"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 1, ബുധനാഴ്‌ച

വിവസാനന്ദരാജ് ഒര്‍മ്മയാകുമ്പോള്‍ പരിഭാഷയില്‍ നഷ്ടമായത്

താത്പര്യമുള്ള വിഷയത്തില്‍ അളവറ്റ സംഭാവനകള്‍ നല്‍കിക്കൊണ്ട് വിവരാണാതിതമായ ഇടങ്ങള്‍ സ്വന്തമാക്കിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്നവരെ ലെജണ്ടുകള്‍ എന്നാണ് വിശേഷിപ്പിക്കാറ്. ആ വാക്കിന്റെ അക്ഷരാര്‍ത്ഥം എന്തു തന്നെയായാലും വ്യാവഹാരികമായി അങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്. വിവര്‍ത്തന സാഹിത്യത്തിലെ അത്തരമൊരു ലെജണ്ടാണ് ഈയിടെ (18-6-2014) അന്തരിച്ച വിവസാനന്ദരാജ് എന്ന പോള്‍ സാനന്ദരാജ്. ഏതുവിഷയത്തിലും ഒരാള്‍ മാത്രമല്ല ലെജണ്ടുകളായി രൂപപ്പെടുന്നത് എന്നതാണ് സത്യമെങ്കിലും ഓരോ വേര്‍പാടും അതിന്റെ പ്രയോജന സ്വീകര്‍ത്താക്കളില്‍ ചെറുത ല്ലാത്ത നഷ്ടമാണ് ഉളവാക്കുന്നത്. സാഹിത്യ ശാഖയില്‍ വിവര്‍ത്തനങ്ങള്‍ മാത്രം ചെയ്തതിലൂടെ അദ്ദേഹത്തിന് ലഭിച്ച സല്‍പ്പേരാണ് 'വിവ സാനന്ദരാജ് ' എന്നത്. അതില്‍ത്തന്നെ സ്വീഡിഷ് സിനിമാ സംവിധായകന്‍ ഇഗ്മാര്‍ ബെര്‍ഗ്മാന്റെ തിരക്കഥകളായിന്നു ഏറിയവയും എന്നതിനാല്‍ അദ്ദേഹം 'കേരള ബര്‍ഗ്മാന്‍ ' എന്ന വിശേഷണത്തിനും അര്‍ഹനായി. 

വിവര്‍ത്തനം സൃഷ്ടിപരമല്ലെന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്ന സാഹിത്യ ശാഖയിലെ കുത്തക മുതലാളിമാരോട് അങ്ങേയെറ്റം വിയോജിച്ചു കൊണ്ടാണ് സാനന്ദരാജ് തന്റെ വിവര്‍ത്തന സൃഷ്ടിയുമായി കടന്നുവന്നത്. സര്‍ഗ ശേഷിയും കഠിനാധ്വാനവും സമന്വയിക്കു മ്പോഴാണ് വിവര്‍ത്തന കൃതിയുണ്ടാകു ന്നതെന്ന് എതിരഭിപ്രായക്കാരെ തിരുത്തിയ സാനന്ദരാജ് ജീവിതാന്ത്യം വരെ അതേ നിലപാടില്‍ ഉറച്ചുനിന്നു. കെ എസ് ഈ ബി യില്‍ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ ഗിരീഷ് കര്‍ണാടിന്റെ 'ഹയവദന' പരിഭാഷപ്പെടുത്തി. അത് സൂപ്രണ്ടായിരുന്ന ഭരത് ഗോപിയെ കാണിച്ചു. പരിഭാഷ വായിച്ച ഗോപി അത്ഭുതപ്പെട്ടു. ഉടനെ സാനന്ദരാജിനെ അടുത്തു വിളിച്ചുപറഞ്ഞു, 'എടാ, സാനന്ദേ നിനക്കൊന്ന് തട്ടില്‍ കേറാമോ? തിയേറ്റര്‍ ആര്‍ട്ടില്‍ ഞാനൊരു മഹാ സംഭവം ചെയ്യാന്‍ പോകുകയാണ് !' എന്ന്. പക്ഷെ ആ കൃതിയുടെ കോപ്പിറൈറ്റ് ലഭിക്കുകയുണ്ടായില്ല. അങ്ങനെ ആ സ്വപ്‌നം സാക്ഷാത്ക രിക്കാതെ പോയി. ( മറ്റാരോ 'ഹയവദ'നയുടെ പരിഭാഷ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാനന്ദരാജിന്റെ പരിഭായുടെ കയ്യെഴുത്തു പ്രതിയും 'ദി സൈലന്‍സ് ' എന്ന ബര്‍ഗ്മാന്‍ തിരക്കഥ പരിഭാഷപ്പെടു ത്തിയതിന്റെയും കയ്യെഴുത്തു പ്രതിയും ഇതെഴുതുന്നയാളെ ഏല്‍പ്പിച്ചിട്ടുണ്ട്.)

