"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 19, വെള്ളിയാഴ്‌ച

അവര്‍ണര്‍ ഹിന്ദുക്കളല്ല - മാഞ്ഞൂര്‍ ഗോപാലന്‍

മാഞ്ഞൂര്‍ ഗോപാലന്‍ 
ഇന്ത്യയില്‍ 3500 വര്‍ഷം മുമ്പ് കുടിയേറിപ്പാര്‍ത്ത ആര്യന്മാരാണ് ഹിന്ദുമതത്തിന്റെ ഉപജ്ഞാതാക്കള്‍. 4500 വര്‍ഷം പഴക്കമുള്ള സൈന്ധവ സംസ്‌കാരത്തെ ആര്യന്മാര്‍ നശിപ്പിച്ചുവെന്ന യാഥാര്‍ത്ഥ്യം ആദ്യം പുറത്തു കൊണ്ടുവന്നത് സൈന്ധവ സംസ്‌കാരം കണ്ടെത്തിയ സര്‍ ജോണ്‍ മാര്‍ഷല്‍ തന്നെയാണ്.

ആര്യന്മാര്‍ വരുന്നതിനു മുമ്പുതന്നെ ഇന്ത്യയിലെ അടിസ്ഥാനവര്‍ഗ സമുദായങ്ങളായ ദലിത് പിന്നോക്ക വര്‍ഗങ്ങള്‍ ഇവിടെ നിവസി ച്ചിരുന്നു. ആര്യ ധര്‍മമെന്നും സനാതന ധര്‍മമെന്നും വൈദിക ധര്‍മമെന്നും വിശേഷിപ്പി ക്കപ്പെടുന്ന ഹിന്ദുമതം അവര്‍ സ്വീകരി ച്ചിരുന്നില്ല.

വേദങ്ങള്‍ ഉപനിഷത്തുകള്‍ പുരാണേതിഹാസങ്ങള്‍ തുടങ്ങിയ ഹിന്ദുമത ഗ്രന്ഥങ്ങളി ലൊന്നും ഹിന്ദു എന്നൊരു വാക്കില്ല. സിന്ധൂ നദീതടത്തില്‍ അധിവസിച്ചിരുന്ന ജനതയെ പേര്‍ഷ്യക്കാരും അറബികളുമാണ് ഹിന്ദുക്കള്‍ എന്ന് വിളിച്ചത്. ഹൈന്ദവ യാഥാസ്ഥിതികര്‍ വാദിക്കുന്നതു പോലെ ഒരു മതത്തെ ഉദ്ദേശിച്ചല്ല ഹിന്ദുക്കള്‍ എന്നു വിളിച്ചത്.

'ആഗമാനന്ദ സ്വാമികള്‍ ഒരു പ്രഭാഷണത്തില്‍ പറഞ്ഞു 'മതം' എന്ന വാക്കിന് രൂഢമായ അര്‍ത്ഥം അഭിപ്രായം എന്നാണ്. ആധ്യാത്മിക വിഷയത്തെപ്പറ്റിയുള്ള അഭിപ്രായം മാത്രമല്ല എല്ലാ വിഷയത്തിലുമുള്ള അഭിപ്രായം എന്നര്‍ത്ഥം. വൈദ്യത്തില്‍ ചരകമതം, ശുശ്രുതമതം, വാഗ്ഭടമതം ഇത്യാദി പ്രയോഗമുണ്ട്. ജ്യോതിഷത്തില്‍ വരാഹ മിഹിരമതം, ആര്യഭടമതം, സ്‌കന്ദമതം, യവനമതം എന്നും മറ്റുമുണ്ട്.... ഇതനുസരിച്ച് ക്രിസ്തുമതം, മുഹമ്മദ്മതം, ബുദ്ധമതം, ജൈനമതം മുതലായവ സാര്‍ത്ഥകങ്ങളാണ്. അക്കൂട്ടത്തില്‍ 'ഹിന്ദുമതം' എന്ന് പറയുന്നത് ശരിയല്ല. ഹിന്ദു എന്നൊരാളിന്റെ മതമില്ല. സിന്ധൂ നദീതട വാസികളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ആത്മീയ വിഷയങ്ങളെ പറ്റിയുള്ള അഭിപ്രായം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ഹിന്ദുമതം എന്നു പറയാവു ന്നത്. (വീരമണി. പേജ് 47)' (എം പി വീരേന്ദ്രകുമാര്‍. രാമന്റെ ദുഃഖം. പേജ് 67, 68)

ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാര്‍ ആദ്യം സെന്‍സസ് എടുത്തപ്പോള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദരും പാഴ്‌സികളും ഒഴികെയുള്ള എല്ലാ ഇന്ത്യക്കാരേയും ഹിന്ദുക്കളായി കണക്കാക്കി. അങ്ങനെയാണ് അടിസ്ഥാന വര്‍ഗ സമുദായത്തില്‍ പെട്ട പുലയര്‍, പറയര്‍, വിശ്വകര്‍മജര്‍, ഈഴവര്‍, വിളക്കിത്തല നായന്മാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഹിന്ദുക്കളായത്.

ഈഴവര്‍ ആര് ? 

കേരളത്തിലെ ഈഴവരില്‍ ഭൂരിപക്ഷവും ബുദ്ധമത വിശ്വാസി കളായിരുന്നു. ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ ഹിന്ദു പുനരുദ്ധാരണം നടക്കുന്നതിനു മുമ്പ് 1200 വര്‍ഷം കേരളത്തില്‍ ബുദ്ധമതം നിലനിന്നി രുന്നു. കേരളത്തില്‍ വന്ന ബ്രാഹ്മണരുടെ ശക്തി വര്‍ധിച്ചതോടെ ഇവിടത്തെ ബുദ്ധ വിഹാരങ്ങള്‍ തല്ലിത്തകര്‍ക്കപ്പെടുകയും ബുദ്ധ ഭിക്ഷുക്കള്‍ മൃഗീയമായി വധിക്കപ്പെടുകയും ചെയ്തു. ബുദ്ധമതം നശിച്ചപ്പോള്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗ ങ്ങളില്‍ ചിലര്‍ ഇസ്ലാം മതത്തിലും മറ്റു ചിലര്‍ ക്രിസ്തുമതത്തിലും ചേര്‍ന്നു. നൂറ്റാണ്ടുകളായി ബുദ്ധ വിഗ്രഹങ്ങളെ ആരാധിച്ചു പോന്ന വരില്‍ ചിലര്‍ ബ്രാഹ്മണ ക്ഷേത്രങ്ങളില്‍ ഈശ്വരാ രാധനക്കായി കയറിച്ചെന്നു. ആ ക്ഷേത്രങ്ങളില്‍ മിക്കതും ബുദ്ധരില്‍ നിന്ന് ബ്രാഹ്മണര്‍ പിടിച്ചെടുത്ത് സ്വന്തമാക്കിയ ബൗദ്ധ ക്ഷേത്രങ്ങളായിരുന്നു. അവിടത്തെ വിഗ്രഹങ്ങളില്‍ പലതും ബുദ്ധ വിഗ്രഹങ്ങളു മായിരുന്നു. ഈശ്വരാ രാധനക്കായി ചെന്ന അധസ്ഥിതരില്‍ മിക്കവരേയും ആട്ടിയോടിക്കയാണ് ബ്രാഹ്മണര്‍ ചെയ്തത്. തങ്ങള്‍ക്ക് പാദസേവ ചെയ്യാന്‍ തയാറായവരെ മാത്രം ബ്രാഹ്മണര്‍ സ്വീകരിക്കയും ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ അനുവദിക്കയും ചെയ്തു. തന്മൂലം ഈഴവര്‍ ഉള്‍പ്പെടെയുള്ള ചില അധസ്ഥിതര്‍ക്ക് ശൂദ്രരാകുവാന്‍ കഴിഞ്ഞു. സവര്‍ണരായ ഇന്നത്തെ നായന്മാരില്‍ പലരും അന്നത്തെ അധസ്ഥിതരില്‍ നിന്ന് വന്നിട്ടുള്ളവരാണ്.

