"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 30, വ്യാഴാഴ്‌ച

അയിത്തോച്ചാടനം അഥവാ ക്ഷേത്രപ്രവേശനം - എന്‍ ആര്‍ കൃഷ്ണന്‍

എന്‍ ആര്‍ കൃഷ്ണന്‍
വിശ്രുതമായ വൈക്കത്തു വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ചില അനുഭവങ്ങള്‍ ഞാന്‍ പരസ്യപ്പെടു ത്തിയിട്ടുള്ള 'സ്മരണ ഒന്നാം ഭാഗ'ത്തില്‍ താഴെ ചേര്‍ക്കുന്ന പ്രകാരം കൊടുത്തിട്ടുള്ളതാകുന്നു.

വൈക്കം അയിത്താചാരത്തിന്റെ കേന്ദ്രമായിരുന്നു. 'നരകമിവിടാകുന്നു ഹന്ത: കഷ്ടം! ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?' എന്നു മഹാകവി പാടിയിട്ടുള്ളത് വൈക്കത്തെ അനുഭവം മൂലമായിരിക്കാം. വിശ്വ വിഖ്യാതമായ സത്യാഗ്രഹം വൈക്കത്തു തന്നെ ആവിഷ്‌കരിച്ച നിയതിവൈഭവം അചിന്ത്യമത്രെ. പബ്ലിക് റോഡില്‍ സഞ്ചാര സ്വാതന്ത്ര്യമില്ലാ തിരുന്നതിനാല്‍ അക്കാലത്ത് സ്‌കൂളില്‍ പോകാന്‍ സഹിക്കേണ്ടിവന്ന ക്ലേശം സ്മരിക്കുമ്പോള്‍ ഇന്നും ഹൃദയം തുടിക്കുന്നു. സ്‌കൂളിനു ചുറ്റും സവര്‍ണ സങ്കേതമായിരുന്നു. അതിനാല്‍ ഞങ്ങള്‍ മൂന്നു നാലു മൈല്‍ അകലെ താമസിക്കേണ്ടി വന്നു. ഇടവഴികളിലും വയല്‍ വരമ്പുകളിലും കൂടി രാവിലെ യാത്ര തുടങ്ങുന്നു. ഞങ്ങള്‍ക്കു ദുര്‍ലഭം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ സ്‌കൂളില്‍ സമയത്തു ചെല്ലാന്‍ സാധിച്ചിരുന്നുള്ളൂ. ദീര്‍ഘമായ ഇടവഴികളിലൂടെ അവസാന ഭാഗത്തെത്തുമ്പോള്‍ എതിരെ വരുന്ന ഒരു സവര്‍ണ ഹിന്ദു 'ഹെ ഹോയി' എന്നു ഗര്‍ജിക്കുന്നു. അപ്പോള്‍ ഞങ്ങള്‍ ആ ദീര്‍ഘവഴി തിര്യെ നടക്കാന്‍ നിര്‍ബന്ധിതരാകുന്നു. മുട്ടോളം പുതയുന്ന ചളിയില്‍ ഇറങ്ങി വഴിമാറി ക്കൊടുക്കേണ്ടിയും വരുന്നു. അടുത്ത സവര്‍ണ ഗൃഹത്തിലേക്ക് ആ മഹാന്‍ അല്പം മാറിയാല്‍ ഈ പ്രയാസം കൂടാതെ കഴിയും എന്നാല്‍ അയിത്താചാരപ്രകാരം സവര്‍ണ ഹിന്ദു മുമ്പോട്ടു വെച്ച കാല്‍ പിമ്പോട്ടു വെക്കാന്‍ പാടുള്ളതല്ല. ഈ കഷ്ടതയെ അനുഭവിച്ചു പഴയ സ്ഥലത്തെത്തു മ്പോള്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ഒരു സവര്‍ണ ഹിന്ദു വന്നെന്നു വരാം. അപ്പോള്‍ കാര്യം വീണ്ടും തഥൈവതന്നെ.

