"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 6, തിങ്കളാഴ്‌ച

ചുംബനം രാഷ്ട്രീയമാകു ന്നതെങ്ങനെ? - രാജേഷ് കെ. എരുമേലി

ചുംബനം, രതി, പ്രണയം എന്നീ നൈസര്‍ഗിക അവസ്ഥക്കുവേണ്ടി ഒരു ജനാധിപത്യ രാജ്യത്ത് മനുഷ്യന് സമരം ചെയ്യേണ്ടി വരിക എന്നു പറഞ്ഞാല്‍ അത് എത്രമാത്രം അപകടകരമാണ്/രോഗാതുരമാണ് എന്ന ബോധ്യത്തില്‍ നിന്നു മാത്രമെ ചുംബന സമരത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ സാധിക്കൂ. കേരള സമൂഹം എതെങ്കിലും അവകാശങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍ അത് സമരങ്ങളൂടെയാണെന്ന കാര്യം ചരിത്രം പരിശോധിക്കുന്ന എവര്‍ക്കും മനസിലാകും. മാറു മറക്കാനുള്ള അവകാശം മുതല്‍ വസിക്കാന്‍ ഭൂമി വരെ ലഭിച്ചത് സമരങ്ങളിലൂടെയാണ് അല്ലാതെ ആരെങ്കിലും ഔദാര്യമായി നല്‍കിയതല്ല എന്ന വസ്തുതയെ മറച്ചുവെച്ചു കേരളമിപ്പോള്‍ നീങ്ങുന്നത് വലിയ ദുരന്തത്തിലേക്കാണ് എന്ന രീതിയിലാണ് സംവാദങ്ങള്‍ വികസിക്കുന്നത്. ജാതിമേല്‍ക്കോയ്മയുടെയും സ്ത്രീ അവസ്ഥകളെയുംകുറിച്ച് ചര്‍ച്ച ചെയ്താന്‍ ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല. ജനാധിപത്യവും മതേതരത്വവും പൂത്തുലഞ്ഞു നില്‍ക്കുകയാണപ്പോള്‍.

ചുംബനസമരത്തോടെ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലം രണ്ടായി പിളര്‍ക്കപ്പെട്ട അവസ്ഥയാണുള്ളത്. ലോകത്തെങ്ങും ഉയരുന്ന നവസമരരൂപങ്ങളില്‍ ഒന്നായ ചുംബനസമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. സംഘപരിവാറും വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവരുടെ അക്രമിസംഘങ്ങളും (വാനരസേന) സംഘടിതവും അസംഘടിതവുമായ എല്ലാം മതങ്ങളും ആണ്‍കോയ്മയെ ബോധത്തിലും അബോധത്തിലും കൊണ്ടുനടക്കുന്ന കേരളത്തിലെ പൊതുമണ്ഡലവും ചുംബനസമരത്തിനു എതിരായി രംഗത്തുവന്നു. ഇടതു-വലതു പാര്‍ട്ടികളിലെ ഏതാനും ചില വ്യക്തികള്‍ മാത്രമാണ് സമരത്തെ അനുകൂലിച്ചത്. ബുദ്ധിജീവികള്‍ പോലും വ്യത്യസ്ത അഭിപ്രായങ്ങളുമായി സംവാദം നടത്തുന്ന സവിശേഷ ഘട്ടമാണിത്. 

ചുംബനസമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയരുന്ന സംവാദങ്ങള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. കേരളം അത്രപുരോഗമനമാണോ എന്ന ചോദ്യമാണത്. നവോത്ഥാനത്തിലൂടെ ജാതി മേധാവിത്വത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുകയും അതിലൂടെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് വേരോട്ടമുണ്ടാകുകയും ചെയ്ത കേരളത്തില്‍ മത വര്‍ഗീയ സംഘടനകള്‍ ശക്തി പ്രാപിക്കുകയാണ് എന്നത് തിരിച്ചറിയാന്‍ കഴിഞ്ഞത് ഈ സമരത്തോടെയാണ്. 

