"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 3, വെള്ളിയാഴ്‌ച

സര്‍ക്കസിന്റെ കുലപതി - പത്മനാഭന്‍ തലായി

കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍
പ്രാചീന കാലം മുതല്‌ക്കേ ലോകത്തിന്റെ സവിശേഷ ശ്രദ്ധയെ ആകര്‍ഷിച്ച ഒരു കൊച്ചു സുന്ദരിയാണ് കേരളം. ഇന്നും ലോകത്തിലെ സുന്ദര പ്രദേശങ്ങളില്‍ ഒരു മാന്യസ്ഥാനം കേരളത്തിനുണ്ട്. ഇവിടത്തെ കാലാവസ്ഥയും വിഭവങ്ങളും ആരേയും ആകര്‍ഷി ക്കുന്നതാണ്. കറുത്ത സ്വര്‍ണമെന്ന് പുകഴ്‌പെറ്റ കുരുമുളകും സൗരഭ്യ വസ്തുക്കളും വീട്ടി തുടങ്ങിയ വന സമ്പത്തുകളും മാത്രമല്ല, നമ്മുടെ തനി കേരളീയമെന്നു പറയാവുന്ന കലകളും ലോകശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. കഥകളി, ഓട്ടന്‍ തുള്ളല്‍, കളരിപ്പയറ്റ്, സര്‍ക്കസ് തുടങ്ങിയവ തനതായ കേരള കലകളാകുന്നു.

പക്ഷെ അവ നമുക്ക് സമ്മാനിച്ച ആചാര്യന്മാരെ നാം വേണ്ടുവോളം ആദരിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ നാം ലജ്ജകൊണ്ട് തലകുനിക്കേണ്ടതായി വരും

കഥകളിക്ക് വിദേശീയരായ കലാകാരന്മാരുടെ പ്രശംസ ലഭിച്ചപ്പോഴാണ് നാം അതിനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്. അതുപോലെ തന്നെ ലോകത്തെ മുഴുവന്‍ വിറപ്പിച്ച ഹിറ്റ്‌ലറെ കൂടെ തന്റെ കുട്ടിക്കരണം കൊണ്ട് അത്ഭുത സ്തിമിതനാക്കിയ 'കണ്ണന്‍ ബൊമ്പായോ'യെ ഹിറ്റ്‌ലര്‍ 'മലക്കപ്പിശാച്' എന്ന ബിരുദം നല്കി ബഹുമാനിച്ചപ്പോഴേ സര്‍ക്ക സിന്റെ നേരേയുള്ള നമ്മുടെ അവഗണന നീങ്ങിയുള്ളൂ. എന്തിനധികം ഗീതാഞ്ജലിയുടെ കര്‍ത്താവായ ടാഗോറിനെ കൂടി വിദേശീയര്‍ നോബല്‍ സമ്മാനം നല്കി ആദരിച്ചപ്പോഴേ നാം ടാഗോറിനെ ബഹുമാനിക്കാന്‍ തുടങ്ങിയുള്ളൂ.

സ്വന്തം കലയോടും സംസ്‌കാരത്തോടും കൂടി ഇത്രയധികം അനാസ്ഥ കാണിക്കുന്ന ഒരു ജനതയെ മറ്റൊരിടത്തും കാണുകയില്ല. തച്ചോളി ഒതേനന്‍, ഉണ്ണിയാര്‍ച്ച, കൊട്ടാരക്കര തമ്പുരാന്‍, ഉണ്ണായി വാര്യര്‍, എഴുത്തച്ഛന്‍, കൂലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍, കണ്ണന്‍ ബൊമ്പായോ എന്നെല്ലാം കേട്ടാല്‍ നമ്മളില്‍ എത്ര പേര്‍ അഭിമാനം കൊള്ളാറുണ്ട്. ഇവിടെ ഓരോന്നിനേയും നാം വിലയിരുത്തുന്നതും ബഹുമാനിക്കുന്നതും ജാതിയുടേയും മതത്തിന്റേയും വര്‍ഗീയതയുടേയും കണ്ണടയില്‍ ക്കൂടിയാകുന്നു. സ്വന്തം സമുദായത്തില്‍ നിന്നു വിഭിന്നനായ ഒരാള്‍ ഉയര്‍ന്ന സ്ഥാനത്തെ ത്തിയാലും നാം അവരെ ബഹുമാനിക്കാറില്ല. കേരളം ഭ്രാന്താലയമെന്നു ഉത്‌ഘോഷിച്ചതില്‍ അത്യുക്തിയൊന്നുമില്ല. നമ്മുടെ ദേശീയ നേതാക്കന്മാരെ ബഹുമാനിക്കാന്‍ നാം പഠിക്കേണ്ടിയി രിക്കുന്നു.

