"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സ്ഥലനാമ പുരാണങ്ങള്‍: കൊച്ചിയും എറണാകുളവും - ഇടമറുക്

കൊച്ചി

പഴയ തിരുവിതാംകൂര്‍ രാജ്യത്തിനു വടക്കും മലബാറിന് തെക്കുമായി സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു കൊച്ചി. 1949 ജൂലൈ മാസം ഒന്നാം തിയതി തിരുവിതാംകൂറുമായി സംയോജിപ്പിക്ക പ്പെട്ടതോടു കൂടിയാണ് ആ രാജ്യം നാമാവശേഷമായത്. എറണാകുളം കായലിനു പടിഞ്ഞാറേ ക്കരയില്‍ അറബിക്കടലിനെ തൊട്ടു കിടക്കുന്ന കൊച്ചിയായിരുന്നു ആദ്യകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനം. അതില്‍ നിന്നാണ് രാജ്യത്തിന് ആ പേരു കിട്ടിയത്.

തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സംയോജനം നടക്കുന്ന കാലത്ത് 1417.7 ചതുരസ്ര മൈല്‍ വിസ്തീര്‍ണമുള്ള ഒരു രാജ്യമായിരുന്നു കൊച്ചി. പെരുമ്പടപ്പ് രാജകുടുംബമാണ് അവിടെ ഭരണം നടത്തിക്കൊ ണ്ടിരുന്നത്. അവസാനത്തെ ചേരമാന്‍ പെരുമാളുടെ സഹോദരിയുടെ മക്കളാണ് ഈ സ്വരൂപം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. പെരുമ്പടപ്പു ഇല്ലത്തെ ഒരു നമ്പൂതിരിയായിരുന്നു പെരുമാളിന്റെ സോഹദരിയെ വിവാഹം യെ്തിരുന്നത്. ആ നമ്പൂതിരിക്ക് വേറെ മക്കള്‍ ഇല്ലായിരുന്നതു കൊണ്ട്. അദ്ദേഹത്തിന്റെ ഇല്ലം ആ സ്ത്രീയുടെ മക്കള്‍ക്ക് ലഭിച്ചു. കുലശേഖര സാമ്രാജ്യം ശഥിലമായപ്പോള്‍ അവസാനത്തെ പെരുമാളായ രാമവര്‍മ കുലശേഖരന്റെ സഹോദരിയുടെ മകന്‍ മതപരമായി പെരുമാളിനുണ്ടായിരുന്ന കോവിലധികാരികള്‍ എന്ന സ്ഥാനം കയ്യേറ്റു. വന്നേരിയില്‍ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. കൊടുങ്ങല്ലൂരിനടുത്ത മഹോദയപുരത്തും അവര്‍ക്ക് കൊട്ടാരമുണ്ടായിരുന്നു. 13 ആം ശതകത്തില്‍ സാമൂതിരി വള്ളുവനാട് ആക്രമിച്ചു കീഴ്‌പ്പെടുത്തിയപ്പോള്‍ പെരുമ്പടപ്പുകാര്‍ മഹോദയപുരത്തേക്ക് മാറിത്താമസിച്ചു. 1341 ലെ വെള്ളപ്പൊക്കത്തോടു കൂടി കൊടുങ്ങല്ലൂര്‍ തുറമുഖം നശിക്കുകയും കൊച്ചിയില്‍ അഴിതുറന്ന് അതൊരു തുറമുഖമാകുകയും ചെയ്തു. അതുവരെ 'കൊച്ചഴി' (ചെറിയ അഴി) എന്നാണ് ആ സ്ഥലം അറിയപ്പെട്ടിരുന്നത്. ആ കൊച്ചഴിയാണ് സംസാരഭാഷയില്‍ ക്രമേണ കൊച്ചിയായിത്തീര്‍ന്നത്. ഗോശ്രീ എന്ന സംസ്‌കൃതപദം ദുഷിച്ചാണ് കൊച്ചി എന്ന വാക്കുണ്ടായതെന്ന് ചില സംസ്‌കൃത പക്ഷപാതികള്‍ പറഞ്ഞിട്ടുണ്ട്. അത് ശരിയല്ല. ബാലപുരി എന്നാണ് കേരള മാഹാത്മ്യത്തിലും കേരളോത്പത്തിയിലും മറ്റും ഈ സ്ഥത്തെ വ്യവഹരിക്കുന്നത്. കൊച്ചി എന്ന പദത്തിന്റെ സംസകൃത വിവര്‍ത്തനമാണിത്.

