"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 20, ശനിയാഴ്‌ച

പി എന്‍ പണിക്കര്‍; വായനയുടെ വളര്‍ത്തച്ഛന്‍ - ഭദ്രന്‍ എസ് ഞാറക്കാട്

പി എന്‍ പണിക്കര്‍
പരുക്കന്‍ ഖദര്‍ ഷര്‍ട്ടും മുണ്ടും തോളില്‍ ഷാളുമായി കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച് ഒരു തറവാട്ടു കാരണവരെ പോലെ അധികാര സ്വരത്തില്‍ സഹപ്രവര്‍ത്തകരെ ശകാരിക്കുന്ന അദ്ദേഹത്തെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക.

മലയാളിയെ വായന പഠിപ്പിച്ച, അവരെ വായനാ ശീലമുള്ളവരാക്കി ത്തീര്‍ത്ത മഹനായ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വിദ്യാലയ ങ്ങള്‍ മാത്രമല്ല കേരള ഗ്രാമങ്ങള്‍ മുഴുവന്‍ വായനാ ദിനമായി ആചരിക്കുകയാണ്. കോട്ടയം ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തില്‍ പുതുവായില്‍ വീട്ടിലെ ഗോവിന്ദ പ്പിള്ളയുടേയും ജാനകിയമ്മയുടേയും പുത്രനായി 1909 മാര്‍ച്ച് 1 ന് ജനിച്ച പി എന്‍ പണിക്കര്‍ വിജ്ഞാന ദാഹിയായ ഒരു ബാലനായി കാണപ്പെട്ടു. കര്‍ഷക പ്രമാണിയും പൊതു കാര്യ പ്രസക്തനുമായ പിതാവ്, പുരാണേതി ഹാസങ്ങളുമായി അലിഞ്ഞു ചേര്‍ന്ന മതാവ് അവരുടെ ദാമ്പത്യ വല്ലരിയിലെ ഈ കുസുമം മനുഷ്യ സേവാ നിരതമായ ഒരു ജീവിതം നയിച്ചതില്‍ തെല്ലും അതിശയോക്തിയില്ല. വായനയിലൂടെ മാത്രമേ നന്മ കണ്ടെത്താന്‍ കഴിയൂ എന്നു മനസിലാക്കിയ പണിക്കര്‍ കൂട്ടുകാരോടൊപ്പം വീടു വീടാന്തരം നടന്ന് പുസ്തകങ്ങള്‍ ശേഖരിച്ച് ഒരു വായനശാല സ്വന്തം നാട്ടില്‍ ആരംഭിച്ചു കൊണ്ടാണ് തന്റെ സാംസ്‌കാ രിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

'സനാതന ധര്‍മം' എന്ന പേരില്‍ നീലംപേരൂരില്‍ ആരംഭിച്ച വായന ശാലയാണ് ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്നതില്‍ സംശയമില്ല. വര്‍ത്തമാന പ്പത്രങ്ങള്‍ ചുരുക്കമായിരുന്ന അക്കാലത്ത് ഗ്രാമീണ ചായക്കടകളില്‍ പത്രം വായിക്കാനെത്തുന്ന സാധാരണ ജനങ്ങള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായി സനാതനധര്‍മം വായനശാല മാറി. നീലംപേരൂരില്‍ നിന്നും കാല്‌നടയായി കോട്ടയത്തെത്തി മലയാള മനോരമ പത്രാധിപരായിരുന്ന കെ സി മാമ്മന്‍ മാപ്പിളയോട് ഒരു പ്രതി ദിവസവും സൗജന്യമായി വായന ശാലയിലേക്കു നേടുവാന്‍ സാധിച്ച കാര്യങ്ങളൊക്കെ പണിക്കര്‍ സാര്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.

