"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 27, തിങ്കളാഴ്‌ച

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍; ചരിത്രം തമസ്‌കരിച്ച വിപ്ലവകാരി - സി എസ് സുനില്‍കുമാര്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹ്യ തിന്മകള്‍ക്കെതിരേ പടപൊരുതി ധീരരക്തസാക്ഷിത്വം വരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്... സാമൂഹ്യ വിപ്ലവത്തിലും നവോത്ഥാനത്തിലും ശ്രീനാരായണ ഗുരുവിന്റെ മുന്‍ഗാമി... ആറാട്ടുപുഴ വേലായുധ പ്പണിക്കരെ അങ്ങിനെ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ നിശബ്ദവും ധീരോദാത്തവുമായ പ്രവൃത്തികള്‍ കേരളത്തിന്റെ ഇരുളടഞ്ഞ സാമൂഹിക വ്യവസ്ഥതിയില്‍ നിന്നുകൊണ്ട് നോക്കിക്കാണുമ്പോഴാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ മുന്‍ഗാമി എന്ന വിശേഷണത്തിന് നൂറുശതമാനവും അര്‍ഹനാണ് എന്ന് സംശയലേശമന്യേ തിരിച്ചറിയുവാന്‍ കഴിയുന്നത്.

കേരളത്തില്‍ ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടിയ ഇരുണ്ട നാളുകളായി രുന്നല്ലോ പത്തൊമ്പാതാം നൂറ്റാണ്ടിലേത്. അയിത്തവും അനാചാരവും കൊടികുത്തി വാണിരുന്ന അന്നത്തെ കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ആ വ്യവസ്ഥിതിക്കെതിരായ ഒറ്റയാള്‍ പോരാട്ടമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയത്. എന്തിനേയും വെല്ലാന്‍ പോന്ന തന്റെ ധീരതയും തടിമിടുക്കും ധനശേഷിയും മാത്രമാണ് ആ യുദ്ധത്തില്‍ അദ്ദേഹത്തിന് തുണയായി നിന്നത്.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴ മംഗലത്ത് സമ്പന്നമായ കല്ലിശേരിയില്‍ തറവാട്ടിലാണ് 1825 ല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജനനം. അദ്ദേഹത്തെ പ്രസവിച്ച് പതിമൂന്നാം ദിവസം അമ്മ മരിച്ചു. അതോടെ മതൃവാത്സല്യം നുകരു വാന്‍ ഭാഗ്യമില്ലാതെ പോയ കുഞ്ഞിന്റെ സംരക്ഷണച്ചുമതല മുത്തച്ഛനും മുത്തശ്ശിയും ഏറ്റെടുത്തു. പെരുമാള്‍ ചേകവര്‍ എന്ന പേരില്‍ അറിയ പ്പെട്ടിരുന്ന ഈ മുത്തച്ഛന്‍ വലിയ ധനാഢ്യനായിരുന്നു. സ്വന്തം പായ്ക്ക പ്പലുകളില്‍ വിദേശ രാജ്യങ്ങളുമായി ഇദ്ദേഹം വ്യാപാരം നടത്തിയിരുന്നു എന്നതു തന്നെ കല്ലിശേരിയില്‍ തറവാടിന്റെ ധനസ്ഥിതി വിളിച്ചോതുന്നു. അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് തറവാടിന്റെ ഭരണം ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഏറ്റെടുത്തു. ഇരുപതാമത്തെ വയസില്‍ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിപ്പണിക്കത്തിയെ വേലായുധപ്പണിക്കര്‍ വിവാഹം ചെയ്തു.


വളരെ ചെറുപ്പത്തിലേ വലിയ ധനസ്ഥിതിയുള്ള തറവാടും അധികാരവും എല്ലാം കരഗതമായിട്ടും തന്റെ സഹജീവി കളുടെ നരകതുല്യമായ യാതനകള്‍ അദ്ദേഹ ത്തിന്റെ മനസാക്ഷിയെ വല്ലാതെ അലട്ടി. അക്കാലത്ത് ഉത്തമ ദേവന്മാര്‍ മേല്‍ജാതിക്കാര്‍ക്കും, മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയവ കീഴ്ജാതിക്കാര്‍ക്കും അവകാശപ്പെട്ട തായിരുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മംഗലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മിക്കുവാന്‍ അദ്ദേഹം ആലോചിച്ചു. ക്ഷേത്ര വാസ്തു വിദ്യയും ആരാധനാ രീതികളും മനസിലാക്കുവാന്‍ അദ്ദേഹം നേരേ പോയത് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. എല്ലാം മനസിലാക്കിയതിനു ശേഷം, താനൊരു ഈഴവനാണെന്ന കാര്യം വേലായുധപ്പണിക്കര്‍ ക്ഷേത്ര അധികാരികളോട് തുറന്നു പറഞ്ഞു. തന്റെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞ് ഒരു സ്വര്‍ണക്കിഴി അദ്ദേഹം ക്ഷേത്രാധികാരികളെ ഏല്പിച്ചു. പിന്നീട് 1851 ല്‍ മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യശിവക്ഷേത്രമാണ് മംഗലത്തെ ഇടയ്ക്കാട് ക്ഷേത്രം. ഇതിനെതിരേ സവര്‍ണ വിരോധം ആളിക്കത്തി യെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ എതിര്‍ക്കു വാനുള്ള തന്റേടം ആര്‍ക്കുമുണ്ടായില്ല എന്നതാണ് വസ്തുത. 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ഗുരുദേവന് പ്രചോദനമായത് മംഗലം പ്രതിഷ്ഠയാണ്.


