"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കെ കെ വേലായുധന്‍: മുഖര്‍ശംഖ് വാദ്യത്തിലെ ദലിത് ഇതിഹാസം

കെ കെ വേലായുധന്‍
തോപ്പുംപടി സെ. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ 7 ആം ക്ലാസ് വരേയേ പോയുള്ളുവെങ്കിലും കെ കെ വേലായുധന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ക്ലാസ്‌മേറ്റാണ്. സംഗീതരംഗത്തെ അതത് ഇനങ്ങളിലെ താരങ്ങളായി ഉയര്‍ന്നെങ്കിലും ഇരുവരും തമ്മില്‍ വീണ്ടും കാണുന്നത് 2005 ലാണ്. അന്ന് എറണാകുളം സമൂഹമഠം ഹാളില്‍ മാലതി വര്‍മയെ ആദരിക്കുന്ന ചടങ്ങില്‍ യേശുദാസ് അവതരിപ്പിച്ച സംഗീത കച്ചേരിയില്‍ മുഖര്‍ശംഖ് വായിച്ചത് കെ കെ വേലായുധനാണ്. ബാല്യകാല സതീര്‍ത്ഥ്യന്‍ സംഗീത രംഗത്തു തന്നെയുണ്ടെന്ന് അറിഞ്ഞ് യേശുദാസ് ഏറെ സന്തോഷിച്ചത് കെ കെ വേലായുധന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

അഭിജാതരെന്ന് അഹങ്കരിക്കുന്നവരുടെ സംഗീത വാദ്യോപകരണമായ മുഖര്‍ശംഖില്‍ ഇതിഹാസതാരമായി മാറിയ കെ കെ വേലായുധന്റെ താവഴി അടിമകളുടേതാണ്. എറണാകുളം ജില്ലയുടെ തീരദേശത്തു പെടുന്ന തോപ്പുംപടി ഇന്നുകാണുന്ന കോണ്‍ക്രീറ്റ് വനങ്ങളുടേതായിരുന്നില്ല, നെല്പാടങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇപ്പോള്‍ 79 വയസുള്ള വേലായുധന്റെ ചെറുപ്പകാലത്തു പോലും പാടങ്ങുടെ ശേഷിപ്പുകള്‍ ഉണ്ടായിരുന്നു. വേലായുധന്റെ അപ്പൂപ്പന്‍ പൂമതിയുടെ അമ്മയെ അടിമക്കമ്പോളത്തില്‍ നിന്നും ഒരു ജന്മി വാങ്ങിക്കൊണ്ടുവന്നതാണ്. അതിനുമുമ്പുള്ള ഈ താവഴി ചരിതം ഗ്രഹിക്കാവുന്നതേയുള്ളൂ. പൂമതിയുടെ മകന്‍ കൊച്ചുകണ്ടന്‍ കുമ്പളത്തുനിന്നും കൊച്ചപെണ്ണിനെ വിവാഹം ചെയ്തു. അവര്‍ കൊച്ചിട്ട്യാതി എന്ന ജന്മിയുടെ കുടിയാന്മാ രായിരുന്നു. കൊച്ചുകണ്ടന്‍ കൊച്ചുപെണ്ണ് ദമ്പതികള്‍ക്ക് നാല് മക്കള്‍ പിറന്നു, രണ്ടും പെണ്ണും രണ്ട് ആണും. ആണ്‍മക്കളില്‍ മൂത്തയാളാണ് കെ കെ വേലായുധന്‍. തോപ്പുംപടിയിലെ മുണ്ടംവേലിയില്‍ വേലായുധന്‍ ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങിയതാണെങ്കിലും മൂലകുടുംബം തൊട്ടടുത്തുതന്നെ എവിടെയോ ആണ് പാര്‍ത്തിരുന്നത്. ഈ ഭാഗത്ത അടിമവംശം ഇപ്പോള്‍ അറിയപ്പെടുന്നത് കൊലമാരി പുലയര്‍ എന്നാണ്. 

