"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 10, വെള്ളിയാഴ്‌ച

സംവരണ തത്വം മാനിക്കാത്ത മേഖലകള്‍ പി.പി. ഗോപി ഐ. എ. എസ്. (റിട്ട.)

പി.പി. ഗോപി
പതിനൊന്നാം കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമ സമിതി (2001-2003) 2002 ജൂലൈ 11-ാം തീയതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ താഴെപ്പറയും പ്രകാരം ശുപാര്‍ശ ചെയ്തിരുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയോളം തന്നെ വികാസം കൈവരിച്ച മറ്റൊരു മേഖലയാണ് സര്‍ക്കാരില്‍ നിന്നും നേരിട്ട് ധനസഹായം ലഭിക്കുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കപ്പെടുകയും ചെയ്യുന്ന എയിഡഡ് വിദ്യാഭ്യാസമേഖല. പ്രസ്തുതമേഖല യിലെ നിയമനങ്ങളില്‍ യാതൊരു സാമുദായിക സംവരണതത്വവും പാലിക്ക പെടുന്നില്ലായെന്നത് ഈ സമിതി വളരെ ഗൗരവത്തോടെ വീക്ഷിക്കുന്നു. ആയതിനാല്‍ എയിഡഡ് മേഖലയിലെ വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളിലും സാമുദായിക സംവരണതത്വം കര്‍ശനമായി പാലിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.' 
(ഖണ്ഡിക 111 പേജ് 27)

ശ്രീ കെ. കുട്ടി അഹമ്മദ്കുട്ടി ചെയര്‍മാനായിരുന്ന പ്രസ്തുത ക്ഷേമ സമിതിയുടെ ഈ ശുപാര്‍ശ വരുന്നതിനു മുമ്പുതന്നെ സ്വകാര്യ വിദ്യാ്യാസമേഖലയിലെ സംവരണ പ്രശ്‌നം സര്‍ക്കാരിന്റെ മുമ്പാകെ ശക്തിയുക്തം അവതരിക്ക പ്പെട്ടതാണ്. ക്രിമീലെയര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയുക്തനായ ജസ്റ്റീസ് കെ. കെ. നരേന്ദ്രന്‍ കമ്മീഷന്‍ 11.4.2000 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ വിഷയം സംബന്ധിച്ച ശുപാര്‍ശ ഇതാണ് -

'There is another aspect also to the considered. For the last ever so many years salary of the staff, working in a number of institutions not owned or run by the State government is being paid by the government from the Consolidated Fund of the State. One instance is the private educational institutions in the State. The backward classes do not get proper representation in the services of these educational institutions. It is also common knowledge that all is not well with the appointments made in these institutions 

Ultimately the position will be this. Recruitment to all posts where the salary is being paid from the Consolidated Fund of the State will be governed by the principles of reservation for backward classes. It is for the government to pass appropriate orders and make necessary legislation'
(Para 15.2& 15.4 Page 39-40 of the Report ) 

പിന്നോക്കജാതിക്കാരുടെയോ പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്കാരുടെയോ ജാതകദോഷം കൊണ്ടാകണം മാറി മാറി ഭരണം കയ്യാളിയ ഒരു മുന്നണിയും ഈ ശുപാര്‍ശകള്‍ കണ്ടതായി ഭാവിച്ചിട്ടില്ല. അതുമല്ലെങ്കില്‍ സംഘടിത ശക്തി താരതമ്യേന കുറവായതു കൊണ്ടുമാകാം ഈ വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട തൊഴില്‍വിഹിതം പിടിച്ചുവാങ്ങാന്‍ നാളിതുവരെ ശബ്ദിക്കാതെ മാറി നില്‍ക്കുന്നത്. ഈ നിസ്സംഗത ആ വിഭാഗം ജനങ്ങളുടെ എത്രമാത്രം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി യെന്ന് ഒരു ഏകദേശ ധാരണ കിട്ടാന്‍ ഇനി പറയുന്ന വിവരങ്ങള്‍ മതിയാകും.