അയിത്താചാര പ്രകാരം അവര്‍ണ ഹിന്ദുവിനെ ശിക്ഷിക്കുന്നതിന് കോടതിയോ തെളിവോ സാക്ഷിയോ വിധിയോ ആവശ്യമായിരുന്നില്ല. പ്രാവിനെ പ്രാപ്പിടിയനെന്നോണം അവര്‍ണ ഹിന്ദുവിനെ സവര്‍ണ ഹിന്ദു ശിക്ഷിക്കുന്നു. കാണികളായ സവര്‍ണ ഹിന്ദുക്കള്‍ക്കു ഈ വിനോദത്തില്‍ യഥാശക്തി പങ്കു കൊള്ളുകയും ചെയ്യാം. അക്കാലത്ത് അവര്‍ണ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഒന്നു ചേര്‍ന്നു മാത്രമാണ് വിദ്യാലയത്തില്‍ പൊയ്‌ക്കൊ ണ്ടിരുന്നത്. ഒരിക്കല്‍ ഏകാകിയായി പ്പോകാന്‍ ഇടവന്ന അവര്‍ണ ഹിന്ദു വിദ്യാര്‍ത്ഥിയും ഒരു സവര്‍ണ ഹിന്ദു സ്ത്രീയും തമ്മില്‍ അയിത്തം മൂലം പിടിവീണു. പരസ്പരം താഡനം കഴിഞ്ഞു വസ്ത്രം കീറി അവര്‍ പിരഞ്ഞു. മറ്റൊരവസരത്തില്‍ ഞങ്ങള്‍ വഴിമാറിക്കൊടുത്തതു പോരെന്ന് ഒരു നമ്പൂതിരിക്കു ശങ്ക തോന്നി. അദ്ദേഹം കോപാന്ധനായി. 'കേരളം പരശുരാമന്‍ ഞങ്ങള്‍ക്കു തന്നതാണെന്നറിയാമോ?', എന്നു ഞങ്ങളെ ശാസിക്കുകയുണ്ടായി. 'ഭയത്താല്‍ ഏര്‍പ്പെട്ടതാണ് അയിത്തം. ഭയത്താല്‍ അത് മാറുകയും ചെയ്യും' എന്ന് ഒരിക്കല്‍ അര്‍ത്ഥവത്തായി സ്വാമി തൃപ്പാദങ്ങള്‍ കല്പിക്കുകയുണ്ടായി. 

വിദ്യാര്‍ത്ഥിയായി ഞാന്‍ ആലപ്പുഴ ജീവിതം നയിക്കുന്ന കാലത്തുണ്ടായ മറ്റൊരനുഭവം ഇപ്രകാരമാണ്. ഇന്ന് മുഹമ്മദന്‍ ഹൈസ്‌കൂള്‍ എന്ന് അറിയപ്പെട്ടു പോരുന്ന സ്‌കൂള്‍ അക്കാലത്ത് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആണ്. ആ സ്‌കൂളില്‍ മൂന്നാം ഫാറത്തില്‍ ഞാനുള്‍പ്പെടെ ഒരു ഡസന്‍ അവര്‍ണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നുവരികിലും ജാതിശല്യം അവിടെ കലശലായി അനുഭവിക്കേണ്ടി വന്നിരുന്നു. സ്‌കൂള്‍ വിട്ടു ഗേറ്റിനു പുറത്തിറങ്ങിയാല്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ വലയം ചെയ്യുക പതിവായി. വളരെ അകലെ ഞങ്ങള്‍ എത്തിച്ചേരുന്നതു വരെ ജാതീയമായ അസഭ്യങ്ങള്‍ വര്‍ഷിച്ചുകൊണ്ട് അവര്‍ ഞങ്ങളെ അനു ഗമിക്കും. ഒരു ദിവസം അവരെ എതിര്‍ക്കുന്നതിനു തന്നെ ഞങ്ങള്‍ നേരത്തേ നിശ്ചയം ചെയ്തു. ദീര്‍ഘകായനും ബലിഷ്ഠനുമായ ശ്രീ കെ കെ മാധവന്‍ (ഇന്നദ്ദേഹം റിട്ട. ഡെപ്യൂട്ടി സെക്രട്ടറിയാണ്) അന്നത്തെ ഞങ്ങളുംടെ സംഘത്തലവനായിരുന്നു. സായാഹ്നത്തില്‍ സ്‌കൂള്‍ വിട്ട് എല്ലാവരും ഗേറ്റിന് പുറത്തിറങ്ങി. അവര്‍ണ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല കൃശഗാത്രനായ എനിക്കാ യിരുന്നു. പതിവുപോലെ സവര്‍ണ വിദ്യാര്‍ത്ഥികള്‍ വളഞ്ഞു അസഭ്യങ്ങള്‍ പുലമ്പി. അല്പനേരത്തേക്ക് ഏറ്റുമുട്ടല്‍ നടന്നു. ഒടുവില്‍ ഒരു സവര്‍ണ വിദ്യാര്‍ത്ഥിയുടെ കണ്ഠത്തിനു സ്റ്റീല്‍ പേനകൊണ്ടൊരു കുത്തു കിട്ടി. തന്മൂലം ഉണ്ടായ രക്തപ്രവാഹം ദര്‍ശിച്ചതോടെ സവര്‍ണ വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്തു. പിന്നീടു ഞങ്ങള്‍ക്കു ആ മാതിരി ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല.

