"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 15, ബുധനാഴ്‌ച

പുലയര്‍ ഉത്പത്തി കാരണമായ പാലക്കാട് - മലപ്പുറം - കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഒര്‍ണ കൃഷ്ണന്‍കുട്ടി
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം കാളപ്പെട്ടി മൂകാംബിക ക്ഷേത്രത്തിലെ ഉത്സവത്തിന് ദേവിയെ എഴുന്നള്ളിക്കുമ്പോള്‍ മുമ്പില്‍ കുടയും വിളക്കും പിടിച്ചു നില്‍ക്കുന്നതിനുള്ള അവകാശം പുലയര്‍ക്ക് ഉണ്ടായിരുന്നു. രാജാക്കന്മാരായിനല്‍കിയിട്ടുള്ള അവകാശമാണിത്. കാമ്പിശ്ശേരി പൂരം കഴിഞ്ഞ് ഉത്രം ആഘോഷത്തിന് ശേഷം കുഴല്‍മന്ദത്തിന് സമീപം ചിതല് എന്ന പ്രദേശത്തെ മലയപ്പതി ഉത്സവത്തിന് കൃഷിക്ക് അഭിവൃദ്ധി ലഭിക്കുവാന്‍ പുലയര്‍ കോഴി, ആട് എന്നിവയെ ബലി നടത്തുന്ന പതിവുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈ ബലികര്‍മ്മം നടത്തുന്നത്. ജില്ലയിലെ മറ്റൊരു ക്ഷേത്രമാണ് എടപ്പറ്റ വനദുര്‍ഗ്ഗാ ദേവിക്ഷേത്രം. പട്ടാമ്പിയില്‍ നിന്നും. 17 കീ.മീ ദൂരം. യാതൊരു ആര്‍ഭാടവുമില്ല. മതില്‍ കെട്ടി ഗോപുരവുമില്ല. മരങ്ങളും സസ്യങ്ങളും വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പ്രദേശം. ദേവിയെ വെള്ളകല്ലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു പുലയരാണ് ക്ഷേത്രചടങ്ങുകളിലെ പങ്കാളി. പാലക്കാട് ജില്ലയിലെ മാങ്ങോട് ഭഗവതിക്ഷേത്രവും പുലയിയുടെ അരിവാള്‍ സ്പര്‍ശനമേറ്റ് ഉത്ഭവിച്ചതാണ്. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍ - പൊങ്ങനം ഭഗവതിക്ഷേത്രം. ഇവിടെ ഉത്സവത്തിന് പുലയരുടെ കാളകളി മുഖ്യഇനമാണ്. ചാലക്കുടി റയില്‍വേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്ന പുലയരുടെ ചരിത്രം പേറുന്ന മറ്റൊരു ക്ഷേത്രമാണ് പിഷാരിക്കാവ്. പിഷാരി അമ്മയുടെ ആറാട്ടുപൂരം കഴിഞ്ഞ് മന്ദാരകടവിലെ ആറാട്ടിനു ശേഷം അവിടത്തെ ഉത്സവം അവസാനിക്കുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ടു. 