1925 ല്‍ 16 ആമത്തെ വയസില്‍ അദ്ദേഹം അധ്യാപകനായി. അധ്യാപക വൃത്തി രാഷ്ട്ര സേവനത്തിനായി അദ്ദേഹം വിനിയോഗിച്ചു. അമ്പലപ്പുഴ യിലേക്ക് സ്ഥലം മാറ്റപ്പെട്ട പണിക്കര്‍ സാര്‍ തന്റെ പ്രവര്‍ത്തന കേന്ദ്രം അങ്ങോട്ടു മാറ്റി. 1930 ല്‍ അദ്ദേഹം വിവാഹിതമായി. ഭര്‍ത്താവിന്റെ ആശയാ ഭിലാഷങ്ങള്‍ക്ക് അനുസൃതമായി പെരുമാറുന്നതില്‍ പത്‌നി ചെമ്പകക്കുട്ടിയമ്മ മറ്റാരേക്കാളും ഒരുപടി മുന്നിലായിരുന്നു. പണിക്കര്‍ ചെമ്പകക്കുട്ടി ദമ്പതികള്‍ക്ക് 7 സന്താനങ്ങള്‍. ചന്ദ്രമതി, ലീല, വിലാസിനി, ഇന്ദിര, ബാലഗോപാലന്‍, സുംഗല, കൃഷ്ണകുമാര്‍.

ജനങ്ങളില്‍ വായനാശീലം വളര്‍ത്തുക അതിനായി വായനശാലകള്‍ സ്ഥാപിക്കുക, വായനശാലകള്‍ മികച്ച ഗ്രന്ഥങ്ങളുടെ ശേഖരമാക്കുക, ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കര്‍മ പരിപാടികളാണ് അദ്ദേഹവും സുഹൃത്തുക്കളും ആസൂത്രണം ചെയ്തത്. പ്രതിബന്ധങ്ങളെ അതിജീവിച്ച് വായനശാലക്ക് ആവശ്യമായ വസ്തുവും കെട്ടിടവും ഫര്‍ണീച്ചറും മറ്റ് സാധന സാമഗ്രികളും സമാഹരിക്കുവാന്‍ കഴിഞ്ഞത് പണിക്കര്‍ സാറിന്റെ ആത്മവിശ്വാസ ത്തിന്റേയും ദൃഢ നിശ്ചയത്തിന്റേയും പരിണിത ഫലമായിരുന്നു. സാഹിത്യ പഞ്ചാനന്‍ പി കെ നാരായണ പിള്ളയുടെ ഓര്‍മക്കായി 'പി കെ മെമ്മോറിയല്‍' എന്ന പേരില്‍ ഒരു ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. പ്രതീക്ഷയില്‍ കവിഞ്ഞ പ്രോത്സാഹനം ജനങ്ങളില്‍ നിന്നും ലഭിച്ചപ്പോള്‍ ഗ്രന്ഥശാലകളുടെ ഒരു സംഘത്തെ കുറിച്ചായി അദ്ദേഹത്തിന്റെ ആലോചന. തിരുവിതാംകൂര്‍ കമ്പനീസ് ആക്ടിന്‍ പ്രകാരം 1945 ഏപ്രില്‍ 30 ന് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം എന്ന പ്രസ്ഥാനം ഉത്ഘാടനം ചെയ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ക്ക് ഇടയായെങ്കിലും സര്‍ സി പി രാമസ്വാമി അയ്യരായി രുന്നു ഉത്ഘാടകന്‍. അമ്പലപ്പുഴ ആസ്ഥാനമാക്കി 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി ആരംഭിച്ച ഈ സംഘത്തിന്റെ സെക്രട്ടറിയായി പണിക്കര്‍ സാര്‍ തെരഞ്ഞെടുക്കപ്പെട്ടു. നാടു മുഴുവന്‍ യാത്ര ചെയ്ത് നിലവിലുള്ള ഗ്രന്ഥശാലകളുടെ നില മെച്ചപ്പെടുത്തുന്നതിനും പുതിയവ രൂപീകരിക്കു ന്നതിനും പണിക്കര്‍ സാറിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഗ്രന്ഥശാലാ സംഘത്തിന് സര്‍ക്കാര്‍ ഒരു ചെറിയ ഗ്രാന്റ് അനുവദിച്ചു. പക്ഷെ അത് വാങ്ങണമെങ്കില്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യണം. പല പ്രാവശ്യം പോയെങ്കിലേ ഗ്രന്റ് അനുവദിച്ചു കിട്ടുകയുള്ളൂ. ഗ്രാന്റിനേ ക്കാള്‍ കൂടുതല്‍ യാത്രാ ചെലവ്. തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ പലരുടേയും അഥിതിയായി തങ്ങും. ഭക്ഷണ ചെലവ് അങ്ങനെ ലാഭിക്കും. ഇതിനൊക്കെ ഒരു ശാശ്വത പരിഹാരം കണ്ടേ മതിയാകൂ എന്നു മനസിലാക്കിയ അദ്ദേഹം ഏവൂര്‍ ദേശബന്ധു ഗ്രന്ഥശാലാ പ്രസിഡന്റാ യിരുന്ന കേശവനെ പ്രസിഡന്റായും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലാ സെക്രട്ടറി എന്‍ കേശവ പിള്ളയെ ഖജാന്‍ജി യുമായി പുതിയ കമ്മിറ്റി രൂപീകരിച്ചു. പണിക്കര്‍ സാര്‍ സെക്രട്ടറിയായി തുടര്‍ന്നു. തിരുവിതാംകൂറില്‍ ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം കൊടുമ്പിരി ക്കൊണ്ടിരിക്കുന്ന സമയമായിരുന്നതു കൊണ്ട് സര്‍ സി പി യില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കുക വളരെ പ്രയാസമായി രുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ എ എന്‍ തമ്പിയുടേയും വിദ്യാഭ്യാസ സെക്രട്ടറി കൈനിക്കര പത്മനാഭ പിള്ളയുടേയും പ്രോത്സാഹനം ഏറെ നേടിയെടുക്കാന്‍ പണിക്കര്‍ സാറിനു കഴിഞ്ഞു. ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റപ്പെട്ടു. ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ ഒരു അലമാരയുടെ അടിത്തട്ട് സംഘം റെക്കോര്‍ഡുകള്‍ സൂക്ഷിക്കുവാനായി ലഭിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു വേണ്ടി മുഴുവന്‍ സമയവും വിനിയേഗിക്കുവാന്‍ അദ്ദേഹം അധ്യാപകവൃത്തി ഉപേക്ഷിച്ചു.

