"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കെ ആര്‍ ഗൗരിയമ്മ

കെ ആര്‍ ഗൗരിയമ്മ
പുരോഗമനാശയങ്ങളോട് സാമാന്യാതീതമായ ആഭിമുഖ്യവും അധസ്ഥിതരുടേയും അവശരുടേയും ഉന്നമനത്തില്‍ ആകാംക്ഷയുമുള്ള ഒരു കുടുംബ ത്തിലാണ് കെ ആര്‍ ഗൗരിയുടെ ജനനം. വളരെ ചെറുപ്പത്തിലേ തന്നെ പരിഷ്‌കൃതാ ശയങ്ങളുമായി താദാത്മ്യം ലഭിക്കുകയാല്‍ രാഷ്ട്രീയമായി വാമപക്ഷ ചിന്താഗതിയില്‍ സ്വാഭാവികമാ യിത്തന്നെ യ്വര്‍ ലീനയായി.

1919 ല്‍ അവര്‍ ചേര്‍ത്തലയില്‍ ജനിച്ചു. തുറവൂര്‍, ചേര്‍ത്തല, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ച് ബി എ ബി എല്‍ ബിരുദങ്ങള്‍ നേടി. സ്വദേശത്തുതന്നെ അവര്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. സാമാന്യം ഭേദമായ പ്രാക്ടീസ് ഉണ്ടായിരുന്നു. ജനസേവനപരമായ അഭിവാഞ്ച നിമിത്തം അവരുടെ ശ്രദ്ധ വിനാവിളംബം രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. മര്‍ദ്ദിതരും അവകാശ ധ്വംസിതരുമായ ജനങ്ങളോടുള്ള അനുഭാവം അവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തി ക്കുവാന്‍ പ്രചോദിതയാക്കി. തുടര്‍ന്നു കര്‍ഷകത്തൊഴിലാളി പ്രസ്ഥാന ങ്ങളുമായി ഉറ്റ ബന്ധം സ്ഥാപിക്കുകയും ആകണ്ഠം ആ പരിപാടികളില്‍ മുഴുകുകയും ചെയ്തു. ചുറുചുറുക്കും ഊര്‍ജ്വസ്വല തയും അവശജന സ്‌നേഹവും കൈമുതലാക്കിയിരുന്ന അവര്‍ അനായാസേന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരകളിലെത്തി. വിപ്ലവപരമായ ആശയപ്രചരണം അതിനെ ഫലവത്താക്കുന്ന പ്രവര്‍ത്തനം എന്നിവയാല്‍ അന്നത്തെ മണ്ഡലത്തിലെ പ്രധാന നോട്ടപ്പുള്ളികളില്‍ ഉള്‍പ്പെട്ട ഗൗരിയമ്മ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി തവണ ജയില്‍വാസം അനുഭവിച്ചു.

1952 ലും 1954 ലും തിരു - കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് ബഹുഭൂരിപക്ഷ ത്തോടു കൂടി വിജയം വരിച്ചു. 1957 ല്‍ ആദ്യത്തെ കേരള നിയമസഭയില്‍ അംഗമാകുകയും ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂവകുപ്പ് മന്ത്രിയാകുകയും ചെയ്തു. അക്കാലത്തു തന്നെ മന്ത്രിസഭയില്‍ സീനിയര്‍ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. വീണ്ടും 1960, 1965, 1967 എന്നീ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് 1967 മുതല്‍ 1969 വരെ ഭക്ഷ്യ - റവന്യൂ മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പുണ്ടായപ്പോള്‍ തോമസ് സി പി ഐയിലും ഗൗരിയമ്മ മാര്‍ക്‌സിസ്റ്റ് കക്ഷിയിലുമായി. കേരള കര്‍ഷക സംഘം പ്രസിഡന്റ്, കേരള മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് എന്നിങ്ങനെ ചുമതലയേറിയ സ്ഥാനങ്ങള്‍ വഹിച്ചും അവര്‍ സേവനം നടത്തി. അവര്‍ 1977 ലെ തെരഞ്ഞെടുപ്പില്‍ മാത്രമേ പരാജിതയായുള്ളൂ. 1980 ല്‍ വിജയിച്ച് (ഇപ്പോള്‍) നായനാര്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി.

കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിച്ച് നിയമമാക്കി, കര്‍ഷകര്‍ക്ക് വളരെ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്ത ഒരു പ്രഗത്ഭയായ ജനനേതാവും ഭരണതന്ത്രിയുമാണ്. വളരെയധികം യാതനകള്‍ നാട്ടിനും അവശര്‍ക്കും വേണ്ടി അനുഭവിച്ച ഈ മഹിളാമണി.
---------------------------------------
കടപ്പാട്: പാറയില്‍ ഷംസുദ്ദീന്‍ എഡിറ്റ് ചെയ്ത് പി എം നായര്‍ പ്രസിദ്ധീകരിച്ച 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന പുസ്തകത്തില്‍ നിന്നും.