"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 5, ഞായറാഴ്‌ച

കേശവനാശാന്‍ ഉയര്‍ത്തിയ സംവാദങ്ങള്‍ - ഡോ. വള്ളിക്കാവ് മോഹന്‍ദാസ്

കേശവനാശാന്‍
അവര്‍ണരെ സംസ്‌കൃതം പഠിപ്പിക്കുന്ന തിനായി കൊല്ലം പരവൂരില്‍ സംസ്‌കൃത പാഠശാല സ്ഥാപിച്ച് തീണ്ടലും തൊടീലു മില്ലാത്ത സാര്‍വത്രിക വിദ്യാഭ്യാസ സമ്പ്രദായം ഫലപ്രദമായും മാതൃകാ പരമായും നടപ്പിലാക്കിയ ധീരനായ പണ്ഡിതന്‍ എന്ന നിലയില്‍ കീഴാള നവോത്ഥാനത്തിന്റെ നേതൃ നിരയിലാണ് പരവൂര്‍ കേശവനാശാന്റെ സ്ഥാനം. പാരമ്പര്യ വൈദ്യനും ധനാഢ്യനു മായിരുന്ന ഈഴവ പ്രമാണി വൈരവന്‍ വൈദ്യന്റെ പുത്രനായി ജനിച്ച്, ആയുര്‍വേദം, സംസ്‌കൃത സാഹിത്യം, ഗണിതം, ജ്യോതിഷം എന്നിവയെല്ലാം പഠിച്ച കേശവനാശാന്‍ പക്ഷെ കീഴാള ജീവിതത്തിന്റെ ചുഴികളും മലരികളും തിരിച്ചറിഞ്ഞ ഉല്പതിഷ്ണുവായിട്ടാണ് ജീവിച്ചു തുടങ്ങുന്നത്. സര്‍ക്കാര്‍ വൈദ്യനായി നിയമിക്കപ്പെട്ടെങ്കിലും 'ആരോഗ്യ സന്ദായിനി' എന്ന പേരില്‍ സ്വന്തമായി ഒരു ധര്‍മാശുപത്രി സ്ഥാപിച്ച് സൗജന്യ ചികിത്സ യേകുന്നതി ലായിരുന്നു അദ്ദേഹത്തിനു താത്പര്യം. ശ്രീനാരായണ ഗുരുവിന്റെ പ്രിയ മിത്രമാ യിരുന്ന കേശവനാശാന്‍ സ്വാഭാവികമായും കേരളീയ നവോത്ഥാന ത്തിന്റെ കണ്ണികളില്‍ പ്രധാനിയായി മാറി. തന്റെ പാഠശാലയില്‍ വന്നു ചേര്‍ന്നിരുന്ന നിരവധി ശിഷ്യന്മാരെ ജ്ഞാനദീപം നല്കി സമൂഹത്തിനു പ്രയോജന പ്പെടുന്ന ഉത്തമ പൗരന്മാരാക്കി മാറ്റിയ ആശാന്‍ തിരുവിതാം കൂറിലും കൊച്ചിയിലും മലബാറിലും നിലനിന്നിരുന്ന ജാതി വ്യത്യാസ ങ്ങളെ നിരാകരി ക്കുകയും വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുവാന്‍ ബദ്ധ ശ്രദ്ധനാവുകയും ചെയ്തു. 

പരവൂര്‍ കേശവനാശാന്റെ പാഠശാലയില്‍ പഠിച്ച് മലയാണ്മക്ക് ഈടുറ്റ സംഭാവനകള്‍ നല്കിയിട്ടുള്ള രണ്ട് പ്രമുഖ ശിഷ്യന്മാരാണ് വേലുക്കുട്ടി അരയനും മഹാകവി കെ സി കേശവ പിള്ളയും. ഇരുവുടേയും ജീവിതത്തില്‍ കേശവനാശാനും പരവൂര്‍ പാഠശാലയും ഏകിയ സൗഭാഗ്യങ്ങള്‍ അവരുടെ വ്യക്തിത്വ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്. തീരദേശ നവോത്ഥാനത്തിന്റെ സമുത്ഘാടകന്‍ എന്നു വിശേഷി പ്പിക്കാവുന്ന 'അരയന്‍' പത്രാധിപര്‍ ഡോ. വേലുക്കുട്ടി അരയനും മലയാള കാവ്യ ശാഖയില്‍ മാറ്റത്തിന്റെ കാഹളമൂതി പ്രാസവാദത്തില്‍ പോരാടി വിജയിച്ച് ദ്വിതീയാക്ഷര പ്രാസമെന്ന യാഥാസ്ഥിതിക രീതിയെ കാറ്റില്‍ പറത്തി 'കേശവീയം' മഹാകാവ്യം രചിച്ച് വിപ്ലവം സൃഷ്ടിച്ച കെ സി കേശവ പിള്ളയും പരവൂര്‍ കേശവനാശാന്റെ വിപ്ലവാശയ ങ്ങളെുടെ സൃഷ്ടികള്‍ കൂടിയാണ്. ഇരുവരിലും പുരോഗമന ചിന്തയുടെ വിത്തു മുളപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കേശവനാശാന്‍ പ്രതിഭാ ധനനായ കവികൂടി യായിരുന്നു. മലയാളത്തിലും സംസ്‌കൃതത്തിലും കാവ്യരചന നടത്തിയിരുന്ന ആശാനെ 'ഭരത' സ്ഥാനം നല്കി മൂലൂര്‍ എസ് പത്മനാഭ പ്പണിക്കര്‍ തന്റെ കവിരാമായണത്തില്‍ ആദരിക്കുന്നുമുണ്ട്. അവര്‍ണ ശ്രേണിയില്‍ പെട്ട കവി മൂലൂര്‍ എസ് പത്മനാഭ പ്പണിക്കര്‍ക്ക് പല ഘട്ടങ്ങളിലും സവര്‍ണ പക്ഷത്തു നിന്നും ഏല്‌ക്കേണ്ടി വന്ന വിമര്‍ശന ശരങ്ങളെ എതിര്‍ത്തു തോല്പിക്കു ന്നതിന് മൂലൂരിന് തുണയായി ട്ടുണ്ടായിരുന്നത് പരവൂര്‍ കേശവനാശാനും അദ്ദേഹത്തിന്റെ തന്റേടമുള്ള പത്രമായ 'സുജനാനന്ദിനി'യും ആയിരുന്നു.

