"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്ത്രീവിഭാഗത്തിന്റെ തനതായ വ്യക്തിത്വം - വെട്ടിയാര്‍ പ്രേംനാഥ്


വെട്ടിയാര്‍ പ്രേംനാഥ്
അബലയായും ചബലയായും അങ്കുശ മില്ലാത്ത ചാപല്യമായി മലയാളികളും Family thy name is woman എന്നു ഷേക്‌സ്പിയറും എന്നുവേണ്ട വളരെയേറെ വ്യാഖ്യാനങ്ങളും നിര്‍വചനങ്ങളും സ്ത്രീ എന്ന പദത്തിന് ഉണ്ടായിട്ടുണ്ട്. 

പിതാരക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാര്‍ധക്യേ
നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ബാല്യത്തില്‍ പിതാവിന്റേയും യൗവന ത്തില്‍ ഭര്‍ത്താവിന്റേയും വാര്‍ധക്യത്തില്‍ പുത്രന്റേയും തണല്‍പറ്റി സ്ത്രീ ജീവിക്കണം എന്നുള്ള നിയമം ഉണ്ടാക്കിയ ആചാര്യന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്യം അനുവദിച്ചി രുന്നില്ല എന്നു വ്യക്തമാണ്. ഒരു കുടുംബത്തിലുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന സന്താനങ്ങളാണല്ലോ ആണ്‍കുട്ടികളും പെണ്‍കുട്ടികളും. ആണ്‍കുട്ടികള്‍ക്ക നുവദിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ഒന്നുംതന്നെ പെണ്‍കുട്ടി കള്‍ക്ക് അനു വദിക്കയില്ല. ഗൃഹനാഥന്റെ ആജ്ഞകള്‍ക്ക് വിധേയമായി കഴിയുകയാണ് സ്ത്രീ. അവളുടെ അഭിലാഷങ്ങള്‍ നാലുകെട്ടില്‍ വീര്‍പ്പു മുട്ടുകയാണ്. ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഇല്ലാഞ്ഞിട്ടാണോ? ഒരിക്കലുമല്ല. ഗൃഹനാഥന്റെ ആജ്ഞകള്‍ക്കു മുമ്പില്‍ ഗൃഹനായികയുടെ ആഗ്രഹം നിഷ്പ്രഭമാണ്. സ്ത്രീ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യേണ്ടവ ളാണെന്നുള്ള നിയമം ബാല്യം മുതല്‌ക്കേ പഠിക്കുകയാണ് അഥവാ പഠിപ്പിക്കുകയാണ്. സ്ത്രീയുടെ മേലുള്ള ഈ നിയമങ്ങള്‍ എല്ലാംതന്നെ പുരുഷ നിര്‍മിതവുമാണ്. എന്നിരുന്നാലും അവരില്‍ നിന്ന് ഗാര്‍ഹിയും മൈത്രേയിയും ഉണ്ടായി. അവര്‍ക്കും നഃ സ്ത്രീ സ്വാതന്ത്യമര്‍ഹതി.

ഭാരതത്തിലെ സവര്‍ണ സമുദായത്തിലെ സ്ത്രീ പുരുഷന് അടിമ യായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. സീതയും പാഞ്ചാലിയും ഉര്‍വശി മേനക രംഭതിലോത്തമമാരും ഇതിന് സാക്ഷ്യം വഹിക്കുന്നവരാണ്. 'ഊണ് ഉറക്കം സംബന്ധം' ഭക്ഷിക്കുകയും സന്താനോത്പാദനം - സന്താനങ്ങളെ സംരക്ഷിക്കുകയും ഉറങ്ങുകയും എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് യാതൊന്നും ജീവിതത്തില്‍ ചെയ്യാനില്ല. ചുരുക്കത്തില്‍ പുരുഷന്റെ സുഖഭോഗ വസ്തുവായി കഴിയുക. ശൈശവ വിവാഹം, സ്ത്രീധനം, ഭര്‍ത്താവ് മരിച്ചുപോയാല്‍ ജീവിതകാലം മുഴുവന്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ട് വിധവയായി കഴിയുക എന്നുവേണ്ട നിരവധി അനാചാരങ്ങ ളുടേയും ഇടയില്‍ കിടന്നു നരക യാതന അനുഭവിക്കുന്നവരാണ് സവര്‍ണ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍. ജീവിതത്തിനാവശ്യമുള്ള സകലതും സ്ത്രീക്ക് പുരുഷന്‍ നല്കിയിരുന്നു. സര്‍വോപരി സംരക്ഷണവും. എന്നാല്‍ ഹരിജന്‍ സ്ത്രീകളുടെ നില അതായിരുന്നോ?

