"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്‍ഡിക്കൂസും ഇട്ടി അച്ചുതനും - വി ആര്‍ പരമേശ്വരന്‍പിള്ള

(ഇന്ത്യയില്‍ മലബാറിലെ സസ്യലോകം)

കെ പി പത്മനാഭമേനോന്റെ കൊച്ചീ രാജ്യ ചരിത്രം 2 ആം വാല്യത്തില്‍ (വശം:579) ഇപ്രകാരം കാണുന്നു :- രാജ്യകാര്യങ്ങളിലും കച്ചോടത്തിലും ധര്‍മ വിഷയ ങ്ങളിലും മാത്രമല്ലാ ഡെച്ചുകാര്‍ പരിശ്രമം ചെയ്തി രുന്നത്. ചില ശാസ്ത്ര വിഷയങ്ങളിലും അവര്‍ അശ്രാന്തം ശ്രദ്ധ വെച്ചിരുന്നു ഗവര്‍ണര്‍ വാന്റീഡ് കൊച്ചിയില്‍ വാസം തുടങ്ങിയ ഉടന്‍ മലയാളത്തിലെ സസ്യശാസ്ത്ര സംബന്ധമായ ചില പ്രത്യേക അന്വേഷ ണങ്ങള്‍ തുടങ്ങി. കാടുകളിലും മലകളിലും മറ്റും ആളുകളെ അയച്ച് എല്ലാത്തരത്തിലുള്ള സസ്യവര്‍ഗങ്ങളേയും ഔഷധങ്ങളേയും ശേഖരിപ്പിച്ചു. അതുകളെ തരവും വകയും തിരിച്ച് മലയാളം, സംസ്‌കൃതം, ലാറ്റിന്‍ ഭാഷകളില്‍ ഓരോന്നിന്റെ പേരും വ്യവസ്ഥ പ്പെടുത്തി. അതുകളുടെ ഉപയോഗവും അതുകളെ കൊണ്ടുള്ള ആവശ്യവും വിശദമായി കാണിക്കുന്ന വിവരണവും തയാറാക്കിച്ചു. എല്ലാ എനങ്ങളുടേയും ചിത്രവും എഴുതിച്ചു. ഇതെല്ലാം തയാറായി വരുന്നതിനു കുറേ അധികകാലം വേണ്ടിവന്നു. ക്രി - അ 1686 ല്‍ 1 ആമത്തെ പുസ്തകം ഹൊല്ലാര്‍ഡിലെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം എന്ന നഗരത്തില്‍ അച്ചടിപ്പിച്ചു. ഒടുവിലത്തേതായ 12 ആം പുസ്തകം ക്രി - അ 1703 ആമതില്‍ അച്ചടിച്ചു കഴിഞ്ഞു.