സംഘത്തിന് ഒരു ആസ്ഥാനം, അതിനായി അദ്ദേഹം മുട്ടാത്ത വാതിലുക ളില്ല. ഇതിനിടയില്‍ പ്രോ. വൈസ് ചാന്‍സിലര്‍ പി ആര്‍ പരമേശ്വര പണിക്കരുടെ സഹായത്താല്‍ തിരുവനന്തപുരം സംസ്‌കൃത കോളേജ് വളപ്പിലെ ഒരു ചെറിയ മുറി അനുവദിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ഒന്നാക്കപ്പെട്ടു. മുഖ്യമന്ത്രിയായി വന്ന സി കേശവനും പട്ടം താണുപിള്ളയുമൊക്കെ ഗ്രന്ഥശാലാ സംഘത്തിന്റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവന എടുത്തു പറയത്തക്കതാണ്. ഇപ്പോള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആഫീസ് സ്ഥിതിചെയ്യുന്ന തുളസി ഹില്‍ ബംഗ്ലാവ് സംഘത്തിന്റെ ആസ്ഥാന മാക്കിയതും പിന്നീട് തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പില്‍ സ്ഥലം സമ്പാദിച്ച് സംഘത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടാക്കി യതിന്റെയും പിന്നില്‍ പി എന്‍ പണിക്കര്‍ സാറിന്റെ സ്ഥിരോത്സാഹ മല്ലാതെ മറ്റെന്താണുള്ളത്?

