"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 29, ബുധനാഴ്‌ച

അച്ചിപ്പുടവ: കിരാതവാഴ്ചയുടെ ചരിത്ര സാക്ഷ്യങ്ങള്‍ - ബി ഗോപാലകൃഷ്ണന്‍

മനുഷ്യകഥ പറയുന്ന എല്ലാ എഴുത്തുകാരും ജീവിത വ്യാഖ്യാനമാണ് നടത്തുന്നത്. ആ വ്യാഖ്യാനമെന്ന് പറയുന്നത് ജീവിത മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടലാണ്. മനുഷ്യനെ മനുഷ്യന്‍ തന്നെ തിരിച്ചറിയുമ്പോഴും അംഗീകരിക്കു മ്പോഴുമാണ് മാനുഷികതയുടെ സര്‍വസമ ദര്‍ശനം സാക്ഷ്യമാകുന്നത്. അവിടെ ജീവിതത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ സാക്ഷാത്കാരം നടക്കും. അപ്പോള്‍ വ്യക്തിഭാവത്തോടൊപ്പം സമഷ്ടിഭാവവും മാറ്റത്തിന് വിധേയമാകും. മാനവ സംസ്‌കാരം അത്തരം സ്വയം നവീകരണത്തി ലൂടെയാണ് അതിന്റെ പുരോയാന പ്രക്രിയ നിര്‍വഹിച്ചു കൊണ്ടിരി ക്കുന്നത്. മനുഷ്യവിരുദ്ധവും അപരിഷ്‌കൃതവുമായ എത്രയോ ദുരിത കാണ്ഡങ്ങളെ ചവിട്ടിക്കടന്നു കൊണ്ടാണ് മനുഷ്യ സംസ്‌കൃതി ഇന്നു കാണുന്ന അല്പമെങ്കിലും ഭേദപ്പെട്ട അവസ്ഥാ വിശേഷത്തിലേക്ക് എത്തിച്ചേര്‍ന്നി ട്ടുള്ളതെന്ന് ചരിത്ര പാഠങ്ങള്‍ സാക്ഷ്യം പറയും. അത്തരം ചരിത്ര ഭൂമികയിലേക്കും അവയുടെ അജ്ഞാതമായ അടരുകളിലേക്കും വെളിച്ചം പകര്‍ന്നുകൊണ്ട് ഒരു കാലഘട്ടത്തിലേക്ക് അനാവരണം ചെയ്യുന്ന നോവലാണ് ഇരഞ്ചിയം രവിയുടെ 'അച്ചിപ്പുടവ'.

സമയ യന്ത്രത്തിന്റെ സൂചിമുന ഈ നോവലിസ്റ്റ് തിരിച്ചു വെക്കുന്നത് 18 ആം നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിലേക്കാണ്. ആ ദിശാ സൂചിയുടെ ചലനങ്ങള്‍ ക്കൊപ്പമാണ് നോവലിസ്റ്റിന്റെ സര്‍ഗസഞ്ചാരം തുടങ്ങുന്നത്. താന്‍ ജനിച്ചു വളര്‍ന്ന ദേശത്തിന്റെ ഗതകാല ജീവിത വ്യവസ്ഥകളും നാട്ടറിവുകളും കേട്ടറിവുകളും നോവലിസ്റ്റിന്റെ ചരിത്ര ബോധത്തെ ഉദ്ദീപ്തമാക്കുന്നുണ്ട്. ആ ഊര്‍ജ പ്രസരണം നല്കുന്ന കിരാതകാല യാഥാര്‍ഥ്യങ്ങളുടെ വെളിപാടുകളാണ് അച്ചിപ്പുടവ എന്ന ദേശ ചരിത്ര നോവലിന്റെ ഇതിവൃത്ത ഘടനക്ക് അടിത്തറ പാകിയിരിക്കുന്നത്. 1882 എന്ന കാലബിന്ദുവില്‍ നിന്നും പിന്നേയും 70 വര്‍ഷം പശ്ചാത്ഗമനം ചെയ്യുന്ന നോവലിസ്റ്റ് ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന കഥാപാത്ര ത്തിലൂടെയാണ് അക്കാലത്തെ ദേശവാഴ്വിന്റെ ഇരുണ്ട തലങ്ങളെ ചെന്നു തൊടുന്നത്. ഈ ഫാദര്‍ ഫ്രാന്‌സിസ് സേവ്യര്‍ തെങ്ങുംപള്ളിയെന്ന നായര്‍ തറവാട്ടിലെ പപ്പൂട്ടിപ്പിള്ളയുടേയും കുഞ്ഞൂലിയമ്മയുടേയും മകനായ ഗോപാലനാണെന്ന് കഥകളതിസാദരം വായിച്ചു പോകുമ്പോഴാണ് വായനക്കാരന് അറിയാന്‍ കഴിയുക.