ജീവസന്ധാരണത്തിനു വേണ്ടി പുരുഷനോടൊപ്പം എന്തുജോലിയും അവര്‍ ചെയ്യേണ്ടിയിരുന്നു. അടിമത്തത്തിന്റേയും യാതനകളുടേയും ഒരിക്കലും തീരാത്ത പട്ടിണിയുടേയും നടുവില്‍ കിടന്ന് നട്ടം തിരിയുന്ന ആ പാവ പ്പെട്ട സഹോദരി കിഴക്ക് വെള്ളകീറുംമുമ്പേ പുരുഷനോടൊപ്പം പാടത്ത് പണിക്കുപോകും. തെല്ല് അമാന്തിച്ചു പോയാല്‍ തമ്പുരാന്റെ ചൂരല്‍വടി ആഞ്ഞ് പുറത്തു കൊളുള്ളും.

കണ്ടവരൊക്കെയും ആട്ടി
കണ്ടകാട്ടില്‍കൂടി ഞങ്ങള്‍
കണ്ടവനാം തമ്പുരാന്റെ 
കണ്ടത്തിലെത്തും
അടിയെടാ താമസിച്ചോ
രടിയോരെയെന്നുടയോര്‍
അടിയങ്ങളടിമല
രണഞ്ഞുകൂപ്പും

'ഹോയ് - ഹോയ്' തീണ്ടാല്‍ജാതി വരുന്നേ എന്നു വിളിച്ചു പറഞ്ഞ് ഓടിക്കതച്ച് ചെല്ലുമ്പോള്‍ ക്രൂരനായ തമ്പുരാന്‍ പറയുകയാണ്, അടിയെടാ പുറത്ത്. വേദനകൊണ്ട് പുളഞ്ഞാലും 'കമാന്ന്' മിണ്ടുകയില്ല. കിഴക്കുദി ക്കുന്ന സൂര്യന്‍ പടിഞ്ഞാറേ ചക്രവാള സീമയില്‍ ആഴ്ന്നിറങ്ങുന്നതുവരെ പുരുഷനോടൊപ്പം പണിയെടുക്കുകയാണ്. സൂര്യന്റെ പോക്കുവരവിനെ ആശ്രയിച്ചാണ് അവറ്റകളുടെ ജീവിതവും. നേരം പുലരുന്നതിന് എത്രയോ മുമ്പേ പണിസ്ഥലത്ത് എത്തേണ്ടിയിരിക്കുന്നു.

കാട്ടിച്ചിലന്തി വലനൂത്തതില്ലേ
നെയ്യനുറുമ്പ വഴിവെച്ചതില്ലേ
പൂക്കാത്ത തെറ്റി നിവര്‍ന്നതുമില്ലേ
ഇത്തരകാലത്തേ പോകയെല്ലാണോ

പ്രയത്‌നശാലിയായ ചിലന്തി വല നൂക്കുന്നതിന് മുമ്പേ, നെയ്യുറുമ്പ് ആഹാരമന്വേഷിച്ച് ഇറങ്ങുന്നതിന് മുമ്പ്, രാത്രിയില്‍ കൂനിപ്പിടിച്ചു നില്ക്കുന്ന പൂക്കാത്ത തെറ്റി നിവരുന്നതിനു മുമ്പ് കുഞ്ഞിനേയും കീറപ്പായും കയ്യിലെടുത്ത് പാടത്തേക്കു പോവുകയായി.

