"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 4, ശനിയാഴ്‌ച

ഇന്ത്യന്‍ ജനാധിപത്യവും ബ്രഹ്മയിസവും - രവി കുമ്മഞ്ചേരി

രവി കുമ്മഞ്ചേരി
ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആധുനിക ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുഗുണമായത് എന്തെങ്കിലും തത്ത്വസംഹിത ഉണ്ടോ എന്ന് അംബേദ്കര്‍ അന്വേഷി ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ന് നിലനില്ക്കുന്ന ഭരണ രീതിയായ ജനാധിപത്യം ഒരു ജീവിതദര്‍ശനമാ ണെന്നും സമത്വത്തെയും സ്വാതന്ത്ര്യ ത്തെയും നിലനിര്‍ത്തുന്ന സാഹോദര്യമാണ് അതിന്റെ അടിസ്ഥാന മെന്നും അംബേദ്കര്‍ അഭിപ്രായപ്പെടുന്നു.40 എന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം വളര്‍ന്നില്ല. ബ്രാഹ്മണിസ ത്തിന്റെ സാഹോദര്യത്തോടുള്ള നിഷേധാത്മക സമീപനമാണ് അതിനു കാരണം. വര്‍ണ വ്യവസ്ഥയും ജാതി വ്യവസ്ഥയും പരിപാലിക്കാനാണ് ഹിന്ദുത്വ നിയമ സംഹിതകള്‍ തയ്യാറാക്കപ്പെട്ടത് എന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു.

ആധുനിക ജനാധിപത്യപ്രക്രിയയ്ക്ക് സഹായകമായിത്തീരുമായിരുന്ന ഒരു ദര്‍ശനം ഇന്ത്യ ജന്മം നല്കിയിരുന്നു എന്ന് ഹിന്ദു ദാര്‍ശനികതയെയും മതചിന്തയെയും മൂന്നായി വിഭജിച്ച് വിശകലനം ചെയ്യുമ്പോള്‍ അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ബ്രഹ്മയിസം, വേദാന്തം, ബ്രാഹ്മണിസം എന്നിവയാണവ.41 ഇതില്‍ ബ്രഹ്മയിസത്തെ ജനാധിപത്യവുമായ ചേര്‍ത്തുനിര്‍ത്തി പരിശോധിച്ച് അതിന്റെ സാരാംശത്തെ അംബേദ്ക്കര്‍ ഇങ്ങനെ സംഗ്രഹിക്കുന്നു.

സര്‍വം ഖല്വിദം ബ്രഹ്മ - ഇതെല്ലാം ബ്രഹ്മാകുന്നു.
അഹംബ്രഹ്മാസ്മി - അതുകൊണ്ട് ഞാന്‍ ബ്രഹ്മമാകുന്നു.
തത്വമസി - അതിനാല്‍ നീയും ബ്രഹ്മമാകുന്നു.

ജഗത്ത് യാഥാര്‍ത്ഥ്യമാണെന്നും ജഗത്തിനു പിന്നിലെ ഉണ്മ ബ്രഹ്മമാണെ ന്നുമുള്ളതാണ് ബ്രഹ്മയിസത്തിന്റെ സാരം. ബ്രഹ്മത്തെ അറിയാന്‍ മനുഷ്യനുള്ള അപ്രാപ്തിയെയാണ് അംബേദ്ക്കര്‍ വിമര്‍ശിക്കുന്നത്. 'ഞാന്‍ ബ്രഹ്മമാകുന്നു' എന്നത് ധാര്‍ഷ്ട്യമായി തോന്നാം. എന്നാല്‍ അത് ഒരാളുടെ സ്വന്തം മൂല്യത്തിലുള്ള സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. മനുഷ്യന്റെ ഭാഗത്തു നിന്ന് അത്തരമൊരു സാക്ഷ്യപ്പെടുത്തല്‍ സ്വാഗതം ചെയ്യപ്പെടേ ണ്ടതാണ്. എന്നാല്‍ ഈ ചിന്താധാരയെ വേദാന്തവും ബ്രാഹ്മണിസവും അട്ടിമറിച്ചതായി അംബേദ്കര്‍ വ്യക്തമാക്കുന്നു. ആത്മനും ബ്രഹ്മവും ഏകമാണെന്നതിനോട് ബ്രഹ്മയിസവും വേദാന്തവും യോജിക്കുമ്പോഴും ജഗത്തിനെ മിഥ്യയായി ബ്രഹ്മയിസം കണക്കാക്കുന്നില്ല. എന്നാല്‍ ജഗത്തിനെ മിഥ്യയായി വേദാന്തം കണക്കാക്കുന്നു. ബ്രാഹ്മണ മതമാകട്ടെ വേദങ്ങള്‍ പവിത്രവും അപ്രമാദിത്വവുമാണെന്ന സിദ്ധാന്തം അവതരിപ്പി ക്കുകയും മോക്ഷത്തിലേക്കുള്ള ഏകമാര്‍ഗം യജ്ഞ കര്‍മമാണെന്ന് നിയമവല്‍ക്കരിച്ച് ചാതുര്‍വര്‍ണ്യത്തിലുള്ള വിശ്വാസം ദൃഢപ്പെടുത്തു കയും ചെയ്തു.

