"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

''ഘര്‍വാപ്പസിയും ചില സ്വതന്ത്ര ചിന്തകളും'' - സുനില്‍ പരുത്തുംപാറ

 സുനില്‍ പരുത്തുംപാറ
സാമൂഹികമായും സാമ്പത്തികമായും തകര്‍ക്കപ്പെട്ട്, പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും അകറ്റപ്പെട്ട് ജീവിതസാഹചര്യങ്ങള്‍പോലും ഇല്ലാതായ ഒരു വലിയ ജനസമൂഹത്തെ ഇന്‍ഡ്യയില്‍ മാത്രമേ കാണാന്‍ കഴിയൂ... അത് ഇവിടുത്തെ ദലിതരാണ്.

ആശ്രയിക്കാനാരുമില്ലാത്തവര്‍, സൃഷ്ടിക്കുകയും പരിപാലി ക്കുകയും ചെയ്യുന്ന ദൈവങ്ങള്‍പോലും ആശ്രയമാകാത്തവര്‍. ഇവര്‍ ദലിതരല്ലാതെ മറ്റാരാണ്. അക്കാരണങ്ങള്‍കൊണ്ടു തന്നെയാണ് ഇവരെ ദലിതര്‍ എന്നറിയപ്പെടുന്നത്.

ഇത്രയും വലിയ ഒരു മൂല്യച്യുതി എങ്ങനെയാണ് ദളിതര്‍ക്ക് ഉണ്ടായതെന്ന് നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

മനുസ്മൃതിയെന്ന വിഷലിപ്ത നിയമങ്ങള്‍ക്ക് ശങ്കരാചാര്യന്‍ നല്‍കിയ പുതിയ ജീവന്റെ പരിണിതഫലമാണ് ദളിത് എന്ന സമൂഹത്തിന്റെ ഉത്ഭവത്തിന് കാരണമായിട്ടുള്ളത്. കിരാതമായ ദൈവനീതി എന്നറിയ പ്പെടുന്ന മനുസ്മൃതി ദളിതരുടെ മനസിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകളാണ്. സംഘടിത ശക്തിയായ് തീരുന്നതിന് അവര്‍ക്ക് ഇന്നും തടസ്സമായി നില്‍ക്കുന്നത്.

മനുസ്മൃതിയുടെ മറ്റൊരു പതിപ്പുമായാണ് ക്രൈസ്തവ മിഷണറിമാര്‍ കടല്‍ കടന്നെത്തിയത്. സര്‍വ്വനാശം വിതച്ച ബ്രാഹ്മണിസം നൂറുമേനി കൊയ്യുമ്പോഴാണ്, ദൈവസ്‌നേഹത്തിന്റെയും സ്വാതന്ത്രയത്തിന്റെയും മധുരവുമായി ദളിതരെ സമീപിക്കുന്നത്.

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്നീ നാലുജാതികള്‍ ദൈവസൃഷ്ടി കളാണെന്നും അഞ്ചാം വിഭാഗക്കാരയവര്‍ മനുഷ്യന്‍ അല്ലാത്തതുകൊണ്ട് പഞ്ചമര്‍, അസുരന്മാര്‍, ചണ്ഡാളര്‍ എന്നൊക്കെ അറിയപ്പെട്ട് അപരിഷ്‌കൃതരായി ഇനി മുതല്‍ ജീവിക്കണമെന്ന് മനുസ്മൃതി വിധിച്ചപ്പോള്‍ ദൈവം സര്‍വ്വമനുഷ്യരെയും സൃഷ്ടിച്ചെന്നും അതുകൊണ്ട് നശ്വരമായ ഭൂമിയിലെ ജീവിതമല്ല സ്വര്‍ഗ്ഗത്തില്‍ നമുക്ക് സുഖകരമായ ഒരു ജീവിതമുണ്ടെന്നും അതുകൊണ്ട് ഈ ഭൂമിയിലെ സര്‍വ്വ സുഖങ്ങളും സ്വത്തുക്കളും (സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും ഭൂസ്വത്തുക്കളും) സമ്പാദിക്കരുതെന്നും പറഞ്ഞുപഠിപ്പിക്കുകയും ചെയ്തു. ഇതിന്റെ പരിണിതഫലമെന്താണ്. ദളിതരുടെ സമ്പാദ്യങ്ങളും അദ്ധ്വാനഫലങ്ങളുമെല്ലാം ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത ഒരു സവര്‍ണ്ണ ക്രൈസ്തവ ലോബി കേരളത്തില്‍ ഉടലെടുത്തിരിക്കുന്നു. ഈ ലോബികളുടെ ആവേശകരമായ പ്രസംഗങ്ങള്‍ക്ക് കയ്യടിക്കാനും അവന്റെ വീടിന്റെ നിലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സ്വന്തം വീട് പട്ടിണിയാക്കി സമ്പാദ്യം വാരിക്കോരികൊടുത്ത ദലിതരെ നോക്കി ആദരവോടെ അവന്‍ വിളിച്ച പേര് എന്താണെന്നോ? ''അവശനായ ക്രിസ്ത്യാനി'' എന്ന്.

