"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍: നിങ്ങളുടെ അവകാശങ്ങള്‍ അറിയുക!

ലിംഗം, പദവി, ജാതി, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിച്ച് ഏതെങ്കിലും നിയമങ്ങള്‍ നിര്‍മിക്കുന്നതിനോ പ്രവര്‍ത്തിക്കാനോ സര്‍ക്കാരിന് അധികാരമില്ല.

എന്നാല്‍ എല്ലാ വ്യക്തികളും സമൂഹത്തില്‍ തുല്യ സാമൂഹിക പദവിയില്‍ അല്ലാത്തതിനാല്‍, സാമൂഹികമായി ദുര്‍ബലരായ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാരിന് പ്രത്യേകം നിയമങ്ങള്‍ നിര്‍മിക്കാന്‍ കഴിയും.

ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും ഇന്ത്യന്‍ ഭരണഘടന നിരോധിച്ചി ട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളെ സമൂഹത്തില്‍ തുല്യരാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പ്രത്യേക നിയമങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മ ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. മുന്‍കാലങ്ങളില്‍ സമൂഹത്തില്‍ തുല്യരായി പരിഗണിക്കാതിരുന്ന, പൊതു സൗകര്യങ്ങളായ കിണര്‍, നിരത്ത് തുടങ്ങിയവ ഉപയോഗിക്കാനോ അമ്പലങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിരുന്ന എല്ലാ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്ക് ലഭ്യമായ അവസരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ പട്ടികജാതി - പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1969 മുതല്‍ നിലവിലുണ്ട്.

പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ ഉദ്ദേശങ്ങള്‍

പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കെതിരേ നടക്കുന്ന കുറ്റ കൃത്യങ്ങള്‍ തടയുക

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുക.

ഈ നിയമപ്രകാരം ആരാണ് കുറ്റക്കാര്‍?

പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെടാത്ത ഏതൊരു വ്യക്തിയും ഈ നിയമത്തില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു കുറ്റ കൃത്യം ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ചെയ്താല്‍ അയാള്‍ കുറ്റവാളിയാണ്.

ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണ്, ആരാണ് ഇര?

താഴെപ്പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന വ്യക്തികളെയാണ് ഈ നിയമത്തിന്റെ ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങള്‍ തിന്നുവാനോ കുടിക്കുവാനോ നിര്‍ബന്ധിക്കുക
വ്യക്തിയുടെ പരിസരത്തോ അയല്‍ പ്രദേശത്തോ വിസര്‍ജ്യമോ മാലിന്യമോ നിക്ഷേപിച്ച് ശല്യപ്പെടുത്തുകയോ, പരിക്കേല്പ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക
നഗ്നമായി നടത്തുകയോ മുഖത്തോ ശരീരത്തിലോ ചായം തേച്ച് അപമാനിക്കുകയോ ചെയ്യുക
വ്യക്തിയുടെ കൃഷിസ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കാതിരിക്കുക
ഭൂമിയിലും ജലത്തിലും പരിസരത്തിലുമുള്ള വ്യക്തിയുടെ അവകാശ ങ്ങളെ നിഷേധിക്കുക
നിര്‍ബന്ധ തൊഴിലിനോ ആശ്രിത തൊഴിലിനോ നിര്‍ബന്ധിക്കുക
വ്യക്തിയുടെ ആഗ്രഹപ്രകാരം വോട്ടുചെയ്യാന്‍ അനുവദിക്കാതിരിക്കുക
വിദ്വേഷപരമായി കളവായ നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുക
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനപൂര്‍വമായി അവഗണിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് പരിക്കേല്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക
പൊതുജന മുമ്പാകെ മനപൂര്‍വമായി അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുക
ലൈംഗികമായി ഒരു സ്ത്രീയെ അപമാനിക്കുക
കുടിക്കാനുള്ള ശുദ്ധജലത്തിനുള്ള അവകാശം നിഷേധിക്കുക
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം നിഷേധിക്കുക
അയാളുടെ/അവളുടെ വീടോ ഗ്രാമമോ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക
തടവുശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ തെറ്റായി അടിച്ചേല്പിക്കുക
ആരാധനസ്ഥലമോ, താമസസ്ഥലത്തിനോ തീവെച്ച് പരിക്കല്പ്പിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുക
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാല്‍ പരിക്കേല്പിക്കുകയോ മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്യുക

ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ടിയാല്‍ നടപടിയെടുക്കാവുന്നതാണോ?

ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും പ്രഥമദൃഷ്ടിയില്‍ നടപടിയെടുക്കാവുന്നതാണ്. കോടതിയില്‍ നിന്ന് നിര്‍ദ്ദേശമില്ലാതെ തന്നെ ഇത്തരം കുറ്റവാളികളെ അറസ്റ്റു ചെയ്യുവാനും കേസന്വേഷണം നടത്തുവാനും പൊലീസിന് കഴിയും. 

കോഗ്നെസബിള്‍ ഒഫന്‍സ്

ഒരു പൊലീസ് ഉദ്യോഗസ്ഥന് വാറന്റിന്റെ ആവശ്യമില്ലാതെ മാത്രം അറസ്റ്റു ചെയ്യാവുന്ന കുറ്റകൃത്യങ്ങളെ കോഗ്നെസബിള്‍ ഒഫന്‍സ് എന്നു പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പൊലീസ് ഓഫീസര്‍ക്ക് സ്വമേധയാ അന്വേഷണം നടത്തുവാന്‍ അധികാരമുള്ളതാകുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുവാന്‍ കോടതിയില്‍ നിന്നുള്ള ഉത്തരവ് ആവശ്യമില്ല.

