"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ആഗോള ആസ്വാദകരുടെ അന്ധഗായകകവി മണി

മണി 
സര്‍ഗപരമായി അഭ്യുന്നതിയിലെത്തേണ്ട ഒരു ദലിത് ജീവിതം എങ്ങിനെയെല്ലാം തകര്‍ക്കപ്പെട്ടു എന്നതിനുള്ള ഉത്തമ പാഠപുസ്തകമാണ് അന്ധഗായകകവി മണി.

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പിറവത്തിടുത്ത് മണീട് പഞ്ചായ ത്തില്‍ വിത്താരി യുടേയും ചെറിയ യുടേയും ഏക മകനായി മണി എന്ന കുറുമ്പന്‍ ജനിച്ചു. ചെറിയയുടെ അച്ഛന്‍ നേര്‍കുഴി തേവന്‍ പുറപ്പേരി മനയിലെ കുടിയാന്മാരാ യിരുന്നു. മണിക്ക് ഇപ്പോള്‍ 74 വയസുണ്ട്. 1940 - 41 ലായിരിക്കണം ജനിച്ചത്. 14 വയസുവരെ മണിക്ക് കാഴ്ചയുണ്ടായിരുന്നു. 'ദിനം' വന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് മണി ഓര്‍മിക്കുന്നു. ആ കാലത്തുതന്നെ അച്ഛനും അമ്മയും മണിക്ക് നഷ്ടമായി. പിന്നീട് വലിയച്ഛന്‍ എടുത്തു വളര്‍ത്തി. പാട്ടുപാടു ന്നതില്‍ ജന്മവാസ നയുള്ള മണി പിന്നീട് അവിടന്നിങ്ങോട്ട് പാടി ജീവിച്ചു. 

സാധാരണ അന്ധഗായകരെക്കുറിച്ച് പറഞ്ഞു കേള്‍ക്കാറുള്ളത്, പാടാനുള്ള അവരുടെ കഴിവ് പരിശീലനത്തിലൂടെ സിദ്ധിക്കുന്നതാണ്, സര്‍ഗപര മായുള്ളതല്ല എന്നൊക്കെ. കാരണം, നേത്രേന്ദ്രിയം ഇല്ലാത്തതിലാല്‍ ആ കുറവ് മറ്റ് ഇന്ദിയങ്ങള്‍ പരിഹരിക്കുന്നു എന്നതാണ്. ഈനിരീക്ഷ ണത്തില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും, മണി എന്ന അന്ധഗായകന്‍ ഇതില്‍ നിന്നും വ്യത്യസ്ഥനാണെന്ന്, അടുത്തിരുന്ന് അദ്ദേഹത്തിന്റെ സ്വരം കേട്ടിട്ടുള്ളവര്‍ക്കൊക്കെ ബോധ്യമാകും. കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പുതന്നെ പണി പാട്ടുകാരനായിരുന്നു. അല്പം പരിശീലനം കിട്ടിയിരുന്നെങ്കില്‍ മണി മുഹമ്മദ് റാഫിയെ വെല്ലുമായിരുന്നു!

തെരുവുഗായകനായി പാടുന്ന മണിയുടെ സ്വരമികവ് തിരിച്ചറിഞ്ഞ ഇടതുപക്ഷപാര്‍ട്ടി മണിയെ അവരുടെ പ്രചാരകനാക്കി. അതോടെ മണിയുടെ സര്‍ഗവളര്‍ച്ച നിലച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മണിയുടെ കഴിവ് വേണ്ടവിധം ഉപയോഗപ്പെടുത്തപ്പെട്ടപ്പോള്‍ ഗായകന്‍ എന്ന നിലയില്‍ വളരേണ്ട തന്റെ ജീവിതം മണിക്ക് നഷ്ടമാകുകയായിരുന്നു. പാര്‍ട്ടിയെ വളര്‍ത്താന്‍ മണിയെ ഉപയോഗപ്പെടുത്തിയവര്‍ ഒരു ഗായകനെ വളര്‍ത്താന്‍ തയാറായിരുന്നില്ല! പെരുമാള്‍ മുരുകന്‍ എന്ന എഴുത്തു കാരന്‍ എഴുത്തു നിര്‍ത്തിയ തിനെ 'സര്‍ഗമൃത്യു' എന്നാണ് വിശേഷിപ്പി ക്കപ്പെട്ടത്. അങ്ങനെയെങ്കില്‍ ഒരു ഗായകന്റെ വളര്‍ച്ച തടയപ്പെട്ടതിനെ 'സര്‍ഗഹത്യ' എന്നും പറയാം. പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മണിയെ അമിതമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ പോലും, ആഗോള ആസ്വാദകന് ഒരു മികച്ച ഗായകനെ ലഭ്യമാക്കുന്നതിന് മണിക്ക് സ്വാതന്ത്ര്യവും അനുവദിക്കണമായിരുന്നു എന്നാണ് ഇപ്പോള്‍ ഇക്കാര്യ ത്തില്‍ നിരീക്ഷി്ക്കപ്പെടുന്നത്. 