1789 നോടു കൂടിയാണ് ടിപ്പുവിന്റെ പടയോട്ടം. യുദ്ധം നടന്ന മര്‍മ്മസ്ഥാനമായിരുന്നു കൊരട്ടിക്കും ചാലക്കുടിയ്ക്കും മദ്ധ്യേയുള്ള കോട്ടമുരി (മുരിങ്ങൂര്‍) എന്ന പ്രദേശം. കോട്ടമുറി എന്ന പേരുണ്ടാകാനും കാരണം യുദ്ധം നടന്ന സ്ഥലം എന്നതുകൊണ്ടാണ്. പുലയരുടെ സാംസ്‌കാരിക ഉത്സവവും കൂടിയാണത്. തൃശ്ശൂര്‍ - ഗുരുവായൂര്‍ റൂട്ടിലെ കടങ്ങേത്ത് - അരിയന്നൂര്‍ ഭഗവതി ക്ഷേത്രവും പുലയരുടെ കഥകളുടെ തിരുശേഷിപ്പുകളാണ്. പാണന്മാരു ടേയും മണ്ണാന്മാരുടേയും പാട്ടുകളാണ് പ്രധാനം. തൃശ്ശൂര്‍ ജില്ലയിലെ മരുതൂര്‍ കാര്‍ത്തിയാനി ക്ഷേത്രം, മരുതമുനി തപസ് ചെയ്ത് ദേവി ചൈതന്യം കണ്ടെത്തിയ ഇടമാണെന്നാണ് വിശ്വാസം. മരുതന്‍ എന്ന വാക്കിന് പുലയപ്രധാനി എന്നാണ് അര്‍ത്ഥം. ആദിദ്രാവിഡ കാലത്തു ണ്ടായ പ്രതിഷ്ഠയാണിതെന്നും പക്ഷാന്തരമുണ്ട്. 10 ാം നൂറ്റാണ്ടി നോടടുത്ത കാലത്ത് ബ്രാഹ്മണാധിപത്യം കൊടികുത്തി വാണപ്പോള്‍ പുലയിബന്ധം വഴി ദേവിചൈതന്യം ദര്‍ശിക്കാന്‍ ഇടയായി എന്നും പറയുന്നു. 

കോഴിക്കോട് ജില്ലയില്‍ കരുവട്ടൂര്‍ - കാരന്തൂരില്‍ സ്ഥിതിചെയ്യുന്ന ആവട്ടൂര്‍ തുറയില്‍ ഭഗവതി ക്ഷേത്രം പുലയരുടെ ബന്ധം സൂചിപ്പിക്കുന്ന ക്ഷേത്രമാണ്. വിജനതയിലും വിസ്മൃതിയിലും കിടന്ന വിഗ്രഹത്തില്‍ പറമ്പിലെ കൂവക്കാട്ടില്‍ കൂവ പറിക്കാന്‍ പോയ പുലയസ്ത്രീയുടെ ആയുധം തട്ടിയപ്പോള്‍ രക്തപ്രവാഹമുണ്ടായെന്നും ഭയന്നോടി പുലയസ്ത്രീ വിവരം നാടുവാഴി നായന്മാരെ അറിയിച്ചു എന്നും അദ്ദേഹം ദേവി ചൈതന്യം കണ്ടെത്തിയ സ്വയംഭൂനിലം കൊളാഴി നമ്പൂതിരിയെ ആളയച്ചു വരുത്തി പ്രതിഷ്ഠ നടത്തി എന്നും ഐതീഹ്യം. നമ്പൂതിരി ചൈതന്യം ദര്‍ശിച്ച ഉടനെ ദേവിയെ പൂജിച്ചു. നിവേദ്യത്തിന് പുലയി പറിച്ച കൂവയാണ് ഉപയോഗിച്ചത്. ഇവിടത്തെ പ്രധാന നിവേദ്യം കൂവപ്പായ സമാണ്. തനിദ്രാവിഡ തനിമ പേറുന്ന ക്ഷേത്രത്തില്‍ ഉത്സവമില്ല. 

ജില്ലയിലെ തന്നെ കടലുണ്ടി -മണ്ണൂര്‍ ഭഗവതിക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ എടയന്നൂര്‍ ഭഗവതി ക്ഷേത്രം, തൃശ്ശൂര്‍ ജില്ലയിലെ വടക്കഞ്ചേരിയിലുള്ള ചിറ്റങ്ങയിലെ കാര്‍ത്തിയാനിക്ഷേത്രം ഇതെല്ലാം പുലയരുമായി ബന്ധപ്പെട്ടു കിടക്കുന്നു. കോഴിക്കോട് ജില്ലയിലെ നെന്മണ്ടക്കടുത്തുള്ള ഇളംപാറ - വള്ളിക്കാട്ടുകാവ് പുലയസ്ത്രീയുടെ അരിവാള്‍ ആയുധത്തില്‍ നിന്നും ഉടലെടുത്തതാണ്. പന്നിയങ്കര ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ ഉല്പത്തിയും ഇതുതന്നെയാണ്. 