ഇനി നമ്മള്‍ ചിന്തിക്കണം ഹിന്ദുമതമോ ക്രിസ്തുമതമോ ഏതാണ് കൂടുതല്‍ ദോഷകാരി. സംശയമില്ല രണ്ടും ഒരുപോലെതന്നെ. ദലിതരുടെ ഒത്തുചേരലിന് ഏറ്റവും അധികം വിലങ്ങുതടിയാകുന്നത് ഈ മതങ്ങള്‍ തന്നെയാണ്. നമ്മുടെ സംഘടിത ശക്തിയെ തകര്‍ക്കുക എന്നതു തന്നെയാണ് രണ്ട് മതങ്ങളുടെയും ലക്ഷ്യം.

ദലിതര്‍ ഹിന്ദുക്കളോ?

കേരളത്തിലെ ദളിതുകള്‍ ഹിന്ദുക്കളാണെന്ന അബദ്ധധാരണ ചിലര്‍ വച്ചുപുലര്‍ത്തുന്നു. ഇവര്‍ ചേര-ചോള- പാണ്ഡ്യ വംശത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ്. ആ കാലഘട്ടത്തില്‍ കേരളത്തില്‍ ജാതിയോ മതമോ നിലവിലുണ്ടായിരുന്നില്ല. ആര്യാഗമനത്തിനുശേഷം ചേരരാജവംശത്തിന്റെ പതനത്തോടെ ആര്യമതം (ഹിന്ദുമതം) ആദിമജനതയില്‍ അടിച്ചേല്‍പ്പിക്കു യാണുണ്ടായത്.

ഹിന്ദു എന്നത് ഒരു മതമായിരുന്നില്ല. ഇന്നത്തെ പാക്കിസ്ഥാന്‍ മുതല്‍ ഇങ്ങോട്ട് 1000ത്തിലധികം കിലോ മീറ്ററുകള്‍ വ്യാപിച്ചുകിടന്ന ഒരു സംസ്‌ക്കാരത്തേയും (സിന്ധനദീതടസംസ്‌ക്കാരം) കുറിക്കാനുപയോഗിച്ച ഒരു പദമായിരുന്നു (ബിന്ദു) ഹിന്ദും എന്നത്.

ഇപ്പോള്‍ സ്വന്തം ഭവനത്തിലേക്ക് മടങ്ങി വരാന്‍ ആഹ്വാനം ചെയ്യുന്ന സവര്‍ണ്ണ ഹിന്ദു സമൂഹം എന്താണ് ചെയ്യുന്നത്. മുന്‍വാതിലിലൂടെ കയറ്റി പിന്‍വാതിലിലൂടെ ചവുട്ടി പുറത്താക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഘര്‍വാപ്പസിയിലൂടെ ഹിന്ദുക്കളാകുന്ന ജനങ്ങള്‍ക്ക് എന്തു പ്രയോജനമാണ് ലഭിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലും പങ്ക് കൊടുക്കാന്‍ ഇവര്‍ക്ക് കഴിയുമോ..? ഇല്ല എങ്കില്‍ പുണ്യഹം തളിക്കലും ഈ പ്രഹസനങ്ങളും ഇതോടെ അവസാനിപ്പിക്കണം. ദളിതര്‍ക്ക് ഹിന്ദുമതം സ്വീകരിക്കുന്നതിന് സവര്‍ണ്ണഹിന്ദു സംഘടനകളുടെ ആവശ്യമില്ല.

