"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 25, ശനിയാഴ്‌ച

ചിലപ്പതികാരം; ഒരെത്തിനോട്ടം - പശുപതിനാഥന്‍ നെന്മാറ

മുന്നുര

യുഗങ്ങളായി ഭൂമുഖത്തെ മനുഷ്യരാശി സ്വാനുഭവ ങ്ങളിലൂടെ നേടിയതും അനന്തര തലമുറക്ക് അനുസ്യൂത മായി പകര്‍ന്നു കൊടുത്തതുമായ സംസ്‌കാര ത്തിന്റെ സഞ്ചിത നിധിയാണ് സാഹിത്യം. വിജ്ഞാനവും ആനന്ദവും ഒരേകാലത്ത് പ്രദാനം ചെയ്യുന്ന മനുഷ്യ സിദ്ധികളില്‍ അത്യുത്തമ മാണത്. ഈ ഭാസുര മായ ശബ്ദ ജ്യോതിസ് ഇവിടെ തിളങ്ങി യില്ലായിരുന്നു വെങ്കില്‍ എന്നേ അന്ധ തമസില്‍ ഒളിമങ്ങി പ്പോയേനെ.

'ഇതമന്ധഃ തമഃ കൃത്സ്‌നം ജായതേ ഭുവനത്രയം
യദി ശബ്ദാഹ്വയം ജ്യോതിരാചന്ദ്രാര്‍ക്കം ന ദീപ്യതേ'

എന്ന പദ്യം ഇത്തരത്തില്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ജാതി മത ഭാഷാ വര്‍ണങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചും കയര്‍ത്തും സ്വയം വിനാശ ത്തിലേക്ക് നീങ്ങിക്കൊ ണ്ടിരിക്കുന്ന ലോക ജനതയെ ഒരു ചരടിലിണ ക്കിക്കോര്‍ക്കാന്‍ നമ്മെ സഹായിക്കുന്ന കരുത്തേറിയ ഉപകരണ വുമാണ് സാഹിത്യം. പത്തി വിടര്‍ത്തി നടമാടുന്ന ശിഥിലീക രണ പ്രവണതകള്‍ വമിക്കുന്ന വിഷ ധൂമികയുടെ അങ്കലാപ്പില്‍ നിന്നും മനുഷ്യരാശി സൗഹാര്‍ദ്ദ ത്തിന്റേയും ഐക്യത്തിന്റേയും അനുരഞ്ജി പ്പിന്റേയും പരസ്പര സ്‌നേഹ ധാരണ കളുടേയും ശുദ്ധവായു വീശുന്ന രംഗത്തിലേക്ക് മാറ്റി നിര്‍ത്താന്‍ സാഹിത്യ ത്തിനുള്ള കഴിവ് - അത് ഏത് ഭാഷയിലെ സാഹിത്യ മായിക്കൊള്ളട്ടെ - അപാരമാണ്. ദേശീ യോദ്ഗ്രഥനം സാധിത പ്രായമാക്കി ത്തീര്‍ക്കാന്‍ സാഹിത്യത്തെ പോലെ മറ്റൊന്നുമില്ല തന്നെ.

തമിഴും സാഹിത്യവും
ദക്ഷിണേന്ത്യ മുഴുവന്‍ ചേര ചോള പാണ്ഡ്യരെന്ന തമിഴ് രാജാക്കന്മാരുടെ ഛത്രഛായയില്‍ കഴിഞ്ഞിരുന്ന ഒരു സുവര്‍ണ ഭൂതമുണ്ടായിരുന്നു. അന്ന് തമിഴ് ഭാഷയും സംസ്‌കാരവും കേരളീയരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. അവയോടുള്ള ബന്ധം മറ്റേതൊരു ഭാഷയുടേതു മെന്നതിനേ ക്കാള്‍ അഭേദ്യവും ദൃഢവും ആയിരുന്നു. ചരിത്ര വസ്തുതകള്‍ ഇക്കാര്യ ത്തിന് സാക്ഷ്യം അരുളുന്ന വയാണ്.