കൊച്ചി പ്രദേശത്തെ മുഴുവന്‍ ലൈബ്രറികളേയും ഗ്രന്ഥശാലാ സംഘ ത്തിന്റെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ പണിക്കര്‍ സാറിനെ സഹായി ച്ചത് പനമ്പിള്ളി ഗോവിന്ദ മേനോനായിരുന്നു. ഗ്രന്ഥശാലകളില്ലാത്ത ഒരു ഗ്രാമവും കേരളത്തില്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. വായന യിലൂടെ - വായനശാലയിലൂടെ ജനങ്ങള്‍ പഠിക്കട്ടെ ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

'എഴുത്ത് പഠിച്ച് കരുത്തു നേടുക' ' വായിച്ചു വളരുക' 'ചിന്തിച്ചു പ്രബുദ്ധരാകുക' ഇതെല്ലാം പണിക്കര്‍ സാര്‍ നമുക്കു നല്കിയ മുദ്രാ വാക്യങ്ങളാണ്. സ്വന്തമായി കെട്ടിടമില്ലാതിരുന്ന പല ഗ്രന്ഥശാലകള്‍ക്കും ഉദാരമതികളില്‍ നിന്നും സ്ഥലവും കെട്ടിടവും ചോദിച്ചു വാങ്ങി അദ്ദേഹം സംഭാവന ചെയ്തു. ഗ്രന്ഥശാലാ സംഘങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിച്ചു. പുസ്തകങ്ങള്‍ വിലകൊടുത്തും സംഭാവനയായും സമാഹ രിച്ച് ഓരോ ഗ്രന്ഥശാലയേയും പുസ്തക സംപുഷ്ടമാക്കി. കേരളപ്പിറ വിയോടെ സംഘത്തിന്റെ പേര് കേരള ഗ്രന്ഥശാലാ സംഘമെന്നായി. തികച്ചും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരണ സാരഥ്യത്തിലെത്തി. 1971 ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി അത്യാഘോഷപൂര്‍വം കൊണ്ടാടി. അതോടെ ഗ്രന്ഥശാലാ സംഘം കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായി വളര്‍ന്നു.

1976 ല്‍ നടന്ന സംഘം തെരഞ്ഞെടുപ്പില്‍ 17 താലൂക്കുകളിലെങ്കിലും ജനകീയ തെരഞ്ഞെടുപ്പുകള്‍ അസാധ്യമായി വന്നു. നേതൃത്വം പിടിച്ചെടു ക്കുവാനും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തളര്‍ത്തുവാനും സ്വാര്‍ത്ഥ മതികള്‍ മുന്നോട്ടു വന്നു. കണ്ണിലെ കൃഷ്ണമണി പോലെ താന്‍ കാത്തു സൂക്ഷിച്ച പ്രസ്ഥാനം തന്റെ കണ്‍മുന്നില്‍ വെച്ച് തകരുന്ന മട്ടിലായപ്പോള്‍ പണിക്കര്‍ സാര്‍ അതീവ ദുഖിതനായി. 32 വര്‍ഷത്തെ നിസ്തദ്രവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാന ത്തോട് അദ്ദേഹത്തിനു വിട പറയേണ്ടി വന്നു. ഗ്രന്ഥശാലാ സംഘത്തിന്‍റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു.

കേരളത്തിലെ ഗ്രാമീണ ജീവിതം നേരിട്ടു കാണാന്‍ കഴിഞ്ഞ, ഗ്രാമീണരോട് ഇത്രമാത്രം അടുത്തിടപഴകിയ ഒരു സാംസ്‌കാരിക നായകന്‍ ഇവിടെ ജീവിച്ചിരുന്നുവോ എന്നത് സംശയമാണ്. പച്ചവെള്ളം കുടിച്ചും കാല്‌നട യായും ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് വായിക്കുവാനും വായിച്ചു വളരുവാനും കേരളീയരെ പ്രേരിപ്പിച്ച മറ്റൊരാള്‍ ഇവിടെ ഉണ്ടായിരു ന്നുവോ? തീര്‍ച്ചയായും ഇല്ല. അനവദ്യ മധുരമായ സേവന സംഗീതത്തില്‍ അനുരഞ്ജിപ്പിച്ച് ലയിപ്പിക്കുവാന്‍ അനേകം യുവതീ യുവാക്കളുടെ കര്‍മശേഷിയെ അദ്ദേഹം വിനിയോഗിച്ചു. അക്ഷര കേരളത്തിന്റെ ആത്മാവെന്നു വിശേഷിപ്പിക്കുവാന്‍ പോന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്തത്. അക്ഷര പൂജയില്‍ അദ്ദേഹം ധന്യത കണ്ടെത്തി. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും, അദ്ദേഹത്തിന്റെ ജീവിതം അതിനുദാഹര ണമായിരുന്നു. വേഷത്തിലും ആഹാരത്തിലും അദ്ദേഹം അറു പിശുക്ക നാണെന്നു തോന്നും. മിതമായ ആഹാരം, കഠിനാധ്വാനം ഇവ അദ്ദേഹ ത്തിന്റെ ജീവിത ശൈലിയായിരുന്നു. പൊതുമുതല്‍ ചെലവഴിക്കുന്നതില്‍ അതീവ നിയന്ത്രണം അദ്ദേഹം പാലിച്ചിരുന്നു.