ഹിന്ദുമതം: പ്രത്യേകതകള്‍

ഗുപ്ത രാജാക്കന്മാരുടെ ഭരണകാലത്താണ് ഹിന്ദുമതം ഇവിടെ വളര്‍ച്ച പ്രാപിച്ചത്. ഹിന്ദുക്കള്‍ വിഷ്ണുവവിനേയും ശിവനേയും ആരാധി ച്ചിരുന്നു. വിഷ്ണുവിനും ശിവനുമാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്നത്. ഗുപ്തകാലം തൊട്ടാണ് ഈ മതത്തെ ഹിന്ദുമതം എന്നു വിളിക്കാന്‍ തുടങ്ങിയത്. ഗുപ്തരാജാക്കന്മാരുടെ കാലത്താണ് ജാതി വ്യവസ്ഥ രൂക്ഷമായത്. മനുവിന്റെയും മറ്റുള്ളവരുടെയും നിയമം കര്‍ക്കശമാക്കിയതും അക്കാലത്താണ്. ലോകചരിത്രത്തില്‍ ഇദം പ്രഥമ മായി രൂപം കൊണ്ട സംഘടിത മതം ബുദ്ധ മതമാണ്. ഇന്ത്യയിലാണ് അതിന്റെ ജനനം. ജൈനമതം ഇതേ കാലഘട്ടത്തില്‍ തന്നെ രൂപം കൊണ്ടെങ്കിലും അതിന് വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞില്ല. ക്രിസ്തു മതവും ഇസ്ലാം മതവും ലോക ജനതയെ ആകര്‍ഷിക്കാന്‍ തുടങ്ങുന്നത് ബുദ്ധമതം ജനഹൃദയങ്ങളില്‍ വേരൂന്നിയതിനു ശേഷമാണ്. ഈ സംഘടിത മത പ്രസ്ഥാനങ്ങള്‍ക്കെല്ലാം പ്രത്യേകം സ്ഥാപകരും മത ഗ്രന്ഥങ്ങളുമുണ്ട്. എന്നാല്‍ ഹിന്ദുമതത്തിന് ഒരു സ്ഥാപകനോ നിശ്ചിത മതഗ്രന്ഥമോ ഇല്ല. ക്രൈസ്തവര്‍ക്ക് ബൈബിളും മുസ്ലീങ്ങള്ക്ക് ഖുറാനും ഉണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അതിന് തുല്യമായ ഒരു ആധികാരികമായ ഗ്രന്ഥമില്ല. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ആധാര ഗ്രന്ഥങ്ങളുണ്ടാകാന്‍ കാരണം അവര്‍ക്ക് പ്രത്യേക മതമുള്ളതു കൊണ്ടാണ്. ഹിന്ദുക്കള്‍ക്ക് പ്രത്യേക ആധാരഗ്രന്ഥമു ണ്ടാകാത്തതിനു കാരണം അവര്‍ക്ക് ഒരു മതമില്ലാത്ത താണ്. 'വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവ മത ഗ്രന്ഥങ്ങളായി കരുതുന്നു വെങ്കിലും അവ ഏതെങ്കിലുമൊരു മത സ്ഥാപകന്റെ തിരുവചനങ്ങളല്ല. പാശ്ചാത്യരെ സംബന്ധി ച്ചിടത്തോളം സിന്ധു നദിക്കപ്പുറത്തുള്ള ജനങ്ങളാണ് ഹിന്ദുക്കള്‍. ഇവിടെ ഹിന്ദു എന്ന നാമം ജനതയെ സൂചിപ്പിക്കുന്നതാണ്. മത വിശ്വാസികളെ അല്ല. ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ എന്നീ പദങ്ങള്‍ മതവിശ്വാസികളെ സൂചിപ്പിക്കുന്നതു പോലെ ഹിന്ദുക്കള്‍ എന്ന പദം മതസംബന്ധിയല്ല. ഗ്രീക്കുകാര്‍, റോമാക്കാര്‍, പേര്‍ഷ്യാക്കാര്‍, ചൈനാക്കാര്‍ എന്നൊക്കെ പറയുന്നതുപോലെ സിന്ധു നദീപ്രദേശത്തെ നിവാസികള്‍ എന്ന അര്‍ത്ഥമേ അതിനുള്ളൂ. ഈ ജനത കാലാകാലങ്ങളില്‍ രൂപം കൊടുത്ത ആചാരാനുഷ്ഠാനങ്ങള്‍, തത്വ സംഹിതകള്‍, രാഷ്ട്രീയ വ്യവസ്ഥ കള്‍, സാമൂഹിക സ്ഥാപനങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ യുടെ സാഹിത്യ വത്കരണമാണ് വേദങ്ങളിലും ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും മറ്റും നാം കാണുന്നത്. പരസ്പര വിരുദ്ധങ്ങളായ ആശയങ്ങളും ആത്മീയ വാദവും യുക്തിവാദവും എല്ലാം ഈ കൃതി കളില്‍ നമുക്കു കാണാം. മതഗ്രന്ഥങ്ങളില്‍ ഇങ്ങനെയൊരു വിരോധാഭാസം ഉണ്ടാകുന്നില്ല.' (ഡോ. എം എസ് ജയപ്രകാശ്. മതേതര ഭാരതവും ഗുരുദേവ ദര്‍ശനങ്ങളും. പേജ് - 44)

