"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 25, ശനിയാഴ്‌ച

സംഘപരിവാര്‍ അജണ്ട; അയിത്തത്തിന്റെ അറുപത്താറടിയിലേക്ക് മടങ്ങിപ്പോകുന്ന സഹോദരങ്ങള്‍ക്ക്- പ്രകാശ് കോട്ടയം

പുനര്‍മതപരിവര്‍ത്തനം (ഘര്‍ വാപ്പസി) സംവാദം
ഘര്‍വാപ്പസി: അംബേദ്ക്കര്‍ 
ചിന്തകളിലൂ ടെ പ്രതിരോധിക്കേണ്ട സംഘപരിവാര്‍ അജണ്ട

മഹാരാഷ്ട്രാ ചിത്പവന്‍ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ മുങ്ങിത്താണ് സ്വയം ഇല്ലാതാവാതെ, ഇപ്പോള്‍ ഉയര്‍ന്നുവരേണ്ടതും, അല്ലെങ്കില്‍ ഉയര്‍ന്നു വരാന്‍ ഏറ്റവും പാകമായ രാഷ്ട്രീയ സമയമെന്ന നിലയിലും ദേശീയതലത്തില്‍ ഒരു ദലിത് മുന്നേറ്റത്തിന് സാധ്യമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് രൂപപ്പെട്ടു വന്നിരിക്കുന്നത്. ബ്രാഹ്മണിക്കല്‍-ഹൈന്ദവ-ജാതി പ്രതിരോധം ഉയര്‍ത്തിക്കൊണ്ട് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരേണ്ട അംബേദ്ക്കര്‍ ചിന്തകളുടെയും, സമാനമായ ആശയങ്ങളുടെയും സമന്വയവും, അതോടൊപ്പം സാധ്യമാക്കേണ്ട അധികാര രാഷ്ട്രീയത്തിലെ ഇടപെടലിലേക്കും ദലിതന് ഒരു വ്യക്തമായ ഇടം ആണ് ലഭിച്ചിരിക്കു ന്നത്. നാം എതിര്‍ക്കേണ്ട ശത്രുവിന്റെ നിതാന്തമായ സാന്നിദ്ധ്യവും, അവരുടെ അലോസരമുണ്ടാക്കുന്ന ശബ്ദങ്ങളും ആണ് നമ്മെ ഉണര്‍ത്തി യിരിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തത്തിലേക്കും അയിത്തത്തിലേക്കും നമ്മെ കൊണ്ടെത്തിച്ച ബ്രാഹ്മണ മതത്തിന്റെ (ഹൈന്ദവ) വര്‍ഗ്ഗീയ അജണ്ടകളാണ് നമ്മെ ജാഗ്രതയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടുതല്‍ വിശദീകരിച്ചാല്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അധികാര കൈയ്യേറ്റവും, തുടര്‍ന്നുള്ള വര്‍ഗ്ഗീയ അജണ്ടകളും, ദലിത് പീഡനങ്ങളും സംജാതമാക്കിയിരിക്കുന്ന പാകമായ ഈ സമയത്തെ തിരിച്ചറിഞ്ഞ് ദലിതന്‍ ഉണരേണ്ടിയിരിക്കുന്നു. 'ജാതിനിര്‍മ്മൂലനം' എന്ന ദിശാബോധ മുള്ള കൊടുങ്കാറ്റില്‍ 'ജാതിദുര്‍ഭൂതം' തകര്‍ക്കേണ്ടത് ദലിതന്റെ ഉത്തര വാദിത്വമാണ്. ജാതി നിര്‍മ്മൂലനത്തിന്റെ രാഷ്ട്രീയം സംഘപരിവാറിന്റെ രാഷ്ട്രീയത്തെ തച്ചുടയ്ക്കുമെന്നതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല. പക്ഷേ, ഇവിടെ അതിനു തയ്യാറാവേണ്ടത് ദലിതനാണ്. ബ്രാഹ്മണ്യക്കല്‍ രാഷ്ട്രീയത്തില്‍ ദലിതന്‍ അന്യനാണ് എന്നതുപോലെ തന്നെ, ഭൂരിപക്ഷം വരുന്ന സവര്‍ണ്ണ നേതൃത്വം കൈയ്യാളുന്ന ഇതര രാഷ്ട്രീയത്തിലും ദലിതന്‍ പുറത്താണ്. സാമൂഹ്യ പരിഷ്‌ക്കരണവാദികളായ സോഷ്യല്‍ കോണ്‍ഫ റന്‍സ് ജാതീയമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാ ക്കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ പരിഷ്‌ക്കരണ വാദികളായ നാഷണല്‍ കോണ്‍ഗ്രസ്സ് അതിനെ തകര്‍ത്തുപോലെ, നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമായ ജാതീയമായ ഉച്ചനീചത്വങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, സമത്വമെന്ന സുന്ദര സങ്കല്പത്തെ നടപ്പിലാക്കുവാന്‍ സോഷ്യലിസ്റ്റുകളും ശ്രമിച്ചു. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാവാന്‍ കാരണം ഇതിന്റെയെല്ലാം നേതൃത്വം ജാതിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും, താഴ്ന്ന ജാതിക്കാരന്‍ അനുഭവിച്ച അയിത്തത്തിന്റെയും അടിമത്ത ത്തിന്റെയും വേദനകളെ അറിയാന്‍ കഴിയാത്ത സവര്‍ണ്ണരായിരുന്നു എന്നതാണ്. അതുകൊണ്ട് കാലഘട്ടത്തിന് ആവശ്യമായ സമത്വത്തിനും സാമൂഹ്യ തുല്യതയ്ക്കും ജാതിനിര്‍മ്മൂലത്തിനും പ്രധാന്യം കൊടുക്കാത്ത രാഷ്ട്രീയം കാലിക പ്രസക്തി നഷ്ടപ്പെട്ടതാണ്. ഇവിടെയാണ് അംബേദ്ക്കറി സത്തില്‍ ഊന്നിയുള്ള ഒരു രാഷ്ട്രീയത്തിന്റെ പ്രസക്തി.