ലോകത്തില്‍ കായികാഭ്യാസത്തിനു സമുന്നതമായ ഒരു സ്ഥാനമാണുള്ളത്. കായികാഭ്യാസത്തില്‍ സര്‍ക്കസു കലയും ഉള്‍പ്പെടും. ലോക സര്‍ക്കസു കളുടെ അണിയില്‍ ഭാരതത്തിലെ സര്‍ക്കസുകള്‍ക്കും തലയുയര്‍ത്തി നില്ക്കുവാനുള്ള കഴിവുണ്ട്. ലോകത്തില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന റഷ്യന്‍ സര്‍ക്കസാകട്ടെ ഗവണ്‍മെന്റിന്റെ ഉടമയിലാണ്. ഇന്ത്യന്‍ സര്‍ക്കസാകട്ടെ വ്യക്തികളുടെ പരിശ്രമ ഫലമായിട്ടാണ് അതിജീവിക്കുന്നത്. ഗവണ്‍മെന്റില്‍ നിന്നു സഹായം ലഭിക്കുന്നില്ലെന്നു മാത്രമല്ല, വലിയ വിനോദ നികുതി ചുമത്തി നമ്മുടെ കലയുടെ വളര്‍ച്ച മുട്ടിക്കുന്നതും ഗവണ്‍മെന്റിന് ഒരു വിനോദമായി ത്തീര്‍ന്നി രിക്കുകയാണ്.

ഭാരതത്തില്‍ വലുതും ചെറുതുമായി 50 ല്‍ ഏറെ സര്‍ക്കസ് കമ്പനികള്‍ ഉണ്ടെങ്കില്‍ കൂടി അവയില്‍ ഭൂരിഭാഗവും മലയാളി കളുടേതാണ്. അവരിലെ കളിക്കാരില്‍ 95% ഉം തലശ്ശേരിക്കാരും. ഈ 95% സര്‍ക്കസ് അഭ്യാസികളുടെയും ഗുരുസ്ഥാനം കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ക്കാണ്.


പത്മനാഭന്‍ തലായി
കായികാഭ്യാസ രംഗത്ത് ഇന്ത്യന്‍ സര്‍ക്കസിന്റെ വിജയ വൈജയന്തി ഉയര്‍ത്തി പ്പറപ്പിച്ചത് അദ്ദേഹമാണ്. ലോകപ്രശസ്ത്രായ പല സര്‍ക്കസ് വിദഗ്ധന്മാരേയും ഉയര്‍ത്തെ ഴുന്നേല്പ്പിച്ചതും കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറാണ്. കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ ജനിച്ചില്ലായിരു ന്നുവെങ്കില്‍ ഇന്ത്യന്‍ സര്‍ക്കസ് കേരളീയര്‍ക്ക്, വിശേഷിച്ച് തലശ്ശേരിക്കാര്‍ക്ക് കയ്യടക്കി വെക്കുവാന്‍ സാധിക്കുക യില്ലായിരുന്നു.