സി എസ് സുനില്‍കുമാര്‍
1858 ലെ മേല്മുണ്ട് സമരമാണ് എടുത്തു പറയേണ്ട മറ്റൊരുകാര്യം. അക്കാലത്ത് ഈഴവരാദി സമുദായ ങ്ങളിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശ മുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു തുണ്ടു തുണിയിട്ട് മാറുമറച്ചുകൊണ്ട് കായംകുളം കമ്പോള ത്തില്‍ ചെന്ന ഈഴവയുവതിയെ കണ്ട് അരിശംപൂണ്ട സവര്‍ണര്‍, ആ യുവതിയുടെ മാറില്‍ കിടന്ന തുണി വലിച്ചു കീറിയശേഷം മാറില്‍ വെള്ളക്കാമോട് പിടിപ്പിച്ച് നടത്തിച്ചു. ഇതറിഞ്ഞ് പാഞ്ഞെത്തിയ വേലായുധപ്പണിക്കരും സംഘവും ജാതിക്കോമരങ്ങളേയും സംഘത്തേയും അടിച്ചു വീഴ്ത്തി. മാത്രമല്ല, കിട്ടാവുന്നിടത്തോളം മേല്മുണ്ട് ശേഖരിച്ച്, മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ഒപ്പം ഇനിയാരും മേല്മുണ്ട് ധരിക്കാതെ കമ്പോളത്തിലെ ത്തരുതെന്ന് കല്പിക്കുവാനും മറന്നില്ല. ഈ മേല്മുണ്ട് സമരമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇതിനൊക്കെ ശേഷമാണ് ചാന്നാര്‍ കലാപവും വിക്ടോറിയാ രാജ്ഞിയുടെ വിളംബരവുമൊക്കെ ഉണ്ടാകുന്നത്.1860 ലെ മൂക്കൂത്തി വിപ്ലവമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തിലെ ധീരോദാത്തമായ മറ്റൊരേട്. അക്കാലത്ത് ആഭരണങ്ങള്‍ ധരിക്കുന്നതിന് ഓരോ സമുദായത്തിനും ഓരോ ചിട്ടയുണ്ടായിരുന്നു. അതനുസരിച്ച് ഈഴവ സ്ത്രീകള്‍ക്ക് മൂക്കൂത്തി ധരിക്കുവാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നിട്ടും പന്തളത്ത് ഒരു ഈഴവ യുവതി ഈ നാട്ടുനടപ്പ് ലംഘിച്ച് ഒരു മൂക്കൂത്തി ധരിച്ചു. ഇതില്‍ അമര്‍ഷം പൂണ്ട സവര്‍ണര്‍ എന്തുചെയ്‌തെന്നോ? അവര്‍ ആ ഈഴവ യുവതിയുടെ മൂക്കൂത്തി മൂക്കോടെ ചെത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ഇതിന് പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വര്‍ണ മൂക്കൂത്തികളുമായിട്ടായിരുന്നു. ഈഴവ യുവതികളുടെ മൂക്കൂത്തി പറിച്ചെടുക്കുവാന്‍ പിന്നെ ഒരു കയ്യും ഉയര്‍ന്നിട്ടില്ല.


കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം നയിച്ചത് (1866ല്‍) ആറാട്ടുപുഴ വേലായുധ പ്പണിക്കരായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. തിരുവിതാം കൂറിലെ നെയ്ത്തുകാര്‍ ഈഴവ സമുദായക്കാരാ യിരുന്നെങ്കിലും അവര്‍ നെയ്യുന്ന വസ്ത്രം മുട്ടിനു താഴെ ധരിക്കുവാന്‍ അവര്‍ക്ക് അവകാശമു ണ്ടായിരുന്നില്ല. എന്നിട്ടും കായംകുളം പത്തിയൂര്‍ പ്രദേശത്ത് ഒരു സമ്പന്ന ഈഴവ യുവതി മുണ്ട് നീട്ടിയുടുത്ത് വയല്‍ വരമ്പിലൂടെ യാത്ര ചെയ്യാന്‍ തയാറായി. അത് സവര്‍ണര്‍ക്ക് പിടിച്ചില്ല. അവര്‍ ആ സ്ത്രീയെ അധിക്ഷേപിക്കുക മാത്രമല്ല, അവരുടെ വസ്ത്രത്തില്‍ മുറുക്കിത്തുപ്പുകയും ചെയ്തു. സവര്‍ണരുടെ ഈ നിഷ്ഠൂരതക്ക് വിരാമമിടാന്‍ പണിക്കര്‍ ഒരു പ്രത്യേക പ്രതിരോധരീതി അവലംബിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ സവര്‍ണരുടെ കൃഷിയിടങ്ങളിലെ ജോലികള്‍ ചെയ്യരുതെന്ന് അദ്ദേഹം തന്റെ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്കി. അതേത്തുടര്‍ന്ന് ജോലിക്കാര്‍ ഒരു പണിമുടക്കിലേക്ക് നീങ്ങിയപ്പോള്‍ സവര്‍ണരുടെ വരുമാന മാര്‍ഗങ്ങ ളെല്ലാം സ്വാഭാവികമായും അടഞ്ഞു. ജോലിയില്‍ നിന്ന് വിട്ടു നിന്നവര്‍ പട്ടിണിയിലേക്ക് പോയതുമില്ല. അവരുടെ കുടുംബങ്ങളിലേക്കാവശ്യമായ അരിയും മറ്റും പണിക്കര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍, പണിക്കരോട് ഏറ്റുമുട്ടുന്നത് വലിയ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തു മെന്ന് മനസിലാക്കിയ സവര്‍ണര്‍ പരസ്യമായ ക്ഷമാപണത്തിന് തയാറാ യതിന് ശേഷമാണ് നിസഹകരണ സമരം പിന്‍വലിച്ചത്. അങ്ങനെ കേരളത്തില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിക്കു ന്നതും വിജയിപ്പിക്കുന്നതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്.


വഴിനടക്കല്‍ സമരത്തിന്റേയും ആദ്യപോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1867 ലാണ് ഇടപ്പള്ളി രാജകുമാരനെതിരേ 'ഹോയ്' വിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വഴി നടന്നത്. ഇതേ ആവശ്യം മുന്‍നിര്‍ത്തിയുള്ള വൈക്കം സത്യാഗ്രഹം നടന്നത് പിന്നേയും 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നുകൂടി മനസിലാക്കി യാലേ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ വഴിനടക്കലിന്റെ വലിപ്പം മനസിലാ കുകയുള്ളൂ.

