"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 25, ശനിയാഴ്‌ച

ചാകരയെ പഠിക്കാന്‍ നേരമില്ല; അപൂര്‍വ പ്രതിഭാസം അവസാനിക്കുമോ??? - സംഗീത വി യു

കറുത്തമ്മോ....
ഈ വിളികേട്ടാല്‍ മലയാളിയുടെ മനസ് കടപ്പുറത്ത് എത്തുകയായി. വള്ളം നിറയെ ചെമ്മീനുമായി ചാകരക്കൊയ്ത്ത് കഴിഞ്ഞെ ത്തുന്ന മുക്കുവരുടെ ചിത്രം മനസില്‍ തെളിയുക യായി....! തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ചലച്ചിത്ര വും അത്രയധികം അവരുടെ ജീവിതത്തില്‍ കലര്‍ന്നിരിക്കുന്നു. കടപ്പുറത്തെ ഉത്സവമാണ് ചാകര. അത് മലയാളിയെ മനസിലാക്കിക്കൊടുത്തത് ഈ നോവലും സിനിമയുമാണ്. പ്രണയ കഥക്കപ്പുറം, തുറയരയന്മാരുടെ ജീവിതം, ഭാഷ, കടലമ്മയിലുള്ള അവരുടെ ഉറച്ച വിശ്വാസം... ഇതെല്ലാമായിരുന്നു മലയാളി, ഈ നോവലിലും സിനിമയിലും കണ്ടത്.

കടപ്പുറത്ത് സമ്പദ്‌സമൃദ്ധിയുടെ വിളംബരം അറിയിക്കുന്ന ചാകര കേരളത്തിന്റെ മാത്രം തനതായ പ്രകൃതി പ്രതിഭാസമാണ്. ഇത് ഇന്ന് അപ്രത്യക്ഷമായി വരുന്നു. എന്നത് ഏറെ ഗൗരവമേറിയ വിഷയമായി ആരും കണക്കിലെടുത്തിട്ടില്ല. വര്‍ഷാവര്‍ഷം ചാകര കാണുന്നത് കുറഞ്ഞു വരുന്നതായി ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പഠനം നടത്താന്‍ പോലും ഇപ്പോഴും സര്‍ക്കാരോ ഗവേഷണ സ്ഥാപന ങ്ങളോ തയാറായിട്ടില്ല. 1976 നു ശേഷം ചാകര കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍. ചാകരക്കാലത്ത് ലഭിക്കുന്ന മത്സ്യങ്ങളുടെ അളവില്‍ കുറവു വന്നിട്ടുള്ളതായി തൊഴിലാളികളും പറയുന്നു. പൊതുവേ സര്‍വ സാധാരണമായിരുന്ന പല കടല്‍ മത്സ്യങ്ങളും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പിന്റെ കണക്കുകളില്‍ പോലും വ്യക്തം. എന്നാല്‍ ഇതിന്റെ കാര്യ കാരണങ്ങള്‍ ആരും ഇന്നു വരെ അന്വേഷിച്ചില്ല. ചാകര എന്ന പ്രതിഭാസം എന്താണെന്നു പോലും ഇന്നും പഠിച്ചറിഞ്ഞിട്ടില്ല. വിവിധ കാലങ്ങളില്‍ പലരും നടത്തിയ പഠനങ്ങള്‍ വ്യത്യസ്ത നിഗമനങ്ങളില്‍ ചെന്നവസാനിച്ചു. 14 ഓളം തിസീസുകള്‍ ചാകരയെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഇവയിലൊന്നിലും വ്യക്തമായ ഒരു ഉത്തരമില്ല. ചാകരയും മത്സ്യ സമ്പത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നമ്മുടെ ഗവേഷകര്‍ക്ക് തിട്ടമില്ല. 1984 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ പുറത്തിറക്കിയ ബുള്ളറ്റിനില്‍, അങ്ങിനെ ഒരു ബന്ധമില്ലെന്നു പറയുന്നുണ്ടെങ്കിലും ഒരു മുന്‍കൂര്‍ ജാമ്യത്തിന്റെ ഭാഷയാണ് അവര്‍ ഉപയോഗിച്ചത്. 1971 - 76 കാലത്ത് സിഎംഎഫ് ആര്‍ഐ നടത്തിയ പഠനങ്ങളില്‍ ചാകര വന്‍ ഉത്പാദന ക്ഷമത സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ചാകരയുടെ കുറവ് സംബന്ധിച്ച് പഠിക്കാന്‍ സിഎംഎഫ്ആര്‍ഐ 25 വര്‍ഷത്തിന് ശേഷം വീണ്ടും ശ്രമം തുടങ്ങി യിരിക്കുകയാണ്. മുന്‍ കാലങ്ങലില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള തീരക്കടലില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന പ്രതിഭാസം ഇപ്പോള്‍ പലയിടത്തും ഇല്ല. ഈ വിടവുണ്ടായതെങ്ങനെ എന്നാണ് പഠിക്കുക. 