ഈ പുസ്തകം എഴുതി തയാറാക്കുന്നതില്‍ പലരുടേയും സഹായം വേണ്ടിവന്നിട്ടുണ്ട്. ഔഷധി വര്‍ഗങ്ങളുടെ വിവരണങ്ങള്‍ മലയാള ഭാഷയില്‍ എഴുതിക്കൊടുത്തത് രങ്കഭട്ടന്‍, വിനായകപണ്ഡിതന്‍, അപ്പുഭട്ടന്‍ എന്ന കൊങ്ങിണികളും ഇട്ടി അച്ചുതന്‍ എന്ന ഈഴവനും ആയിരുന്നു. ഓരോരോ സസ്യങ്ങളെ ശേഖരിച്ചു കൊച്ചിയില്‍ എത്തിച്ചാല്‍ അതുകളുടെ ചിത്രം കര്‍മലീത്തപാദ്രിമത്യൂസ് എന്നൊരാളെക്കൊണ്ടു വരച്ചുണ്ടാ ക്കിക്കും. പിന്നെ അതുകളുടെ വിവരണം മലയാളത്തില്‍ എഴുതിച്ചതിന്റെ ശേഷം ഇമ്മാനുവല്‍ കര്‍ണീറിയോ എന്നൊരാളെക്കൊണ്ട് പോര്‍ട്ട്ഗീസ് ഭാഷയിലേക്കു തര്‍ജിമ ചെയ്യിക്കും. യൂറോപ്പു രാജ്യക്കാരായ ശാസ്ത്ര ജ്ഞന്മാര്‍ക്കു അറിവാന്‍ വേണ്ടി പിന്നെ ആ വിവരണത്തെ ഗവണ്മെണ്ടു സെക്രട്ടറി ഹെര്‍മാന്‍ വാന്‍ഡൂപ്പ് എന്നൊരാളെക്കൊണ്ടു ലത്തീന്‍ ഭാഷയിലേക്കു തര്‍ജമ ചെയ്യിക്കും. പിന്നെ അതിനെ ഡച്ചു പാതിരിയായ കാസേറിയസ് എന്ന ശാസ്ത്രജ്ഞനെക്കൊണ്ട് പരിശോധിപ്പിക്കും. അച്ചടിയില്‍ ഓരോ എന്ത്തിന്റെ പടത്തില്‍ അതിന്റെ പേര് മലയാള ഭാഷയിലും ലത്തീന്‍ ഭാഷയിലും ചേര്‍ത്തിട്ടുണ്ട്. ഈ ആവശ്യത്തിനാണ് മലയാളഭാഷയില്‍ ആദ്യമായി യൂറോപ്പു രാജ്യത്ത് അച്ചു കൊത്തിയത് എന്നു വിചാരിക്കുന്നു. ഈ പുസ്തകത്തിന്റെ പേര് ലത്തീന്‍ ഭഷില്‍ 'ഹോട്ടസ് മലബാറിക്കസ്' എന്നാണ്. അതിമനോഹരമായ ഈ സസ്യ ശാസ്ത്രഗ്രന്ഥം തയാറാക്കുന്നതില്‍ അതാതുകാലത്തെ പെരുമ്പടപ്പു സ്വരൂപത്തിങ്കല്‍ തമ്പുരാക്കന്മാരുടെ സഹായമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. മൂന്നാമത്തെ പുസ്തകം അച്ചടിച്ചപ്പോള്‍ തമ്പുരാനാല്‍ തനിക്കു സിദ്ധിച്ച അമൂല്യമായ സഹായത്തെ അഭിനന്ദിച്ചു ഗ്രന്ഥപ്രസാ ധകന്‍ ആ പുസ്തകത്തെ തമ്പുരാനു സമര്‍പ്പിച്ചതായി കാണുന്നു.'

മലയാളം ആദ്യമായി അച്ചടിച്ചത് 289 വര്‍ഷം മുമ്പ് ആംസ്റ്റര്‍ഡാമില്‍ വെച്ചാണ്. അത് ഈ കൃതിയിലായിരുന്നു. 1673 മുതല്‍ 4 കൊല്ലം കൊച്ചീ കോട്ടയില്‍ ഡച്ചു ഗവര്‍ണര്‍ ആയിരുന്ന ഹെന്റിക് അഡ്രിയാന്‍ വാന്റീഡ് (1637 - 1791) കേരളത്തിലെ പ്രശസ്ത വൈദ്യന്മാരുടെ സഹകരണം നേടി തയാറാക്കിച്ച ഇവിടത്തെ സസ്യങ്ങളുടെ സംക്ഷിപ്ത വിവരണമാണ് 'ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ്' (ഇന്ത്യയില്‍ മലബാറിലെ സസ്യലോകം) നേപ്പിള്‍സ് കാരനായ മാത്യൂസ് പാതിരി (1612 - 1691) ജോണ്‍ സീസര്‍, വില്‍ഹെ ടെണ്‍റൈന്‍, കൊല്ലാട്ടു വൈദ്യന്‍ ഇട്ടി അച്ചുതന്‍, രങ്കഭട്ടര്‍, വിനായക പണ്ഡിതന്‍, അപ്പു ഭട്ടര്‍ മുതലായവരുടെ കൂട്ടായ പ്രവര്‍ത്തനം ഇതിന്റെ രചനയി ലുണ്ടായിരുന്നതായി കാണുന്നു. ഇതിനെ മലബാറി (മലയാള) ഭാഷയില്‍ നിന്നു പോര്‍ത്തുഗീസ് ഭാഷയി ലേക്ക് വിവര്‍ത്തനം ചെയ്തത് ഇമ്മാനുവല്‍ കാന്‍നൈറോ ആണ്. അതില്‍ നിന്നു ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്തത് ക്രിസ്ത്യന്‍ ഹെര്‍മാന്‍ദിഡോണസ് ആയിരുന്നു. 