അവര്‍ണ കവിയായ മൂലൂര്‍ സുജനാനന്ദിനിയില്‍ ആദ്യകാലത്ത് കവിതയെ ഴുതിയിരുന്നത് 'മൂലൂര്‍ പത്മനാഭ ശൗണ്ഡികന്‍' എന്ന പേരിലാണ്. അക്ഷര വിദ്യയും സാഹിത്യ രചനയും മറ്റും തമ്പുരാക്ക ന്മാര്‍ക്കു മാത്രം അവകാശപ്പെട്ട ബൗദ്ധിക വ്യാപാരമായി കരുതിയിരുന്ന അക്കാലത്ത് അവര്‍ണരുടെ പ്രതിഭയെ ഒട്ടുംതന്നെ അംഗീകരി ക്കാതിരുന്ന സവര്‍ണ മേധാവിത്വത്തെ കളിയാക്കുന്നതി നായിട്ടാണ് മൂലൂര്‍ തന്റെ തൂലികാ നാമമായി ശൗണ്ഡികന്‍ എന്ന പേരു സ്വീകരിച്ചിരുന്നത്. 'കവിഭാരത'ത്തില്‍ ഒരിടത്തും താഴ്ന്ന ജാതിക്കാരനെ പരമാര്‍ശിക്കാതെ യിരിക്കുവാന്‍ ശ്രദ്ധിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സവര്‍ണ ജാഗ്രതക്കുള്ള മറുപടിയായിട്ട് 'കവിരാമായണം' എഴുതിയ മൂലൂര്‍, തുടക്കം മുതലേ ഈ വര്‍ണ വിവേചനത്തില്‍ പ്രതിഷേധമുള്ള ആളായിരുന്നു. ഇങ്ങനെ ശൗണ്ഡിക നാമം സ്വീകരിച്ചിട്ടുള്ള ചിലരെങ്കിലും അക്കാലത്തു ണ്ടായിരുന്നു. കെ സി കേശവ പിള്ളയുടെ പ്രിയപ്പെട്ട ശിഷ്യനും അര്‍ണ സമുദായാംഗ വുമായിരുന്ന തിനവിള രാമന്‍ എന്ന കവി സുജനാനന്ദിനിയില്‍ കവിതയെ ഴുതിയിരുന്നത് 'രാമ ശൗണ്ഡികന്‍' ആയിട്ടായിരുന്നു. 'സ്വാഹാസുധാകരം' പോലെ ഒരു മികച്ച കൃതിയുടെ രചയിതാവായ തിനവിള രാമന്‍ കേശവനാശാന്റെ സാര്‍വത്രിക വിദ്യാഭ്യാസ പദ്ധതിയുടെ സന്തതിയാണെന്നും ഓര്‍ക്കാം. ഇങ്ങനെ എത്രയെത്ര പ്രതിഭകളെയാണ് പരവൂര്‍ ആശാനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും മലയാള ഭാഷക്കും സാഹിത്യത്തിനും സംഭാവന ചെയ്തിട്ടു ള്ളത്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ മൂലൂര്‍ തന്റെ കാവ്യ സപര്യയില്‍ ശൗണ്ഡികന്‍ എന്ന പേര് ഉപേക്ഷിക്കുകയും കുടുംബ നാമമായ 'പണിക്കര്‍' എന്നു പ്രയോഗിച്ചു തുടങ്ങുകയും ചെയ്തു. പിന്നീട് 'പത്മനാഭപ്പണിക്കര്‍' എന്നു പരിഷ്‌കരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ 'പത്മനാഭ കവിതാ കേസരി' എന്ന വിശേഷ നാമത്തിലും മൂലൂര്‍ കവിതകള്‍ എഴുതിയിരുന്നു. അപ്പോഴാണ് കെ എസ് പോറ്റി 'പണിക്കന്‍ - പണിക്കര്‍ വാദ'വുമായി സുജനാനന്ദിനി പത്രത്തിന്റെ താളില്‍ പ്രത്യക്ഷപ്പെടുന്നത്. കെ എസ് പി കവി കിരാതന്‍ എന്ന തൂലികാ നാമത്തില്‍ മൂലൂര്‍ എസ് പത്മനാഭ കവിതാ കേസരിക്ക് കവിത കൊണ്ടൊരു ആക്ഷേപ ഹാസ്യം പോറ്റി തീര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കാം - 

'ഇപ്പോളല്‍പേതരം സല്‍ക്കവി കുലതരുജാലകള്‍
സല്‍ശ്ലോകമാകുംനല്‍പേറും പൂക്കളോടും വിലസുമൊരു ജനാനന്ദിനിക്കാനനത്തില്‍ ദര്‍പ്പത്താല്‍ വന്ന മൂലൂര്‍ കവിഹരിയെ വലച്ചീടുവാ നെന്നിലേക്കും കെല്‍പില്‍ ബാലാംബികേ, നിന്‍ കരുണ ശരണമായി തീരണേ ദാസനാം മേവേണ്ടാ ചാടങ്ങടങ്ങീടുക ബത കവിതാ കേസരിന്‍ ഹന്ത! നിന്നെ - കണ്ടാലോടുന്ന ഭീരുകവിയീഭവരനല്ലേഷ ഞാന്‍ ദോഷമന്യേ പാണ്ഡിത്യം പാരമേവം കലരുമൊരു മഹാകേസരീന്ദ്രാന്‍ കുരുക്കുകെണ്ടെന്‍ നല്‍ധൈര്യമേറുന്നൊരു കവിവരനാം വ്യാധര്‍തന്‍ നാഥനാ