ഹിന്ദുക്കളെ കൂടാതെ കേരളത്തിലെ ക്രിസ്ത്യന്‍ സഭകളും വര്‍ഷങ്ങളായി ഘര്‍വാപ്പസി നടത്തികൊണ്ടിരിക്കുകയാണ്. സഭാദ്ധ്യക്ഷന്‍മാരുടെ ആശീര്‍വ്വാദത്തോടെ ദലിതരുടെ വീടുകള്‍ തോറും കയറിയിറങ്ങി വാഗ്ദാനങ്ങളിലൂടെ പ്രലോഭനങ്ങളിലൂടെയും നിര്‍ബന്ധിത മത പരിവര്‍ത്തമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സവര്‍ണ്ണ ഹിന്ദുക്കള്‍ ചെയ്യുന്ന തന്ത്രങ്ങളാണ് ക്രിസ്ത്യാനികളും പിന്തുടര്‍ന്നു പോരുന്നത്. സഭയുടെ സ്വന്തം സ്ഥാപനങ്ങളായ സ്‌കുളുകളിലും കോളേജുകളിലു മൊക്കെ സവര്‍ണ്ണരായവര്‍ക്കു മാത്രം ജോലി നല്‍കുന്നത് നമുക്ക് കണ്‍മുമ്പില്‍ കാണാന്‍ കഴിയുന്ന കാര്യങ്ങളാണ്. അധികാരത്തിലിരി ക്കുന്നവരുടെ ഒത്താശയോടെ ക്രൈസ്തവലോബി നടത്തുന്ന ഈ ഘര്‍വാപ്പസി പലരും കണ്ടില്ലെന്നു നടിക്കുന്നത് കഷ്ടമാണ്.

ദളിത് ജനവിഭാഗങ്ങളെ കൂട്ടമായി മത പരിവര്‍ത്തനം നടത്തി ഹിന്ദുവും ക്രിസ്ത്യാനിയും അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ തുടരാന്‍ അനുവദിച്ചാല്‍ ദലിത് ഏകീകരണത്തിന്‍ വന്‍ ഭീഷണി ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇന്ന് ദലിതര്‍ വിമോചന ശക്തിയുള്ളവരാണ്. അവര്‍ സ്വന്തം ഭവനത്തെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ വലിയ ഒരു ധ്രൂവീകരണം നടന്നു കൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്.

എന്നാല്‍ കണ്‍മുമ്പില്‍ എല്ലാം കണ്ടിട്ടും കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഒരു പറ്റം ദളിതുകള്‍ കോമാ ബാധിച്ച തലച്ചോറുമായി ജീവിക്കുന്നു. അതിന്റെ ഫലമാണ് ഘര്‍വാപ്പസിയും ക്രൈസ്തവ ഹൈന്ദവ ലോബിയുടെ കടന്നു കയറ്റവുമെല്ലാം.

ഈ അവസരത്തില്‍ ദളിതര്‍ ഘര്‍വാപ്പസി നടത്തേണ്ടത് അനിവാര്യമായി രിക്കുന്നു. മതഭ്രാന്തന്മാര്‍ തീര്‍ത്ത മതില്‍ കെട്ടിനുള്ളിലേക്കല്ല. നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ നമുക്കായി പണി തീര്‍ത്തിരിക്കുന്ന നമ്മുടെ സംസ്‌ക്കാരിക പൈതൃകം പേറുന്ന സ്വന്തം തറവാട്ടിലേക്ക്.

സുനില്‍ പരുത്തുംപാറ
9961573489