"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ആസുരകാലമോ? - ശ്രീപ്രതാപ്

കഴിഞ്ഞലക്കം സാഹിത്യ വിമര്‍ശത്തില്‍ പ്രസിദ്ധീകരിച്ച ശ്രീ വി എം വിനയകുമാറിന്റെ 'വരള്‍ച്ചക്കാലത്തെ ആസുര ചിന്തകള്‍' എന്ന ലേഖനം നമ്മുടെ ഇടയിലെ ജീര്‍ണകാലത്തിന്റെ പ്രവണതകളെ വ്യക്തമായും അടയാളപ്പെടുത്തുന്നു. എന്നാല്‍ അതിന് അടിസ്ഥാന മാക്കിയ 'ആസുരം' എന്ന സങ്കല്പം അത്ര നീതിപൂര്‍വം എന്നു പറഞ്ഞുകൂട. പരശുരാമ ക്ഷേത്രമാണ് കേരളം എന്നൊക്കെ പറയുന്നതു പോലെ നവബോധത്തിന്റെ ഉപാദാനങ്ങളാല്‍ മുറിച്ചു മാറ്റപ്പെടേണ്ട ഒരു പതിവ് പ്രയോഗം ആണ് ആസുരം, ആസുരകാലം എന്നിവ.

'അസുരന്‍' എന്നത് ഒരു നീചവചനമായി പ്രയോഗത്താല്‍ നമ്മുടെ മനസുകളില്‍ സാധൂകരിക്ക പ്പെട്ടിട്ടുണ്ടെങ്കിലും അതിനെ റദ്ദുചെയ്യുന്ന പുതിയ ചരിത്ര ധാരണകള്‍കൂടി ഓര്‍ത്തു വെക്കേണ്ടതുണ്ട്. കേരളം പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല എന്ന് വയലാര്‍ പാടിയിട്ട് വര്‍ഷങ്ങള്‍ അനേകമായെങ്കിലും ഇപ്പോഴും നമ്മുടെ വീറുള്ള ചില യുവനിരൂപകന്മാര്‍ പോലും പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ നമ്മുടെ കൊച്ചു കേരളം എന്നൊക്കെ പ്രയോഗിക്കുന്നത് കഷ്ടമാണ്.