ഭരത് ഗോപിയുമായുള്ള സഹവര്‍ത്തിത്വമാണ് സാനന്ദരാജിനെ സിനിമാ രഗംത്തും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും എത്തിച്ചത്. അവിടെയും പരിഭാഷയില്‍ തന്നെയാണ് സാനന്ദരാജ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കേരള ത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ മുന്നോരുക്ക ത്തിലായിരുന്നു ഭരത്‌ഗോപി നായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കൊടിയേറ്റം' പുറത്തിറങ്ങുന്നത്. പടത്തിന്റെ ജയപരാജയങ്ങളല്ല പിന്നീട് ശ്രദ്ധേയമായത്. ചിത്രലേഖയുടെ നാശം സംഭവിച്ചു എന്നതാണ്. നടന്റെ കലയാണ് സിനിമയെന്നും തന്നേക്കാള്‍ വലിയ നടനില്ലെന്ന് ഭരത് ഗോപിയും സംവിധായകന്റെ കലയാണ് സിനിമയെന്ന് അടൂര്‍ ഗോപാല കൃഷ്ണനു മുണ്ടായിരുന്ന കാഴ്ചപ്പാടുകളിലെ യുദ്ധമാണ് ചിത്രലേഖയെ തളര്‍ത്തിയത്. എന്നാല്‍ ഒരു പ്രസ്ഥാനത്തെ ഇട്ടുതല്ലിക്കളഞ്ഞവര്‍ ചിത്രലേഖക്കു വേണ്ടി വിയര്‍പ്പൊഴുക്കിയ കുളത്തൂര്‍ ഭാസ്‌കരന്‍ നായരെപ്പറ്റി ഓര്‍ത്തില്ല. അങ്ങനെ നായര്‍ ഈഗോ ക്ലാഷുകൊണ്ട് സ്വയം നശിച്ച ഒരു പ്രസ്ഥാനമായി പിലിം സൊസൈറ്റികളുടെ ചരിത്രത്തില്‍ ചിത്രലേഖ മാറി. സൂര്യ, ചലച്ചിത്ര തുടങ്ങിയ സൊസൈറ്റികള്‍ പിന്നീടു വന്നെങ്കിലും ചിത്രലേഖയുടെ നഷ്ടം എപ്പോഴും സാനന്ദരാജിനെ ഉലച്ചിരുന്നു. 

