"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

തിരുവനന്തപുരത്ത് കോളേജ് ഡേ (24 - 9 - 1898) - വി ആര്‍ പരമേശ്വരന്‍പിള്ള

ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ ആരും കണ്ടിരിക്കാന്‍ ഇടയില്ലാത്ത 77 വര്‍ഷം മുമ്പു നടന്ന തിരു: കോളേജ് ദിനാഘോഷത്തിന്റെ പൂര്‍ണ വിവരമടങ്ങിയ ഒരു റിപ്പോര്‍ട്ട് (ഇംഗ്ലീഷില്‍) കാണാന്‍ എനിക്കു ഭാഗ്യമുണ്ടായി. എന്റെ അഭ്യുദയ കാംക്ഷിയായിരുന്ന ടി രാമലിംഗം പിള്ള അവര്‍കളില്‍ നിന്നാണ് അത് കിട്ടിയത്. പ്രസ്തുത ആഘോഷം നടന്ന കാലത്ത് അദ്ദേഹം അവിടെ ജീനിയര്‍ എഫ് എ ക്ലാസില്‍ പഠിക്കുകയായിരുന്നു. 

ആലോചനായോഗം, കോളേജ് ദിനാഘോഷം, പ്രസംഗങ്ങള്‍, കോളേജില്‍ നിന്ന് അതേവരെ ബിരുദം നേടിയവര്‍, മഹാരാജാവിനു സമര്‍പ്പിക്കാനുള്ള മംഗള പത്രം ഇവയെല്ലാം ഈ റിപ്പോര്‍ട്ടിലുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. സി മിച്ചലിന്റെ നോട്ടീസനുസരിച്ച് 1898 ജൂലൈ 7 നു തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ വെച്ച് ആലോചനായോഗം കൂടി. അപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു പുറമേ അനേകം പൂര്‍വ വിദ്യാര്‍ത്ഥികളും കോളേജ് സ്റ്റാഫും അതില്‍ പങ്കുകൊണ്ടിരുന്നു. പ്രിന്‍സിപ്പാള്‍ അധ്യക്ഷം വഹിച്ചു. യോഗത്തില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനുള്ള അധികാരമുള്ള ഒരു വലിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അതില്‍ റിട്ട. ദിവാന്‍ ശങ്കരസുബ്ബയ്യര്‍, വി നാഗമയ്യാ, പി താണുപ്പിള്ള, എ ഗോവിന്ദപ്പിള്ള, വി ഒ കേശവപിള്ള, കെ ജി ശേഷയ്യര്‍, സി കൃഷ്ണപിള്ള, ആര്‍ കൃഷ്ണസ്വാമി അയ്യര്‍, എം രാമവര്‍മ്മത്തമ്പാന്‍, വി എസ് സുബ്രഹ്മണ്യയ്യര്‍, കെ പരമേശ്വരന്‍ പിള്ള, എന്‍ കുഞ്ഞന്‍ പിള്ള, പി കെ കേശവപിള്ള, പത്രോസ് മത്തായി, കെ പരമുപിള്ള, എസ് സുബ്രഹ്മണ്യശാസ്ത്രി, ഡോ. സ്റ്റീഫനോസ്, എന്‍ രാമന്‍പിള്ള, കെ പി ശങ്കരമേനോന്‍, എ എം മുത്തുനായകംപിള്ള, കൃഷ്ണന്‍ പണ്ടാല, ജി പരമേശ്വരന്‍പിള്ള, സി എം ഹെസ്സിംങ്, ആര്‍ ഈശ്വരന്‍പിള്ള, എം രവിവര്‍മ, ടി ആനന്ദറാവു, ഡോ. പി പല്‍പു, ജി ടി വര്‍ഗീസ് മുതലായവര്‍ ഉള്‍പ്പെട്ടിരുന്നു. കാര്യപരിപാടി തയാറാക്കുന്നതിന് പ്രിസിപ്പലിന്റെ അധ്യക്ഷതയില്‍ ആര്‍ രംഗറാവു സി വി രാമന്‍പിള്ള, ആര്‍ വൈദ്യലിംഗം പിള്ള, വി പി മാമ്മന്‍ എന്നിവര്‍ അടങ്ങിയ ഒരു സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. അതിനു പുറമേ 9 സബ്കമ്മിറ്റികളും രൂപീകൃതമായി.

1898 സെപ്തംബര്‍ 24 ന് കോളേജ് ഡേ നടത്താന്‍ നിശ്ചയിച്ചു. മഹാ രാജാവിന്റെ ജന്മദിനത്തിനടുത്ത ദിവസമായിരുന്നു അത്. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായ സഹകരണം പ്രോത്സാഹ ജനക മായിരുന്നു. പരിപൂര്‍ണ സഹകരണം അവര്‍ വാഗ്ദാനം ചെയ്തു. ആവശ്യത്തിനു വേണ്ട പണം ഉടനേ പിരിഞ്ഞു. കമ്മിറ്റിയുടെ അപേക്ഷ പ്രകാരം തിരുവനന്തപുരത്തെ എല്ലാ ആഫീസുകള്‍ക്കും ഉച്ചക്കുമേല്‍ അവധി നല്കി. വി ജെ ടി ഹാള്‍ വാടകകൂടാതെ നല്കാന്‍ ആര്‍ഡര്‍ പുറപ്പെട്ടു. അലങ്കാരത്തിനു വേണ്ട കൊടി മുതലായവയും സൗജന്യമായി ലഭിച്ചു. നായര്‍ പട്ടാളത്തിന്റെ ബാന്‍ഡും കിട്ടി.