ഋഗ്വേദം 10 ആം മണ്ഡലം 90 ആം സൂക്തം 12 ആം ശ്ലോകം ഇതാ:

'ബ്രാഹ്മണോസ്യ മുഖമാസീത്
ബഹുരാജന്യഃ കൃതഃ
ഊരുതദസ്യയദ്വൈശ്യഃ
പദ്ഭ്യാം ശൂദ്രോ അജായത'

വര്‍ണ ധര്‍മമനുസരിച്ച് ഭാരതീയ ജനതയെ നാല് വര്‍ണങ്ങളായി (നിറങ്ങളായി) തരം തിരിച്ചു. അവരാണ് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍. ഈ നാല് വര്‍ണക്കാര്‍ (ചാതുര്‍വര്‍ണ്യം) യഥാക്രമം സൃഷ്ടികര്‍ത്താവിന്റെ വായില്‍ നിന്നും കൈകളില്‍ നിന്നും തുടകളില്‍ നിന്നും പാദങ്ങളില്‍ നിന്നും ഉത്ഭവിച്ചു വെന്നാണ് ഹിന്ദു ധര്‍മ ശാസ്ത്രം സിദ്ധാന്തിക്കുന്നത്. ഈ നാല് വര്‍ണക്കാര്‍ക്കും പ്രത്യേകം ജോലികളും കര്‍മങ്ങളും കടമകളും നിശ്ചയിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍ സൃഷ്ടി കര്‍ത്താ വിന്റെ ഏറ്റവും പ്രധാന അവയവമായ ശിരസില്‍ (വായില്‍) നിന്ന് ഉത്ഭവിച്ചതിനാല്‍ അയാള്‍ ഏറ്റവും ശ്രേഷ്ഠനായി. ബ്രാഹ്മണന്‍ ഈശ്വരന്റെ പ്രതിപുരുഷനുമായി. ക്ഷ്ത്രിയന്‍ ബാഹുക്കളില്‍ നിന്ന് ജനിച്ചതിനാല്‍ രാജ്യരക്ഷ അയാളുടെ കടമയായി. തുടയില്‍ നിന്ന് ജനിച്ച വൈശ്യന്റെ ജോലി കൃഷിയും കച്ചവടവുമായി. ഏറ്റവും താഴത്തെ അവയവമായ പാദങ്ങളില്‍ നിന്ന് ജനിച്ച ശൂദ്രന് മറ്റ് മൂന്ന വര്‍ണങ്ങളില്‍ പെട്ടവര്‍ക്ക് പാദസേവ വിധിക്കപ്പെട്ടു. ഹിന്ദു ധര്‍മശാസ്ത്രമായ മനുസൃമൃതി എന്തു പറയുന്നു ?

