"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

വിഘ്‌നേശ്വരന്‍ എങ്ങനെ വിഘ്‌നവിനാശകനായി ? - നിത്യന്‍

ഇന്ത്യയിലെ ആദിവാസികളുടെ ദൈവമായിരുന്ന ഗണപതിയെ സവര്‍ണര്‍ സ്വന്തമാക്കി മാറ്റിയതിന്റെ കഥ.

ഇന്ത്യയിലെ കോടിക്കണക്കിനുള്ള ദൈവങ്ങളില്‍ പ്രധാന സ്ഥാനത്തുള്ള ഒന്നാണ് ആനത്തലയും തുമ്പിക്കയ്യും കുടവയറുമുള്ള ഗണപതി. ഈ ദൈവത്തെപ്പറ്റി വിചിത്രങ്ങളും പരസ്പര വിരുദ്ധങ്ങളുമായ കഥകള്‍ നിലനില്ക്കുന്നു. വിഘ്‌നേശ്വരന്‍ (തടസങ്ങള്‍ ഉണ്ടാക്കുന്ന ആള്‍) എന്നാണ് അദ്ദേഹത്തിന്റെ പേര്. അതേസമയം വിഘ്‌ന വിനാശകന്‍ (തടസങ്ങള്‍ ഇല്ലാതാക്കുന്ന ആള്‍) എന്ന നിലയിലാണ് പലരും അദ്ദേഹത്തെ ആരാധിക്കുന്നത്. അനേകം കൈകളും ആനത്തലയും കുടവയറും തുമ്പിക്കയ്യുമുള്ള ഭീമാകാരനായ ദൈവം സഞ്ചരിക്കുന്നത് എലിയുടെ പുറത്താണെന്നാണ് വിശ്വാസം. വിജ്ഞാനത്തിന്റെ ദേവനായും ഗണപതിയെ സങ്കല്പിക്കാറുണ്ട്. തെക്കേ ഇന്ത്യയിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങുന്നത് ഹരിശ്രീ ഗണപതയേ നമഃ (വിഷ്ണു, ലക്ഷ്മി, ഗണപതി എന്നിവര്‍ക്കു നമസ്‌കാരം) എന്ന് എഴുതിച്ചുകൊണ്ടാണ്.

ഗണപതിയുടെ മറ്റു പേരുകള്‍

ഗണപതിക്ക് 8 പേരുകള്‍ ഉണ്ട്.

പുരാതനമായ 'അമരകോശം' എന്ന സംസ്‌കൃത നിഘണ്ടുവില്‍ അദ്ദേഹത്തിന്റെ 8 പേരുകള്‍ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.

'വിനായകോ വിഘ്‌നരാജദ്വൈമാതുര ഗണാധിപഃ അപ്യേകദന്ത ഹേരംബ ലംബോദര ഗജാനനാഃ' ഈ പേരുകള്‍ക്ക് വാചസ്പതി ടി സി പരമേശ്വരന്‍ മൂസ്സത് പരമേശ്വരി വ്യാഖ്യാനത്തില്‍ കൊടുത്തിട്ടുള്ള അര്‍ത്ഥം താഴെ കൊടുക്കുന്നു.

1. വിനായകഃ - ദുഷ്ടന്മാരെ ശിക്ഷിക്കുന്നവന്‍: വിശിഷ്ടമായ നായകന്‍: സ്വതന്ത്രന്‍.
വിനായകസ്തു ഹേരംബേ താര്‍ക്ഷ്യേ വിഘ്‌നേ ജിനേ ഗുരൗ എന്ന മേദിനി.

2. വിഘ്‌നരാജഃ വിഘ്‌നങ്ങളെ നിര്‍മൂലനം ചെയ്യാന്‍ ശക്തിയുള്ളവന്‍.... ....

3. ദ്വൈമാതുരഃ രണ്ട് രാജാക്കന്മാരുടെ പുത്രന്‍. ആദ്യത്തില്‍ ഹസ്തിനി വേഷം ധരിച്ചവളും പിന്നീട് ആ വേഷത്തെ ഉപേക്ഷിച്ചു സ്വവേഷത്തെ ത്തന്നെ അംഗീകരിച്ചവളുമായ പാര്‍വതിയുടെ പുത്രന്‍ എന്നു താത്പര്യം. ബാല്യത്തില്‍ ദുര്‍ഗയും ചാമുണ്ഡിയും കൂടി രക്ഷിച്ചതുകൊണ്ടും അല്ലെങ്കില്‍ ഗംഗാ പാര്‍വതിമാരാല്‍ നിര്‍വിശേഷം ലാളിക്കപ്പെട്ടതു കൊണ്ടോ ഈ നാമം സിദ്ധിച്ചു എന്നും പക്ഷമുണ്ട്. ദ്വൈമാതുരോ ജരാസന്ധ വാരണാ തനയോഃ പുമാന്‍ എന്നും കോശാന്തരമുണ്ട്.