ഫൂള്‍സ്‌ക്യാപ് ഫോളിയോ വലുപ്പത്തില്‍ ഏതാണ്ട് 500 വളങ്ങള്‍ വീതം 12 വാല്യങ്ങളുണ്ട് ഈ മഹാഗ്രന്ഥത്തിന്. പുല്ലുവര്‍ഗം, ചെറുചെടികള്‍, ചെടികള്‍, ചെറുവൃക്ഷങ്ങള്‍, വന്‍വൃക്ഷങ്ങള്‍ എന്നിവ ഉള്‍പ്പെടെ 740 സസ്യങ്ങളെ 7946 ചിത്രങ്ങളോടു കൂടി വിവരിച്ചിരിക്കയാണിതില്‍. വേര്, ഇല, പൂവ്, കായ് എന്നിവയേയും ചിത്രീകരിച്ചു കാണുന്നു. അവയുടെ പേരുകള്‍ ലാറ്റിന്‍, മലബാറി, അറബിക്, ബ്രാഹ്മണ (നാഗരി) ലിപികളില്‍ കുറിച്ചിരിക്കുന്നു. പൂക്കളുടേയും ഫലങ്ങളുടേയും വിത്തുകളുടേയും നിറം, ഗന്ധം, രുചി, ഉപയോഗങ്ങള്‍ ഔഷധഗുണം എന്നിവ വ്യക്തമാക്കി യിട്ടുണ്ട്.

ഒന്നാം വാല്യത്തില്‍ അങ്ങനെയാണ് ആദ്യം വിവരിച്ചിരിക്കുന്നത്. തെങ്ങ്, പൂക്കുല, നാളികേരക്കുല, മുളവരുന്ന തേങ്ങ, തെങ്ങിന്‍ മുകളില്‍ കള്ളുകുടം എന്നിവയുടെ ചിത്രങ്ങളും കൊടുത്തിരിക്കുന്നു. വൃക്ഷങ്ങളും ലതകളും 11 വാല്യങ്ങളിലായി വിവരിച്ചിരിക്കയാണ്. 12 ആം വാല്യ ത്തില്‍ വാഴവര്‍ഗവും പുല്ലുവര്‍ഗവുമാണുള്ളത്.

ഡച്ച് കമ്പനിക്കാരുടെ ദ്വിഭാഷിയായ ഇമ്മാനുവല്‍ കാര്‍നൈറോവിന്റെ മലയാളത്തിലുള്ള ഒരു പ്രസ്താവന ഇതിലുള്ളത് താഴെ ചേര്‍ക്കുന്നു:-

'പ്രസമവും മംഗല്യവും കുടിയിരിപ്പും വെഹുമാനപ്പെട്ട കൊമ്പഞ്ഞിയെടെ തുപ്പായിത്ഥവും കൊച്ചിയില്‍ ആയ മനുവെല്‍ക്കര്‍ന്നെരു നിശ്ചയിക്കും പ്രകാരം എന്ദ്രിക്കിവന്റെദെകുമദൊരിടെ കല്‍പ്പനയാല്‍ കരപ്പുറത്ത പിറന്നൊള്ള ചെകൊവണ്ണമായ കൊല്ലാടെനെന്ന പെരൊള്ള ഒരു മലയാം വൈദ്ധ്യെന്റെറ ചൊല്‍ക്കെട്ട പൊസ്തകത്തില്‍ ചാര്‍ത്തിയ മലെയാള ത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും വള്ളികെള പുല്‍ക്കുലങ്ങളും അതിന്റെറ പുഷ്പങ്ങളും - കായ്‌ക്കെളും വിത്തുകെളും രെസങ്ങളും പെരുകെളും ചക്തികെളു സുദചക്തികെളും പറങ്കിപ്പാഴെയിലും മലയാംപാഴെയിലും വകതിരിച്ച ചൊല്ലുകയുംഞ്ചെയ്തു ഈവണ്ണം ഒരു സംശെയം എന്നിയെ നെരാകുംവണ്ണം എഴുതിതിത്ത നിശ്ചയത്തില്‍ എന്റെറ ഒപ്പഅബ്രില്‍മാസ: 19 നു 1675 മത കൊച്ചില്‍ കൊട്ടെയില്‍ എഴുത്ത'

