"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

മെത്രാന്മാരെ അവരുടെ പാട്ടിന് വിടുക - ദലിത് ബന്ധു

ജാതിനിര്‍മൂലനത്തിന് അവശേഷിച്ചിരിക്കുന്ന ഒരേയൊരു മാര്‍ഗം മിശ്രവിവാഹമാണ്. അതിനെതിരെയാണ് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴി ക്കാട്ടില്‍ രംഗത്ത് വന്നിരി ക്കുന്നത്. ക്രിസ്ത്യന്‍ യുവതികളെ ഈഴവ - മുസ്ലീം യുവാക്കള്‍ പ്രേമിച്ച് വിവാഹം കഴിക്കുന്നൂ പോലും ഒരു പക്ഷേ അദ്ദേഹത്തിന്റെ നാട്ടില്‍ അത്തരം ഒന്നോ രണ്ടോ സംഭവം അങ്ങനെ നടന്നു കാണുമായിരിക്കാം. അതിനെ നാട്ടുനടപ്പായി കാണാന്‍ ശ്രമിച്ചതാണ് അപകടമായത്. യഥാര്‍ത്ഥത്തില്‍ മറിച്ചാണ് സംഭവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിലും അതിനു മുമ്പുമായി എത്രയോ ആയിരം ഈഴവരാണ് ക്രൈസ്തവരായത്. അതൊന്നും പ്രേമിച്ചായിരുന്നില്ല. മറ്റു പല കാരണങ്ങളാലാണ്. ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുകയും ഈഴവരുടെ എണ്ണം കുറയുകയുമാണ് അതുകൊണ്ട് സംഭവിച്ചത്. വഴിനടക്കുക, തുണിയുടുക്കുക, അക്ഷരം പഠിക്കുക, മനുഷ്യനാവുക തുടങ്ങി പല ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണ് അന്നങ്ങനെ സംഭവിച്ചത്.

ബ്രാഹ്മണന്‍ മാനസാന്തരപ്പെട്ടാണ് ക്രൈസ്തവരായത് എന്ന് മേനി നടിക്കുകയും അപ്രകാരം കുടുംബചരിത്രം എഴുതി സൂക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പല ക്രൈസ്തവ കുടുംബങ്ങളുടേയും യഥാര്‍ത്ഥ ചരിത്രം അന്വേഷിച്ചു ചെന്നാല്‍ ഏതെങ്കിലും ഈഴവകുടുംബത്തിലോ പുലയ കുടുംബത്തിലോ പറയ കുടുംബത്തിലോ ആയിരിക്കും ചെന്നെ ത്തുക. യഥാര്‍ത്ഥത്തില്‍ അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്, ഒപ്പം ആശ്വാസം കണ്ടെത്തുകയുമാണ്. എ ഡി 9 ആം നൂറ്റാണ്ടിലും അതിനു ശേഷവുമായി വന്നെത്തിയ ബ്രാഹ്മണരുടെ കിരാത പ്രയോഗങ്ങള്‍ക്ക് വിധേയരാകാതെ അവശേഷി ക്കാന്‍ കഴിഞ്ഞതിലാണ് ആശ്വാസം കണ്ടെത്തേണ്ടത്.

കേരളത്തില്‍ ഇന്ന് പഴയ ക്രിസ്ത്യാനികള്‍ എന്ന പേരില്‍ തലയുയര്‍ത്തി നടക്കുന്ന പലരുടേയും പിതാക്കന്മാര്‍ ഈഴവരും ദലിതരുമാണ് എന്ന് അനേകം കുടുംബങ്ങളുടെ ചരിത്രത്തിലൂടെ കടന്നു പോയ എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും.

ഏതായാലും ക്രിസ്തുവിന് ശേഷമാണ് ക്രിസ്തുമതം ഉണ്ടായത്. ഒരു ക്രിസ്ത്യാനിയും ഇല്ലാതിരുന്ന ഒരു കേരളം ഒരു കാലത്ത് ഉണ്ടായിരുന്നു. എ ഡി 525 ലെ കോസ്‌മോസ് ഇന്‍ഡിക്കോ പ്ലത്തൂസിന്റെ പരാമര്‍ശ നമാണ് കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി ഇന്ന് ലഭിച്ചിരിക്കുന്ന ആദ്യ രേഖ. എ ഡി 9 ആം നൂറ്റാണ്ടിലും അതിനു ശേഷവുമാണ് ബ്രാഹ്മണര്‍ കേരളത്തില്‍ വന്നത് എന്നത് ചരിത്ര സത്യമാണ്. അതിനുമുമ്പ് കേരള ത്തില്‍ ഉണ്ടായിരുന്നത് കേരള ജനതയായിരുന്നു. അവര്‍ക്ക് ഒരു ജാതി വിവേചനവുമുണ്ടാ യിരുന്നില്ല. പല ഗോത്രങ്ങളുണ്ടായിരുന്നു. ഈഴവ ഗോത്രവും പുലയ ഗോത്രവും പറയ ഗോത്രവുമെല്ലാം.

ഇന്ന് പഴയ ക്രിസ്ത്യാനികളെന്നും ആഢ്യക്രിസ്ത്യാനികളെന്നും അവകാശ വാദം മുഴക്കുന്നവരും പുതിയ ക്രിസ്ത്യാനികളെന്ന അവഹേളനം സഹിക്കുന്നവരും തമ്മിലുള്ള യഥാര്‍ത്ഥ്യ വ്യത്യാസം ഏതാനും നൂറ്റാണ്ടു കളുടേത് മാത്രമാണ്. പഴയ ക്രിസ്ത്യാനി കളെന്നു ഇന്നു പറയപ്പെടു ന്നവര്‍ 1000 - 1500 വര്‍ഷം മുമ്പ് ക്രിസ്ത്യാനി കളായ ഈഴവരും പുലയരും കുറവരും മറ്റുമാണ്. പുതിയ ക്രിസ്ത്യാ നികളെന്നു പറയപ്പെടുന്നവര്‍ 150 ഉം 200 ഉം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്ത്യാനി കളായ ഈഴവരും ദലിതരുമാണ്. അതിനാല്‍ ദയവായി മെത്രാന്മാര്‍ ഇക്കാര്യത്തില്‍ ഇടപെ ടാതെ, യുവതീ യുവാക്കളുടെ പ്രേമകാര്യത്തില്‍ ഇടപെടാതെ അവരെ അവരുടെ പാട്ടിന് വിടുക. അതാണ് അവര്‍ക്കും സമുദായ ത്തിനും നല്ലത്. നിങ്ങള്‍ക്ക് ഇന്ന് ജനസംഖ്യ പോരെന്നു തോന്നുകയാണെങ്കില്‍ ഇന്നുള്ള ലക്ഷക്കണക്കിന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹം കഴിക്കാന്‍ അനുവാദം കൊടുക്കുക ജനസംഖ്യ വേഗം വര്‍ധിക്കും.
---------------------------------------------------
ദലിത്ബന്ധു. ഫോണ്‍: 9961055655. 
കടപ്പാട്: കേരളശബ്ദം വാരിക 2015 ജൂലൈ 12 ലക്കം.