സിനിമാ സംവിധായകരെന്ന നിലയില്‍ അരവിന്ദനോടും അടൂര്‍ ഗോപാല കൃഷ്ണനോടുമുള്ള സമീപനങ്ങളിലെ വ്യതിരിക്തത സാനന്ദരാജ് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ വേള്‍ഡ് ഇമേജ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ടാക്കിയതല്ല. എന്നാല്‍ വേള്‍ഡ് സിനിമയില്‍ തനിക്കൊരു ഇമേജുണ്ടാക്കാന്‍ അടൂരിനു കഴിഞ്ഞു. ചലച്ചിത്രേതരമായ പ്രകടനങ്ങള്‍ കൊണ്ടാണ് അടൂര്‍ ഇത് സാധിച്ചത്. കരമന ജനാര്‍ദ്ധനന്‍ നായരുടെ അഭിനയ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട 'എലിപ്പത്തായ' മൊഴിച്ചാല്‍ അടൂര്‍ സിനിമകളൊന്നും ചെയ്തിട്ടില്ല. വേള്‍ഡ് ഇമേജ് ഉണ്ടാക്കുന്നതില്‍ അരവിന്ദന്റെ ഭാഗത്തുനിന്നും സംഭാവനകള്‍ ഒന്നുമില്ലെങ്കിലും അദ്ദേഹം ക്രാഫ്റ്റുള്ള ഒരു സംവിധായകനാണ്. അക്കാദമിക് പരിശീലിതനല്ലെങ്കിലും ക്രാഫ്റ്റിന്റെ മികവു കൊണ്ടാണ് അരവിന്ദര്‍ ശ്രദ്ധക്കപ്പെട്ടത്. സ്മിതാ പട്ടേലിന്റെ അഭിനയം കൊണ്ടു കൂടിയാണ് 'ചിദംബരം' ശ്രദ്ധിക്ക പ്പെട്ടതെങ്കിലും 'കാഞ്ചനസീത'യില്‍ അരവിന്ദന്റെ ക്രാഫ്റ്റ് ഒന്നുമാത്രമാണ് ആ നിര്‍മ്മിതിയെ സിനിമ യാക്കിയത്. എന്നാല്‍ വ്യക്തിപരമായി സാനന്ദരാജിനോട് അകല്‍ച്ച കാണിച്ചി രുന്നയാളാണ് ജി അരവിന്ദന്‍. സാനന്ദരാജിന്റെ മുഖത്തു പോലും അരവിന്ദന്‍ നോക്കാറു ണ്ടായിരുന്നില്ല. സാനന്ദരാജിന് അതില്‍ ഒട്ടും പരാതിയും ഉണ്ടായിരുന്നില്ല. വ്യത്യസ്തമാണെങ്കിലും സര്‍ഗശേഷി തന്നിലും കുറവല്ലല്ലോ. അതുള്ളിടത്തോളം മറ്റുള്ളവരുടെ മുന്നില്‍ കുനിയേണ്ടതില്ല. ഇന്ധനക്ഷമതയുള്ള ഒരു വാഹനം എവിടെയെങ്കിലും നിശ്ചലമായി ക്കിടക്കുമോ ! പക്ഷെ, ജി അരവിന്ദന്‍ ജീനിയസാണ്. തന്നെ ഇഷ്ടപ്പെടാത്തൊരാളുടെ കഴിവുകളെ ആരാധിക്കുന്ന സാനന്ദരാജിന്റെ മനോവൈപുല്യം ശ്ലാഘിക്ക പ്പെടേണ്ടതാണെന്നതില്‍ രണ്ടുപക്ഷമില്ല. അരവിന്ദന്‍ അമേരിക്കയില്‍ പോയിവന്നപ്പോള്‍ ആകെ കൊണ്ടുവന്നത് തിരക്കഥകളാണ്. അതിലാണ് നാല് ബെര്‍ഗ്മാന്‍ തിരക്കഥകള്‍ ഉണ്ടായി രുന്നത്. എന്നാല്‍ തനിക്ക് വിവര്‍ത്തകന്‍ എന്ന മേല്‍വിലാസം ഉണ്ടാകാന്‍ തുടക്കമിട്ട 'ദി സൈലന്‍സ്' ആ നാല് എണ്ണത്തിന്റെ കൂട്ടത്തിലല്ല ഉണ്ടായിരുന്നതെന്ന് സാനന്ദരാജ് ഓര്‍മ്മിക്കുന്നു.

ജാതികൊണ്ട് മുറിവേറ്റ ഒരു കീഴാളനാണ് താനെന്ന് സാനന്ദരാജ് വെളിപ്പെടുത്തുന്നത് അനുഭവങ്ങളുടെ പാഠപുസ്തകം തുറന്നു കാണിച്ചു കൊണ്ടാണ്. നാടാര്‍ ക്രിസ്ത്യന്‍ എന്ന കീഴാള സമുദായത്തിലെ പിറവി പലവട്ടം വഴിമുട്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ അന്തര്‍നാടക ങ്ങളിലെ കളിക്കാരനാകാന്‍ നിന്നുകൊടുക്കാ ത്തതുകൊണ്ട് തിരിച്ചടികളും നേരിടേ ണ്ടിവന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്ക് തിരസ്‌കൃത നായിരുന്ന സാനന്ദരാജിന് അവകള്‍ സ്വീകാര്യവുമായിരുന്നില്ല. കലാകൗമുദി പ്രസിദ്ധീകരണ ങ്ങളിലൂടെയാണ് സാനന്ദരാജിന്റെ സൃഷ്ടികള്‍ അച്ചടി വെട്ടം കണ്ട്ത്. എഴുപതുകളിലെ മുഖ്യാധാരാ പ്രസിദ്ധീകരണങ്ങളുടെ അപ്രതിരോധ്യതയെ വെല്ലുവിളിച്ച 'സംക്രമണം' എന്ന ലിറ്റില്‍ മാഗസിനും സാനന്ദരാജ് സ്വീകാര്യനായിരുന്നു. അതിന്റെ എഡിറ്ററായിരുന്ന പ്രിയാദാസ് ജി മംഗലത്തിനോട് എപ്പോഴും സൗഹൃദം വിടാതെ കാത്തുപോന്ന സാനന്ദരാജ് 'ഈ തിരക്കിനിടയിലും തനിക്ക് ഈ പരിഭാകളൊക്കെ എങ്ങനെ ചെയ്യാന്‍ സാധിക്കുന്നു !' എന്ന്, ഒരേസമയം കളിയായും കാര്യമായും അദ്ദേഹം പറയാറുള്ളത് കൂടെക്കൂടെ ഓര്‍ക്കുമായിരുന്നു. 'കുങ്കുമം' വാരികയും അളവുറ്റ അംഗീകാരം നല്‍കിയാണ് സാനന്ദരാജിന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരി ക്കാറുണ്ടാ യിരുന്നത്. കുങ്കുമത്തിന്റെ എഡിറ്ററായിരുന്ന എന്‍ വി കൃഷ്ണവാര്യ രോടും കലാകൊമുദിയുടെ എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ നായരോടും പ്രിയാദാസ് ജി മംഗലത്തിനോടും ഉള്ള നന്ദിയും കടപ്പാടും ജീവിതത്തിലുടനീളം സാനന്ദരാജ് കാത്തിരുന്നു.

