"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 15, ബുധനാഴ്‌ച

സാമൂഹിക ചതികള്‍ ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പുകയിലത്തോപ്പ് കോളനി നിവാസികള്‍ - വിതുര അംബി

തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന N.H. റോഡില്‍ കോരാണി ടോള്‍ ജംഗ്ഷനില്‍ ഇറങ്ങി രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചാല്‍ നമ്മള്‍ പുകയിലത്തോപ്പ് കോളനിയില്‍ എത്തിച്ചേരും. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ 1962-ല്‍ MLA ആയിരുന്ന പി.കുഞ്ഞന്റെ നേതൃത്വത്തില്‍ 30 ഏക്കറില്‍ സ്ഥാപിതമായതാണ് ഈ കോളനി. കയ്യേറ്റവും മറ്റു സമുദായങ്ങളുടെ ഇടപെടല്‍ മൂലം, 20 ഏക്കറില്‍ ചുരുങ്ങിയിരിക്കുകയാണ് . ഇപ്പോഴത്തെ കോളനി പഴയകാലത്ത് പുകയിലകൃഷി ചെയ്ത സ്ഥലമായതുകൊണ്ടാണ് പില്‍ക്കാലത്ത് ഈ പേര് കോളനിക്ക് വന്നു ചേര്‍ന്നത്. നൂറ്റി എണ്‍പതില്‍പ്പരം പട്ടികജാതി കുടുംബങ്ങള്‍ ഈ കോളനിയില്‍ അധിവസിച്ചുപോരുന്നു. കൃഷിയിലും കയര്‍ മേഖലയിലും പണിയെടുത്ത് ഉപജീവനം നടത്തിയവരാണ് ഇവിടത്തെ പഴയ തലമുറ. ഇപ്പോഴത്തെ തലമുറ മേസ്തിരി പണിയും, കോണ്‍ക്രീറ്റു പണിയും, റോഡു പണികളുമായി ജീവിച്ചു പോരുന്നു. കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ്സ് പാര്‍ട്ടികളില്‍ പാരമ്പര്യമായി വിശ്വസിച്ചു പോരുന്നവരും പാര്‍ട്ടിക്കാരുടെ ചൂഷണത്തിനും പ്രാദേശിക പിന്നോക്ക സവര്‍ണ്ണ സമുദായങ്ങളുടെ മേധാവിത്വത്തിന്‍ കീഴിലാണ് ഇന്നും ഇവിടത്തുകാര്‍ കഴിഞ്ഞു പോരുന്നത്. പട്ടികജാതിയിലെ K.P.M.S. എന്ന ഉപജാതി സംഘടനയും DHRM സംഘടനയും BSP എന്ന പാര്‍ട്ടിയും കോളനിയില്‍ ഉണ്ടെങ്കിലും അവര്‍ക്ക് കാര്യമായ സ്വാധീനമൊന്നും ഇവിടെ ഇല്ല.