1885 ല്‍ ആണ് കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ തലശ്ശേരിയില്‍ ജനിച്ചത്. കോവില്ക്കണ്ടിയിലെ കേളുക്കുട്ടിക്കുറുപ്പ് എന്ന ഒരു അഭ്യാസിയുടെ ശിഷ്യനായിരുന്ന മാറോളി രാമുണ്ണി ഗുരുക്കളായി രുന്നു കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറെ മെയ്യഭ്യാസം പരിശീലി പ്പിച്ചിരു ന്നത്. കടത്തനാട്ടു കാരനായിരുന്ന ഉണ്ണിക്കുറുപ്പ് കളരികെട്ടി പയറ്റ് പരിശീലിപ്പിച്ചു തുടങ്ങിയപ്പോള്‍ അവിടെച്ചെന്നും ടീച്ചര്‍ മെയ്യഭ്യാസം പഠിച്ചു.ഈ ഘട്ടത്തില്‍ തലശ്ശേരിയില്‍ ഓവര്‍ബറി എന്നു പേരായ ഒരു ഡെപ്യൂട്ടി കലക്ടര്‍ കണ്ണൂര്‍ റെജിമെന്റല്‍ സെന്ററില്‍ നിന്ന് യൂറോപ്യന്മാരെ ക്കൊണ്ട് കുതിരച്ചാട്ടം, പേരലല്‍ ബാര്‍, ഹൊറിസോണ്ടല്‍ ബാര്‍, റോമ ന്റിങ് മുതലായ രസകരമായ അഭ്യാസങ്ങള്‍ കൂടെക്കൂടെ നടത്തു വാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു.

ഈ കളികളും അഭ്യാസങ്ങളും കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറെ വളരെ രസിപ്പിച്ചിരുന്നു. ടീച്ചര്‍ ബാര്‍ ഉണ്ടാക്കി അതില്‍ സ്വയം അഭ്യസിക്കു കയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഇംഗ്ലീഷ് സ്‌കൂളുകളില്‍ ബാറിന്മേല്‍ കളികളില്‍ പരിശീലിപ്പിക്കുന്ന പതിവ് ആരംഭിച്ചു. അന്ന് മലബാറിലെ ഏറ്റവും പ്രസ്ദിധമായ ബി ഇ എം പി ഹൈസ്‌കൂളില്‍ ഇത് ഏര്‍പ്പെടുത്തി. അതിന്റെ ഹെഡ്മാസ്റ്റര്‍ ഒരു വെള്ളക്കാര നായിരുന്നു. അതിലേക്കുള്ള അധ്യാപകനായി അദ്ദേഹം കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ തലശ്ശേരി മിഷ്യന്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മുറിക്ക് അഭിമുഖമായി നില്ക്കുന്ന ഷെഡ് അന്ന് ഡ്രില്‍ ക്ലാസായിരുന്നു. അവിടെയായിരുന്നു ബാറും റിംഗും ഉണ്ടായിരുന്നത്.

ഗുസ്തിയിലും ടീച്ചര്‍ വളരെ താത്പര്യം കാണിച്ചിരുന്നു. തന്റെ സഹോദരിയുടെ കൂടെ ടീച്ചര്‍ തഞ്ചാവൂര്‍, കുംഭകോണം, മധുര മുതലായ സ്ഥലങ്ങളില്‍ താമസിച്ചിരുന്നു. അപ്പോള്‍ അവിടെവെച്ച് ഗുസ്തി മത്സരം കാണുവാന്‍ ഇടവരികയും, ടീച്ചര്‍ അത് പരിശീലിക്കുകയും ചെയ്തു. അങ്ങനെ വടക്കേ മലബാറില്‍ ആദ്യമായി ഗുസ്തി പിടിത്തം അദ്ദേഹം പഠിപ്പിച്ചു.

അങ്ങിനെ കായിക കലയുടെ വിവിധ വശങ്ങളില്‍ അദ്ദേഹം അത്യധിക വും അവഗാഢവുമായ ജ്ഞാനം സമ്പാദിച്ചു. 1884 മുതല്‍ 1932 വരെ ടീച്ചര്‍ തലശ്ശേരി മിഷ്യന്‍ ഹൈസ്‌കൂളില്‍ ടീച്ചറായിരുന്നു. അതിനിടയില്‍ ഗവണ്‍മെന്റു കല്പനയനുസരിച്ച് മദിരാശിയിലെ ഫീല്‍ഡ് ഗെയിംസ് അസോസിയേഷന്‍ എന്ന സംഘടനയുടെ കീഴില്‍ പ്യൂപ്പിള്‍ പാര്‍ക്കില്‍ ഒരുകൊല്ലം ട്രെയിനിങ് കഴിക്കുകയു മുണ്ടായിട്ടുണ്ട്. 