അതി പ്രാചീനമാണ് തമിഴ് സാഹിത്യം. വിപുലവും അഗാധവുമാണ് അത്. ശാഖോപ ശാഖകളായി പടര്‍ന്നു നില്ക്കുന്ന ഒരശ്വത്ഥ വൃക്ഷ ത്തിന്റെ പ്രതീതിയാണ് അത് ജനിപ്പിക്കുക. സംസ്‌കൃത സാഹിത്യത്തോട് കിടപിടിക്കത്തക്ക ഒരു വലിയ സാഹിത്യ പ്രപഞ്ചം തന്നെയുണ്ട് അതിന്. തിരുവള്ളുവരും ഇളങ്കോവടികളും കമ്പരും ആവ്വാന്മാരും നായനാന്മാരും എന്നുവേണ്ട്, ആ സാഹിത്യത്തിന്റെ ഉപാസകന്മാരെല്ലാം ചേര്‍ന്നു സൃഷ്ടിച്ച അവരുടെ സാഹിത്യ പ്രപഞ്ചവും കാവ്യ സാമ്രാജ്യവും ഭാഷാ ചക്രവാളവും സഹൃദയന്മാര്‍ക്ക് ഇന്നും ആവേശവും പുളകവും ഉണ്ടാക്കുന്നവയാണ്. വള്ളുവരുടെ തിരുക്കുറള്‍, കമ്പരുടെ രാമായണം, ചാത്തനാരുടെ മണിമേഖല, ഇളങ്കോവടികളുടെ ചിലപ്പതികാരം എന്നിങ്ങനെ അപ്രമേയ പ്രഭാവങ്ങളായ നിരവധി സാഹിത്യ കൃതികളു ള്ളതില്‍ ചിലപ്പതികാരത്തെ പറ്റി മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേരളവുമായി കൂടുതല്‍ അടുപ്പവും അതിനാണുള്ളത്.

ചിലപ്പതികാരം

ചിലമ്പിന്റെ ഇതിഹാസമാണ് ചിലപ്പതികാരം. മണിമേഖല, ചിന്താമണി, കുണ്ഡലകേശി, വളയാപതി, ചിലപ്പതികാരം എന്നിവയാണ് തമിഴിലെ 'ഐപ്പെരും കാപ്പിയങ്കള്‍' - പഞ്ച മഹാ കാവ്യങ്ങള്‍. അതില്‍ ചിലപ്പതി കാരം എന്തുകൊണ്ടും സുപ്രധാനമത്രേ. കാവ്യ രസങ്ങളും വിചിത്ര വൃത്തങ്ങളും വിവിധ ഭാവങ്ങളും നിരവധി ലോകാചാരങ്ങളും അനവധി വിഷയങ്ങളും പലതരം അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ മഹാകാവ്യം ഈശ്വര സൃഷ്ടമായ മറ്റൊരു മഹാ പ്രപഞ്ചം പോലെ ഇന്നും അതി പ്രൗഢമായിത്തന്നെ സ്ഥിതി ചെയ്യുന്നു. കവികര്‍മം അതിന്റെ പാരമ്യത്തിലെത്തി സപലതയടയുന്നു. ചാരിതാര്‍ത്ഥ്യ ജനകമായ അനുഭൂതി ഈ കാവ്യാനു ശീലനം കൊണ്ടുണ്ടാകുമെന്ന് നിസ്തര്‍ക്കം പറയാന്‍ കഴിയും.