കോളനിയില്‍ നിന്നും ഉദ്ദേശം രണ്ടര കിലോമീറ്ററിനുള്ളില്‍ വാറുവിളാകം ദേവീക്ഷേത്രം ഉണ്ട്. വര്‍ഷാവര്‍ഷം ഈ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ ഉരുള്‍ (കെട്ടുകാഴ്ച കളും പ്ലോട്ടുകളും അടങ്ങുന്ന ഉല്‍സവം) നേര്‍ച്ചയുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന അമ്പല ഉരുളിനുശേഷം പുകയിലത്തോപ്പു നിവാസികളുടെ ഉരുളാണ് പിന്നെ നടക്കുന്നത്. മുത്തുകുട പിടിച്ച നിരവധി ബാലികമാരുടെ താലപ്പൊലി വഹിച്ചു കൊണ്ടുള്ള ഉരുള്‍ ഉല്‍സവത്തില്‍ സവര്‍ണ്ണരും പിന്നോക്കകാരും ഇതിന്റെ നേതൃത്വ ങ്ങള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് ഇതിന്റെ ഉള്ളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കാണാന്‍ കൊള്ളാവുന്ന പട്ടികജാതി സ്ത്രീകളെ വശീകരിക്കുന്നതും ലൈംഗിക ചൂഷണങ്ങളും ഭക്തിയുടെ മറവില്‍ ആണ്ടോടാണ്ട് നടക്കുന്നു എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. ഇത്തരം ചൂഷണങ്ങള്‍ കാലാകാലങ്ങളില്‍ നിലനിര്‍ത്തി പോരുന്നതിന് ചില അന്ധവിശ്വാസങ്ങളും കള്ളക്കഥകളും ഇവരുടെ ഇടയില്‍ പ്രചരിപ്പിച്ചുപോരുന്നു. വാറുവിളാകത്ത് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ ഈ കോളനിയിലെ പട്ടികജാതിക്കാരാണെന്നും അവരുടെ രക്ഷയ്ക്കുവേണ്ടി നിലകൊള്ളുന്നു എന്നുള്ള വിശ്വാസവും ഇവിടങ്ങളില്‍ രൂഢമൂലമാണ്.പഴയകാലത്ത് അരയില്‍ നേരിയത് ഉടുപ്പിച്ച് പട്ടികജാതിക്കാരെ മണ്ണും പൊടിയും കല്ലുംനിറഞ്ഞ വഴികളിലൂടെ കിലോ മീറ്ററുകളോളം ഉരുട്ടിയാണ് ഉരുള്‍ ഇവിടെ നടത്തിപോന്നിരുന്നത്. ഭക്തിയുടെ നിറവില്‍ ആണുങ്ങള്‍ ഉരുളുമ്പോള്‍ ചില പട്ടികജാതി സ്ത്രീകളെ വേഴ്ച നടത്തിപ്പോന്ന ഒരു സാമൂഹ്യവിരുദ്ധ സംഘം അക്കാലത്ത് ഇവിടെ സജീവമായിരുന്നു.

കേവലം പതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം ക്ഷേത്ര നടയില്‍ ഒരു വാര്‍പ്പു വച്ച് കോളനി നിവാസികളെയും പാവപ്പെട്ടവരെയും, പണം വാര്‍പ്പില്‍ നേര്‍ച്ച ഇട്ടാല്‍ കഷ്ട നഷ്ടങ്ങള്‍ മാറി സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകു മെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക ചൂഷണങ്ങള്‍ നടത്തിയിരുന്നു. ചില മനുഷ്യ സ്‌നേഹികളുടെ ഇടപെടല്‍മൂലം ഇപ്പോള്‍ ഈ ഏര്‍പ്പാട് നിര്‍ത്തല്‍ ചെയ്തിരിക്കുകയാണ്. പട്ടിക ജാതിക്കാര്‍ ഒരു വര്‍ഷംകൊണ്ട് അദ്ധ്വാനിച്ചു കിട്ടുന്ന സമ്പാദ്യങ്ങളും സവര്‍ണ്ണ പിന്നോക്ക ജനതയുടെ പ്രോല്‍സാഹനവും കൂടി ചേരുമ്പോള്‍ പട്ടികജാതിക്കാരുടെ ഉരുള്‍ പൊടി പൊടിക്കുന്നു. ഭക്തിയുടെ മറവില്‍ അഭിമാനപ്രശ്‌നമായി സ്വയം കരുതി ഞെളിയുന്ന ഈ പാവങ്ങള്‍ക്ക് വന്നു ചേരുന്ന സാമ്പത്തിക നഷ്ടങ്ങള്‍ അവര്‍ ഒരിക്കലും അറിയാതെ പോകുന്നു. 

ഇത് ആണ്ടോടാണ്ട് നിലനിര്‍ത്തിപ്പോരാന്‍ സവര്‍ണ്ണ പിന്നോക്കക്കാര്‍ അരിയും പച്ചക്കറിയും ചെറിയ സാമ്പത്തിക സഹായങ്ങളും പ്രോല്‍സാ ഹനങ്ങളും നല്‍കിപ്പോ രുന്നു. ഇത് അവരുടെ ചൂഷണങ്ങള്‍ ഈ ജനതയുടെ ഇടയില്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ നടത്തുന്ന സോപ്പിടല്‍ പരിപാടിയാണ് എന്ന് തിരിച്ചറി യാനുള്ള വിവേകം കോളനി നിവാസികള്‍ക്കില്ല. 