സ്വതന്ത്രമായ മനുഷ്യബന്ധങ്ങളെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയാറല്ല എന്നാണ് ഫാസിസ്റ്റുകള്‍ ഇപ്പോള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്ലാ മതയാഥാസ്ഥികരും ഒന്നാണ് എന്നു തുറന്നു കാട്ടുന്ന സംഭവ മായിരുന്നു ചുംബനസമരത്തിനെതിരായ ആക്രമണവും സമരത്തോട് പ്രതികരിക്കാതെ പലരും മൗനം പാലിച്ചതും. നിങ്ങള്‍ ആരെ പ്രണയിക്കണം. ആരോടൊപ്പം യാത്ര ചെയ്യണം. ആരുടെയൊപ്പം താമസിക്കണം. ആരെ ചുംബിക്കണം എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കു മെന്നാണ് ഭരണകൂടവും സദാചാരപോലിസും ഫാസിസ്റ്റുകളും പറഞ്ഞു നടക്കുന്നത്. സദാചാരത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ നൂറ് വര്‍ഷം മുമ്പുള്ള കേരളത്തിന്റ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും ആരായിരുന്നു കേരളത്തിന്റെ സദാചാര സംരക്ഷകരെന്ന്.

ചുംബനസമരത്തെ അരാഷ്ട്രീയ സമരത്തിന്റെ പട്ടികയില്‍പെടുത്താനാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലും ശ്രമിക്കുന്നത്. ചുംബന സമരം മഹത്തായ വിപ്‌ളവമാണെന്നല്ല പറയുന്നത്. മറിച്ച് അതൊരു ഇടപെടലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മനുഷ്യരുടെ സമരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട് എന്ന കാര്യത്തെ വിസ്മരിക്കുകയാണ് എതിര്‍ക്കു ന്നവര്‍. ആദിവാസി സമൂഹം, കീഴാള സമൂഹം, മൂന്നാം ലിംഗക്കാര്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ അങ്ങനെ വിവിധ കോണുകളില്‍ നിന്നാണ് സമരങ്ങള്‍ ഉയരുന്നത്. അത് ലോകത്തിന്റെ പുതിയ മാറ്റമാണ്. നമ്മുടെ സമൂഹത്തിന്റെ യാത്ര എങ്ങോട്ടാണ്?, ചുംബനം പരസ്യമാ ക്കണമെന്ന് പറയുന്നവര്‍ നാളെ പരസ്യമായി ലൈംഗികതയും വേണമെന്നു പറഞ്ഞാലോ? ഇത്തരം ചില ചോദ്യങ്ങളാണ് സമരത്തെ എതിര്‍ക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് സംഘ്പരിവാറി ന്റെയും ഭരണകൂടത്തിന്റെയും സദാചാര പോലിസിംഗിനെയും ഗുണ്ടായിസത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. എന്നാല്‍ ചുംബനം പരസ്യമാക്കുന്നത് ശരിയാണോ എന്നാണ്. ആദ്യഘട്ട സമരത്തിന്റ സമയത്താണ് ഇത്തരം ചോദ്യങ്ങള്‍ ശക്തമായത്. ആണും പെണ്ണും ഒരുമിച്ചു യാത്ര ചെയ്താലോ, കോഫി ഷോപ്പില്‍നിന്നും ചായ കുടിച്ചാലോ സിനിമ കണ്ടാലോ ഇടിഞ്ഞുപോകുന്നതാണോ നമ്മുടെ സദാചാരം എന്ന് നമുക്ക് തിരിച്ചു ചോദിക്കാന്‍ കഴിയും. രണ്ടാം ഘട്ടമെത്തിയപ്പോള്‍ സംഘപരിവാറിനെയും സദാചാരപോലിസിനെയും എതിര്‍ക്കണം എന്നാല്‍ സമരത്തിന്റെ രീതി ശരിയാണോ എന്നാണ് ചോദ്യം. ഇടതു വ്യവഹാരങ്ങളില്‍നിന്നു പോലും ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വന്തം കുട്ടികള്‍ പ്രണയത്തെക്കുറിച്ചും മിശ്രവിവാഹ ത്തെക്കുറിച്ചും പറയുമ്പോള്‍ വിറളി പിടിക്കുന്നവരാണ് ഈ ചോദ്യങ്ങള്‍ക്കു പിന്നില്‍. ഒരു കാലത്തും പുരോഗമന ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണിവര്‍. പുറമെ പുരോഗമനം നടിക്കുകയാണിവര്‍. പുരോഗമനകാരികള്‍ തന്നെയാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്. അപ്പോള്‍ മാത്രമെ യുവാക്കള്‍ കൂടെയുണ്ടാകൂ. മാത്രമല്ല സമരം എല്ലാക്കാലവും ഏകശിലാത്മകതയില്‍ തളച്ചിടപ്പെടേ ണ്ടതാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ചുംബന സമരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കൂടുതല്‍ അത് കാണാന്‍ എത്തിയവരാണ് കൂടുതല്‍ എന്ന അവസ്ഥ കേരളത്തിന്റെ കപട സദാചാരത്തെയും ലൈംഗിക രോഗാതുരതയെയും ലൈംഗിക ദാരിദ്ര്യത്തെയുമാണ് തുറന്നു കാട്ടുന്നത്. 