'തിന്മ'യെ ആസുരം എന്ന് നിര്‍വചിക്കുമ്പോള്‍ നാമറിയാതെ തന്നെ മഹത്തായ ഒരു പൂര്‍വ സംസ്‌കാരത്തെ അപമാനിക്കുകയാണ്. ഇന്‍ഡോളജിസ്റ്റായ പി കെ പുരുഷോത്തമ ചോവര്‍ എഴുതിയിരിക്കുന്നതു കാണുക. അസുരന്‍ എന്ന പേര്‍ കേള്‍ക്കാത്തവര്‍ ഇന്ത്യയില്‍ ഉണ്ടാവില്ല. മിക്കവര്‍ക്കും അതിന്റെ അര്‍ത്ഥം ഇന്നത്തെ പുരോഹിതര്‍ നല്‍കിയിട്ടുള്ള ഹീനമായ അര്‍ത്ഥം, അറിയാം. ശരിയായ അര്‍ത്ഥം ആര്‍ക്കും നിശ്ചയ മില്ലതാനും. അസുരന്‍ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം 'ഈശ്വര വിശ്വാസി' എന്നാണ്. (പുസ്തകം - നായരുടെ ആദിമാതാവ് പുലയി; ചെറുമി ഈഴവരുടേയും) ഈശ്വരവിശ്വാസി എന്നാല്‍ ഇന്ന് സാധാരണ യായി ഉപയോഗിക്കുന്ന അര്‍ത്ഥമല്ല എടുക്കേണ്ടത്. ഈശ്വരധര്‍മത്തില്‍ വിശ്വസിക്കുന്നവന്‍ എന്നാണര്‍ത്ഥം. ഒരുപക്ഷെ ബുദ്ധധര്‍മത്തേക്കാള്‍ പ്രാചീനതയുള്ള, ലോകമെങ്ങും ആരാധിച്ചിരുന്ന ധര്‍മമാണ് ഈശ്വരധര്‍മം. യോഗിയും യോദ്ധാവും ജ്ഞാനിയുമായി ആദിശിവനില്‍ നിന്നാണ് ഈ ധര്‍മത്തിന്റെ തുടക്കം. ഇതിന് 'സന്മാര്‍ഗരതം' എന്നും പേരുണ്ടായിരുന്നു. 'സ്തംഭ'മാണ് ഈ ധര്‍മത്തിന്റെ ചിഹ്നം. നമ്മുടെ തൃക്കാക്കരയപ്പന്‍ യഥാര്‍ത്ഥത്തില്‍ ഈ സ്തംഭത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പി കെ പോക്കര്‍ ചൂണ്ടിക്കാട്ടുന്നു. പ്രപഞ്ചശക്തിയായ ഊര്‍ജത്തെയാണത്രേ ഈ സംത്ംഭം പ്രതീകവത്കരിക്കുന്നത്. ഒരുകാലത്ത് ലോകം മുഴുവന്‍ ഈ സ്തംഭധാരണ നിലനിന്നു. കെ പി ചോവര്‍ എഴുതുന്നു: 'ഇസ്രായേലിന്റെ മക്കളെ ഈജിപ്തില്‍ നിന്ന് മടക്കിക്കൊണ്ടു വന്നശേഷം മോസസ് തന്റെ യഹൂദമതം സ്ഥാപിക്കുന്നു. മലമുകളില്‍ കയറി സ്തംഭം ഉയര്‍ത്തി ഈശ്വരാരാധന ചെയ്ത ശേഷമാണ് അദ്ദേഹം യഹൂദമതം സ്ഥാപിക്കു ന്നത്. അബ്രഹാം ഈശ്വരപൂജ ചെയ്യുന്നുണ്ട്. 1500 സ്തംഭങ്ങള്‍ കേവലം ഫ്രാന്‍സില്‍ തന്നെയുണ്ട്. അലക്‌സാണ്ടര്‍ പഞ്ചാബും പരിസരവും കീഴടക്കിയശേഷം സ്തംഭം ഉയര്‍ത്തി പൂജിക്കുന്നു! ചക്രവര്‍ത്തി ചന്ദ്രഗുപ്തമൗര്യനും ഇതുതന്നെ ചെയ്യുന്നു. അപ്പോള്‍ ഈശ്വരധര്‍മം അധവാ സനാതനധര്‍മം ലോകധര്‍മമായിരുന്നു ഒരു കാലത്ത്! ഈ ധര്‍മത്തിന്റെ അഥവാ പ്രാചീന ശിവമതത്തിന്റെ (അതിന് ഇന്നത്തെ ശിവാരാധനയുമായി ഒരു ബന്ധവുമില്ല. ശിവധര്‍മം ക്ഷേത്രങ്ങള്‍ക്കും, പുരോഹിതര്‍ക്കും എതിരായിരുന്നു.. എന്നാല്‍ ഇന്നത്തെ ശിവാരാധന ആ രീതിയിലല്ല). അടിസ്ഥാന ചിഹ്നമായ സ്തംഭത്തെ ഈജിപ്തില്‍ ഉച്ചരിക്കുന്നത് ഈശ്വര്‍ അഥവാ 'അസോര്‍' എന്ന ത്രേ. ഈ വാക്കാണ് അസുര അല്ലെങ്കില്‍ അസുരന്‍ എന്നായി രൂപപ്പെടുന്നത്. അതല്ല 'അസ്സീറിയ' എന്ന രാജ്യത്തിലെ' ജനങ്ങളാണ് അസുര്‍ അല്ലെങ്കില്‍ അസുരന്മാര്‍ എന്നൊരു ചരിത്രപക്ഷമുണ്ട്. അസ്സീറിയന്‍ ജനത തങ്ങളുടെ പേരിനൊപ്പം 'ബലിഹ' (ബലി) എന്നു ചേര്‍ക്കുന്നത് ആചാരമായിരുന്നത്രേ. നമ്മുടെ മഹാബലി അസുര രാജാവായിരുന്നു എന്ന ചിരകാല സങ്കല്പം കൂടി വായിക്കുക. അതെന്തായാലും ഒരു കാലത്ത് ലോകം മുഴുവന്‍ ബഹുമാനിച്ചിരുന്ന വാക്കായിരുന്നു അസുരന്‍ എന്നത്. പേര്‍ഷ്യയിലെ ആദിമ ദൈവത്തിന്റെ പേര്‍ 'അസരുമഹ്ത' എന്നായിരുന്നത്രേ. 'അസുരമഹത്വം' എന്നാണിതിനര്‍ത്ഥം. ഇറാഖിലെ രാജാക്കന്മാര്‍ അസുര്‍ (അസുരന്‍) എന്ന വിശേഷണം തങ്ങളുടെ പേരിനൊപ്പം കൂട്ടിച്ചേര്‍ത്തി രുന്നു. ഈജിപ്തും ഈ പാരമ്പര്യം പിന്‍തുടര്‍ന്നു. അവിടെയെല്ലാം അസുരന്‍ ശ്രേഷ്ഠനും, ബഹുമാന്യനുമായിരുന്നു. ഒരിക്കലും നുണ പറയാത്തവന്‍, സന്‍മാര്‍ഗി എന്നെല്ലാമായിരുന്നു വിവക്ഷ. പേര്‍ഷ്യന്‍ രാജാക്കന്മാര്‍ അധികാരമേല്ക്കുമ്പോള്‍ 'ഞാന്‍ അസുരന്റെ ബന്ധുവാണ്' എന്നു പ്രതിജ്ഞ ചെയ്യുമായിരുന്നു പോലും. കൂട്ടത്തില്‍ പറയട്ടെ, ഈജിപ്തില്‍ അടിമകളായിരുന്ന ഇസ്രായേലികള്‍ക്ക് ഒരു ഈജിപ്ഷ്യന്‍ രാജാവിന്റെ പിരമിഡിനുള്ളില്‍ നിന്നു കിട്ടിയതാണ് മോശക്ക് യഹോവ നല്കിയതെന്ന് പിന്നീട് അറിയപ്പെട്ട 10 നിയമങ്ങളടങ്ങിയ കരിങ്കല്‍ ഫലകമെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഈജിപ്തില്‍ നിലനിന്നിരുന്ന ഈശ്വര - ആദിശിവ - ധര്‍മത്തിന്റെ രൂപാന്തരമാകണം മോശ സ്ഥാപിച്ച യഹൂദമതത്തിന്റെ നിയമങ്ങള്‍. സന്‍മാര്‍ഗിയുടെ രക്ഷകനും ദുര്‍മാര്‍ഗി യുടെ ഹിംസകനുമായ, യോഗിയും യോദ്ധാവുമായിരുന്ന ആദിശിവ സങ്കല്പം യഹൂദരുടെ 'യഹോവ ദൈവ' പ്രതിച്ഛായയുമയി ഒത്തു പോകുന്നതാണ്. അതെന്തായാലും ഈശ്വര ധര്‍മാധാരകമായ അസുര ന്മാരെല്ലാം ഋഗ്വേദം പോലും പുകഴ്ത്തുന്നുണ്ട്. 'അസുരന്‍ മഹാനാണ്, ശക്തനാണ്' സ്വര്‍ണക്കല്ലുള്ള അസുരന്‍ ദയാലുവായ നായകനാണ് എന്നും. കുലീനനായ അസുരനാണ് എന്നും ഋഗ്വേദം അസുരവംശത്തെ പ്രകീര്‍ത്തി ക്കുന്നു. പവിത്രമായ ഒരു ധര്‍മത്തെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന സമ്പന്നമായ ഒരു നാഗരികതയുടേയും, കുലീനമായ ഒരു സംസ്‌കാര ത്തിന്റേയും ഉടമകളായിരുന്ന അസുരന്മാരെ പിന്നീട് ഹൈന്ദവതയുടെ പിന്‍തുണയോടെ എങ്ങനെയാണ് പുരാണമെഴുത്തുകാര്‍ അപരിഷ്‌കൃതരും ക്രൂരരും എല്ലാ തിന്മകളുടേയും ഉറവിടവുമായി അപവാദപ്പെടുത്തി യതെന്ന കെ പി ചോവര്‍ തന്റെ പുസ്തകത്തില്‍ വിശദമായി അടയാളപ്പെടുത്തുന്നുണ്ട്. അസുരനെ കുറിച്ചുള്ള മറ്റൊരു നിര്‍വചനം 'സുര' എന്ന പദവുമായി ബന്ധപ്പെടുത്തിയാണ്.