ഗ്രന്ഥശാലാ സംഘത്തോടു വിട പറയേണ്ടി വന്നിട്ടും അദ്ദേഹം നിരാശ നായില്ല. പി ടി ഭാസ്‌കര പണിക്കര്‍, തെങ്ങമം ബാലകൃഷ്ണന്‍, ശൂരനാട് കുഞ്ഞന്‍ പിള്ള, ഡോ. ശിവദാസന്‍ പിള്ള തുടങ്ങിയ ക്രാന്ത ദര്‍ശികളുടെ സഹകരണത്തോടെ 1977 ജൂണ്‍ 30 ന് കേരള അനൗപചാരിക വിദ്യാ ഭ്യാസ സമിതിക്ക് അദ്ദേഹം ജന്മം നല്കി. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതില്‍ അദ്ദേഹവും സമിതിയംഗങ്ങളും വിജയിച്ചു. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. അനൗപചാരിക വിദ്യാഭ്യാസം വെറും അക്ഷരം പഠിപ്പിക്കലല്ല എന്നു ജനങ്ങള്‍ക്കു ബോധ്യമായി. ബോധവത്കരണ പ്രക്രിയയിലൂടെ ജനങ്ങളെ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗഭാക്കാക്കുവാന്‍ അദ്ദേഹ ത്തിനു കഴിഞ്ഞു. 'പഠിച്ചവര്‍ പഠിക്കാത്തവരെ പഠിപ്പിക്കട്ടെ' സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കപ്പെട്ടു. 1985 ല്‍ സാക്ഷരത യുടെ സന്ദേശം പ്രചരിപ്പിക്കുവാന്‍ കാസര്‍കോടു നിന്നും കന്യാകുമാരി യിലേക്ക് പണിക്കര്‍ സാര്‍ നയിച്ച യാത്ര ആര്‍ക്കും മറക്കുവാന്‍ കഴിയുകയില്ല.

പണിക്കര്‍ സാര്‍ ഒരു ഗ്രന്ഥകാരന്‍ കൂടിയായിരുന്നു. 14 ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പുരോഗതിയും ബോധവത്കരണവും, ജനങ്ങള്‍ക്ക് പഠിക്കണം, വീട്ടമ്മമാര്‍ക്കൊരു പുസ്തകം തുടങ്ങിയവ അതില്‍പെടും. കാന്‍ഫെഡ് പ്രസിദ്ധീകരിച്ച നിരവധി ചെറുതും വലുതുവായ പുസ്തക ങ്ങള്‍, നാട്ടു വെളിച്ചം, ചുവര്‍ പത്രിക, എല്ലാം പണിക്കര്‍ സാര്‍ പ്രസിദ്ധീകരിച്ചവയാണ്. 19 വര്‍ഷം അദ്ദേഹം കാന്‍ഫെഡിനെ നയിച്ചു. 1995 ജൂണ്‍ 19 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. മലയാളിയെ വായന പഠിപ്പിച്ച ഈ മഹാനുഭാവന്റെ ചരമദിനം വായനാ ദിനമായി ആചരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം അതേപടി നടപ്പിലാക്കുവാന്‍ നാം ഇനിയും പരിശ്രമിക്കണം.
----------------------------------------------
കടപ്പാട്: 'വിദ്യാരംഗം' മാസിക 2014 ജൂണ്‍ ലക്കം.

ഭദ്രന്‍ എസ് ഞാറക്കാട്, ശ്രീകാന്തം, ചവറ പി ഒ, കൊല്ലം. 691582