പാടത്തുള്ള വരമ്പിലെ
എന്റമ്മി ചൂടിണ പുട്ടലിലെ
കിടങ്ങും നാട്ടി തണലും കുത്തി
ഏനിരിക്കും പാടത്ത്,
എന്റമ്മിയിരുത്തും പാടത്ത്,

പുരുഷന്‍ ഞാറലക്കി കെട്ടി ചുമന്ന് നടക്കേണ്ടതായ പാടത്ത് കൊണ്ടു ചെന്ന് പെറുക്കിയിടുമ്പോള്‍ ചുറുചുറുക്കോടു കൂടി 'മുക്കണ്ണിക്കു മൂന്നാംചവുട്ടില്‍' സ്ത്രീ നടുകയാവും. വയലായ വയലെല്ലാം നട്ടു തീരണം. സര്‍വശക്തിയു മുപയോഗിച്ച് ആഞ്ഞു വലിഞ്ഞ് നടുകയാണ്. ഒരിറ്റു പാലിനുവേണ്ടി ആ പിഞ്ചു കുഞ്ഞ് തൊണ്ട പൊട്ടുമാറ് കരഞ്ഞു മയങ്ങിയാല്‍ പോലും കരയില്‍ ചെന്ന് തന്റെ കുഞ്ഞിനെയെടുത്ത് ഒരു തുള്ളി പാലുകൊടുക്കാന്‍ ആ അമ്മയെ അനുവദിച്ചിരുന്നില്ല. എത്രയെത്ര പിഞ്ചു കുഞ്ഞുങ്ങളാണ് വരമ്പിന്റെ അണ്ടക്കു കിടന്ന് കരഞ്ഞു കരഞ്ഞ് തൊണ്ട വരണ്ടു ചാകുന്നത്. ഇവറ്റകളെ മനുഷ്യരായി ആരെങ്കിലും അംഗീകരിച്ചിരുന്നോ? സൂര്യന്‍ പടിഞ്ഞാറോട്ട് ചായുമ്പോഴാണ് പോലുത്തേക്ക് അഥവാ ഉച്ചഭക്ഷണം കിട്ടുക.

ഉച്ചക്കു കഞ്ഞി കൊടുത്താലും
എന്റമ്മി എനിക്കാ പച്ചു തരും
വെള്ളവുമൂറ്റിക്കുടിച്ചോണ്ടമ്മി
എറങ്ങിപ്പോകും പാടത്ത് - ആ
വേലയെടുക്കും വയ്യോളം

അന്തിയാവോളം പണിചെയ്ത് വാടിത്തളര്‍ന്ന് തമ്പുരാന്‍ പടിക്കല്‍ നിന്ന് കൂലിയായി കിട്ടുന്ന മുന്നാഴി നെല്ല് തന്റേതും, ചങ്കാഴി (ഇടങ്ങഴി) നെല്ല് ഭര്‍ത്താവിന്റേതും കൊട്ടിലില്‍ കൊണ്ടുവന്ന് ഓട്ടിലിട്ട് കാക്കിരി കീക്കിരി വറുത്ത്, കുത്തി കാച്ചിക്കരിച്ച് ചേമ്പിന്‍ താളുപോലെ വാടി മയങ്ങി ക്കിടക്കുന്ന ജീവന്റെ ജീവനായ കുഞ്ഞുങ്ങള്‍ക്കും സ്‌നേഹമുള്ള ഭര്‍ത്താവിനും കൊടുത്തതിനു ശേഷം കലംകഴുകി മോന്തിക്കുടിച്ച് കിലുങ്ങി വിയര്‍ത്ത് വല്ല ചിക്കു പായയിലോ പുട്ടലിലോ കിടന്ന് മയങ്ങുന്നു. തന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും കാത്തു സൂക്ഷിച്ച് ഭര്‍ത്താവും ഒരറ്റത്തുണ്ടാകും.