മലപ്പുറം ജില്ലയിലെ ചണ്ടരംകുളത്തിന് സമീപം മുക്കുതലക്ഷേത്രം -മുക്തിശാലയും ഭക്തിശാലയും. മൂക്കുതം ദേവി - ആദിപരാശക്തി ക്ഷേത്രം 8 ഏക്കറോളം വിസ്തൃതിയുള്ള നിബിഡവനത്തില്‍ വിരാജി ക്കുന്നു. ഒരു ദിവസം ക്ഷേത്ര സങ്കേതത്തിനടുത്തുള്ള വനത്തില്‍ പുലയിപ്പെട്ട് പുല്ലരിയുമ്പോള്‍ അരിവാള്‍ ശിലയില്‍തട്ടി. കല്ലില്‍നിന്നും ചോര ഒഴുകിയപ്പോള്‍ ഗിരിവര്‍ഗ്ഗക്കാരെല്ലാം ഓടിക്കൂടി. ആ കല്ലില്‍ നിന്നും ഒരു കഷണം ഛേദിക്കപ്പെട്ടു. അതു ദേവിയുടെ മൂക്കായിരുന്നു വത്രേ. ആ മുഖഭാഗം ഒഴിച്ച് മറ്റ് മൂന്നുഭാഗങ്ങളും കല്ലുകൊണ്ട് പടുത്തുയര്‍ത്തി. മുമ്പില്‍ സ്വയംഭൂവും. അലങ്കാരത്തിനുവേണ്ടി കരിങ്കല്ലില്‍ ദേവിയുടെ സിംഹവാഹിനി വിഗ്രഹവും പ്രതിഷ്ഠിച്ചു. അതാണ് ഇന്നു കാണുന്ന വിഗ്രഹം. പുലയരുമായി ബന്ധപ്പെട്ടുള്ള മലപ്പുറത്ത് തന്നെയുളള വേറൊരു ക്ഷേത്രമാണ് വെളിയങ്കോട് - പാലപ്പെട്ട ഭഗവതിക്ഷേത്രം. പെരുമ്പടവ് പുത്തന്‍പള്ളി സെന്ററിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസ്തുത ക്ഷേത്രത്തിലെ ക്ഷേത്രചടങ്ങുകള്‍ ദ്രാവിഡ സത്തെ സൂചിപ്പിക്കുന്നു. മീനഭരണിക്ക് ക്ഷേത്രനടയിലുള്ള പാലചുവട്ടില്‍ നടത്തുന്ന പുലയരുടെ കര്‍മ്മങ്ങള്‍ ക്ഷേത്രത്തില്‍ അവര്‍ക്കുള്ള പഴയകാല ബന്ധത്തെ സൂചിപ്പിക്കുന്നു. ഉത്സവത്തോട നുബന്ധിച്ചുള്ള ദേശക്കാരുടെ താലംവരവും, പാവക്കൂത്ത് എന്ന പ്രാചീന കലാവതരണവും ക്ഷേത്ര ത്തിനുണ്ടായിരുന്ന അബ്രാഹ്മണ സ്വാധീനത്തെ വ്യക്തമാക്കുന്നു. പ്രതിഷ്ഠാദിനത്തിന് അന്നദാനവും, പുറത്ത് പടിഞ്ഞാറെ നടയില്‍ കാണുന്ന കൂത്തമ്പലത്തില്‍ മീനം 14 മുതല്‍ 10 ദിവസം പുലയ കുടുംബക്കാരുടെ നേതൃത്വത്തില്‍ രാമായണ കഥ, പാവക്കൂത്ത് എന്നിവ നടത്തി വരുന്നു. ഇത് ദേവിക്ക് ഏറെ ഇഷ്ടമാണ് എന്നാണ് വിശ്വാസം.