മല്ലിട്ടീടാനിവിടെയില്ലൊരു മോഹമെന്നാല്‍
തെല്ലിട്ടീടാമവിടെയുള്ള ദുരാഗ്രഹത്താല്‍
ഇല്ലൊട്ടുമേ മനസി കൂസല തിന്നു, പൂച്ച -
ക്കല്ലേ, മിടുക്കനെലിയാല്‍ വരുമോദയംകേള്‍?
പണിക്കനേയൊന്നു പരിഷ്‌കരിച്ചാല്‍
പണിക്കരാമെന്നു നിനച്ചിടേണ്ട
നിനെക്കെടോ കാക്ക കുളിച്ചു നന്നായ്
മിനുക്കിയാല്‍ ഹംസമതാകുമെന്നോ?'

കമ്പോസിറ്റരു തന്റെ മേല്‍ ബതഭവാന്‍ ചേര്‍ന്നൊരു തെറ്റത്രയും വന്‍ ദോഷമതു തന്നെ, കേളതു നിനക്കുന്തോറു മിങ്ങേറ്റവും അമ്പോ! ദുസ്സഹമായിടും ചിരിവരുന്നതുല്‍ പരിഷ്‌കാരവും കമ്പം വിട്ടു നിനക്കുകില്‍ ബത! മഹാകേമം നികാമം ദൃഢം വൈദ്യന്‍ താന്‍ വൈദ്യരെന്നും ബഹുരസമഹഹാ! പിള്ളയെ പിള്ളര്‍ എന്നും ഹൃദ്യം താനച്ഛന്‍ - അച്ഛര്‍, കവിവരരസികാ തമ്പുരാന്‍ - തമ്പുരാരും! സദ്യശ്രീ വഞ്ചി രാജ്ഞി പതി നടുവ മഹീദേവനെന്നു ള്ളരോരോ വിദ്വാന്മാര്‍ക്കി പ്പരി ഷ്‌കാരമതയിസുകവേ, തട്ടിയില്ലൊട്ടുമേ താന്‍ ശേഷം പിന്നാലെ. കെ എസ് പി കവികിരാതന്‍.


പോറ്റിയുടെ അസഹിഷ്ണുത യോടെയുള്ള ഈ വിമര്‍ശന ത്തിനു കവിത യിലൂടെ തന്നെ മറുപടി കൊടുക്കുകയാണ് മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ അടുത്ത ലക്കം സുജനാനന്ദിനിയില്‍

'അനാവശ്യമായിത്താനയച്ചുള്ള പദ്യം
ജനാനന്ദിനിയില്‍ കണ്ടെടോ മുഗ്ധ ബുദ്ധേ!
വിനാ താമസം ഞാന്‍ സമാധാനമോതു -
ന്നനേകപ്രവീണദ്വീപ പ്രൗഢകീര്‍ത്തേ,
നേരെ ശൗണ്ഡികനെന്നുമായതധുനാ കൈവിട്ടു പത്രങ്ങളില്‍പാരാതങ്ങു പണിക്കരെന്നുമെഴുതി തട്ടിച്ചു മൂപ്പിച്ചതില്‍ സാരസാരമറി ഞ്ഞിടാത്ത ചില കമ്പോസിറ്റര്‍ തെറ്റിച്ചതും
ചേരാതാശു പണിക്കനാക്കിയിവയോര്‍ത്തിട്ടു ചാടീടണം
പണിക്കനെന്നുള്ള പദം തരത്തില്‍
പണിക്കരെന്നൊന്നു പരിഷ്‌കരിച്ചു
മിനുക്കി വിട്ടേനതുമീഴവര്‍ക്കി
ക്കണക്കിലാവശ്യകമല്ലയെന്നോ?
വൈദ്യന്‍ വൈദ്യരെന്നുമിങ്ങനെ
പരിഷ്‌കാരജ്ഞരോരോതരം
ഹൃദുത്വം കലരും പ്രയോഗമെഴുതും മട്ടൊക്കെ വീക്ഷിച്ചതില്‍
സദ്യോഹൃത്തിലസൂയതോന്നി വെറുതേ മുട്ടീടുവാനായ് ഭവാ -
നുദ്യോഗിപ്പതനര്‍ത്ഥമായപകടം തന്നില്‍ പിണങ്ങീടുമേ
ഇനിയുമേതൊരു പദവിയിലൂന്നും പേരാണെടുപ്പതെന്നെല്ലാം
ചൊന്നതു മൂഢവചസ്സതിലൊന്നാമത്തേതു തന്നെ നിസ്തര്‍ക്കം'