മറ്റൊരു പ്രധാനകാര്യം ശ്രദ്ധയില്‍ പെട്ടിട്ടുള്ളത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കടലിന്റെ സ്വഭാവത്തില്‍ വന്ന നാടകീയമായ മാറ്റമാണ്. ഇതും ചാകരയെ ബാധിച്ചിട്ടുണ്ടെന്നു മറൈന്‍ പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. തീരപ്രദേശത്തെ സമ്പന്ന ജൈവവ്യവസ്ഥ, മത്സ്യത്തൊഴിലാളിക്ക് നല്ല രീതിയില്‍ മത്സ്യ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. പരമ്പരാഗത വള്ളങ്ങള്‍, യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വഴിമാറിയതും വലിയ കപ്പലുകളുടെ സഞ്ചാര വര്‍ധനവും ഒപ്പം വ്യവസായ മാലിന്യങ്ങള്‍ കടലിലെത്തുന്നതും ഈ പ്രിഭാസത്തെ കാര്യമായി ബാധിക്കുന്നു എന്നാണ് അനുമാനിക്കുന്നത്. മത്സ്യബന്ധനവും മലിനീകരണവും നേരിട്ട് ബന്ധപ്പെടുന്ന വയാണെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

കേരളത്തില്‍ മത്സ്യ സമ്പത്തിന് ക്ഷയം സംഭവിക്കുന്നു എന്നത് ഏവരും സമ്മതിക്കുന്നു. കണക്കുകളിലും ഇത് വ്യക്തം. അതിനുള്ള കാരണങ്ങളില്‍ ഒന്ന് പരിസ്ഥിതിയിലെ മനുഷ്യന്റെ ഇടപെടല്‍ തന്നെ എന്നും ഗവേഷകര്‍ സമ്മതിക്കുന്നു. ഗവേഷണ പദ്ധതികള്‍ക്കായി കോടികള്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ കൈമലര്‍ത്തു കയാണ്. ഇതുവരെ പുറത്തുവന്ന പഠന റിപ്പോര്‍ട്ടുകള്‍ വിലയിരുത്താ നോ അവ ഏകോപിപ്പിച്ച് സമഗ്രമായ ഒരു മത്സ്യ നയം രൂപീകരിക്കാ നോ ഒരു സര്‍ക്കാരും ഇന്നുവരെ തയാറായിട്ടില്ല. നിരവധി വിദേശ രാജ്യങ്ങള്‍ തങ്ങളുടെ മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ കര്‍ശന നിയമ നിര്‍മാണം നടത്തുമ്പോഴും, വിദേശ നാണ്യത്തില്‍ കണ്ണും നട്ട് വിദേശ ട്രോളികള്‍ക്കു പോലും അനുമതി നല്കുന്ന സാഹചര്യമാണ് ഇവിടെ.

സാമ്പത്തികാ ടിസ്ഥാനത്തിലല്ലാതെ സാമൂഹികാ ടിസ്ഥാനത്തിലും കൂടി ഊന്നല്‍ നല്കി വേണം ഈ വിഷയത്തില്‍ പഠനം നടത്തേണ്ടതെന്ന് ചില ശാസ്ത്രജ്ഞര്‍ക്കെങ്കിലും അഭിപ്രായമുള്ളതു കാണാതിരിക്കാനാവില്ല. 590 കി മീ ദൈര്‍ഘ്യമുള്ള തീരദേശമാണ് കേരളത്തിനുള്ളത്. കടലിലെ മത്സ്യ സമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഒരു കോടിയിലേറെ വരും. അതേസമയം മത്സ്യക്കയറ്റു മതിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു എന്ന കണക്കുകളിലാണ് സര്‍ക്കാര്‍ ശ്രദ്ധ. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളം ഭാവിയില്‍ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. അത് സാമ്പത്തികമായി മാത്രമല്ല, തൊഴില്‍, ആരോഗ്യം തുടങ്ങിയ നിര്‍ണായക മേഘലകളെ കൂടി ബാധിക്കുന്ന ഒന്നായിരിക്കും.