1901 മുതല്‍ ടീച്ചര്‍ സ്വന്തം വീടിന്റെ മുറ്റത്ത് ഒരു കളരി സ്ഥാപിച്ച് കുട്ടികള്‍ക്ക് അഭ്യസനം നടത്തിയിരുന്നു. 1904 ഫിബ്രുവരി 2 ആം തിയതി മലബാര്‍ സര്‍ക്കസ് എന്ന പേരില്‍ ഒരു സര്‍ക്കസ് കമ്പനി ആരംഭിച്ചു. ഇന്ന് ഇന്ത്യയിലാകെ 54ല്‍ അധികം സര്‍ക്കസ് കമ്പനികളുണ്ട്. ഇതില്‍ ഭൂരിഭാഗവും തലശ്ശേരിക്കാ രുടേതാണ്. കളിക്കാരില്‍ 95%ഉം തലശ്ശേരി ക്കാര്‍ തന്നെ. 1939 വരെ ടീച്ചര്‍ സര്‍ക്കസ് കളരിയുടെ മേല്‍നോട്ടം വഹിച്ചിരുന്നു. അക്കാലങ്ങളില്‍ സര്‍ക്കസ് കലയില്‍ പല പുതിയ പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. അവയിലെല്ലാം അദ്ദേഹം വിജയശ്രീലാളിത നായിരുന്നു.

ആദ്യകാലത്ത് ഹൊറിസോണ്ടല്‍ ബാര്‍ അടുത്തടുത്ത് സ്ഥാപിച്ച് കളിക്കുന്നതു തന്നെ വലിയ അത്ഭുതമായിരുന്നു. എന്നാല്‍ കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ ഇതിന്റെ സംഖ്യ വര്‍ധിപ്പിക്കുകയും അടുത്തടുത്തു മാത്രമല്ല, മീതേയും താഴേയുമായി 7 ബാര്‍ സ്ഥാപിച്ചു കളിക്കാന്‍ തന്റെ ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു. ഇത് അത്യത്ഭുതകരമായ ഒരു പരീക്ഷണമായിരുന്നു. പരേതനായ ശ്രീ എന്‍ കെ രാമന്‍ 1912 ല്‍ 5 ബാറിന്മേലും ശ്രീ പാറമ്മേല്‍ കേശവന്‍ (പ്രൊഫ. പി കേശു) 1935 ല്‍ 7 ബാറിന്മേലും അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ടീച്ചര്‍ ഇവിടെ
അന്ത്യവിശ്രമം കൊള്ളുന്നു
ഗ്രൗണ്ടില്‍ നിന്നു മുമ്പും പിമ്പും ഇരട്ട സമ്മര്‍സാള്‍ട്ട് വൈറ്റ് വേ സര്‍ക്കസില്‍ പാറമ്മേല്‍ കേശവന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുപോലെ മറ്റുള്ളവര്‍ കുട്ടിക്കരണം മറിഞ്ഞു കാണിച്ചു തന്നാല്‍ വലിയൊരു തുക സമ്മാനമായി നല്കാമെന്ന് ഒരിക്കല്‍ കേശവന്‍ വിദേശീയരെ വെല്ലുവിളിക്കുക യുണ്ടായി. അങ്ങിനെ കുറച്ച് അമേരിക്ക ക്കാര്‍ ഈ വെല്ലുവിളി സ്വീകരിച്ച് കല്‍ക്കത്തയില്‍ വന്നു. അവര്‍ കേശവന്റെ മലക്കം നാലുഭാഗത്തും ക്യാമറകള്‍ ഘടിപ്പിച്ചു ഫോട്ടോ എടുത്തു. പക്ഷെ അവര്‍ക്ക് എത്ര ശ്രമിച്ചിട്ടും അതുപോലെ മറിയുവാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങിനെ ശ്രീമാന്‍ കേശവന്റെ വെല്ലുവിളി വെല്ലുവിളിയാ യിത്തന്നെ അവശേഷിക്കു കയാണുണ്ടായത്.