തെരഞ്ഞെടുപ്പുകാലത്താണ് മണിക്ക് 'തിരക്കേറുന്നത്'. പകലന്തിയോളം, ജീപ്പിലിരുത്തി കിലോമീറ്റുകളോളം മണിയെക്കൊണ്ട് പാടിക്കും. മണിയുടെ പാട്ടുകേള്‍ക്കാന്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍, സ്ത്രീകളടക്കം പ്രചരണവാഹനത്തിന് സമീപം എത്തുമാ യിരുന്നു. ഇത് മണിയുടെ പാട്ടിന്റെ മികവാണ്, പാര്‍ട്ടിയുടെ മികവല്ല. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം നിയോജകമണ്ഡലത്തില്‍, സി പി എം സ്ഥാനാര്‍ത്ഥി ഗോപി കോട്ടമുറിക്കലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നിബഹനാനും കോണ്‍ഗ്രസ് റിബലായി പ്രൊഫ. സി പൗലോസും മത്സരിക്കുകയായിരുന്നു. സി പൗലോസിന്റെ ചിഹ്നം 'രണ്ടില'യായിരുന്നു. അന്നൊരിക്കല്‍ പിറവത്തുവെച്ച് മണി വഴിയരികില്‍ നില്ക്കുമ്പോള്‍, സി പൗലോസിന്റെ പ്രവര്‍ത്തകര്‍ അടുത്തുകൂടി, രണ്ടില ചിഹ്നം ബാഡ്ജ് മണിയുടെ ഷര്‍ട്ടില്‍ കുത്തിയ ശേഷം സി പൗലോസിനെ കുറിച്ച് പാടണമെന്ന് അഭ്യര്‍ത്ഥിച്ചു. മണി പാടുകയും ചെയ്തു, പക്ഷെ അത് സിപിഎം സ്ഥാനാര്‍ത്ഥിക്കു വേണ്ടിയായിരുന്നു! ആരും തടഞ്ഞില്ല. ഒരു കണ്ണുപൊട്ടനെ പറ്റിച്ചതി ലുള്ള കൗതുകമല്ല എല്ലാവരിലും ഉണ്ടായിരു ന്നത്, ഒരു ഗായകന്റെ സ്വരത്തിലെ ആസ്വാദ്യതയായിരുന്നു.

പാരഡി ഗാനങ്ങളായിരുന്നു മണി തെരഞ്ഞെടുപ്പുകാലത്ത് പാടിയിരുന്നത്. തെരഞ്ഞെടുപ്പിന് പറ്റിയ തന്ത്രം അതാണല്ലോ. നേരത്തേ ജനഹൃദയങ്ങളില്‍ ചേക്കേറിയ ഈണത്തിലേക്ക് പുതിയ വാക്കുകള്‍ മാറ്റിസ്ഥാപിച്ചാല്‍ എളുപ്പം കമ്പോസിങ് പൂര്‍ത്തിയാകുകയും ചെയ്യും അത് വേണ്ടതിലേറെ ഗുണവും ചെയ്യും. എന്നാല്‍ അക്ഷരജ്ഞാനമില്ലാത്ത മണിക്ക് കവിത രചിച്ചു പാടാനും കഴിവുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരുവിവരവും അവകാശവാദവും പറഞ്ഞുകേള്‍പ്പിച്ചാല്‍ മണി 'ഉണ്ടാക്കി' പ്പാടുമായി രുന്നു. അതിന് മണിക്ക് ചുരുക്കമായേ സ്വാതന്ത്ര്യം അനുവദിച്ചിരുന്നുള്ളൂ. അങ്ങനെ ഒരു കവിയും ആസ്വാദകരുടെ നഷ്ടങ്ങളില്‍ മറ്റൊന്നായി!