കൊച്ചി തുറമുഖത്തിന്റെ നിയന്ത്രണവും കുലശേഖര ചക്രവര്‍ത്തിമാരില്‍ നിന്നു ലഭിച്ച കോവിലധികാരികള്‍ സ്ഥാനവും പെരുമ്പടപ്പു സ്വരൂപ ത്തിന്റെ പ്രാബല്യം വര്‍ധിക്കാന്‍ കാരണമാക്കി. സമീപത്തുള്ള നാടുവാഴികളുടെ മേല്‌കോയ്മ സ്ഥാപിച്ചുകൊണ്ട് കൊച്ചി കേന്ദ്രമാക്കി അവര്‍ ഭരണം നടത്തിവന്നു. കോഴിക്കോടു സാമൂതിരിയും കൊച്ചി രാജാവും തമ്മിലായിരുന്നു 15 ആം ശതകത്തിലെ പ്രധാന മത്സരം. ഈ കാലത്താണ് 1498 ല്‍ പോര്‍ട്ടുഗീസുകാരനായ വാസ്‌കോ ദ ഗാമ കോഴിക്കോട്ടു വരുന്നത്. സാമൂതിരിയുമായി വ്യാപാരബന്ധം സ്ഥാപി ക്കാന്‍ കഴിയാതെ വന്ന ഗാമ 1498 ആഗസ്റ്റ് 29 ആം തിയതി കൊച്ചിയില്‍ വന്ന് രാജാവിനെ സന്ദര്‍ശിച്ചു. കോഴിക്കോടു സാമൂതിരിയുടെ ശത്രുവും വ്യാപാരിയുമായ ഗാമയെ കൊച്ചി രാജാവ് സ്വാഗതം ചെയ്തു. പോര്‍ട്ടുഗീസുകാര്‍ കൊച്ചീരാജാവിന്റെ അനുവാദത്തോടെ കൊച്ചിയില്‍ കോട്ട കെട്ടി. തുടര്‍ന്ന് ഒന്നര നൂറ്റാണ്ടിലധികം കാലം പോര്‍ട്ടുഗീസ് മേധാവിത്വം അവിടെ പുലര്‍ന്നു. 1663 ജനുവരി 7 ആം തിയതി ഡച്ചുകാര്‍ കൊച്ചീക്കോട്ട പിടിച്ചു. 1795 ല്‍ ഇംഗ്ലീഷുകാര്‍ അത് കൈവശപ്പെടുത്തി.

സര്‍ റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ നേതൃത്വത്തില്‍ 1920 ല്‍ കൊച്ചി തുറമുഖ വികസനം ആരംഭിച്ചു. 1939 ആയപ്പോഴേക്കും കൊച്ചി ഒരു മേജര്‍ തുറമുഖമായിത്തീര്‍ന്നു.

എറണാകുളം

1958 ഏപ്രില്‍ ഒന്നാം തിയതിയാണ് എറണാകുളം ജില്ല രൂപീകൃതമായത്. പറവൂര്‍, ആലുവാ, കുന്നത്തുനാട്, കണയന്നൂര്‍, കൊച്ചി, മൂവാറ്റുപുഴ, തൊടുപുഴ എന്നീ താലൂക്കുകള്‍ അന്ന് ഈ ജില്ലയില്‍ പെട്ടിരുന്നു. 1972 ജനുവരിയില്‍ തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകള്‍ എറണാകുളം ജില്ലയില്‍ നിന്നു മാറ്റി ഇടുക്കി ജില്ലയില്‍ ചേര്‍ക്കുകയുണ്ടായി.

