"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഖാവ് പി കൃഷ്ണപിള്ള

പി കൃഷ്ണപിള്ള
മധ്യതിരുവിതാംകൂറിലെ വിഖ്യാത ക്ഷേത്ര കേന്ദ്രമായ വൈക്കത്ത് പാവപ്പെട്ട ഒരു നായര്‍ തറവാട്ടില്‍ പാര്‍വത്യാര്‍ നാരായണ പിള്ളയുടേയും സഹധര്‍മിണി പാര്‍വതിയമ്മയുടേയും 10 മക്കളില്‍ മൂന്നാമത്തെ സന്താനമായിരുന്നു പ്രസിദ്ധ വിപ്ലവകാരിയായിരുന്ന സ. പി കൃഷ്ണപിള്ള.

വൈത്തേപോലെ തന്നെ പൗരാണികവും പ്രസിദ്ധവുമായ ശുചീന്ദ്രം ക്ഷേത്രത്തിലെ ഒരു പുരോഹിതന്റെ മകള്‍ തങ്കമ്മയെയാണ് കൃഷ്ണപിള്ള കല്യാണം കഴിച്ചത്. ജയിലില്‍ വെച്ച് ഉറപ്പിച്ച ഒരു കല്യാണം. ശുചീന്ദ്രത്തി നടുത്ത് എടലാക്കുടിയിലെ സബ്ജയിലില്‍ ഒരു രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞു കൂട്ടുകയായിരുന്ന കൃഷ്ണപിള്ളയെ പുറം ലോകവുമായി ബന്ധിപ്പിച്ച ഒരു കണ്ണിയായിരുന്നു അന്ന് ഹിന്ദി ഭാഷ പഠിക്കുകയാ യിരുന്ന 16 കാരിയായ തങ്കമ്മ. ജയില്‍ മോചനത്തിനു ശേഷം കൃഷ്ണപിള്ള തങ്കമ്മയെ മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വരണമാല്യം ചാര്‍ത്തി.

മസൂരിരോഗം കൊണ്ട് മാതാവു മരിക്കുമ്പോള്‍ വൈക്കത്തെ മലയാളം സര്‍ക്കാര്‍ സ്‌കൂളില്‍ കൃഷ്ണപിള്ള 5 ആം ക്ലാസില്‍ പഠിക്കുകയായി രുന്നു. അടുത്ത വര്‍ഷം പിതാവും മരിച്ചതോടെ കൃഷ്ണപിള്ള തറവാട്ടു കാരണവരായി - കഷ്ടിച്ചു 15 വയസുള്ളപ്പോള്‍.

കുറച്ചുകാലം അലഞ്ഞു തിരിഞ്ഞു നടന്ന് വൈക്കത്തേക്കു മടങ്ങി. ജീവിതത്തില്‍ എവിടെയെങ്കിലും പിടിച്ചു നില്ക്കാനുള്ള അഭിനിവേശ ത്തോടെ, ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ സഹോദരീ ഭര്‍ത്താവ് കണക്കപ്പിള്ളയായിരുന്നു, അവിടെ കയര്‍പിരി തൊഴിലാളി യായി കയറിക്കൂടിയപ്പോള്‍ പിടിച്ചു നില്ക്കാനുള്ള ഒരു കമ്പു കിട്ടി. പക്ഷെ അധികം കഴിഞ്ഞില്ല കൃഷ്ണപിള്ള അവിടെ നിന്നു പോന്നു. വീണ്ടും വൈക്കത്തേക്കു മടങ്ങിയപ്പോള്‍, തന്റെ കൊച്ചു നാട് ചുഴറ്റി അടിക്കുന്ന ഒരു ദേശീയ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റില്‍ കിടന്നു പുളയുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര മതിലിനു പുറത്തുള്ള പൊതു റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാനുള്ള പ്രസിദ്ധമായ വൈക്കം സത്യാഗ്രഹമാണ് സംഭവം. മഹാത്മജിയെ വൈക്കത്തേക്ക് ആനയിച്ച ഈ മഹാപ്രക്ഷോഭത്തില്‍ കൃഷ്ണപിള്ള ഒരു കാണി മാത്രമായിരുന്നു, പങ്കാളിയായിരുന്നില്ല. എന്നിരുന്നാലും അസ്വസ്ഥമായ ആ ഇളം മനസിനെ വൈക്കം സത്യാഗ്രഹം ഇളക്കിമറിച്ചു. കൃഷ്ണപിള്ളയുടെ പില്ക്കാല രാഷ്ട്രീയ ജീവിതത്തെ അത് നിശബ്ദമായെങ്കിലും ശക്താമായി സ്വാധീനിച്ചു.

ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷം കെട്ടടങ്ങിയപ്പോള്‍ തദ്ദേശത്തെ ദേശീയവാദികള്‍ വൈക്കത്താരംഭിച്ച ഒരു ഹിന്ദി പഠന വിദ്യാലയത്തില്‍, ചായക്കടയിലെ ഒരു വേലക്കാരനായും പിന്നീട് ഒരു സൈക്കിള്‍ കടയില്‍ ജോലിക്കാരനായും നിന്ന് കൃഷ്ണപിള്ള രാത്രികാലത്തു പഠിക്കാന്‍ പോയി. ഒരു ഘട്ടത്തില്‍ ജീവിതത്തില്‍ വല്ലതുമെങ്കിലും ചെയ്യണം താനും, ആരെങ്കിലുമാവണം, എന്ന അദമ്യമായ ആഗ്രഹം കൃഷ്ണപിള്ളയെ ഊരു ചുറ്റുന്ന ഒരു നാടക സംഘത്തിലും കൊണ്ടെത്തിച്ചു. പാട്ടുപാടുക പയ്യന്റെ കമ്പമായിരുന്നു.

പി കൃഷ്ണപിള്ള 
പെട്ടെന്നൊരു ദിവസം കൃഷ്ണപിള്ള വൈക്കത്തു നിന്നും അപ്രത്യക്ഷനായി. എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. കുറേ കഴിഞ്ഞപ്പോള്‍ അങ്ങ് അതിവിദൂരത്തുള്ള അലഹബാദില്‍ നിന്നും ഒരു എഴുത്ത് സഹോദരിക്കു കിട്ടി. കുടുംബത്തിന് പൊതുവില്‍ അവകാശപ്പെട്ട പുരയിടം നേരത്തേ വിറ്റ് പങ്കുവെച്ചിരുന്നു. കൃഷ്ണപിള്ള തന്റെ പങ്ക് പറ്റിയിരുന്നില്ല. എഴുത്തില്‍ ആവശ്യപ്പെട്ടിരുന്നത് ആ വഴിക്ക് കുറേ പണം അടിയന്തിരമായും അയച്ചു തരണമെന്നായിരുന്നു. അലഹബാദ് പഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയായി പഠിപ്പു തുടരാനും ഒരു കരപറ്റാനും ഈ പണമാണ് കൃഷ്ണപിള്ളയെ സഹായിച്ചത്. 1929 ല്‍ 'സാഹിത്യ വിശാരദ്' ജയിച്ച് കൃഷ്ണപിള്ള നാട്ടില്‍ തിരിച്ചെത്തി. ഏറെ താമസിയാതെ തൃപ്പൂണിത്തുറയില്‍ പ്രതിമാസം 30 രൂപ ശമ്പളത്തില്‍ ഹന്ദി പ്രചാരകനായി, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ കീഴില്‍ ഒരു ഉദ്യോഗം സമ്പാദിച്ചു

ഒരു മാസത്തിനകം കൃഷ്ണപിള്ള ഈ ജോലി വലിച്ചെറിഞ്ഞ് 1930 ലെ നിയമലംഘന പ്രസ്ഥാനത്തില്‍ ചാടിയിറങ്ങി. ഗാന്ധിജിയുടെ നേതൃത്വ ത്തില്‍ നടന്ന ഐതിഹാസികമായ ദണ്ഡിയാത്രക്കൊപ്പിച്ചുകൊണ്ട് കേരളത്തിലും ഉപ്പു നിയമത്തെ ലംഘിച്ച് ഉപ്പു വാറ്റിയെടുക്കാനുള്ള പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് വാളണ്ടിയര്‍മാരുടെ ഒരു സമരയാത്ര. കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്കുള്ള 50 നാഴിക യാത്ര നയിച്ചത് കേരള ഗാന്ധിയായി അന്നുതന്നെ അറിയപ്പെട്ടിരുന്ന കെ കേളപ്പനായിരുന്നു. വാളണ്ടിയര്‍ സംഘത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പോരാളി കറുത്ത കൃശഗാത്രനായ കൃഷ്ണപിള്ളയും

ഒരു കോണ്‍ഗ്രസ് വാളണ്ടിയര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യ സമരത്തില്‍ കൃഷ്ണപിള്ള ആദ്യമായി അറസ്റ്റു ചെയ്യപ്പെട്ടത് 1930 ഒക്ടോബറിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടു കിടന്ന കൃഷ്ണപിള്ളക്ക് അപ്പോള്‍ അവിടെ തടവില്‍ കഴിയുകയായിരുന്ന ഭീകര പ്രസ്ഥാന നേതാക്കളുമായും മീററ്റ് ഗൂഢാലോചനാ കേസ് പ്രതികളുമായും ബന്ധപ്പെടാന്‍ കഴിഞ്ഞു.