ലോകത്ത് മറ്റെവിടേയും കാണാത്ത പ്രകൃതിയുടെ ഈ അനുഗ്രഹം ഇല്ലാതാകുന്നതോടെ മലയാളിയുടെ ജീവിതത്തില്‍ നിന്നു മത്സ്യാഹാരം അപ്രത്യക്ഷമായേക്കും. മത്സ്യ സമ്പത്തിന്റെ ഗവേഷണത്തിനു മറ്റനവധി കാരണങ്ങള്‍ ശാസ്ത്രജ്ഝര്‍ ചൂണ്ടിക്കാണി ക്കുന്നുണ്ടെങ്കിലും പ്രകൃതി ക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന നഗ്നമായ അധിനിവേശത്തിന്റെ ഫലം അനുഭവിക്കാന്‍ ഏറെ കാലമില്ലെന്നാണ് സൂചനകള്‍, ചാകര കുറയുന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. ചാകര കുറയുന്നതിന് ശാസ്ത്രജ്ഞന്മാര്‍ക്ക് വ്യത്യസ്താ ഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, എല്ലാവരും യോജിക്കുന്ന ഒന്നുണ്ട്. കണ്ണും മൂക്കുമില്ലാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും വേണ്ടത്ര പഠനം നടത്താതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും. 1998 ന് ശേഷം ഇതുവരെ ചാകര പൂര്‍ണ തോതില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഈ മേഖലയില്‍ സമഗ്രമായ പഠനമോ ഗവേഷണമോ ഇനിയും നടന്നിട്ടി ല്ലെന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ്. ഇന്ത്യയിലെന്നല്ല, ലോകത്തെ വിടെയായാലും ഇങ്ങനെ ഒന്നില്ലെന്നതിന്റെ തെളിവാണ് ഈ പ്രിഭാസം മനസിലാക്കാന്‍ വിദേശ ശാസ്ത്രജ്ഞര്‍ പോലും ക്രളത്തില്‍ എത്തുന്നു എന്നത്.

ചാകര എന്ന പ്രതിഭാസം

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കേരളത്തില്‍ അനുഭവപ്പെടുന്ന പ്രത്യേക പ്രതിഭാസമാണ് ചാകര. നദീമുഖത്തു നിന്നു വരുന്ന ചെളിയും എക്കലും ഒരിടത്ത് അടിഞ്ഞുകൂടുന്നു. കടല്‍ ഇവയെ പുറംതള്ളുന്നു. മീനുകള്‍ക്ക് ഭക്ഷണ സങ്കേതമാകുന്ന ഇവിടേക്ക് വന്‍തോതില്‍ മീനുകള്‍ എത്തിച്ചേരുന്നു. കടലിനുള്ളിലേക്ക് അര്‍ധ വൃത്താകൃതിയില്‍ 5 - 7 കി മീ വരേയും തീരത്തേക്ക് 4 -6 കി മീ വരേയും ചാകര നീണ്ടുനില്ക്കും. ചാകരയുടെ ഉപരിതലത്തില്‍ ഒന്നാംതരം കളിമണ്ണും വിശാലമായ അടിത്തട്ടില്‍ ദ്രവ രൂപത്തിലുള്ള ചെളിയും ഊറലുകളുമാണ് കാണുന്നത്. ഇരുണ്ട ചാരനിറം കലര്‍ന്ന പച്ച ചെളിമണ്ണ് എണ്ണ രൂപത്തിലാണ് കാണപ്പെടുന്നത്. ഇതിലെ ജൈവ പ്ലാങ്ടണിന്റെ സാന്നിധ്യമാണ് മത്സ്യങ്ങളെ ആകര്‍ഷിക്കുന്നത്. ശക്തമായ കടല്‍ക്ഷോഭ കാലത്തും ചാകരയുള്ള പ്രദേശം തിരകളൊഴിഞ്ഞ് പ്രശാന്തമായിരിക്കും. തിരകളെ തടഞ്ഞു നിര്‍ത്തുന്നതിനാല്‍ ചാകര തീരത്തോടടുത്ത് കടല്‍ ജീവികളുടെ വളര്‍ച്ചക്കും ഗുണം ചെയ്യുന്നു. കൂടാതെ കടല്‍ത്തീരത്തെ മണ്ണൊലിപ്പില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. മണ്‍സൂണ്‍ കാലത്തെ തിരമലകളുടെ സമ്മര്‍ദം മൂലം കടലിന്റെ തൊട്ട് അടിത്തട്ടിലുള്ള ചെളി പൊന്തിവരുന്ന താണ് ചാകര. മത്സ്യങ്ങളുടെ ശ്വാസ നാളങ്ങളില്‍ ചെളി കയറി തളരുകയും അവയുടെ ചലനശേഷി കുറയുകയും ചെയ്യുന്നതിനാല്‍ അവയെ ഒരിടത്ത് കാണപ്പെടുന്നതാണ് ചാകരക്കാലത്ത് ധാരാളമായി മത്സ്യം ലഭിക്കുന്നതിന് കാരണമായി പറയുന്ന മറ്റൊരു കൗതുകകരമായ വസ്തുത.