ഇതിന്റെ നിര്‍മിതിയില്‍ സഹായിച്ചിട്ടുള്ള കൊല്ലാട്ടു വൈദ്യന്‍ ഇട്ടി അച്ചുതന്റെ കോലെഴുത്തിലുള്ള ഒരു സാക്ഷ്യ പത്രവും ഈ ഗ്രന്ഥത്തി ലുണ്ട്.ഇട്ടി അച്ചുതന്റെ സാക്ഷിപത്രം കോലെഴുത്തില്‍ - ഇന്നത്തെ രീതിക്കു എതിനെ ഇപ്രകാരം പറയാം.

'കരപ്പുറത്ത് കടക്കരപ്പള്ളി ദേശത്ത് കൊല്ലാട്ടു വീട്ടില്‍ പിറന്ന് അവിടെ കുടിയിരിക്കുന്ന ചേകോവര്‍ണത്തില്‍ പാരമ്പര്യമുള്ള മലയാള വൈദ്യന്‍ നിശ്ചയിക്കും പ്രകാരം ഹെന്റിക്കിവന്‍ റെഡ് കമ്മദോരുടെ കല്‍പ്പനയാല്‍ കൊച്ചിയില്‍ കോട്ടയില്‍ വന്ന് ആ പുസ്തകത്തില്‍ ചാര്‍ത്തിയ വൃക്ഷങ്ങളും ചെറുവൃ ക്ഷങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തു ജാതികള്‍കൊണ്ടു കൈചെയ്തതും നമ്മുടെ ഗ്രന്ഥങ്ങളില്‍ നിന്നു ഗ്രഹിക്കകൊണ്ടും ഓരോന്നിന്റെ പ്രകാരവും അതുകൊണ്ടുള്ള ചികിത്സയും ഒക്കെയും വകതിരിച്ച് ചിത്രത്തില്‍ എഴുതിയ പ്രകാരം വ്യവസ്ഥ വരുത്തി ബഹുമാനപ്പെട്ട കൊമ്പഞ്ഞിയുടെ തുപ്പായിയായ മാനുവേല്‍കര്‍ന്നേരൊടു പറഞ്ഞു തിരിച്ചു അങ്ങു അറിയിക്കയും ചെയ്തു. ഈ വണ്ണം സംശയം തീര്‍ത്ത് തിരിച്ചു അങ്ങു അറിയിച്ചതില്‍ മലയാളത്തില്‍ ഇതുകൊണ്ടു ഉള്ളതില്‍ സജ്ജനങ്ങളുടെ സംശയമെന്നിയേ എഴുതിയ കാര്യത്തിന് 1675 ഏപ്രില്‍ മാസം 20 നു കൊച്ചിയില്‍ കോട്ടയില്‍ എഴുത്ത്.'

അമൂല്യമായ ഈ ഗ്രന്ഥത്തിന്റെ മൂന്നു പ്രതികളേ ഇന്നു ലോകത്തുള്ളൂ വെന്നു ചോ. പി ജി മേനോന്‍ എഴുതിയിരിക്കുന്നു. ഇതിന്റെ ഒരു പ്രതി തിരുവനന്തപുരം വലിയ കൊട്ടാരത്തിലുണ്ടായിരുന്നു.
--------------------------------------------
കടപ്പാട്: 1975 ല്‍ വി ആര്‍ പരമേശ്വരന്‍പിള്ള എഴുതി നാഷനല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച 'വിസ്മൃതിയില്‍ നിന്ന്' എന്ന പുസ്തകത്തില്‍ നിന്ന്. ഇട്ടി അച്ചുതന്റെ കൈപ്പടയുടെ ചിത്രവും ആ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. മറ്റ് ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.