സംഗീതം, സാഹിത്യം, നാടകം -ഇയല്‍, ഇശൈ, നാട്യം എന്ന മുപ്പിരിവു കളുള്ള മുത്തമിഴിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. ചേര ചോള പാണ്ഡ്യങ്ങളെന്ന മൂന്നു രാജ്യങ്ങളിലായിട്ടാണ് ഇതിലെ കഥ അരങ്ങേറു ന്നത്. മേല്പറഞ്ഞ മുന്നാട്ടു വീരന്മാരുടേയും വീരകഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈഗാ, കാവേരി, പെരിയാര്‍ എന്നീ മൂന്നു നദികളും ഇതില്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുണ്ട്. ചോള തലസ്ഥാനമായ പൂമ്പുകാര്‍, പാണ്ഡ്യ രാജധാനിയായ മധുര, ചേര തലസ്ഥാനമായ വഞ്ചി - ഈ മൂന്നു നഗരങ്ങളേയും ഇതില്‍ സാന്ദര്‍ഭികമായി വര്‍ണിച്ചിരിക്കു ന്നതു കാണാം. നീതി തെറ്റിക്കുന്നവന്‍ നരപതിയായാലും ദൈവ ശിക്ഷക്കു വിധേയനാകുമെന്നും പതിപ്രതകളെ ദേവന്മാര്‍ പോലും ആരാധിക്കു മെന്നും താന്താങ്ങള്‍ ചെയ്യുന്ന പുണ്യ പാപങ്ങളുടേതായ സുഖദുഖങ്ങള്‍ താന്താങ്ങള്‍ക്കു തന്നെ അനുഭവിക്കേണ്ടി വരുമെന്നു മുള്ള മൂന്നു പ്രധാനന്യം നല്കിക്കാണുന്നത്. കര്‍ണകി, മാധവി, മണിമേഖല എന്നിങ്ങ നെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളാണ് ഇതിലെ പ്രധാനികള്‍. കോവലന്‍, പാണ്ഡ്യന്‍, ചെങ്കുട്ടുവന്‍ എന്നിങ്ങനെ മൂന്നു പ്രധാന കഥാപാത്ര ങ്ങളേയും കണ്ടുമുട്ടാന്‍ കഴിയും. അങ്ങനെ തേ് നിലക്ക് നോക്കിയാലും മൂന്നിന്റെ മാഹാത്മ്യം ഈ കൃതികള്‍ക്കു ള്ളതായിക്കാണാം. 

ഇളങ്കോവടികള്‍

ഇളങ്കോവടികളാണ് ഈ മഹാകാവ്യത്തിന്റെ കര്‍ത്താവ്. പുക്കാര്‍ കാണ്ഡം, മധൂരൈ കാണ്ഡം, വഞ്ചിക്കാണ്ഡം, എന്നിങ്ങനെ 3 കാണ്ഡങ്ങളാ യിട്ടാണ് ഇതെഴുതപ്പെട്ടിട്ടുള്ളത്. കാവേരി പൂമ്പട്ടണത്തിന്റെ പഴയ പേരാണ് പൂംപുകാര്‍. അവിടെ നടന്ന കാര്യങ്ങളാണ് പുക്കാര്‍ കാണ്ഡ ത്തിലെ പ്രതിപാദ്യം. മധുരൈയില്‍ വെച്ചു നടന്ന കാര്യങ്ങള്‍ മധുരൈ കാണ്ഡത്തിലും വഞ്ചി നാട്ടില്‍ വെച്ചു നടന്ന കാര്യങ്ങള്‍ വഞ്ചി കാണ്ഡ ത്തിലും യഥാക്രമം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇളങ്കോവടികള്‍ ചേരശതന്റെ പുത്രനായിരുന്നു. വഞ്ചിമാ നഗരത്തിലിരുന്ന് രാജ്യം ഭരിച്ച ചേരനാട്ടു രാജാവായ ചെങ്കുട്ടുവന്റെ അനുജനുമായിരുന്നു അദ്ദേഹം. 'ഇളങ്കോ' എന്നാല്‍ യുവരാജാ വെന്നര്‍ത്ഥം. അടികളെന്നാല്‍ സന്യാസിയെന്നും. സര്‍വസ്വവും പരിത്യജിച്ച് സംന്യാസവൃത്തി സ്വീകരിച്ച ചേരരാജ്യത്തിലെ യുവരാജാവായിരുന്നു ഈ മഹാന്‍. സംന്യാസ സ്വീകാരാ നന്തരമാണ് ഈ ഗ്രന്ഥരചനക്ക് അദ്ദേഹം മുതിര്‍ന്നത്. കണ്ടും കേട്ടും നേടിയ അറിവുക ളെയും അനുഭവങ്ങളേയും അടിസ്ഥാന മാക്കിയാണ് അദ്ദേഹം ഈ കാവ്യം രചിച്ചത്. ചിലപ്പതികാര ത്തിന്റെ ഒരനുബന്ധ കാവ്യമെന്ന നിലക്കു വേണം കൂലവാണികന്‍ ചാത്തനാരുടെ 'മണിമേഖലാ' കാവ്യത്തെ കാണാന്‍. രണ്ടു കാവ്യങ്ങളും ചേര്‍ന്നാല്‍ ധര്‍മ കാമാര്‍ത്ഥ മോക്ഷങ്ങ ളെന്ന പുരുഷാര്‍ത്ഥ ചതുഷ്ടയവും പ്രതിപാദിക്ക പ്പെട്ടതായി കാണാം. ചാത്തനാരും ഇളങ്കോവടികളും സമകാലീന രായിരുന്നു. യശസിനും ലോക വ്യാപാര പരിജ്ഞാനത്തിനും അശിവ നിവൃത്തിക്കും പര നിവൃത്തിക്കും വേണ്ടി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ വൈവിധ്യം ഒന്നു മാത്രം മതി തത് കര്‍ത്താവിന്റെ വിജ്ഞാന വൈപുല്യത്തിന്റെ തോതളക്കാന്‍. രാജാവിനെ ദൈവമായി ക്കരുതി സ്തുതികള്‍ പാടിയിരുന്ന അക്കാലത്തും, നീതി തെറ്റിക്കുന്നവര്‍ രാജപദാ നര്‍ഹനാണെന്നു വ്യംഗ്യ ഭംഗ്യാ വിവരിച്ച ഇളങ്കോവടികള്‍ വലിയൊരു ഉത്പതിഷ്ണുവും ആയിരുന്നു. അന്നത്തെ നാട്ടു നടപ്പിനും സമുദായാ ചാരങ്ങള്‍ക്കും സാമൂഹ്യ ബോധത്തിനും രാജധര്‍മ നീതികളെ സംബന്ധിച്ച് നിലവിലിരുന്ന വിശ്വാസങ്ങള്‍ക്കും സാഹിത്യ രൂപം നല്കുകയാണ് വാസ്തവത്തില്‍ ചിലപ്പതികാര ത്തിലൂടെ കവി ചെയ്തത്.