ജാതി, ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഹൈന്ദവ മതവുമായി ബന്ധപ്പെട്ടതും, അതിന്റെ അടിസ്ഥാനവുമായിരിക്കെ, അതിനെതിരെ ശബ്ദിക്കുവാന്‍ സമത്വവാദികളും, മറ്റു ദേശീയ പ്രസ്ഥാനങ്ങളും മനഃപൂര്‍വ്വം ഒരുങ്ങിയില്ല. വര്‍ഗ്ഗപരമായ വ്യത്യാസം മാത്രമല്ല ഇന്‍ഡ്യ യില്‍ നിലനില്ക്കുന്നത്. ഇന്‍ഡ്യന്‍ പരിതസ്ഥിതിയില്‍ കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനും വര്‍ഗ്ഗപര (മൂലധന-ദരിദ്ര) സമരങ്ങള്‍ മാത്രമാണ് പലപ്പോഴും നടത്താന്‍ കഴിഞ്ഞത്. എന്നാല്‍ അതുപോലെ തന്നെ തൊഴിലാളി-മുതലാളി അന്തരത്തേക്കാള്‍ അധികമായി ബ്രാഹ്മണ-കീഴാള ജാതിയുടെ അന്തരം ഭീകരമായി ഇവിടെ നില നില്ക്കുന്നു എന്നത് അവര്‍ മറക്കുകയും 'ജാതി' സമൂഹത്തില്‍ ഉന്നതജാതിക്കാരന്റെ സംരക്ഷക വ്യവസ്ഥയായി നിലകൊള്ളുകയും ചെയ്തപ്പോള്‍, ജാതിക്കെതിരെ പ്രത്യക്ഷമായ ഉന്മൂലന സമരത്തില്‍ നിന്നും കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു കളും കമ്മ്യൂണിസ്റ്റുകളും ഒഴിഞ്ഞുമാറി, കൂട്ടത്തില്‍ പരിഷ്‌കരണ വാദികളും ദേശീയ പ്രസ്ഥാനങ്ങളുമൊക്കെ. 