4. ഗണാധിപഃ - ഭൂതഗണങ്ങളുടെ നാഥന്‍.

5. ഏകദന്തഃ - ബാലക്രീഡാമധ്യത്തില്‍ സുബ്രഹ്മണ്യന്‍ ഗണപതിയുടെ ഒരു കൊമ്പു പറിച്ചു ബാക്കി ഒരു കൊമ്പുമാത്രം ശേഷിച്ചതുകൊണ്ട് ഈ പേര് സിന്ധിച്ചുവെന്ന് പുരാണ പ്രസിദ്ധം.

6. ഹേരംബഃ - ശിവസമീപത്തില്‍ സ്ഥിതി ചെയ്യുന്നവന്‍. ഹഃസങ്കരേ ഹരൗ ഹംസേ രണ രോമാഞ്ച വാജിഷ്ഠ എന്ന് രത്‌നമാലാ ധാതുക്കള്‍ക്ക് അനേകാര്‍ത്ഥമുണ്ടാകയാല്‍ ഇവിടെ രബിധാതുവിനു സ്ഥിതൃര്‍ത്ഥം കല്പിക്കപ്പെട്ടിരിക്കുന്നു. ബാലചാപലം കൊണ്ടു പരമേശ്വര സമീപത്തില്‍ ചെന്ന് ശബ്ദിക്കുന്നവന്‍ എന്നര്‍ത്ഥം കല്പിക്കുന്നതിനും വിരോധമില്ല.

7. ലംബോദരംഃ - തൂങ്ങിയ വയറുള്ളവന്‍.

8. ഗജാനനഃ - മുഖം ഗജത്തിന്റേതു പോലെയുള്ള വേഷം. മനുഷ്യ സ്വരൂപവുമാണെന്നു താത്പര്യം.

മേല്‌ക്കൊടുത്ത 8 പേരുകള്‍ക്കു പുറമേ അഖുഗന്‍ (എലി വാഹനമായ വന്‍) തുടങ്ങിയ പേരുകളിലും ഗമപതി അറിയപ്പെടുന്നു. ഈ പേരുകള്‍ ഓരോന്നും ഉണ്ടായതിനെപ്പറ്റിയുള്ള കഥകളിലും വ്യത്യാസം കാണാം.

ദ്വൈമാതുരഃ എന്നാല്‍ രണ്ടമ്മയുള്ളവന്‍ എന്നാണല്ലോ അര്‍ത്ഥം. ആ പേര് വരാനുള്ള കാരണമെന്താണെന്നു വിവരിക്കുന്ന മൂന്നു കഥകള്‍ പരമേശ്വരന്‍ മൂസ്സത് ചൂണ്ടിക്കാണിച്ചത് മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഏകദന്ത (ഒറ്റക്കൊമ്പന്‍) എന്ന പേര് ഗണപതിക്ക് കിട്ടിയത് ബാല്യത്തില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ സഹോദരനായ സുബ്രഹ്മണ്യന്‍ ഒരു കൊമ്പ് ഒടിച്ചുകളഞ്ഞതു കൊണ്ടാണെന്നുള്ള പുരാണ കഥ പരമേശ്വരന്‍ മൂസ്സത് ഉദ്ധരിക്കുന്നു. എന്നാല്‍ പത്മപുരാണത്തില്‍ പറയുന്ന കഥ ഇതില്‍ നിന്നു വ്യത്യസ്ഥമാണ്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്: 'ഒരിക്കല്‍ ശിവനെ കാണാന്‍ പരശുരാമന്‍ കൈലാസത്തില്‍ ചെന്നു. അപ്പോള്‍ ശിവന്‍ ഉറക്കത്തിലായിരുന്നു. അതുകൊണ്ട് പരശുരാമനെ ഗണപതി അകത്തു വിട്ടില്ല. തുടര്‍ന്ന് പരശുരാമനും ഗണപതിയും തമ്മില്‍ യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഗണപതിയുടെ ഒരു കൊമ്പൊടിഞ്ഞു പോയി'

ഇങ്ങനെ രണ്ട് കഥകള്‍ ഉണ്ടായതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ഭക്തന്മാര്‍ക്ക് ഉത്തരമില്ലല്ലോ. എന്നാല്‍ ഗണപതിയുടെ വികാസ പരിണാമങ്ങള്‍ പഠിച്ചിട്ടുള്ള സ്വതന്ത്ര ചിന്തകന്മാര്‍ക്ക് അതിന് ഉത്തരമുണ്ട്. അത് പിന്നീട് വിവരിക്കാം.