നിശ്ചിത സമയത്തിനു മുമ്പേ യോഗശാല നിറഞ്ഞു കഴിഞ്ഞു. അക്കൂട്ട ത്തില്‍ അനേകം യൂറോപ്യന്മാരും ഉണ്ടായിരുന്നു. അധ്യക്ഷനും പ്രാസംഗി കന്മാരും വിശിഷ്ടാധിഥികളും പ്ലാറ്റുഫോറത്തില്‍ ഉപവിഷ്ടരായിരുന്നു. അവരില്‍ ആ സ്ഥാപനത്തിന്റെ ആരംഭഘട്ടത്തില്‍ (1836) അവിടെ പഠിച്ചിരുന്ന റിട്ട. ഹൈക്കോടതി ജഡ്ജി വേദാദ്രീശദാസ മുതലിയാ (78 വയസ്) രും രാജാ സര്‍ സവലൈ രാമസ്വാമി മുതലിയാരും സദസ്യരുടെ ശ്രദ്ധയെ പ്രത്യേകം ആകര്‍ഷിച്ചു. ഉച്ചക്കു 2 മണിക്ക് യോഗ നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി ജഡ്ജി എ ഗോവിന്ദപ്പിള്ള അഗ്രാസനാധി പത്യം വഹിച്ചു. പ്രിന്‍സിപ്പാള്‍ കോളേജ് ചരിത്രം വിശദമാക്കി. അതിനെ തുടര്‍ന്ന് വി നാഗമയ്യാ, എം രവിവര്‍മ, വേദാദ്രീശദാസ മുതലിയാര്‍, എ ജെ വിയറാ, പി താണുപിള്ള, എന്‍ സുബ്രഹ്മയ്യര്‍, കെ ജി ശേഷയ്യര്‍ മുതലായവര്‍ ആ സ്ഥാപനത്തില്‍ നിന്നു അവര്‍ക്കു ലഭിച്ച നേട്ടങ്ങളേയും അനുഭവങ്ങളേയും പറ്റി ഹൃദയസ്പര്‍ശകമാകും വണ്ണം പ്രസംഗിച്ചു. പ്രസംഗങ്ങളെല്ലാം തന്നെ ആ സ്ഥാപനത്തിന്റെ അന്തസ്സിനു അനുയോജ്യ ങ്ങളായിരുന്നു. (അവയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടിലുണ്ട്.) വിദ്യാര്‍ത്ഥി കളുടെ അച്ചടക്കം പ്രശംസാവഹമയിരുന്നു.

പൊതുയോഗത്തിനു ശേഷം എല്ലാവരും കോളേജിലെത്തി വിഭവസമൃ ദ്ധമായ സല്ക്കാരത്തില്‍ പങ്കുകൊണ്ടു. ആ സന്ദര്‍ഭത്തെ നായര്‍ ബ്രിഗേഡിന്റെ ബ്രാന്‍ഡും പ്രശസ്ത ഗായകനായ ടി ലക്ഷ്മണന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന സംഗീത സദസും സമുജ്വലമാക്കി. രാത്രി 8 മണിക്ക് ചിയേഴ്‌സ് വിളികളോടു കൂടി ഒന്നാമത്തെ കോളേജ് ദിനാഘോഷം അവസാനിച്ചു.