മറ്റു ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇന്‍ഡ്യന്‍ സാഹചര്യ ത്തില്‍ മുതലാളിയും-തൊഴിലാളിയും അല്ലെങ്കില്‍ ധനികനും-ദരിദ്രനും സൃഷ്ടിക്കപ്പെടുന്നത് കേവലം വര്‍ഗ്ഗപരമായ സാമ്പത്തിക ധ്രുവീകരണ ത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. ഇവിടെ ഉല്പാദനത്തിന്റെ കത്തൃത്വം കൈകാര്യം ചെയ്യപ്പെടുന്നത് അല്ലങ്കില്‍, വിഭവങ്ങളുടെ വിതരണവും സമാഹരണം കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത് ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. തന്മൂലം ബ്രാഹ്മണനും - ചണ്ടാലനും വിഭവങ്ങളുടെ മേലുള്ള അധികാരം വ്യത്യസ്തവുമാണ്. ഇതാണ് ഇന്‍ഡ്യയില്‍ കമ്മ്യൂണിസം കൈകാര്യം ചെയ്ത സവര്‍ണ്ണനേതൃത്വം മനഃപൂര്‍വ്വം കാണാതെ പോയത്. ഇന്‍ഡ്യന്‍ പരിതസ്ഥിതിക്കു യോജിച്ച കമ്മ്യൂണിസം ഇനിയും രൂപപ്പെടുത്താന്‍ സമയമുണ്ടെന്നിരിക്കെ, ജാതി നിര്‍മ്മൂലനത്തില്‍ ലക്ഷ്യം വച്ചുകൊണ്ടല്ലാത്ത കമ്മ്യൂണിസം പരാജയം മാത്രമായിരിക്കും. ഇവിടെയാണ് അംബേദ്ക്കര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജാതിനിര്‍മ്മൂലനത്തിന്റെ പ്രസക്തി.

നാഷണനല്‍ കോണ്‍ഗ്രസ്സിലെ സവര്‍ണ്ണ നേതൃത്വം ഈ വിഷയത്തെ ഒട്ടുംതന്നെ മനസ്സിലാക്കിയിട്ടില്ല, എന്നു മാത്രമല്ല ഈ വിഷയത്തില്‍ അവര്‍ സംഘപരിവാറിന്റെ അനുബന്ധസംഘടനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മരിച്ചു കഴിഞ്ഞ ഗാന്ധിസവും അതില്‍ അടിസ്ഥാനപ്പെട്ട കോണ്‍ഗ്രസ്സ് എന്ന സംഘടനയും വര്‍ഷതോറും ചരമവാര്‍ഷികം ആഘോഷി ക്കുന്ന സംഘടന യായി മാറ്റപ്പെട്ടു കഴിഞ്ഞു. ഗാന്ധിയുടെ പ്രച്ഛന്ന പ്രതിച്ഛായ തിരിച്ചറി ഞ്ഞ ജനങ്ങള്‍, ഒന്നിനും പരിഹാരമല്ലാത്ത ഗാന്ധിസത്തിനെയും കോണ്‍ഗ്രസ്സിനെയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി, അറിഞ്ഞും അറിയാതെയും മാറിത്തീര്‍ന്നിരിക്കുന്ന കോടിക്കണക്കിനു ദലിതരെ വിമോചിപ്പിക്കുവാന്‍ ജാതിനിര്‍മ്മൂലനത്തിന്റെ ദിശാബോധമു ള്ള കാറ്റിനെ തുറന്നുവിടേണ്ടിയിരിക്കുന്നു. അങ്ങനെ ദലിത് ജനത്തിനെ 'ജാതീയത'യില്‍ നിന്നും 'ഹിന്ദുത്വ'ത്തില്‍ നിന്നും വിമോചിപ്പിച്ച് രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് ഉയര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ട ഏറ്റവും അനുയോജ്യമായ ചരിത്ര മുഹൂര്‍ത്തമാണിത്.

''ഞാന്‍ ജാതിയുടെയോ ഒരു വിഭാഗത്തിന്റെയോ ആളല്ല'' എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ ധൈര്യമായി പ്രഖ്യാപിക്കുവാന്‍ ജാതിയുടെ ഗുണഫലങ്ങള്‍ അനുഭവിച്ച സനാതന ഹിന്ദുവായിരുന്ന 'ഗാന്ധിക്കു' ധൈര്യമില്ലായിരുന്നു. ജാതിവ്യവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോ ഴൊക്കെ, ജാതിവ്യവസ്ഥ സനാതന ഹിന്ദുവിന് ആവശ്യമാണെന്നും, ഹിന്ദുമതം നിലനില്ക്കുന്നതുതന്നെ ജാതിവ്യവസ്ഥയിലാണെന്നും തിരിച്ചറി ഞ്ഞ ഗാന്ധി ജന്മനാ ഉപായമുള്ള കുറുക്കനെപ്പോലെ ഒഴിഞ്ഞുമാറുകയും, ജാതീയതയെ ന്യായീകരിക്കുകയുമാണ് ചെയ്തത്. 