ജില്ലാ തലസ്ഥാനമായ എറണാകുളം പട്ടണം കൊച്ചീക്കായലിനു കിഴക്കു വശത്തു സ്ഥിതി ചെയ്യുന്നു. കായലിനു പടിഞ്ഞാറു വശത്തു കിടക്കുന്ന കൊച്ചിയുംകൂടി ഉള്‍പ്പെടുത്തി ഒരൊറ്റ കോര്‍പ്പറേഷനായിട്ടാണ് ഇപ്പോള്‍ നഗരഭരണം നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ വ്യാവസായിക നഗരമാണിത്. പശ്ചിമ തീരത്തെ ഏറ്റവും നല്ല തുറമുഖങ്ങളില്‍ ഒന്നായ കൊച്ചി ഹാര്‍ബറും ഈ പട്ടണത്തെ തൊട്ടു കിടക്കുന്നു.

പേരെങ്ങനെ കിട്ടി?

എറണാകുളത്തിന് ആ പേരു കിട്ടിയതെങ്ങനെയാണ്? ഋഷിനാഗകുളം എന്നായിരുന്നു ആദ്യ നാമമെന്നും അത് സംസാര ഭാഷയില്‍ എറണാകുള മായതാണെന്നുമാണ് ഒരു വാദം. പട്ടണത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ ഉത്ഭവത്തോടു ബന്ധപ്പെട്ട ഒരു കഥയാണിത്. നാഗര്‍ഷി എന്നൊരു മുനി ഇവിടെ താമസിച്ച് ശിവലിംഗ പൂജ ചെയ്തു വന്നിരുന്നു വെന്നും തൊട്ടടുത്തുള്ള കുളത്തില്‍ വെച്ച് അദ്ദേഹം സമാധി പ്രാപിച്ചു എന്നുമാണ് ഐതിഹ്യം. ഇങ്ങനെ നാഗര്‍ഷി സമാധി പ്രാപിച്ച കുളത്തിന് ഋഷിനാഗകുളം എന്നു പേരുണ്ടായിയത്രെ! ഇത് വിശ്വസനീയമല്ല. ഇരയിനര്‍ (ശിവന്‍) കളം (സ്ഥലം) എന്നായിരുന്നു ആദ്യ നാമമെന്നും അത് ഇരയിനാകളവും പിന്നീടു എറണാകുളവുമായി എന്നു പറയുന്നവരുമുണ്ട്. 'ഇര്‍ണപുരം' എന്നൊരു ദേശത്തെപ്പറ്റി പാലയൂര്‍ ശിലാരേഖയില്‍ പറയുന്നുണ്ടെന്നും ആ ഇര്‍ണപുരമാണ് എറണാകുളത്തിന്റെ മൂലരൂപമെന്നും വി വി കെ വാലത്ത് പറയുന്നു. ഇരണിയില്‍ എന്ന പേരു ലോപിച്ചുണ്ടായതാണ് എറണാകുളമെന്ന് കോമാട്ടില്‍ അച്ചുത മേനോനും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അച്ചുതമേനോന്റെ നിഗമനമാണ് കൂടുതല്‍ ശരിയെന്ന് എറണാകുള ത്തിന്റെ ഭൂമിശാസ്ത്രം പഠിച്ചാല്‍ വ്യക്തമാകും. ചെളിയും കുഴിയും നിറഞ്ഞ പ്രദേശമായിരുന്നു മുമ്പ് ഇവിടം. ഇരണം എന്ന വാക്കിന് വെള്ളം കേറുന്ന സ്ഥലം, തരിശുഭൂമി എന്നിങ്ങനേയും അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തിലും ഈ പേരുണ്ടാകാം.