മേല്‍പറയപ്പെട്ട എയിഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍ ഖജ നാവില്‍ നിന്നുമാണ് ശമ്പളം നല്‍കുന്നത്. ഈ മേഖലയില്‍ സംവരണതത്വം പാലിച്ച് നിയമനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ മൊത്തം തസ്തികകളുടെ 40% പിന്നോക്കസമുദായങ്ങള്‍ക്കും 10% പട്ടികജാതി-പട്ടികവര്‍ക്ഷ വിഭാഗക്കാര്‍ക്കും കിട്ടുമാ യിരുന്നു. ഇവിടെ ലഭ്യമായ വിവരം വച്ചുനോക്കുമ്പോള്‍ 8271 സ്ഥാപനങ്ങള്‍ ഉണ്ട്. അവയില്‍ സ്‌കൂള്‍ വിഭാഗമാണ് ഏറ്റവും കൂടുതല്‍. 7147 സ്ഥാപനങ്ങളും 100541 അദ്ധ്യാപകരും. ഇതു തന്നെ സംസ്ഥാനത്തെ മൊത്തം അദ്ധ്യാപകരുടെ (169851) എണ്ണത്തിന്റെ 59.19 ശതമാനം വരും. ഇത്രയും സ്ഥാപനങ്ങ ളിലെ മുഴുവന്‍ അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുകളില്‍ കാണിച്ചിരിക്കുന്ന സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ എണ്ണവും അവയിലെ അനദ്ധ്യാപകരുടെ എണ്ണവും ശേഖരിച്ചാല്‍ കൃത്യമായ ഒരു രൂപം കിട്ടും. എങ്കിലും ഏതാണ്ട് 75,000 തസ്തികകള്‍ സംവരണ ത്തിന് ലഭിക്കേണ്ടതാണ്. 

മേല്‍പറയപ്പെട്ട സ്ഥാപനങ്ങളില്‍ ഒരു പക്ഷേ കുറച്ചാളു കളെങ്കിലും സംവരണ സമുദായങ്ങ ളില്‍പ്പെട്ടവര്‍ കാണുമാ യിരിക്കും എന്നാല്‍ നിയമപ്രകാരം ലഭിക്കേണ്ട തോതില്‍ കാണുകില്ല എന്നുറപ്പ്. 

ഇനി മറ്റൊരു പ്രധാനപ്പെട്ട മേഖലകൂടി പരിശോധിക്കാം. സംസ്ഥാനത്തെ സഹകരണ മേഖല രാജ്യത്തിനുതന്നെ മാതൃകയാണല്ലോ. 2011 ലെ കണക്കുപ്രകാരം കേരളത്തില്‍ ആകെ 13478 സഹകരണ സ്ഥാപനങ്ങള്‍ ഉള്ളതായും അതില്‍ 10421 എണ്ണം പ്രവര്‍ത്തനക്ഷമമാണെന്നും കാണുന്നു. എല്ലാ സഹകരണ സ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുവദിച്ചിട്ടു ള്ളതുപോലെ സംവരണതത്വം പാലിക്കുന്നതി നുള്ള നിയമം നിലവിലില്ല. എന്നാല്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടക്കുന്ന സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളായ ജില്ലാ സഹകരണ ബാങ്കിലേയും അപെക്‌സ് സഹകരണ സ്ഥാപനങ്ങളിലേയും നിയമനങ്ങളില്‍ 1958ലെ കേരളാ സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റുള്‍സിലെ റൂള്‍ 14 മുതല്‍ 17 വരെയുള്ള സംവരണതത്വ വ്യവസ്ഥകള്‍ ബാധകമാക്കി സഹകരണ നിയമത്തിലെ 80-ാം വകുപ്പ് ഭേദഗതി ചെയ്ത് ഉത്തരവായിട്ടുണ്ട്. ഇപ്രകാരം സംവരണ വ്യവസ്ഥകള്‍ പാലിക്കാന്‍ നിയമപ്രകാരം വ്യവസ്ഥ ചെയ്യാത്ത സ്ഥാപനങ്ങളില്‍ 10% സംവരണം പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ 313/2010 ലെ EM(1) 36843/09 എന്ന സര്‍ക്കുലര്‍ പ്രകാരം സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ സര്‍ക്കുലര്‍ നിര്‍ദ്ദേശം എത്രപേര്‍ പാലിക്കുന്നെണ്ടെന്ന് കണ്ടറിയണം. 