പുരുഷാധിപത്യ മൂല്യത്തില്‍ അധിഷ്ഠിതമായി കെട്ടിയുയര്‍ത്തിയ കുടുംബം, മതം, ഭരണകൂടം എന്നിവയില്‍നിന്നും പുരുഷ നിര്‍മ്മിതമായി രൂപപ്പെടുന്ന ചോദ്യങ്ങളാണ് എതിര്‍പ്പിന്റേത്. ഫ്യൂഡലിസത്തില്‍നിന്നും മുതലാളിത്വത്തിലേക്ക് സമൂഹം മാറിയപ്പോഴാണ് അണുകുടുംബങ്ങള്‍ ഉണ്ടായത്. ഈ മാറ്റം സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കൂട്ടുകുടുംബഘടനയില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ പുരുഷന്റെ ആഘോഷങ്ങളുടേതായിരുന്നു. അടുക്കളയില്‍ മറഞ്ഞു നിന്നു ചോദ്യങ്ങള്‍ ചോദിക്കുക, എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതിനു ശേഷം പാത്രത്തില്‍ ഉണ്ടെങ്കില്‍ കഴിക്കുക, വീട്ടിലുള്ള ആരെങ്കിലും നിന്നും ലൈംഗികപീഡനമുണ്ടായാല്‍ സ്വയം സഹിക്കുക, ലൈംഗിത അരാജകത്വ ത്തിനൊപ്പം ലൈംഗിക ദാരിദ്ര്യവുമനുഭവിക്കുക ഇത്തരം നിരവധി അസ്വാതന്ത്ര്യങ്ങള്‍ സ്ത്രീകള്‍ക്കു അനുഭവിക്കേണ്ടി വന്നു. ഇതില്‍നിന്നും പരിമിതമായെങ്കിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കലായിരുന്നു അണുകുടുംബം. ഈ വികാസം അവളെ ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചു. സ്വന്തമായി ജോലി സമ്പാദിക്കാന്‍ തുടങ്ങിയ സ്ത്രീകള്‍ അടുക്കള ഉപേക്ഷിക്കാന്‍ തയാറായി. നിമയസംരക്ഷണത്തില്‍ ലൈംഗികവേഴ്ച നടത്താന്‍ അനുവാദം നല്‍കുന്ന വിവാഹമെന്ന കുരുക്കില്‍ എല്ലാക്കാലവും കിടക്കാന്‍ അവര്‍ ഇപ്പോള്‍ തയാറാകുന്നില്ല. ഇതോടെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചു. എക്കാലവും പുരുഷന്റെ അടിമത്വത്തില്‍ കഴിയാന്‍ തങ്ങള്‍ തയാറല്ല എന്ന അറിവാണ് സ്ത്രീയെ ഇത്തരം നിലപാടുകളിലേക്ക് നയിച്ചത്.