'സുര' എന്നാല്‍ മദ്യം. മദ്യപന്മാരായ ദേവന്മാര്‍ 'സുരന്മാര്‍' എന്നും, മദ്യവിരോധികളായ ദ്രാവിഡര്‍ 'അസുരന്മാര്‍' എന്നും അറിയപ്പെട്ടു. ശ്രീ വിനയകുമാര്‍ അസുരകാലം എന്നു വിശേഷിപ്പിച്ച ഈ കാലത്തിന്റെ ഏറ്റവും നീചമായ മുഖമായിരുന്നു ഡെല്‍ഹിയിലെ കൂട്ട ബലാത്സംഗ ത്തില്‍ കണ്ടത്. ആ കൂട്ട മാനഭംഗത്തില്‍ പങ്കെടുത്ത അധമന്മാര്‍ 5 പേരും മദ്യത്തിന്റെ ജ്വരബാധയിലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതായത് സുരപാന മദോന്മത്തന്മാര്‍.

സുരപാനികളായ ദേവന്മാരുടെ നേതാവ് ഇന്ദ്രന്‍ സഹസ്രലിംഗന്‍ കൂടിയായിരുന്നു എന്നോര്‍ക്കുക. പറഞ്ഞുവന്നത് ഇത്രയുമാണ്. ഒരു നീചകാലത്തെ അടയാളപ്പെടുത്താന്‍ 'ആസുരകാലം' എന്ന് പ്രയോഗിക്കു ന്നത് മഹത്തായ അസുര (ഈശ്വര) പാരമ്പര്യത്തോടുള്ള അവഹേളന മാണ്. ചരിത്രത്തിന്റെ പുത്തന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അത് വലിയ അപരാധവുമാണ്.
-----------------------------------------
കടപ്പാട്: 'സാഹിത്യവിമര്‍ശം' മാസിക. 2013 മാര്‍ച്ച - ഏപ്രില്‍ ലക്കം.