ചിലമ്പിന്റെ കഥ

ചോള രാജ്യത്തിന്റെ തലസ്ഥാന മായിരുന്നു കാവേരിപ്പുമ്പട്ടണം. കാവേരിപ്പൂമ്പട്ടണം, കാവേരി നദി സമുദ്രത്തോടു ചേരുന്ന അഴിമുഖത്തെ അഴകുള്ള പട്ടണമായിരുന്നു അത്. 'പൂമ്പുകാര്‍' എന്നു കൂടെ പേരുള്ള സമ്പത് സമൃദ്ധമായ ആ നഗരത്തില്‍ കോവലന്‍ എന്നൊരു വര്‍ത്തക ശ്രേഷ്ഠ നുണ്ടായിരുന്നു. കുലാചാര പ്രകാരം അച്ഛനമ്മമാരുടെ ആഗ്രഹ മനുസരിച്ച് കണ്ണകി എന്നൊരു കമനീ രത്‌നത്തെ അയാള്‍ വേട്ടു. ശാപഗ്രസ്തയും നാട്യ വിദഗ്ധയും സ്വര്‍വേശ്യ യുമായ ഉര്‍വശിയുടെ മനുഷ്യാവ താരമാണ് എന്ന് വിശ്വസിക്ക പ്പെടുന്ന മാധവി എന്നൊരു രൂപാജീവയും ആ പട്ടണത്തില്‍ ത്തന്നെ പാര്‍ത്തിരുന്നു. നൃത്യകലയില്‍ അതിവിദഗ്ധയായ അവള്‍ കലാഹൃദയ മുള്ള കോവലനെ എളുപ്പത്തില്‍ വശീകരിച്ചു. ധര്മ പത്‌നിയായ കര്‍ണകിയെ ഉപേക്ഷിച്ച് കോവലന്‍ മാധവിയുമായി ഇണങ്ങി ക്കഴിഞ്ഞു. തന്റെ അളവറ്റ സമ്പത്തു മുഴുവന്‍ കോവലന്‍ ആ വേശ്യക്കു നിവേദിച്ചു. സര്‍വസ്വവും നശിച്ചപ്പോള്‍ ബോധോദയ മുണ്ടായ അയാള്‍ മാധവിയുമായി തെറ്റി പ്പിരിഞ്ഞ് അഗ്നി സാക്ഷികം വിവാഹിതയായ കണ്ണകിയുടെ അടുത്തേക്കു തന്നെ ചെന്നു. സമ്പത്തെല്ലാം ഇതിനകം ഹോമിച്ചു കഴിഞ്ഞ കോവലന് വീണ്ടും തന്റെ കുലത്തൊഴിലായ കച്ചവടത്തിലൂടെ സമ്പത്തു സംഭരിച്ചാല്‍ കൊള്ളാമെന്ന മോഹമുണ്ടായി. കച്ചവടത്തിന്റെ കേന്ദ്രമായ മധുരാ നഗരത്തിലേക്കാണ് അയാള്‍ കണ്ണകിയുമായി ചെന്നത്.