പ്രിന്‍സിപ്പല്‍ പൊതുസമ്മേളനത്തിലവതരിപ്പിച്ച ഈ സ്ഥാപനത്തിന്റെ ചരിത്ര സംഗ്രഹമിതാണ്:- സ്വാതിതിരുനാള്‍ മഹാരാജാവിന്റെ (988 - 1022) നിയോഗപ്രകാരം നാഗരുകോവില്‍ സെമിനാരി ഹെഡ്മാസ്റ്ററാ യിരുന്ന റോബര്‍ട്ട്‌സ് തിരുവനന്തപുരത്ത് തുടങ്ങിയ പ്രൈവറ്റ് ഇംഗ്ലീഷ് സ്‌കൂള്‍ 1836 ഡിസംബര്‍ 13 നു ഗവണ്‍മെന്റ് ഏറ്റെടുത്തു. രാജാസ് ഫ്രീ സ്‌കൂള്‍ സ്ഥാപിച്ചു. 5 ബ്രാഹ്മണരും 53 ശൂദ്രരും 4 മുഹമ്മദീയരും 15 റോമന്‍ കത്തോലിക്കരും 5 പ്രൊട്ടസ്റ്റന്റ് കൃസ്ത്യാനികളും ആയിരുന്നു അന്നത്തെ വിദ്യാര്‍ത്ഥികള്‍. പാഠപദ്ധതിയില്‍ ബൈബിളും ഉള്‍പ്പെടുത്തണ മെന്നുള്ള റാബര്‍ട്ട്‌സിന്റെ അപേക്ഷ സ്വീകൃതമായി. ഇപ്പോള്‍ ആയുര്‍വേദ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു സ്‌കൂള്‍. ആദ്യം 80 പേരെ ചേര്‍ക്കണമെന്നാണ് ഉദ്ദേശിച്ചത്. ഇവിടത്തെ ഏറ്റവും പഴയ വിദ്യാര്‍ത്ഥി വേദാദ്രീശദാസ മുതലിയാരാണ്. ശങ്കരസുബ്ബയ്യര്‍, രാജരാമറാവു എന്നിവര്‍ പിന്നീടു ചേര്‍ന്നവരാകുന്നു. സ്‌കൂളിന്റെ പ്രശസ്തി അതിവേഗം തെക്കേ ഇന്ത്യയിലെങ്ങും പരന്നു. 1857 ല്‍ മലബാര്‍ കളക്ടര്‍ ഇവിടെനിന്നു 9 യുവാക്കന്മാരെ അധ്യാപക വൃത്തിക്കായി തിരഞ്ഞെടുത്തയക്കാന്‍ അപേക്ഷിച്ചു. തിരുവിതാംകൂറിനു വെളിയില്‍ നിന്നു അനേകം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാന്‍ വന്നു. റാബര്‍ട്ട്‌സ് 1855 ല്‍ പെന്‍ പറ്റിയപ്പോള്‍ മകനെ ആ സ്ഥാനത്തു നിയമിച്ചു. മകന്റെ പിന്‍ഗാമി ലഫ്രനെയ്‌സ് ആയിരുന്നു. അക്കാലത്തു പാഠപദ്ധതി മാറ്റി. 1861 ല്‍ ബെന്‍സിലി ഹെഡ്മാസ്റ്ററായി. അധ്യേതാക്കളുടെ സംഖ്യ 230 ആയി വര്‍ധിച്ചു. പൊതുമരാമത്ത്, അലോപ്പതി ചികിത്സ എന്നിവക്കു പരിശീലനം നല്കാനും ക്ലാസുകള്‍ തുടങ്ങി. 1862 ല്‍ 469 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം അത് 507 ആയി. 1863 ല്‍ മെട്രിക്കുലേ ഷനു കുട്ടികളെ തയാറാക്കി. 1867 ല്‍ ആദ്യമായി 7 പേര്‍ ആ പരീക്ഷക്കു ചേര്‍ന്നതില്‍ മൂന്നു പേര്‍ വിജയികളായി. അതേവര്‍ഷം ലാ ക്ലാസും തുടങ്ങി. ആദ്യത്തെ ലാ ലക്ചറര്‍ പച്ചയപ്പനായക്കര്‍ ആയിരുന്നു. അക്കൊല്ലം സൗജന്യ വിദ്യാഭ്യാസം നിര്‍ത്തി. ഫീസ് നിര്‍ബന്ധമാക്കി. എന്നിട്ടും 450 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. രണ്ടുപേര്‍ മാത്രം സ്‌കൂള്‍ വിട്ടു.

1864 ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ ജെ റാസിനെ ഉയര്‍ന്ന ക്ലാസുകളുടെ ചുമതലക്കാരനായി നിയമിച്ചു. അദ്ദേഹം എഫ് എ ക്ലാസ് ആരംഭിച്ചു. 1865 ല്‍ ആദ്യത്തെ സ്ഥാനാര്‍ത്ഥി എഫ് എ ജയിച്ചു. അടുത്ത വര്‍ഷങ്ങളില്‍ അതില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നു. 1870 ല്‍ അവിടെ നിന്നു ആദ്യമായി വി നാഗമയ്യ, ബി എ ജയിച്ചു. 1890 വരെയുള്ള കാലത്തു അവിടെ നിന്നു 5 പേര്‍ എം എ യും മെട്രിക്കുലേ ഷനും ജയിച്ചു. എസ് ശങ്കരസുബ്ബയ്യര്‍ (പിന്നീട് ദിവാന്‍) ഫ്രാങ്ക് വാട്ട്‌സ് (ചീഫ് സെക്രട്ടറി), നാഗമയ്യ (സ്റ്റേറ്റ് മനുവല്‍ കര്‍ത്താവ്) പി താണുപിള്ള (ചീഫ് സെക്രട്ടറി) മുതലായവര്‍ അവിടെ അധ്യാപകരായിരുന്നവരാണ്.
-------------------------------------------------
കടപ്പാട്: 1975 ല്‍ വി ആര്‍ പരമേശ്വരന്‍പിള്ള എഴുതി നാഷനല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച 'വിസ്മൃതിയില്‍ നിന്ന്' എന്ന പുസ്തകത്തില്‍ നിന്നും. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.