- മൂലൂര്‍ പത്മനാഭ കവിതാ കേസരി

സവര്‍ണക്കു മാത്രം കൊട്ടാരത്തില്‍ നിന്നും രാജപ്രമുഖര്‍ നല്കിവന്ന 'പണിക്കര്‍' ന്നെ പദവി പിന്നീട് അവര്‍ണരായ ചിലര്‍ക്കു കൂടി നല്കിയതിലുള്ള അസ്വസ്ഥതയാണ് പോറ്റിക്ക് ഒന്നാമതായി ഉണ്ടായത്. രണ്ടാമതായി ആ പദവി അവര്‍ണര്‍ ഉപയോഗിക്കുമ്പോള്‍ 'പണിക്കന്‍' എന്നു മാത്രമേ പ്രയോഗിക്കാവൂ എന്ന സവര്‍ണശാഠ്യമാണ് പോറ്റിക്കുണ്ടായത്. മാത്രവുമല്ല തമ്പുരാക്കന്മാര്‍ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന ഒരു പദവിയെ സൂചിപ്പിക്കുന്ന പണിക്കര്‍ സ്ഥാനം ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്‍ക്കു കൂടി നല്കി അവരെ സമൂഹത്തിലെ പ്രധാനി കളാക്കി ഉയര്‍ത്തുന്ന തിലുള്ള അസഹിഷ്ണുതയും ബ്രാഹ്മണ സഹജമായ ഹുങ്കും കെ എസ് പോറ്റിയുടെ 'പണിക്കര്‍ വിമര്‍ശന'ത്തില്‍ അടങ്ങിയിരുന്നു. സ്വയം കവിയായിരുന്നിട്ടും, പിന്നോക്ക നന്മകള്‍ പ്രഖ്യാപിച്ചിരുന്ന സുജനാനന്ദിനിയില്‍ എഴുതുന്ന എഴുത്തുകാരനായിട്ടും പരവൂര്‍ കേശവനാശാന്റെ മാനവിക വീക്ഷണം ശരിക്കും ബോധ്യമുണ്ടാ യിരുന്നിട്ടും ഒരു സ്ഥാനപ്പേരിനെ ചൊല്ലി പിന്നോക്കക്കാരെ ഇകഴ്ത്താനുള്ള പൊരോഹിത്യ പ്രവണത പ്രകട മാക്കുക യായിരുന്നു കെ എസ് പോറ്റി. 'നമ്പൂരിത്ത'ത്തിന്റെ ഫണത്തെ പിന്നീട് കേശവനാശാന്റെ ശക്തമായ ഇടപെടലി ലൂടെയാണ് ശമിപ്പിച്ചത്. അത്തരമൊരു വിവാദ ചര്‍ച്ചയിലൂടെ സുജനാനന്ദിനി പത്രം സവര്‍ണര്‍ കയ്യടക്കി വെച്ചിട്ടുള്ള പദവികളും സ്ഥാനപ്പേരുകളും അവര്‍ണര്‍ക്കും സധൈര്യം ഉപയോഗിക്കാ മെന്നുള്ള പച്ചക്കൊടി പരസ്യമായി ഉയര്‍ത്തു യായിരുന്നു. പിന്നീട് നിരവധി വ്യക്തികള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ഇത്തരം പദവികള്‍ ധൈര്യ പൂര്‍വം പേരിനൊപ്പം ചേര്‍ക്കാനും അങ്ങനെ അവ അച്ചടിക്കാനും തുടങ്ങി.

തിരുവിതാംകൂറില്‍ ഉയര്‍ന്നു വന്ന അസംഘടിതമായ സാമൂഹ്യ വിപ്ലവത്തിന്റെ അലകള്‍ സവര്‍ണ വിഭാഗങ്ങളെ യാകെ അത്യന്തം ക്ഷോഭിപ്പിച്ചു. തലമുറകളായി താണ ജാതി വിഭാഗ ങ്ങളിലുള്ളവരെ അടിമകളാക്കി വെച്ച് അടിച്ചൊതുക്കി ഭരിച്ചിരുന്നവര്‍ക്ക് പിന്നോക്ക വിഭാഗ ങ്ങളുടെ മുന്നേറ്റങ്ങള്‍ ഒട്ടും സഹിക്കാനാകു മായിരുന്നില്ല. തിരുവിതാംകൂര്‍ രാജഭരണത്തി നെതിരെയും വേലുത്തമ്പി ദളവ നേതൃത്വം നല്കിയ നായര്‍ കലാപം അടിച്ചമര്‍ത്ത പ്പെട്ടതോടു കൂടി നായര്‍ സമുദായാംഗ ങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് വിരോധം അളിപ്പടര്‍ന്നു. നായര്‍ കുടുംബങ്ങള്‍ക്ക് ഊരാണ്മയു ണ്ടായിരുന്ന ക്ഷേത്രങ്ങ ളൊക്കെത്തന്നെ 1811 ല്‍ കേണല്‍ മണ്‍റോ ഗവണ്‍മെന്റുടമ യിലാക്കിയതോടു കൂടി എതിര്‍പ്പ് രൂക്ഷമായി. ബ്രിട്ടീഷ് ഭരണാധികാരിക ളുയര്‍ത്തിയ രാഷ്ട്രീയ മേധാവിത്വം, നായര്‍ പട്ടാളത്തിന്റെ തിരോധാനം, മിഷണറി മാരുടെ വിദ്യാഭ്യാസ പ്രചരണം, കീഴ്ജാതി വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട സമര മനോഭാവം, പിന്നോക്ക വിഭാഗങ്ങള്‍ ഏറ്റെടുത്ത സാമൂഹ്യ പരിഷ്‌കരണ സംരംഭങ്ങള്‍, മാമൂല്‍ ലംഘനങ്ങള്‍ എന്നിവയോടൊന്നും നായര്‍ സമുദായം ഇണങ്ങിച്ചേര്‍ന്നില്ല. തങ്ങള്‍ക്ക് നൂറ്റാണ്ടുകളായി ലഭിച്ചിരുന്ന മേധാവിത്വ ത്തിനെതിരായുള്ള വെല്ലുവിളി യായിട്ടാണ് ഈ സംരംഭ ങ്ങളെയാകെ സവര്‍ണര്‍ കണ്ടിരുന്നത്.