കമ്മ്യൂണിസം ഇന്‍ഡ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഇന്‍ഡ്യയില്‍ അതിന്റെ ശരിയായ ഉത്തരവാദിത്വം (ജാതിനിര്‍മ്മൂലനം) നടപ്പിലാക്കുന്നതില്‍ വിമുഖത കാണിച്ചതുകൊണ്ട്, കോടിക്കണക്കിനു വരുന്ന അയിത്ത ജാതിക്കാരില്‍ നിന്ന് അത് അകന്നു പോയി. അല്ലെങ്കില്‍, തങ്ങള്‍ അനുഭവിക്കുന്ന ജാതീയമായ സമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടാക്കുവാന്‍ കമ്മ്യൂണിസ ത്തിനാവു മെന്ന് തിരിച്ചറിയുവാന്‍ സവര്‍ണ്ണ നേതൃത്വം അവരെ അനുവദിച്ചില്ല. ഇന്‍ഡ്യന്‍ കാസ്റ്റ് സിസ്റ്റം വിഭങ്ങളെ വിതരണം ചെയ്യുന്നതില്‍ നിര്‍ണ്ണായക മായിരിക്കെ, ആ സംവിധാനം തകരണമെങ്കില്‍ ജാതിവ്യവസ്ഥ തകരണ മെന്നും, ജാതിവ്യവസ്ഥ തകരണമെങ്കില്‍ ഹിന്ദുയിസം തകരണമെന്നും നാളെ കോടിക്കണക്കിനു വരുന്ന ദലിതന്‍ വാദിക്കാന്‍ തുടങ്ങിയാല്‍, സവര്‍ണ്ണതയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന നേതൃത്വം നാഷണല്‍ കോണ്‍ഗ്രസ്സിലെ ആയാലും കമ്മ്യൂണിസത്തിലെ ആയാലും അവര്‍ അതിന് ആഗ്രഹിച്ചില്ല.

'ജാതിനിര്‍മ്മൂലനം' എന്നത് എക്കാലത്തും വെല്ലുവിളി ഉയര്‍ത്തുന്നത് ഹൈന്ദവതയ്ക്കു നേരെയാകുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ അടിത്തറ തന്നെ കെട്ടിപ്പടുത്തിരിക്കുന്നത് ജാതിവ്യവസ്ഥ എന്ന അദൃശ്യ ശിലാഫലക ങ്ങള്‍ക്കുമേല്‍ ആകുമ്പോള്‍, നൂറ്റാണ്ടുകളോളം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന ജാതി ചിന്തയും അതിനോടനുബന്ധിച്ചുള്ള ഉച്ചനീചത്വങ്ങളും വിശ്വാസങ്ങളും ആചാരങ്ങ ളുമായി ഹൈന്ദവതയുടെ സ്വാംശീകരണം അദൃശ്യമായി നടന്നിരിക്കു കയാല്‍, അതിനെ നിരാകരിക്കുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സംഘടനകള്‍ക്കും അസാമാന്യധൈര്യവും ശേഷിയും ഉണ്ടെങ്കിലേ സാധിക്കൂ. 