കച്ചവടത്തി നാവശ്യമായ മൂലധനം സംഭരിക്കാന്‍, പതിപരായണ യായ കണ്ണകി, തന്റെ കാല്ച്ചിലമ്പുകളി ലൊന്നിനെ കണവനായ കോവലന്റെ കയ്യില്‍ വില്ക്കാന്‍ കൊടുത്തയച്ചു. ചിലമ്പു വില്ക്കാന്‍ ചെന്ന കവലന്‍ വഴിയിലൊരു തട്ടാനെ കണ്ടു മുട്ടി. മധുര മന്നന്റെ റാണിയുടെ കാല്ച്ചി ലമ്പ് മോഷ്ടിച്ചവ നായിരുന്നു ആ തട്ടാന്‍. തന്റെ കളവ് വെളിപ്പെടുമോ യെന്ന് ഭയന്നിരുന്ന ആ തട്ടാന്‍ കോവലനാണ് കള്ളനെന്നും മഹിഷിയുടെ പൊയ്‌പോയ ചിലമ്പാണ് അയാളുടെ പക്കലുള്ളതെന്നും രാജാവിനെ നിപുണമായി ധരിപ്പിച്ചു. മുന്‍പിന്നാലോചിക്കാതെ കോപാക്രാന്തനായ അരചന്‍ അയാളെ കൊന്നുകളയാന്‍ ആജ്ഞാപിച്ചു. ഒരു രാജഭൃത്യന്‍ കോവലന്റെ കഴുത്തറുത്തു. രാജനീതി പിഴച്ചു. ഭര്‍ത്താവിനെ കാണാതെ കണ്ണകി തപിച്ചു. നിരപരാധിയായ ഭര്‍ത്താവ് കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന വിവരം അറിഞ്ഞു വശായ ആ സാധ്വി തത്ക്ഷണം നിലം പതിച്ചു. നീതി തെറ്റിച്ച പാണ്ഡ്യ രാജാവിനു മുമ്പില്‍ തന്റെ നിഷ്‌കളങ്കനായ ഭര്‍ത്താവിന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ ആ പതിദേവത കയറിച്ചെന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഇണച്ചിലമ്പിന്റെ സഹായ ത്തോടെ കോവലന്‍ വില്ക്കാന്‍ കൊണ്ടുവന്നത് തന്റെ ചിലമ്പാണെന്നും, അല്ലാതെ അത് രാജപത്‌നിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പല്ലെന്നും ആ സാധ്വി തെളിയിച്ചു. നീതി തെറ്റിച്ച പാണ്ഡ്യ മന്നന്‍ അതു കണ്ട് അവിടെത്തന്നെ പ്രാണത്യാഗം ചെയ്തു. കോപാവിഷ്ടയായ കണ്ണകി തന്റെ ഇടതു മുല പറിച്ചെറിഞ്ഞ് മധുരാ നഗരത്തെ മുഴുവന്‍ കോപാഗ്നിക്കിരയാക്കി. നേരേ വൈഗാ നദിക്കരയിലൂടെ നടന്ന് ചേരരാജ്യത്തിലെ മലവാരത്തില്‍ വന്നു കയറിയ കണ്ണകി ഒരു വേങ്ങ മരച്ചുവട്ടില്‍ നില്‌ക്കെ, എല്ലാവരെയും അത്ഭുത സ്തബ്ധരാക്കിക്കൊണ്ട് തന്റെ ഭര്‍ത്താവിനോടൊപ്പം ആകാശത്തി ലേക്കുയര്‍ന്നു. ഈ വിവരം മലവേടരില്‍ നിന്നും ചേരരാജാവായ ചെങ്കുട്ടുവന്‍ മനസിലാക്കി. പതിവ്രതയായ കണ്ണകിക്ക് ഒരു കോവില്‍ പണിതീര്‍ത്ത് ശാശ്വത പ്രതിഷ്ഠ നല്കാന്‍ ആ ക്ഷത്രിയ വീരന്‍ തീരുമാ നിച്ചു. ഹിമാലയത്തില്‍ ചെന്ന് ബിംബം വാര്‍ക്കാനുള്ള ശല കൊണ്ടു വരികയും ്തില്‍ കണ്ണകിയുടെ രൂപം കൊത്തിച്ചു പ്രതിഷ്ഠ നടത്തുക യും ചെയ്തു. ഈ കഥയെ ഓതപ്രോതങ്ങളാക്കി നെയ്‌തെടുത്ത സുന്ദര കാവ്യമാണ് ചിലപ്പതികാരം.