വാറുവിളാകം ദേവീക്ഷേത്രത്തിന്റെ ഉല്‍സവത്തിന് 4 ദിവസങ്ങള്‍ക്കു മുമ്പാണ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഉരുള്‍ പുകയിലത്തോപ്പ് ജംഗ്ഷനില്‍ നടക്കുന്നത്. എന്നാല്‍ സവര്‍ണ്ണരുടെ മുന്‍കൈയ്യാല്‍ നടക്കുന്ന ഈ ചടങ്ങിന് യാതൊരു അനിഷ്ട സംഭവങ്ങളും നാളിതുവരെ ഇവിടെ ഉണ്ടായിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന വാറുവിളാകം ദേവീക്ഷേത്രത്തില്‍ പട്ടികജാതിക്കാര്‍ മുന്‍കൈ എടുത്തു നടത്തുന്ന ഉരുള്‍ നേര്‍ച്ചയിലും പരിപാടിയിലും മാത്രം വര്‍ഷങ്ങള്‍കൊണ്ട് അടിയും പിടിയും അക്രമങ്ങളും പോലീസുമായുള്ള സംഘട്ടനങ്ങള്‍ നടക്കുന്നതും തുടര്‍ന്നു കോളനിയില്‍ മാസങ്ങളോളം നിലകൊള്ളുന്ന സമാധാന അന്തരീക്ഷ മില്ലായ്മയും എന്തുകൊണ്ടാണ് നടക്കുന്നതെന്ന് ഇവിടെ താമസിക്കുന്ന ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതുണ്ട്.