'എല്ലു മുറിയെ പണി ചെയ്താല്‍
പല്ലുമുറിയെ തിന്നാം'

പക്ഷെ തമ്പുരാനു വേണ്ടി കാറ്റും വെയിലും മഞ്ഞും മഴയും ഏറ്റ് എല്ലു മുറിയ പണി ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് പട്ടിണി കൂടപ്പിറവിയാണ്.

മീനമാസം കാലമാകുന്നു
തീറ്റികള്‍ ധാരാളമുണ്ടല്ലോ
മാന്തല്‍ ചാവോനല്ലോ
തൊന്നുമേയില്ലാ

വിളവെടുപ്പു കാലമായ മീനമാസത്തില്‍ ഭക്ഷണ സാധനങ്ങള്‍ ധാരാള മുണ്ടെങ്കിലും ഒരു നേരത്തെ പശിയടക്കാന്‍ വേണ്ടി വല്ല ചേറ്റാളയോ (ചേറിനടിയില്‍ താമര പോലെ വളരുന്ന ഒരു സാധനം) മാന്തല്‍ക്കിഴങ്ങോ തിന്ന് പശിയടക്കേണ്ടിയിരിക്കുന്നു. നാട്ടില്‍ കഴിയുന്ന ഹരിജനങ്ങളുടെ ഗതി ഇതായിരുന്നുവെങ്കില്‍ കാട്ടില്‍ കഴിയുന്ന കാട്ടു ജാതികളുടെ ഗതി ഇതിലും ശോചനീയമാണ്.

മലകുടി മാറാത്ത ചോരക്കുഞ്ഞിനെ മാറാപ്പില്‍ മുതുകിലേന്തി ആഹാര സമ്പാദനത്തിനായി സ്ത്രീ പുരുഷനോടൊപ്പം ഉണ്ടാകും. അങ്ങനെ ഒടുങ്ങാത്ത പട്ടിണിയുടേയും തീരാത്ത യാതനകളുടേയും സമാഹാരമാണ് ഹരിജന്‍ സ്ത്രീ. സേവനം അവരുടെ കര്‍ത്തവ്യമായിരുന്നു. മാനവ സമുദായത്തെ നയിക്കുന്ന താളവും ലയവും സ്‌നേഹത്തിന്റെ ഉറവിടം ആയിരുന്നു. അച്ഛനെ ബഹുമാനിക്കുന്നതിനും സഹോദരനെ സ്‌നേഹിക്കു ന്നതിനും ഭര്‍ത്താവിന്റെ മാറിടത്തില്‍ തല ചായ്ക്കുന്നതിനുള്ള അസൂയാര്‍ഹമായ കഴിവും, തന്റെ കുഞ്ഞുങ്ങളെ തന്നെപ്പോലെ വളര്‍ത്തിയെടുക്കുന്നതിന് അവള്‍ക്ക് ചില പ്രത്യേക സിദ്ധികള്‍ ലഭിച്ചിരുന്നു.