ഇതുപോലെ തന്നെ ടീച്ചറുടെ മറ്റൊരു പ്രധാന ശിഷ്യനായ കണ്ണന്‍ ബൊമ്പായോ യൂറോപ്പിലും അമേരിക്കയിലും കമ്പിയിന്മേല്‍ കളി പ്രദര്‍ശിപ്പിച്ചു കാണികളെ അത്ഭുത പരതന്ത്ര രാക്കിയിട്ടുണ്ട്. നാസി ജര്‍മനിയിലെ ഏകഛത്രാധിപതി യായിരുന്ന ഹിറ്റ്‌ലറെ ഒരിക്കല്‍ കണ്ണന്‍ ബൊമ്പായോ (ഇദ്ദേഹം പാറേമ്മല്‍ കേശവന്റെ സഹപാഠി യായിരുന്നു) തന്റെ ഞാണിന്മേല്‍ വെട്ടുള്ള മലക്കം കാണിച്ച് അമ്പരപ്പിച്ചിരുന്നു. കണ്ണന്റെ കരണം മറിച്ചില്‍ കണ്ട് അന്ധാളിച്ചു പോയ ഹിറ്റ്‌ലര്‍ 'ജമ്പിങ് ഡെവിള്‍ ഓഫ് ഇന്ത്യാ' എന്നു ആര്‍ത്തു വിളിച്ചു പോയി. അന്നു മുതല്ക്കാണ് കണ്ണന്‍ ബൊമ്പായോ 'മലക്കപ്പിശാച്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹം അവസാനകാലത്ത് രോഗബാധിതനായി ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന വഴി കപ്പലില്‍ വെച്ച് മരണപ്പെടുക യാണുണ്ടായത്.

1925 ല്‍ വൈറ്റ്വെ സര്‍ക്കസ് എന്ന പേരില്‍ ഭാരതത്തിലും വിദേശത്തിലും കളിച്ചു പ്രശസ്തിയാര്‍ജിച്ച സംഘത്തിന്റെ ഉടമസ്ഥന്‍ കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍. റയാമന്‍ സര്‍ക്കസിലെ കെ ഗോപാലന്‍, ഫെയറി സര്‍ക്കസിലെ അമ്പു, ജെമിനി സര്‍ക്കസിലെ എം വി ശങ്കരന്‍ നായര്‍, ടി കെ കണ്ണന്‍ തുടങ്ങിയ പ്രഗത്ഭര്‍ ടീച്ചറുടെ മറ്റു ശിഷ്യന്മാരാകുന്നു.

അധികം ഉയരമില്ലാത്ത ശരീരം, വ്യായമം കൊണ്ട് ഉറച്ച മാംസപേശി കളോടു കൂടിയ കനത്ത അവയവങ്ങള്‍, ധീരതയാര്‍ന്ന മുഖഭാവം, ആരും കണ്ടാല്‍ ഒന്നു ഞെട്ടും 'അധൃഷ്യശ്ചാപി ഗമ്യശ്ചാദോര തൈര്‍നരി വാര്‍ണവ' എന്ന് കാളിദാസന്‍ ദിലീപനെ വര്‍ണിച്ചതു പോലെ ആ ധീരമായ മുഖത്തിന്നടിയില്‍ മൃദുലമായ ഒരു ഹൃദയവു മുണ്ടായിരുന്നു ടീച്ചര്‍ക്ക്. ശിഷ്യന്മാരോട് ഇത്രയധികം വാത്സല്യം കാണിച്ചിരുന്ന ഒരു ഗുരുനാഥനെ വേറെ കാണില്ല. സര്‍ക്കസുകാര്‍ നാട്ടില്‍ വന്നാല്‍ കുഞ്ഞിക്കണ്ണന്‍ ടീച്ചറെ കാണാതേയോ നന്ദിക്കാതേയോ ആരും മടങ്ങിപ്പോയിരുന്നില്ല.

