"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഒതേനനെ തോല്‍പ്പിച്ച തേവര്‍ വെള്ളന്‍ എന്ന പുലയ യോദ്ധാവ് - ഒര്‍ണ കൃഷ്ണന്‍കുട്ടി

മാന്ത്രിക വിദ്യയിലും ആയോധന കലയിലും അഗാധമായ പാണ്ഡിത്യമു ണ്ടായിരുന്ന ഒരു യോദ്ധാവായിരുന്നു തേവര്‍ വെള്ളന്നെ പുലയന്‍. പോര്‍ട്ടിഗീസു കാരെ യുദ്ധം ചെയ്ത് തോല്പിച്ച് ബേക്കല്‍ക്കോട്ടയെ രക്ഷിച്ച വട്ട്യന്‍പൊള്ളരെ പോലെ വടക്കന്‍ വീരഗാഥയിലെ നെടുംനായകന്‍ തച്ചോളി ഒതേനനുമായി നേരിട്ടു ഏറ്റുമുട്ടി ഒതേന കുറുപ്പിനെ തോത്പിച്ചു തേവര്‍ വെള്ളന്‍. വസൂരി പിടിച്ചാണ് അന്ത്യം വരിച്ചത്. ചരിത്ര കാരനായ എം.സി.വടകര ചന്ദ്രിക ദിനപത്രത്തില്‍ (2010 ഏപ്രില്‍ 25) ഈ ധീരയോദ്ധാവിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്.

പേരാമ്പ്ര ചാനിയം കടത്ത് പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിക്കാ രനായ കാവുങ്കുനി ചോയ്യോന്റെ മകനാണ് വെള്ളന്‍. കുറ്റ്യാടി പുഴയുടെ തീരപ്രദേശഗ്രാമമായ തിരുവള്ളൂരാണ് തേവന്‍വെള്ളന്റെ തട്ടകം. അവിടെ അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ തിറഉത്സവം നടന്നുവരുന്നുണ്ട്. വെള്ളന്റെ പിതാവ് ചോയ്യോന്‍ കായിക അഭ്യാസ ത്തില്‍ കിടയറ്റവനായിരുന്നു. കളരിയുടെ നാലയത്തുപോലും അധ:കൃതന് പ്രവേശനം അപ്രാപ്യമായിരുന്ന അക്കാലത്ത് എങ്ങനെ അദ്ദേഹം കായിക അഭ്യാസം പഠിച്ചു എത് അത്ഭുതകരമായിരിക്കുന്നു. ജന്മസിദ്ധമായ അഭിരുചിയായിരിക്കാം അദ്ദേഹത്തെ അതിന് സാധ്യമാക്കിയത്. ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ വിദ്യകളും ചോയ്യോന്‍ വശമാക്കിയി രുന്നതായി തോറ്റം പാട്ടില്‍ പറയുന്നു. ഒരിക്കല്‍ ഒരു പഴയ വീട് പൊളിച്ച് മാറ്റുമ്പോള്‍ അതിന്റെ തറയുടെ അടിയില്‍ നിന്നും ചെയ്യോന് വരു നിധി കിട്ടി. അതില്‍ നിറയെ സ്വര്‍ണ്ണമായിരുന്നു. ആളുകള്‍ അറിഞ്ഞാല്‍ ആപത്താകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭാര്യയെ വിളിച്ചു. സ്വര്‍ണ്ണ കട്ടികളില്‍ മഞ്ഞളും നൂറും പുരട്ടി വെയിലത്ത് വച്ച് ഉണക്കി അടുക്കളയില്‍ കുഴിച്ചിടാന്‍ ഉപദേശിച്ചു. സ്വര്‍ണ്ണക്കട്ടികള്‍ വെയിലത്ത് വച്ച് ഉണക്കുന്നത് അടുത്ത പുരയിടത്തില്‍ തെങ്ങില്‍ കയറി തേങ്ങയിട്ടുകൊണ്ടിരുന്ന തിയ്യന്‍ കണ്ടു. ഈ വിവരം നാട്ടിലെ എട്ടുവീട്ടില്‍ കുറുപ്പന്മാരെ അറിയിച്ചു. നാട്ടിലെ പ്രമാണിമാരായ കുറുപ്പന്മാര്‍, പുലയന് ഇതെവിടെനിന്നു