അക്കാലത്ത് ഈഴവരാദി പിന്നോക്ക കീഴാള വിഭാഗങ്ങള്‍ക്ക് മുട്ടിനു മകളില്‍ വെച്ചു മാത്രമേ മുണ്ടുടുക്കാന്‍ അനുവാദ മുണ്ടായിരുന്നുള്ളൂ. മാറ് മറയ്ക്കുന്ന മേല്മുണ്ടും ധരിക്കുവാന്‍ അവകാശ മുണ്ടായിരുന്നില്ല. കൂടാതെ മൂക്കൂത്തി എന്ന നാസികാഭരണം ധരിക്കാനും മേലാള സ്ത്രീകള്‍ക്കു മാത്രമേ അവകാശ മുണ്ടായിരുന്നുള്ളൂ. ഈ സമ്പ്രദായങ്ങളെ ആരെങ്കിലും അനുസരിക്കാന്‍ കൂട്ടാതെ മുട്ടിനു താഴേക്കു കൂടി പുടവ യുടുക്കുകയോ മാറ് മറച്ചുകൊണ്ട് മേല്മുണ്ട് ധരിക്കുകയോ മൂക്കൂത്തി അണിയുകയോ ഒക്കെ ചെയ്താല്‍ കടുത്ത ശിക്ഷയാണ് തമ്പുരാക്കന്മാര്‍ നല്കി വന്നിരുന്നത്. മുട്ടിനു താഴെ മുണ്ടുടുത്ത സ്ത്രീകളുടെ മുണ്ടഴിക്കുകയും മാറ് മറച്ചുകൊണ്ട് സഞ്ചരിച്ച സ്ത്രീയുടെ മേല്മുണ്ട് വലിച്ചു കീറിയ ശേഷം മുലക്കണ്ണുകളില്‍ ചിരട്ട കടിപ്പിച്ചു പീഢിപ്പിച്ചും മൂക്കൂത്തി അണിഞ്ഞ യുവതിയുടെ മൂക്ക് വൃണപ്പെടുത്തിയും രസിച്ച സവര്‍ണ ഗുണ്ടകളുടെ വിളയാട്ടം മധ്യ തിരുവിതാംകൂറില്‍ അരങ്ങേറുക യുണ്ടായി. അതിനെതിരേ ശക്തമായി പ്രതികരിക്കുകയും കായിക മായിത്തന്നെ എതിരാളികളെ നേരിടുകയും ചെയ്യാന്‍ അവര്‍ണരെ പ്രപ്തരാക്കിയ നേതൃത്വമായി ആറാട്ടുപുഴ വേലായുധ പ്പണിക്കര്‍ എന്ന ഈഴവ പ്രമാണി ഉദയം കൊണ്ടു. ആറാട്ടുപുഴ, കായംകുളം, പന്തളം, പത്തിയൂര്‍ എന്നിവിടങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളുടെ പണിമുടക്കും ലഹളയും നടത്തുന്നതിനു മുന്നില്‍ നിന്ന വേലായുധ പ്പണിക്കര്‍ കുതിര സവാരി ചെയ്തും അക്രമങ്ങള്‍ അടിച്ചമര്‍ത്തിയും അവര്‍ണര്‍ക്ക് അത്താണിയായി മാറി. കായംകുളം കായലില്‍ വെച്ച് മോഷണം പോയ തരണല്ലൂര്‍ നമ്പൂതിരി പ്പാടിന്റെ വിശിഷ്ടമായ സാളഗ്രാമം തിരുവിതാംകൂര്‍ മഹാരാജാവിന്റെ കല്പന പ്രകാരം വീണ്ടെടുത്ത് നമ്പൂതിരിപ്പാടിന് തിരികെ ഏല്പ്പിച്ചതിന് ഈഴവ പ്രമാണിയായ വേലായുധ പ്പണിക്കര്‍ക്ക് രാജാവില്‍ നിന്നും വീരശൃംഖലയും പട്ടും പാരിതോഷികവും ലഭിക്കുകയും ചെയ്തു. പക്ഷെ, കെ ആര്‍ കുളത്തു അയ്യര്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഒരു കള്ളനും കൊള്ളക്കാരനു മായിട്ടാണ് ആറാട്ടുപുഴ വേലായുധ പ്പണിക്കരെ വിശേഷിപ്പിച്ചിട്ടുള്ളത്. ചരിത്ര രചനയിലെ സവര്‍ണ പക്ഷപാതിത്വം അങ്ങനെ രേഖീയമായി!

ബ്രിട്ടീഷു കാര്‍ക്കെതിരേ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സ്വാതന്ത്ര്യ സമരമായ 1857 ലെ ലഹളയെ ബ്രിട്ടീഷ് ചരിത്ര കാരന്മാര്‍ 'ശിപായി ലഹള' എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സൈനികള്‍ ഉപയോഗി ച്ചിരുന്ന തോക്കിന്‍ തിരകളില്‍ മൃഗക്കൊഴുപ്പ് പുരട്ടുന്നത് സംബന്ധിച്ച് മതാചാര പരമായി പൊട്ടിപ്പുറ പ്പെട്ടതാണ് പ്രസ്തുത ലഹളയെന്ന് ചിത്രീകരിക്കപ്പെട്ടു. തുടര്‍ന്ന ലഹള അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഭരണം നേരിട്ട് ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്ത തിനൊപ്പം ഇന്ത്യയിലെ ഭരണത്തില്‍ കാതലായ ചില പരിഷ്‌കാരങ്ങളും നടത്തി. അതിന്‍പടി ഹിന്ദുക്കളുടെ മതാചാരങ്ങളിലും മാമൂലുകളിലും ബ്രിട്ടീഷ് ഭരണം ഇടപെടുക യില്ലെന്ന പ്രഖ്യാപനവും വിക്ടോറിയ രാജ്ഞി നടത്തി. ഈ വിളംബരം ഇന്ത്യയിലെ മ്പാടുമുള്ള സവര്‍ണ ഹിന്ദുക്കള്‍ക്ക് യഥേഷ്ടം അധസ്ഥിത ജനവിഭാഗങ്ങളെ കീഴ്‌പെടുത്തു വാനുള്ള അനുമതി നല്കും വിധം ഉപയോഗ പ്പെടുത്തുകയും ചെയ്തു. തിരുവിതാംകൂറില്‍ 1859 ല്‍ സവര്‍ണരായ മേലാളന്മാരും ഉദ്യോഗസ്ഥ പ്രമാണിമാരും ഒത്തു ചേര്‍ന്ന് തെക്കന്‍ തിരുവിതാംകൂറിലെ ചാന്നന്മാരെ അടിമകളാക്കി വെക്കാന്‍ തീവ്ര ശ്രമം നടത്തി.