എറണാകുളത്തു വെച്ചുണ്ടായ മറ്റൊരനുഭവം കൂടി അനുസ്മരിച്ചു നിര്‍ത്തിക്കൊള്ളുന്നു. അന്ന് എറണാകുളം കോളേജ് സമ്പൂര്‍ണ കോളേജ് ആയിരുന്നില്ല. എഫ് എ ക്ലാസ് എന്നറിയപ്പെട്ടിരുന്ന ഇന്റര്‍മീഡിയറ്റ് ക്ലാസും ബാക്കി ഹൈസ്‌കൂള്‍ ക്ലാസുകളുമാണ് അന്ന് കോളേജില്‍ ഉണ്ടായിരുന്നത്. ഡേവി സായിപ്പാണ് പ്രിന്‍സിപ്പാള്‍. ഞാനും മച്ചുനന്മാ രായ രണ്ടുപേരും അന്ന് അവിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ ഞങ്ങള്‍ മാത്രമാണ് അവര്‍ണ വിദ്യാര്‍ത്ഥികള്‍. ഞങ്ങള്‍ സായംകാലം സ്‌കൂള്‍ വിട്ടിറങ്ങുമ്പോള്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ വലയം ചെയ്തു അസഭ്യങ്ങള്‍ പുലമ്പുക പതിവായിരുന്നു. ഒരു ദിവസം ബലിഷ്ഠ കായന്മാരായിരുന്ന മച്ചുനന്മാര്‍ പുസ്തകങ്ങള്‍ എന്നെ ഏല്പിച്ച് സവര്‍ണരെ എതിര്‍ത്തു. ചില ഏറ്റുമുട്ടലുകള്‍ നടന്നു. അതിനിടയില്‍ ഒരു സവര്‍ണ വിദ്യാര്‍ത്ഥിയുടെ മുഷ്ടി ചുരുട്ടിയുള്ള ഇടി നെഞ്ചില്‍ ഏറ്റ് മച്ചുനന്മാരില്‍ ഒരാള്‍ ഇരുന്നു പോയി. ഇതു കണ്ടു ഭയപ്പെട്ട സവര്‍ണ വിദ്യാര്‍ത്ഥികള്‍ സ്ഥലം വിട്ടു. ഞങ്ങള്‍ മച്ചുനനെ താങ്ങി പ്രിന്‍സിപ്പാള്‍ ഡേവി സായ്പിന്റെ മുമ്പില്‍ ഹാജരാക്കി വിവരം ധരിപ്പിച്ചു. സായ്പ് ഉടന്‍ പ്യൂണിനെ വിട്ട് ആ സവര്‍ണ വിദ്യാര്‍ത്ഥിയെ വരുത്തി കഠിനമായി ശിക്ഷിച്ചു. എങ്കിലും ആ മച്ചുനന്‍ മരിക്കുന്നതു വരെ അതിന്റെ ഉപദ്രവം സഹിക്കേണ്ടി വന്നിരുന്നു. ആ മച്ചുനന്മാര്‍ രണ്ടു പേരും ദിവംഗതരായിട്ട് ഇന്ന് കൊല്ലങ്ങള്‍ ഏറെയായി. 