* ചാകര ഉണ്ടാകുന്നത് വര്‍ഷത്തിലൊരിക്കല്‍ ഒരു സ്ഥലത്തു മാത്രം.
* ഒരാഴ്ചയോളം നീണ്ടു നില്ക്കും.
* ഓരോ വര്‍ഷവും പ്രത്യക്ഷപ്പെടുന്ന സ്ഥലം വ്യത്യസ്തമായിരിക്കും.
* നീണ്ടകര മുതല്‍ ചാവക്കാട് വരെയാണ് ഈ പ്രതിഭാസം കാണുന്നത്.

ഭൗമശാസ്ത്രപരമായ പ്രത്യേകത

കേരളത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതയാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷണ വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോണ്‍ തോമസ് ചൂണ്ടിക്കാട്ടുന്നു. സഹ്യപര്‍വത നിരകളില്‍ നിന്നുള്ള ക്രമമായ ചരിവ്, ഇടനാടും കടന്ന് അറബിക്കടലില്‍ അവസാനി ക്കുന്നതാണ് കേരളത്തിന്റെ ഭൗമഘടന. മലനിരകളില്‍ നിന്നുത്ഭവിക്കുന്ന 44 നദികളില്‍ 41 ഉം അറബിക്കടലില്‍ ചേരുന്നു. ഈ വെള്ളത്തിന്റെ സമ്മര്‍ദം കൊണ്ടാണ് കേരളത്തില്‍ തീരദേശത്തു പോലും ഉപ്പുവെള്ള പ്രശ്‌നം ഉദിക്കാത്തത്. മണ്‍സൂണ്‍കാലത്ത് നിറഞ്ഞൊഴുകുന്ന നദികളിലൂടെ എക്കല്‍ മണ്ണും സസ്യാംശങ്ങളും ഒഴുകിയെത്തി കടലില്‍ സുവോപ്ലാങ്ടന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതാണ് ചാകരയുടെ ശാസ്ത്രീയ വശം. ഇത്രയധികം നദികള്‍ കടലില്‍ പതിക്കുന്നത് ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് എന്നതാണ് ചാകര എന്ന പ്രതിഭാസം ഇവിടെ രൂപപ്പെടാന്‍ കാരണം. ചാകര രൂപം കൊള്ളുന്നത് അഴിമുഖങ്ങളിലാണെന്ന ധാരണ ശരിയല്ലെന്നും പ്രൊഫ. ജോണ്‍ തോമസ് വ്യക്തമാക്കുന്നു.

ചാകര ഇല്ലാതാകുന്നതിന്റെ കാരണങ്ങള്‍

ചാകര കുറയുന്നതിന്റെ കാരണങ്ങള്‍ തികച്ചും മനുഷ്യ ജന്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

1. മള്‍ട്ടിപ്പിള്‍ അണക്കെട്ടുകളുടെ നിര്‍മാണം.
2. തീരപ്രദേശത്തെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
3. കടലിന്റെ സ്വാഭാവിക ചലനത്തെ ബാധിക്കുന്ന പുലിമുട്ടുകള്‍.