സാമൂഹ്യ ജീവിതം

പലപ്പോഴും യഥാര്‍ത്ഥ സാഹിത്യത്തെ ഒരു ദര്‍പ്പണത്തോട് വിശേഷിപ്പി ക്കാറുണ്ട്. അതുണ്ടായ കാലത്തെ സാമൂഹ്യ ജീവിതത്തെ പ്രതിബിം ബിക്കുക എന്നതാണ് സാഹിത്യത്തിന്റെ പരമമായ ധര്‍മം. ഏതു സാഹിത്യവും ജനജൂവിതത്തില്‍ നിന്നും ്കന്ന ദന്തഗോപുര സൃഷ്ടിയായി രിക്കരുതെന്നു താത്പര്യം. ചിലപ്പതികാരമെന്ന ഈ കാവ്യത്തിലൂടെ കണ്ണോടിക്കുന്ന ഒരു സഹൃദയന് ഇളങ്കോവടികളുടെ കാലത്ത് നിലവിലു ണ്ടായിരുന്ന സാമൂഹ്യ ജീവിതത്തെ സംബന്ധിച്ച വ്യക്തമായ ചില അറിവുകള്‍ ലഭിക്കാതിരിക്കയില്ല.

പു്രജകള്‍ പൊതുവില്‍ രാജഭക്തിയും ധര്‍മനീതിയും ഉള്ളവരായിരുന്നു. ഈശ്വരനോടും സ്വന്തം വിശ്വാസങ്ങളോടും അവര്‍ക്ക് ഭക്തിയും ശ്രദ്ധയും ഉണ്ടായിരുന്നു. അമ്പലങ്ങളും പള്ളികളും നാടിന്റെ നാനാ ഭാഗങ്ങളിലും ഉണ്ടായിരുന്നു. കുടുംബ ജീവിതം ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഗാര്‍ഹസ്ഥ്യ ധര്‍മം പാലിക്കുന്നതില്‍ ആണും പെണ്ണും ഒരു പോലെ ശ്രദ്ധാലുക്കളായിരുന്നു. സന്യാസിമാരോടും മതാചാര്യന്മാരോടും വലിയ ഭക്തിയും ആദരവും അവര്‍ പ്രദര്‍ശിപ്പിച്ചു പോന്നു. പട്ടിണിയോ ദാരിദ്ര്യമോ അന്നുണ്ടായിരുന്നില്ല. കൃഷിയും വാണിജ്യവുമായിരുന്നു പ്രധാന ജീവിത വൃത്തികള്‍. കര്‍ഷകര്‍ തിങ്ങിയ കൃഷിയിടങ്ങളും പശുക്കളെ മേച്ച് കാലം പോക്കിയിരുന്ന ഇടയന്മാര്‍ തിങ്ങിപ്പാര്‍ത്ത ചേരികളും മലവിഭവങ്ങള്‍ ശേഖരിച്ച് നാളുകള്‍ നീക്കിയിരുന്ന മലങ്കുറ വന്മാര്‍ ജീവിച്ചിരുന്ന മലയോരങ്ങളും രത്‌നവ്യാപാരങ്ങളും മറ്റുമായി കൂടുതല്‍ പരിഷ്‌കൃത ജീവിതം നയിച്ചിരുന്ന വര്‍ത്തക പ്രമാണിമാര്‍ തിങ്ങിപ്പാര്‍ത്ത പട്ടണ പ്രദേശങ്ങളും ദേവനദാസികളും ഗണികകളും ജീവിച്ചിരുന്ന പ്രധാനപ്പെട്ട നഗരവീഥികളും അന്നത്തെ സാമുദായിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങളാണ്. കളവ് എന്നത് നിശേഷം ഇല്ലായിരുന്നു. കള്ളന്മാര്‍ക്ക് കൊടിയ ശിക്ഷയാണ് നല്കപ്പെട്ടി രുന്ന തെന്നായിരുന്നു അതിനുള്ള പ്രധാന കാരണം. നാട്ടരചന്മാര്‍, മുഖം നോക്കാതെ നീതി