21 ആമത്തെ വയസില്‍ എറണാകുളം ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ കെ കെ വേലായുധന്‍ സെക്യൂരിറ്റിയായി ജോലിയില്‍ പ്രവേശിച്ചു. 1995 ല്‍ സുബേദാറായി റിട്ടയര്‍ ചെയ്തു. പ്രമോഷന്‍ ലഭിച്ചപ്പോള്‍, ഇടക്ക് ആലപ്പുഴയിലും കോഴിക്കോട്ടും സേവനമനുഷ്ഠിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ വേലായുധന്‍ മൃദംഗവായന പരിശീലിക്കുന്നുണ്ടായിരുന്നു. എ ഡി പുരത്തുള്ള ചന്ദ്രന്‍ മാസ്റ്ററാണ് വേലായുധന്റെ ആദ്യഗുരു. അദ്ദേഹം ധീവര സമുദായത്തില്‍ പെട്ടയാളാ യിരുന്നു. ചന്ദ്രന്‍ മാസ്റ്ററുടെ ഗുരുവായ സുകുമാരന്‍ മാസ്റ്ററുടെ കീഴിലും കുറച്ചുകാലം വേലായുധന്‍ മൃദംഗം പരിശീലിച്ചു. ഗുരുക്കന്മാരുടെ പ്രേരണയാല്‍ മൃദംഗവിദ്വാനായ ആനവാതില്‍ക്കല്‍ അയ്യാപിള്ളയുടെ കീഴിലും മൃദംഗം അഭ്യസിച്ചു. തമിഴ് വംശജനായ (എണ്ണപ്പാണ്ടി) അദ്ദേഹം റേഡിയോ സ്റ്റാര്‍ കൂടിയായിരുന്നു. അയ്യാപിള്ള കൊല്ലത്തേക്ക് താമസം മാറ്റിയപ്പോള്‍ വേലായുധന്റെ മൃദംഗ പഠനം മന്ദഗതിയിലായി. അതോടെ വേലായുധന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റവുമായി. അവിടെ മൃദംഗപഠനം തുടരാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചന്ദ്രന്‍ മാസ്റ്റര്‍ തന്നെ ഇടപെട്ടു. വേലായുധനോട് മോര്‍സിങ് (മുഖര്‍ശംഖ്) പരിശീലി ക്കാന്‍ ഉപദേശിച്ചു. വേലായുധന് മൃദംഗത്തിന്റെ താളബോധമുണ്ടല്ലോ. രണ്ടിന്റേയും സ്വരം വ്യത്യാസമാണെങ്കിലും താളക്രമം ഒന്നുതന്നെയാ ണല്ലോ. അതുകൊണ്ട് സ്വയം പരിശീലിക്കുന്നതിനും പ്രയാസം നേരിടേണ്ടി വരുന്നില്ല.

1980 ല്‍ വൈക്കം ക്ഷേത്രത്തില്‍ നടന്ന സംഗീതക്കച്ചേരിയിലാണ് മുഖര്‍ശംഖില്‍ വേലായുധന്റെ അരങ്ങേറ്റം. ആദ്യകാലത്ത് വരുമാനമില്ല- എല്ലാ കലാപരിപാടിക്കും എന്നതുപോലെ. എന്നാല്‍ മുഖര്‍ശംഖിനാകട്ടെ പ്രതിഫലത്തിനുള്ള പരിഗണന നാലാം സ്ഥാനത്താണ്. മൃദംഗവും ഘടവും ഗിഞ്ചിറയും കഴിഞ്ഞുമാത്രമാണ് മുഖര്‍ശംഖിനെ പരിഗണിച്ചിരുന്നത്. മറ്റ് സംഗീതോപകരണങ്ങളെ അപേക്ഷിച്ച് കാണാന്‍കൂടി പറ്റാത്ത മുഖര്‍ ശംഖുപയോഗിച്ച് തതുല്യമായ ശബ്ദതാളം പുറപ്പെടുവിക്കാന്‍ അപാര ശേഷി തന്നെ വേണം. വഹിച്ചുകൊണ്ടുപോകാന്‍ പ്രയാസമില്ലാത്തതു കൊണ്ട് മുഖര്‍ശംഖിന് തുല്യപരിഗണന ലഭിക്കാറില്ല. വേലായുധനാ ണെങ്കില്‍ തുല്യപരിഗണനയില്ലാത്ത സമുദായത്തില്‍ പെട്ടയാളും!


ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പല പ്രഗത്ഭരോടുമൊപ്പം 20 വര്‍ഷം തുടര്‍ച്ചയായി വേലായുധന്‍ മുഖര്‍ശംഖ് വായിച്ചു. ഷര്‍ട്ട് ധരിക്കാതെ ഷാള്‍ പുതച്ചുകൊണ്ട് ഇരുന്നുവേണം ഗുരുവായൂര് കച്ചേരി നടത്താല്‍. മറ്റുള്ളവരെ അപേക്ഷിച്ച് തൊലിനിറം കറുത്ത വേലായുധന്‍ തുടക്കത്തില്‍ ഏറെ അവമതിക്ക പ്പെട്ടു. ആഭിജാത്യത്തിന്റെ അടയാളങ്ങളും ശരീരത്തില്‍ ഇല്ലല്ലോ! സ്വരലയമില്ല, അവതാളത്തിലാകുന്നു എന്നെല്ലാം ആരോപിച്ച് ആദ്യമൊക്കെ വേലായു ധന്‍ അകറ്റി നിര്‍ത്തപ്പെട്ടു. തന്റെ കഴിവ് പരമാവധി പുറത്തെടുത്ത വേലായുധന്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് അതിശക്തമായി തിരിച്ചുവന്നു. 

ഗുരുവായൂര്‍ വിട്ടശേഷം ചോറ്റാനിക്കര ക്ഷേത്രത്തിലും ഉത്രം തിരുനാള്‍ സംഗീതോ ത്സവത്തിലും കുറച്ചുവര്‍ഷം തുടര്‍ച്ചയായി പങ്കെടുത്തു. അതിവേഗത്തില്‍, സമീപപ്രദേശത്തുള്ള കച്ചേരികളില്‍ വേലായുധന്‍ അനിവാര്യതയായി മാറി. മൃദംഗവിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണനോടും വയലിനിസ്റ്റ് ചേര്‍ത്തല ശിവാനന്ദനോ ടുമൊക്കെ ഒപ്പം വേലായുധന്‍ മുഖര്‍ശംഖ് വായിച്ചു. എം കെ അര്‍ജുനന്‍ മാസ്റ്റര്‍ ആദ്യമായി റിക്കോര്‍ഡിംങ് സ്റ്റുഡിയോവില്‍ വേലായുധനെ പ്രവേശിപ്പിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ ഒരു നാടകത്തിനു വേണ്ടിയായിരുന്നു ആ റിക്കോര്‍ഡിങ്. ഒന്നും വാങ്ങാതെ അവിടെ നിന്നും പോന്ന വേലായുധന്, പിറ്റേദിവസം ഒരു സഹായി വശം അര്‍ജുനന്‍ മാസ്റ്റര്‍ 150 രൂപ പ്രതിഫലം കൊടുത്തയച്ചു. മാസ്റ്ററോ ടുള്ള വേലായുധന്റെ ബന്ധം ഇന്നും ദൃഢമായി തുടരുന്നു. ഇരുവരും കൊച്ചിയിലെ ആള്‍ ആര്‍ട്‌സ് സേവ് അസോസിയേഷന്റെ (ആശ) പ്രവര്‍ത്തകരാണ് ഇപ്പോള്‍. കാഥികന്‍ ഇടക്കൊച്ചി സലിംകുമാറാണ് അതിന്റെ സെക്രട്ടറി.

മോര്‍സിങ് വാദ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വേലായുധന് ഒട്ടും പരിഭവമില്ല. കാലം എല്ലാം മാറ്റിമറിക്കും. പലതും തിരോഭവിക്കും. ഒരു ഇലക്ട്രിക് ഓര്‍ഗണ്‍ ഉണ്ടെണ്ടെങ്കില്‍ എല്ലാ താളവാദ്യങ്ങളും അതു കൊണ്ട് വായിക്കാം. അതുകൊണ്ടുമാത്രം മുഖര്‍ശംഖ് അഭ്യാസം നിലച്ചു പോകണമെന്നില്ല. വസ്തുത നമ്മള്‍ ഉള്‍ക്കൊള്ളാന്‍ തയാറാവണം. മുഖര്‍ശംഖ് തനിമയില്‍ തന്നെ പരിശീലിക്കണമെന്നുള്ളവര്‍ക്ക് അത് നല്കാന്‍ വേലായുധന്‍ തയാറുമാണ്. ഇപ്പോള്‍ കൊച്ചിയിലും ചോറ്റാനി ക്കരയിലുമായി 12 ശിഷ്യന്മാരുണ്ട്. 2 പേര്‍ ദക്ഷിണവെച്ചു കഴിഞ്ഞു.


താളവാദ്യ കലാസപര്യയിലൂടെ സ്വത്തു സമ്പാദിക്കണ മെന്ന് വേലായുധന്‍ ഒരിക്കലും നിനച്ചിട്ടില്ല. ജോലിയു ള്ളതുകൊണ്ട് സാമ്പത്തികകാര്യങ്ങള്‍ ഭദ്രമായിരുന്നു. ഭാര്യക്കും ജോലിയുണ്ടാ യിരുന്നു. അവര്‍ നേവല്‍ ബേസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും ലാബ് അറ്റന്റ റായി റിട്ടയര്‍ ചെയ്തു. കച്ചേരികളില്‍ നിന്ന് പ്രതിഫം വാങ്ങാനോ ശിഷ്യരില്‍ നിന്ന് ഫീസ് വാങ്ങാനോ വേലായുധന്‍ ഒരിക്കലും നിര്‍ബന്ധബുദ്ധി കാണിച്ചി ട്ടില്ല. 

സായാഹ്നത്തില്‍ സന്തോഷവാനാണ് കെ കെ വേലായുധന്‍. ആരോഗ്യ പ്രശ്‌നങ്ങളില്ല. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ അവാര്‍ഡും ആദരവും ലഭിച്ചു. 15 ഓളം ആദരവുകളും നാട്ടില്‍ നിന്നും വിവിധ സമിതികള്‍ നല്കിക്കഴിഞ്ഞു. പത്രമാസികകളില്‍ കച്ചേരികളുടെ ഭാഗമായി പേരും ഫോട്ടോകളും വന്നിട്ടുണ്ടെങ്കിലും ആരും ഫീച്ചര്‍ ചെയ്തിട്ടില്ല.

രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് വേലായുധനുള്ളത്. എല്ലാവരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നു. അധ്യാപികയായ മരുമകളോടൊപ്പം മകനും കുടുംബവും വയനാട്ടില്‍ തമാസിക്കുന്നതു കൊണ്ട് വീട്ടില്‍ മക്കളാരും ഇപ്പോള്‍ കൂടെയില്ല. അതു മാത്രമേയുള്ളൂ ആകെയുള്ള ഒരു പ്രയാസം. സമസ്ത കൊച്ചി പുലയ മഹാസഭയുടെ നേതൃത്വത്തില്‍ പണികഴിപ്പിട്ടുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പ്രമുഖ കാര്യദര്‍ശി കൂടിയാണ് വേലായുധന്‍. 13 വര്‍ഷമായി അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.

കെ കെ വേലായുധന്‍. ഫോണ്‍: 9747486683