അണക്കെട്ടുകളുടേയും തടയണകളുടേയും നിര്‍മാണം നദികളുടെ ഒഴുക്ക് ഗണ്യമായി കുറക്കുകയുണ്ടായി. നദികളിലെ എക്കല്‍ മണ്ണ് ഡാമുകളി ലാണ് നിക്ഷേപിക്കപ്പെട്ടത്. ഇത് കടല്‍ ജൈവ സമ്പത്തിനെ സാരമായി ബാധിച്ചു. അതേസമയം തീരദേശത്തെ അശാസ്ത്രീയമായ നിര്‍മണങ്ങളും കടലിന്റെ സ്വാഭാവിക ചലനത്തിനു തടസമായി. ഒഴുകിയെത്തുന്ന വെള്ളം നഗര പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ തീര്‍ക്കുക മാത്രമായിരുന്നു ഫലം. കടലാക്രമണം നേരിടാന്‍ പുലിമുട്ടു സ്ഥാപിക്കുന്നതും വിദഗ്ധ പഠനം നടത്താതെയായിരുന്നു. ജനപ്രതിനിധികളുടെ സ്വാധീനം ഉറപ്പിക്ക ലിന്റെ ഭാഗമായി മിക്കയിടത്തും പുലിമുട്ടുകള്‍ ഉയര്‍ന്നു. എന്നാല്‍ ഇത് കടലിന്റെ ചലനത്തെ ബാധിക്കുക മാത്രമാണ് ചെയ്തത്. പുലിമുട്ടില്‍ നിക്ഷേപിക്കുന്ന കല്ലുകള്‍ പിന്നീട് കടല്‍തന്നെ എടുക്കുകയായിരുന്നു. ശാസ്ത്രീയ പുലിമുട്ടു നിര്‍മാണത്തിലെ വീഴ്ചകളായാണ് സമുദ്ര ശാസ്ത്രജ്ഞര്‍ ഇതിനെ വിലയിരുത്തുന്നത്.

ഇല്ലാതാകുന്നത് സമീകൃതാഹാരം

മത്സ്യ സമ്പത്തിന്റെ ശോഷണം വരുത്തിവെക്കുന്ന ഭയാനകമായ സാമൂഹ്യ വിപത്താണിത്. ശരാശരി മലയാളിയുടെ ഭക്ഷണത്തിലെ പ്രോട്ടീനിന്റെ നല്ലൊരു പങ്ക് നല്കുന്നത് മത്സ്യാഹാരമാണ്. മത്സ്യം സമീകൃതാഹാരവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വയുമായിരുന്നു. ഇന്ന് മത്സ്യത്തിന്റെ വില സാധാരണക്കാരന് താങ്ങാവിന്ന തിനപ്പുറമാ യിരിക്കുന്നു.

എണ്ണക്കുറവുള്ള ചൂളന്‍, കൊഴുവ എന്നിവക്കും പല്ലിമീന്‍, ചെമ്പല്ലി എന്നിവക്കു പോലും വില ഉയര്‍ന്നു. മത്സ്യാഹാരം ഹൃദ്രോഗത്തിനും തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും പരിഹാരമാണെന്ന് വൈദ്യ ശാസ്ത്രജ്ഞര്‍ പറയുന്നു. മലയാളികളുടെ ആരോഗ്യത്തേയും ഒപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയേയും സാരമായി ബാധിക്കു ന്നതാണ് മത്സ്യ സമ്പത്തിന്റെ ശോഷണം.

അശാസ്ത്രീയ മത്സ്യബന്ധന രീതി

അശാസ്ത്രീയ മത്സ്യബന്ധന രീതി മറ്റൊരു വിപത്താണ്. നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ മത്സ്യബന്ധനക്കാര്‍ക്ക് പ്രത്യേകയിനം മത്സ്യങ്ങളെ പിടിക്കാന്‍ മാത്രം ലൈസന്‍സും അതിനുപയുക്തമായ വലിപ്പത്തിലുള്ള കണ്ണികളുള്ള വലകളുമാണ് നല്കുന്നത്. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ കേരള തീരങ്ങളില്‍ വിദേശ ട്രോളിങ് പോലും അനുവദിച്ചിരിക്കുന്നു. 15 കി മീ നീളമുള്ള വലകളാണ് അവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ആവശ്യമില്ലാത്ത മത്സ്യ ജാതികളെ പോലും അവര്‍ വലയിലാക്കി, വെറുതേ കടലില്‍ ഉപേക്ഷിച്ചു പോകുന്നതാണ് രീതി. ഇത് കാര്യമായി മത്സ്യ ശോഷണ ത്തിനു വഴിവെച്ചിട്ടുണ്ട്. കണ്ടല്‍ കാടുകളുടെ നശീകരണവും കൂടി യായതോടെ മത്സ്യങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥ പോലും തകിടം മറിക്കപ്പെട്ടു.
--------------------------------------
കടപ്പാട്: 'ആചെപ്പ്' മാസിക. 2013 സെപ്തംബര്‍ ലക്കം.