ഉല്‍സവത്തിന്റെ അവസാനനിമിഷങ്ങളില്‍ പട്ടികജാതിക്കാരെ കുത്തി യിളക്കി അടിയുണ്ടാക്കുന്ന പിന്നോക്ക സവര്‍ണ്ണ സാമൂഹ്യ വിരുദ്ധ ശക്തികള്‍ കോളനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ കെണിയില്‍ പട്ടികജാതിക്കാര്‍ സംഘര്‍ഷം ഉണ്ടാക്കിയില്ലെങ്കില്‍ ഈ സാമൂഹ്യ വിരുദ്ധര്‍തന്നെ അടി ഉണ്ടാക്കി കോളനിയില്‍ നിന്നും പോലീസിന്റെ സഹായത്താല്‍ ആണുങ്ങളെ പ്രതികളാക്കി മാസങ്ങളോളം മാറ്റി നിര്‍ത്തുന്ന ചാണക്യതന്ത്രങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. പട്ടികജാതിക്കാരെ കുറ്റവാളികളും, പ്രശ്‌നക്കാരുമാക്കി തീര്‍ത്തുകൊണ്ടുള്ള രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും നടപടിയാണ് നാളിതുവരെ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ച്ത്തലം പരിശോധിക്കപ്പെടേണ്ടതുണ്ട്. വര്‍ഷങ്ങളായി പുകയില ത്തോപ്പു കോളനിയുടെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതും ഇവിടത്തെ ജനങ്ങളെ ദ്രോഹിക്കുന്നതുമായ ഒരു രാഷ്ട്രീയ സാമുദായിക ഗൂഢാലോചനഈ പ്രദേശത്ത് നടന്നു വരുന്നു. അതില്‍ പ്രധാന കണ്ണിയാണ് കോളനി ജംഗ്ഷനില്‍ ചായക്കട നടത്തുന്ന വ്യക്തിയും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും. കോളനിക്കാരുടെ സമ്പത്ത് ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിച്ച് ഇവര്‍ ഇവിടെ വളര്‍ന്നു വന്നത്. കോളനിയിലെ ചെറുപ്പക്കാരായ പട്ടികജാതി യുവാക്കളെ ചതിയില്‍ നശിപ്പിക്കാനും കള്ളക്കേസില്‍പെടുത്തിയുമുള്ളതാണ് ഇവരുടെ പ്രവര്‍ത്തനം. കോളനിയില്‍ ഉണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങളും വഴക്കുകളും പോലീസിന് അപ്പോള്‍ തന്നെ രഹസ്യ വിവരം നല്‍കി സംഭവം വലുതാക്കി ഊതി വീര്‍പ്പിക്കുന്നത് ഇവരുടെ പണിയാണ്. മംഗലാപുരം-ചിറയിന്‍കീഴ്-ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനുകള്‍ അതിര്‍ത്തി പങ്കിടുന്ന ജംഗ്ഷനാണ് പുകയിലത്തോപ്പ് കോളനി. ഈ പ്രദേശത്ത് എന്തെങ്കിലും സംഭവമോ അക്രമമോ ഉണ്ടായാല്‍ നാട്ടുകാരോടൊന്നും തിരക്കാതെ ടി കടയില്‍ ചെന്നാണ് പോലീസ് ചോദിച്ചു മനസ്സിലാക്കുന്നത്. ശത്രുത ഉള്ളവരേയും ഇവരുടെ താല്പര്യത്തേയും മുന്‍നിര്‍ത്തിയാണ് പലപ്പോഴും പോലീസ് കേസ് എടുക്കുന്നത്. ഇത് വര്‍ഷങ്ങളായി തുടരുന്ന ഏര്‍പ്പാടാണ്. ഇയാളുടെ തോന്ന്യാസത്തിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുന്‍ MLA യുടെ പിന്‍ബലവുമുണ്ട്. ഇത് ഇയാള്‍നാട്ടുകാരോട് പലപ്രാവശ്യം പറഞ്ഞ് ഊറ്റം കൊള്ളാറുമുണ്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ അച്ചടക്കത്തോടെയാണ് 2015 ഏപ്രില്‍ 2 ഉല്‍സവം നടന്നിരുന്നത്. രാത്രി 9 മണിയോടെ ഗാനമേള നടന്നു കൊണ്ടിരിക്കേ 3-ാമത്തെ പാട്ടോടുകൂടിയാണ് ചിറയിന്‍കീഴ് എസ്. ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരു ക്രിമിനലിനെ പിടിക്കാ നായി ഉല്‍സവം കണ്ടുകൊണ്ടിരുന്ന ജനത്തിനിടയില്‍ കടന്നുവരികയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതും തുടര്‍ന്ന് ലാത്തി വീശലും കോളനി നിവാസികളുമായി സംഘര്‍ഷം നടന്നതും സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേര്‍ക്ക് മര്‍ദ്ദനവും പരിക്കും ഏല്‍ക്കേണ്ടി വന്നതും. കോളനി നിവാസികള്‍ക്ക് പോലീസുമായുണ്ടായ മര്‍ദ്ദനത്തിനു പരിഹാരം കണ്ടെത്തുന്നതിനു പകരം എസ്. ഐ, മുസ്ലീം ആയതുകൊണ്ട് മതേതരത്വം തകര്‍ന്നു എന്നു പറഞ്ഞുകൊണ്ടുള്ള പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത്. ഇതിലൂടെ ആരുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് ഇവര്‍ സംരക്ഷിക്കു ന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

സ്ഥലം MLA യും രാഷ്ട്രീയ പാര്‍ട്ടികളും വന്നു സംഘര്‍ഷത്തിന് അയവു വരുത്തി എങ്കിലും പോലീസുമായുള്ള നിരന്തര സംഘര്‍ഷത്തിനും സാമൂഹിക അരാചകത്വത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്തേ ണ്ടതും സ്വന്തം ജനതയെ സംരക്ഷിക്കേണ്ടതും ഈ കോളനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പട്ടികജാതി സംഘടനകളുടെ കടമയാണ്. രാഷ്ട്രീയം മറന്ന് നിയമപഠന ക്ലാസുകളും പുത്തന്‍ ചൂഷണങ്ങളെ ക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തി കോളനി നിവാസികളെ പ്രബുദ്ധരായ ഒരു ജനതയാക്കി മാറ്റിയെടുക്കുന്നതിലൂടെ മാത്രമേ ഇന്ന് കോളനിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് സമാധാന അന്തരീക്ഷം കൈവരിക്കാന്‍ കഴിയുകയുള്ളൂ.