ഗജാനനന്‍ (ആനയുടേതു പോലെ മുഖമുള്ളവന്‍) ആയിട്ടാണ് ഗണപതി യുടെ എല്ലാ വിഗ്രഹങ്ങളും. എന്തുകൊണ്ടാണ് ഗണപതിക്ക് ആനത്തല യുണ്ടായത്? അതിനുമുണ്ട് രണ്ടു കഥകള്‍. 'പാര്‍വതി കുളിക്കാന്‍ കയറിയപ്പോള്‍ ദേഹത്തെ ചെളിയുരുട്ടി ഗണപതിയെ സൃഷ്ടിച്ചു. അവര്‍ കുളിക്കുന്ന സ്ഥലത്തേക്ക് മറ്റാരും കടന്നു ചെല്ലാതിരിക്കാന്‍ ഗണപതിയെ കാവല്‍ നിര്‍ത്തി. അപ്പോള്‍ ശിവന്‍ അങ്ങോട്ടു ചെന്നു. ഗണപതി തടുത്തു. ഭാര്യയുടെ അടുത്തു പോകുന്നതിന് തടസമുണ്ടാക്കിയ ഗണപതി യെ ശിവന്‍ വെട്ടിക്കളഞ്ഞു. പിന്നീട് ആനയുടെ തല വെച്ചുകൊടുത്തു.' ഇതാണ് ഒരു കഥ. മറ്റേക്കഥയുടെ ചുരുക്കം ഇപ്രകാരമാണ്. ഒരിക്കല്‍ പാര്‍വതി ശനിവിഗ്രഹത്തെ ഗണപതിക്കു കാണിച്ചു കൊടുത്തു. ശനിയുടെ ദൃഷ്ടിപാതം കൊണ്ട് ഗണപതിയുടെ തല ദഹിച്ചുപോയി. തത്സ്ഥാനത്ത് ആനത്തല കൂട്ടിയിണക്കി. ഇങ്ങനെ രണ്ടു കഥകള്‍ വന്നതിനും വിശ്വാസികള്‍ക്ക് ഉത്തരമില്ല.

ഗണപതിയുടെ ജനനത്തെപ്പറ്റിയുള്ള കഥകള്‍

ഗണപതി ദൈവത്തിന്റെ ജനനത്തെപ്പറ്റിയുമുണ്ട് പലതരം കഥകള്‍. ശിവന്റെ ഭാര്യയായ പാര്‍വതി സ്വന്തം ദേഹത്തെ അഴുക്കുകൊണ്ട് സൃഷ്ടിച്ചു എന്ന കഥ അതില്‍ ഒന്നാണ്. ശിവനും പാര്‍വതിയും കൂടി ആനയുടെ രൂപമെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ പാര്‍വതിഗര്‍ഭം ധരിച്ച പുത്രനാണ് ആനത്തലയനായ ശിശു എന്നാണ് മറ്റൊരു കഥ. ശിവനെ പ്രേമിച്ച ഒരു കാട്ടാനയുമായി അദ്ദേഹം ബന്ധം പുലര്‍ത്തിയതിന്റെ ഫലമായി ആ കാട്ടാന പ്രസവിച്ച കുട്ടിയാണ് ഗണപതിയെന്നാണ് മൂന്നാമതൊരു കഥ

ഈ കഥകളിലെല്ലാം ശിവന്റെ അല്ലെങ്കില്‍ പാര്‍വതിയുടെ പുത്രനായി ട്ടാണ് ഗണപതിയെ ചിത്രീകരിക്കുന്നത്. ഉപനിഷത്തുകളുടെ കൂട്ടത്തില്‍ ഗണപത്യുപനിഷത്ത് എന്ന ഒന്നുണ്ട്. അതില്‍ സാക്ഷാല്‍ ബ്രഹ്മം ഗണപതിയാണെന്നു പറയുന്നു. പ്രസ്തുത ഉപനിഷത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ താഴെ ഉദ്ധരിക്കാം. കെ ഭാസ്‌കരന്‍ നായര്‍ വിവര്‍ത്തനം ചെയ്ത 'ഉപനിഷദ്ദീപ്തി' എന്ന ഗ്രന്ഥത്തില്‍ നിന്നാണ് ഈ ഉദ്ധരണികള്‍ എടുത്തിട്ടുള്ളത്. 4 ഭാഗങ്ങളായി പ്രധാനപ്പെട്ട ഉപനിഷത്തുകള്‍ എല്ലാം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