സര്‍ക്കാര്‍ സ്‌കൂളും അയിത്തവും

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ണര്‍ക്കു പ്രവേശനാ നുവാദ മുണ്ടായിരു ന്നില്ല. ഈ നിലയില്‍ ചേര്‍ത്തല മലയാളം സ്‌കൂളും ഇംഗ്ലീഷ് സ്‌കൂളും ഉണ്ടായിരുന്നെങ്കിലും അതുകളില്‍ പഠിക്കുവാനുള്ള ഭാഗ്യം അസ്മാദൃശ ന്മാര്‍ക്കു ണ്ടായിരുന്നില്ല. ദിവാന്‍ വി പി മാധവരായരുടെ ഭരണകാലത്തു 1904 ല്‍ അദ്ദേഹം ആദ്യമായി ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. അതി ലേക്കു 50 രൂപ കരം തീരുവ വോട്ടവകാശമായി തീരുമാനിച്ചു. എന്റെ മാതാമഹന്‍ ശ്രീ പാറയില്‍ രാമന്‍വൈദ്യര്‍ക്കും വോട്ടു ചെയ്യുവാനുള്ള ക്ഷണം കിട്ടി. വോട്ടിനു നിശ്ചയിച്ചിരുന്ന സ്ഥലം ചേര്‍ത്തല സര്‍ക്കാര്‍ മലയാളം സ്‌കൂളിലായിരുന്നു. സ്‌കൂള്‍ അവര്‍ണര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലവുമാണ്. എന്നിരുന്നാലും താസീല്‍ദീരില്‍ നിന്നു ക്ഷണം കിട്ടിയതനു സരിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു. അക്കാലത്ത് കുടിപ്പള്ളിക്കൂട ത്തില്‍ പഠിച്ചിരുന്ന എന്നെയും മാതാമഹന്‍ കൂടെ കൊണ്ടു പോവുക യുണ്ടായി. ഞങ്ങള്‍ സ്‌കൂളില്‍ പ്രവേശിച്ചു. ശുചിത്വം കൊണ്ടും വസ്ത്രധാരണ രീതിമൂലവും ശരീര ശോഭകൊണ്ടും സാമാന്യ ജനങ്ങള്‍ ഞങ്ങളെ സവര്‍ണരെന്നു ധരിച്ചിരിക്കണം. വോട്ടു ചെയ്യാന്‍ സമയമായി. മാതാമഹന്റെ പേര്‍ വിളിച്ചു. മാതാമഹന്‍ വോട്ടു ചെയ്തു. പേരുവിളി കേട്ട സമയം ഞങ്ങള്‍ അവര്‍ണരെന്നു സവര്‍ണര്‍ മനസിലാക്കി. സവര്‍ണരുടെ ഇടയിലും വിശിഷ്യാ വിദ്യാര്‍ത്ഥികളുടെ ഇടയിലും കുശുകുശു ശബ്ദം കേള്‍ക്കുമാറായി. വോട്ടുകഴിഞ്ഞു ഞങ്ങള്‍ സ്‌കൂളിനു പുറത്തിറങ്ങി. ഒരു സംഘം സവര്‍ണര്‍ ഞങ്ങളെ ചുറ്റിപ്പറ്റി ജാതിപരമായ അസഭ്യവാക്കുകള്‍ വിളിച്ചു പറഞ്ഞു തുടങ്ങി. ഞങ്ങള്‍ അതു ശ്രദ്ധി ക്കാതെ നടന്നു. എങ്കിലും അവര്‍ പിന്തുടര്‍ന്നു. ഒടുവില്‍ ഞങ്ങളുടെ അനുയായി കളായുണ്ടായിരുന്ന ബലിഷ്ഠകായന്മാര്‍ തിരിഞ്ഞു നിന്നു. എതിര്‍ത്ത സമയം പന്തിയല്ലെന്നു കണ്ട് സവര്‍ണര്‍ പിന്മാറി. അനിഷ്ട സംഭവങ്ങള്‍ കൂടാതെ പോവുകയും ചെയ്തു. അനന്തരകാലത്തു എന്നെ നിയമ സഭാ സാമാജികനായി നോമിനേറ്റു ചെയ്ത സമയം എന്നെയും സഹമെമ്പര്‍മാരായിരുന്ന പി എസ് മുഹമ്മദ്, മുറിവേലില്‍ പാച്ചുപിള്ള എന്നിവരേയും അനുമോദിക്കു ന്നതിനായി ജഡ്ജി ശ്രീ എന്‍ കുമാരന്റെ അധ്യക്ഷതയില്‍ ഇതേ സ്‌കൂളില്‍ വെച്ച് താലൂക്ക് പൗരന്മാരുടെ ഒരു മഹാസമ്മേളനം ചേര്‍ന്നു. ആ സമ്മേളനത്തില്‍ എന്റെ കൃതജ്ഞതാ പ്രസംഗത്തില്‍ ഇതേ സ്‌കൂളില്‍ വെച്ച് പൂര്‍വകാലത്ത് എനിക്കുണ്ടായ സ്വീകരണം സൂചിപ്പിക്കുക യുണ്ടായി.