''ഞാന്‍ ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഒരിക്കലും ഹിന്ദുവായി മരിക്കുകയില്ല'' എന്നു പറഞ്ഞ അംബേദ്ക്കറിന്റെയും, അംബേദ്ക്കര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെയും പ്രസക്തി നാം ചര്‍ച്ച ചെയ്യേണ്ടതാണ്. സൈന്ധവമൊഴി മുന്‍ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും, ദേശീയ രാഷ്ട്രീയത്തില്‍, എന്നും ഉപജാപക സംഘമായിരുന്ന സംഘപരിവാറിന്റെ അജണ്ടയില്‍ ഇങ്ങ് കേരളത്തില്‍ ദലിത് സഹോദരങ്ങള്‍ വാനരന്മാരായി (ഘര്‍വാപ്പസി) നിന്നുകൊടുക്കാന്‍ തയ്യാറാകുന്നതിന്റെയും പശ്ചാത്തല ത്തില്‍, ഇന്ന് ഗൗരവമേറിയ ഒരു ഇടം ജാതിനിര്‍മ്മൂലനത്തിന്റെ രാഷ്ട്രീയത്തിനുണ്ട്. ജാതിനിര്‍മ്മൂലനത്തിനും ദലിതന്റെ അധികാര പങ്കാളിത്തം എന്ന വിഷയത്തിനും കാലികമായുണ്ടായിരിക്കുന്ന പ്രസക്തിയുടെ അടിസ്ഥാനത്തിലും അംബേദ്ക്കര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചിന്തകളുടെ പ്രായോഗികത, വര്‍ത്തമാനകലത്തില്‍ ചിന്തിക്കുകയും നടപ്പിലാക്കേണ്ടതുമാണെന്ന തിരിച്ചറിവില്‍, 1936 ലെ ലാഹോര്‍ ജത്-പത്-തോടക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാനായി ബി.ആര്‍. അംബേദ്ക്കര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പുതിയ ചര്‍ച്ച തുടങ്ങി വയ്ക്കുവാന്‍ ലേഖകന്‍ അവതരിപ്പി ക്കുന്നു. അംബേദ്ക്കര്‍ തയ്യാറാക്കിയ ഈ പ്രസംഗത്തിന്റെ കൈയ്യെഴു ത്തിപ്രതി പരിപാടിക്കു മുന്നേ തോടക് മണ്ഡലിന്റെ സെക്രട്ടറിയുടെ പേരില്‍ അയച്ചു കൊടുത്തു. എന്നാല്‍ ഈ പ്രസംഗത്തില്‍ വേദങ്ങള്‍ക്കും ഹിന്ദുത്വത്തിനും എതിരായി പരാമര്‍ശമുള്ളതിനാല്‍ ഈ ഭാഗം ഒഴിവാക്കണം എന്ന് തോടക് മണ്ഡലിന്റെ സെക്രട്ടറി അംബേദ്ക്കറോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ അംബേദ്ക്കര്‍ എതിര്‍ക്കുകയും പ്രസംഗത്തില്‍ നിന്നും ഒരു കോമപോലും നീക്കുവാന്‍ സാധിക്കില്ലെന്നും അറിയിച്ചു. അങ്ങനെ തോടക്മണ്ഡലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് വെറുതെ സമയം വെയ്സ്റ്റാക്കാന്‍ വേണ്ടിയുള്ളതാണെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെടുകയും അതേസമയം ബോംബെയില്‍ മറ്റൊരു പരിപാടി യില്‍ അംബേദ്ക്കര്‍ പങ്കെടുക്കുകയുമാണുണ്ടായത്. അംബേദ്ക്കര്‍ തയ്യാറാക്കിയ ഈ പ്രസംഗം 1936-ല്‍ തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കു കയുണ്ടായി.

പ്രസംഗം ചുവടെ ചേര്‍ക്കുന്നു:

'സുഹൃത്തുക്കളേ, ഈ സമ്മേളനത്തിനു അദ്ധ്യക്ഷത വഹിക്കാന്‍ അനുഭാവപൂര്‍വ്വം എന്നെ ക്ഷണിച്ച ജാഠ്-പട്-തൊടക്-മണ്ഠലിന്റെ അംഗങ്ങളോട് സത്യത്തിന് ഞാന്‍ ഖേദിക്കുന്നു. ഈ അദ്ധ്യക്ഷസ്ഥാനം എനിക്കു നല്‍കിയതിന്റെ പേരില്‍ ഒരുപാട് ചോദ്യങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടിവരും എന്ന് എനിക്ക് ഉറപ്പാണ്. ലാഹോറില്‍ നടക്കുന്ന സമ്മേളനത്തിന് ബോംബെയില്‍ നിന്ന് ഒരാളെ ഇറക്കുമതി ചെയ്തതിന് ഒരുപാട് വിശദീകരണങ്ങള്‍ പലയിടത്ത് നിന്നും ചോദിച്ചിട്ടുണ്ടാവും. ഈ അവസരത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എന്നേക്കാള്‍ യോഗ്യനായ ഒരാളെ മണ്ഡലിനു എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഹിന്ദുക്കളെ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ ബഹുമാനിക്കുന്ന മഹാത്മാവിന്റെ ആധികാരികതയെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവര്‍ എന്നെ വെറുക്കുന്നു. അവരുടെ പൂന്തോട്ടത്തിലെ വിഷപ്പാമ്പാണ് ഞാന്‍. ഇങ്ങനെയൊരു ബഹുമാന്യപദം അലങ്കരിക്കാന്‍ എന്തിന് എന്നെ ക്ഷണിച്ചു എന്ന് രാഷ്ട്രീയ ചിന്താഗതിയുള്ള ഹിന്ദുക്കള്‍ വിശദീകരണം ആരാഞ്ഞിട്ടുണ്ടാവണം. ഇതിനെ ഒരു അധിക്ഷേപ മായിക്കൂടി അവര്‍ കണ്ടേക്കാം. ഒരുപാട് തന്റേടം ആവശ്യപ്പെടുന്ന ഒരു സംരംഭം ആണിത്. മാതധിഷ്ഠിതമായി ജീവിക്കുന്ന സാധാരണ ഹൈന്ദവര്‍ക്ക് പ്രസാദാത്മകമായി കാണാവുന്ന ഒന്നല്ല ഈ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ഹൈന്ദവ ശാസ്ത്രവിധികള്‍ക്ക് ഇണങ്ങുന്ന ഒരാളെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തില്ല എന്ന ചോദ്യം അവര്‍ക്ക് നേരിടേണ്ടതായുണ്ട്.