'ഭഗവാന്‍ ഗണപതിക്കായിക്കൊണ്ടു നമസ്‌കാരം. അങ്ങുതന്നെയാണ് കര്‍ത്താവും ധര്‍ത്താവും ഹര്‍ത്താവും അങ്ങുതന്നെയാണ്. പ്രത്യക്ഷ തത്വം അങ്ങുതന്നെയാണ്. ഈ കാണുന്ന സര്‍വ സ്വരൂപങ്ങളിലും വിരാജിക്കുന്ന സാക്ഷാത് ബ്രഹ്മം അങ്ങുതന്നെയാണ്. നിത്യനും ആത്മസ്വരൂപനും. ഞാന്‍ മാനസികമായും വാചികമായും സത്യം പറയുന്നു.' (ഗണപത്യുപനിഷത്ത്.1)

'അങ്ങ് വാങ്മയനും ചിന്മയനും ആനന്ദമയനും ആകുന്നു. അങ്ങ് ബ്രഹ്മമയനും സച്ചിദാനന്ദ സ്വരൂപനും ഏകനും അദ്വിതീയനുമാകുന്നു. അങ്ങുതന്നെയാണ് ജ്ഞാന വിജ്ഞാനമയനും. അങ്ങുതന്നെയാണ് സാക്ഷാത ബ്രഹ്മം.'(ഗണപത്യുപനിഷത്ത്.3) 

'അങ്ങുതന്നെയാണ് ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും. ഇന്ദ്രനും അഗ്നിയും വായുവും അങ്ങുതന്നെയാകുന്നു. ത്രിലോകവും ഓംകാര സ്വരൂപത്തിലുള്ള പരബ്രഹ്മവും അങ്ങുതന്നെയാകുന്നു.' (ഗണപതിയു പനിഷത്ത്.4)

ബ്രഹ്മാവ് വിഷ്ണു ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കും മുകളിലുള്ള പരബ്രഹ്മമാണ് ഗണപതിയെന്നാണ് ഈ ഉപനിഷത്തില്‍ പറയുന്നത്. ശൈവമതം ശാക്തമതം വൈഷ്ണവമതം എന്നിവ പോലെ ഗണപതി മതവും ഒരു കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവരുടെ മതഗ്രന്ഥ മായിരുന്നു ഈ ഉപനിഷത്ത്. ഗണ എന്നത് ഒരു തത്വശാസ്ത്ര വിഭാഗമോ മതമോ ആയിരുന്നു എന്ന് എച് എച് വിത്സന്‍ അഭിപ്രായപ്പെട്ടിട്ടു ണ്ടെന്നും ഓര്‍ക്കുക. ആനന്ദഗിരിയുടെ 'സംസ്‌കാരവിജയം' എന്ന ഗ്രന്ഥത്തില്‍ ഗണപതിയുടെ അനുയായികളുടെ പല വിഭാഗങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. (അധ്യായം 17) അവര്‍ വാമചാരികളും താന്ത്രികളുമായി രുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗണപതിക്ക് 'ലോകബന്ധു' എന്നും 'ലോകനാഥന്‍' എന്നും കൂടി പേരുണ്ടായിരുന്നു എന്ന് ദേബീപ്രസാദ് ചട്ടോപാധ്യായ ചൂണ്ടിക്കാണി ച്ചിട്ടുണ്ട്. ഇതിലെ 'ലോക്' എന്ന പദത്തിന് ജനം എന്നാണര്‍ത്ഥം. പ്രാചീനകാലത്തെ ഭൗതികവാദപ്രസ്ഥാനമായ ലോകായതവുമായി ബന്ധപ്പെട്ടതാണ് ആ രണ്ടു പദങ്ങളും. ഒരു വികൃത മത സങ്കല്പമാ ണെന്നു തോന്നാവുന്ന ഗണപതിക്ക് ഭൗതികവാദവുമായി ബന്ധപ്പെട്ട ഒരു പ്രാചീനകാലം ഉണ്ടായിരുന്നു എന്നു കേട്ടാല്‍ ആദ്യം വിശ്വസിക്കാന്‍ തന്നെ പ്രയായം തോന്നും. ഇന്ത്യയുടെ ചരിത്രത്തെ ബ്രാഹ്മണ മതക്കാര്‍ എങ്ങനെയൊക്കെ തലകീഴായി മാറ്റിയെന്നു പഠിക്കുമ്പോള്‍ അതില്‍ അത്ഭുതം തോന്നുകയില്ല. സി ഇ 6 ആം ശതകത്തിനു മുമ്പ് ഗണപതി ദൈവമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

തുടരും...

കടപ്പാട്: 'തേരാളി' മാസിക. 1992 ഡിസംബര്‍ ലക്കം