കിട്ടിയെന്ന് അന്വേഷിച്ചു. ഇത് ചോദ്യം ചെയ്യാന്‍ അവസരം നോക്കിയിരിക്കെയാണ് കോളേത്ത് ചെന്നിയെന്ന് പേരായ ഒരു തിയ്യത്തിയുടെ വീട്ടില്‍ ദിവസവും ചാരായം കുടിക്കാന്‍ ചെന്നുകൊണ്ടിരുന്ന ചോയ്യോനെ കുറുപ്പന്മാര്‍ നാടുവാഴികളുടെ പിന്‍ബലത്തില്‍ നേരിടാന്‍ തീരുമാനിച്ചു. അവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ചാലിയംകടവ് പുഴയിലേക്ക് ചാടി തന്ത്രപരമായി രക്ഷപ്പെട്ട ചോയ്യോന്‍ പിന്നെ തിരിച്ചുവന്നില്ല. അസ്ഥികളെ ത്രസിപ്പിക്കുന്ന ഇത്തരം കഥകള്‍ കേട്ടാണ് ചോയ്യോന്റെ മകന്‍ വെള്ളന്‍ വളര്‍ന്നുവന്നത്. അച്ഛനെ ചതിച്ചുകൊന്ന സവര്‍ണ്ണ നാടുവാഴി തമ്പുരാക്കന്മാര്‍ക്കെതിരെ പൊരുതുകയെ ന്നതായിരുന്നു തന്റെ ജീവിത നിയോഗമെന്ന് വെള്ളന് തോന്നി. അതിനായി കായികവിദ്യ അഭ്യസിച്ച് കായികക്ഷമത ഉറപ്പുവരുത്തുതിനായി തീരുമാനിച്ചു. തന്റെ കീഴാളജന്മം അതിനു തടസ്സമായപ്പോള്‍ തിരുവള്ളൂരിലെ വെന്നപ്പാലന്‍ കോമുകുറുപ്പ് എന്ന വലിയ മഹാനുഭവന്‍ മുന്നോട്ടുവന്നു. പ്രമാണി വര്‍ഗ്ഗത്തില്‍പ്പെട്ടവനാ ണെങ്കിലും കോമുകുറുപ്പ് നല്ലവനായിരുന്നു. അദ്ദേഹം വെള്ളനെ കായികാഭ്യാസം പഠിപ്പിക്കുവാന്‍ തയ്യാറായി. അദ്ദേഹത്തിന് പുലക്കുറുപ്പ് എന്ന പരിഹാസപേരും ലഭിച്ചു. വെന്നപ്പാലന്‍ കുറപ്പിന്റെ കീഴില്‍ വെള്ളന്‍ കളരി വിജയകരമായി പൂര്‍ത്തിയാക്കി. ശിഷ്യന്റെ മിടുക്കുകണ്ട് സന്തോഷിച്ച കുറുപ്പ് തന്റെ ഉടവാള് സമ്മാനിച്ച് ആശീര്‍വദിച്ചു. 

അന്യനാട്ടില്‍ പോയി കുറെ കൂടി അഭ്യാസം പഠിക്കണമെന്ന് തോന്നി വെളളന്‍ മൂരാട് പുഴയും കോരപ്പുഴയും കടലുണ്ടിപ്പുഴയും കടന്ന് മലകളും താണ്ടി കളരിയില്‍ വളരെ പ്രശസ്തരായ യോഗിക്കുറുപ്പ ന്മാരുടെ വസതിയില്‍ ചെന്നെത്തി. ആ നേരത്ത് യോഗികുറുപ്പന്മാരുടെ നേര്‍പെങ്ങള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. താന്‍ കടത്തനാട്ടില്‍ നിന്നും വരുന്നതാണെന്നും യോഗി കുറുപ്പന്മാരില്‍ നിന്നും കളരിയില്‍ ഉപരിപഠനത്തിനാണെന്നും പറഞ്ഞു. പുലയനാണെന്ന വിവരം വെള്ളന്‍ വിദ്യയോടുള്ള ആവേശത്താന്‍ മറച്ചുവച്ചു. നാടും കുലവും ജാതിയുമറിയാതെ അമ്മാവന്മാര്‍ ആരെയും പഠിപ്പിക്കില്ലെന്ന് പറഞ്ഞ് അവളവന്റെ മനസ്സിനെ ദു:ഖത്തിലാക്കി. പിറ്റെ ദിവസം നായാട്ടു കഴിഞ്ഞു വീട്ടില്‍വന്ന അമ്മാവന്മാരോട് വിവരങ്ങള്‍ വിശദീകരിച്ചു. പയറ്റി തെളിയാന്‍ കഴിവുണ്ടെങ്കില്‍ ജാതിയും കുലവും നോക്കുന്ന തെന്തിന് എന്ന പ്രതിവാദത്തിലൂടെ വെള്ളന് വേണ്ടി