ഒരു ഘട്ടത്തില്‍ സാനന്ദരാജ് ക്രിസ്തുമതം വിടുകയായിരുന്നു. അപ്പോഴും ക്രിസ്തുവിനെ വിട്ടിരുന്നില്ല. ക്രിസ്തുമതം പോപ്പിന്റെ സൃഷ്ടിയിണ്, ക്രിസ്തുവിന്റേതല്ല എന്ന തിരിച്ചറിവാണ് അതിനു കാരണം. തുടര്‍ന്ന് സെന്‍ ബുദ്ധിസത്തില്‍ അന്വേഷണം നടത്തുന്നതായി കാണാം. ക്രൈസ്തവ ജ്ഞാനരൂപങ്ങളും സെന്‍ബുദ്ധിസവും ഇടകലരുന്ന ഒരു കീഴാളപക്ഷ ആത്മീയത രൂപപ്പെടുത്താനുള്ള ശ്രമം തുടര്‍ന്നുള്ള രചനകളില്‍ നിന്ന് തിരിച്ചറിയാം. ക്ര്‌സ്തു ആദ്യത്തെ ഹീറോയും ബുദ്ധന്‍ തുടര്‍ന്നുവന്ന ഹീറോയുമാണ് അദ്ദേഹത്തിന്. താന്‍ തുടങ്ങിയ രണ്ട് ലിറ്റില്‍ മാഗസിനു കളില്‍ ഒന്നിന്റെ പേര് 'സെന്‍' എന്നായിരുന്നു. ഒരു ലക്കം കൊണ്ട് സെന്‍ പ്രസിദ്ധീകരണം നിലച്ചു. മറ്റൊന്ന് കൈവെള്ളയില്‍ ഒതുങ്ങുന്നത്രമാത്രം വലിപ്പമുള്ള 'ഷോ' എന്ന ലിറ്റില്‍ മാഗസിനാണ്. 

തിരക്കഥകളുടെ പരിഭഷകളില്‍ ബെര്‍ഗ്മാന്റേത് കൂടാതെ തര്‍ക്കോവ്‌സ്‌കി യുടെ സിനിമകളുടേതുമുണ്ട്. ഒരുപാട് സെന്‍ പുസ്തകങ്ങളുടേയും പരിഭാഷകള്‍ സാനന്ദരാജിന്റെതായി പുറത്തുവന്നിട്ടുണ്ട്. അവയില്‍ 'സെന്‍കഥകള്‍ 'ലോവോ ട്‌സുവിന്റെ ' താവോയുടെ പുസ്തകം' 'ഒറ്റക്കയ്യടിശബ്ദം' എന്നിവ ശ്രദ്ധേയങ്ങളാണ്. അതുപോലെ നിരോധങ്ങളോ തിരിസ്‌കാര ങ്ങളോകൊണ്ട് ലോകശ്രദ്ധപിടിച്ചുപറ്റിയ രചനകള്‍ പരിഭാഷ പ്പെടു ത്തിയതിലൂടെയും സാനന്ദരാജിന്റെ സൃഷ്ടികള്‍ വായനക്കാരന് ലഭ്യമായിട്ടുണ്ട്. ജോര്‍ജ് ബതായിയുടെ വിഖ്യാത രചനയായ Story of an Eye 'ഒരു കണ്ണിന്റെ കഥ' യായി പരിഭാഷപ്പെടുത്തി. ചൈനയിലെ വിമത സാഹിത്യകാരന്‍ എന്ന ചീത്തപ്പേരില്‍ അറിയപ്പെട്ട ഗോവോ സിംഗ് ജ്യാന്റെ ആത്മകഥ 'ശീതസാഹിത്യം' എന്നപേരില്‍ വിവര്‍ത്തനം ചെയ്തു. മാര്‍ക്വേസിന്റെ 'കപ്പല്‍ഛേദം വന്ന രാജാവിന്റെ കഥ' യും പരിഭാഷ കളില്‍ മറ്റൊന്നാണ്. ക്ഷേമരാജന്റെ 'പ്രത്യഭിജ്ഞാഹൃദയം' എന്ന കൃതിക്കും പരിഭാഷ കൊടുത്തു.