'വിസ്രബ്ദം ബ്രാഹ്മണഃ ശൂദ്രാദ്ര വ്യോപാദനമാചരേത്
നഹിതസ്യാസ്തികശ്ചിത് സ്വം ഭര്‍തൃഹാര്യധനോഹിസഃ 8-417

ബ്രാഹ്മണന് ശൂദ്രരില്‍ നനനിന്ന് നിശ്ശങ്കം ധനം ഗ്രഹിക്കാം. എന്തെന്നാല്‍ ശൂദ്രന് സ്വത്തിന്റെ ആവശ്യമില്ല. അവന്റെ ധനം ഉടയവന് എടുക്കുവാനുള്ളതാണ്.

വിപ്രസേ വൈവ ശൂദ്രസ്യ വിശിഷ്ടം കര്‍മ കീര്‍ത്യതേ
യദതോന്യദ്ധികുരുതേ തദ്ഭവത്യസ്യ നിഷ്ഫലം. 10 - 123.

വിപ്രസേവയാണ് ശൂദ്രന്റെ വിശിഷ്ട കര്‍മമായി കീര്‍ത്തിക്കപ്പെടുന്നത്. ഇതൊഴിച്ച് ചെയ്യുന്ന മറ്റെല്ലാ കര്‍മവും അവന് നിഷ്ഫലമായിത്തീരും.

ഉച്ഛിഷ്ടമന്നം ദാതവ്യം ജീര്‍ണാനി വസനാനി ച
പുലാകാശ്ചൈവ ധാന്യാനാം ജീര്‍ശ്ചൈവ പരിച്ഛദാഃ 10 -125

ശൂദ്രന് ആഹാരാവശിഷ്ടവും പഴയ തുണികളും നല്കണം. അതുപോലെ ധാന്യത്തിലെ പതിരും പഴകിയ കട്ടിലും കിടക്കയും കൊടുക്കണം.' (ശ്രീരാമകൃഷ്ണമഠം. പുറനാട്ടുകര, തൃശൂര്‍. മനുസ്മൃതി പേജ് - 389, 479, 480) ദൃതുസംഹിത എന്നു പേരുള്ള മനുസ്മൃതി രചിക്കപ്പെട്ടത് എ ഡി 2 ആം നൂറ്റാണ്ടിലാണെന്നു കണക്കാക്കപ്പെടുന്നു. ബ്രാഹ്മണന് സുഖമായി ജീവിക്കാന്‍ ഉപയുക്തമായ നിയമങ്ങളാണ് മനുസ്മൃതിയി ലുടനീളമുള്ളത്. ബ്രാഹ്മണര്‍ തുടങ്ങിയ ത്രൈവര്‍ണികര്‍ക്കു വേണ്ടി അധ്വാനിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ്, ശൂദ്രന്‍ എന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ഹിന്ദുമതത്തില്‍ ശൂദ്രനെ ചൂഷണം ചെയ്യാന്‍ അതേ മതത്തില്‍ പെട്ട ബ്രാഹ്മണര്‍ക്ക് അധികാരം നല്കുന്നു മനുസ്മൃതി.