അധസ്ഥിത മോചനത്തിനായി സമരം ചെയ്യുവാന്‍ സന്നദ്ധരായ ചാന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ മാറു മറച്ചു നടക്കാന്‍ ആരംഭിച്ചതോടെ ക്രൈസ്തവ മിഷണറിമാരുടെ സഹായത്തോടെ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുവാന്‍ അവര്‍ ധൈര്യപ്പെട്ടതോടെ 'മേല്മുണ്ട് കലാപ'മായി അത് വളര്‍ന്നു. ആയില്യം തിരുനാള്‍ മഹാരാജാവും സര്‍ ടി മാധവറാവു ദിവാനും സവര്‍ണര്‍ക്കൊപ്പം നിലയുറപ്പിക്കുകയും അനുകൂല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന്റെ മുന്നില്‍ നിലകൊണ്ട് ചാന്നാര്‍മാരെ സഹായിച്ചു കൊണ്ടിരുന്ന ക്രൈസ്തവ മിഷണറിമാരെയും സവര്‍ണ ഗുണ്ടകള്‍ വെറുതേ വിട്ടില്ല. നിരവധി ക്രിസ്ത്യന്‍ പള്ളികളും പള്ളിക്കൂടങ്ങളും തീവെച്ചു നശിപ്പിച്ചു. ക്രിസ്തുമത പ്രചാരകരായ മിഷണറിമാര്‍ക്കും പാതിരിമാര്‍ക്കും ക്രൂരമര്‍ദ്ദന മേല്‌ക്കേണ്ടിവന്നു. സാമൂഹ്യ പരിഷ്‌കരണ ത്തിനിറങ്ങി ത്തിരിച്ച തങ്ങള്‍ക്കു മേല്‍ ഉണ്ടായ ഈ ആക്രമണത്തെ നേരിടാന്‍ തന്നെ ക്രൈസ്തവ മിഷണറിമാര്‍ തീരുമാനിച്ചു. തിരുവിതാം കൂര്‍ നാട്ടുരാജ്യ ത്തിനു മേല്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മേല്‌കോയ്മ ഉപയോഗപ്പെടുത്തി പ്രശ്‌ന പരിഹാരം തേടാന്‍ മിഷണറിമാര്‍ നിശ്ചയം കൊണ്ടു. അവര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പക്ഷപാത സമീപന ത്തെ ക്കുറിച്ചും ഭരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ ക്കാകെ മേല്മുണ്ടു വിലക്കുന്ന കാട്ടാളത്തെ പ്പറ്റിയും വൈസ്രോയിക്കും മദ്രസാസ് ഗവര്‍ണര്‍ക്കും രേഖാമൂലം പരാതി നല്കി. സ്വാഭാവികമായും അതിന്മേല്‍ നടപടിയുണ്ടായി. തിരുവിതാംകൂര്‍ ദിവാന്റെ വിശദീകരണം തൃപ്തികരമല്ലെന്നു വിധിയെഴുതിയ ബ്രിട്ടീഷ് ഗവര്‍ണര്‍ സര്‍ ചാള്‍സ് ട്രവലിയന്‍ രോഷാകുലനായി തിരുവിതാംകൂര്‍ ദിവാന് മറുപടി ്അയച്ചു. ബ്രിട്ടീഷ് സാമ്രാജ്യം ഭരിക്കുന്നത് ഒരു രാജ്ഞിയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നത് രാജ്ഞിക്ക് ഒരു തരത്തിലും അംഗീകരി ക്കാനാവില്ലെന്നും ഉടന്‍ കിരാതമായ ഈ ഏര്‍പ്പാട് നിര്‍ത്തലാക്കി ക്കൊള്ളണമെന്നും കടുത്ത നിര്‍ദ്ദേശമുണ്ടായി. വഴങ്ങിയി ല്ലെങ്കില്‍ ശക്തി പ്രയോഗിക്കുമെന്ന തിരിച്ചറിവില്‍ തിരുവിതാംകൂര്‍ രാജാവും ദിവാന്‍ജിയും ആര്‍ക്കും എന്തുവേഷവും ധരിക്കുവാന്‍ അവകാശമുണ്ടെന്നു കാട്ടിക്കൊണ്ടുള്ള ഉത്തരവിറക്കി. അതോടെ മേല്മുണ്ടു കലാപം അവസാനിക്കുകയും ചെയ്തു. അധസ്ഥിതര്‍ക്ക് മേല്മുണ്ടു കലാപത്തില്‍ വിജയം നേടാനായത് പില്ക്കാല കീഴാള മുന്നേറ്റങ്ങള്‍ക്കാകെ ആവേശം പകരുകയുണ്ടായി.

