"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

കെ പ്രകാശന്‍: കല്ലുവെട്ടി ജീവിക്കുന്ന അത്‌ലറ്റ്

കെ പ്രകാശന്‍
കേരളത്തിലെ മികച്ച ദീര്‍ഘദൂര ഓട്ടക്കാരില്‍ ഒരാളാണ് കെ പ്രകാശന്‍. നിരവധി ജില്ലാ സംസ്ഥാന അത്‌ലറ്റിക്‌സ്, ക്രോസ് കണ്‍ട്രി, മാരത്തോണ്‍ മത്സരങ്ങളില്‍ സമ്മാനാര്‍ഹനായ പ്രകാശന്‍ ഓട്ടത്തില്‍ 60 ഓളം മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ ഉടമയാണ്. കൂടാതെ അനവധി ട്രോഫികളും സ്വര്‍ണ മെഡലുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ പോണ്ടിച്ചേരി യില്‍ നടന്ന സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരത്തില്‍ ഒന്നാം സ്ഥാനം, അഖില കേരള എ കെ ജി ക്രോസ്‌കണ്‍ട്രി മത്സരത്തില്‍ തുടര്‍ച്ചയായി 4 തവണ 23 കി മീ ഓടി ഒന്നാം സ്ഥാനം, കഴിഞ്ഞ വര്‍ഷത്തെ കേരളോത്സവം, ബ്ലോക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ പ്രകാശന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ ചിലതാണ്. 

സംസ്ഥാന അന്തര്‍സംസ്ഥാന ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ മികവ് പ്രകടിപ്പിക്കുകയും ട്രോഫികളും മെഡലുകളും വാരിക്കൂട്ടുകയും ചെയ്തിട്ടുള്ള ഈ അത്‌ലറ്റിനെ ഇന്നോളം ബന്ധപ്പെട്ടവരാരും കണ്ടതായി നടിച്ചില്ല. അവഗണനയുടെ നടുവിലും ആത്മവിശ്വാസം കൈവിടാതെ സ്വന്തമായി പരിശീലനം നടത്തുകയും അടുത്ത അവസരത്തിനായി തയാറെടുക്കുകയും ചെയ്യുന്ന പ്രകാശന്‍ എന്ന അത്‌ലറ്റിക് പ്രതിഭ താണ ജാതിയില്‍ പിറന്നുപോയതു കൊണ്ടാണോ അദ്ദേഹത്തെ ബന്ധപ്പെട്ടവ രാരും കണ്ടതായി പോലും ഭാവിക്കാത്തത്? എന്തുതന്നെയായാലും ഈ അവഗണന ക്രൂരമാണ്. അത്‌ലറ്റിക്‌സില്‍ കഴിവുള്ള പ്രകടനക്കാര്‍ അധികമൊന്നുമില്ലാത്ത നമ്മുടെ രാജ്യത്ത് ഇതൊരു ദേശീയ നഷ്ടം കൂടിയാണ്. 

ശാസ്ത്രീയമായ പരിശീലനമോ പോഷകാഹാരമോ മറ്റ് അനുകൂല സാഹചര്യങ്ങളോ ഇല്ലാതിരുന്നിട്ടും മികവുകാട്ടുന്ന പ്രകാശനെ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലോ മറ്റ് സ്‌പോര്‍ട്ട്‌സ് അധികൃതരോ ശ്രദ്ധിച്ചാല്‍ ദേശീയ രംഗത്ത് എണ്ണപ്പെട്ട ഒരു അത്‌ലറ്റാക്കി മാറ്റാന്‍ കഴിയുമെന്ന് തീര്‍ത്തു പറയാം.

അല്ലാത്ത പക്ഷം, ജീവിക്കാന്‍ വേണ്ടി കല്ലുവെട്ട് തൊഴിലാക്കിയിട്ടുള്ള പ്രകാശനിലെ പ്രതിഭാശാലിയായ അത്‌ലറ്റിന് അധികകാലം പിടിച്ചു നില്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. കല്ലുവെട്ടും ദീര്‍ഘദൂര ഓട്ടവും ഒത്തുപോകുന്ന കാര്യങ്ങളല്ല. എസ് എസ് എല്‍ സി പാസാകാത്തതിന്റെ പേരില്‍ പ്രകാശന് ഒരു ജോലി നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ടു വരാത്തത് ക്വാളിഫിക്കേഷന്റെ മാത്രം പ്രശ്‌നമാണോ?

നാറാത്ത് ഗ്രാമ പഞ്ചായത്തില്‍ അംബേഡ്കര്‍ സ്‌പോര്‍ട്ട് ക്ലബ് രൂപീകരിച്ച് 1994, 95, 96, വര്‍ഷങ്ങളിലെ കേരളോത്സവത്തില്‍ കലാവിഭാഗത്തിലും ചാമ്പ്യന്‍ഷിപ്പ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതും അതില്‍വെച്ച് പല കഴിവുറ്റ അത്‌ലറ്റുകളേയും കണ്ടെത്താന്‍ സഹായിച്ചതും പ്രകാശന്റെ സ്ഥിരോത്സാഹത്തിന്റേയും ദൂരക്കാഴ്ചയുടേയും നിദര്‍ശനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രകാശനിലെ പ്രതിഭാശാലിയായ അത്‌ലറ്റിനെ കണ്ടെത്താന്‍ ഗവണ്‍മെന്റ് അധികാരികളെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

-----------------------

'ബഹുജന്‍ വാര്‍ത്ത'യുടെ പഴയ ഒരു ടാബ്ലോയിഡ് ലക്കത്തില്‍ നിന്നുമാണ് ഈ മാറ്റര്‍ എടുത്തിട്ടുള്ളത്. ഫോട്ടോയും അതില്‍ പ്രസിദ്ധീകരിച്ചിരു ന്നതാണ്. മാറ്റര്‍ മുഴുവനായും ഉണ്ട്.