ടീച്ചറുടെ ധീരതയെ കുറിക്കുന്ന അനവധി കഥകള്‍ ഉണ്ട്. ഒന്നു രണ്ടെണ്ണം മാത്രം പറയാം. ഇന്ന് തലശ്ശേരി ഡിസ്ട്രിക്ട് കോടതി നില്ക്കുന്ന സ്ഥലത്തൂടെ പണ്ടൊരു കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ ആരും യാത്ര ചെയ്തിരുന്നില്ല. ആ പ്രദേശം മുഴുവന്‍ കുറ്റിക്കാടുകള്‍ നിറഞ്ഞതാ യിരുന്നു. രാത്രി അറിയാതെ അതിലേ പോയിരുന്നവരെ പിറ്റേന്നു കണ്ടിരുന്നത് വായില്‍ നിന്നു ഒരു തരം നുര വന്നു നിലത്തു കിടക്കുന്ന തായിട്ടാണ്. ഏതോ ഉഗ്രമൂര്‍ത്തിയായ ഒരു പ്രേതം അവിടെ ചുറ്റി നടക്കുന്നുണ്ടെ ന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം ഈ വാര്‍ത്ത കേട്ടപ്പോള്‍ അന്ധവിശ്വാസി യല്ലാത്ത ടീച്ചര്‍ രാത്രി അതില്‍കൂടെ പോയി വരാമെന്നും പ്രേതത്തെ ഒന്നു കാണാമെന്നും പറഞ്ഞു. സ്‌നേഹിതന്മാര്‍ തടുത്തെങ്കിലും കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ പിന്മാറിയില്ല. ഒരു ദിവസം സന്ധ്യ കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പുറപ്പെട്ടു. സ്‌നേഹിതന്മാര്‍ ഭയത്തോടു കൂടി കാത്തിരുന്നു. കോടതിയുടെ പരിസരത്തില്‍ എത്തിയപ്പോള്‍ കാട്ടിനുള്ളില്‍ നിന്നും ഒരുഗ്രജീവി ടീച്ചറുടെ മുമ്പിലേക്ക് ചാടി. ടീച്ചര്‍ കയ്യിലെ വടികൊണ്ട് ഒരടി കൊടുത്തു. ജന്തു നിലത്തു വീണു. പിന്നെ എഴുന്നേ റ്റിട്ടില്ല. ടീച്ചര്‍ തിരിഞ്ഞു നോക്കാതെ നടന്നു വന്നു. അദ്ദേഹം യാതൊരാ പത്തും കൂടാതെ തിരിച്ചു വന്നതു കണ്ടപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം സമാധാനമായി. 

'പ്രേതത്തെ കണ്ടോ? ഒരാള്‍ ടോദിച്ചു.'

'കണ്ടെന്നു മാത്രമല്ല അവന്റെ കഥ കഴിച്ചിട്ടാണ് വന്നത്. സംശയ മുണ്ടെങ്കില്‍ നാളെ രാവിലെ ചെന്നു നോക്കാം'

പിറ്റേ ദിവസം രാവിലെ നാട്ടുകാര്‍ ചെന്നു നോക്കിയപ്പോള്‍ കണ്ടത് വലിയൊരു കാട്ടുപൂച്ച യെയായിരുന്നു. അവനായിരുന്നു രാത്രി സഞ്ചരിക്കുന്നവരെ ദ്രോഹിച്ചിരുന്നത്. അന്നു മുതല്‍ രാത്രി നിര്‍ഭയമായി എല്ലാവരും ആ വഴിയില്‍ കൂടി നടക്കാന്‍ തുടങ്ങി.

പ്രൊഫ. ദാമോദരന്‍
മറ്റൊരു സര്‍ക്കസ് ഇതിഹാസം
ഒരിക്കല്‍ ടീച്ചര്‍, വീടിന്റെ മുറ്റത്തു കളരി കെട്ടി ഗുസ്തി പരിശീലനം നല്കുന്നുണ്ടെ ന്നറിഞ്ഞ ഒരു ഗംഭീരകായനായ സായിപ്പ് ഗുസ്തി മത്സരത്തിന് ചെന്നു. അപ്പോള്‍ ടീച്ചറുടെ അമ്മയായിരുന്നു ഉമ്മറത്തു ണ്ടായിരുന്നത്. അതിമാനുഷനായ സായിപ്പിനെ കണ്ടപ്പോള്‍ അമ്മക്ക് പേടിയായി, അന്ന് ബ്രിട്ടീഷുകാരുടെ ഭരണവുമായിരുന്നു. വേഗം മകനെ വിളിച്ച് വഴക്കിന് നില്‌ക്കേണ്ടെന്ന് താക്കീത് ചെയ്തു. പക്ഷെ ടീച്ചര്‍ അമ്മയെ സമാധാനിപ്പിച്ച് പറഞ്ഞു;

'അമ്മ കളരിയിലേക്കൊന്നും വരേണ്ട, ഞാന്‍ വിളിച്ചാല്‍ വന്നാല്‍ മതി'. വേഗം ലങ്കോട്ടി കെട്ടി കളരിയില്‍ ചെന്നു സായിപ്പിനു കൈ കൊടുത്തു. ചെറിയൊരു നിമിഷമേ വേണ്ടിവന്നുള്ളൂ ആ ശക്തനായ സായിപ്പിനെ പരിചയപ്പെടുത്താന്‍ ആ സായിപ്പിനെ പൊക്കി ഒരു ചെറിയ തൈമേല്‍ വെച്ചതിനു ശേഷം അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു.