അമ്മാവന്മാരോടായി അവള്‍ ശക്തമായി ശുപാര്‍ശയും നല്‍കി. അവനെ അമ്മാവന്മാരുടെ ശിഷ്യനാക്കി. നാലഞ്ച് വര്‍ഷത്തെ താമസത്തിനിടയില്‍ ആള്‍മാറാട്ടവും ഇന്ദ്രജാലവും മഹേന്ദ്രജാലവുമെല്ലാം വെള്ളന്‍ പഠിച്ചു പൂര്‍ത്തിയാക്കി. തിരിച്ചു പോകുമ്പോള്‍ തമ്പുരാട്ടി അവനൊരു മോതിരം സമ്മാനവും കൊടുത്തിട്ട് 'ഇത് നിന്റെ കയ്യില്‍ എപ്പോഴും ഉണ്ടാകണമെന്നും അതുകൊണ്ട് നിനക്കൊരു ആപത്തും വരില്ലെന്നും വരം നല്‍കി പറഞ്ഞയച്ചു. വീട്ടില്‍ തിരിച്ചെത്തിയ വെള്ളന് കേള്‍ക്കാന്‍ കഴിഞ്ഞത് താന്‍ നാട്ടിലില്ലാത്ത സമയം നോക്കി തമ്പുരാക്കന്മാര്‍ തന്റെ സഹോദരിമാരെ പിഡീപ്പിക്കാറു ണ്ടായിരുന്നു എന്ന വാര്‍ത്തയാണ്. നേരെ പൂമഠത്തില്‍ സാമിയാരുടെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് അവിടെ ഉഗ്രമായ സംഘട്ടനമാണ് നടന്നത്. വെള്ളന്റെ കായിക അഭ്യാസംകണ്ട് ഭയന്ന് വിറച്ച് നാടുവാഴികളും കുറുപ്പന്മാരും പുറമേരി കോവിലകത്ത് ചെന്ന് കടത്തനാട് രാജാവിനെ വിവരം ധരിപ്പിച്ചു. വെള്ളനെ പിടിക്കാനായി തന്റെ വലിയ പടത്തലവനായ തച്ചോളി ഒതേനകുറുപ്പിനെ തന്നെ രാജാവ് നിയോഗിച്ചു. പിറ്റെ ദിവസം തന്നെ ഒതേനനും നൂറ്റിയൊന്ന് നായന്മാരും ചേര്‍ന്ന് വെള്ളനെ കീഴടക്കാന്‍ തിരുവെള്ളൂരെത്തി. വിവരം അറിഞ്ഞ വെള്ളന്‍ തന്ത്രപൂര്‍വ്വം തിരുവെള്ളൂരില്‍ നിന്നും പിന്‍വാങ്ങി വടകരയ്ക്കടുത്തുള്ള വഞ്ചിക്കാട് ഗ്രാമത്തില്‍ പോയി ഒളിവില്‍ താമസിച്ചു. വഞ്ചിക്കാട്ടിലെ താമസ ത്തിനിടയില്‍ പ്രസിദ്ധരായ അടിയോടിമാരുടെ രണ്ട് പെണ്‍മക്കളുമായി പ്രണയത്തിലായി. അവരെ ഭാര്യമാരായി സ്വീകരിച്ചു. കൊല്ലും കൊലയും നടത്താന്‍ അധികാരമുള്ള പുതുപ്പണം വാഴുന്നവരുടെ ചാര്‍ച്ചക്കാരായി രുന്ന അടിയോടി കുടുംബത്തിലെ രണ്ടുസ്ത്രീകളെ പുയന്‍ ഭാര്യമാരായി സ്വീകരിച്ച് ജാതിക്കോട്ട കൊത്തളങ്ങളെ വിളറിപ്പിടിച്ചു. പ്രത്യേകിച്ച് പുതുപ്പണം വാഴുന്നവരുടെ മകനായ തച്ചോളി ഒതേനന്റെ അകന്ന പെങ്ങള്‍മാരും. വിവരമറിഞ്ഞ ഒതേനന്‍ പൊട്ടിത്തെറിച്ചു. രാജകല്പന തെറ്റിച്ച വെള്ളന് ഇങ്ങനെ എത്രനാള്‍ ഒളിച്ചു കഴിയാമെന്ന് തോന്നി. തന്റെ പരദേവതകളെ ധ്യാനിച്ച് നേരെ വടകരയിലൂടെ നടന്ന് മേപ്പയിലെത്തി തച്ചോളി മാണിക്കോത്ത് ചെന്ന് ഒതേനനെ വെല്ലുവിളിച്ചു. എല്ലാ ആയുധങ്ങളുമെടുത്ത് ഒതേനന്‍ വെള്ളനുമായി ഏറ്റുമുട്ടി. യോഗിപ്പെണ്ണും കൊടുത്ത മോതിരം കൈയ്യിലുണ്ടെന്ന് ഉറപ്പു വരുത്തിയ വെള്ളന്‍ ഒതേനനനെ നിലംപരിശാക്കി. 