1882 ലെ ഒരു പെരുമഴക്കാലത്താണ് തന്നെ തേടിയെത്തിയ സിസ്റ്റര്‍ ഫിലോമിനയെ തന്റെ ദേശ ജീവിത വഴികളിലൂടെ ഫാദര്‍ നടത്തിച്ചു കൊണ്ടു പോകുന്നത് ഇറ്റലിക്കാരിയായ ഹെലന്‍ ക്രിസ്‌റ്റോക്കു വേണ്ടിയാണ്. അക്കാലത്ത് കടലേഴും കടന്നു വന്ന ആ മദാമ്മയുടെ ലക്ഷ്യം ഒരു ഗവേഷണ പ്രബന്ധം തയാറാക്കലായിരുന്നു. വിഷയമാകട്ടെ 'തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മഹാമനസ്‌കത തദ്ദേശിയരുടെ മതപരിവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍' എന്നുള്ളതും. ഒരു പക്ഷെ ഈ നോവലിന്റെ കഥാബീജം മുളപൊട്ടി വന്മരമാകുന്നത് ഇവിടെ നിന്നാണെന്നു പറയാം.

തിരുവിതാംകൂറിന്റെ ചരിത്രത്താളുകളില്‍ അടയാളപ്പെട്ടു കിടക്കുന്ന ആറ്റിങ്ങലും കിളിമാനൂരും പ്രാന്തസ്ഥലികളും അച്ചിപ്പുടവയുടെ കഥാപരിസരങ്ങള്‍ മാത്രമല്ല, പ്രധാന കഥാപാത്രങ്ങള്‍ കൂടിയാണ് എന്ന് പറയേണ്ടതുണ്ട്. ജാത്യാചാരങ്ങളുടേയും അയിത്താചാര ങ്ങളുടേയും തേര്‍വാഴ്ചയില്‍ ഒരു പറ്റം ജനത നേരിടേണ്ടിവന്ന നരകതുല്യാ നുഭവങ്ങളെ ഈ പരിസരത്തു നിന്നാണ് നോവലിസ്റ്റ് സ്വാംശീകരിച്ചി രിക്കുന്നത്. ആ അനുഭവങ്ങള്‍ക്കെല്ലാം നേര്‍സാക്ഷ്യം വഹിച്ച കഥാപാത്രമാണ് വിധി നിയോഗത്താല്‍ ക്രൈസ്തവനാകേണ്ടി വന്ന ഗോപാലനെന്ന ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍.