ടി കെ രാമകൃഷ്ണന്‍ മണിയെ തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള അന്ധവിദ്യാലയ ത്തില്‍ കൊണ്ടുചെന്നു ചേര്‍ത്തതാണ്. 3 മാസത്തിനു ശേഷം, പഠനം പൂര്‍ത്തിയാക്കാതെ മണി അവിടം വിട്ടു. പാര്‍ട്ടിയുടെ മുഴുവന്‍സമയ ഗായകനായി തുടര്‍ന്നു. ഇഎംഎസ് ഷേക്ഹാന്റ് കൊടുത്തതും എകെജിയുടെ അടുത്തിരുന്ന് ഊണുകഴിച്ചതും പാര്‍ട്ടി ജീവിതം തനിക്കുതന്ന മികച്ച സംഭാവനകളായി മണി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഒരു സമ്മേളനത്തിന് ഊണുകഴിഞ്ഞ് പുറപ്പെടാന്‍ തുടങ്ങുന്ന കെ ആര്‍ ഗൗരിയമ്മ, ആ കണ്ണുപൊട്ടന്റെ (അവര്‍ കളിയാക്കിയതല്ല) പാട്ടുകൂടി കേട്ടിട്ടു പോകാമെന്ന് പറഞ്ഞു. 8 ആം പാര്‍ട്ടി കോണ്‍ഗ്രസ് എറണാകുളത്തു വെച്ചു നടന്നപ്പോള്‍ പണിക്ക് സ്റ്റേജില്‍ പാടാന്‍ അവസരം കൊടുത്തു. ദേശാഭിമാനി പത്രത്തില്‍ ഫോട്ടോ സഹിതം മണിയെക്കുറിച്ച് ഫീച്ചര്‍ വന്നു. അതോടെ, ഇപ്പോഴും മണി 'സഖാവ്' എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

പൊന്‍കുന്നം ദാമോദരനും പി ജെ ആന്റെണിയും സിപിഎം ജില്ലാ സെക്രട്ടറിയാ യിരുന്ന എ പി വര്‍ക്കിയും മണിക്ക് പാട്ട് എഴുതി ക്കൊടുത്ത വരില്‍ പെടുന്നു. ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെ ക്കുറിച്ച് എഴുതിക്കൊടുത്ത ഗാനം ഏറെ പാര്‍ട്ടി വേദികളില്‍ മണി പാടി. ഒഎന്‍വി കുറുപ്പിന്റെ കവിതകളും മണിക്ക് ഏറെ പ്രിയം. കെ എസ് ജോര്‍ജിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ പാട്ടും സ്വരവും മണിക്ക് അങ്ങേയറ്റം ഇഷ്ടമാണ്. സമീപകാലത്ത് ഉണ്ടായ ഗാനങ്ങളില്‍ 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ' എന്ന സിനിമാ ഗാനമാണ് ഇഷ്ടപ്പെട്ടത്.


മണിയും മണിയും 
1985 ല്‍ മണി, നാട്ടുകാരിയായ അമ്മിണിയെ വിവാഹം കഴിച്ചു. ഇവരുടെ ചെല്ലപ്പേരും 'മണി' എന്നു തന്നെയാണ്. മാനസിക നില തകരാറിലായ അമ്മിണി ഇപ്പോള്‍ ഒരു വിധം ജീവിച്ചു പോവുകയാണ്. മണി - മണി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. മൂത്ത മകള്‍ മായയും ഇളയ മകന്‍ മനുവും. മണി എന്നും രാവിലെ ദൂരങ്ങള്‍ സഞ്ചരിച്ചു വരും. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മണിക്ക് ഇല്ല. അച്ഛന്‍ സഞ്ചരിക്കുന്ന തുകൊണ്ട് കുഴപ്പമില്ല, എന്നാല്‍ ഹോട്ടലുകളില്‍ കയറി ഹിതകരമല്ലാത്ത ഭക്ഷണം കഴിച്ച് അസുഖം വരുത്തിവെക്കുന്നതിനാല്‍ നടപ്പു വിലക്കി യിരിക്കുകയാണ് നേഴ്‌സിങ് പാസായ മരുമകള്‍ അനുമോള്‍. 

അമേരിക്കയില്‍ ജീവിച്ചരുന്ന കറുത്തവര്‍ഗക്കാരനായ അന്ധഗായകന്‍ റേ ചാള്‍സിന് തുല്യനാണ് മണി. റേ എന്ന ഗായകന്റെ ലോകസംഗീത ത്തിന്റെ ലാഭമായെങ്കില്‍ മണി എന്ന അന്ധഗായകകവി സംഗീതലോക ത്തിന്റെ നഷ്ടമാണ് എന്നതാണ് വലിയൊരു വ്യത്യാസം.