പുലചെറുക്കനോട് തോറ്റ് തുന്നും പാടിയ ഒതേനനെ ലോകനാര്‍ കാവിലമ്മയോ, മറ്റ് ഭഗവതിമാരോ രക്ഷിച്ചില്ല. പിന്നീട് ഒതേനന്‍ വെള്ളന് ശിക്ഷ്യപ്പെടുകയും ഗുരു ദക്ഷിണക്ക് പകരമായി വെള്ളന്റെ ഓര്‍മ്മക്കായി ഒരു അമ്പലം പണിയിച്ച് കൊള്ളാമെന്ന് വാക്കുകൊടുത്തു. തിരുവെള്ളൂരെത്തിയ വെള്ളന്‍ പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിയെടുത്തു ജീവിച്ചു. വീണ്ടും അവിടെ നിന്നും ദേശാടനത്തിന് പുറപ്പെട്ടു. കുറ്റ്യാടി കോതാട്ടും മുച്ചുകുന്ന് വാഴയിലും പയ്യോളി കോവത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. പയ്യോളിയിലെത്തിയപ്പോള്‍ ഒരു നായര്‍ സ്ത്രീയുമായി പ്രണയത്തിലായി. കുറച്ചുനാള്‍ അവിടെ താമസമാക്കി. പിന്നീട് അയനിക്കാട്ട് നിന്ന് സ്വജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചു. ആ ജീവിതത്തില്‍ സന്താനങ്ങളുണ്ടായി. അയനിക്കാട് വെള്ളുക്കുനിയാണ് വെള്ളന്റെ ഭാര്യ വീട്. ഈ വീട്ടില്‍ വച്ചാണ് വസൂരി രോഗം പിടിപ്പെട്ട് മലബാറിലെ പുലയരുടെ ചങ്കായ വീരയോദ്ധാവ് വെള്ളന്‍ അന്തരിച്ചത്. വെള്ളന്റെ ഊര് വെള്ളൂര്‍. അത് വെള്ളനോടുള്ള ബഹുമാനാര്‍ത്ഥം തിരുവെള്ളൂരായി. തേവര്‍ വെള്ളനെ പ്രതിഷ്ഠിച്ച ക്ഷേത്രം തിരുവെള്ളൂര്‍ ക്ഷേത്രം പേരാമ്പ്ര റോഡില്‍ ചാനിയം കടവിനടുത്ത് സ്ഥിതി ചെയ്യുന്നു. കുംഭമാസം 10,11 തീയതികളിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. അന്നേ ദിവസം തന്നെയാണ് വടകരയില്‍ തച്ചോളി ഒതേനനെ പ്രതിഷ്ഠിച്ച തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലെ തിറയുത്സവവും. ചാനിയം കടവില്‍ തേവര്‍ വെള്ളന്‍ ക്ഷേത്രമിരിക്കുന്ന കണ്ടിപറമ്പില്‍ ക്ഷേത്രത്തി നോട് തൊട്ടടുത്ത വീടാണ് തേവര്‍ വെള്ളന്‍ ജനിച്ച വീട്. തേവര്‍ വെള്ളന്റെ പുത്രപരമ്പരയില്‍പ്പെട്ട തെയ്യനും കുടുംബവുമാണ് അവിടെ താമസം. ക്ഷേത്രത്തിലെ കോമരം കൂടിയാണ് തെയ്യന്‍. തേവര്‍ വെള്ളന്റെ കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മൂത്ത കാരണവരാണ് ബേരനും, അനുജന്‍ കൊറുമ്പനും (കുറുമ്പന്‍).ക്ഷേത്ര നടത്തിപ്പില്‍ ഇവര്‍ സജീവ പങ്കാളിത്തം വഹിച്ചുപോരുന്നു. പുലയ സമുദായത്തിന്റെ വിമോചന നായകനായ തേവര്‍ വെള്ളന്റെ ഡോക്യുമെന്ററി ചിത്രീകരിച്ച് കോഴിക്കോട് സ്വദേശി മോഹനകൃഷ്ണന്‍ വര്‍ഷങ്ങളായി ആ നാടിന്റെ സംസ്‌ക്കാരം ജനഹൃദയങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു.

ഒര്‍ണ കൃഷ്ണന്‍കുട്ടി: 8281456773 
(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും)