. ന്റെ സംസ്ഥാന സമ്മേളനം 2015 ഫെബ്രുവരി 20-23 വരെ ആലപ്പുഴയില്‍ നടക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ മണ്ണിന്റെ നായകനായ ധീരനായ വിപ്ലവകാരി സ. കെ. വി. പത്രോസിനെ വിസ്മരിച്ചതും മര്‍ദ്ദീത ദരിദ്രവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ് കാവല്‍ഭടന്മാരുമെന്ന് പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റുകള്‍ തിരു. കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നും രണ്ടും സെക്രട്ടറിയും പുന്നപ്ര- വയലാര്‍ സമരത്തിനു ധീരമായി നേതൃത്വം നല്‍കിയ സ. കെ. വി. പത്രോസിനെ ഇല്ലായ്മ ചെയ്യുക യായിരുന്നു. പാര്‍ട്ടി ചരിത്രത്തില്‍നിന്നും ചരിത്രരേഖകളില്‍നിന്നും.

1946 ഒക്‌ടോബര്‍ 27-ാം തീയതി വയലാറില്‍ കൊല്ലപ്പെട്ടത് ഉദ്ദേശം 3500 തൊഴിലാളികളാണ്. അവരെല്ലാവരും തന്നെ കര്‍ഷക തൊഴിലാളിക ളായിരുന്നു. ദലിതരായിരുന്നു. എന്ന സത്യം അംഗീകരിക്കാന്‍ ഇന്നും ആരും തയ്യാറില്ല. മരിച്ചവരുടെ എണ്ണം പോലും കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും അറിഞ്ഞുകൂടാ. കേവലം അറുപത്തിഒന്‍പതു വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ഏറ്റവും വലിയ ആ സമരത്തില്‍ പങ്കെടുത്ത വരുടെ ലിസ്റ്റില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടും തയ്യാറാക്കിയില്ല എന്നത് വളരെ വിചിത്രമായി തോന്നുന്നു. മറ്റെല്ലാ സമരത്തിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ലിസ്റ്റുണ്ട്. ഇതു മാത്രമല്ല വയലാറില്‍ വെടിവെയ്പ്പ് നടന്നത് 1946-ലാണ് കമ്മ്യൂണിസ്റ്റ് പാട്ടിയുടെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത് 1957-ല്‍ പതിനൊന്നുവര്‍ഷത്തിനുമുമ്പ് പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ഹോമിച്ചവരുടെ ലിസ്റ്റു തയ്യാറാക്കാന്‍ ആ പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം പോലും സാധിച്ചില്ല എന്നത് സാധിക്കാഞ്ഞിട്ടല്ല വേണ്ടാഞ്ഞിട്ടാണ് എന്നത് വ്യക്തമാണല്ലോ. ലിസ്റ്റു തയ്യാറാക്കിക്കഴിഞ്ഞാല്‍ മരിച്ചവരുടെ എണ്ണത്തെപ്പറ്റി ഇന്നുള്ള എല്ലാ ഊഹാപോഹങ്ങളും തര്‍ക്കങ്ങളും അവസാനിക്കുമല്ലോ.

ലിസ്റ്റു തയ്യാറാക്കുമ്പോള്‍ പലതും പലര്‍ക്കും നഷ്ടപ്പെടും. പലരും ഇന്നവകാശപ്പെടുന്ന വിപ്ലവത്തിന്റെ കുത്തക അവസാനിക്കും. പലരോടും പലതിനും സമാധാനം പറയേണ്ടിവരും. അതുകൊണ്ട് അവ്യക്തതയും അജ്ഞതയും തമസ്‌കരണവുമാണ് നല്ലത്.

ഇവിടെ കോണ്‍ഗ്രസ്സുകാരായാലും കമ്യൂണിസ്റ്റുകാരായാലും ബി. ജെ. പി.ക്കാരായാലും മര്‍ദ്ദിത വര്‍ഗ്ഗത്തെ ചതിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തുവരുന്നത്. ഇന്നോളം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചങ്ങാത്തം ഭാവിച്ചെത്തിയ നേതാക്കന്മാര്‍ മുതലാളിവര്‍ഗ്ഗത്തിന്റെ ചാരന്മാരായിരുന്നു. ഇന്നും അവരുടെ സ്വാധീനവലയം ഭേദിച്ചു ദരിദ്രവര്‍ഗ്ഗത്തിന്റെ ചിത്രങ്ങളെ തിരിച്ചറിഞ്ഞ് അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ഏക്യനിര യുറപ്പി ക്കാന്‍ മര്‍ദ്ദിതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കെ. വി. പത്രോസ് 1980 മാര്‍ച്ച് 9ന് മരിച്ച് ചുടുകാട്ടില്‍ ആ ചിത ഒരനാഥപ്രേതത്തിന്റേതുപോലെ എരിഞ്ഞടങ്ങിയപ്പോള്‍ പാര്‍ട്ടി നേതാക്കന്മാര്‍രും തന്നെയുണ്ടായിരുന്നില്ല. റീത്തുകള്‍ ഒന്നുമില്ലായിരുന്നു. ചരിത്രത്തിലെ ആ ചുവപ്പുരേഖ തുടച്ചുമാറ്റാന്‍ ശ്രമിച്ചവരെ പ്രതികൂട്ടി ലാക്കുന്ന ശബ്ദമാണ്.

''ഞങ്ങള്‍ ജീവന്‍ പണംയവച്ചു വളര്‍ത്തിയെടുത്ത പാര്‍ട്ടി ഇന്ന് ഞങ്ങളുടെ ശത്രുക്കളുടെ കയ്യിലാ''ണെന്ന സ. കെ. വി. പത്രോസിന്റെ വിലാപം. കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച പത്രോസാണെന്ന വിപ്ലവ വീരനായകന്റെ കണ്ണീരിന് വില കല്‍പ്പിക്കാത്ത പൂണൂല്‍ വിപ്ലവകാരികള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.

സുചിത്രകുമാര്‍ പള്ളിക്കല്‍
8129286224