ബ്രഹ്മയിസത്തെയും ആധുനിക ജനാധിപത്യ സങ്കല്പത്തെയും താരതമ്യ പ്പെടുത്തുന്നതിലൂടെ അംബേദ്കറുടെ രാഷ്ട്രീയ വിക്ഷണത്തി്‌ന്റെ ചരിത്രപരത എത്രമാത്രംവിപുലമാണെന്നു കാണാം. അദ്ദേഹം പറയുന്നു. ബ്രഹ്മം അജ്ഞേയം തന്നെയാകട്ടെ. എന്നാല്‍ അങ്ങനെയുള്ള ബ്രഹ്മയിസ ത്തിന് ജനാധിപത്യത്തിനുവേണ്ട ഒരടിത്തറ എന്ന നിലയില്‍ ചില സാമൂഹിക വിവക്ഷകളുണ്ട്. എല്ലാവരും ബ്രഹ്മത്തിന്റെ ഭാഗമാണെങ്കില്‍ ഏവരും തുല്യരും ജനാധിപത്യം അര്‍ഥമാക്കുന്ന അതേ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും ആയിരിക്കണം. അതിനാല്‍ ജനാധിപത്യത്തിന് ബ്രഹ്മതത്ത്വത്തെക്കാള്‍ ശക്തമായൊരടിത്തറയെ പ്രദാനം ചെയ്യാന്‍ മറ്റൊരു തത്ത്വത്തിനും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.42 എന്നാല്‍ ബ്രഹ്മയിസം ധര്‍മത്തെ അടിസ്ഥാനമാക്കിയില്ല. എന്നുമാത്രമല്ല ഈ ദര്‍ശനത്തിന് സാമൂഹിക ജീവിതത്തില്‍ യാതൊരു സ്വാധീനം ചെലു ത്താനും കഴിഞ്ഞില്ല. അത് വെറുമൊരു ദര്‍ശനം മാത്രമായി ചുരുങ്ങി. ഒരു ദര്‍ശനം ജീവിത പ്രശ്‌നങ്ങളെ അഭിമുഖി കരിക്കുമ്പോഴാണ് സ്വാര്‍ത്ഥകമാകുന്നത്. സമുഹത്തെ പുനര്‍നിര്‍മിക്കാന്‍ അതിനു കഴിയണം. ഇന്ത്യയില്‍ ബ്രഹ്മയിസം പരാജയപ്പെടാന്‍ പ്രധാന കാരണം അത് ഒരു സിദ്ധാന്തം മാത്രമായി ഒതുങ്ങിപ്പോയി എന്നതാണ്. ഈ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ ബ്രാഹ്മണിസത്തിന്റെ വക്താക്കള്‍ തയ്യാറായതുമില്ല. അതിനുപകരം ജാതികളും ഉപജാതികളും വര്‍ണങ്ങളു മായുള്ള സാമൂഹിക ക്രമത്തെ പിന്തുണയ്ക്കുകയാണ് അവര്‍ ചെയ്തത്. അങ്ങനെ ഇന്ത്യയില്‍ ജനാധിപത്യതത്ത്വമായ ബ്രഹ്മയിസവും മറുവശത്ത് സാമൂഹിക വിഭജനത്തെ അംഗീകരിക്കുന്ന ബ്രാഹ്മണിസവും ഒരേസമയം നിലനിന്നു. ഇതില്‍ ഏറ്റവും പരിഹാസ്യമായത് ശങ്കരാചാര്യരുടെ സിദ്ധാന്തമാണെന്നു അംബേദ്കര്‍ അഭിപ്രായപ്പെടുന്നു. ശങ്കരാചാര്യര്‍ ബ്രഹ്മം യഥാര്‍ത്ഥവും സര്‍വ്വവ്യാപിയുമാണെന്ന് പഠിപ്പിക്കുകയും അതേസമയം ബ്രാഹ്മണിക സമൂഹത്തിന്റെ സര്‍വ അധാര്‍മികതകളെയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.4
3
ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതി വേദാന്തചിന്തയിലൂടെ ബ്രാഹ്മണിസത്തി ലൂടെ വ്യക്തിയുടെ കര്‍ത്തൃത്വത്തെ നിഷേധിക്കുകയും ജനാധിപത്യ സങ്കല്പത്തെ അട്ടിമറിക്കുകയും ചെയ്തുവെന്ന് അംബേദ്കര്‍ വ്യക്തമാക്കു ന്നു. ആധുനിക ജനാധിപത്യസംവിധാനത്തെപ്പോലും റദ്ദാക്കാനുള്ള ശേഷി ജാതി-വര്‍ണ കേന്ദ്രീകൃതമായ സാമൂഹികാവസ്ഥയ്ക്കുണ്ടെന്ന് അദ്ദേഹം ദിര്‍ഘദര്‍ശനം ചെയ്തു.44

ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ സംരക്ഷണം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് അവരുടെ അവകാശങ്ങള്‍ നിലവില്‍ വരണം. അവകാശങ്ങള്‍ സംരക്ഷിക്ക പ്പെടുന്നത് നിയമങ്ങള്‍ കൊണ്ടല്ല ധാര്‍മിക മന:സാക്ഷി മുഖേനയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെ ധനാത്മകമായ പ്രതിപ്രവര്‍ത്തനത്തിനായി, രാഷ്ട്രീയ പരിഷ്‌ക്കരണത്തിന് മുന്നുപാധിയായി സാമൂഹിക പരിഷ്‌ക്കരണം സാധ്യമാകേണ്ടതുണ്ടെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു. അതിനാല്‍ രാഷ്ട്രമെന്നത് ജനങ്ങളുടെ അവകാശ സംരക്ഷ ണാര്‍ത്ഥം ഭരണകൂടം നടത്തുന്ന ക്രമസമാധാനപാലനം മാത്രമാണെന്ന് അമേരിക്കന്‍ രാജ്യതന്ത്രജ്ഞനായ ജെഫേഴ്‌സനെ മുന്‍നിര്‍ത്തി അദ്ദേഹം സ്ഥാപിക്കുന്നു. എന്നാല്‍ ഇന്ത്യനവസ്ഥയില്‍ ഒരു വ്യക്തിക്കെതിരെ മര്‍ദ്ദനവും പീഡനവും അഴിച്ചുവിടാന്‍ ഗവണ്‍മെന്റിനു കഴിയുന്നതിനേ ക്കാള്‍ കൂടുതല്‍ ഒരു സമൂഹത്തിനു കഴിയുമെന്ന് അംബേദ്കര്‍ വ്യക്തമാ ക്കുന്നുണ്ട്. ഹിന്ദു സമൂഹം ജാതീകൃതമായ അസമത്വങ്ങളിലുടെ നടപ്പിലാക്കുന്ന കര്‍ക്കശമായ സാമൂഹിക ബഹിഷ്‌ക്കരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പീനല്‍ക്കോഡിലെ ശിക്ഷാവിധികള്‍ എത്രയോ നിസ്സാരമാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.45