പുസ്തകങ്ങളെല്ലാം വിലകൊടുത്തു വാങ്ങിയാണ് പരിഭാഷകള്‍ക്കായി സംഘടിപ്പിച്ചിരുന്നത്. അച്ഛന്‍ മിഷനറി പ്രവര്‍ത്തകന്‍ ആയിരുന്നതിനാല്‍, അതിനായി തങ്ങേണ്ടി വന്നിരുന്ന പലയിടങ്ങ ളിലുമുള്ള സ്‌കൂളുകളി ലായിരുന്നു സാനന്ദരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠിക്കാനും വരക്കാനും മിടുക്കനായിരുന്നു. നൂറിലേറെപേര്‍ എഴുതിയതില്‍ എട്ടുപേര്‍ മാത്രം പാസായ ആ വര്‍ഷത്തെ എസ് എസ് എല്‍ സി ക്ക് സാനന്ദരാജി നായിരുന്നു സ്‌കൂള്‍റാങ്ക്. സ്‌കോളര്‍ഷി പ്പിനത്തിനും സമ്മാന ഇനത്തിലു മൊക്കെ കിട്ടിയിരുന്ന തുകകള്‍ മൊത്തം പുസ്തകങ്ങള്‍ വാങ്ങാനായി രുന്നു ചെലവഴിച്ചിരുന്നത്. തിരികെ വീട്ടില്‍ പോകാന്‍ വണ്ടിക്കൂലിക്ക് കാശ് തികയാതെ കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങിയിട്ടുമുണ്ട്. ജെയിംസ് ബാള്‍ഡ്‌വിന്‍ ന്റെ കൃതികള്‍ - പരിഭാഷപ്പെടു ത്തിയിട്ടില്ലെങ്കിലും വായിക്കാന്‍ ഏറെ താല്‍പ്പര്യ മുണ്ടായിരുന്നു. ദലിത് സാഹിത്യ സിദ്ധാന്ത ങ്ങളുടെ മാതൃകകള്‍ ഉള്ളടങ്ങുന്ന വയാണ് ബാല്‍ഡ്‌വിന്‍ ന്റെ കൃതികള്‍ എന്ന് നിരീക്ഷിച്ചിരുന്നു. മലയാള ഭാഷയുടെ പരിമിതികള്‍ ചൂണ്ടിക്കാട്ടി, പരിഭാഷക്കുള്ള അവകാശങ്ങള്‍ ചോദിച്ചുകൊണ്ട് പ്രസാധകര്‍ക്ക് നേരിട്ടെഴുതു കയായിരുന്നു പതിവ്. 

റവറന്റ് ഡി ഹാരിസിന്റെയും ഡോറ സിബിയയുടെയും മകനായി 1944 ഡിസംബര്‍ 15 നാണ് സാനന്ദരാജ് ജനിച്ചത്. അച്ഛന്‍ മിഷനറി പ്രവര്‍ത്തക നായിരുന്നു. അമ്മയുടെ അച്ഛന്‍ ജോണ്‍ സാനന്ദം ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ സ്ഥാപകനാണ്. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് കൊടുത്ത സ്ഥാനപ്പേരാണ് സാനന്ദം എന്നത്. അതാണ് സാനന്ദരാജ് എന്ന പേരുവരാന്‍ കാരണം. മിഷനറി പ്രവര്‍ത്ത കരായിരുന്നു പിതാക്കളെ ങ്കിലും നാടാര്‍ വിഭാഗത്തിലുള്ള പിറവി, പില്‍ക്കാലത്ത് വിവ സാനന്ദരാജായി അറിയപ്പെട്ട ജോണ്‍ സാനന്ദരാജിന് ഒരുപാട് സ്വീകാര്യത കള്‍ ലഭിക്കാതെ പോവുകയും തിരസ്‌കരി ക്കപ്പെടാന്‍ ഇടയാവുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം പഠനത്തിലുള്ള മിടുക്കും സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നതിലെ തികവുകൊണ്ടം സാനന്ദരാജ് നേരിട്ടു.