ഇത്രയും കാര്യങ്ങള്‍ സഹകരണ മേഖലയെപ്പറ്റി പറഞ്ഞ പ്പോള്‍ കേരള നിയമസഭയുടെ പിന്നോക്ക സമുദായക്ഷേമ സമിതി (1999-2000) 1999 ജനുവരി 25ാം തീയതി നിയമസഭയില്‍ സമര്‍പ്പിച്ച ഒമ്പതാമതു റിപ്പോര്‍ട്ടിലെ ഒരു പ്രധാന ശുപാര്‍ശ ശ്രദ്ധേയമാണ്. അത് ഇപ്രകാരമാണ്-

സര്‍ക്കാര്‍ സര്‍വ്വീസ് പോലെ തന്നെ വളരെയധികം തൊഴില്‍ സാധ്യത നിറഞ്ഞതും ജനസംഖ്യയുടെ സിംഹഭാഗ ത്തേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമാന്തരമേഖലയാണ് സഹകരണമേഖല. ഈ മേഖല ഇനിയും വളരെ വിപുലീകരിക്കാനുണ്ടുതാനും. ജനസംഖ്യയുടെ അറുപതു ശതമാനത്തിലധികം വരുന്ന പിന്നോക്ക വിഭാഗക്കാരെ ഈ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്താനും സാധിക്കുകയില്ല. എന്നിരുന്നാലും ഈ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നത് വളരെ ഖേദകരമാണ്. ആയതിനാല്‍ ഇനിയും താമസിയാതെ സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കു ന്നതും മറ്റ് വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലും നടത്തുന്ന നിയമന ങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുവദിച്ചിട്ടുള്ളതുപോലെ സംവരണതത്വം പാലിക്കുന്ന തിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവി ക്കണമെന്നും അതിനായി സഹകരണ നിയമം ഭേദഗതി വരുത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും സമിതി ശക്തിയായി
ശുപാര്‍ശചെയ്യുന്നു.'

ഇത് പിന്നോക്ക സമുദായ ക്ഷേമസമിതിയുടെ (1993) ഒന്നാമതു റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അവലോകനം ചെയ്ത് തയ്യാറാക്കിയ Action taken statement ല്‍ വന്ന ശുപാര്‍ശയാണ്. എന്നുവെച്ചാല്‍ ഈ ശുപാര്‍ശ 1993 ല്‍ തന്നെ സമിതി നല്‍കിയതാണ് എന്നു സാരം.

ഈ ശുപാര്‍ശയുടെ ആദ്യ ഭാഗത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഒന്നും ഉണ്ടായില്ല എന്നു സൂചിപ്പിച്ചു ഖേദം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ. എന്തായാലും Action taken statement പ്രകാരമുള്ള ശുപാര്‍ശയിലെ ഒരു ഭാഗം സര്‍ക്കാര്‍ സ്വീകരിച്ച് നടപ്പാക്കി. ജില്ലാ സഹകരണ ബാങ്ക്, അപെക്‌സ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നടത്താന്‍ സഹകരണ നിയമത്തിലെ 80—ാംവകുപ്പ് ഭേദഗതി വരുത്തിയിട്ടുണ്ട്, 28.4.2010 ലെ 14953/ ലെ.ജി. B2/09/Law നമ്പര്‍ വിജ്ഞാപനം പ്രകാരം.