ഫ്യൂദല്‍ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഏതാനും നായര്‍ തറവാടുകളേയും നമ്പൂതിരി ഇല്ലങ്ങളേയും അതിന്റെ എല്ലാ ജീര്‍ണത കളോടും കൂടി വാക് രേഖകൊണ്ട് മെനഞ്ഞെടുത്ത് അവതരിപ്പിക്കുന്ന നോവലിസ്റ്റ്, അതിന് സമാന്തരമായിത്തന്നെ അടിമകളും പ്രാന്തവത്കൃത രുമായ അടിയാള സമൂഹത്തിന്റെ അതിദാരുണവും പരതന്ത്രവുമായ ജീവിത സാഹചര്യങ്ങളെ ഉള്‍ക്കാമ്പോടെ ഉയര്‍ത്തിക്കാട്ടാനും ശ്രമിച്ചിരി ക്കുന്നു. അടിമ സമ്പ്രദായം നിലവിലിരുന്ന രാജവാഴ്ചക്കാലത്തെ അടിയാള ജീവിതത്തെ കാലത്തിന്റെ ഏടുകളില്‍ നിന്നും വായിച്ചെടു ക്കുന്ന നോവലിസ്റ്റിന്റെ യഥാതഥമായ ചിത്രീകരണം ഇന്നു നമുക്ക് അതിശയോക്തിയായി തോന്നാം. എന്നാല്‍ അപരിഷ്‌കൃതവും പ്രാകൃതവു മായ ഒരു നിഷാദപര്‍വം നമ്മുടെ ഭൂതകാല വ്യവഹാരങ്ങളില്‍ നിറഞ്ഞാടിയിരുന്നു വെന്ന വസ്തുതയെ എങ്ങിനെയാണ് തമസ്‌കരിച്ചു കളയാന്‍ കഴിയുക? അന്നം വിളയിക്കുന്നവനെ അടിമയാക്കുന്ന നൃശംസതയും അവനുമേല്‍ കയ്യാളിയിരുന്ന മര്‍ദ്ദന മുറകളും ശിക്ഷാവിധി കളും അതിന്റെ സാകല്യാവസ്ഥയിലാണ് ഈ നോവലില്‍ വര്‍ണപ്പെടുത്തി യിരിക്കുന്നത്.

തെങ്ങുംപള്ളിത്തറവാട്ടിലെ കളപ്പുരയിലിട്ട് പലതവണ സ്ത്രീത്വം കവര്‍ന്ന ശേഷം പപ്പൂട്ടിപ്പിള്ള ജന്മിയും കാര്യസ്ഥനും ചേര്‍ന്ന് മാലച്ചെറുമിയെ അര്‍ധരാത്രി സമയത്ത് ജീവനോടെ കുഴിച്ചു മൂടുന്നതും, നെയ്യപ്പള്ളി തറവാട്ടു മുറ്റത്തു വെച്ച് മോഷണക്കുറ്റം ചുമത്തി കുറുമനെന്ന ചെറുമ ക്കുട്ടിയെ നഗ്നനാക്കി തെങ്ങില്‍ കെട്ടിവെച്ച് നീറിന്‍ കൂടു കുടഞ്ഞ് പീഢിപ്പിക്കുന്നതും മുലക്കരം ആവശ്യപ്പെട്ടുവന്ന പപ്പൂട്ടിപ്പിള്ളക്കു മുമ്പില്‍ വെച്ച് തന്റെ മുലകള്‍ രണ്ടും ഛേദിച്ചെറിയുന്ന കുറുണിയുടെ പെരുങ്കാളിയാട്ടവും ഈ നോവലിലെ ശക്തമായ രംഗചിത്രീകരണങ്ങളാണ്. ഈ വിവരണങ്ങളൊന്നും കെട്ടിച്ചമച്ചതോ ഭാവനാവിലാസമോ ആയി കാണേണ്ടതില്ല. ലോകമെമ്പാടുമുള്ള മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം വേട്ടയാടലുകള്‍ നമുക്ക് കാണാം. അതൊക്കെ നമ്മുടെ ചരിത്ര പുസ്തകങ്ങളിലുമുണ്ട്. പരിഷ്‌കൃതിയുടെ പരിവേഷം