ശാസ്ത്രവിധികള്‍ അനുസരിച്ച് മൂന്നു വര്‍ണ്ണങ്ങള്‍ക്ക് (ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍) ഗുരുവാകേണ്ട വ്യക്തി ബ്രാഹ്മണന്‍ ആയിരിക്കണം. 'വര്‍ണാനാം ബ്രാഹ്മണോ ഗുരു' എന്നാണ് ശാസ്ത്രകല്പന. ആരില്‍ നിന്ന് ഹിന്ദു പാഠങ്ങള്‍ പഠിക്കണം, ആരില്‍നിന്ന് പാടില്ല എന്നത് മണ്ഡല്‍ അറിയേണ്ട സംഗതിയാണ്. അറിവുള്ളതുകൊണ്ടു മാത്രം ഒരാളെ ഗുരുവായി അംഗീകരിക്കാന്‍ ശാസ്ത്രം അനുവദിക്കുന്നില്ല. മഹാരാഷ്ട്ര യില്‍ നിന്നുള്ള ബ്രാഹ്മണ ഗുരു ഇത് വ്യക്തമാക്കിയിട്ടു ള്ളതാണ്. ശിവാജിക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പ്രചോദനം നല്‍കിയത് ഇദ്ദേഹമാണ്. അദ്ദേഹം ദാസബോധത്തില്‍ ഇങ്ങനെ ചോദിക്കുന്നു. ''നമ്മള്‍ ഹിന്ദുക്കള്‍ക്ക് അന്ത്യജനായ ഒരു വ്യക്തിയെ പണ്ഡിതനായതു കൊണ്ടുമാത്രം ഗുരുവായി സ്വീകരിക്കാന്‍ ആവുമോ?'' അദ്ദേഹം നല്‍കുന്ന ഉത്തരം ''ഇല്ല'' എന്നാണ്.

ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം കൊടുക്കും എന്ന പ്രശ്‌നം ഞാന്‍ മണ്ഡലിനു വിടുന്നു. മണ്ഡലിനു മാത്രമേ വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കൂ, എന്താണ് അവരെക്കൊണ്ട് ബോംബെവരെ യാത്ര ചെയ്ത് ഹിന്ദു വിരുദ്ധനായ, ജാതിയില്‍ താഴേത്തട്ടിലുള്ള ഈ അന്ത്യജനെ തെരഞ്ഞെടുത്തു എന്നത്. സവര്‍ണരുടെ സഭയെ അഭിസംബോധന ചെയ്യാന്‍ അസ്പൃശ്യനായ ഒരു അവര്‍ണന്. എന്നെപ്പറ്റി ചിന്തിച്ചാല്‍, എന്റെയും എന്റെ അവര്‍ണ സഹോദരങ്ങളുടെയും ഇച്ഛയ്ക്ക് എതിരായാണ് ഞാന്‍ ഈ ക്ഷണം സ്വീകരിച്ചത്. ഹിന്ദുക്കള്‍ക്ക് എന്നെ കണ്ടുകൂടാ എന്നെനിക്കറിയാം. ഞാന്‍ അവര്‍ക്ക് സ്വീകാര്യനല്ല എന്നും എനിക്കറിയാം. അതറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ അവരില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് പതിവ്. അവരെ ഉപദ്രവിക്കാന്‍ എനിക്ക് യാതൊരു മോഹവുമില്ല. എന്റെ തട്ടകത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഇതുവരെ എന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചു പോന്നിട്ടുള്ളത്. അതുപോലും പലപ്പോഴും ഒരുപാട് ഹൃദയവേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായിട്ടുണ്ട്. ഇതുവരെ അകലങ്ങളില്‍ നിന്ന് അവര്‍ കേട്ടിട്ടുള്ള കാര്യങ്ങള്‍ അവരുടെ തട്ടകത്തില്‍ കയറി കണ്‍മുന്നില്‍ നിന്ന് പ്രകടിപ്പിക്കുക എന്നത് എന്റെ താല്പര്യമല്ല. ഞാന്‍ ഇവിടെ വന്നിട്ടുണ്ടെങ്കില്‍ അത് എന്റെ ആഗ്രഹത്തെക്കാള്‍ നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. സാമൂഹിക പരിഷ്‌ക്കരണമാണ് നിങ്ങളുടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം എന്നെ ആകര്‍ഷിച്ചതുകൊണ്ട് മാത്രമാണ് ഈ ക്ഷണം ഞാന്‍ നിരസിക്കാതിരുന്നത്. എനിക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ കരുതുമ്പോള്‍ പ്രത്യേകിച്ചും, ഞാന്‍ ഇന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് സഹായകമാകുമോ എന്നും പ്രശ്‌നപരിഹാരത്തിന് ഉത്തരമാകുമോ എന്നും തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഈ പ്രശ്‌നത്തില്‍ എനിക്കുള്ള കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം. 