സ്ത്രീധനം എന്ന ഏര്‍പ്പാട് ഹരിജനങ്ങളുടെ ഇടയില്‍ ഇല്ലായിരുന്നു. മനസിനിണങ്ങിയ മാലനെ മാലവെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സവര്‍ണ സമുദായത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ മാതാപിതാക്കള്‍ ഭയക്കുന്നു. 'പെണ്ണ് പെറ്റ വീടുപോലെ' അതൊരു ശൈലിതന്നെ ആയിട്ടുണ്ട്. പെണ്ണ് വളര്‍ന്ന് പുര നിറഞ്ഞു നില്ക്കുന്ന ഏര്‍പ്പാടും ഇല്ലായിരുന്നു. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 'എന്‌ക്കൊരു തേയം കിട്ടി. അവള്‍ വീടിനൊരു ഭാരമല്ല - ശാപമല്ല വളരും വേലചെയ്ത് ജീവിച്ചു കൊള്ളും. വേല ചെയ്യാന്‍ കഴിവുള്ളവര്‍ അവളെ വിവാഹം കഴിക്കും. പെറ്റു വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് ദക്ഷിണയും ആഥവാ കാണവും)'

പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്ക് ആകാശമുണ്ട്

ഹരിജനങ്ങള്‍ക്കോ ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ യാതൊ ന്നിനും അവകാശമില്ലാതെ തമ്പുരാന്റെ പറമ്പില്‍ ആകാശം കാണുന്ന കൊട്ടിലില്‍ ആണ് താമസിക്കുന്നത്. ആരോഗ്യമുള്ള കിടാത്തി കളെ കാണുമ്പോള്‍ തമ്പുരാനൊരു വല്ലായ്മ. ഇല്ലാത്ത ജോലികള്‍ ഉണ്ടാക്കി പുരുഷനെ കൊട്ടിലില്‍ നിന്നും അകറ്റുന്നു. തമ്പുരാന്റെ കളപ്പുര സൂക്ഷിക്കുകയോ - ആളുകളെ കിടയിട്ട സ്ഥലത്തു കാവല്‍ കിടക്കുകയോ, എന്തെങ്കിലും അദ്ദേഹം നോക്കുമ്പോള്‍ ജാലിയാണ്. 'തിരുവാക്ക് മറുവാട ഇല്ലാത്തതിനാല്‍ തന്റെ പ്രിയപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് മനസില്ലാ മനസോടെ പോവുകയാവാം. സമയം പാര്‍ത്തിരുന്ന തമ്പുരാന്‍ എത്തുക യാവാം. തീണ്ടലും തൊടീലും ഒന്നും അദ്ദേഹത്തിനില്ല. വിസമ്മതങ്ങളും കാര്യമല്ല. ഒളിഞ്ഞും മറഞ്ഞും നിന്നാലും വിടില്ല. അവള്‍ വഴങ്ങേണ്ടി വരും. കരളിലൊരു നെരിപ്പോടിരുന്ന് നീറിപ്പുക യുകയാണ്. ആരോടു പറയും? തന്റെ ഭര്‍ത്താവിനെ കൊല്ലാക്കൊലക്ക് കൊടുക്കരുതെന്ന് കരുതി അവള്‍ മിണ്ടുകയില്ല. അവരിലും ബുദ്ധിശാലികള്‍ ഉണ്ടായിരുന്നു.