മധ്യ തിരുവാതംകൂറില്‍ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാലയ പ്രവേശനവുമായി ബന്ധപ്പെട്ട് 1905 ല്‍ ഒരു നായരീഴവ ലഹള പൊട്ടിപ്പുറ പ്പെട്ടപ്പോള്‍ അതൊരു ചുട്ടുപൊള്ളുന്ന ചരിത്ര സംഭവമായി. സ്ഥലത്തെ നായര്‍ - നമ്പൂതിരി പ്രമാണിമാര്‍ എതിര്‍ത്തിട്ടും ഈഴവ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പി ക്കുവാന്‍ തയാറായ ഹരിപ്പാട് ഗവണ്മെന്റ് സ്‌കൂളില്‍ നിന്നാണ് 1905 ജനുവരി 22ന് ലഹള ആരംഭി ക്കുന്നത്. ഈഴവ വിദ്യാര്‍ത്ഥികള്‍ തീണ്ടല്‍ അനുഷ്ടിച്ച് 'തമ്പുരാക്കന്മാര്‍'ക്ക് വഴിമാറിക്കൊ ടുത്തില്ലെന്ന കുറ്റം ചുമത്തി നിരവധി വിദ്യാര്‍ത്ഥികളെ സവര്‍ണ ഗുണ്ടകള്‍ നിരത്തിലിട്ടു തല്ലിച്ചതച്ചു. സ്‌കൂള്‍ തല്ലിത്തകര്‍ത്തു. ഈഴവ ഭവനങ്ങള്‍ ആക്രമണത്തി നിരയായി. സ്ത്രീകളേയും കുട്ടികളേയും മൃഗീയമായി മര്‍ദ്ദിച്ചു. കൊള്ളയും കൊള്ളിവെപ്പും പരക്കെ നടമാടി. ഈഴവരില്‍ ചിലരും തിരിച്ചടി ക്കുവാന്‍ ധൈര്യം കാട്ടി. ലഹള വളരെ പെട്ടെന്ന് മറ്റിടങ്ങളിലേക്കു പടര്‍ന്നു. എവിടെയൊക്കെ അവര്‍ണ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചുവോ അവിടങ്ങ ളിലൊക്കെ ലഹള വ്യാപിക്കുകയായി. കായംകുളം, കൊല്ലം, പരവൂര്‍ എന്നിവിടങ്ങളില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലു കളുണ്ടായി.

നായരീഴവ ലഹളയെക്കുറിച്ച് നേരിട്ടുള്ള ഒരു വിവരണം 'ജീവിത സമരം' എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ ഒരു ഭാഗം ശ്രദ്ധിക്കാം - 'വി പി മാധവരായര്‍ ദിവാനായി. അദ്ദേഹം മറ്റു സ്‌കൂളുകളുടെ കൂട്ടത്തില്‍ ഹരിപ്പാട് പള്ളിക്കൂടവും ഈഴവര്‍ക്കായി തുറന്നു കൊടുത്തു. സി ഒ കരുണാകര പ്രഭൃതികള്‍ സ്‌കൂളില്‍ ചെന്നു ചേര്‍ന്നു. അതിനെ തുടര്‍ന്ന് മധ്യ തിരുവിതാംകൂറില്‍ ഒട്ടുക്കു അതിഭയങ്കരമായ നായരീഴവ ലഹള യുണ്ടായി.....'

'ഈ ലഹള മയ്യനാട് വടക്കുംഭാഗം വരെ വന്നു. മയ്യനാട് കടന്നില്ല. വടക്കും ഭാഗത്തുകാരന്‍ ഒരു ഈഴവനാണ് ലഹള ഒടുങ്ങാനുള്ള അവസാന രംഗത്തിന് കളമൊരുക്കിയത്. അന്ന് കൊല്ലം പേഷ്‌കാര്‍ എം എ കേശവ പിള്ളയായിരുന്നു എന്നാണ് ഓര്‍മ. അക്കാലത്തെ സ്ഥിതിക്ക് നായര്‍ ചട്ടമ്പിമാരുടെ മുഷ്‌ക് കൂടി നിന്നു. പേഷ്‌കാരുടെ ഒരു ശിപായി വടക്കേ റോഡില്‍കൂടി ഒരു ഓലക്കുടയും പിടിച്ച് കച്ചേരിക്ക് പോകുകയാണ്. ഈഴവന്‍ ആളൊരു പിശറായിരുന്നു. 'മടക്കെടാ കുട' എന്ന് ഈഴവന്‍ ഗര്‍ജിച്ചു. ഈഴവ കേന്ദ്രം എന്ന അഹമ്മതി കൊണ്ടു തന്നെ നായര്‍ ശിപായി ഒന്നു മിഴിച്ചു നിന്നു. താന്‍ പേഷ്‌കാരുടെ ആളാണെന്ന ധാര്‍ഷ്ട്യം അവന്‍ കാട്ടി. 'മടക്കാനല്ലേടാ പറഞ്ഞത്' എന്നായി ഈഴവന്‍. കാര്യം പന്തിയല്ലെന്നു കണ്ട് ശിപായി സാമവാദം തുടങ്ങി. 'ഇത് ഓലക്കുടയാണ് എങ്ങനെ മടക്കാനാണ്', എന്നായി അയാള്‍. 'അതല്ലെ, നിന്നോട് പറഞ്ഞത് മടക്കെടാ കുട' എന്ന് മര്‍ക്കട മുഷ്ടി ഈഴവന്‍ പിടിച്ചു. അയാള്‍ നിന്നയിടത്തു നിന്ന് ഒന്ന് ഇളകി. കലാശം ചവുട്ടി നായര്‍ക്കു നേരേ പാഞ്ഞു. നായരെ കുടയോടു കൂടി പിടിച്ച് കുമാരനാശാന്റെ കടുവയെ പോലെ പൊടിയില്‍ മറിച്ചിട്ട് പിടപ്പിച്ച് ആര്‍ത്തിയോടെ കുടില നഖങ്ങളാല്‍ കോമളമാം തദംഗം മാന്തി മാംസം പൊളിച്ചു കടും ചോര ചാടിച്ചു വിട്ടു. ശിപായി റോഡുവഴി നേരേ ഓടി പേഷ്‌കാരുടെ മുമ്പില്‍ വീണു മുറവിളിയായി. ഒരു സംഘം പൊലീസ് മയ്യനാട്ടു വടക്കും ഭഗത്തു നിയോഗിക്കപ്പെട്ടു. പിന്നെ ആ ദിക്കില്‍ നടന്ന പൈശാചിക മര്‍ദ്ദനം അവര്‍ണനീയ മായിരുന്നു......'