1932 ല്‍ മറ്റ് തീവ്രവാദികളായ കോണ്‍ഗ്രസുകാരോടൊപ്പം ജയില്‍ മോചിതനായ കൃഷ്ണപിള്ള കോണ്‍ഗ്രസു സംഘടനെ കേരളത്തില്‍ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാനുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭണ സമരങ്ങളിലും ആഞ്ഞിറങ്ങുകയാണ് ചെയ്തത്. 1934 ലെ ബോംബെ എഐസിസി സമ്മേളനത്തില്‍ കൃഷ്ണപിള്ള ഒരു പ്രതിനിധി യായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് രംഗമൊരുക്കിയതും ഇതേ എഐസിസി വേദിതന്നെയാണെന്ന് സാന്ദര്‍ഭി കമായി അനുസ്മരിച്ചു കൊള്ളട്ടെ. 

ഇതേ വര്‍ഷമാണ് മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചതും അതിന്റെ സെക്രട്ടറിയായി കൃഷ്ണപിള്ള പ്രവര്‍ത്തിച്ചതും.

കോണ്‍ഗ്രസിന്റെ ബഹുജനാടിസ്ഥാനം വിപുലപ്പെടാന്‍ തുടങ്ങിയതോടെ തൊഴിലാളികളുടേയും കൃഷിക്കാരുടേയും വര്‍ഗ സംഘടനകള്‍ രൂപം കൊണ്ടു തുടങ്ങി. സാമ്പത്തിക സമരങ്ങള്‍ രാഷ്ട്രീയ സംഘട്ടനങ്ങളായി പടര്‍ന്നു കയറി. ബഹുജന മുന്നേറ്റങ്ങളുടെ പിന്നില്‍ കൃഷ്ണപിള്ളയെ എവിടെയും കണ്ടു. മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായി, ഒരംഗുലം ഉയരത്തില്‍.

1936 ല്‍ നടന്ന ആലപ്പുഴ കയര്‍ തൊഴിലാളികളുടെ സുദീര്‍ഘമായ സമരത്തിന്റെ സംഘാടകനും നേതാവും കൃഷ്ണപിള്ളയായിരുന്നു. ഉത്തര മലബാറിനെ ആകമാനം പിടിച്ചുകുലുക്കിയ 1940 സെപ്തംബറിലെ യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്‍പന്തി നേതാവും കൃഷ്ണപിള്ളയാ യിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം കൊള്ളുന്നത് ഈ തീച്ചുളയുടെ നടുവിലാണ്. തലേവര്‍ഷം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നടങ്കം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടതിലൂടെ പാര്‍ട്ടി ഔപചാരികമായി നിലവില്‍ വന്നിരുന്നുവെങ്കിലും ശൈശവ ദശയിലായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന 2 കൊച്ചു ഗ്രാമങ്ങള്‍ - മൊറാഴയും കയ്യൂരും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും ഭൂപടത്തില്‍ സ്ഥാനം നേടുന്നത് ഈ ഘട്ടത്തിലാണ്. 2 സ്ഥലങ്ങളിലും ബ്രിട്ടീഷ് ആധിപത്യത്തിനും ജന്മിത്വത്തിനും എതിരേ ഉയിര്‍ത്തെഴുന്നേറ്റ കര്‍ഷക ജനതയും പൊലീസും ഏറ്റു മുട്ടി. മൊറാഴ സംഘട്ടനം കെപിആര്‍ ഗോപാലന്‍ കഷ്ടിച്ചു തൂക്കുമരത്തില്‍ നിന്നു രക്ഷപ്പെടുന്നതില്‍ ചെന്നെത്തി. മഹാത്മജിയുടേയും നെഹ്രുവിന്റേയും ഫലപ്രദമായ ഇടപെടലും രാഷ്ട്രത്തിന്റെ ഏകകണ്ഠ മായ പ്രതിഷേധവും മൂലം കയ്യൂര്‍ സംഘട്ടനത്തില്‍ ധീരോദാത്തരായ 4 കര്‍ഷക സന്തതികളെ ബ്രിട്ടീഷ് ഭരണം തൂക്കിക്കൊന്നു.