പണ്ട് ഭഗവാന്‍ പരമേശ്വരന്‍ അര്‍ജുനന് പാശുപതാസ്ത്രം നല്കുന്നതിന് പോകുമ്പോള്‍ വഴിമധ്യേ ഒരു പറയക്കിടാത്തിയെ കണ്ടു. കണ്ടമാത്രയില്‍ ഭഗവാന് അവളില്‍ അനുരാഗം തോന്നി. നില്ക്കാന്‍ സമയമില്ല. ഞാന്‍ തിരിയെ വരുന്നതു വരെ നീയവിടെ നില്ക്കണം. പാവം സ്ത്രീ കുഴങ്ങി. എന്താണ് രക്ഷാ മാര്‍ഗം. ഭര്‍ത്താവറിഞ്ഞാല്‍ കുഴപ്പമാണ്. നില്ക്കാതി രുന്നാല്‍ ഭഗവാന്‍ ശപിക്കും. അവള്‍ക്കൊരു യുക്തി തോന്നി. നേരെ പാര്‍വതിയുടെ സമീപം ചെന്ന് വിവരം പറഞ്ഞു. നീ പേടിക്കേണ്ട ഇവിടെ എന്റെ വേഷത്തില്‍ ഇരുന്നോ. ഞാന്‍ നീയായിച്ചെന്നു നില്ക്കാം. ശിവന്‍ വന്ന് ആവേശത്തോടെ കടന്നു പിടിച്ചു. പാര്‍വതിയാണെന്ന് മനസിലായി. പറച്ചി എന്നെ പറ്റിച്ചല്ലോ. കൈലാസത്തു ചെന്നു. പാവം സ്ത്രീ ഭയന്നു വിറച്ചു. പക്ഷെ ഭഗവാനൊന്നു നോക്കി. അതിന്റെ അര്‍ത്ഥം നീ ആളു കേമി തന്നെ. കൈലാസത്തിരുന്നതു കൊണ്ട് ചില വിനൊന്നും കിട്ടിയില്ല. പാര്‍വതിയെ വിവരം ധരിപ്പിച്ചു. ശിവന്‍ പറഞ്ഞു. നീ പോയി നിന്ന സ്ഥലം മാന്തി നോക്കൂ. അവിടെ കുറേ കിഴങ്ങുകള്‍ കാണും. അതെടുത്തുകൊണ്ട് പൊയ്‌ക്കൊള്‍ക. കിഴങ്ങുകള്‍ മാന്തി കഴുകിയപ്പോള്‍ അല്ലാം കുട്ടികളായി മാറി. ഇങ്ങനെയാണ് കുട്ടിച്ചാത്തന്മാര്‍ ഉണ്ടായതെന്ന് മുണ്ടിയര്‍ പാട്ടില്‍ പറയുന്നു.

നിങ്ങള്‍ക്കും ഈ വിധം നിരുപദ്രവമായി രക്ഷപ്പെടാം. ഹരിജന്‍ സ്ത്രീ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരണമെന്ന് ശാഠ്യം പിടിച്ച് ഭര്‍ത്താവിനെ ഒരിക്കലും അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഏതൊരു ചെയ്തികളിലും ഭര്‍ത്താവും താനും ഒരുമിച്ച് പരിശ്രമിക്കുന്നതിലാണ് സംതൃപ്തി നേടിയിരുന്നത്. പാഞ്ചാലി ഒരു പൂവിനു വേണ്ടി ഭീമനെ പെടാപ്പാടു വരുത്തി. സീതയോ ഒരു മാനിനെ വേണമെന്ന് ശാഠ്യം തുടങ്ങി. ഈ ആഗ്രഹം അരുതാത്തതാണെന്ന് ശ്രീരാമന്‍ വിലക്കിയിട്ടും അനുസരിക്കാ ത്തതിന്റെ ഫലമോ കുടുംബ ജീവിതം തകരുകയും വിനകള്‍ താനേ വലിച്ചു വെക്കുകയും ചെയ്തു.

മണ്ഡോദരിയോ ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി ലങ്കയുടെ നന്മക്കു വേണ്ടി തപസു ചെയ്യുകയാണ്. വിഭിന്നങ്ങളായ രണ്ട് സംസ്‌കാരം. നമുക്ക് നമ്മുടേതായ മഹത്തായ, പരമ്പരാഗതമായ ഒരു സംസ്‌കാരമുണ്ട്. അത് കാത്തു സൂക്ഷിക്കേണ്ട കടമ ഓരോ ഹരിജന്‍ സ്ത്രീയുടേയും കര്‍ത്തവ്യമാണ്.
----------------------------------------------
കടപ്പാട്: 1968 തൃശൂര്‍ കരന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച വെട്ടിയാര്‍ പ്രേം നാഥിന്റെ 'കേരളത്തിലെ അടിമകള്‍' എന്ന പുസ്തകത്തില്‍ നിന്നും.