ഹിന്ദുവിന്റെ ഒരു തത്വശാസ്ത്രമിതാ:

'ദൈവാധീനം ജഗത്സര്‍വം
മന്താധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം'

(ലോകത്തിലെ സര്‍വതും ദൈവത്തിന്റെ അധീനത്തിലാണ്. ദൈവം മന്ത്രത്തിന് കീഴ്‌പെട്ടിരിക്കുന്നു. ആ മന്ത്രം ബ്രാഹ്മണന്റെ അധീനത്തിലാണ്. അതിനാല്‍ ബ്രാഹ്മണനാണ് എന്റെ ദൈവം) മറ്റുള്ളവരുടെ മേല്‍ ബ്ര്ഹ്മണന് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഈ ശ്ലോകം തുറന്നു കാട്ടുന്നു. ബ്രാഹ്മണരുടെ നിര്‍ദേശാനു സരണമാണ് ഹിന്ദു ധര്‍മ ശാസ്ത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. അവര്‍ക്ക് യാതൊരു അധ്വാനവും കൂടാതെ മറ്റുള്ളവരെ ചൂഷണം ചെയ്തു സുഖ ലോലുപരായി ജീവിക്കാനു പയുക്തമായ നിയമങ്ങലാണ് ഹിന്ദുമത ഗ്രന്ഥങ്ങളി ലുടനീളമുള്ളത്. മനുഷ്യനെ മനുഷ്യന്‍ ചൂഷമം ചെയ്യുന്ന യാതൊരു നിയമവും ബൈബിളിലോ ഖുറാനിലോ ഇല്ല. അധ്വാനിച്ചു ജീവിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഖുറാനിലെ ഒരു സൂക്തം ഇതാ:

'മനുഷ്യന് താന്‍ പ്രയത്‌നിച്ചല്ലാതെ യാതൊന്നുമില്ല. താന്‍ പ്രയത്‌നിച്ചത് താമസിയാതെ അവന്‍ കാണിക്കപ്പെടുന്ന താകുന്നു. അനന്തരം അവന് തികഞ്ഞ പ്രതിഫലം തല്കപ്പെടുകയും ചെയ്യും. (ഓരോ വ്യക്തിക്ക് ലഭിക്കുന്നതെന്തും അവന്റെ കര്‍മത്തിന്റെ ഫലമായിരിക്കും എന്നര്‍ത്ഥം. ഒരാളുടെ കര്‍മഫലം മറ്റൊരാള്‍ക്ക് കിട്ടുകയില്ല. പ്രവര്‍ത്തിക്കുകയും കര്‍മമനുഷ്ഠിക്കുകയും ചെയ്യാതെ ആര്‍ക്കും ഒന്നും ലഭിക്കുകയുമില്ല.' (ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്. കോഴിക്കോട്. ഖുറാന്‍ ഭാഷ്യം. പേജ് - 683, 685)
---------------------------------------
'അധസ്ഥിതര്‍ ഹിന്ദുക്കളല്ല' എന്ന ശീര്‍ഷകത്തില്‍ 1996 ഡിസംബര്‍, 1997 ജനുവരി എന്നീ ലക്കങ്ങളിലായി ഇന്ത്യന്‍ ന്യൂസ് (മാഗസിന്‍) പ്രസിദ്ധീ കരിച്ച ലേഖനത്തിന്റെ ആദ്യഭാഗമാണിത്. രണ്ടുഭാഗവും ഒരുമിച്ച്, ലേഖകന്റെ ഉടമയിലുള്ള സുരഭി പബ്ലിക്കഷന്‍സ്, കാണക്കാരി 1999 ല്‍ പ്രസിദ്ധീകരിച്ച 'അവര്‍ണവര്‍ഗ ചിന്തകള്‍' എന്ന പുസ്തകത്തിലും ചേര്‍ത്തിട്ടുണ്ട്.