ജില്ലാ സഹകരണ ബാങ്ക് അപെക്‌സ് സഹകരണ ബാങ്കു കള്‍ എന്നിവ കൂടാതെ ബാക്കിയുള്ള സഹകരണ സ്ഥാപന ങ്ങളില്‍ കൂടി സംവരണം നടപ്പിലാക്കാന്‍ സഹകരണ സംഘം രജിസ്റ്റാര്‍ തന്റെ 9.5.2011 ലെ ഇ.എം. (1)/18439/2011 നമ്പര്‍ കത്തുപ്രകാരം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളതായി അറിയുന്നു. ഏതാണ്ട് നാലുകൊല്ലമാകുന്നു. ഇതുവരെ അതിന്മേല്‍ തീരുമാനമായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നേരിട്ട് ശമ്പളം നല്‍കുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നടത്തുന്നത് അതാത് മാനേജുമെന്റുകള്‍ മാത്രമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവരുടെമേല്‍ അക്കാര്യത്തില്‍ നിയന്ത്രണങ്ങളില്ല. ജസ്റ്റീസ് കെ.കെ. നരേന്ദ്രന്‍ കമ്മീഷന്‍ സൂചിപ്പിച്ചതുപോലെ ആ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമന ങ്ങളെപ്പറ്റി അത്ര നല്ലതല്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ടു താനും. എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണം കൊണ്ട് ഒരു വിഭാഗ ത്തിനു മാത്രം ഗുണംകിട്ടുന്ന നിയമനങ്ങള്‍ നടക്കു മ്പോള്‍ സ്വാഭാവിക മായും അത് നീതി നിഷേധമാണ്. തുല്യ അവസരം എല്ലാവര്‍ക്കുമെന്ന നിയമം ഇവിടെ അട്ടിമറിക്കപ്പെട്ടു പോകുന്നു. അതു ശരിയല്ല. ന്യായമായി ലഭിക്കേണ്ട വിഹിതം പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടിയേ തീരു. നിയമസഭ തന്നെ അതിനു ശുപാര്‍ശ ചെയ്തിട്ടും, കാര്യകാരണ സഹിതം ഒരു കമ്മീഷന്‍ അതിനായി ശുപാര്‍ശ നല്‍കിയിട്ടും ഒരു തീരു മാനവും ആയിട്ടില്ല. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം അതിനായി ഉയരേണ്ടതാണ്. 

സ്വാകാര്യ വിദ്യാഭ്യാസ മേഖല പോലെ പ്രധാനമാണ് സഹകരണ മേഖലയും. അവിടെ സര്‍ക്കാരിന്റെ പണം നാമ മാത്രമായിരിക്കാം. എന്നാല്‍ ബാക്കിയെല്ലാം പെതുജനത്തിന്റെ പണമാണ്. പൊതുവായ ധനം കൈകാര്യം ചെയ്യുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളും അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിലും പങ്കാളികളാകേണ്ടതുണ്ട്. അതിനാലാണ് ആ മേഖലയിലും സംവരണം വേണമെന്ന് പറയുന്നത്. 

ആഗോളവല്‍ക്കരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തി ന്റേയും കാലഘട്ടത്തില്‍ പരിമിതമായ സാധ്യതകള്‍ മാത്രമേ സംവരണത്തിനുള്ളു. സര്‍ക്കാര്‍ മേഖല അതില്‍ പ്രധാനം. അതിനുശേഷം മാത്രമേ സര്‍ക്കാര്‍ ധനം കൊണ്ട് നടത്ത െ പ്പടുന്ന എയിഡഡ് വിദ്യാഭ്യാസ മേഖല പോലത്തെ മേഖലകള്‍ വരുന്നുളളു. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല മായ തീരുമാനം എടുക്കണം. അവകാശം നേടിയെടുക്കാന്‍ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ സംഘടിച്ച് പ്രവര്‍ത്തി ക്കണം. എന്തുകൊണ്ടെ ന്നാല്‍ കരയുന്ന കുഞ്ഞിനേ പാലുള്ളു.
----------------------------------
പി.പി. ഗോപി ഐ. എ. എസ്. (റിട്ട.) 9846672485