അതിനെയൊക്കെ ചിലപ്പോള്‍ തിരസ്‌കൃതമാക്കും. അപ്പോഴാണ് വീണ്ടെടുപ്പുകള്‍ വേണ്ടി വരിക. ആ വീണ്ടെടുപ്പുകളുടെ സര്‍ഗാത്മക സാക്ഷ്യമാണ് അച്ചിപ്പുടവ എന്ന നോവല്‍. അവിടെ വിസ്മൃതമായിപ്പോയ ഒരു കാലവും ദയാരഹിത യാഥാര്‍ഥ്യങ്ങളും ഉന്മീലനം ചെയ്യപ്പെടുന്നു. അവര്‍ണ വര്‍ഗ വിമോചന നൈരന്തര്യം അതിന്റെ ദശാസന്ധികളെ തരണം ചെയ്യുന്ന ആദ്യ ചുവടുവെയ്പുകള്‍ നമുക്കിവിടെ കാണാം. അര്‍ഹതയുള്ളത് അതിജീവിക്കും എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മനുഷ്യ വിമോചന ത്തിന് കഴിഞ്ഞത് പിന്നേയും എത്രയോ കാലം കഴിഞ്ഞാണ് എന്ന വസ്തുത നമുക്കറിയാം. അതിന്റെ ചലനാത്മകമായ തുടക്കമാണ് ഈ നോവല്‍ ചൂണ്ടി ക്കാട്ടുന്നത്. അതുപെലെ കറുത്ത കാലത്തിന്റെ നിഷ്ഠൂരമായ നിരവധി കൈവിരല്‍പ്പാടുകള്‍ ഈ നോവലിലുണ്ട്. കൗമാരം മാറാത്ത ദലിത് പെണ്‍കുട്ടികളേയും യുവതികളേയും കാമപൂരണത്തിന് ഉപയോഗിച്ചുകൊണ്ട് മനുഷ്യാസ്തിത്വം ചവിട്ടി മെതിക്കപ്പെടുകയും രാജഭരണത്തിന്റെ തലയില്‍ കൊല്ലും കൊലയും കുലാധികാരമാക്കി വെക്കുകയും ചെയ്തിട്ടുള്ള ഉപരിവര്‍ഗത്തില്‍ നിന്നു തന്നെയാണ് വിമോചനത്തിന്റെ ശബ്ദമുയര്‍ന്നിട്ടുള്ളത് എന്നും ഈ നോവല്‍ പറയുന്നു. നെയ്യപ്പിള്ളി കുടുംബാംഗമായ ഭാസ്‌കരപിള്ളയും തെങ്ങുംപള്ളി ഗോപാലനും ആ എതിര്‍ശബ്ദങ്ങളുടെ വാചാലമായ വക്താക്കളായി മാറുമ്പോള്‍ മനുഷ്യത്വത്തിന്റെ നുറുങ്ങുവെട്ടമാണ് തെളിയുന്നത്. ആ തിരിനാളം ആളിപ്പടര്‍ന്നപ്പോഴാണ് ആ രണ്ട് തറവാടുകളുടെയും കളപ്പുരകള്‍ കത്തിയമര്‍ന്നത്. ഇത് ചെയ്തത് നെയ്യപ്പിള്ളി ഭാസ്‌കരപിള്ളയും തെങ്ങുംപള്ളിയിലെ 10 വയസുകാരനായ ഗോപാലനുമായിരുന്നു. ഈ ഗോപാലന്റെ പലായനം ചെന്നവസാനിക്കു ന്നത് സാമൂഹിക പരിവര്‍ത്തനത്തിന് കളമൊരുക്കിയ മറ്റൊരു ഭൂമിയിലേക്കാണ്. വൈദേശിക സ്വാധീനവും മതപ്രചരണവും ഒന്നിച്ചു മുന്നേറിയ 19 ആം നൂറ്റാണ്ടിന്റെ പ്രതിനിധിയായി ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍ നില്ക്കുമ്പോള്‍ എവിടെ ഗോപാലനെന്ന പാതിരിയെയല്ല നാം കാണുന്നത്, നരമേധം നടന്നിരുന്ന അഭിശപ്തമായ ഒരു കാലഘട്ടത്തെ യാണ്.