സാമൂഹിക പരിഷ്‌ക്കരണവും രാഷ്ട്രീയ പരിഷ്‌ക്കരണവും

പരിഷ്‌കൃതമായ ഒരു സാമൂഹിക അന്തരീക്ഷത്തിലേക്കുള്ള പാത സ്വര്‍ഗ്ഗത്തിലേക്കുള്ള പാതപോലെതന്നെ ദുര്‍ഘടങ്ങള്‍ നിറഞ്ഞതാണ്. സാമൂഹിക പരിഷ്‌ക്കരണത്തിന് ഇന്ത്യയില്‍ സൗഹൃദങ്ങള്‍ കുറവും വിമര്‍ശനങ്ങള്‍ അനവധിയുമാണ്. ഇതിന്റെ വിമര്‍ശകര്‍ രണ്ട് വ്യതിരക്തഗണങ്ങളില്‍പ്പെടുന്നു. ഒരു ഗണം രാഷ്ട്രീയ പരിഷ്‌ക്കര്‍ത്താ ക്കളും മറ്റേത് സോഷ്യലിസ്റ്റുകളും. സാമൂഹികമായ കാര്യക്ഷമത കൈവരിക്കാതെ മറ്റു രംഗങ്ങളില്‍ ഒന്നും സ്ഥായിയായ പുരോഗതി നേടാന്‍ നമുക്ക് സാധ്യമല്ല എന്ന തിരിച്ചറിവ് നമുക്ക് ഒരു കാലത്ത് ഉണ്ടായിരുന്നു. ദുരാചാരങ്ങള്‍ നിമിത്തം ഹൈന്ദവ സമുദായം കാര്യക്ഷമതയില്‍ പിന്നോക്കം നീങ്ങുകയായിരുന്നു. ഈ തിരിച്ചറിവില്‍ നിന്നാണ് നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിറവിക്കൊപ്പം സോഷ്യല്‍ കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനവും പിറവിയെടുത്തത്. രാഷ്ട്രീയ വ്യവസ്ഥിതിയിലെ ദുര്‍ബ്ബലതകളില്‍ കോണ്‍ഗ്രസ്സ് ശ്രദ്ധവയ്ക്കുമ്പോള്‍ ഹൈന്ദവ സാമൂഹിക വ്യവസ്ഥതിയിലെ പ്രശ്‌നങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ സോഷ്യല്‍കോണ്‍ഫറന്‍സ് മുന്നിട്ടിറങ്ങി. ഒരേ പ്രവര്‍ത്തനമേഖലയുടെ രണ്ട് ശാഖകള്‍ എന്നവണ്ണം ഇവ രണ്ടും കുറച്ചുകാലംവരെ പ്രവര്‍ത്തിച്ചു പോന്നു. വാര്‍ഷിക സമ്മേളനങ്ങള്‍ ഒരേ പന്തലില്‍ നടത്തിപ്പോന്നു. പക്ഷേ അധികം താമിക്കാതെ ഇവ രണ്ടും രണ്ടു പാര്‍ട്ടികളായി തെന്നിമാറി. രാഷ്ട്രീയ പരിഷ്‌ക്കരണ പാര്‍ട്ടിയും സാമൂഹിക പരിഷ്‌കരണ പാര്‍ട്ടിയും. രാഷ്ട്രീയ പരിഷ്‌കരണ പാര്‍ട്ടി നാഷണല്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ച പ്പോള്‍ സാമൂഹിക പരിഷ്‌ക്കരണ പാര്‍ട്ടി സോഷ്യല്‍ കോണ്‍ഫറന്‍സിനെ പിന്തുണച്ചു. രണ്ട് വിഭാഗങ്ങള്‍ അങ്ങനെ രണ്ട് വിരുദ്ധ ചേരികളായി മാറി. സാമൂഹിക പരിഷ്‌ക്കരണം രാഷ്ട്രീയ പരിഷ്‌ക്കരണത്തിനു മുമ്പ് നടക്കേണ്ടതുണ്ടോ എന്നതായിരുന്നു പ്രശ്‌നം. ഒരു ദശാബ്ദക്കാലം രണ്ട് ചേരികളും ഒരുപോലെ യുദ്ധം ചെയ്യുകയും രണ്ടു വിഭാഗങ്ങളും വിജയം കാണാതെ പിരിയുകയും ചെയ്തുപോന്നു. എന്നിരുന്നാലും സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ അധഃപതനം വേഗത്തിലായിരുന്നു. വിദ്യാഭ്യാസം നേടിയ ഹൈന്ദവരില്‍ വലിയൊരു വിഭാഗം രാഷ്ട്രീയ ഉന്നമനത്തിന് മാത്രമായി നിലകൊള്ളുന്നതായും സാമൂഹിക പരിവര്‍ത്ത നത്തെ അട്ടിമറിക്കുന്നതായും സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ യോഗ ങ്ങളില്‍ അദ്ധ്യക്ഷം വഹിച്ചിരുന്നവര്‍ വിലപിച്ചു. കോണ്‍ഗ്രസ്സ് യോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ നില്‍ക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയും സോഷ്യല്‍ കോണ്‍ഫറന്‍സ് യോഗങ്ങളെ പിന്തുണയ്ക്കുന്നവര്‍ തുലോം കുറയുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ അലംഭാവം പിന്നീട് രാഷ്ട്രീയക്കാരുടെ സജീവമായ എതിര്‍പ്പിന് വളമായി മാറി. കോണ്‍ഗ്ര സ്സിന്റെ പന്തലില്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് യോഗങ്ങള്‍ നടത്താനുള്ള ഔദാര്യം തിലകന്റെ നേതൃത്വം എടുത്തുകളഞ്ഞു. കോണ്‍ഫറന്‍സ് നടത്താന്‍ ഉയര്‍ത്തിയ പന്തല്‍ തീവയ്ക്കല്‍ ഭീഷണി നേരിടേണ്ടി വരുന്ന തലത്തിലേക്ക് ശത്രുത വളര്‍ന്നു. കാലക്രമത്തില്‍ രാഷ്ട്രീയ പരിഷ്‌ക്കരണം വിജയം കാണുകയും സാമൂഹിക പരിഷ്‌ക്കരണവാദങ്ങള്‍ മറവിയില്‍ ലയിക്കുകയുമാണ് ഉണ്ടായത്. 1892-ല്‍ അലഹബാദില്‍ വച്ച് നടന്ന കോണ്‍ഗ്രസ്സിന്റെ എട്ടാം വാര്‍ഷിക യോഗത്തില്‍ ഡബ്‌ള്യൂ. സി. ബാനര്‍ജി നടത്തിയ പ്രസംഗത്തിന് സോഷ്യല്‍ കോണ്‍ഫറന്‍സിന് പാടുന്ന ചരമ ഗീതത്തിന്റെ ചുവയുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന് സാമൂഹിക പരിവര്‍ത്തനത്തിന് നേരയുണ്ടായിരുന്ന സ്ഥിരലക്ഷ്യത്തിന് പറ്റിയ ഒരു ഉദാഹരണമാണ് ആ പ്രസംഗം.

തുടരും...