ഇപ്പോഴത്തെ എറണാകുളം പ്രദേശം 2000 വര്‍ഷം മുമ്പ് കടലിനടിയി ലായിരുന്നു. അന്ന് തൃക്കാക്കരയും തൃപ്പൂണിത്തുറയും മറ്റുമായിരുന്നു കടല്‍ത്തീര പ്രദേശങ്ങള്‍. ക്രമേണ കടല്‍ കരവെച്ചു. അത് പല ഘട്ടങ്ങളിലായിട്ടാണ് നടന്നത്. 14 ആം നൂറ്റാണ്ടിലാണ് വൈപ്പിന്‍കരയുടെ പല ഭാഗങ്ങളും ഉണ്ടായത് 'പുതുവൈപ്' എന്നൊരു ശബ്ദം പോലും അതിന്റെ ഓര്‍മക്കായി ആരംഭിച്ചു. കൊച്ചിയില്‍ അഴി തുറന്ന്, തുറമുഖമുണ്ടായതും അന്നാണ്.

അഞ്ചിക്കൈമള്‍

പോര്‍ട്ടുഗീസുകാര്‍ വരുന്ന കാലത്ത് 5 കൈമള്‍മാരാണ് ഇപ്പോഴത്തെ എറണാകുളം പ്രദേശം അടക്കി ഭരിച്ചിരുന്നത്. ചേരാനല്ലൂര്‍, കുന്നത്തുനാട്, പുളക്കാട്ട്, കുറുമല്‍ക്കൂറ്, വടക്കൂറ് എന്നിങ്ങനെയായിരുന്നു അവരുടെ പേര്. ഈ 5 നായര്‍ പ്രഭുക്കന്മാരുടെ സ്ഥലമെന്ന നിലയില്‍ 'അഞ്ചിക്കൈ മള്‍' എന്നും എറണാകുളം അറിയപ്പെട്ടിരുന്നു. അവിടത്തെ ക്ഷേത്രത്തിന് അഞ്ചിക്കൈമള്‍ ക്ഷേത്രം എന്നും പേരുണ്ട്. കൊച്ചീരാജാവിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു വെങ്കിലും പലപ്പോഴും രാജാധികാര ത്തെ ധിക്കരിച്ചിരുന്നു. തമ്മില്‍ തമ്മില്‍ ശണ്ഠകൂടാനും അവര്‍ മടിച്ചി രുന്നില്ലെന്ന് പോര്‍ട്ടുഗീസ് - ഡച്ചു രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.

പോര്‍ട്ടുരീസുകാരുടെ കാലത്ത് എറണാകുളം അനേക യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സാമൂതിരിയുടേയും കൊച്ചീരാജാവിന്റേയും സൈന്യങ്ങള്‍ തമ്മില്‍ പലവട്ടം ഇവിടെവെച്ച് ഏറ്റു മുട്ടിയിട്ടുണ്ട്. 1726 ലാണ് സാമൂതിരിയും തിരുവിതാംകൂറും തമ്മിലുള്ള അവസാനയുദ്ധം നടന്നത്. തിരുവിതാംകൂര്‍ രാജാവിന്റെ സഹായത്തോടെയാണ് അന്ന് കൊച്ചി സാമൂതിരിയെ തുരത്തിയത്.

19 ആം ശതകത്തിലാണ് ഇപ്പോഴത്തെ എറണാകുളം പട്ടണം രൂപീകൃത മാകുന്നത്. വ്യവസായ ശാലകളും പ്രധാന സ്ഥാപനങ്ങളും റോഡുകളും ഉണ്ടായത് ഇക്കാലത്താണ്. 1910 ല്‍ എറണാകുളം ഒരു മുനിസിപ്പാലിറ്റി യായി. 1902 ലാണ് ഇവിടെ ആദ്യമായി തീവണ്ടി ഗതാഗതം നടപ്പിലായത്.
------------------------------
കടപ്പാട്: 1972 ല്‍ റോയല്‍ ബുക്ക് ഡിപ്പോ കോട്ടയം പ്രസിദ്ധീകരിച്ച ഇടമറുകിന്റെ 'സ്ഥലനാമ പുരാണങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.