കലാപരമായി മാത്രമല്ല, സാമൂഹ്യമായും വലിയ വിപ്ലവകാരി യായിരുന്നു ടീച്ചര്‍. ഇന്നു അയിത്തവും ജാതിയും ഒന്നുമില്ലെങ്കില്‍കൂടി മുമ്പു കേരളത്തിന്റെ സഥിതി എന്തായിരുന്നു വെന്നു പഴമക്കാരോട് അന്വേഷിച്ചാല്‍ മതി. കൈകൊട്ടി പുറത്താക്കുക, ഭ്രഷ്ട് കല്പിക്കുക മുതലായവ വലിയ കുടുംബക്കാര്‍ കൂടി അനുഭവിച്ചവരാണ്. ശ്രീ വിവേകാനന്ദനെ കൊണ്ട് കേരളം ഭ്രാന്താലയമാണെന്ന് പറയിപ്പിച്ചവ രായിരുന്നു നമ്മുടെ പൂര്‍വികര്‍. മഹാകവി കുമാരനാശാന്‍ വിലപിച്ചതു പോലെ:

എത്രപെരുമാക്കള്‍ ശങ്കരാചാര്യന്മാ -
രെത്ര കുഞ്ചന്മാര്‍ തുഞ്ചന്മാരും
ക്രൂരമാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവേ നിന്‍വയറ്റില്‍!

അങ്ങിനെ ക്രൂരമായ ജാതി യശ:ശരീരനായ കുഞ്ഞിക്കണ്ണന്‍ ടീച്ചറേയും വിട്ടില്ല. എങ്കിലും അദ്ദേഹം ധീരനും സാഹസിക നുമായിരുന്നു. ഒരു വിജാതീയ സ്ത്രീയെ വിവാഹം ചെയ്ത് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. അതൊരു വിപ്ലവമായിരുന്നു. എന്നാല്‍ ജാതിരാക്ഷസര്‍ തക്കം കിട്ടുമ്പോഴൊക്കെ ആ സ്മര്യപുരുഷനെ ദ്രോഹിച്ചിരുന്നു. ടീച്ചറുടെ അവസാന കാലത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ആരും കരഞ്ഞു പോകും. തലശ്ശേരിയുടെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ പ്രശസ്തി ആഗോളം വ്യാപിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യകാലം സഹതാപാര്‍ഹ മായിരുന്നു. ശപിക്കപ്പെട്ട ജാതിസ്പര്‍ധയുടെ കരാളമായ കരവലയത്തില്‍ പെട്ട ടീച്ചര്‍ ഇഞ്ചിഞ്ചായി തകരുകയായിരുന്നു. അവസാനം സ്വന്തം മക്കളെ രക്ഷിക്കാനായി മതപരിവര്‍ത്തനം സ്വീകരിക്കേണ്ടി വന്നത് തലശ്ശേരി ക്കാര്‍ക്ക് തീരാത്ത കളങ്കമാണ്. ഹേ, ഗുരോ അങ്ങയുടെ ആത്മാവിന് ഞങ്ങളുടെ ഹൃദയംഗമമായ അഭിവാദ്യങ്ങള്‍! 

---------------------------------------------------------

കടപ്പാട്: 1975 ല്‍ കേരള വിദ്യാഭ്യസ വകുപ്പ്, കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാന കായികമേള യോടനുബന്ധിച്ച് പുറത്തിറക്കിയ 'വിദ്യാരംഗം' മാസികയുടെ വിശേഷാല്‍ പതിപ്പിലാണ് ഈ ലേഖനമുള്ളത്. ചിത്രങ്ങളും അതില്‍ കൊടുത്തിരുന്നതാണ്.