പരവൂരില്‍ നായരീഴവ ലഹളക്ക് കാരണമായി ത്തീര്‍ന്നത് മണിയംകുളം പാലമാണ്. ആ പാലവും മാമൂലനുസരിച്ച് 'ജാതിവ്യത്യാസം' പാലിച്ചിരുന്നു. നായരും ഈഴവരും ഒന്നിച്ചോ കീഴാളരും ഈഴവരും ഒന്നിച്ചോ പാലത്തില്‍ കയറുവാന്‍ അനുമതി ഉണ്ടായിരുന്നില്ല. നമ്പൂതിരിയോ നായരോ പാലത്തില്‍ കയറി നിന്നാല്‍ പിന്നെ ഈഴവര്‍ക്കോ ഇതര വിഭാഗങ്ങള്‍ക്കോ പാലം ഉപയോഗിക്കുവാന്‍ കഴിയുക യില്ലെന്ന അലിഖിത നിയമം നിലനിന്നിരുന്നു. ഇതിനെ നായര്‍ ഈഴവ ലഹളക്കാലത്ത് ഈഴവര്‍ ചോദ്യം ചെയ്തത് വലിയ കലാപങ്ങള്‍ക്ക് കാരണമായി.

പരവൂര്‍ കേശവനാശാന്‍ നേരിട്ട് നായരീഴവ ലഹളയില്‍ പങ്കാളി യായിരുന്നില്ല. ലഹളയെ സംബന്ധിച്ച വാര്‍ത്തകള്‍ സ്വാഭാവികമായും സുജനാനന്ദിനി പത്രം പ്രസിദ്ധീക രിച്ചിരുന്നു. എന്നാല്‍ ഈഴവര്‍ക്കും മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും കീഴാള സമൂഹത്തിനും വിദ്യാഭ്യാസം നല്കുവാന്‍ അവസര മൊരുക്കണമെന്ന ശക്തമായ നിലപാടെടുത്ത ഉല്പതിഷ്ണു വായിരുന്നു കേശവനാശാന്‍. ഇത് വെറുമൊരു വാദമായോ തര്‍ക്ക വിഷയമായോ ഉന്നയിക്കുക എന്നതിനപ്പുറം സ്വന്തം പ്രവര്‍ത്ത നത്തിലൂടെ നടപ്പില്‍ വരുത്തിയ കേശവനാശാന്‍ സാര്‍വത്രിക വിഗ്യാഭ്യാസ ത്തിന്റെ പ്രചാരകന്‍ തന്നെ യായിരുന്നു. അതുകൊണ്ടു തന്നെ പരവൂര്‍ കേശവനാശാനേയും അദ്ദേഹത്തിന്റെ സുജനാനന്ദിനി പത്രത്തെയും പിന്നോക്ക പക്ഷത്തോ കീഴാള ചേരിയിലോ ഉള്‍പ്പെടുത്തു വാന്‍ സവര്‍ണ മേധാവികള്‍ക്കു ബുദ്ധിമുട്ടു ണ്ടായില്ല. അവര്‍ അദ്ദേഹത്തെ അങ്ങനെ അധസ്ഥിതര്‍ക്കൊപ്പം നില്ക്കുന്ന പത്രാധിപര്‍ എന്നു കണ്ടതിന്റെ പ്രതിഫലന മെന്നോണം നായര്‍ ഈഴവ ലഹളയില്‍ സുജനാനന്ദിനി പത്രവും പ്രസ്സുമെല്ലാം അഗ്നിക്കിര യാക്കുവാന്‍ ഇടയായി. എങ്കിലും അവര്‍ണര്‍ക്കാകെ വിദ്യാഭ്യാസം വിദ്യാഭ്യാസം നല്കണമെന്ന പരവൂര്‍ കേശവനാശാന്റെ നിലപാട് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു. സാര്‍വത്രിക വിദ്യാഭ്യാസ ത്തെക്കുറിച്ച് അദ്ദേഹം ഉയര്‍ത്തിയ സംവാദം ഏറെ വൈകാതെ നിയമമായി അംഗീകാരം നേടി. താന്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ തന്റെ കര്‍മ മണ്ഡലം വഴി നടപ്പിലാക്കി കാട്ടിക്കൊടുത്ത പരവൂര്‍ കേശവനാശാന്‍ വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച കര്‍മ യോഗിയായിരുന്നു.

അവര്‍ണ നീതിക്കായി നിലകൊള്ളുകയും അവര്‍ണരെ വിദ്യ അഭ്യസി പ്പിക്കുന്നതില്‍ മുന്‍കൈ പ്രവര്‍ത്തനം നടത്തുകയും താഴ്ന്ന ജാതിക്കാര്‍ക്ക് സാമൂഹിക സാമ്പത്തിക നീതി ഉറപ്പു വരുത്താന്‍ സവര്‍ണ മേധാവിക ളുമായി സംവാദത്തിനൊ രുങ്ങുകയും ചെയ്ത പരവൂര്‍ കേശവനാശാന്‍ കീഴാള നവോത്ഥാനത്തിന്റെ ശക്തി കേന്ദ്രങ്ങളി ലൊന്നായിരുന്നു. സ്വയം മാതൃക യാകുക മാത്രമല്ല, തന്റെ ശിഷ്യരിലൂടെ കീഴാള നവോത്ഥാന ത്തിന്റെ ദീപശിഖ പില്ക്കാല സമൂഹത്തിനു കൈമാറുവാനും ശ്രമിച്ചതു വഴി പരവൂര്‍ കേശവനാശാന്‍ കാലഘട്ടത്തിന്റെ ഗുരുവായി സാര്‍വത്രിക അംഗീകാരവും നേടി.
------------------------------------------
കടപ്പാട്: മാറ്ററും ചിത്രങ്ങളും 'നവയുഗം' മാസിക 2014 സെപ്തംബര്‍ ലക്കം.