ഈ നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ശിക്ഷകള്‍ എന്താണ്?

ഈ നിയമം പരമാവധി ശിക്ഷയെ പോലെ കുറഞ്ഞ ശിക്ഷയെയും പറയുന്നുണ്ട്. ഭരിഭാഗം കേസുകളിലും കുറഞ്ഞ ശിക്ഷ 6 മാസം തടവും പരമാവധി ശിക്ഷ പിഴയോടുകൂടിയ 5 വര്‍ഷം തടവുമാണ്. ചില കേസുകളില്‍ കുറഞ്ഞ ശിക്ഷ ഒരു വര്‍ഷമായും പരമാവധി ശിക്ഷ ജീവപര്യന്തവും അല്ലെങ്കില്‍ മരണശിക്ഷയുമാണ്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഈ നിയമപ്രകാരം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ചെയ്യാതെ മനപൂര്‍വം അവഗണിക്കുകയാണെങ്കില്‍, 6 മാസംവരെയുള്ള തടവു ശിക്ഷക്ക് വിധേയമാക്കപ്പെടും.

ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സംഭവിച്ചാല്‍ നിങ്ങളെന്താണ് ചെയ്യേണ്ടത്?

അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഉടനടി നിങ്ങള്‍ ആ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം.

ഈ നിയമപ്രകാരം ആര്‍ക്കൊക്കെ പരാതികൊടുക്കാനാവും?
ഈ നിയമത്തിനു കീഴില്‍ വരാവുന്ന ഒരു കുറ്റകൃത്യം സംഭവിച്ചതിനെക്കുറിച്ച് അറിവുള്ള ഏതുവ്യക്തിക്കും പരാതികൊടുക്കാന്‍ കഴിയും. കുറ്റകൃത്യത്തിന് ഇരയാക്കപ്പെട്ട ആള്‍തന്നെ പരാതി ഫയല്‍ ചെയ്യണമെന്നില്ല.

പരാതിയില്‍ നിങ്ങള്‍ എന്താണ് രേഖപ്പെടുത്തേണ്ടത്?

നിങ്ങളുടെ പേരും വിലാസവും
കുറ്റവാളിയുടെ പേരും വിലാസവും
തിയതി, സമയം, കൃത്യം, നടന്ന സ്ഥലം എന്നിവ
കൃത്യത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ പേരും വിവണങ്ങളും
കുറ്റകൃത്യത്തെക്കുറിച്ചുള്ള സത്യസന്ധമായ വസ്തുതകള്‍
സാക്ഷികളുടെ പേരും വിലാസവും
മറ്റ് ആവശ്യമായ വിവരങ്ങള്‍

ഈ നിയമപ്രകാരം പരാതി ഫയല്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

കുറ്റകൃത്യം നടന്നതിനെക്കുറിച്ചുള്ള വിവരം വാക്കാല്‍ നല്കുമ്പോള്‍ പൊലീസ് അത് എഴുതിയെടുക്കണം
പൊലീസ് രേഖപ്പെടുത്തിയ വിവരം നിങ്ങള്‍ക്ക് വായിച്ചുതരാന്‍ ആവശ്യപ്പെടാവുന്നതാണ്.
പൊലീസ് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍, അതില്‍ വിവരങ്ങള്‍ നല്കിയ ആള്‍ ഒപ്പുവെക്കേണ്ടതാണ്.
പൊലീസ് രേഖപ്പെടുത്തിയ വിവരങ്ങള്‍ നിങ്ങള്‍ നല്കിയ വിവരണങ്ങള്‍ അനുസരിച്ചുതന്നെയാണോ എന്ന് ഒപ്പിടുന്നതിനു മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുക.
നിങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്.

നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ പരാതി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവ നേരിട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിന് അയക്കാവുന്നതാണ്. അദ്ദേഹം അത് അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തും.

ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്കാണ് അധികാരം?

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് താഴെയല്ലാത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാം.

ഇത്തരം അന്വേഷണത്തിന് നിയമപരിധി നിശ്ചയിച്ചിട്ടുണ്ടോ?
ഇത്തരം പരാതികള്‍ക്ക് മുഖ്യ പരിഗണന നല്കി 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കേണ്ടതാണ്.

പൊലീസ് സ്റ്റേഷനില്‍ നിങ്ങള്‍ നല്കിയ പരാതിയിന്മേല്‍ എടുത്ത നടപടികളില്‍ നിങ്ങള്‍ സംതൃപ്തനല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
നിങ്ങള്‍ ആദ്യം പൊലീസ് സൂപ്രണ്ടിന് എഴുതിയറിയിക്കുക. അദ്ദേഹത്തിന്റെ നടപടികളില്‍ സംതൃപ്തിയില്ലെങ്കില്‍ താഴെ പറയുന്ന വിലാസത്തിലേക്ക് എഴുതുക.

The National Commission for Scheduled Castes
5th Floor, Lokanayak Bhavan
Khzn Market, New Delhi - 110003
Telephoneഛ Toll Free No 1800 11 88 88

Kerala State Office
Sastha Gardens,
Residency Road, Near Govt.Gust House,
Thycadu,Thiruvananthapuram. 695 014
Telephone ഛ Toll Free No. for all state offices 1800 1800 345

കടപ്പാട്: 'ഉപഭോക്തൃ ജാഗ്രത' മാസിക