വളരെക്കാലത്തെ പ്രക്ഷോഭണ ഫലമായി വൈക്കം ഗവണ്‍മെന്റു ഹൈസ്‌കൂളില്‍ അവര്‍ണര്‍ക്കു പ്രവേശനാനുമതി സിദ്ധിച്ചു. ആദ്യമായി പ്രവേശിച്ച ചുരുക്കം ചില വിദ്യാര്‍ത്ഥികളില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. 3 ആം ഫാറത്തില്‍ പഠിച്ചിരുന്ന ഏക അവര്‍ണ വിദ്യാര്‍ത്ഥി ഞാനായി രുന്നു. അന്ന് ക്ലാസിനു വെളിയില്‍ ഒരു പ്രത്യേക ബഞ്ചു തന്ന് എന്നെ ബഹുമാനിക്കുകയോ അപമാനിക്കുകയോ ചെയ്തിരുന്നു. ഏറെ നാള്‍ കഴിയുംമുമ്പ് പരിശോധനക്കായി വന്ന സ്‌കൂള്‍ ഇന്‍സ്പക്ടറുടെ ദയാദൃഷ്ടി എന്നില്‍ പതിഞ്ഞതു മൂലം എനിക്കു സഹവിദ്യാര്‍ത്ഥി കളുടെ കൂടെ ഇരിക്കുവാനുള്ള ഭാഗ്യമുണ്ടായി. ശ്രീ കുട്ടിയാട്ടു ശിവരാമപ്പണിക്കര്‍ ബിഎഎല്‍റ്റിയും ശ്രീ പത്മനാഭനുണ്ണി എംഎയും ആ സ്‌കൂളില്‍ അന്നു വിദ്യാര്‍ത്ഥികളായിരുന്നു. അക്കാലത്ത് അവര്‍ണ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കേണ്ടി വരുമ്പോള്‍ ചൂരല്‍ വടിയുടെ ഒരഗ്രം ഉപാധ്യായന്റെ കയ്യിലും മറ്റേ അറ്റം വിദ്യാര്‍ത്ഥിയുടെ ദേഹത്തും തൊട്ട് അയിത്ത മുണ്ടാകാതിരിക്കാന്‍ ചൂരല്‍ എറിഞ്ഞടിച്ചു അയിത്തം പാലിച്ചു പോന്നിരുന്നു. അനന്തരം ഞാന്‍ സ്‌കൂള്‍ ഫൈനല്‍ ക്ലാസില്‍ ആ സ്‌കൂളില്‍ ആദ്യത്തെ അവര്‍ണ വിദ്യാര്‍ത്ഥിയായി പഠിച്ചു വന്നിരുന്നു. അക്കൊല്ലം ജോര്‍ജ് പഞ്ചമന്റെ കിരീട ധാരണം സംബന്ധിച്ചു സ്‌കൂളില്‍ ചേര്‍ന്ന ഒരു മഹാ സമ്മേളനത്തില്‍ വെച്ച് അധ്യക്ഷനായിരുന്ന ശ്രീ നാരായണന്‍തമ്പി കിരീടധാരണ മെഡല്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയ എനിക്കു തരുവാന്‍ ഇടയായി!