നിര്‍വഹിച്ചിരുന്നു. ഈതിബാധകളും അത്യാപത്തുകളും രാജാവിന്റെ നീതി നിര്‍വഹണത്തില്‍ വന്നു ചേരുന്ന അപാകതകളുടെ ദുഷ്ഫലങ്ങളായാണ് കരുതപ്പെട്ടിരുന്നത്. പതിവ്രതകളെ സര്‍വാത്മനാ പൂജിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. കാലാന്തരത്തില്‍ വേശ്യാജീവിതമായി തരം താഴ്ത്തുകയും ദുഷിക്കുകയും ചെയ്ത ദേവദാസീ സമ്പ്രദായം യാതൊരു മാലിന്യവും ഏശാതെ അന്ന് നിലവിലി രുന്നു. സ്വന്തം കുലത്തൊഴിലുകള്‍ സ്വീകരിച്ചുകൊണ്ട് അടിമകള്‍ സന്തോഷ ത്തോടെ ജീവിതം നയിച്ചു പോന്നു. ചിത്രകലയും നാടകവും കൂത്തും സാഹിത്യവുമെല്ലാം അതിന്റെ പാരമ്യത്തില്‍ത്തന്നെ ഒളിതൂകി വര്‍ത്തിച്ചിരുന്നു. നഗരങ്ങളോടു ചേര്‍ന്നുള്ള ചന്തകളില്‍ ഉപ്പും മീനും കള്ളും അപ്പവും രത്‌നവും മുത്തും സുഖമായി വില്ക്കപ്പെട്ടിരുന്നു. ആഥിത്യ മര്യാദയില്‍ പ്രമുഖരായിരുന്നു അവര്‍. സമുദ്രാന്തര വാണിജ്യം രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ വലിയ സ്വാധീനെം ചെലുത്തിയിരുന്നു. 'പൂമ്പുകാര്‍' അന്നത്തെ ഏറ്റവും വലിയ തുറമുഖ പട്ടണമായിരുന്നു. തുറമുഖ പട്ടണങ്ങലില്‍ വിദേശികള്‍ തമ്പടിച്ചു കിടന്നിരുന്നു. പണ്ടകശാലകളും മറ്റും പണി ചെയ്യുവാന്‍ നാട്ടരചന്മാര്‍ ്‌നുവദിച്ചിരുന്നു. മലയര്‍, മല വിഭവങ്ങളെല്ലാം രാജാക്കന്മാര്‍ക്ക് കാഴ്ച വെച്ചിരുന്നു. മതസൗഹാര്‍ദം പ്രശംസാര്‍ഹമായിരുന്നു. ഈ ഗ്രന്ഥത്തില്‍ പ്രശംസിക്കപ്പെടുന്ന 'കവുന്തിയടികള്‍' ഒരു ബുദ്ധമത സന്യാസിയായിരുന്നു. ശൈവ വൈഷ്ണവ മതങ്ങളും കൈകോര്‍ത്ത് പിടിച്ച് ഇവിടെ പ്രചരി ച്ചിരുന്നു. ദുര്‍ഗാപൂജ സര്‍വ സാധാരണമായിരുന്നു. വാദ്യകലയും നാട്യകലയും പ്രചുര പ്രചാരം ആര്‍ജിച്ചിരുന്നു. ശില്പകല അതിന്റെ എല്ലാ പ്രാഭാവത്തോടും പരിവേഷത്തോടും പ്രചരിച്ചിരുന്നു. വീണയാ യിരുന്ന സംഗീതോപകരണങ്ങലില്‍ പ്രധാനം. നെല്ലും തിനയും കരിമ്പും മറ്റുമായിരുന്നു അന്നത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍. ഇങ്ങനെ നോക്കിയാല്‍ സുഖ സമൃദ്ധമായ ഒരു സുവര്‍ണ യുഗമായിരുന്നു അക്കാലമെന്നു മനസിലാവും.