അണു കുടുംബം ഇത്തരം കുതറലുകള്‍ സ്തീകള്‍ക്കു നല്‍കിയപ്പോഴും ഫ്യൂഡല്‍ കുടുംബഘടനയിലെ ചില മൂല്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കു ന്നുണ്ട്. അത് ജനനം മുതല്‍ മരണം വരെ നിലനിര്‍ത്തുന്ന ആചാരാ നുഷ്ഠാനങ്ങളാണ്. ഇരുപത്തെട്ടുകെട്ട്, ചോറുകൊടുക്കല്‍, അക്ഷരമെഴുത്ത്, താലികെട്ട്, സ്ത്രീധന സമ്പ്രദായം, മരണാനന്തര ചടങ്ങുകള്‍ എന്നിങ്ങനെ യുള്ളതെല്ലാം എല്ലാം മതങ്ങളുമായും ബന്ധപ്പെടുന്ന പിന്തിരിപ്പന്‍ ചടങ്ങുകളാണ്. ഇത്തരം സംഭവങ്ങളെ നിലനിര്‍ത്താന്‍ അണുകുടും ബഘടനയിലും സാധിക്കുന്നുണ്ട്. ഈ ഫ്യൂഡല്‍ കാഴ്ചപ്പാടുകളെ സ്വന്തം കുടുംബത്തില്‍നിന്നും പറിച്ചെറിയാന്‍ കമ്യൂണിസ്റ്റുകള്‍ക്കും യുക്തിവാദി കള്‍ക്കും സാധിക്കുന്നില്ല. അവരും സവര്‍ണമൂല്യങ്ങള്‍ ഉല്‍പാദിപ്പിച്ച സദാചാര കുടുംബസങ്കല്‍പത്തിലാണ് ജീവിതം നയിക്കുന്നത്. 

മാര്‍ക്‌സിസം പോലെ ഏതൊരു മാറ്റത്തെയും ഉള്‍ക്കൊള്ളുന്നൊരു പ്രത്യയശാസ്ത്രത്തെ ഏതൊ കാലത്തു സ്തംഭിച്ചുപോയ ഫ്യൂഡല്‍  മൂല്യത്തിന്റെ പേരില്‍ ഹൈജാക്ക് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത്തരക്കാരാണ് ചുംബനസമരത്തെയും എതിര്‍ക്കുന്നത്. കുടുംബമില്ലാത്ത കൂട്ടു ജീവിതത്തിലേക്ക്‌സമൂഹം പതുക്കെ മാറുന്ന ഘട്ടത്തില്‍ മതങ്ങള്‍ക്കു ഇതിനെയൊക്കെ എതിര്‍ക്കാം. എന്നാല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കു ഇതിനെ ക്കുറിച്ച് പഠിക്കാനും നിലപാടു സ്വീകരിക്കാനും കഴിയണം. അല്ലെങ്കില്‍ മതവും മാര്‍ക്‌സിസവും തമ്മില്‍ വ്യത്യാസമില്ലാതെയാകും. ഇന്ത്യന്‍ സാഹചര്യത്തില്‍ സവര്‍ണമൂല്യങ്ങള്‍ക്കെതിരായ സമരങ്ങളിലൂടെ മാത്രമെ സ്ത്രീ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നേടിയെടുക്കാന്‍ സാധിക്കൂ. എവിടെയെങ്കിലും നടത്തുന്ന ഒറ്റപ്പെട്ട കൂട്ടായ്മകളലൂടെ മാത്രമല്ലാതെ ഐക്യപ്പെടുന്നവരെ കൂടെച്ചേര്‍ത്തു വലിയ സമരമായി വികസിക്കാന്‍ ചുംബന സമരത്തിന് കഴിയണം. അല്ലെങ്കില്‍ ചിലപ്പോള്‍ ആക്രമിക്കപ്പെട്ടേക്കാം. കാരണം സദാചാര പോലിസും ഫാസിസ്റ്റുകളുമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പൊതുബോധം നിര്‍മ്മിക്കുന്നത് അവരാണ്. ചുംബനസമരത്തിനെതിരായ നീക്കം സ്ത്രീകള്‍ക്കെതിരായി മാത്രമല്ല മറിച്ച് ജനാധിപത്യ സമൂഹത്തിനും എതിരായുള്ളതാണ്. ഈ വസ്തുത തിരിച്ചറിയാന്‍ ശ്രമിക്കാതെ അഴകൊഴമ്പന്‍ ഫ്യൂഡല്‍ ന്യായങ്ങള്‍ പറഞ്ഞ് പിന്‍തിരിയുന്നവര്‍ ഏത് പ്രത്യയശാസ്ത്രം നിരത്തിയാലും അവര്‍ ഫാസിസത്തെയും മത യാഥാസ്ഥിതികതയെയും പിന്തുണക്കുന്നവരാണ്. അവരെ ഫാസിസവും നാളെ വേട്ടയാടും.