നൂറ്റാണ്ടിന്റെ കഥ പറയുന്ന ഈ നോവലില്‍ കീഴാള ഭാഷയും നാട്ടു മൊഴികളും അക്കാലത്തെ ഭൂമിശാസ്ത്ര വിവരണങ്ങളുമുണ്ട്. അവയൊക്കെ ചരിത്ര കാലത്തെ പുനരാനയിക്കാന്‍ പര്യാപ്തമായ വയുമാണ്. അനേകം കഥാപാത്രങ്ങളും അവാന്തര കഥാസന്ദര്‍ഭങ്ങളുമുള്ള ഈ നോവലിന്റെ ആസ്വാദനക്കുറിപ്പില്‍ അവയൊക്കെ പ്രതിപാദിക്കുക ദുഷ്‌കരമത്രെ. ജന്മിത്വ വാഴ്ചയെ അടയാളപ്പെടുത്തുന്ന കരംപിരിവിന്റെ നീതി നിഷേധമുള്‍പ്പെടെ ഒട്ടനവധി നാട്ടാചാരങ്ങളും കീഴ് വഴക്കങ്ങളും ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. തലക്കരം, ഏണിക്കരം, ത്‌ലാപ്പു കരം, പൊലിപ്പൊന്ന്, ചെക്കിറ, വണ്ണാരപ്പാറ തുടങ്ങി മുലക്കരം വരെ അതിലുള്‍പ്പെടുന്നു. കുലത്തൊഴില്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട വണ്ണാനും, കുംഭാരനും അമ്പട്ടനും തുടങ്ങിയ കീഴ്ജാതി വിഭാഗത്തില്‍ പെട്ട മനുഷ്യരനുഭവിക്കുന്ന യാതനകളും അധിക്ഷേപങ്ങളുമൊക്കെ അച്ചിപ്പുട വയുടെ കഥാഖ്യാനത്തെ മിഴിവുറ്റതാക്കുന്നു. നായര്‍ തറവാടുകള്‍ക്കൊപ്പം ഇല്ലങ്ങളും മഠങ്ങളുമാണ് ദേശാധികാരത്തിന്റെ വന്യ ചിഹ്നങ്ങളായി വരുന്നത്. മനകളിലെ സ്ത്രീകളനുഭവിക്കുന്ന ദുരിതവും പീഡനവും എത്രകണ്ട് ഹൃദയ ഭേദക മായിരുന്നു വെന്ന് വിടിയും എംആര്‍ബിയും മറ്റും പറഞ്ഞുവെച്ചതിനപ്പുറം പോയി അതിന്റെയൊക്കെ പുനരാവി ഷ്‌കാരം ഒരിക്കല്‍കൂടി നടത്തുകയാണ് ഇരഞ്ചിയം രവി എന്ന നോവലിസ്റ്റ്. അവര്‍ണ ജനതക്കൊപ്പം തന്നെ സവര്‍ണ വിഭാഗത്തിലെ ഒരു വിഭാഗത്തിനും മറ്റൊരു തലത്തില്‍ നിന്നാണെങ്കില്‍ പോലും നീതി നിഷേധിക്കപ്പെട്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം ഈ നോവല്‍ വിളിച്ചു പറയുന്നു. ധനസ്ഥിതിയും പ്രാമാണ്യത്വവു മുണ്ടെങ്കില്‍ സവര്‍ണ മേധാവിത്വത്തെ ചെറുത്തു നില്ക്കാന്‍ കഴിയുമെന്ന് തെളിയിച്ച ഈഴവ കുടുംബമാണ് കൊല്ലമ്പുഴ. നവോത്ഥാന യാത്രയുടെ കൈത്തിരി വെളിച്ചം