6 വര്‍ഷത്തിനു ശേഷം കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരം പിടിക്കുന്നതായി നാം കാണുന്നു. 1946 ലെ ഐതിഹാസികമായ വയലാര്‍ പുന്നപ്ര സമരത്തില്‍ തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍ക്കു മുമ്പില്‍ വിരിമാറുകാട്ടി നൂറു കണക്കില്‍ തൊഴിലാളി കര്‍ഷക സന്താനങ്ങള്‍ പൊരുതി മരിച്ചു. മുന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റില്‍ ഉത്തരവാദഭരണം സ്ഥാപിച്ചെടുക്കാനും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാന ത്തില്‍ തെരഞ്ഞെടുപ്പു നടത്തിക്കിട്ടാനും 2 വര്‍ഷം കഴിഞ്ഞ് 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താ തിസീസിനെ തുടര്‍ന്ന് ഏറ്റവും രൂക്ഷമായ ബഹുജന സ്വാതന്ത്ര്യത്തിന്റേയും ഭരണാധികാരത്തിനെതിരായ തുറന്ന കലാപത്തിന്റേയും തിരശീല കേരളത്തിലും ഉയര്‍ന്നു. പ്രസ്ഥാനത്തിന്റെ മുന്‍പന്തി നേതാവ് കൃഷ്ണപിള്ളയായിരുന്നു.

നിയമവിരുദ്ധമാക്കി കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറിയായി ഒളിവിലിരുന്നുകൊണ്ട് പാര്‍ട്ടിയെ നയിക്കുകയായിരുന്ന കൃഷ്ണപിള്ളക്ക് കുറച്ചു ദിവസങ്ങള്‍ ആലപ്പുഴക്കടുത്ത മുഹമ്മയിലെ ഒരു കയര്‍ തൊഴിലാളി കുടുംബത്തിന്റെ കുടിലില്‍ താമസിക്കേണ്ടി വന്നു. അവിടെ 1948 ആഗസ്റ്റ് 19 പ്രഭാതത്തില്‍, കൃഷ്ണപിള്ളയെ തേടി മരണം വന്നു. ആകസ്മികമായിരുന്നു അന്ത്യം. അടുത്ത ദിവസം അടുത്തൊരിടത്തു ഏര്‍പ്പാടു ചെയ്തിരുന്ന പാര്‍ട്ടി സ്‌റ്റേറ്റ് കമ്മിറ്റിയുടെ രഹസ്യ യോഗത്തില്‍ സമര്‍പ്പിക്കുന്നതിന് സ്വയം വിമര്‍ശനാത്മകമായ ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സ്വയം മുഴുകിയിരിക്കുക യായിരുന്നു കൃഷ്ണപിള്ള. കുടിലിന്റെ പഴകി ദ്രവിച്ച തെങ്ങോല പനമ്പിന്നിടയിലൂടെ ഒരു മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞ് അകത്തേക്ക് വരുന്നത് കൃഷ്ണപിള്ള കണ്ടില്ല. എഴുതിക്കൊണ്ടിരിക്കുന്ന വലതു കൈത്തണ്ടയില്‍ അത് ചീറ്റിക്കൊത്തുന്നതുവരെ.

കൃഷ്ണപിള്ള കഴിവുറ്റ ഒരു പ്രസംഗകനും പുസ്തകം താഴത്തു വെക്കാത്ത ഒരു വായനക്കാരനുമായിരുന്നു. മലയാളവും ഹിന്ദിയും അനായാസമായി അദ്ദേഹത്തിനു വഴങ്ങിയപ്പോള്‍ ഇംഗ്ലീഷും തമിഴും അദ്ദേഹം വഴക്കിയെടുത്തു. ജനങ്ങളുടെ നേതാവും അവരുടെ പ്രശ്‌നങ്ങളില്‍ അതീവ തത്പരനുമായ കൃഷ്ണപിള്ളയെ കുറിച്ച് അധികമാരും അറിയാത്ത ഒരു വസ്തുത കൂടിയുണ്ട്. പാര്‍ട്ടി പത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സാമാന്യ ജനങ്ങളുടേതായ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിങ് വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതാണ്.

പരക്കെ അറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ഒരു വസ്തുതകൂടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എല്ലാവരും എല്ലാവരേയും അഭിസംബോധന ചെയ്തിരുന്നത് 'സഖാവ്' എന്ന പദം കൊണ്ടാണ്. കൃഷ്ണപിള്ളയാകട്ടെ ആ പദം സ്വാശ്രയീകരിച്ചു. സഖാവ് വന്നോ എന്നു തിരക്കിയാല്‍ അതിനര്‍ത്ഥം കൃഷ്ണപിള്ള വന്നോ എന്നാണ്. ആരും പറയാതെ, വ്യാഖ്യാനമില്ലാതെ പാര്‍ട്ടിക്കാരായവര്‍ക്കെല്ലാം അറിയാവുന്ന സത്യം.

--------------------------------
കടപ്പാട്: പാറയില്‍ ഷംസുദ്ദീന്‍ എഡിറ്റ് ചെയ്ത് പി എം നായര്‍ പ്രസിദ്ധീകരിച്ച 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന പുസ്തകത്തില്‍ നിന്നും. രണ്ടാമത്തെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.