പിന്നുര

സന്ദര്‍ഭാനുസാരം നഗരാര്‍ണവ ശൈലാദികളെല്ലാം വര്‍ണിച്ചിട്ടുള്ള ഈ കൃതി മഹാകാവ്യ ലക്ഷണങ്ങളെല്ലാം ഉള്‍ക്കൊണ്ട് വിരാജിക്കുന്നുണ്ട്. യെതുക, മോന തുടങ്ങിയ അലങ്കാര പ്രയോഗങ്ങളുടെ കാര്യത്തില്‍ ഈ ഗ്രന്ഥം അതിന്റെ മേന്മ വെളിപ്പെടുത്തുന്നുണ്ട്. മരുതം, നൈതല്‍, പാലൈ, മുല്ലൈ, കുറിഞ്ചി എന്നിങ്ങനെ ഭൂമിശാസ്ത്രാ ടിസ്ഥാനത്തില്‍ വിഭക്ത ങ്ങളായ അഞ്ചുവിധം നിലങ്ങലില്‍ ജീവിച്ചിരുന്ന ജനങ്ങള്‍ക്കിണങ്ങിയ പാട്ടും കൂത്തും ഉത്സവങ്ങളും ഇതില്‍ വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

കേരളീയനായ ഒരു രാജകവി നിര്‍മിച്ച തമിഴ് കാവ്യം എന്ന നിലക്ക് ചിലപ്പതികാരം എന്നും ഇവിടത്തുകാരെ ആകര്‍ഷി ച്ചിട്ടുണ്ടെന്നതിനുള്ള തെളിവുകളാണ് ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ വിവിധ രൂപങ്ങളില്‍ പല കാലങ്ങളിലായി പലരും എഴുതിച്ചേര്‍ത്ത വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും. പ്രാചീന ചരിത്രവും സമുദായാചാരങ്ങളും ഒളിഞ്ഞു കിടക്കുന്ന ഇത്തരം തമിഴ് കൃതികളിലേക്ക് ഊളിയിട്ടു ചെല്ലാനഗ്രഹി ക്കുന്ന സഹൃദയന്മാര്‍ക്കും ഗവേഷണ തത്പരര്‍ക്കും ഈ വിവര്‍ത്തന ങ്ങളും വ്യാഖ്യാനങ്ങളും വളരെയധികം സഹായകര ങ്ങളാകുമെ ന്നതില്‍ തര്‍ക്ക മൊന്നുമില്ല.
-------------------------------
കടപ്പാട്: 1975 ലെ 'വിദ്യാരംഗം' മാസികയില്‍ നിന്നും എടുത്തിട്ടുള്ളതാണ് ഈ ലേഖനം. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.