തെളിഞ്ഞു വരുന്നത് ഈ കുടുംബ ചിത്രീകരണത്തില്‍ കാണാം. അയിത്താചാരത്തി നെതിരേയുള്ള സമരമുള്‍പ്പെടെ കല്ലുമാല സമരവും മേല്മുണ്ട് സമരവും മറ്റും ചരിത്രാനുഭവങ്ങളായി നമുക്കു മുന്നിലുണ്ട്. ഒരു പക്ഷെ അതിനൊക്കെ മുന്നോടിയായി സാമൂഹികാവസ്ഥകള്‍ മാറി വരുന്നതിന്റെ വിദൂര സൂചനകള്‍ നല്കിയത് ക്രൈസ്തവ മുഹമ്മദീയ മതസ്വാധീനമാണെന്നും പറയേണ്ടിവരും. മനുഷ്യ വിരുദ്ധമായ ആചാരങ്ങളേയും അധികാരങ്ങളേയും സംഘബലംകൊണ്ടു നേരിടാന്‍ കഴിയാതെ വന്ന കീഴാളര്‍ ഒരു കാലത്ത് മതപരിവര്‍ത്തനമെന്ന മോചനമാര്‍ഗത്തെ തെരഞ്ഞെടുത്തു വെങ്കില്‍ അതിനെ വര്‍ണ വ്യവസ്ഥക്കു നേരെയുള്ള നിശബ്ദമെങ്കിലും ശക്തമായ പ്രതിഷേധമായി കാണേണ്ടതുണ്ട്. അടിമ ഉടമ സമ്പ്രദായത്തെ സാര്‍വ ലൗകിക തലത്തിലേക്ക് ചേര്‍ത്തു വെക്കുന്ന നോവലാണ് അച്ചിപ്പുടവ. ഈതേ പ്രമേയവും മനുഷ്യ ദുരന്തവും കാല ദേശങ്ങലെ മറികടക്കും വിധം സര്‍ഗാത്മക മാക്കിയ എത്രയോ വൈദേശിക കൃതികളുണ്ട്. പെട്ടെന്ന് ഓര്‍മയില്‍ വരുന്നത് അമേരിക്കക്കാരനായ ഹാരിയറ്റ് ബീച്ചറുടെ അങ്കിള്‍ ടോംസ് ക്യാബിനും (അങ്കിള്‍ ടോമിന്റെ കുടില്‍) ഹോവാര്‍ഡ് ഫാസ്റ്റിന്റെ സ്പാര്‍ട്ടക്കസുമാണ്. നോബേല്‍ സമ്മാന ജേതാവായ ആഫ്രോ - അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസന്റെ നോവലുകളും സോളമന്‍ നോര്‍ത്തപ്പിന്റെ ആത്മകഥയായ ഒരു അടിമയുടെ 12 വര്‍ഷങ്ങളും (Twelve Years A Slave) പ്രാകൃതവും മനുഷ്യത്വ രഹിതവുമായ അധികാര വ്യവസ്ഥകള്‍ക്കുള്ളില്‍ പെട്ടുഴന്നിരുന്ന ഒരുകാലത്തെ മനുഷ്യ ജന്മങ്ങളുടെ ഹൃദയ ഭേദകമായ നിലവിളി ഇതുപോലുള്ള നോവലുകള്‍ വായിച്ചു കഴിയുമ്പോള്‍ കാലത്തെ ഭേദിച്ചുകൊണ്ട് മുഴക്കമാര്‍ന്ന് വരുന്നത് ഓരോ വായനക്കാരന്റേയും അന്തരാത്മാവിനെ പ്രകമ്പനം കൊള്ളിക്കും.
--------------------------------------------
കടപ്പാട്: 'സാഹിത്യകേരളം' മാസിക 2015 ഫെബ്രുവരി ലക്കം.