പണിക്കരുടെ ധീരതയുടെ അംഗീകരമായി രാജാവ് അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ച ചരിത്രവുമുണ്ട്. 1869 ല്‍ തിരുവനന്തപുരത്തേക്ക് മുറജപത്തിനായി വഞ്ചിയില്‍ പോയ മുഖ്യതന്ത്രിയുടെ സാളഗ്രാമം കായംകുളം കായലില്‍വെച്ച് അക്രമികള്‍ തട്ടിയെടുത്തു. രാജകല്പന ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് അത് വീണ്ടെടുക്കാനായില്ല. ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിക്കുകയും ഒരാഴ്ചക്കുള്ളില്‍ സാളഗ്രാമ വുമായി പണിക്കര്‍ മഹാരാജാവിന്റെ സന്നിധിയില്‍ നേരിട്ട് ഹാജരാവു കയും ചെയ്തു. അതിന്റെ സന്തോഷ സൂചകമായി മഹാരാജാവ് വീരശൃഖല നല്കി പണിക്കരെ ആദരിച്ചു. ഒപ്പം അന്നോളം നായന്മാര്‍ക്കു മാത്രം അവകാശപ്പെട്ടിരുന്ന പണിക്കര്‍ സ്ഥാനം ഈഴവര്‍ക്കു കൂടി അനുവദിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ അങ്ങനെ ആദ്യമായി പണിക്കര്‍സ്ഥാനം ലഭിച്ച വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അന്നുമുതലാണ് ആറാട്ടുപുഴ വേലായുധ ചേകവര്‍, വേലായുധ പണിക്കരായത്. നാട്ടിലുണ്ടാകുന്ന വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കുന്ന കോടതിയായും പണിക്കര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. പണിക്കര്‍ മുന്നിലെത്തിയാല്‍ എത്ര വലിയ തര്‍ക്കവും രമ്യമയായി പരിഹരിക്ക പ്പെടുമെന്നും, അര്‍ഹര്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസം പരക്കെ നിലനിന്നിരുന്നു. എന്നാല്‍ ആ നിലയിലൊക്കെ പണിക്കരുടെ ഔന്നത്യം വര്‍ധിക്കുന്നതനുസരിച്ച് അദ്ദേഹത്തിനെതിരായ എതിര്‍പ്പും കൂടിക്കൂടി വന്നു. എങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരോട് നേരിട്ട് എതിര്‍ക്കാ നുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. അതേത്തുടര്‍ന്ന് പണിക്കരോട് എതിര്‍പ്പുള്ള സവര്‍ണരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ചതിയില്‍ പെടുത്തുവാനുള്ള പദ്ധതി തയാറാക്കി. ഒരു കേസിന്റെ കാര്യത്തിനായി കൊല്ലത്തേക്ക്, തണ്ടുവലിക്കുന്ന ബോട്ടില്‍ രാത്രി നേരത്ത് യാത്ര തിരിച്ചതായിരുന്നു പണിക്കര്‍. സമയം അര്‍ധരാത്രി. ബോട്ട് കായംകുളം കായലിലെത്തി. ആ സമയം പണിക്കര്‍ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാര്‍ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ള ത്തിലെത്തിയ ചിലര്‍, പണിക്കരോട് ഒരു അത്യാവശ്യ കാര്യം പറയാനു ണ്ടെന്നു പറഞ്ഞ് ബോട്ടില്‍ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കര്‍ ശിക്ഷിച്ചു വിട്ട, അദ്ദേഹത്തിന്റെ തന്നെ മുന്‍ കാര്യസ്ഥന്‍ കിട്ടന്‍ അവരിലൊരാളായിരുന്നു.

ഒരാള്‍ പണിക്കര്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന ആ തേജോരൂപം കണ്ടപ്പോള്‍ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ സിംഹത്തിന്റെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. തണ്ടുവലിക്കാര്‍ ചതി മനസിലാക്കിയപ്പോഴേക്കും അക്രമികള്‍ കേവുവള്ളത്തില്‍ കയറി രക്ഷപെട്ടിരുന്നു. ജനുവരി 8 ന് തന്റെ 49 ആമത്തെ വയസിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പുരുഷകേസരി ചതിയില്‍ പെട്ടു മരിക്കുന്നത്. 

വേലായുധപ്പണിക്കര്‍ തുറന്നു വിട്ട സാമൂഹ്യ വിപ്ലവ കൊടുങ്കാറ്റില്‍ നിന്നും ഈര്‍ജം ഉള്‍ക്കൊണ്ടാണ് വയല്‍വരമ്പത്ത് നാണു എന്ന ശ്രീനാരാ യണ ഗുരു സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി വാരണപ്പള്ളി തറവാട്ടിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് അപ്പോള്‍ വാരണപ്പള്ളി യിലുണ്ടായിരുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുദേവനും അങ്ങനെ സതീര്‍ത്ഥ്യരായി.

വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വിപ്ലവകാരിയുടെ സംഭാവനകള്‍ ചരിത്രത്തിന്റെ അകംതാളുകളില്‍ ഇന്നും തമസ്‌കരിക്കപ്പെട്ട നിലയിലാണ്. ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്‍ ഇന്നനുഭവിക്കുന്ന സാമൂഹിക സ്വാതന്ത്ര്യങ്ങള്‍ പലതും നേടിയെടുക്കുന്നതിന് സ്വന്തം ജീവന്‍ തന്നെ വിലകൊടുക്കേണ്ടിവന്ന ആ വലിയ വിപ്ലവകാരിയെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും? ആ വീരകേസരി രക്തസാക്ഷിത്വം വരിച്ചിട്ട് ഇക്കഴിഞ്ഞ ജനുവരി 8 ന് 140 വര്‍ഷം തികഞ്ഞു.

ഇനിയെങ്കിലും ചരിത്രം അദ്ദേഹത്തോട് നീതി പുലര്‍ത്തുമോ...?

സി എസ് സുനില്‍കുമാര്‍ ഫോണ്‍: 9847932661
--------------------------------------------------------
കടപ്പാട്: മാറ്ററും ചിത്രങ്ങളും, 'കേരളശബ്ദം' വാരിക. 2015 ഫെബ്രുവരി ലക്കം.