1990 ഏപ്രില്‍ 12-ന് അന്നത്തെ രാഷ്ട്രപതിയായിരുന്നു ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ പാര്‍ലമെന്റില്‍ പ്രസ്താവിച്ച കാര്യവുമായി ചേര്‍ത്തുവെയ്ക്കു മ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം സാമൂഹിക സമത്വം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. അദ്ദേഹം പറഞ്ഞു: ജനങ്ങളില്‍ വലിയൊരു വിഭാഗം ക്രൂരമായ അവജ്ഞയും മര്‍ദ്ദനവും ജാതിഭ്രഷ്ടും അനുഭവിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ജീവിക്കുന്നത്.46 സാമൂഹിക ജനാധിപത്യത്തിന്റെ അഭാവമാണ് ഇത് കാണിക്കുന്നത്. ബുദ്ധദര്‍ശനം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ ഒരു സമൂഹരൂപമായി കാണണമെന്നും ഭരണരൂപമായി അതിനെ ചുരുക്കി കാണുന്നത് അപകടമാണെന്നും അംബേദ്കര്‍ പറയുന്നു. ഭരണഘടനാ പരമായ നിയമങ്ങളിലൂടെ അയിത്തം പോലുള്ള അനാചാരങ്ങള്‍ നിരോധിച്ചിട്ടും സാമൂഹിക നിയമങ്ങള്‍ അതിന്റെ അസമത്വവ്യവസ്ഥയെ പരിപാലിക്കുന്നു എന്നാണ് സമകാലിക ഇന്ത്യനവസ്ഥയില്‍ നിന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.47 ദലിതുകളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കാള്‍ കൂടുതല്‍ ആഭ്യന്തര കൊളോണിയല്‍ ശക്തികളില്‍ നിന്നുള്ള മോചനമായി രുന്നു പ്രധാനം. അതുകൊണ്ടു തന്നെ ബ്രാഹ്മണ ഹിന്ദുത്വം ആദര്‍ശവല്‍ക്ക രിക്കുന്ന അതി ഭൗതികചിന്താമണ്ഡലത്തില്‍ നിന്നും അവ പുനരുല്‍പ്പാ ദിപ്പിക്കുന്ന പ്രത്യയശാസ്ത്രവ്യവഹാരങ്ങളില്‍ നിന്നും മോചനം നേടാനു ള്ള മാര്‍ഗ്ഗമായി ബുദ്ധിസ്റ്റ് വ്യവഹാരത്തെയും ആധുനിക ജനാധിപത്യ സംവിധാനത്തെയും അംബേദ്കര്‍ കണ്ടു.

അംബേദ്കര്‍ ഭരണഘടന ഇന്ത്യയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ബുദ്ധഭിക്ഷു സംഘങ്ങള്‍ ജനാധിപത്യമെന്ന ആദര്‍ശം നിലനിര്‍ത്തിയിരുന്നുവെന്ന സൂചന നല്കുന്നുണ്ട്. ഇന്നത്തെ പാര്‍ല മെന്ററി നടപടികളോട് സമാനമായ സമ്മതിദാനം, പ്രമേയങ്ങള്‍, അവതരണങ്ങള്‍, വിലക്കുകള്‍, വിപ്പുകള്‍ എന്നിവ സംഘങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കാവുന്ന മൂന്ന് അപകടങ്ങളെക്കുറിച്ച് അംബേദ്കര്‍ മുന്നറിയിപ്പു നല്കി.48ഒന്നാമത്തേത് ജനാധിപത്യത്തില്‍ ജനകീയ പ്രതിഷേധത്തിനുള്ള സ്ഥാനത്തെ പ്പറ്റിയായിരുന്നു. രക്തരൂക്ഷിതമായ വിപ്ലവത്തിനൊന്നും വകുപ്പില്ലെന്നും, ഗാന്ധിയന്‍ സമരരീതികള്‍, പൗരനിസ്സഹകരണം, നിസ്സഹകരണപ്രസ്ഥാനം, സത്യഗ്രഹം, ഉപേക്ഷിക്കണമെന്നുമായിരുന്നു. പ്രശ്‌നപരിഹാരത്തിന് ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കേണ്ടതെന്നും സത്യഗ്രഹ വും മറ്റും അരാജകത്വത്തിന്റെ വ്യാകരണമാണെന്നും അദ്ദേഹം പറഞ്ഞു.49

രണ്ടാമത്തെ മുന്നറിയിപ്പ് വ്യക്തിപ്രഭാവത്തിന് അടി പണിയുന്നതിനെതി രായിരുന്നു. ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ ആശയത്തെ സ്വീകരിച്ചുകൊണ്ട് അംബേദ്ക്കര്‍ പറഞ്ഞു: പൗരന്മാര്‍ മഹാനായ ഒരു മനുഷ്യന്റെ കാല്‍ക്കല്‍പോലും സ്വാതന്ത്ര്യങ്ങള്‍ അടിയറവെയ്ക്കരുത്..........ഇന്ത്യയില്‍ ഭക്തി അഥവാ വീരാരാധന രാഷ്ട്രീയത്തില്‍ ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര വലിയ പങ്കു വഹിക്കുന്നുണ്ട്. മതത്തില്‍ ഭക്തിയാകാം. പക്ഷേ രാഷ്ട്രീയത്തില്‍ ഭക്തി, വീരാരാധന എന്നിവ ഏകാധിപത്യത്തിന് വഴിയൊരുക്കും.

അംബേദ്കരുടെ മൂന്നാമത്തെ മുന്നറിയിപ്പ് ഇന്ത്യാക്കാര്‍ വെറും രാഷ്ട്രീയ ജനാധിപത്യം കൊണ്ട് തൃപ്തരാകരുത് എന്നായിരുന്നു.