എന്‍ ആര്‍ കൃഷ്ണന്‍

ചേര്‍ത്തലയിലെ പ്രസിദ്ധമായ പാറയില്‍ കുടുംബത്തില്‍ 1066 ല്‍ ജനിച്ചു. പട്ടണക്കാട് ഭാരതീവിലാസം സ്‌കൂള്‍, വൈക്കം ഹൈസ്‌കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിട ങ്ങളില്‍ പഠനം നടത്തി. 1091 ല്‍ ചേര്‍ത്തല മുന്‍സിഫ് കോര്‍ട്ടില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സിസിലും അംഗമായി സേവന മനുഷ്ഠിച്ചു. ക്ഷേത്രപ്രവേശനവാദം, കുടികിടപ്പു ദേഹണ്ഡബില്‍ എന്നിവ ആദ്യമായി പ്രജാസഭയിലും നിയമസഭയിലും ഉന്നയിച്ചു. ചേര്‍ത്തല വക്കീല്‍ സംഘം പ്രസിഡന്റായും പഞ്ചായത്തു കോടതിയിലെ സീനിയര്‍ ജഡ്ജിയായും പ്രസിഡന്റായും ഫൈനാന്‍സ് കമ്മിറ്റി തുടങ്ങിയുള്ള അനേകം കമ്മിറ്റികളിലെ അംഗമായും സേവനമനുഷ്ഠിച്ചു. ചേര്‍ത്തല എസ് എന്‍ മെഡിക്കല്‍ മിഷന്‍, എസ്എന്‍ഡിപി യൂണിയന്‍ ബില്‍ഡി ങ്‌സ്, ആര്‍ വി ബാങ്ക് മുതലായവയുടെ സഥാപകനാണ്.

സാഹിത്യ പ്രവര്‍ത്തന രംഗങ്ങളിലും അവിസ്മരണീയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കവികളേയും കലാകാരന്മാരേയും ഉപദേശങ്ങള്‍ കൊണ്ടും സംഭാവനകള്‍ കൊണ്ടും പ്രോത്സാഹിപ്പിച്ചു. മാത്രമല്ല സ്വന്തമായി ഗ്രന്ഥങ്ങള്‍ രചിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വേദാന്തപ്രവേശിക, ശാന്തലിംഗസ്വാമികള്‍, സ്മരണ, ഉദയഭാനു, ഈഴവറഗുലേഷന്‍ (വ്യാഖ്യാനം) ഈഴവര്‍ അന്നും ഇന്നും എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. ചരിത്രം വേദാന്തം എന്നീ സാഹിത്യ പ്രസ്ഥാനങ്ങളിലാണ് ഗ്രന്ഥകാരന്‍ കൂടുതല്‍ മമത കാണിക്കുന്നത്. കേരളകൗമുദി, മലയാളരാജ്യം (ആഴ്ചപ്പതിപ്പ്), ദിനമണി, മിതവാദി, മലയാള മനോരമ, സഹോദരന്‍ എന്നിവയില്‍ എഴുതിയിട്ടുള്ള ലേഖനങ്ങളിലധികവും പ്രസ്തുത വിഷയങ്ങളെ അധികരിച്ചുള്ളവയാണ്.

---------------------------------------
കടപ്പാട്: എന്‍ ആര്‍ കൃഷ്ണന്റെ 'അയിത്തോച്ചാടനം അധവാ ക്ഷേത്രപ്രവേശനം' എന്ന ഗ്രന്ഥത്തില്‍ നിന്നും. 1963 ല്‍ ശ്രീ നരസിംഹവിലാസം ബുക്കു ഡിപ്പോ തുറവൂര്‍, കൊല്ലം ആണ് ഗ്രന്ഥത്തിന്റെ പ്രസാധകര്‍. അവതാരിക സഹോദരന്‍ കെ അയ്യപ്പന്‍.