ഇന്ത്യ വൈദേശിക ഭരണത്തെ കെട്ടുകെട്ടിച്ചു. പക്ഷേ അസമത്വം, മേല്‍ക്കീഴ് ശ്രേണി എന്നിവ ഇനിയും കൈകാര്യം ചെയ്യാന്‍ ബാക്കിയാണ്. അതുകൊണ്ട് 1950 ജനുവരി 26 ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാകുമ്പോള്‍ അത് വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്. രാഷ്ട്രീയത്തില്‍ നമുക്കു സമത്വമുണ്ടാകും, സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ അസമത്വവും. രാഷ്ട്രീയത്തില്‍ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്ത്വം നാം അംഗീകരിക്കും. സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടനകാരണം ഒരു വ്യക്തി ഒരു മൂല്യം എന്ന തത്ത്വം തിരസ്‌കരിക്ക പ്പെടുന്ന അവസ്ഥ തുടരും. ഏറെക്കാലം ഈ തിരസ്‌കാരം തുടര്‍ന്നാല്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും.

ഇന്ത്യയിലെ ഭക്തികേന്ദ്രീകൃതമായ മതാത്മകതയും വീരാരാധനയും ഒഴിവാക്കികൊണ്ട് രാഷ്ട്രീയ യുക്തിയിലധിഷ്ഠിതമായ വ്യവഹാര നിര്‍മിതിയിലൂടെ യായിരിക്കണം ദലിതുകള്‍ സ്വാതന്ത്ര്യത്തെ അന്വേഷിക്കേണ്ടത് എന്നതായിരുന്നു അംബേദ്കര്‍ ലക്ഷ്യം വച്ചത്. 1920 മുതല്‍ അദ്ദേഹം നടത്തിയ സമരങ്ങളും രാഷ്ട്രീയ പരിരക്ഷയ്ക്കായുള്ള ശ്രമങ്ങളും പൗരസമൂഹത്തെ അവകാശബോധമുള്ളവരാക്കി മാറ്റി. ജാതീകൃതമായ അസമത്വങ്ങളാല്‍ അപമാനവീകരണത്തിന് വിധേയരായ ഓരോ വ്യക്തിയും സ്വയം അവകാശബോധമുള്ളവരായി തീരുന്നതിലൂടെ മാത്രമേ ജനാധിപത്യത്തിന്റെ സാധ്യത വ്യാപ്തി നേടുകയുള്ളൂ എന്ന് വ്യക്തമാക്കിയപ്പോള്‍ ബുദ്ധിസ്റ്റ് വ്യവഹാരത്തെ ആധുനിക ജനാധിപത്യ ത്തിലേക്ക് ഉള്‍ചേര്‍ക്കുകയായിരുന്നു അംബേദ്കര്‍ ചെയ്തത്. അതിലൂടെ ജനാധിപത്യത്തിന്റെ വേരുകള്‍ ഇന്ത്യന്‍ മണ്ണില്‍ വളരെ ആഴത്തില്‍ ഓടിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. 

-------------------------------
40. അംബേദ്കര്‍, ബി. ആര്‍. (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, വാല്യം 8, പുറം-322.
41. അതേ പുസ്തകം, പുറം. 323
42. അതേ പുസ്തകം, പുറം. 324.
43. അതേ പുസ്തകം, പുറം. 325.
44. അംബേദ്കര്‍, ബി. ആര്‍. (ഡോ). ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1996, വാല്യം 1, പുറം. 260.
45. അതേ പുസ്തകം, പുറം. 251.
46. ബിസ്വാസ്, എസ്. കെ. ബ്രാഹ്മണ മാര്‍ക്‌സിസം, (വിവ) സുദേഷ് എം. ആര്‍, അദര്‍ ബുക്‌സ്, കോഴിക്കോട്, 2008, പുറം. 19.
47. നയ്പാള്‍, വി. എസ്. ഇന്ത്യ കലാപങ്ങളുടെ വര്‍ത്തമാനം. (വിവ) പ്രമീളാദേവി, ഡി. സി. ബുക്‌സ്, കോട്ടയം, 1990, പുറം. 230.
48. രാമചന്ദ്രഗുഹ, ഇന്ത്യ ഗാന്ധിയ്ക്കു ശേഷം, (വിവ) ശിവദാസ് പി. കെ, ഡി. സി. ബുക്‌സ്, കോട്ടയം, 2011, പുറം. 174-175.
49. Sukhadeo Thorat, Ambedkar's way & Anna Hazare's methods, The Hindu, August 23, 2011, P.8.